കോളേജ് ബസ് : ഭാഗം 32

രചന: റിഷാന നഫ്‌സൽ

അള്ളാഹ് ഇന്നത്തെ പോലൊരു സംഭവം ഇനി ഒരിക്കലും എന്റ ജീവിതത്തിൽ ഉണ്ടാവല്ലേ. എന്റെ എന്നല്ല ഒരുപെങ്കുട്ടിയുടേം ജീവിതത്തിൽ ഉണ്ടാവല്ലേ.. മറ്റുള്ളവുടെ മുന്നിൽ ചിരിച്ചെങ്കിലും ഉള്ളിൽ കരയുകയാണ് ഇപ്പോഴും. അവർ വന്നില്ലായിരുന്നെങ്കിൽ, പടച്ചോനേ ഓർക്കാനും കൂടി വയ്യ. "എന്താടീ കിനാവ് കാണുവാണോ??? എന്നെയാണോ" ഞാൻ തിരിഞ്ഞു നോക്കി ആദിയായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ താഴോട്ടു നോക്കി നിന്നു. എന്റെ കണ്ണ് നിറഞ്ഞതു കണ്ടത് കൊണ്ടാവണം ആദി ചോദിച്ചു "നീ അതൊന്നും വിട്ടില്ലേ?? മറന്നു കള." "അങ്ങനെ മറക്കാൻ പറ്റുന്ന ഒരു കാര്യമാണോ..." ഞാൻ മുഖമുയർത്തി ചോദിച്ചു. "നമുക്കു ഇഷ്ടപെടാത്തതോ അല്ലെങ്കിൽ നമ്മളെ വിഷമിപ്പിക്കുന്നതോ ആയ കാര്യങ്ങൾ അങ്ങ് മറന്നേക്കണം. ഒരു ദുസ്സ്വപ്നം കണ്ടതാണന്നു വിചാരിച്ചാ മതി. ഇല്ലെങ്കി പിന്നെ പടച്ചോൻ മനുഷ്യനു മറവി എന്ന കാര്യം തരേണ്ട ആവശ്യം ഇല്ലല്ലോ. " ആദി പറഞ്ഞു. മറുപടി ആയി ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. അവൻ പിന്നേം എന്തൊക്കെയോ പറഞ്ഞു ഞാൻ ചിരിച്ചു. മനസ്സിന് നല്ല സമാധാനം കിട്ടിയ പോലെ തോന്നി. "ഷഹനാ എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്..." ആദി പറഞ്ഞു. ഞാനവനെ നോക്കി "എന്തെ" എന്ന് ചോദിച്ചു.

"എങ്ങനെ ചോദിക്കണമെന്നു എനിക്കറീല. നിനക്ക് മറ്റൊന്നും തോന്നാൻ പാടില്ല." ആദി കാര്യം പറയാതെ മറ്റെന്തൊക്കെയോ പറഞ്ഞു. അതു കണ്ടു എനിക്ക് ചിരി വന്നു. "എന്താ ആദീ ഇയാളെന്തിനാ ഇങ്ങനെ ഉരുണ്ടു കളിക്കുന്നേ.." ഞാൻ ചോദിച്ചു. "അത് ഞാൻ..." എന്ന് ആദി പറയുമ്പോളേക്കും അനു വന്നു എന്റെ കയ്യിൽ പിടിച്ചു വലിച്ചു. "ഇങ്ങു വന്നേ നമുക്കൊരു ഫോട്ടോ എടുക്കാം." അനു പറഞ്ഞു. "ഒരു മിനിറ്റു നിക്ക്. ആദിക്കെന്തോ പറയാനുണ്ട്." ഞാൻ ആദിയെ നോക്കി. "ഏയ് ഒന്നുമില്ല നീ പൊയ്ക്കോ." അവൻ പറഞ്ഞത് കേട്ടതും അനു എന്റെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് പോയി. ഞാൻ തിരിഞ്ഞു നോക്കിയപ്പോ എന്തോ പോയ അണ്ണാനെ പോലെ ആദി നിക്കുന്നത് കണ്ടു. എനിക്ക് ചിരി വന്നു. അവൻ എന്നെ നോക്കി "പോടീ" എന്ന് പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@ ഛേ അവളോട് സംസാരിക്കാൻ പറ്റിയില്ല. അവളുടെ ഉള്ളിൽ എന്താണെന്ന് അറിഞ്ഞേ പറ്റൂ. അനന്ദു വിളിച്ചു ഞാനും അങ്ങോട്ടേക്ക് പോയി. നല്ല കുറേ ഫോട്ടോസ് എടുത്തു. കടലയും ഉപ്പിലിട്ടതും എന്ന് വേണ്ട അവിടെ കണ്ട സാധനങ്ങളൊക്കെ അനുവും നീനുവും ഷഹാനയും ശ്രീയും കൂടി വാങ്ങി കഴിച്ചു. "ഇവളുമാരുടെ വയറ്റിൽ എന്താ കൊക്കപ്പുഴു ആണോ???... എന്ത് തീറ്റയാടാ.."

