കോളേജ് ബസ് : ഭാഗം 30

രചന: റിഷാന നഫ്‌സൽ

ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് പോയി. ബില്ലൊക്കെ കൊടുത്തു റൂമിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോയി. ആദ്യം മറൈൻ ഡ്രൈവ് പോയി വൈകുന്നേരം ചിലവഴിച്ചു തിരിച്ചു ഹോട്ടലിലേക്ക് വന്നു സാധനങ്ങൾ എടുത്തു കോളേജിലേക്ക് പോവാനായിരുന്നു പ്ലാൻ. പക്ഷെ അവിടെ പോയി തിരിച്ചു വരേണ്ട നേരെ കോളേജിലേക്ക് പോവാൻ പറ്റുമെന്ന് ഡ്രൈവർ പറഞ്ഞു. ''അയ്യോ എന്റെ ബാഗ് ഞാൻ ലോബ്ബിയിൽ വച്ച് മറന്നു.'' ഞാൻ പറഞ്ഞു. ''അത് നമ്മക്ക് പോവുമ്പോ എടുക്കാം.'' അനു പറഞ്ഞു. ''എന്റെ മൊബൈലും പഴ്സുമൊക്കെ അതിനകത്താ. ഞാൻ വേഗം പോയി എടുത്തിട്ട് വരാം.'' എന്നും പറഞ്ഞു ഞാൻ റൂമിൽ നിന്നും ഇറങ്ങി. ഇന്ന് തിരിച്ചു പോണം എന്നാലോചിച്ചപ്പോൾ എന്തോ ഒരു സങ്കടം തോന്നി. ഇവിടെ എല്ലാരോടും അടുത്ത് പെരുമാറാൻ പറ്റുന്ന പോലെ തിരിച്ചു കോളേജിൽ എത്തിയാൽ പറ്റില്ല. ബാഗ് എടുത്തു തിരിച്ചു നടക്കുമ്പോ പെട്ടെന്ന് ഒരു കൈ വന്നു എന്റെ വായ മൂടി. മറ്റേ കൈ കൊണ്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചു. @@@@@@@@@@@@@@@@@@@@@@@ ''രണ്ടു ദിവസം പോയതറിഞ്ഞില്ല. ടാ നമ്മൾ ഇതിനു മുമ്പ് എത്ര ട്രിപ്പ് പോയിട്ടുണ്ട്. പക്ഷെ അപ്പോളൊന്നും ഇത്ര രസം തോന്നീട്ടുണ്ടോ???'' അജു ചോദിച്ചു. ''അതെ നമ്മളെ സ്നേഹിക്കുന്നവർ കൂടെ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വല്യ സന്തോഷം.'' അനന്ദു പറഞ്ഞു.

