കോളേജ് ബസ് : ഭാഗം 28

College bus

രചന: റിഷാന നഫ്‌സൽ

''അയ്യേ...'' ഞാൻ ഒച്ച വച്ച് രണ്ടു കൈ കൊണ്ടും കണ്ണ് പൊത്തി.. ദേ ആദി ഒരു ഹാഫ് ട്രൗസർ മാത്രം ഇട്ടു നിന്ന് കണ്ണാടി നോക്കി മുടി വാരുന്നു. ചെവിയിൽ ഇയർ ഫോൺ ഉണ്ട്. അതോണ്ടാവും മുട്ടിയപ്പോ കേൾക്കാഞ്ഞേ.. ''ഛെ, എന്തോന്നാടി.. ഇങ്ങനെയാണോ ഒരാളുടെ മുറിയിലേക്ക് കേറി വരുന്നേ. ഒന്ന് മുട്ടിക്കൂടെ..'' എന്നും പറഞ്ഞവൻ ദേഷ്യപ്പെട്ടു. ''അത് ഇയാൾക്ക് ചെവി കേൾകാത്തോണ്ടാ.. ഞാൻ എത്ര പ്രാവശ്യം മുട്ടി. ഈ കുന്ത്രാൻടോം ചെവീല് വച്ചോണ്ടിരുന്നാൽ എങ്ങനെ കേൾക്കാനാ.'' ഞാനും വിട്ടു കൊടുത്തില്ല. ''ആണോ, തമ്പുരാട്ടി എന്തിനാണാവോ ഇങ്ങോട്ടേക്കു എഴുന്നള്ളിയേ??'' അവൻ ചോദിച്ചു. ''ഞാൻ എന്റെ ചാർജർ എടുക്കാൻ വന്നതാ, അനന്തുവാ പറഞ്ഞെ റൂമിൽ ആരുമില്ലാ പോയി എടുത്തൊന്നു. ഞാനറിഞ്ഞോ ഇയാളിവിടെ ഫാഷൻ ടീവി കളിക്കാണെന്നു.'' ഞാൻ കണ്ണ് തുറക്കാതെ തന്നെ ചിരിച്ചോണ്ട് പറഞ്ഞു. ''ഫാഷൻ ടീവി നിന്റെ അമ്മായിയപ്പൻ ആണ് കളിക്കുന്നേ...'' ആദിക്ക് ദേഷ്യം വന്നു. ''അയ്യോ സ്വന്തം ഉപ്പാനെ ഇങ്ങെനെ തെറി പറയല്ലേ.'' ഞാൻ പറഞ്ഞു.

''ഏ, എന്താടി പറയുന്നേ..'' അവനു മനസ്സിലാവാത്ത പോലെ ചോദിച്ചു. ''ഇയാളല്ലേ പറഞ്ഞെ എന്നെ കെട്ടിക്കോളാമെന്നു, അപ്പൊ എന്റെ അമ്മായിയപ്പൻ ആരായി.'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ''ഓ അങ്ങിനെ.. അപ്പോ പിന്നെ നീ എന്തിനാ കണ്ണ് പൊത്തി നിക്കുന്നേ?? ഞാൻ നിന്നെ കെട്ടാൻ പോവുന്ന ആളല്ലേ.. അപ്പൊ നീ എന്നെ ഇങ്ങനെ കണ്ടാൽ എന്താ പ്രശ്നം...'' അവൻ ചോദിച്ച കേട്ടപ്പം മനസ്സിലായി പണി പാളീന്നു.. ''കണ്ണ് തുറക്കെടീ..'' ''ദേ ആദീ വെറുതെ കളിക്കല്ലേ'' എന്നും പറഞ്ഞു ഞാൻ പുറത്തേക്കു നടക്കാൻ തുടങ്ങി. കണ്ണടച്ചത് കൊണ്ട് എങ്ങോട്ടാ നടക്കുന്നേന്ന് മനസ്സിലായില്ല. പെട്ടെന്ന് എന്തിലോ തട്ടി ഞാൻ വീഴാൻ പോയി. എപ്പോളത്തെയും പോലെ തന്നെ ആദി വന്നെന്നെ പിടിച്ചു. പക്ഷെ അവനു ബാലൻസ് കിട്ടിയില്ല. അവൻ എന്നേം കൊണ്ട് സോഫയിലേക്ക് വീണു. ഞാൻ കണ്ണ് തുറന്നപ്പോ അവനെന്റെ മോളിൽ കിടപ്പുണ്ട്. ഒരു ബ്ലാക്ക് ടി ഷർട്ട് ഇട്ടിട്ടുണ്ട്. ഞങ്ങൾ പരസ്പരം കണ്ണിൽ നോക്കി അങ്ങനെ കിടന്നു. അവനെ ആ ഡ്രെസ്സിൽ കാണാൻ നല്ല രസമുണ്ടായിരുന്നു. ആളൊന്നും കൂടി മൊഞ്ജനായത് പോലെ. താടിയും മീശയുമൊക്കെ ട്രിം ചെയ്തു കുറ്റിയാക്കി വച്ചിട്ടുണ്ട്. കട്ടത്താടിയോടു ആണ് മൊഹബ്ബത്തെങ്കിലും അവന്റെ ആ ലുക്ക് പൊളിച്ചു. അലഞ്ഞ ലൂക്കൊക്കെ പോയി.

