കോളേജ് ബസ് : ഭാഗം 33

College bus

രചന: റിഷാന നഫ്‌സൽ

''ഷഹാന നിന്നെ ഇവിടെ ഒറ്റയ്ക്ക് കിട്ടിയത് നന്നായി.'' ആദി പറഞ്ഞു. ''ഞാൻ നേരത്തെ പറഞ്ഞില്ലേ എനിക്കൊരു കാര്യം ചോദിക്കാനുണ്ടെന്നു.'' എന്റെ നെഞ്ച് ഇടിച്ചിടിച്ചു ￰ഹൃദയം പുറത്തേക്കു വരുമെന്ന അവസ്ഥ ആയി. ''ആ'' ഞാനൊന്ന് മൂളുക മാത്രം ചെയ്തു. പടച്ചോനെ എന്താ ഇത്.. എനിക്ക് എന്റെ മനസ്സിനെ പിടിച്ചു നിർത്താൻ പറ്റുന്നില്ല. ആദി ചോദിയ്ക്കാൻ പോവുന്നതെന്താണെന്നു അറിയാനായി ഞാൻ കണ്ണുകളടച്ചു കടലും നിന്നു. ''ആരാ ശർമി...'' ആദിയുടെ ചോദ്യം കേട്ടപ്പോ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. ഇത് ചോദിക്കാനാണോ ഇവനീ ബിൽഡ് അപ്പൊക്കെ കാണിച്ചേ. അലവലാതി, വെറുതേ ഓരോന്ന് ചിന്തിച്ചു കൂട്ടി എനിക്ക് അറ്റാക്ക് വന്നേനെ. പക്ഷെ ഇവന് ഞാൻ ഈ ചോദ്യത്തിനെന്തു മറുപടി കൊടുക്കും. ശർമിയെ പറ്റി ഇവനെങ്ങനെ അറിയാം. എന്റെ മുഖത്ത് നിന്നു മനസ്സിലുള്ള ചോദ്യങ്ങൾ വായിച്ചെടുത്ത പോലെ ആദി പറഞ്ഞു, ''നീയും ഷബീറും സംസാരിക്കുന്നതു ഞാൻ കേട്ടിരുന്നു. ശർമിയുടെ പേരിലാണ് അവൻ നിന്നെ പേടിപ്പിച്ചു നിർത്തിയതെന്നും മനസ്സിലായി.'' ''അത് പിന്നെ...'' വാക്കുകൾക്കായി ഞാൻ പരതി...

''ഉള്ളിലുള്ള കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ നമ്മുടെ മനസ്സിന് നല്ല സമാധാനം കിട്ടും. പിന്നെ കേട്ട് കഴിഞ്ഞാൽ എനിക്ക് വല്ല പരിഹാരവും തോന്നിയാലോ...'' ആദി പറഞ്ഞു. ഞാൻ അവനെ നോക്കി ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചു. അനുവിനോട് പോലും പറയാത്ത കാര്യം ആദിയോട് പറയാൻ എനിക്ക് എന്തോ ഒരു മടിയും തോന്നിയില്ല. ശർമി ആരായിരുന്നെന്നും ഷബീറിനെയും അവളെയും അന്ന് രാത്രി കണ്ടതും അവനവളെ പറ്റിച്ചതും പിന്നെ അതിന്റെ പേരിൽ ഇന്നും ഷബീർക്കയെന്നെ പേടിപ്പിക്കുന്നതും എല്ലാം ഞാൻ ആദിയോട് വിശദമായി പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@ അവളോട്‌ എന്ത് പറയണമെന്ന് മനസിലായില്ല. കൂട്ടുകാരിയുടെ ജീവിതം തകരാതിരിക്കാൻ തന്റെ ജീവിതം വച്ച് കളിക്കുന്ന ഷഹാനയോടു എനിക്ക് ബഹുമാനം തോന്നി. പറഞ്ഞു തീരുമ്പോഴേക്കും അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു. ''നിങ്ങൾ രണ്ടാളും അന്നേ ഈ കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടാവില്ലായിരുന്നു.