''അതെ ഈ കുറച്ചു ദിവസങ്ങൾ മറക്കാൻ പറ്റില്ല. ശ്രീയെ ഇങ്ങനെ അടുത്ത് കാണാനും സംസാരിക്കാനും കിട്ടുന്നത് തന്നെ ആദ്യായിട്ടാ...'' ജിത്തു പറഞ്ഞു. ''ശരിയാ, സാധാരണ വീട്ടുകാരോടൊപ്പം പോവുമ്പോള ഇത്ര സന്തോഷം തോന്നാറ്. അല്ലെങ്കിൽ നിങ്ങളോടൊക്കെ കൂടെ വന്നാൽ എപ്പോളും വീട്ടുകാരെ ഒരു മിസ്സിംഗ് തോന്നാറുണ്ട്. ഇപ്പ്രാവശ്യം അങ്ങനെ തോന്നിയില്ല.'' ഞാൻ പറഞ്ഞു. ''ആ, അത് ശരിയാ നിനക്ക് തോന്നില്ല. നിനക്ക് ഇവിടെ കൂടെ ഗർഭിണിയായ ഭാര്യ ഉണ്ടല്ലോ.'' അജു പറഞ്ഞു. അവരെല്ലാവരും ചിരിച്ചു. അടുത്തിരുന്ന തലയണ എടുത്തു ഞാൻ അവനെ എറിഞ്ഞു. പെട്ടെന്ന് ഡോറിൽ ആരോ മുട്ടി. അജു പോയി തുറന്നു. നോക്കിയപ്പോ നീനുവും അനുവും ശ്രീയും. ''ആഹാ നൂറായുസ്സാണല്ലോ... നിങ്ങടെ കാര്യം പറഞ്ഞു നാക്കു വായിലേക്കിട്ടതേ ഉള്ളൂ..'' ഞാൻ പറഞ്ഞു. ''ഷഹാനയെ കണ്ടോ നിങ്ങളാരേലും???'' അനു ചോദിച്ചു. അവരുടെയെല്ലാം മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ''ഇല്ല, നിങ്ങടെ കൂടെ അല്ലെ ഉണ്ടായിരുന്നെ.'' അജു പറഞ്ഞു. ''അതെ റൂമിൽ എത്തിയപ്പോ അവളെ ബാഗ് ഹോട്ടലിന്റെ ലോബിയിൽ വച്ച് മറന്നു എന്നും പറഞ്ഞു പോയതാ.

പിന്നെ തിരിച്ചു വന്നില്ല. കുറേ സമയം ആയി. ഞങ്ങളെല്ലാ സ്ഥലത്തും നോക്കി.'' നീനു പറഞ്ഞു. ''ഫോണിൽ വിളിച്ചു നോക്കിയോ.'' ഞാൻ ടെന്ഷനോടെ ചോദിച്ചു. ''അവളുടെ ഫോൺ നേരത്തെ ബസ്സിൽ വച്ച് സ്വിച്ച് ഓഫ് ആയിനി.'' അനു പറഞ്ഞു. ''എനിക്കെന്തോ പേടി ആവുന്നു. ഞങ്ങളെല്ലായിടതും നോക്കി. പക്ഷെ അവളെ കണ്ടില്ല.'' ശ്രീ പറഞ്ഞു. ''ടാ ഇനി ആ ഷാഹിദ് വല്ലതും...'' ജിത്തു സംശയത്തോടെ പറഞ്ഞു. ''എന്നാൽ അവനിന്നു എന്റെ കൈ കൊണ്ട് ചാവും..'' എന്നും പറഞ്ഞു ഞാൻ ദേഷ്യത്തോടെ പുറത്തേക്കു നടന്നു. അവരെല്ലാം കൂടെ വന്നു. ഷാഹിദിന്റെ റൂമിന്റെ മുന്നിൽ എത്തിയപ്പോൾ നിലത്തു നിന്നും ഷഹാനയുടെ ബാഗ് കിട്ടി. ''അപ്പൊ അവൻ തന്നെ.'' അനന്ദു ദേഷ്യത്തോടെ പറഞ്ഞു. ഡോർ തുറന്നു നോക്കിയപ്പോൾ അകത്തു ഷാഹിദിന്റെ ഒരു ഫ്രണ്ട് മാത്രം. ഷാഹിദെവിടെ എന്ന് ചോദിച്ചപ്പോ അവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോ കാലിൽ നീരും വന്നു, നല്ല വേദനയും തോന്നിയോണ്ട് ്ചർമാർ ഹോസ്പിറ്റലിലേക്ക് കൂട്ടി കൊണ്ട് പോയി എന്ന് പറഞ്ഞു.

