കോളേജ് ബസ് : ഭാഗം 27

College bus

രചന: റിഷാന നഫ്‌സൽ

ഷബീർക്ക എവിടെ??? ബാത്രൂം എവിടെ??? ഞാൻ ബസ്സിനകത്തു എങ്ങനെ വന്നു??? പടച്ചോനെ സ്വപ്‌നമായിരുന്നോ??? ''എടീ പിശാചേ എന്റെ കൈ വിട്..'' നോക്കിയപ്പോ ഞാൻ ആദീടെ കൈ അമർത്തി പിടിച്ചിരിക്കുന്നു. എന്റെ നഖം കൊണ്ട് കൈ ചുവന്നിരുന്നു. ''ആദ്യം കടിച്ചതും പോരാ ഇപ്പൊ പിടിച്ചു അമർത്തുന്നോ...'' നോക്കിയപ്പോ അവന്റെ കയ്യിൽ പല്ലിന്റെ അടയാളം. ചെറിയ വെളിച്ചം മാത്രേ ഉള്ളൂ. ആ വെളിച്ചത്തിലും അവന്റെ കയ്യിലെ അടയാളം ശരിക്കും കാണാം. എല്ലാരും ഉറക്കമാണ്. അത് കൊണ്ട് തന്നെ അവൻ ശബ്ദം താഴ്ത്തിയാണ് സംസാരിക്കുന്നേ.. ''അയ്യോ സോറി എന്തോ സ്വപ്നം കണ്ടു പേടിച്ചപ്പോ അറിയാതെ ചെയ്തതാ..'' ഞാൻ അവന്റെ കൈ പിടിച്ചു തടവിക്കൊടുത്തു. ''നീ എന്തിനാടീ ഇങ്ങനെ പേടിക്കുന്നേ.. നമ്മൾക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യം ആരേലും പറയുകയോ, നമ്മളോടങ്ങനെ പെരുമാറുകയോ ചെയ്യുമ്പോ തുറന്നു പറയണം. അല്ലാണ്ട് പേടിച്ചു കരയല്ലേ വേണ്ടത്.'' ഷാഹിയെ ഉദ്ദേശിച്ചാണ് അവനതു പറഞ്ഞതെന്ന് മനസ്സിലായി.

അവൻ അത് പറഞ്ഞപ്പോ എന്തോ ഉള്ളിലൊരു ധൈര്യം പോലെ തോന്നി. ഞാനവനെ നോക്കി. എന്നിട്ടു മെല്ലെ അവന്റെ കയ്യിൽ ഒരു നുള്ളു കൂടി കൊടുത്തു. ''നിനക്ക് പ്രാന്താണോടീ.. ആദ്യം ഉറക്കത്തിൽ ആയിരുന്നു. എന്തൊക്കെയാ കിടന്നു കാട്ടിയെ??? ബ്രേക്ക് അടിച്ചപ്പോ തല മുട്ടണ്ടാന്നു വിചാരിച്ചു പിടിച്ചപ്പോ എന്റെ കൈ പിടിച്ചു കടിച്ചു.'' അവൻ ദേഷ്യത്തോടെ കൈ വലിച്ചു കൊണ്ട് പറഞ്ഞു.''ഇപ്പൊ ഉണർന്നിരിക്കുമ്പോളും തുടങ്ങിയോ..???'' എനിക്കവന്റെ അവസ്ഥ കണ്ടു ചിരി വന്നു. ഞാൻ പൊട്ടിച്ചിരിച്ചു. ''ഏതു സമയത്താണോ ഇവിടെ വന്നു ഇരിക്കാൻ തോന്നിയെന്നറിയില്ല.. ഇതിനു ശരിക്കും പ്രാന്താണെന്നാ തോന്നുന്നേ..'' എന്ന് കൂടി അവന്റെ വായീന്നു കേട്ടപ്പോ എനിക്ക് ചിരി നിർത്താനേ പറ്റിയില്ല. ''ആരാ ഈ ഷബീർക്ക??'' ഞാൻ ചിരി നിർത്തി. പെട്ടെന്ന് അവന്റെ പേര് കേട്ടപ്പോ ഞാൻ ഞെട്ടിയെങ്കിലും ഒന്നും അറിയാത്തതായി ഭാവിച്ചു. ''ആരാ??'' ഞാൻ ചോദിച്ചു. ''എന്റെ അമ്മായിയപ്പൻ.'' അവൻ ദേഷ്യത്തോടെ പറഞ്ഞു. ''ആണോ ഇയാളുടെ കല്യാണം കഴിഞ്ഞതാണോ..

