കോളേജ് ബസ് : ഭാഗം 19

College bus

രചന: റിഷാന നഫ്‌സൽ

നോക്കിയപ്പോ വേറാരുമല്ല നമ്മടെ പൊന്നനിയനാണ് 'ആഹിൽ'. ഇനി ഇവനെന്തു കൊനിഷ്ട്ടും കൊണ്ടാണാവോ വന്നേക്കുന്നേ.. "ഇനി നിനക്കെന്താണാവോ വേണ്ടേ???" ഞാനവനോട് ദേഷ്യത്തോടെ ചോദിച്ചു.. "അവളെ വേണെങ്കി ഞാൻ വിട്ടോടുക്കാം. പക്ഷെ ബൈക്ക് എനിക്ക് തരണം.." എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. "വേണ്ട ആദി കൊണ്ട് വിട്ടോളും.. നീ ആ പേരും പറഞ്ഞു ബൈക്ക് എടുത്ത് പോണ്ടാ." ഉപ്പ പറഞ്ഞു. "മുമ്ബ് ലൈസൻസ് ഇല്ലാത്തതായിരുന്നു പ്രശ്നം. ഇപ്പൊ അത് കിട്ടിയപ്പോളും ബൈക്ക് എടുക്കാൻ വിടുന്നില്ല, എന്താ ഉപ്പാ ഇങ്ങനെ..". ആഹിൽ സങ്കടത്തോടെ ചോദിച്ചു. അഭിനയമാണെന്നു എനിക്കറിയാം. പക്ഷെ ഇപ്പൊ അത് പറഞ്ഞാൽ പണി എനിക്ക് കിട്ടും. "അത് ശരിയാ അവനാണെങ്കി ആ വഴിക്കു തന്നെ അല്ലെ പോവേണ്ടത്." ഉമ്മയും പറഞ്ഞു. "അവൻ വിട്ടോട്ടേ ഉപ്പാ, ആദിക്ക് അല്ലെങ്കിലേ മുണ്ടുടുത്തു പോവുന്നത് പ്രശ്നമാ, ഇനി ബൈക്ക് കൂടി എടുപ്പിക്കണ്ട. പിന്നെ അവൻ ബൈക്കും എടുത്ത് കോളേജി പോവുന്നത് ഓർക്കുമ്പോൾ തന്നെ പേടിയാ." ഹാദിത്ത കൂടിപറഞ്ഞപ്പോ ഉപ്പ സമ്മതിച്ചു. ഫസ്റ് ഇയർ പഠിക്കുമ്പോ സ്ഥിരമായി ബൈക്കിൽ ആണ് പോവാറു. ഒരിക്കെ ബൈക്കും കൊണ്ട് കോളേജിൽ പോവുമ്പോൾ റോങ്ങ് സൈഡ് വന്ന ഒരു ബൈക്ക് എന്നെ ഇടിക്കാൻ വന്നു.