അവരെ കാത്തു നിക്കുന്നോണ്ടാണ് മറൈൻ ഡ്രൈവിലേക്കുള്ള യാത്ര വൈകുന്നത്. ''അപ്പൊ അവളെവിടെ പോയി.'' നീനു ചോദിച്ചു. അനുവും നീനുവും കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു. ശ്രീ അവരെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്. ''ഇങ്ങനെ ടെൻഷൻ അടിച്ചു നിന്നിട്ടു കാര്യമില്ല. നമ്മൾക്കവളെ എല്ലാടത്തും ഒന്നൂടെ നോക്കാം.'' അവരെയൊക്കെ ഓരോ സൈഡിലേക്ക് വിട്ടിട്ടു ഞാനും നടന്നു. പടച്ചോനെ അവൾക്കൊന്നും വരുത്തല്ലേ. പാവമാ അവള്. എന്നാലും ഇവൾ എവിടെ പോയതായിരിക്കും... "ഷഹനാ നീ എവിടെയാ..." @@@@@@@@@@@@@@@@@@@@@@@ അല്ലാഹ് എന്നെ എങ്ങനെയെങ്കിലുമൊന്നു രക്ഷിക്കൂ പ്ലീസ്. ഞാൻ മനസ്സിൽ പറഞ്ഞു കരഞ്ഞു. കരച്ചിലിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാനായി സ്വയം വാ പൊത്തി. ഇരുട്ടാണ് കൂടുതലും. ഒന്ന് രണ്ടു ജനലിൽ കൂടി മാത്രം വെളിച്ചം വരുന്നു. എങ്ങനെയോ ഇവിടെത്തി.. എന്നേ പിടിച്ച ആ കൈകൾ എന്നേ വലിച്ചു ഒരു റൂമിനുള്ളിലേക്കു കയറ്റി. എങ്ങനേലും പിടി വിടുവിച്ചു തിരിഞ്ഞു നോക്കി. മുമ്പിൽ നിക്കുന്ന ആളെ കണ്ടപ്പോ തല കറങ്ങുന്ന പോലെ തോന്നി. ''ഷബീർക്ക, നിങ്ങളിവിടെങ്ങനെത്തി...'' ഞാൻ പേടിയോടെ ചോദിച്ചു. അവനെ കണ്ടതും എന്റെ കയ്യും കാലുമൊക്കെ വിറക്കാൻ തുടങ്ങി.

മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു. അവന്റെ കൂടെ അന്ന് ഐസ് ക്രീം പാർലറിൽ വച്ച് കണ്ട ഫ്രണ്ടും വേറൊരാളും.. ''വെക്കേഷൻ ആയോണ്ട് നിന്നെ കാണാല്ലോ എന്നോർത്താ നിന്റെ വീട്ടിലേക്കു പോയത്. അവിടെത്തിയപ്പോ നീ ഇല്ല. കോളേജിൽ ക്യാമ്പോ കുന്തമോ ആണെന്നൊക്കെ പറഞ്ഞു. എന്റെ എല്ലാ പ്ലാനും തെറ്റി. പിന്നെ അറിഞ്ഞു അവിടുന്ന് എറണാകുളത്തേക്കു പോവുമെന്ന്. അത് കേട്ടപ്പോ വീണ്ടും ഒരു പ്രതീക്ഷ തോന്നി. അങ്ങനെ ഇങ്ങോട്ടേക്കു വണ്ടി കേറി. ഹോട്ടലിന്റെ പേര് നിന്റെ ഉമ്മാക് അറിയില്ലാരുന്നു. ഉപ്പാനോട് ചോദിച്ചാ വല്ല സംശയവും തോന്നിയാലോ. പിന്നെ എങ്ങെനെ കണ്ടു പിടിച്ചെന്നാവും അല്ലേ.'' അവൻ എന്നെ നോക്കി ചിരിച്ചു. ''ദാ ഇവനെ കണ്ടോ എന്റെ ഫ്രണ്ട് ആണ്, ഇവന് ഈ മൊബൈൽ ട്രാക്കിങ് ഒക്കെ അറിയാം. അവനെ കൊണ്ട് നിന്റെ നമ്പർ ട്രേസ് ചെയ്യിച്ചു. നിനക്ക് ഒരു അറിയാത്ത നമ്പറിൽ നിന്നും കാൾ വന്നിരുന്നില്ലേ, അത് ഞാൻ ആയിരുന്നു. കുറച്ചു സമയം എടുത്തു കണ്ടു പിടിക്കാൻ. ഇല്ലെങ്ങി ഇന്നലെ രാത്രിയെ നിന്നെ എന്റെ കയ്യിൽ കിട്ടിയേനെഇന്ന് രാത്രിയ്കു എല്ലാം പ്ലാൻ ചെയ്തപ്പോളാ നിങ്ങൾ ഇവിടുന്നു വൈകുന്നേരം പോവുമെന്ന് മാളിൽ വച്ച് കേട്ടത്.'' ഞാൻ ഞെട്ടി അവനെ നോക്കി.