പ്രായത്തിന്റെ അറിവില്ലായ്മയിൽ ചെയ്ത തെറ്റ് ശർമിയുടെ ഭർത്താവും പൊറുത്തെനെ.'' ഞാൻ പറഞ്ഞു. ''പേടി ആയിരുന്നു ഞങ്ങൾക്ക്. ശർമിയുടെ ഉമ്മാക്കൊരിക്കലും താങ്ങാൻ പറ്റുന്ന കാര്യം ആയിരുന്നില്ല അത്. പിന്നെ ഷബീർ ഞങ്ങൾക്കെതിരെ എന്തൊക്കെ പറയുമെന്നുള്ള പേടിയും.'' ഷഹാന സങ്കടത്തോടെ പറഞ്ഞു. ''ഇനി ഒരിക്കലും അവന്റെ മുന്നിൽ പേടിക്കരുത്‌. നമ്മൾ പേടിക്കുന്നു എന്ന് കാണുമ്പോളാണ് ആളുകൾ അതിനെ മുതലെടുക്കാൻ നോക്കുക.'' ഞാൻ പറഞ്ഞു. ''പോട്ടെ ഇനി എന്ത് വന്നാലും ഞാനുണ്ടാകും.. അല്ല ഞങ്ങളുണ്ടാകും..'' എന്റെ വായിന്നു അങ്ങനെ കേട്ടപ്പോ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. "നിങ്ങൾ ഇവിടെ നിക്കുവാണോ??? ഞങ്ങൾ എവിടൊക്കെ നോക്കി. വാ ടീച്ചർമാർ തിരക്കുന്നു. ഭക്ഷണം കഴിച്ചു നേരെ കണ്ണൂരേക്ക് വിടണം..." അജു വന്നു പറഞ്ഞപ്പോ ഞങ്ങൾ അവന്റെ കൂടെ പോയി. @@@@@@@@@@@@@@@@@@@@@@@ ബസ്സിൽ കേറി പിന്നോട്ടേക്കു നടക്കുമ്പോൾ മുമ്പിലെ സീറ്റിൽ ഷാഹിയെ കണ്ടു. എന്നെ കണ്ടപ്പോൾ ഒന്ന് കണ്ണ് കൊണ്ട് പേടിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നിൽ ആദിയെ കണ്ടതും അവൻ മുഖം തിരിച്ചു കളഞ്ഞു. എനിക്ക് ചിരി വന്നു. ''എന്താടീ ഒറ്റയ്ക്ക് ചിരിക്കുന്നേ, വട്ടായോ???''

ആദി ചോദിച്ചു. ''വട്ടു ഇയാളുടെ മറ്റവൾക്കാ..'' ഞാൻ പറഞ്ഞു. ''ആഹാ എന്നോട് മാത്രം നാക്കിനു ഒരു കുറവുമില്ല. ബാക്കിയുള്ളവരുടെ മുന്നിൽ വെള്ളത്തിൽ വീണ പൂച്ചയെ പോലെ ആണല്ലോ... രക്ഷിക്കാൻ ഞാൻ തന്നെ വേണം..'' ആദി ദേഷ്യത്തോടെ പറഞ്ഞു. ''ഓ പിന്നെ എന്നെ നോക്കാൻ എനിക്കറിയാം ഇയാളുടെ സഹായമൊന്നും വേണ്ട.'' ഞാനവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു. ''ആണോ എന്നാ നീ ഇനി''... ''ആദീ ഒന്ന് ഇങ്ങോട്ടു വരുമോ???'' ആദി മുഴുവൻ പറയുന്നതിനു മുന്നേ ആരോ അവനെ വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോ ജീനയാണ്. എനിക്ക് ദേഷ്യം വന്നു. അവനെന്നെ നോക്കി ഒന്ന് ഇളിച്ചു കാട്ടി അവളുടെ അടുത്തേക്ക് പോയി. ഞാൻ പിന്നിൽ പോയി ഒരു സീറ്റിൽ ഇരുന്നു. പ്രണയ ജോഡികൾ എല്ലാം അവർക്കു വേണ്ടി ആദ്യമേ സീറ്റ് പിടിച്ചിരുന്നു, കൂടെ എനിക്കും ആദിക്കും വേണ്ടി അവർക്കിടയിലെ സീറ്റ് പിടിച്ചു വച്ചിരുന്നു. ''ആദി എവിടെ???'' അനന്ദു ചോദിച്ചു. ''ആ എനിക്കറിയില്ല.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''ഓ പിന്നേം അടിയാക്കിയോ??? നിങ്ങൾക്കിതന്നെ ആണോ പണി.'' അനു പറഞ്ഞ കേട്ട് എല്ലാരും ചിരിച്ചു.

