കോളേജ് ബസ് : ഭാഗം 21

College bus

രചന: റിഷാന നഫ്‌സൽ

 "വാ പോവാം." ഞാൻ ബില്ല് കൊടുത്തു പുറത്തിറങ്ങി. അവിടെ നാലും കൂടി നിന്ന് ഒലിപ്പിക്കുന്നുണ്ട്. അച്ചു ആരോടോ ഫോണിൽ സംസാരിക്കുന്നു. ഷഹാനയെ കണ്ടില്ല. "അവളെവിടെ?" അനു എന്നോട് ചോദിച്ചു. "അതെനിക്കെങ്ങനെ അറിയാം. നിങ്ങളുടെ കൂടെ അല്ലാരുന്നോ ഉണ്ടയത്." ഞാൻ ദേഷ്യപ്പെട്ടു. "അവൾ വാഷ്‌റൂമിൽ പോയതാ, ഇതുവരെ വന്നില്ലേ???" അച്ചു ഫോണിൽ സംസാരിക്കുന്നതിനിടെ വിളിച്ചു പറഞ്ഞു. "ഇവളിതു ആരോടാ കത്തി വെക്കുന്നേ??? വന്നപ്പോ തുടങ്ങിയതാണല്ലോ.." അജു നീനുവിനോട് ചോദിച്ചു. "അത് ഹരിയേട്ടൻ ആവും. അവളുടെ മുറച്ചെറുക്കൻ. ചെറുപ്പത്തിലേ തുടങ്ങിയ പ്രേമമാണ്. ഹരി￰കൃഷ്ണൻ, ആള് ദുബായിൽ എൻജിനീയർ ആണ്. പഠിത്തം കഴിഞ്ഞാൽ കല്യാണം." നീനു പറഞ്ഞു. "ആഹാ ഇതിനിടയിൽ അങ്ങനേം ഉണ്ടായിരുന്നോ.. നീ പോയി ഷഹാനയെ വിളിച്ചോണ്ട് വാ.." ഞാൻ നീനുവിനോട് പറഞ്ഞു. "എടാ പ്ലീസ് നീ പോയി വിളിക്കു, ഞങ്ങൾ അത്രേം നേരം ഒന്ന് സംസാരിക്കട്ടെ.. ഇനി പത്തു ദിവസം കഴിഞിട്ടല്ലേ പറ്റൂ.. പ്ലീസ്.."

അജു മുഖത്ത് സങ്കടം വരുത്തി കൊണ്ട് പറഞ്ഞു. ഞാൻ അനുവിനെ നോക്കിയപ്പോൾ രണ്ടും കൂടി എന്റെ നേരെ കൈ കൂപ്പി നിന്നു. "എന്തൊരു കഷ്ടമാ" എന്ന് പറഞ്ഞു ഞാൻ തിരിച്ച കേറി വാഷ്‌റൂമിലേക്കു പോയി. ഡോർ തുറന്നപ്പോ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു. ഏതോ ഒരുത്തനുമായി മൽപ്പിടുത്തം നടത്തുന്ന ഷഹാന. അവളുടെ കയ്യിലുള്ള മൊബൈലിൽ അയാൾ പിടിച്ചു വലിക്കുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ ഓടി ചെന്ന് അവന്റെ നെഞ്ചിൽ തന്നെ ഒരു ചവിട്ടു കൊടുത്തു. ഷഹാന എന്റെ ബാക്കിൽ വന്നു നിന്ന് എന്റെ കയ്യിൽ മുറുക്കി പിടിച്ചു. പാവം ആകെ പേടിച്ചിട്ടുണ്ട്. കരഞ്ഞു കണ്ണിലെ കരിമഷിയൊക്കെ പടർന്നിരുന്നു. അപ്പോളേക്കും അയാൾ എണീറ്റ് വന്നു. "താനാരാ എന്താ വേണ്ടേ???" ഞാൻ ദേഷ്യത്തോടെ ചോദിച്ചു. "എന്റെ മൊബൈൽ തരാൻ പറ.." അയാൾ കിതച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഷഹാനയെ നോക്കി. അവളുടെ കയ്യിലുള്ളത് അയാളുടെ മൊബൈൽ ആണെന്ന് മനസ്സിലായി. "നീ എന്തിനാ ഇയാളെ മൊബൈൽ എടുത്തേ??" ഞാൻ അവളോട് മെല്ലെ ചോദിച്ചു. ഇല്ലെങ്കിൽ അവൾ കരയുമെന്നു എനിക്കുറപ്പായിരുന്നു. "അത്.. അയാൾ എന്റെ ഫോട്ടോ.. മൊബൈലിൽ എടുത്തപ്പോ.. ഞാൻ പിടിച്ചെടുത്തതാ.." അവൾ വിക്കി വിക്കി പറഞ്ഞു.

