കോളേജ് ബസ് : ഭാഗം 34

College bus

രചന: റിഷാന നഫ്‌സൽ

മുന്നിൽ കണ്ട കാഴ്ച എന്റെ കണ്ണിലൂടെ നെഞ്ചിലേക്കാണ് പതിഞ്ഞത്. അവൾ, ഷഹാന കുളി കഴിഞ്ഞിറങ്ങി ഒരു തോർത്ത് കൊണ്ട് മുടി ഉണക്കുന്നു. തൂവെള്ള ചുരിദാറിൽ പെണ്ണിന് മൊഞ്ചു കൂടീട്ടുണ്ട്. അവളുടെ മുടി നീണ്ടു ഇടതൂർന്നു കിടക്കുന്നു. ഇവളുടെ നൂഡിൽസ് എവിടെ പോയി എന്ന് ഞാൻ അത്ഭുതപ്പെട്ടു. ആദ്യമായിട്ടാണ് സോഡാ കുപ്പീം നൂഡിൽസും ഇല്ലാത്ത ഷഹാനയെ ഞാൻ കാണുന്നത്. ഞങ്ങടെ ബാത്‌റൂം വരാന്തയുടെ അറ്റത്താണ്. അവരുടേത് നടുക്കും. നടന്നു അവളുടെ പിന്നിലെത്തി ഞാൻ നിന്നു. മുടിയിൽ നിന്നും ഇട്ടു വീഴുന്ന തുള്ളികൾ അവളുടെ കഴുത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തു. "എന്താടീ മുടി ഉണക്കുന്ന സ്ഥലമാണോ ഇത്." പെട്ടെന്നെന്റെ ശബ്ദം കേട്ടത് കൊണ്ടാവണം അവൾ പേടിച്ചു നെഞ്ചിൽ കൈ വച്ചു. "ഹോ, ഇയാൾക്കൊന്നു മെല്ലെ പറഞ്ഞൂടെ?? ഞാൻ പേടിച്ചു പോയല്ലോ..." അവൾ രണ്ടു കൈ കൊണ്ടും എന്നെ അടിച്ചു. "ടീ വേദനിക്കുന്നു." ഞാൻ അവളെ കൈ രണ്ടും പിടിച്ചു വച്ചു. ഇവിടെ നിന്നാണോ ഇതൊക്കെ ചെയ്യാ...

റൂമിൽ പോയി ആയിക്കൂടെ ഈ കലാപരിപാടികളൊക്കെ.." അവളെ അങ്ങനെ ആരും കണ്ടു ആസ്വദിക്കണ്ടാ എന്നൊരു ചിന്ത വന്നു എന്റെ മനസ്സിൽ. "ഞാൻ എന്ത് എവിടെ നിന്നു ചെയ്താലും ഇയാൾക്കെന്താ." പെണ്ണിന്റെ മുഖം പെട്ടെന്ന് മാറി. ജീനയോടു സംസാരിച്ചതിന്റെ ദേഷ്യം മാറിയിട്ടില്ലെന്നു മനസ്സിലായി. "ഓ അങ്ങനെ വേണ്ട. ഇവിടുന്നു എല്ലാരും കാണില്ലേ." ഞാൻ ദേഷ്യത്തോടെ പറഞ്ഞു. "അതിനു ഇയാൾക്കെന്താ?? ഇയാൾ പോയി അവൾ എണീറ്റോന്നു നോക്ക്. എണീറ്റെങ്കിൽ കൊണ്ട് പോയി കുളിപ്പിച്ച് മാമ്മൂട്ടാൻ നോക്ക്." അവൾ ദേഷ്യത്തോടെ പറഞ്ഞു കൈ വിടുവിക്കാൻ നോക്കി. ഞാൻ അവളുടെ കൈ രണ്ടും ഒന്നമർത്തി എന്നിലേക്ക്‌ വലിച്ചടുപ്പിച്ചു. പെണ്ണൊന്നു ഞെട്ടി പിന്നോട്ടു മാറാൻ നോക്കി എങ്കിലും ഞാൻ വിട്ടില്ല. "ആദീ വിട് പ്ലീസ്..." അവൾ പറഞ്ഞു. "ഇല്ലെങ്കി..." ഞാൻ അവളുടെ കണ്ണിലേക്കു തന്നെ നോക്കി അവളെ എന്നിലേക്ക്‌ കൂടുതൽ അടുപ്പിച്ചു. പെണ്ണിന്റെ മുഖം ചുവന്നു തുടുക്കുന്നതും ഹൃദയമിടിപ്പ് കൂടുന്നതും ഞാൻ അറിഞ്ഞു.