അനന്ദുവും അജുവും വേറൊരു ബൈക്കിൽ പിന്നാലെ ഉണ്ടായിരുന്നു. ഞാൻ വെട്ടിച്ചെങ്കിലും ബൈക്ക് ചെരിഞ്ഞു വീണു. അവർ എന്നെ തിരിഞ്ഞു പോലും നോക്കാതെ പോയി. അജുവും അനന്ദുവും കൂടി എടുത്ത് ആശുപത്രിയിൽ കൊണ്ട് പോയി. ഒരു മാസം കയ്യിൽ പ്ലാസ്റ്റർ ഇട്ടു. ആ തെണ്ടികളെ എവിടെങ്കിലും വച്ച് കണ്ടാൽ കൊല്ലാനുള്ള ദേഷ്യമുണ്ട്. "വരുന്നതൊക്കെ കൊള്ളാം പക്ഷെ അവിടെ വായിനോക്കാൻ നിക്കരുത്. അല്ലെങ്കിലേ നിന്നേ കൊണ്ട് എന്റെ ഫ്രണ്ട്സ് എപ്പോഴും കളിയാക്കാറുണ്ട്." ആലി ആഹിലിനോട് പറയുന്ന കേട്ട് ഞാൻ ചിരിച്ചു. "എടാ നീയോ നന്നാവില്ല, അവളെ കൂടി പറയിപ്പിക്കാൻ നിക്കരുത്.. മനസ്സിലായോ.." ഉപ്പയാണ് പറഞ്ഞെ. "ശരി ഉപ്പാ..." ആഹിൽ നല്ല വിനയത്തോടെ പറഞ്ഞു.. ഞാൻ സമാധാനത്തോടെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആഹിൽ വന്നു എന്നോട് ചോദിച്ചു ''സത്യം പറ ഇക്ക, ഇങ്ങളെവിടെലും കേറി കൊളുത്തിയോ??? ഞാനവനെ ഒന്ന് നോക്കി. "അല്ല ബുള്ളറ്റും എടുത്ത് ചെത്തി പറപ്പിച്ചു പോവാൻ കിട്ടുന്ന ചാൻസ് കളഞ്ഞു കുളിച്ചു ഇങ്ങള് ബസിൽ പോണമെങ്കിൽ അങ്ങനെ എന്തേലും ഉണ്ടാവുമല്ലോ.."

"ഓ വേണ്ട ആലിയെ ഞാൻ തന്നെ കൊണ്ട് വിട്ടോളാം.. ചാവി ഇങ്ങു തന്നേക്കു." ഞാൻ ആഹിലിന്റെ നേരെ കൈ നീട്ടി. "അയ്യോ വേണ്ടേ" എന്നും പറഞ്ഞു അവൻ ഓടി... ബസിൽ കേറിയപ്പോ തൊട്ടു അജുവും നീനുവും കൂടി സെൽഫി എടുക്കുവാണ്. ഇടയ്ക്കു എല്ലാരും കൂടി എടുക്കും. നീനുവും അച്ചുവും ദാവണി ആണ് ഇട്ടേക്കുന്നേ. പടച്ചോനെ അവളും ഇട്ടോണ്ട് വരുമോ??? ഓ ആലോചിക്കാനേ വയ്യ. സോഡാ കുപ്പീം വച്ച് കോലിൽ തുണി ചുറ്റിയ പോലെ ഉണ്ടാവും ആ നൂഡിൽസും കൂടി ആയാൽ പൂർത്തിയായി.. അവരുടെ സ്റ്റോപ്പ് എത്തിയപ്പോ രണ്ടാളും ഇല്ല. 5 മിനിറ്റ കാത്തു നിന്നെങ്കിലും ഇല്ലായിരുന്നു. എല്ലാര്ക്കും സങ്കടായി. "എന്നാലും വരില്ലെങ്കി വിളിച്ചു പറഞ്ഞൂടെ... ഞങ്ങളും വരില്ലാരുന്നല്ലോ.." നീനു സങ്കടത്തോടെ പറഞ്ഞു. "ഇന്നലെ അനു വിളിച്ചു പറഞ്ഞോണ്ടാ ഞങ്ങൾ വന്നേ."അച്ചുവും പരാതി പറഞ്ഞു. അടുത്ത സ്റ്റോപ്പ് എത്തിയിട്ടും അവരുടെ പരാതികൾ തീർന്നില്ല. "പോട്ടെ കോളേജ് തുറന്നാൽ രണ്ടിനും പണിഷ്മെന്റ് കൊടുക്കാം." അത് പറഞ്ഞു മുന്നോട്ടു നോക്കി ഇരുന്നു.

