ദക്ഷ ❣️: ഭാഗം 25

daksha

എഴുത്തുകാരി: മിഴി

വന്നപാടെ ദർശിന്റെ നോട്ടം വീടിന്റെ ഓരോ ഇടങ്ങളിലും അലഞ്ഞുനടന്നു. ദക്ഷയുടെ അമ്മയും അമ്മമ്മയും അനിയനുമെല്ലാം അവിടെ ഉണ്ടായിരുന്നെങ്കിൽ കൂടി അവന്റെ മിഴികൾ അവളെയാണ് തേടിയത്.... അവന്റെ പ്രാണനെ.... കാണാതെയായതും നിരാശ വന്നു മൂടി... അടുക്കള വശത്തുനിന്നും ചെറുതായി തലയിട്ടു നോക്കി വേഗം അകത്തേക്ക് വലിഞ്ഞ ദക്ഷയെ കണ്ടതും ചിരിയോടെ അവളുടെ അമ്മയെ നോക്കി. "ദച്ചൂ.... കുടിക്കാനെന്തേലും എടുത്തേ...." അമ്മ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞതും മിഴികൾ ചിമ്മാതെ അവളെ കാത്തിരുന്നു. രണ്ടോ മൂന്നോ മിനിറ്റുനേരം കഴിഞ്ഞിട്ടും അവളെ കാണാഞ്ഞിട്ടാകും അമ്മ തന്നെ കിച്ചണിലേക്ക് പോയി ജ്യൂസ് കൊണ്ടുവന്നു. ദർശിന് അവളോട് ഒരുകുഞ്ഞു ദേഷ്യം തോന്നാതിരുന്നില്ല... ഇത്രയ്ക്കും മാത്രം ഒളിച്ചു കളി എന്തിനാണെന്ന ചോദ്യമാണ് മനസ്സിൽ വന്നത്....

സംസാരിച്ചുറപ്പിക്കുന്നതിനിടയിൽ അടുക്കളയിൽ നിന്നും ഇറങ്ങി വന്ന ദക്ഷയെ കണ്ടവൻ ഒന്നമ്പരുന്നു. ഇന്നേവരെ കാണാത്ത ഭംഗി അവളിൽ ഉടലെടുത്തത് പോലെ... ഏറെ നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ച ആയതിനാലാവും പലതും സംസാരിക്കുന്ന അമ്മയുടെ പിറകിലായി നിക്കുന്ന പെണ്ണിൽ നിന്നും കണ്ണെടുക്കാനായില്ലവന്. അവളൊന്ന് കണ്ണുരുട്ടിയതും നോട്ടം തെറ്റിച്ച് അമ്മയിലേക്കായി... എങ്കിലും ആരുമറിയാതെ ഇരുവരും പരസ്പരം കണ്ണുകൾ കൊരുത്തുകൊണ്ടിരുന്നു. ഇത് കൃത്യമായി ആര് കണ്ടില്ലെങ്കിലും അനിയൻ കണ്ടു. "ഓഹ് ഇവനിതെന്തോന്നാ.... " ഇഷ്ട്ടപെടാത്തതു പോലെ അനിയൻ മുഖം മാറ്റി. രണ്ടുവർഷം കഴിഞ്ഞ് അച്ഛനെ കണ്ട് സംസാരിക്കാമെന്ന ഉറപ്പോടെ ഊണും കഴിച്ച് ദർഷും കൂടെയുണ്ടായിരുന്ന ബന്ധുവും ഇറങ്ങി.