കൂടെ എന്റെ ഹൃദയമിടിപ്പും കൂടി വന്നു. "റൂമിൽ അനുവും നീനുവും ഉറക്കമാണ്. ശ്രീ ബാത്റൂമിൽ ഉണ്ട്. അവളെയും കാത്തു നിന്നതാ. പിന്നെ അധികമാരും എണീറ്റിട്ടില്ലാ.. അതോണ്ടാ ഞാൻ ഇവിടെ നിന്നു മുടി..." ഷഹാനയ്ക്കു നാണം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അവളുടെ മുടിയിൽ നിന്നും അപ്പോഴും വെള്ളം ഇട്ടി വീഴുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകളിൽ നിന്നും എന്റെ ചുണ്ടുകൾക്ക് അധിക ദൂരം ഉണ്ടായിരുന്നില്ല. "ഷഹനാ..." പെട്ടെന്നുള്ള ശ്രീയുടെ വിളിയിൽ ഞാനൊന്നു പതറി അവളുടെ കൈ വിട്ടു. "നീ അവിടെ ഇല്ലേ??? എന്റെ ടവൽ നിലത്തു വീണു പോയി. വേറൊരെണ്ണം റൂമിൽ നിന്നും കൊണ്ട് തരാമോ???" ഷഹനാ എന്റെ മുഖത്തേക്ക് നോക്കി.. "ഇപ്പൊ കൊണ്ട് വരാം" എന്നും പറഞ്ഞു അവിടുന്ന് റൂമിലേക്ക് ഓടി.. ഞാനവൾ പോവുന്നതും നോക്കി അവിടെ നിന്നു. പിന്നെ ബാത്റൂമിലേക്കു നടന്നു. എന്താ അവളോട് മാത്രം ഇങ്ങനെ. ഇന്നലെ ജീനയുടെ അടുത്തിരുന്നപ്പോൾ എന്തോ വല്ലായ്മയാണ് തോന്നിയെ. എങ്ങനേലും എണീറ്റ് പോയാൽ മതി എന്ന ചിന്ത. ജിത്തു പറഞ്ഞത് ശരിയാണോ..

ഇനി അവളോടെനിക്ക് വല്ലതും ഉണ്ടോ... ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കുളിക്കാൻ തുടങ്ങി. @@@@@@@@@@@@@@@@@@@@@@@ ആദ്യായിട്ടാ എന്റെ മുഖം ഇത്രയും ചുവന്നു തുടുത്തിരിക്കുന്നെ... ആദി എന്റെ കൈ പിടിച്ചപ്പോ എന്താ ഞാൻ അവനെ തള്ളി മാറ്റാതിരുന്നേ.. ഒരു നൂറായിരം ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. എന്റെ മുഖത്തെ പുഞ്ചിരി അപ്പോഴും മാഞ്ഞു പോയിട്ടില്ലായിരുന്നു. വീണ്ടും മുണ്ടെടുത്തു ഞാൻ മുടി തുവർത്തി കൊണ്ടിരുന്നു. ഏതോ സ്വപ്ന ലോകത്തു എത്തിപ്പെട്ട പോലെ തോന്നി എനിക്ക്. പെട്ടെന്ന് എന്റെ ഫോൺ അടിച്ചു. സ്‌ക്രീനിൽ ശ്രീ എന്ന് തെളിഞ്ഞപ്പോളാണ് ഞാൻ അവളുടെ കാര്യം ഓർത്തെ. വേഗം ഒരു ടവെല്ലും എടുത്തു ഓടി. "ഷഹനാ എത്ര നേരമായി ഞാൻ കാത്തു നിക്കുന്നു." ശ്രീ ദേഷ്യത്തോടെ പറഞ്ഞു. "സോറിടാ..." എന്നും പറഞ്ഞു ടവെല്ലും കൊടുത്തു ഞാൻ മാറി നിന്നു ചിരിച്ചു. അഞ്ചു മിനിറ്റു കഴിന്നപ്പോ ശ്രീ ഇറങ്ങി വന്നു എനിക്കൊരു അടി തന്നു. ഞങ്ങൾ ചിരിച്ചോണ്ട് നടന്നു... ഭക്ഷണം കഴിക്കാൻ പോയപ്പോ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു..