അവനാണെങ്കി എന്റെ കണ്ണിൽ എന്തോ കളഞ്ഞുപോയ പോലെ അതിന്റെ ഉള്ളിലേക്ക് തന്നെ നോക്കുന്നു. പെട്ടെന്നെന്റെ ഫോൺ അടിച്ചു. ''അയ്യോ എന്റെ നടു പോയി. മുടിഞ്ഞ വെയിറ്റ് ആണല്ലോ... ഡ്രസ്സ് ഇട്ടിട്ടാണോ എന്നെ കളിപ്പിച്ചേ.. മാറ് ഞാൻ ഫോൺ എടുക്കട്ടേ'' എന്നും പറഞ്ഞു ദേഷ്യത്തോടെ ഞാനവനെ തള്ളി. അവൻ ചിരിച്ചോണ്ട് എഴുന്നേറ്റു.. എന്നേം നോക്കി നിന്നു. ഞാൻ വേഗം ഫോൺ എടുത്തു. പരിചയമില്ലാത്ത നമ്പർ ആയിരുന്നു. ഞാനതെടുത്തു നോക്കി. ഹലോ എന്ന് കുറെ പറഞ്ഞെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല. ഞാനതു കട്ട് ചെയ്തു. വീണ്ടും ഫോൺ വന്നെങ്കിലും വീണ്ടും മറുപടി ഒന്നും ഉണ്ടായില്ല. ''ചാർജർ എവിടെ എനിക്ക് പോണം...'' ഞാൻ പറഞ്ഞു. ''അങ്ങനെ പറയല്ലേ ചക്കരെ.. നമുക്ക് കുറച്ചു റൊമാൻസ് ഒക്കെ കളിച്ചിട്ട് പോവാം.. ഒന്നുമില്ലെങ്കിലും ഞാൻ നിന്നെ കെട്ടാൻ പോവുന്ന ആളല്ലേ..'' എന്നും പറഞ്ഞവൻ എന്റെ കൈ പിടിച്ചു അവനിലേക്ക്‌ വലിച്ചടുപ്പിച്ചു. ''ദേ ആദീ കുറച്ചു ഓവർ ആവുന്നുണ്ട്. എന്നെ വിട്.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

''ഇതെന്നോട് പറയാൻ കാണിക്കുന്ന ധൈര്യം മറ്റാരുടെയും മുന്നിൽ കാണുന്നില്ലല്ലോ...'' ഷാഹിയെ ആണവൻ ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ഞാൻ തല താഴ്ത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ''ഇഷ്ടമില്ലാത്ത കാര്യം തുറന്നു മുഖത്ത് നോക്കി പറയണം. അല്ലാണ്ട് പേടിച്ചു നിക്കുവല്ല വേണ്ടത്.'' എന്നും പറഞ്ഞു അവനെന്നെ കൂടുതൽ അവനിലേക്കടുപ്പിച്ചു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ ഞാനവന്റെ കാലിൽ ഒരു ചവിട്ടു വച്ച് കൊടുത്തു. എന്നിട്ടു പിന്നോട്ടേക്കു തള്ളി. അവൻ പോയി മതിലിൽ ഇടിച്ചു നിന്നു. അവന്റെ കൈ മതിലിലിടിച്ചു. ''ആരെങ്കിലും ചെയ്തത് ഇഷ്ടമായില്ലെങ്കിൽ ഇങ്ങനേം ചെയ്യാല്ലോ അല്ലെ.'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ''ആ.. ടീ സോഡാക്കുപ്പീ നിന്നെ ഞാൻ കൊല്ലും'' എന്നും പറഞ്ഞവൻ എന്റെ നേരെ വന്നു. ഞാൻ ഓടി, ബെഡിന്റെ സൈഡിലേക്ക് പോയി. ''ഇന്ന് നിന്റെ അന്ത്യമാടി'' എന്നും പറഞ്ഞു അവനെന്റെ പിന്നാലെ വന്നു. അപ്പോളാ ഞാനതു കണ്ടത്. ഞാൻ നോക്കി വന്ന ചാർജർ ബെഡിന്റെ സൈഡിലെ പ്ലഗ്ഗിൽ കുത്തി വച്ചിരിക്കുന്നു. ഞാനതു വേഗം ഊരി എടുത്തു.