ബസ് പോവാൻ തുടങ്ങി. ഞാൻ ഒന്ന് തല പൊക്കി നോക്കിയപ്പോ ആദി ജീനേടെ അടുത്ത് ഇരിക്കുന്നത് കണ്ടു. രണ്ടും കൂടി നല്ല കത്തി വെപ്പാണ്. ഇടയ്ക്കു ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോ ആദി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാനവനെ മൈൻഡ് ചെയ്തില്ല. അവൻ തിരിച്ചും. ഉള്ളിൽ എന്തോ സങ്കടം പോലെ തോന്നിയെങ്കിലും പുറത്തു കാണിച്ചില്ല. തിരിച്ചു ബസ്സിൽ കേറിയപ്പോളും ആദി ജീനയുടെ അടുത്ത് തന്നെ പോയി ഇരുന്നു. നല്ല സംസാരവും ചിരിയും ആയിരുന്നു. എന്താണാവോ ഇത്ര മാത്രം ചിരിക്കാൻ.. വല്ല ലാഫിങ് ഗ്യാസും മണപ്പിച്ചോ രണ്ടും... എന്നോട് മാത്രം എപ്പോളും അടി. അവളോടൊക്കെ എന്താ സംസാരം.. എനിക്ക് ദേഷ്യം വന്നു. ഞാൻ ഇയർഫോൺ എടുത്തു ചെവിയിൽ വച്ച് പാട്ടും കേട്ട് കിടന്നു. കുറച്ചു കഴിഞ്ഞു ബസ് ഒരു തട്ടുകടയുടെ മുന്നിൽ നിറുത്തിയപ്പോൾ ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു. നോക്കിയപ്പോ രണ്ടു മണി. തോളിൽ ഒരു കൈ കണ്ടപ്പോ ഞാൻ അടുത്തിരിക്കുന്ന ആളെ നോക്കി. ആദി, ഇവൻ എപ്പോ ഇവിടെ വന്നിരുന്നു. മുന്നത്തെ പോലെ തന്നെ ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചിരിക്കുന്നു എന്റെ തല ഇടിക്കാതിരിക്കാനായി.