അനുവും നീനുവും ഉറങ്ങി എണീറ്റതെ ഉള്ളു. അവർ റെഡി ആയി വന്നോളാമെന്നും പറഞ്ഞു ഞങ്ങളെ ഉന്തി തള്ളി വിട്ടതാണ്. ''ശ്രീ'' വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോ ജിത്തുവായിരുന്നു. കൂടെ ആദിയും. ഞങ്ങൾ ഭക്ഷണമെടുത്തു അവിടേക്കു പോയി ഇരുന്നു. കഴിക്കുന്നതിനിടയിൽ ഒന്ന് വെറുതേ തല പൊക്കി നോക്കിയപ്പോ ആദി ഒരു കള്ളച്ചിരിയും ചുണ്ടിൽ ഫിറ്റു ചെയ്തു എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു. ഞാൻ വേഗം താഴേക്ക് തന്നെ നോക്കി. @@@@@@@@@@@@@@@@@@@@@@@ ഇവളുടെ ഈ ഇരിപ്പു കാണാൻ തന്നെ നല്ല രസമുണ്ട്. പെണ്ണിന് പിന്നേം നാണം കൊണ്ട് കവിൾ ചുവന്നിട്ടുണ്ട്.. ഞാൻ അവളേം നോക്കി ഇരുന്നു. ഷഹനയാണെങ്കി തല പൊക്കി നോക്കുന്നേ ഇല്ല... "എന്ത് പറ്റി.. മൊത്തത്തിൽ ഒരു സൈലെൻസ്.. രണ്ടാളും പിന്നേം അടി ആയോ??" ജിത്തു ചോദിച്ചു. "അങ്ങനൊന്നുമില്ല." ഞാനും ഷഹനായും ഒരുമിച്ചു പറഞ്ഞു. ജിത്തുവും ശ്രീയും അത്ഭുതത്തോടെ ഞങ്ങളെ നോക്കി. ഞങ്ങൾ അവരെ നോക്കി ഒന്ന് ഇളിച്ചു. എന്തോ കള്ളത്തരമുണ്ടെന്നു ഞങ്ങടെ മുഖത്തെഴുതി വച്ചിരുന്നു.

"സത്യം പറ രണ്ടും കേറി കൊളുത്തിയോ.." എന്ന ജിത്തുവിന്റെ ചോദ്യം കേട്ടതും വെള്ളം കുടിച്ചോണ്ടിരുന്ന ഷഹാന അത് മണ്ടേൽ കേറി, എന്റെ മേലേക്ക് തുപ്പി. എല്ലാരും ചിരിച്ചു. അവൾ ചുമക്കുന്നതിനിടയിൽ "സോറി" പറയുന്നുണ്ടായിരുന്നു.. ഒപ്പം ചിരിക്കേം ചെയ്യുന്നു. എനിക്കതു കണ്ടപ്പോ ദേഷ്യം വന്നു. "കൊളുത്താനോ?? അതും ഇവളുമായി അതിലും നല്ലതു ചാകുന്നതാ.." ഞാനതു പറഞ്ഞപ്പോ അവളുടെ മുഖത്തെ ചിരി മാഞ്ഞു. "അയ്യടാ മോന്ത കണ്ടാലും മതി കൊളുത്താൻ പറ്റിയ ഒരു സാധനം." അവളും വിട്ടില്ല. "ഈശ്വരാ ഞാൻ വെടിക്കെട്ടിനാണോ തിരി കൊളുത്തിയേ.." ജിത്തു പറയുന്ന കേട്ടപ്പോ അവന്റെ വയറ്റിലൊരു ഇടി കൊടുത്തു. "എന്താടീ എന്റെ മുഖത്തിനൊരു കുറവ്. എന്തായാലും നിന്റെ സോഡാ കുപ്പി വച്ച ആ ചളിഞ്ഞ കുടം പോലത്തെ മുഖത്തേക്കാൾ നല്ലതാ." ഞാനും ദേഷ്യത്തോടെ പറഞ്ഞു.