അജു തലയിൽ കൈ വച്ചു കൊണ്ട് ഞങ്ങളോട് മെല്ലെ പറഞ്ഞു. "അതെ, ഇനി ഈ മറൈൻ ഡ്രൈവിൽ ഇവർ കഴിക്കാത്തതായി ഒന്നുമില്ല." അനന്ദു പറഞ്ഞു. "എന്നാലും എന്റെ പോക്കറ്റ് ഇത്ര പെട്ടെന്ന് ഇവൾ കാലിയാക്കുമെന്നു ഞാൻ കരുതിയേ ഇല്ല." ജിത്തൂ അവന്റെ കാലി പേഴ്സ് തുറന്നു കാണിച്ചു കൊണ്ടു പറഞ്ഞു. "അതേ, വരുമ്പോ ഗർഭിണിയെ പോലെ ഇരുന്നതാ ഇപ്പൊ ദേ പ്രസവം കഴിഞ്ഞ ശില്പ ഷെട്ടിയെ പോലെ ആയി." അജുവും അവന്റെ പേഴ്സ് കാണിച്ചു. ഞങ്ങൾ ചിരിച്ചു. ഞങ്ങൾക്കു തിരിച്ചു പോവേണ്ട സമയം അടുത്തു കൊണ്ടിരുന്നു. പക്ഷെ അവളോട് ഒറ്റയ്ക്ക് സംസാരിക്കാനുള്ള സാഹചര്യം മാത്രം കിട്ടിയില്ല. അപ്പോഴാണ് ഞാനതു കണ്ടത്. ഷഹാന അവിടെ ഒരു ബെഞ്ചിൽ ഒറ്റയ്ക്കിരിക്കുന്നു. മറ്റുള്ളവർ ഓരോ ഭാഗത്താണ്. ഞാൻ വേഗം അവളെ ലക്ഷ്യമാക്കി നടന്നു. "ടീ, നീയെന്താ ഇവിടെ ഒറ്റയ്ക്കിരിക്കുന്നെ." ഞാനവളോട് ചോദിച്ചു. "ഇന്നും കൂടി അല്ലെ അവർക്കൊക്കെ ഇങ്ങനെ ഒരുമിച്ചു നടക്കാൻ പറ്റൂ. അതോണ്ട് വെറുതെ കട്ടുറുമ്പാവണ്ടാന്ന് വിചാരിച്ചു." എന്നും പറഞ്ഞവൾ പുഞ്ചിരിച്ചു. നന്നായി എനിക്കതോണ്ടു നിന്നെ ഓറ്റയ്ക്കു കിട്ടിയല്ലോ. ഞാൻ മനസ്സിൽ പറഞ്ഞു. എന്റെ പുഞ്ചിരി കാണ്ടാവണം അവൾ എന്താ എന്ന ഭാവത്തിൽ എന്നെ നോക്കിയത്. ഞാൻ ഒന്നുമില്ലെന്ന്‌ തലയാട്ടി.