അയ്യേ അപ്പൊ സെക്കൻഹാൻഡ് ആണല്ലേ.'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. എങ്ങനേലും വിഷയം മാറ്റുക ആയിരുന്നു എന്റെ ലക്‌ഷ്യം. ''സെക്കൻഹാൻഡ് നിന്റെ കെട്ടിയോൻ. ഇമ്മാതിരി ചളി തമാശകൾ മാത്രമേ നിന്റെ വായീന്നു വരൂ...???'' അവൻ ദേഷ്യത്തോടെ ചോദിച്ചു. ''ഇതോണ്ടാ ഞാൻ ഉറങ്ങുന്നില്ലെന്നു പറഞ്ഞെ.. ഈ പരാക്രമങ്ങൾ ഉണ്ടാകുമെന്നു എനിക്കറിയാമായിരുന്നു.'' ഞാൻ അവന്റെ മുഖത്ത് നോക്കി ഒരു വളിച്ച ചിരി പാസ്സ് ആക്കി. അന്നത്തെ ആ സംഭവത്തിനു ശേഷം ഈ സ്വപ്നം കാണലും ഉറക്കപിച്ചൊക്കെ സ്ഥിരമായിരുന്നു. പിന്നെ കുറേ നാൾ അവനെ കാണാതിരുന്നപ്പോ എല്ലാം പോയതായിരുന്നു. ഇപ്പൊ വീണ്ടും തുടങ്ങി. ''ഹോ നിന്നെ കെട്ടുന്നവന്റെ ഒരു കാര്യം. പാവം ആദ്യരാത്രി തന്നെ കാളരാത്രി ആവുമല്ലോ.. പടച്ചോനെ നീ തന്നെ അവനു തുണ...'' അവൻ രണ്ടു കയ്യും മോളിലോട്ടുയർത്തി കൊണ്ട് പറഞ്ഞു. ''കാളരാത്രിയോ പോത്തുരാത്രിയോ ആയിക്കോട്ടെ ഞങ്ങൾ അങ്ങ് സഹിച്ചോളവും ഇയാൾ അധികം ബേജാറാവണ്ട...'' ഞാൻ ആദിയെ നോക്കി പറഞ്ഞിട്ട് തിരിഞ്ഞു പുറത്തേക്കു നോക്കി ഇരുന്നു. അൽഹംദുലില്ലാഹ്... രക്ഷപെട്ടു. അവൻ ഷബീർക്കയെ പറ്റി കൂടുതലൊന്നും ചോദിച്ചില്ല. അവൻ ആ പേര് ഇനി പറയല്ലേ അല്ലാഹ്... @@@@@@@@@@@@@@@@@@@@@@@