"ചളിഞ്ഞ കുടം ഇയാളുടെ മറ്റവൾക്കാ.." അവൾ ദേഷ്യം കൊണ്ട് സ്റ്റീൽ ഗ്ലാസ് എടുത്തു എന്നെ എറിയാൻ പോയി. ശ്രീ അവളുടെ കൈ പിടിച്ചു വച്ച്. "എറിയെടീ ഞാനൊന്ന് കാണ..." എന്നെ മുഴുമിപ്പിക്കാൻ വിടാതെ ജിത്തു എന്റെ വാ പൊത്തി. "മിണ്ടാതിരിയെടാ.. സ്റ്റീൽ ഗ്ലാസ് കൊണ്ടാൽ തല പൊട്ടും.." അപ്പോഴേക്കും അനുവും അനന്ദുവും എത്തി, പിന്നാലെ നീനുവും അജുവും. "എന്താ ഇവിടെ??? വേൾഡ് വാർ ആണോ???" അജു ചോദിച്ചു. "അല്ലെടാ ഒരു ആറ്റം ബോംബ് പൊട്ടാൻ നിക്കുവാ..." ഞാൻ ഷഹാനയെ നോക്കി കൊണ്ട് അവരോടു പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു. "ആറ്റം ബോംബ് ഇയാളുടെ..." എന്ന് അവൾ പറയുമ്പോളേക്കും ഒരാൾ വന്നു എന്റെ കയ്യിൽ പിടിച്ചു, ജീന. "എന്തിനാ ആദീ ഇത് പോലുള്ളവരോടൊക്കെ സംസാരിക്കുന്നേ.. വന്നേ.. എനിക്കൊരു കാര്യം പറയാനുണ്ട്..." എന്നും പറഞ്ഞു അവളെന്റെ കയ്യിൽ പിടിച്ചു പുറത്തേക്കു നടന്നു. തിരിഞ്ഞു നോക്കിയപ്പോ ഷഹനാന്റെ കണ്ണിൽ ഞാൻ കണ്ടു എന്നെ ഭസ്മം ആക്കാനുള്ള തീ ആളിക്കത്തുന്നത്.

അടുത്തിരുന്ന സ്പൂൺ അവളുടെ കയ്യിൽ കിടന്നു ചളുങ്ങി. @@@@@@@@@@@@@@@@@@@@@@@ "എന്നാലും ജീനക്കെന്താ ആദിയോട് പറയാനുള്ളത്????" നീനു ചോദി്ചപ്പോ എനിക്ക് ദേഷ്യം വന്നു. "അതെനിക്കെങ്ങനെ അറിയാം.." "എനിക്ക് തോന്നുന്നത് അവർ തമ്മിൽ എന്തോ ഉണ്ടെന്നാണ്. അല്ലെങ്കിൽ അവളവന്റെ കയ്യിൽ പിടിച്ചു നമ്മളെ മുമ്പിൽ നിന്നും പോവോ..." അനു പറഞ്ഞ കേട്ടപ്പോ എനിക്ക് തല പെരുത്തു. "ഒന്ന് മിണ്ടാതെ ഡ്രസ്സ് പാക്ക് ചെയ്യ്. ബസ്സിപ്പോ വരും." ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ക്യാമ്പ് തീർന്നു തിരിച്ചു പോവാൻ ആർക്കും മനസ്സില്ലായിരുന്നു. അത്രയും അടിച്ചു പൊളിച്ച ദിവസങ്ങൾ ആയിരുന്നു. ഞങ്ങൾ ബാഗ് ഒക്കെ എടുത്തു പുറത്തേക്കു നടന്നു. ബസ്സിലേക്ക് കയറുമ്പോൾ കണ്ടു അവരൊക്കെ നേരത്തെ എത്തിയിരുന്നു. അനു അനന്ദൂന്റെ അടുത്തേക്കും നീനു അജുവിന്റടുത്തേക്കും പോയി. എല്ലാരുടേം മുഖത്ത് വിഷമം ആയിരുന്നു. ജിത്തുവിന്റെ അടുത്താണ് ആദി ഇരുന്നത്. ശ്രീയെ കണ്ടപ്പോൾ അവൻ എണീറ്റു. ഞാൻ മൈൻഡ് ആക്കാതെ പുറത്തേക്കു നോക്കി ഇരുന്നു. ആദി എന്റടുത്തു തന്നെ വന്നിരുന്നു.