"ആദിക്ക് എന്താ സംസാരിക്കാനുണ്ടെന്ന് പറഞ്ഞെ." ഷഹാന ചോദിച്ചപ്പോ ഇതെന്നെ നല്ല അവസരം എന്നെനിക്കു തോന്നി. "അത് ഞാൻ... എനിക്ക്... എന്റെ ചോദ്യം ഇഷ്ടപെട്ടില്ലെങ്കി നീ മറുപടി ഒന്നും പറയണ്ട. നമ്മളെ ഈ സൗഹൃദം ഇങ്ങനെ തന്നെ മുന്നോട്ടു പോണം." ഞാൻ പറഞ്ഞു. "വളച്ചു കെട്ടാതെ കാര്യം പറ ആദീ.." അവൾക്കു ക്ഷമ കെട്ടു.. "അത്.." ഞാൻ വീണ്ടും സംശയത്തിലാണ്. "ആദീ..." ഞാൻ പറഞ്ഞു തുടങ്ങുമ്പോളെക്കും പിന്നിൽ നിന്നും ഒരു വിളി വന്നു. തിരിഞ്ഞു നോക്കിയപ്പോ ജീനയാണ്. "ഇവിടെ ഇരിക്കുവാണോ.. ഞാൻ എവിടെയൊക്കെ നോക്കീന്നു അറിയോ?? വന്നേ ഒരു കാര്യം പറയാനുണ്ട്." ഞാൻ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്നേ ജീന എൻറെ കയ്യിൽ പിടിച്ചു വലിച്ചു അവളുടെ കൂടെ കൊണ്ട് പോയി. തിരിഞ്ഞു നോക്കിയപ്പോ ഷഹനാന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് ഞാൻ കണ്ടു.

@@@@@@@@@@@@@@@@@@@@@@ ഇവളെന്തിനാ ആദീടെ പിന്നാലെ ഇങ്ങനെ മണപ്പിച്ചു നടക്കുന്നെ... കാണുമ്പോ തന്നെ വൊഡാഫോണിന്റെ പരസ്യത്തിലെ ആ പട്ടിയെ ആണ് ഓർമ്മ വരുന്നേ... ഞാൻ എണീറ്റ് മെല്ലെ നടന്നു കടലും നോക്കി നിന്നു. എന്നാലും ആദിക്ക് എന്നോടെന്താ സംസാരിക്കാനുള്ളേ.. എന്തോ സീരിയസ് കാര്യമാണ് അല്ലെങ്കി ഇവനെന്തിനാ ഇങ്ങനെ ഉരുണ്ടു കളിക്കുന്നേ... ഇനി വല്ല ഇഷ്ടവുമാണെന്നു പറയാനാവോ... എന്റെ മനസ്സിലെന്തോ ഒരു സന്തോഷം തോന്നി. ഇനി വേറെ വല്ല പെണ്പിള്ളേരെയും ഇഷ്ടമാണെന്നു പറയാനാവോ... പടച്ചോനെ...ആ ജീനയെ എങ്ങാനും.. എങ്കിൽ ആദിയെ ഈ കടലിൽ മുക്കി ഞാൻ കൊല്ലും. ഏയ് അങ്ങനൊന്നുമാവില്ല.. എന്ന് സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.. പെട്ടെന്നൊരു കൈ എന്റെ തോളിൽ അമർന്നു. നോക്കിയപ്പോ ആദി ആയിരുന്നു. അവൻ എന്തോ പറയാൻ തുടങ്ങിയതും എന്റെ ശ്വാസോച്‌വാസത്തിന്റെ വേഗത കൂടുന്നത് ഞാനറിഞ്ഞു. എന്റെ നെഞ്ചിടിപ്പിന്റെ താളം ഇപ്പൊ എല്ലാർക്കും കേൾക്കാമെന്നു തോന്നിയെനിക്ക്....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story