അവൾ നൈസ് ആയി എസ്‌കേപ്പ് ആയി. ആ പേര് കേട്ടപ്പോ അവളുടെ കണ്ണിൽ കണ്ട പേടി കാരണമാണ് പിന്നെ ഒന്നും ചോദിക്കാതിരുന്നേ. ആരാ ഈ ഷബീർ??? അവൾ ഉറക്കത്തിൽ എന്തൊക്കെയോ പറയുന്ന കേട്ടാണ് ഞാൻ ഞെട്ടിയെ. നോക്കുമ്പോ പെണ്ണ് ഇരുന്നു ഞെരിപിരി കൊള്ളുന്നു.. എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. എന്താന്നു ശരിക്കും മനസ്സിലായില്ല. പക്ഷെ ഷബീർ എന്ന പേര് ഞാൻ ശരിക്കും കേട്ടിരുന്നു. അവളെ ഉണർത്താൻ കയ്യിൽ പിടിച്ചപ്പോ ''വേണ്ട ഷബീർക്കാ വിട്'' എന്നും പറഞ്ഞാ എന്റെ കൈ പിടിച്ചു കടിച്ചേ. വിടുവിച്ചപ്പോ ''ആദീ.. എന്നെ രക്ഷിക്ക്'' എന്നും പറഞ്ഞു എന്റെ കൈ മുറുക്കെ പിടിച്ചു. അന്ന് ഇരുട്ടത്ത് ഞാൻ കയ്യിൽ പിടിച്ചപ്പോളും പറഞ്ഞത് ഇതെന്നെ. ''വിട് ഷബീർക്കാ'' എന്ന്. അവളുടെ ഉള്ളിൽ എന്തോ രഹസ്യം ഉണ്ട്, അതവളെ വല്ലാതെ ഭയപ്പെടുത്തുന്ന എന്തോ ആണ്. കണ്ടുപിടിക്കണം. പാവം അതും ഉള്ളിൽ വച്ചാണ് എല്ലാരുടെയും മുമ്പിൽ ചിരിച്ചു കളിക്കുന്നത്. പേടിക്കേണ്ടെടീ ഈ ആദിൽ ഉള്ളോടുത്തോളം കാലം ആരും നിന്നെ ഉപദ്രവിക്കാൻ വരില്ല. ഞാൻ അവളെ നോക്കി.

പാവം ഗ്ലാസ്സിനു തല ചാരി വച്ച് കിടക്കുവാണ്. ഷീണം കൊണ്ടാവണം ഇത്ര പെട്ടെന്ന് ഉറങ്ങിയത്. ഞാനവളുടെ തല മെല്ലെ എടുത്ത് എന്റെ തോളിലേക്ക് ചായ്ച്ചു വച്ചു. ഒരു കൈ കൊണ്ട് അവളുടെ തോളിൽ പിടിച്ചു. അല്ലെങ്കി ബ്രേക്ക് അടിക്കുമ്പോ മുമ്പോട്ടു വീഴും. ഒരു സുരക്ഷിതത്വം തോന്നിയൊണ്ടാവാം അവൾ ഒന്നൂടെ എന്നിലേക്കു ചാരി ഇരുന്നു എന്റെ കയ്യിൽ പിടിച്ചു... അവളുടെ മുഖത്തേക്ക് പാറി വീണ മുടി ഇഴകൾ ഞാൻ കൈ കൊണ്ട് മെല്ലെ പിന്നോട്ടൊതുക്കി അവളുടെ തട്ടത്തിന്റെ ഉള്ളിലേക്കാക്കി. പിന്നോട്ട് ചാരി ഇരുന്നു ഞാനും മെല്ലെ കണ്ണുകളടച്ചു. @@@@@@@@@@@@@@@@@@@@@@@ ബസ് നിന്നപ്പോളാണ് എനിക്ക് ബോധം വന്നത്. ഇത് പോലെ നല്ലൊരുറക്കം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാന്നു തോന്നി. കണ്ണ് തുറന്നു മുന്നോട്ടു നോക്കിയപ്പോ അനുവും നീനുവും അനന്ദുവും ചിരിക്കുന്നു. അജു നിന്ന് ഫോട്ടോസ് എടുക്കുന്നു. എനിക്കാദ്യമൊന്നും മനസ്സിലായില്ല. സൈഡിൽ നോക്കിയപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്, ഞാൻ ആദീടെ നെഞ്ചിലാണ് കിടക്കുന്നെ.