"എന്താടീ നിന്റെ മുഖത്ത് കടന്നല് കുത്തിയോ???" ആദി ചോദിച്ചു. ഞാനവനെ തിരിഞ്ഞു നോക്കിയില്ല. "എന്തെങ്കിലും പറയെടീ, എനിക്ക് ബോറടിക്കുന്നു." അവൻ പിന്നെയും എന്നെ ചോറയാക്കി കൊണ്ടിരുന്നു. "ഒന്ന് മിണ്ടാതിരിക്കോ.. ഇയാൾക്ക് സംസാരിക്കാൻ വേറെ നല്ല ആൾക്കാറുണ്ടല്ലോ...എന്നെ എന്തിനാ എടങ്ങാറാക്കുന്നേ..." ഞാൻ ആദിയെ അടിച്ചു കൊണ്ട് പറഞ്ഞു. "അങ്ങനെ പറയല്ലേ" എന്നും പറഞ്ഞവൻ എന്റെ കവിളിൽ പിടിച്ചു വലിച്ചു. എനിക്ക് ചിരി വന്നു. പിന്നെ എല്ലാരും സന്തോഷത്തോടെ സംസാരിച്ചു പിരിഞ്ഞു. വീട്ടിലെത്തി എല്ലാരോടും വിശേഷങ്ങളൊക്കെ പറഞ്ഞു. ഉമ്മ കണ്ടപാടെ പറഞ്ഞു എന്റെ മോള് ഷീണിച്ചു പോയെന്നു. ഹന്നയുമായി അഞ്ചാറു ദിവസത്തെ അടി ഒറ്റ ദിവസം കൊണ്ടാക്കി ആ കടം തീർത്തു. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കോളേജ് ബസ്സിൽ കേറി പഴയ പോലെ കോളേജിലേക്ക് പോയി.

എല്ലാരുമായി കൂടുതൽ അടുത്തു. പ്രത്ത്യേകിച്ചു ജിത്തുവും ശ്രീയുമായി.. ഞങ്ങളുടെ ടാലെന്റ്റ് ഫെസ്റ്റും അടുത്തു വന്നു. ദിവസങ്ങൾ പോയതറിഞ്ഞില്ല. ഒരു ദിവസം വൈകീട്ട് ബസ്സിൽ കേറിയപ്പോ ആരുടേം മുഖത്ത് തെളിച്ചം കണ്ടില്ല. "എന്ത് പറ്റി എല്ലാരുടേം മുഖത്തൊരു പവർ കട്ട്??? ബില്ലടച്ചില്ലേ..." ഞാൻ ചോദിച്ച കേട്ട് നീനുവും അനുവും ചിരിച്ചു.. പക്ഷെ അനന്ദൂന്റെയും അജുവിന്റേം മുഖത്ത് ചിരി വന്നില്ല. ആദി ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അവർ പറഞ്ഞ കാര്യം കേട്ടപ്പോ ഞങ്ങളുടെ മുഖത്തെ ചിരിയും മാഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story