''ഞെട്ടണ്ട രാവിലെ തൊട്ടു ഞാൻ നിന്റെ പിന്നാലെ ഉണ്ടായിരുന്നു.'' അപ്പൊ എനിക്ക് തോന്നിയതായിരുന്നില്ല, ഞാൻ കണ്ടത് ഷബീർക്കയെ തന്നെ ആയിരുന്നു. പടച്ചോനെ ഇവിടുന്നെങ്ങനെ രക്ഷപ്പെടും. ഡോർ അവർ ലോക്ക് ചെയ്തു ചാവി പോക്കറ്റിൽ ഇട്ടു. ഉച്ചത്തിൽ പാട്ടു വച്ചോണ്ട് ആർക്കും എന്റെ സൗണ്ട് പുറത്തു കേക്കില്ലാ. ആകെ ഉള്ളത് തുറന്നിട്ട ആ ജനലാണ്. താഴത്തെ നില ആയോണ്ട് പുറത്തു ചാടി രക്ഷപ്പെടാം. പക്ഷെ അവിടെ വരെ എങ്ങനെത്തും. ''പേടിക്കണ്ട നിന്റെ ടീച്ചർമാർ തിരിച്ചു വരുന്നതിനു മുന്നേ നിനക്ക് തിരിച്ചു പോവാം, നല്ല കുട്ടി ആയി നിന്നാൽ. ആദ്യം ഞാൻ, പിന്നെ ദേ ഇവന് നിന്നോടെന്തോ കണക്കു തീർക്കാനുണ്ട്. അന്ന് ഐസ് ക്രീം പാർലറിൽ വച്ച് തല്ലിയെന്നോ മറ്റോ, അല്ലേടാ.'' എന്നും പറഞ്ഞവർ ചിരിച്ചു. ''പിന്നെ ദാ ഇവന് ഞാൻ പൈസ ഒന്നും കൊടുക്കുന്നില്ല നിന്നെ കണ്ടു പിടിച്ചു തന്നതിന്. പകരം നിന്നെ തന്നെ മതി പോലും.'' അയാൾ വൃത്തികെട്ട രീതിയിൽ എന്നെ നോക്കി ചിരിച്ചു... ''പ്ലീസ് ഷബീർക്കാ എന്നെ ഉപദ്രവിക്കരുത്..''