ഒരു കൈ കൊണ്ട് അവനെന്നെ പിടിച്ചിരിക്കുന്നു. മറുകയ്യിൽ ഞാനും പിടിച്ചിരിക്കുന്നു.ഞങ്ങളുടെ ഇടയിൽ വച്ചിരുന്ന സീറ്റ് ഹാൻഡ് പൊക്കി വച്ചിരിക്കുന്നു. അതിരു വച്ചിരുന്ന ബാഗിന്റെ പൊടി പോലും ഇല്ല. എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരിക്കുമ്പോളാണ് ആദി ഞെട്ടി എണീറ്റത്. അവൻ ഞങ്ങളെ അവസ്ഥ കണ്ടതും വേഗം കൈ മാറ്റി. ഞാൻ നേരെ ഇരുന്നു. അവർ നാല് പേരും ചിരിക്കാൻ തുടങ്ങി. ''രാവിലെ തന്നെ നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേ..??'' ആദി അവന്റെ കലിപ്പ് മോഡ് ഓൺ ആക്കി. ''അതെന്നെ, നിങ്ങളെന്താ ഇതുവരെ ആരും ഉറങ്ങുന്നത് കണ്ടിട്ടില്ലേ... ഞാൻ ചോദിച്ചു.'' ആദ്യമായി അവനെ സപ്പോർട് ചെയ്തോണ്ടാവാം അവന്റെ കണ്ണ് ബൾബ് പോലെ, ഇപ്പൊ പുറത്തു ചാടും എന്നുള്ള അവസ്ഥയിൽ ആയി.. ''ആഹ് കണ്ടിട്ടുണ്ട്, പക്ഷെ ഇത് പോലെ പാമ്പും കീരിയും ഇത്ര ഒത്തൊരുമയോടെ ഒരുമിച്ചുറങ്ങുന്നതു കണ്ടിട്ടില്ല.'' അജു പറഞ്ഞു ചിരിച്ചു. ''ആണോ ഞങ്ങളത് സഹിച്ചു.'' എന്നും പറഞ്ഞു വേഗം ബസ്സിൽ നിന്നും പുറത്തിറങ്ങി. ഇല്ലെങ്കിൽ ഇനിയും അവരെ വായിൽ ഇരിക്കുന്നത് കേക്കണ്ടി വരും. ഒരു ഹോട്ടലിന്റെ മുമ്പിലായിരുന്നു ബസ് ഉണ്ടായിരുന്നത്. ടീച്ചർമാർ ഞങ്ങൾക്കൊക്കെ വേണ്ടുന്ന മുറികൾ എടുത്തു. ഞാനും അനുവും നീനുവും ശ്രീയും അവളുടേ ഫ്രണ്ട് ആശയും ആയിരുന്നു ഒരു റൂമിൽ.