അപ്പോളാണ് "ഇങ്ങോട്ടു വാ പണിഷ്‌മെന്റും കൊണ്ട്" എന്ന് ഒരു ഡയലോഗ് കേട്ടത്. തിരിഞ്ഞു നോക്കിയപ്പോ ദേ അനു. അവളുടെ പിന്നാലെ ഷഹാനയും കേറി. രണ്ടും ദാവണി തന്നെ. ഷഹാന എന്നെ നോക്കി അഹങ്കാരത്തോടെ അകത്തു കേറി ഇരുന്നു. വിചാരിച്ച പോലെയേ അല്ലായിരുന്നു. കറുപ്പും ക്രീമും കലർന്ന കളർ ധാവണിയിൽ അവൾ മൊഞ്ചത്തി ആയിട്ടുണ്ട്. കഴുത്തിൽ ഒരു നേരിയ ചെയിൻ, കാതിൽ ഒരു കുഞ്ഞു കമ്മൽ. രണ്ടു കയ്യിലും കറുപ്പും ക്രീമും കളർ കുപ്പി വള, മൂക്കിൽ ഉള്ള റിങ് അവളുടെ മൊഞ്ച് കുറച്ചൂടെ കൂട്ടി. നൂഡിൽസ് അവൾ നല്ല രസമായി കെട്ടി വച്ചിരുന്നു. വെളുത്തിട്ടല്ലെങ്കിലും അവൾക്കു ആ കളർ നന്നായി ചേരുന്നുണ്ട്. ഇത്ര സിമ്പിൾ ആയി വസ്ത്രം ധരിച്ചിട്ടും ഇത്ര മൊഞ്ചത്തി ആയോ. എന്റെ സാറെ ഇപ്പൊ അവളെ കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല... ഞാനവളെ തന്നെ നോക്കി ഇരുന്നു. പക്ഷെ അവളോട് അതൊക്കെ പറഞ്ഞാൽ എന്റെ നെഞ്ചത്തോട്ടു കേറി അവൾ തിരുവാതിര കളിക്കും. "എന്താ ആദി ഇങ്ങനെ നോക്കുന്നെ, കണ്ണ് ഇപ്പൊ പുറത്തു വീഴുമല്ലോ.." അനൂന്റെ കമെന്റ് കേട്ടപ്പോളാണ് എനിക്ക് സ്ഥലകാല ബോധം വന്നേ.. "പിന്നേ, ഇതാരാ കാവിലെ ഭഗവതി നേരിട്ട് വന്നതോ.." ഞാനവളെ കളിയാക്കി കൊണ്ട് ചോദിച്ചു.

"അല്ലാന്നു പറയാൻ ആ പറഞ്ഞ ആൾ ഇയാളുടെ അമ്മായിടെ മോളൊന്നുമല്ലല്ലോ..." അവളുടെ മറുപടി കേട്ട് എല്ലാരും ചിരിച്ചു. എനിക്ക ദേഷ്യം വന്നു. "ഇവളെ കണ്ടു പേടിച്ചു എന്റെ കണ്ണ് ഇറങ്ങി ഒടുമോന്നാ എന്റെ പേടി... എന്തോന്നാടി, എന്ത് കളറാ.." ഞാനവളെ നോക്കി കളിയാക്കി പറഞ്ഞു. "ഇങ്ങനെ ആണോ ഡ്രസ്സ് ചെയ്യുന്നേ, ഒരു മാതിരി പാടത്തു വെക്കുന്ന കോലം പോലെ." അവളുടെ മുഖത്തെ ചിരിയൊക്കെ പോയി. ഐ ലൈനറും കണ്മഷിയുമൊക്കെ ഇട്ടു കാണാൻ നല്ല ഭംഗി ഉണ്ടായിരുന്ന അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു. ''കണ്ടോടി ഞാൻ മുണ്ടുടുത്തു..." എന്നും പറഞ്ഞു ഞാൻ എണീറ്റ് അവളുടെ മുന്നിൽ പോയി നിന്നു. "എന്ത് കളറാനൊക്കെ പറഞ്ഞിട്ട് ഇയാളും ബ്ലാക്ക് ഷർട്ടും ക്രീം കസവു മുണ്ടും ആണല്ലോ..." ഷഹാന പറഞ്ഞപ്പോളാ ഞാനും അത് ശ്രദ്ധിച്ചേ.. ഞങ്ങൾ മാച്ചിങ് കളേഴ്സ് ആണ് ഇട്ടേക്കുന്നെ.. "എനിക്ക് എന്ത് ഇട്ടാലും ചേരും, അത് പോലാണോ നീ?? ആ നൂഡിൽസ് കെട്ടി വച്ചതു നന്നായി ഇല്ലെങ്കി ഞങ്ങളാരെങ്കിലും അതിൽ കുടുങ്ങി പോയേനെ." എന്നും പറഞ്ഞു ഞാൻ സീറ്റിലേക്ക് ഇരുന്നു. എല്ലാരും ചിരിച്ചു. എന്നാലും എനിക്കവളെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കാതിരിക്കാൻ പറ്റിയില്ല....