എന്റെ കയ്യിൽ ഒന്നൂടെ അവൾ അമർത്തി പിടിച്ചു. ഞാനവളുടെ കയ്യിൽ എന്റെ ഒരു കൈ കൊണ്ട് പിടിച്ചു അവളെ സമാധാനിപ്പിച്ചു. അവളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി നോക്കി. ഐസ് ക്രീം കുടിക്കുന്നത് മുതൽ അവൾ കൈ കഴുകുന്നത് വരെയുള്ള കുറെ ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ. "താനെന്തിനാ ഇവളെ ഫോട്ടോ എടുത്തേ??" ഞാൻ അയാളെ നോക്കി ചോദിച്ചു. "അത് ചോദിയ്ക്കാൻ നീ ആരാ.. എനിക്കിഷ്ടമുള്ളവരുടെ ഫോട്ടോ ഞാൻ എടുക്കും." അത് കേട്ടപ്പോ പിന്നെ എന്റെ നിയന്ത്രണം വിട്ടു. അയാളുടെ മുഖത്തേക്ക് എന്റെ കൈ പതിച്ചു. അപ്പോഴേക്കും എല്ലാരും അവിടെ എത്തിയിരുന്നു. അവർ എന്നെ പിടിച്ചു വച്ചു. ഞാൻ ഉണ്ടായതെല്ലാം അവരോടു പറഞ്ഞു. "ചേട്ടന് വല്ല ആവശ്യവും ഉണ്ടായിരുന്നോ??? പെൺകുട്ടികളുടെ അനുവാദം ഇല്ലാതെ അവരുടെ ഫോട്ടോസ് എടുക്കാൻ പാടില്ലെന്ന് അറിഞ്ഞൂടെ.." അനന്ദു അയാളോട് ചോദിച്ചു. "സോറി ഇനി ആവർത്തിക്കില്ല.." അയാൾ എല്ലാരേം കണ്ടപ്പോ പേടിച്ചു. "പിന്നെ ഇത്രയൊക്കെയല്ലേ പറ്റിയുള്ളൂന്നു ആശ്വസിക്കു." അജു പറഞ്ഞു. അയാൾ പുറത്തേക്കു നടന്നു. പെട്ടെന്ന് തിരിഞ്ഞു നോക്കി. "എന്റെ ഫോൺ തന്നില്ല.." "നിന്റെ ഫോൺ" എന്നും പറഞ്ഞു ഞാൻ അയ്യാളുടെ നേരെ പോവാൻ പോയതും ഷഹാന എന്നെ വേണ്ടാന്ന് പറഞ്ഞു വിലക്കി.

"അയ്യോ സോറി ചേട്ടാ, ചേട്ടന്റെ ഫോൺ ക്ലോസെറ്റിൽ വീണല്ലോ." എന്നും പറഞ്ഞു അജു ആ ഫോൺ എന്റെ കയ്യിൽ നിന്നും വാങ്ങി ഡോർ തുറഞ്ഞു ക്ലോസെറ്റിലേക്കിട്ടു. "അറിയാണ്ട് ഫ്ലുഷും അടിച്ചു പോയി." എന്നും പറഞ്ഞു അനന്ദു ഫ്ലഷ് അടിച്ചു. "നിങ്ങളെയൊന്നും വെറുതെ വിടില്ല.." എന്നും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി.. എല്ലാവരും ഷഹാനയെ ആശ്വസിപ്പിച്ചു. "ഇത് പോലുള്ള അലവലാതികൾ എല്ലാ സ്ഥലത്തും ഉണ്ടാവും." അനു പറഞ്ഞു. "എന്നാലും അയാൾ ഇവളുടെ ഫോട്ടോ മാത്രം എന്തിനാണാവോ എടുത്തേ???" ഞാൻ സംശയത്തോടെ ചോദിച്ചു. "അയാളോട് തന്നെ പോയി ചോദിക്ക്.." ഷഹാന ദേഷ്യത്തോടെ പറഞ്ഞു. "ആഹാ ഈ ദേഷ്യമൊന്നും അവിടെ കണ്ടില്ലല്ലോ??? ഞാൻ വന്നില്ലായിരുനെങ്കിൽ കാണായിരുന്നു." ഞാൻ അവളെ നോക്കി പറഞ്ഞു. "ഓ ഇയാള് വന്നില്ലേലും ഞാൻ ആ മൊബൈൽ വാങ്ങി പൊട്ടിച്ചേനെ.." അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു. "ഇവളെയൊക്കെ രക്ഷിക്കാൻ പോയ എന്നെ പറഞ്ഞ മതിയല്ലോ..." എന്നും പറഞ്ഞു ഞാൻ നടന്നു.. അത് കേട്ട് എല്ലാരും ചിരിച്ചു.