റൂമിലേക്ക് വന്നു എല്ലാരും കുളിച്ചു ഫ്രഷ് ആയി ഡ്രെസ്സൊക്കെ മാറി. ഞാനും നീനുവും നിസ്കരിക്കാനുള്ള ഖിബ്‌ല തേടി നടന്നു. വെയ്റ്റർ പറഞ്ഞതനുസരിച്ചു സുബ്ഹി നിസ്കരിച്ചു ഞങ്ങൾ താഴേക്ക് പോയി. അവിടെ പുറത്തു ഞങ്ങൾക്ക് വേണ്ടുന്ന ഭക്ഷണം വെച്ചിട്ടുണ്ടായിരുന്നു. റെസ്റ്റോറന്റിൽ സ്ഥലമില്ലാത്ത കൊണ്ടാണ് പുറത്തു ഗാർഡനിൽ ഒരുക്കിയെ. ഗാർഡനിൽ നിന്നും നോക്കിയാൽ മുന്നിൽ കടല് കാണാം. നല്ല ഭംഗിയുള്ള കാഴ്ച തന്നെ ആയിരുന്നു അത്. ആദിയും അനന്ദുവും കൂടി നല്ല തട്ട് തട്ടുന്നുണ്ട്. അജു അവിടെ സൈഡിൽ ഇരിക്കുന്നു. ''എന്ത് പോളിങ്ങാ മാഷേ??? കുറച്ചു ഞങ്ങക്കൂടി വെക്കൂ.. പിന്നെ ഒന്ന് കുളിച്ചിട്ടൊക്കെ വന്നൂടെ.. അയ്യേ...'' ഞാൻ അവരെ നോക്കി പറഞ്ഞു. ''അങ്ങോട്ട് മാറി നിന്നോ, അല്ലെങ്കി നിന്നേം കൂടി പിടിച്ചു തിന്നും.'' ആദി എന്നെ നോക്കി പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു. ''അത് ശരിയാ, ഇവരതും ചെയ്യും.'' അനു പറഞ്ഞു. ''അജു എന്താ കഴിക്കാത്തതു???'' നീനു ചോദിച്ചു. ''അവനു ഗ്യാസ് കേറി. വയറു വേദനിക്കുന്നു പോലും. ഫുഡ് വേണ്ടാന്നു. അപ്പൊ വേസ്റ്റ് ആക്കണ്ടല്ലോന്ന് കരുതി അവന്റെം കൂടി ഞങ്ങൾ കഴിക്കുന്നു.'' അനന്ദു ചിരിച്ചോണ്ട് പറഞ്ഞു. ''ആഹാ നിങ്ങളെന്താ കോർപ്പറേഷൻകാരാണോ വേസ്റ്റ് എടുക്കാൻ.''

അനു അവരെ കളിയാക്കി. ''ഒന്ന് മിണ്ടാതിരുന്നേ.. തമാശ പറയാൻ കണ്ട സമയം. മനുഷ്യന് വയറു വേദനിച്ചിട്ടു പാടില്ല.'' അജുവിനെ കണ്ടപ്പോ സങ്കടം തോന്നി. ''നിക്ക്, ഞാനിപ്പോ വരാം'' എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി. ഉമ്മ ഗ്യാസിന്റെ മരുന്ന് തന്നിരുന്നു. കഴിച്ചാൽ അഞ്ചു മിനിറ്റിൽ വേദന മാറും. ഞാനതു അജുവിന്‌ കൊണ്ട് കൊടുത്തു. ''ഇത് കഴിക്കു എനിക്ക് ഇങ്ങനെ വരാറുള്ളോണ്ട് ഉമ്മ തന്നതാ. നല്ല മരുന്നാണ്.'' അജു അത് കഴിച്ചു അഞ്ചു മിനിറ്റു കഴിഞ്ഞപ്പോ അവന്റെ വേദന മാറി എണീറ്റു.. ''അടിപൊളി മരുന്നാണല്ലോ.. എനിക്ക് എല്ലാം ശരി ആയി. നമുക്ക് ഫുഡ് എടുത്തിട്ട് വരാം.'' എന്നും പറഞ്ഞു അജു നടന്നു, പിന്നാലെ ഞങ്ങളും. ആദ്യം ടൗണിൽ വച്ചുള്ള ഒരു സെമിനാറിന് പോവലായിരുന്നു ലക്‌ഷ്യം. 'ഗ്ലോബൽ വാർമിങ്ങാണ്' വിഷയം. അത് കഴിഞ്ഞു കറങ്ങാൻ പോവാനായിരുന്നു തീരുമാനം ഞങ്ങൾ അങ്ങോട്ടേക്ക് പുറപ്പെട്ടു.