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ "ഇയാളെ ഞാനിന്നു കൊല്ലും" എന്നും പറഞ്ഞു ഞാൻ എന്റെ ബാഗ് എടുത്ത് ആദിയുടെ നേരെ എറിഞ്ഞു. "ആദി നിനക്കിതെന്തിന്റെ കേടാ, വെറുതെ ഓരോന്ന് പറയുന്നേ.. അവളെ കാണാൻ നല്ല ഭംഗിയുണ്ട് അല്ലേടാ അജു..". അനദുവിന് അനിയത്തിയെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. "അതെ കൂട്ടത്തിൽ ഇവളാണ് കൂടുതൽ ഭംഗിയെന്ന് തോനുന്നു." അജു നീനുവിനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു. "അവനു വട്ടാ ഷാനു, നീ മൈൻഡ് ആക്കണ്ട." എന്ന് പറഞ്ഞു എല്ലാരും സമാധാനിപ്പിച്ചു. "നിങ്ങളെന്താ അവിടുന്നു കേറിയേ???" നീനുവാണ് ചോദിച്ചേ. "അത് അവൾക് പറ്റിയ ഡ്രസ്സ് എന്റെ കയ്യിൽ ഇല്ലാരുന്നു. കറുപ്പ് അല്ലാണ്ട് ഒന്നും പിടിക്കില്ലല്ലോ. എന്റെ കസിന്റെ കയ്യിൽ ഉണ്ടായിരുന്നു ബ്ലാക്ക്. അതോണ്ട് രാവിലെ ഇവളെ ഉപ്പ ഞങ്ങളെ അവിടെ ഇറക്കി തന്നു. അവിടുന്നു ഡ്രെസ്സും മാറി വരുന്നതാ." അനു പറഞ്ഞു. "ഹോ വല്യ കഥയൊക്കെ ഉണ്ടല്ലോ ഡ്രെസ്സിന്റെ പുറകിൽ.." എന്നും പറഞ്ഞു അജു ചിരിച്ചു. എന്നാലും ആദിക്ക് എന്താ.. അവനെന്താ ഒരു നല്ല വാക്കു പറഞ്ഞാൽ. അവൻ വാശി പിടിപ്പിച്ചോണ്ടു മാത്രാ ഇതൊക്കെ ഇട്ടു വന്നേ. എന്നിട്ടു ആ മാക്രിക്കു ഒരു നല്ല വാക്കു പറയാൻ വയ്യ.