ഞാൻ കൈ കൂപ്പി അവരുടെ മുന്നിൽ നിലത്തു മുട്ട് കുത്തി ഇരുന്നു. ''നിന്നെ ഉപദ്രവിക്കാനോ, ഒരിക്കലുമില്ല... ഞങ്ങള് സ്നേഹിക്കാനല്ലേ പോവുന്നേ.. ഈ മുറിവ് കണ്ടോടി.. അന്നേ ഞാൻ തീരുമാനിച്ചതാ ഇങ്ങനൊരു കാര്യം. അത് കല്യാണം കഴിച്ചിട്ടാണെങ്കി അങ്ങനെ എന്ന്. പക്ഷെ നീ സമ്മതിച്ചില്ലല്ലോ പിന്നെ നിന്റെ ഇക്കയും..'' എന്നും പറഞ്ഞു ചിരിച്ചോണ്ട് ഷബീർക്ക എന്റടുത്തേക്കു വന്നു. ഷബീർക്കാന്റെ ആലോചന വന്നപ്പോ എന്നെ അനുകൂലിച്ച ഒരേ ഒരാൾ എന്റെ ഷാനിക്ക ആയിരുന്നു. ഉപ്പയോട്‌ "അവനു എന്റെ പെങ്ങളെ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല" എന്നു പറഞ്ഞു. അത് കൊണ്ടും കൂടി ആണ് അന്ന് ആ കല്യാണാലോചന മുടങ്ങിയേ. ''നീ പേടിക്കേണ്ട മോളെ, നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല..'' എന്നും പറഞ്ഞു അവരെന്നെ തൊടാൻ വന്നു. ഇല്ല.... ഇപ്പൊ പേടിച്ചാ എനിക്കെന്റെ ജീവിതം നഷ്ടപ്പെടും. ആദി പറഞ്ഞപോലെ ഇഷ്ടമില്ലാത്ത കാര്യങ്ങൾ എതിർക്കണം. അവനെ തള്ളിയിട്ടതോർമ്മ വന്നു. പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ ഞാൻ എണീറ്റ് അവരെ തള്ളിയിട്ടു. ജനലിന്റെ അടുത്തേക്കോടി പുറത്തേക്കു ചാടി. വല്യ ഉയരം ഇല്ലായിരുനെങ്കിലും കാൽ ഒന്ന് പിടിച്ചു. പുറത്തിറങ്ങി ചുറ്റും നോക്കി. ഹോട്ടലിന്റെ സൈഡ് ആയിരുന്നു.

എങ്ങനേലും ഞൊണ്ടി നടന്നു എത്തിയത് സ്റ്റോർ റൂം എന്ന് എഴുതി വച്ച ഒരു റൂമിന്റെ മുന്നിൽ ആയിരുന്നു. പക്ഷെ അത് പഴയതാണെന്നു തോന്നി. ആരും ഉപയോഗിക്കുന്ന ലക്ഷണം ഒന്നുമില്ല. ഞാൻ വേഗം അകത്തു കയറി. അവർ പിന്നാലെ വരുന്നുണ്ടായിരുന്നു. ഒരു ഫ്രിഡ്ജിന്റെ ബാക്കിൽ പോയി ഒളിച്ചു. കാൽ നന്നായി കുടഞ്ഞു ഉഴിഞ്ഞു. അവർ മാറിയാൽ പുറത്തിറങ്ങി ഓടണം, എങ്ങനേലും ആരെയെങ്കിലും കണ്ടാൽ രക്ഷപ്പെടാം.. ആദീ നീ എല്ലാ അപകടങ്ങളിൽ നിന്നും എന്നെ രക്ഷിക്കാറില്ലേ, ഇത് പോലുള്ള വല്യ ഒരു അപകടത്തിൽ നിന്നും നിനക്കെന്നെ രക്ഷിക്കാൻ പറ്റില്ലേ... ഞാൻ മനസ്സിൽ ഓർത്തിരുന്നു. ഇല്ല, അവൻ പറഞ്ഞിരുന്നല്ലോ ഇനി സഹായിക്കാൻ വരില്ലാന്നു. പെട്ടെന്ന് ആരോ ഡോർ തുറന്നു അകത്തേക്ക് കേറുന്ന ശബ്ദം കേട്ടു. ഞാൻ വാ പൊത്തി ശ്വാസം പോലും വിടാതെ ഇരുന്നു. ആരുടെയൊക്കെയോ കാൽ പെരുമാറ്റം കേട്ട്. പിന്നെ ഡോർ വീണ്ടും തുറന്നടയുന്ന ശബ്ദം കേട്ടു. ഒന്ന് ദീർഘ നിശ്വാസം വിട്ടു ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയതും ആരോ പിന്നിൽ നിന്നും എന്റെ കയ്യിൽ കേറി പിടിച്ചു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story