സെമിനാർ കേട്ട് കുറെ ബോറടിച്ചു. അവിടുന്നിറങ്ങി കുറച്ചു ഷോപ്പിലൊക്കെ കേറി നിരങ്ങി. പിന്നെ ഫുഡ്ഡും കഴിച്ചു നേരെ ബീച്ചിലേക്ക് പോയി. കുറേ സമയം അവിടെ കാറ്റു കൊണ്ട് നടന്നു. കാലിൽ തിരകൾ വന്നു കുറേ നേരം കഥ പറഞ്ഞു. അവിടുന്ന് ബോട്ടിങ്ങിനു പോയി. ബോട്ടിൽ കേറി യാത്ര തുടങ്ങി. വൈകുന്നേരം തുടങ്ങിയ ബോട്ടിംഗ് ഇരുട്ടുന്നതു വരെ നീണ്ടു. അടിപൊളി കാഴ്ച ആയിരുന്നു. അസ്തമയ സൂര്യന് ഒരു പ്രത്ത്യേക ഭംഗി ആണെന്ന് തോന്നി. ഞങ്ങൾ കുറെ ഫോട്ടോസ് ഒക്കെ എടുത്തു. ബോൾഗാട്ടി പാലസ് ഒക്കെ കണ്ടു. അവിടുന്ന് കുറെ കറങ്ങിത്തിരിഞ്ഞ് രാത്രി ഫുഡും കഴിച്ചു ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു പോയി. റൂമിലെത്തി ഒന്ന് കുളിച്ചു. വീട്ടിൽ വിളിക്കാനായി എടുത്തു നോക്കിയപ്പോ ഫോണിന്റെ ചാർജ് തീരാനായിരിക്കുന്നു. അവിടെ എവിടേം നോക്കീട്ടു ചാർജർ കണ്ടില്ല. അനുവും നീനുവും കാമുകന്മാർക്കൊപ്പം പുറത്തു കാഴ്ച കാണുകയായിരുന്നു. കൂടെ വേറെയും കുറെയെണ്ണം ഉണ്ട്. ''അനൂ നീ എന്റെ ചാർജർ എവിടെയാ വച്ചതു??'' ഞാൻ അവരുടെ അടുത്ത് പോയി ചോദിച്ചു.

''അയ്യോ അത് ഇവരുടെ കയ്യിലാ..'' അവൾ അനദുവിനെ കാണിച്ചു കൊണ്ട് പറഞ്ഞു. ''അത് റൂമിൽ ഉണ്ട് നീ പോയി എടുത്തോ.'' അവൻ പറഞ്ഞു. ''ഒന്ന് എടുത്തു താ പ്ലീസ്..'' ഞാൻ അവരോടു പറഞ്ഞു. ''ആഹ്, റൂമിൽ ആരുമില്ല. എല്ലാരും ഇവിടെയ. നീ പോയി എടുത്തോ മോളെ പ്ലീസ്സ്..'' അനന്ദുവിനറിയാം ആ മോളെ വിളിയിൽ ഞാൻ വീഴുമെന്നു. അവൻ അങ്ങനെ വിളിക്കുമ്പോ എപ്പോഴും എനിക്ക് എന്റെ ഷാനിക്കാനെ ഓർമ്മ വരും. ''ശരി'' എന്നും പറഞ്ഞു ഞാൻ അവരുടെ റൂമിലേക്ക് പോയി. ഡോറിനു മുട്ടി. അവരെ മൂന്നാളെ കൂടാതെ ജിത്തുവും അവന്റെ ഫ്രണ്ടുമാണ് റൂമിൽ എന്ന് അവർ പറഞ്ഞിരുന്നു. ആരെങ്കിലും ഉള്ളിൽ ഉണ്ടായാലോ എന്ന് പേടിച്ചാണ് മുട്ടി നോക്കിയേ. അകത്തു നിന്നും മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ഞാൻ ഡോർ തുറന്നു അകത്തേക്ക് കേറി.അവിടെ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഇങ്ങനൊരു കാഴ്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story