പക്ഷെ അവനെ പറഞ്ഞിട്ട് കാര്യമില്ല. മുണ്ടു ഉടുത്ത ആ കറുത്ത ഷർട്ട് ഒക്കെ ഇട്ടപ്പോ ആള് മൊഞ്ചനായി. പിന്നെ അവൻ അന്ന് കാണാൻ രസമുണ്ടെന്നു പറഞ്ഞ ജൂനിയർ ആയിഷ പൂച്ച കണ്ണൊക്കെ ആയി ഒരു ഒന്നൊന്നര മൊതലാണ്. അപ്പൊ നമ്മളെയൊക്കെ ഇവന് പിടിക്കോ. ഞാൻ സങ്കടം കൊണ്ട് മുഖം കുനിച്ചിരുന്നു. "ഓ ഇനി മോന്ത വീർപ്പിക്കണ്ട, നിന്നെ കാണാൻ മൊഞ്ചത്തി ആയിട്ടുണ്ട്. എന്താ പോരെ.." ആദിയുടെ ആ വാക്കു കേട്ടപ്പോ ആ പറഞ്ഞതിൽ അല്പം സത്യം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് തോന്നി. "പോടാ മാക്രി.. എനിക്ക് ഇയാളുടെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട.." എന്നും പറഞ്ഞു ഞാൻ മുഖം തിരിച്ചു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ സത്യം പറഞ്ഞിട്ടും പെണ്ണിന്റെ മോന്ത കണ്ടില്ലേ. അവള് ഞാൻ വെറുതെ പറഞ്ഞതെന്നും വിചാരിച്ചിരിക്കാ.. എന്തേലും ആവട്ടേണും വിചാരിച്ചു ഇരികുമ്പോളാണ് അജു എല്ലാരേം സെൽഫി എടുക്കാൻ വിളിച്ചേ. അച്ചു വിൻഡോ സീറ്റിൽ അതിനടുത്തു നീനുവും അജുവും പിന്നെ അനുവും ഷഹാനയും. ഞാനും അനന്ദുവും അവരുടെ അടുത്ത് പോയി നിന്നു സെൽഫി എടുത്തു.

അപ്പൊ അനന്ദുവിന്‌ അനൂന്റെ അടുത്ത നിക്കാൻ ആഗ്രഹം, പക്ഷെ ഷഹാന കൊന്നാലും സമ്മതിക്കൂലാന്ന് പറഞ്ഞു. കാരണം അവളപ്പോ എന്റടുത്തു നിക്കണം. അനന്ദൂന്റെ മുഖത്തെ സങ്കടം കണ്ടപ്പോ അവൾ സമ്മതിച്ചു. ബസ് സ്ലോ ആയി പോവുന്നോണ്ട് ഞങ്ങൾക്കു നിന്നും ഇരുന്നും ഒക്കെ കുറെ സെൽഫി എടുക്കാൻ പറ്റി. മതി ഇനി ഞാനെടുക്കാമെന്നു പറഞ്ഞു ഷഹാന എന്റെ മൊബൈൽ വാങ്ങി മുമ്പിൽ കേറി നിന്നു. "ടീ സ്റ്റെപ്പിന്റെ അടുത്തൂന്നും ബാക്കോട് നിന്നേ.." അവളുടെ നിപ്പ് കണ്ടപ്പോ അനന്ദു പറഞ്ഞു. ഞാൻ അവളെ കൈ പിടിച്ചു കുറച്ചു ബാക്കോട്ടു ആക്കിയെങ്കിലും എന്റെ കൈ തട്ടി മാറ്റി അവൾ പിന്നേം മുന്നോട്ടു കേറി നിന്നു. നല്ല ദേഷ്യം ഉണ്ടാരുന്നു അവൾക്കു. അത്രേം പറയണ്ടാരുന്നു എന്ന് തോന്നി എനിക്കും. "സ്‌മൈൽ പ്ലീസ്" എന്നും പറഞ്ഞു അവൾ ഫോട്ടോ എടുക്കാൻ ക്ലിക് ചെയ്യലും ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടു വളച്ചതും ഒരുമിച്ചാരുന്നു. പിന്നെ ഞങ്ങൾ കാണുന്നത് ബാലൻസ് തെറ്റി അവൾ ഡോറിന്റെ അടുത്തേക്ക് വീഴാൻ പോവുന്നതായിരുന്നു... പെട്ടെന്നുള്ള തിരിക്കലിൽ ഡോർ താനേ തുറന്നു. ''ഷഹനാ....''.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story