പക്ഷെ അപ്പോഴേക്കും ആദി എന്റടുത്തു എത്തിയിരുന്നു. അവൻ എന്റെ കൈ പിന്നോട്ടേക്കു വലിച്ചു, പിടിച്ചു തിരിച്ചു. ''ആഹ് വിട് ആദീ, എനിക്ക് വേദനിക്കുന്നു.'' ഞാൻ കൈ വിടുവിക്കാൻ നോക്കി. ''ആണോ, കുറച്ചു വേദനിക്കട്ടെ.. എനിക്കും ഇപ്പൊ നന്നായി വേദനിച്ചു.'' എന്നും പറഞ്ഞവൻ കൂടുതൽ തിരിച്ചു. ''അയ്യോ സോറി, വിട്.'' എനിക്ക് നന്നായി വേദനിച്ചു. ''ആഹാ സോറിയൊക്കെ പറയാനറിയോ നിനക്ക്.'' എന്നും പറഞ്ഞവൻ എന്റെ കൈ പിന്നോട്ടേക്കു വീണ്ടും വലിച്ചു. ഞാനവന്റെ മേൽ തട്ടി നിന്നു. എന്നിട്ടു മെല്ലെ എന്റെ കഴുത്തിൽ അവന്റെ മുഖം അടുപ്പിച്ചു ചെവിയിൽ പറഞ്ഞു '' എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... മനസ്സിലായോടീ..'' അവന്റെ കുറ്റിത്താടി എന്റെ കഴുത്തിൽ ഉരസിയപ്പോ ഉള്ളിലൂടെ കറന്റ്റ് അടിച്ച പോലെ തോന്നി.. ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടി വന്നു. അവന്റെ എന്നിലെ പിടിയും മുറുകി എന്നെ അവനിലേക്കടുപ്പിച്ചു കൊണ്ടിരുന്നു... പെട്ടെന്ന് വീണ്ടും ഫോൺ അടിച്ചു. അവനെന്റെ കൈ വിട്ടു പിന്നോട്ട് മാറി. ഞാൻ അവനെ ഒന്ന് തിരിഞ്ഞു നോക്കി, വേഗം പുറത്തേക്കു ഓടി... @@@@@@@@@@@@@@@@@@@@@@@

ഛെ, എനിക്കെന്താ പറ്റിയേ.. അവളോടങ്ങനെ ഒന്നും... പാടില്ലായിരുന്നു. അവളെന്താ കരുതീട്ടുണ്ടാവുക. അവളോട് മാത്രം എന്താ ഇങ്ങനെയൊക്കെ പെരുമാറുന്നെ.. അവളാരാ എന്റെ... ഒരു ഫ്രണ്ട് മാത്രമല്ലേ... ഇനി ജിത്തു പറഞ്ഞ പോലെ എന്റെ മനസ്സിൽ അവൾ ഉണ്ടോ.. ഏയ് വെറുതെ അവൻ പറഞ്ഞോണ്ട് ഓരോന്ന് തോന്നുന്നതാ. ഞാൻ വേഗം പുറത്തോട്ടിറങ്ങി ഗാർഡനിലേക്കു നടന്നു. അവൾ എല്ലാരുടേം കൂടെ ഇരുന്നു ചിരിച്ചു സംസാരിക്കുന്നുണ്ട്. ഞാനും അവരുടെ കൂടെ ഇരുന്നു. ഇടയ്ക്കു അവളെ ഒന്ന് നോക്കി, പക്ഷെ ആ ജന്തു മൈൻഡ് ആകുന്നില്ല. ചിലപ്പോ ചമ്മൽ കൊണ്ടാവും. എല്ലാരും കൂടി അന്താക്ഷരി ഒക്കെ കളിച്ചു. രാവിലെ സുബ്ഹി നിസ്കരിക്കാൻ എണീറ്റ് ഞാൻ അജുവിനെ വിളിച്ചു. അവൻ മനസില്ലാമനസോടെ എണീറ്റ് നിസ്കരിച്ചു വീണ്ടും കിടന്നുറങ്ങി. ഞാൻ പുറത്തിറങ്ങി ഗാർഡനിലേക്കു നടന്നു. സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളു. എന്ത് ഭംഗിയാണ് കാണാൻ. എന്നും ഓർത്തു കടലും നോക്കി നിന്നു. @@@@@@@@@@@@@@@@@@@@@@