@@@@@@@@@@@@@@@@@@@@@@ പുറത്തു ചിരിച്ചെങ്കിലും ഉള്ളിൽ ഞാൻ കരയുക ആയിരുന്നു. ആദി വരുന്നതിനു മുമ്ബ് അതിന്റെ ഉള്ളിൽ നടന്ന കാര്യങ്ങൾ എനിക്കെ അറിയൂ. പിന്നിൽ ഒരാളെ കണ്ടു ഞാൻ പെട്ടെന്ന് പേടിച്ചു. അയാൾ എന്റെ ഫോട്ടോ എടുക്കുകയായിരുന്നു. "എന്താ ഇത്??? ആരാ നിങ്ങൾ??? എന്തിനാ എന്റെ ഫോട്ടോ എടുത്തേ???" ഞാൻ അയാളുടെ നേരെ തിരിഞ്ഞു ചോദിച്ചു. "ഇതെന്താ അശ്വമേധമോ?? മെല്ലെ മെല്ലെ ചോദിക്ക് പെങ്ങളെ.." അയാൾ പറഞ്ഞു. "പെങ്ങളെ എന്ന് വിളിച്ചിട്ടു അറിയാതെ ഫോട്ടോ എടുക്കുകയാണോ?? നല്ല ആങ്ങള.." ഞാൻ അയാളെ കളിയാക്കി പറഞ്ഞു. "അതെ പെങ്ങള് തന്നെയാ, പക്ഷെ ഈ ഫോട്ടോസ് എനിക്കല്ല. നിന്നെ കെട്ടാൻ പോവുന്ന ആൾക്കാ. നിന്റെ ഷബീറിന്." അയാളത് പറഞ്ഞപ്പോ എനിക്കാകെ ഷോക്കടിച്ച മാതിരി ആയി. എന്റെ കണ്ണൊക്കെ നിറഞ്ഞു. "പ്ലീസ് ആ ഫോട്ടോസ് ഡിലീറ്റ് ചെയ്‌തേക്കു, എനിക്കയാളെ ഇഷ്ടമല്ല. ഷഹനാന്റെ കഴുത്തിൽ ഒരിക്കലും ഷബീറിന്റെ പേരിലുള്ള മഹർ വീഴില്ല. ഞാൻ ജീവനോടെ ഉള്ളിടത്തോളം കാലം." ഞാൻ കരഞ്ഞോണ്ട് പറഞ്ഞു. "അത് നടക്കില്ല മോളെ. നിന്റെ കല്യാണം നടക്കുന്നുണ്ടെങ്കിൽ അത് ഷബീറുമായിട്ടു മാത്രം.