ആദ്യം ദേഷ്യം വന്നെങ്കിലും അവന്റെ ആ വായ തുറന്നുള്ള ഉറക്കം കണ്ടപ്പോ ചിരി വന്നു. മെല്ലെ അനങ്ങാതെ മൊബൈൽ എടുത്തു ഒരു ഫോട്ടോ എടുത്തു. എന്നിട്ടു വായ അടച്ചു കൊടുത്തു. അപ്പൊ തന്നെ തുറന്നു. പിന്നേം അടച്ചു. ഇല്ല രണ്ടു സെക്കൻഡ് ആയപ്പോ തന്നെ പിന്നേം തുറന്നു. അത് കണ്ടപ്പോ ഉറങ്ങിക്കോട്ടേന്നു വിചാരിച്ചു കൈ എടുത്തു മാറ്റാൻ നോക്കി. പക്ഷെ അവനെന്നെ വിട്ടില്ല. ഞാൻ വിടുവിക്കാൻ നോക്കും തോറും പിടി കൂടുതൽ മുറുകി. പിന്നെ എപ്പോഴോ ഞാനും ഉറക്കിലേക്കു വഴുതി വീണു. @@@@@@@@@@@@@@@@@@@@@@@ ആറു മണി ആയപ്പൊളേക്കും ഞങ്ങൾ കണ്ണൂർ എത്തി. ഞാൻ കണ്ണ് തുറന്നു ഷഹാനയെ നോക്കി. തോളിൽ കിടത്തിയ ആളിപ്പോ എന്റെ നെഞ്ചിൽ കിടന്നു ഒരു കൈ കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു നല്ല ഉറക്കമാണ്. ആ മുഖം കണ്ടപ്പോ പാവം തോന്നി. എന്തൊക്കെ അനുഭവിച്ചു ഈ പെണ്ണ്. എന്നിട്ടും മുഖത്തെ ആ ചിരി അങ്ങനെ തന്നെ വച്ച് എല്ലാരേം ചിരിപ്പിക്കുന്നു. അവളുടെ പാറിപ്പറക്കുന്ന മുടി ഞാൻ മെല്ലെ മുഖത്ത് നിന്നും മാറ്റി.

പെട്ടെന്നവൾ കണ്ണ് തുറന്നു. എന്നെ കണ്ടതും മുഖത്ത് ദേഷ്യം വന്നു. എന്നെ തള്ളി കൈ എടുത്തു മാറ്റി പുറത്തേക്കു നോക്കി ഇരുന്നു. എനിക്ക് ചിരി വന്നു. ജീനയോടു സംസാരിച്ചതിന്റെ ദേഷ്യമാണ്. പത്തു മിനിറ്റിനുള്ളിൽ കോളേജ് എത്തി എല്ലാരും ബാഗ് ഒക്കെ എടുത്തു മുറികളിലേക്ക് പോയി. ഷഹാന ബാഗ് എടുക്കാൻ പാട് പെടുന്നത് കണ്ടു ഞാൻ സഹായിക്കാൻ നോക്കി. എനിക്ക് വയറ്റിലൊരു കുത്തും തന്നു പെണ്ണ് ബാഗും കൊണ്ട് പോയി. മുഖം കടന്നാല് കുത്തിയ പോലെ തന്നെ ഇരുന്നു. ഞാൻ റൂമിലേക്ക് നടന്നു. സുബഹി നിസ്കരിച്ചു കഴിഞ്ഞു കിടന്നുറങ്ങി. ആരോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ഉറക്ക് ഞെട്ടിയേ.. ജിത്തു ആരോടോ ഫോണിൽ സംസാരിക്കുകായിരുന്നു. കുളിച്ചു ഡ്രെസ്സൊക്കെ മാറീട്ടുണ്ട് അവൻ. ഇവന് ഉറക്കം ഒന്നുമില്ലേ എന്നും വിചാരിച്ചു മൊബൈൽ എടുത്തു. നോക്കുമ്പോൾ സമയം പതിനൊന്നു മണി. അജുവും അനന്ദുവും നല്ല ഉറക്കമാണ്. വിളിച്ചിട്ടു ഒരനക്കവും ഇല്ല. ഞാൻ വേഗം എണീറ്റ് ജിത്തുവിനോടൊരു ഗുഡ് മോർണിംഗും പറഞ്ഞു, മുണ്ടും ബ്രൂഷുമൊക്കെ എടുത്തു ബാത്റൂമിലേക്കു നടന്നു. അധികം ആരും എണീറ്റിട്ടില്ല. പുറത്തിറങ്ങി ഒന്ന് മൂരിനിവർന്നു കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story