കുറച്ചു കഴിഞ്ഞപ്പോ എല്ലാരും എണീറ്റ് റെഡി ആയി ഫുഡും കഴിച്ചു ബസ്സിലേക്ക് കേറി. മട്ടാഞ്ചേരി സിനഗോഗും, ചീന വലകളുമൊക്കെ കണ്ടു ഞങ്ങൾ ലുലു മാളിലെത്തി. കുറച്ചു കറങ്ങി നടന്നു അല്ലറ ഷോപ്പിങ്ങൊക്കെ നടത്തി. അനുവും നീനുവും പിന്നേം എന്തൊക്കെയോ വാങ്ങാനായി പോയി. ഞാനവിടെ കണ്ട ഒരു ബെഞ്ചിൽ ഇരുന്നു. അപ്പോഴാണ് പരിചയമുള്ള ഒരു മുഖം ഞാൻ ആൾക്കൂട്ടത്തിനിടയിൽ കണ്ടത്. ഷബീർക്ക, എനിക്ക് തലക്കടി കൊണ്ട പോലെ ആയി. ഞാൻ വീണ്ടും നോക്കി. പക്ഷെ കാണുന്നില്ല. എനിക്ക് തോന്നിയതാവും എന്ന് കരുതി ആശ്വസിച്ചു. പെട്ടെന്നൊരു കൈ എന്റെ തോളിൽ പതിഞ്ഞു. ഞാൻ ഞെട്ടി നോക്കി. ഷാഹി ആയിരുന്നു. ''എന്താടോ ഇവിടെ ഒറ്റക്കിരിക്കുന്നെ.'' ''ഒന്നുമില്ല, വെറുതേ..'' എന്നും പറഞ്ഞു ഞാനവന്റെ കൈ തട്ടി മാറ്റി. അവൻ എന്റെ അടുത്തിരുന്നു. എനിക്കെന്തോ പോലെ തോന്നി. ഞാൻ വേഗം എണീക്കാൻ തുടങ്ങിയപ്പോൾ അവൻ എന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി. എനിക്കാകെ വിറക്കാൻ തുടങ്ങി. മാളിന്റെ ഒരു മൂലയിൽ ആയിരുന്നത് കൊണ്ട് അതികം ആൾക്കാർ ഉണ്ടായിരുന്നില്ല അവിടെ. ''താനെന്തിനാ എന്നെ കാണുമ്പോ ഇങ്ങനെ പേടിക്കുന്നേ.'' എന്നും പറഞ്ഞവൻ എന്റെ കൈ പിടിച്ചു. ഞാൻ വേഗം കൈ വലിച്ചു. '