അല്ലെങ്കിൽ അതിനു മുന്നേ ഒരു ദിവസം അവന്റെ കൂടെ പോയാലും മതി." അയാൾ ചിരിച്ചോണ്ട് പറഞ്ഞു. "ഛെ, നിങ്ങളും അവനെ പോലെ തന്നെ ഒരു ചെറ്റയാനെന്നു മനസ്സിലായി.." ഞാൻ പുച്ഛത്തോടെ മുഖം തിരിച്ചു. "അത് അങ്ങനെ തന്നെ എന്ന് വിചാരിച്ചോ. നിന്നെ ഇവിടെ കണ്ടപ്പോ ഒരു സംശയം തോന്നി ഞാനവന് ഒരു ഫോട്ടോ എടുത്ത് വാട്ട്സാപ്പിൽ അയച്ചു കൊടുത്തു. അവൻ നോക്കി നീ തന്നെ എന്ന് പറഞ്ഞു. ഫോട്ടോ കണ്ടപ്പോ അവനു ഹാലിളകി. പിന്നെ കുറച്ചു ഫോട്ടോസ് എടുത്തു അവനയച്ചു കൊടുക്കാൻ പറഞ്ഞു. എല്ലാം എടുത്തിട്ടുണ്ട്. അയക്കാൻ പോവുമ്പോലേക്കു ടാറ്റ ബാലൻസ് തീർന്നു പോയി. സാരമില്ല, ഇവിടുന്ന് ഇറങ്ങിയ പാടെ ഞാൻ റീചാർജ് ചെയ്തു അയച്ചു കൊടുത്തോളാം. അവനു ഒരു ചെറിയ ആഗ്രഹം നീ ഉമ്മ കൊടുക്കുന്ന പോലുള്ള ഒരു സെൽഫി വേണമെന്ന്. അതിനാ ഞാനിവിടെ കാത്തു നിന്നെ." അയാൾ പറഞ്ഞതൊക്കെ കേട്ടപ്പോ എനിക്ക് ദേഷ്യം കേറി ഞാൻ ആ മൊബൈൽ പിടിച്ചു വാങ്ങാൻ നോക്കി. അപ്പോഴാണ് ആദി വന്നത്. എന്തായാലും ഇപ്പൊ രക്ഷപെട്ടു.

പക്ഷെ എത്ര കാലം. എന്തായാലും ഷഹാന അവന്റെ മുന്നിൽ ഒരിക്കലും മുട്ട് മടക്കില്ല. അതിലും ഭേദം മരണമാണ്. @@@@@@@@@@@@@@@@@@@@@@@ "ഇതാ പൈസ.." ഷഹാന എന്റെ നേരെ കുറച്ച പൈസ നീട്ടി കൊണ്ട് പറഞ്ഞു. "എന്നെ കാണുമ്പോ നിനക്ക് ഗുണ്ടയാണെന്നോ മറ്റോ തോന്നുന്നുണ്ടോ?? അയാളെ അടിച്ചതിനാണോ." ഞാൻ ചോദിച്ചു. "കാണുമ്പോ അങ്ങനെ തോണുന്നുണ്ട് എന്ന് പറഞ്ഞാൽ അത് ഗുണ്ടകൾക്ക് അപമാനമാകും. ഇത് ഐസ് ക്രീമിന്റെ പൈസ ആണ്." അവൾ ചിരിച്ചോണ്ട് പറഞ്ഞു. "അതെന്താ ഞാൻ കൊടുത്താ.."ഞാൻ ചോദിച്ചു. "ഓ വേണ്ട.." അവൾ പറഞ്ഞു. "അതെന്താ ഞാൻ കൊടുത്താൽ.." ഞാൻ വീണ്ടും ചോദിച്ചു.. "വേണ്ടാന്നു പറഞ്ഞില്ലേ..." "ഗംഗേ..." പെട്ടെന്ന് അജു വിളിച്ചു എല്ലാരും ചിരിച്ചു. "ഇത് ഞങ്ങളെ വക ഒരു ട്രീറ്റ് ആയി കണ്ട മതി." അനന്ദു പറഞ്ഞു. "ശോ, എന്ന ആദ്യേ പറഞ്ഞൂടായിരുന്നോ??? ഞാൻ ഒന്നും കൂടി കഴിച്ചേനെ.." ഷഹാന സങ്കടത്തോടെ പറഞ്ഞു. "എവിടെ പോവുന്നെടി ഇതെല്ലം. ഇപ്പോൾ തന്നെ രണ്ടെണ്ണം കഴിച്ചില്ലേ.. നിന്നെയൊക്കെ കെട്ടുന്നവന്റെ കാര്യം.. പാവം.." ഞാൻ പറഞ്ഞു. "അത്ര പാവം തോന്നുന്നുണ്ടെങ്കിൽ ഇയാള് തന്നെ കെട്ടിക്കോ എന്നെ.. പ്രശ്നം തീർന്നല്ലോ..."

ഷഹാന പറഞ്ഞത് കേട്ടപ്പോ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും. പിന്നെ എല്ലാരും ചിരിച്ചു. "അതിലും ഭേദം വല്ല വേണാട് എക്സ്പ്രസ്സ് തന്നെയാ.. നമ്മളെ വിട്ടേക്ക്.." ഞാൻ കൈ കൂപ്പി അവളോട് പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@ "ഉമ്മാ ഇറങ്ങാനായി..'' ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ബാഗ് എടുത്തു. "ഒന്ന് മെല്ലെ പറഞ്ഞൂടെ??? ഞാൻ ഉറങ്ങുന്ന കാണുന്നില്ലേ ഇങ്ങക്ക്.." ഹന്നാ പുതപ്പു ഒന്നൂടി തലയിലേക്കിട്ടുണ്ട് പറഞ്ഞു. അനൂ നീ കാരണം പത്തു ദിവസം പോയിക്കിട്ടി... ഞാൻ മനസ്സിൽ പറഞ്ഞു. അവൾ കിടക്കുന്ന കണ്ടു സഹിച്ചില്ല കൊടുത്തു ഒരു ചവിട്ടു. "ഉമ്മാ ഈ ഷാനു എന്നെ ചവിട്ടി" എന്നും പറഞ്ഞവൾ ബഹളം വെച്ചു. ഞാൻ വേഗം ഹാളിലേക്ക് ഓടി.. "എന്തിനാടി വെറുതെ അവളുമായി അടിയാകുന്നെ???" ഉപ്പയാണ്. "എങ്ങനേലും എന്റെ ലീവ് പോയേന്റെ സങ്കടം തീർക്കട്ടെ. ഉപ്പാക്ക് ഒന്ന് വിളിച്ചു പറയാൻ തോന്നിയില്ലല്ലോ പ്രിൻസിപ്പാളെ." ഞാൻ പിണക്കം അഭിനയിച്ചോണ്ട് പറഞ്ഞു. "വെറുതെ എന്തിനാ മോളെ കള്ളം പറയുന്നേ. പിന്നെ ഇത് നല്ലൊരു എക്സ്പീരിയൻസ് ആവും നോക്കിക്കോ." ഉപ്പ പറഞ്ഞു.

"ഉപ്പേം മോളും കിന്നരിച്ചോണ്ടു നിക്കുവാ. വേഗം പോവാൻ നോക്ക്. ബസ് ഇപ്പൊ വരും. ഇന്നാ കുറച്ചു സ്നാക്സ് ആണ്. അവിടുന്ന് കഴിച്ചോ.." ഉമ്മാ ഒരു ബോക്സ് തന്നു. അവരോടു പോട്ടെ എന്നും ചോദിച്ചു വേഗം അനുവിനേം കൂട്ടി ഓടി. ബസിൽ കേറി ഇരുന്നപ്പോ ആകെ ഒരു സങ്കടം തോന്നി. അവരില്ലാത്തോണ്ടാവാം. മൂന്നാളേം നല്ലോണം മിസ് ചെയ്തു. "എന്നാലും അച്ചു കൂടെ ഇല്ലാലോ എന്നോർക്കുമ്പോ ഒരു സങ്കടം. നീനു പറഞ്ഞു. "അവർ ട്ടിക്കെട്ടു വരെ എടുത്തതാടാ. പിന്നെ എങ്ങിനെ ബാംഗ്ലൂർ പോവാതിരിക്കും. മാത്രമല്ല അവളുടെ അച്ഛനും ഏട്ടനും പത്തു ദിവസം ലീവൊക്കെ എടുത്തതാ. അവൾക്കു നല്ല സങ്കടം ഉണ്ടായിരുന്നു നമ്മളെ കൂടെ വരാൻ പറ്റാത്തതിൽ." അനു പറഞ്ഞു. കോളേജ് എത്തി ബസിറങ്ങി നേരെ ഗ്രൗണ്ടിലേക്ക് പോയി. അവിടെയാണ് എല്ലാരും ഉള്ളത്. പെട്ടെന്ന് "ഹായ്" എന്ന് ആരോ പറഞ്ഞു. തിരിഞ്ഞു നോക്കിയ ഞങ്ങൾ മൂന്നാളും പരസ്പരം നോക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story