'ഓ ഒന്ന് തൊട്ടൂ എന്ന് വച്ചു എന്താടോ.. ഇതൊക്കെ കോളേജ് ലൈഫിൽ ഒരു എന്ജോയ്മെന്റ് അല്ലെ. താൻ അന്ന് എന്നോട് ഇങ്ങോട്ടു കേറി സംസാരിച്ചപ്പോഴേ എനിക്ക് മനസ്സിലായിരുന്നു തനിക്കെന്നോട് ഇഷ്ടം ഉണ്ടെന്നു.'' അവൻ ചിരിച്ചോണ്ടത് പറഞ്ഞപ്പോ ഞാനാകെ ഉരുകിപ്പോയി. ആദിയെ ദേഷ്യം പിടിപ്പിക്കാനാ ഞാൻ ഇവനോട് സംസാരിച്ചത്. ഇവനതു വേറെ രീതിയിലാണ് കണ്ടത്. പടച്ചോനെ ഞാൻ എന്താ ചെയ്യാ. എന്റെ പെരുമാറ്റം അത്ര മോശം രീതിയിൽ ആയിരുന്നോ. എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി. അപ്പോഴാണ് എനിക്ക് ആദി പറഞ്ഞ കാര്യം ഓർമ്മ വന്നേ. ഞാനെന്തിനാ ഇവനെ പേടിക്കുന്നേ. അവനോടു സംസാരിച്ചു എന്നല്ലാതെ മോശമായ രീതിയിൽ ഒരു നോട്ടമോ വാക്കോ എന്റടുത്തൂന്നു ഉണ്ടായിട്ടില്ല. പിന്നെ ഞാനെന്തിന് ഇവനെ ഭയക്കണം. ''നോക്ക് ഷാഹി, നിങ്ങളെന്തോ തെറ്റിദ്ധരിച്ചിരിക്കുകയാ. എനിക്കങ്ങനെ ഒരിഷ്ടവും നിങ്ങളോടില്ല.

മാത്രമല്ല എന്റെ മേൽ ആരും തൊടുന്നത് എനിക്കിഷ്ടമല്ല.'' ഞാൻ അവന്റെ കൈ മാറ്റി അവിടുന്നു എണീച്ചു കൊണ്ട് പറഞ്ഞു. ''ഓ പിന്നെ, ഒരുത്തന്റെ നെഞ്ചിൽ ചാരി ഉറങ്ങാൻ നിനക്ക് ഒരു മടിയും ഇല്ലല്ലോ. ഞാനൊന്നു കൈ പിടിച്ചതാണോ തെറ്റ്. അവന്റെ വാക്കുകളും ഭാവവും ഒക്കെ മാറുന്നത് പേടിയോടെ ഞാൻ കണ്ടു. ''മൂന്നു ആൺപിള്ളേരുടെ കൂടെ കറങ്ങുന്നതിലും ഒരു തെറ്റുമില്ല അല്ലെ..'' അവന്റെ മറുപടി കേട്ടപ്പോ ഞാനാകെ തരിച്ചുപ്പോയി.. എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നിപ്പോയി, ഇവനെപ്പോലൊരുത്തനോട് സംസാരിച്ചതിന്. ''അവരെന്റെ ഫ്രണ്ട്‌സ് ആണ്.'' എന്റെ ശബ്ദം കുറച്ചു ഉയർന്നിരുന്നു. ''ഓ പിന്നെ, ഫ്രണ്ട്സ്. എല്ലാ തോന്നിവാസവും കാണിക്കാം, എന്നോട്ടൊരു പേരും ഫ്രണ്ട്ഷിപ്. എന്നാ എന്നെയും നിന്റെ ഫ്രണ്ട് ആക്ക്. എന്നിട്ടു നമുക്ക് അടിച്ചു പൊളിക്കാം. എവിടെ വേണമെന്ന് നീ പറഞ്ഞാ മതി.''

എന്നും പറഞ്ഞു അവൻ വൃത്തികെട്ട രീതിയിൽ ചിരിച്ചു. ''കുറേക്കൂടി മാന്യമായി സംസാരിക്കണം.'' ദേഷ്യവും സങ്കടവും കാരണം എന്റെ ശബ്ദം വിറക്കാൻ തുടങ്ങിയിരുന്നു. ''നിന്നോടൊക്കെ എന്ത് മാന്യത കാണിക്കാനാ. നിന്നെപ്പോലെ കുറെ എണ്ണത്തിനെ ഞാൻ കണ്ടിട്ടുണ്ട്. ആൺപിള്ളേരുടെ കഴുത്തിൽ ചുറ്റി അടിച്ചു പൊളിച്ചു നടക്കുന്നവളുമാർക്കു ഇതിൽ കൂടുതൽ മാന്യത വേണമെന്ന് തോന്നുന്നില്ല. നീ ഇന്ന് ഫ്രീ ആണെങ്ങി രാത്രി ഗാർഡനിൽ വാ അവന്മാരെക്കാളും എന്റെ കൂടെ അടിച്ചു പൊളിക്കാം..'' എന്നും പറഞ്ഞവൻ എന്റെ നേരെ നടക്കാൻ തുടങ്ങി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story