വീടിന്റെ മുറ്റത്തേക്കിറങ്ങി അമ്മയും ആ ബന്ധുവും എന്തൊക്കെയോ കുടുംബ കാര്യങ്ങൾ പരസ്പരം സംസാരിക്കുന്ന തിരക്കിലാണ്. മറ്റൊരു സൈഡിലായി ബൈക്കിൽ ചാരി നിൽക്കുന്ന ദർഷിനെ കാണാൻ അകത്തുനിന്നും അവൻ നിൽക്കുന്നതിന് നേരെയുള്ള മുറിയിലെ ജനലിലൂടെ ദക്ഷ എത്തി നോക്കി. "ശൂ...ശൂ.." മറ്റെങ്ങോ നോക്കിനിന്നവൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതും കള്ളചിരിയോടെ നിൽക്കുന്ന പെണ്ണിനെ കണ്ണെടുക്കാതെ നോക്കി നിന്നു.' എന്നെ ഇഷ്ട്ടായോ 'എന്ന് ആംഗ്യഭാഷയിൽ ചിരിയോടെ ദക്ഷ ചോദിച്ചതും ചിരിയോടെ ഇല്ലെന്നവൻ തലയാട്ടി. "പോടാ..." മുഖം വീർപ്പിച്ചുകൊണ്ടവൾ പറഞ്ഞതും കണ്ണിറുക്കി കാണിച്ചവൻ വീടിന്റെ മുറ്റത്തേക്ക് എത്തി നോക്കി. അവന്റെ കോപ്രായമൊക്കെ കണ്ട് കളിയാക്കി ചിരിക്കുന്ന അമ്മയുടെയും ബന്ധുവിന്റെയും മുഖത്തു നോക്കാനവനായില്ല.

തിരികെ പോകുമ്പോൾ ബൈക്കിനു പിറകിൽ ഇരുന്നു കൊണ്ട് ദക്ഷയോടായി കണ്ണുകൊണ്ട് വിടചൊല്ലുവാനവൻ മറന്നില്ല. അന്നത്തെ രാത്രി അമ്മമ്മയുടെ വീട്ടിലായ കാരണം പിറ്റേന്ന് വീട്ടിലെത്തിയ ശേഷമാണ് വീഡിയോ കാൾ വിളിച്ചത്. "നേരിട്ട് കണ്ടപ്പോ സത്യായിട്ടും ഞാൻ ഞെട്ടിപോയിട്ടോ.... നീയിപ്പോ ഒന്നും കഴിക്കില്ലേ... ഉണങ്ങി ഒരു കോലമായി... ഇനി ഉണങ്ങിയാലുണ്ടല്ലോ നിന്നെ ഞാൻ കളഞ്ഞിട്ട് പോകുമേ... നമ്മള് പൊളിയാല്ലേ... പരസ്പരം മനസ്സിലാക്കി സ്നേഹിച്ചു തുടങ്ങിയ ശേഷമാ നേരിൽ കണ്ടത്... ഇപ്പൊ മൂന്നാമത് കണ്ടപ്പോ പെണ്ണുകാണലും കഴിഞ്ഞു... പക്ഷെ അച്ഛൻ സമ്മതിക്കോ ഇനി... പാവം എത്ര കഷ്ടപ്പെട്ട നിന്നെ നോക്കിയേ... അച്ഛന്റെ സമ്മതമില്ലാതെ നമുക്ക് ഒരു ജീവിതം വേണ്ടാട്ടോ.... "

"മ്മ്.... അപ്പൊ അച്ഛൻ സമ്മതിച്ചില്ലെങ്കിൽ നമ്മള് പിരിയോ...." ഉള്ളിലെ സംശയം തുറന്നവൾ ചോദിച്ചതും ഒരല്പനേരം മൗനമായി ഇരുന്നു. "ഞാൻ വന്ന് നിന്റച്ഛന്റെ കാലിൽ വീഴും... വേണേൽ നിരാഹാരവും കിടക്കും... എന്നാലും നിന്നെ വിട്ട് കളയൂല... നീയിനി വേറൊരുത്തന്റെ ജീവിതം കൂടി തകർക്കുന്നത് കാണാൻ വയ്യേ...." ****** "ദച്ചൂ.... റെഡി ആയോ നീയ്... വേഗം വാ... ഹോസ്പിറ്റലിൽ പോയിട്ട് വേണം എനിക്ക് ഓഫീസിൽ പോവാൻ...." "ദാ എത്തി..." അവളെത്തിയതും ഇരുവരും ഹോസ്പിറ്റലിലേക്ക് തിരിച്ചു. "ഏട്ടാ അതേയ്... രണ്ടീസായിട്ട് എനിക്ക് മനമ്പുരട്ടലും ഓക്കാനവുമൊക്കെ ഇണ്ടാരുന്നു... ടെസ്റ്റ് ചെയ്തിട്ട് ഹോസ്പിറ്റലിൽ കാണിച്ച മതിയാരുന്നു... ചിലപ്പോ ഉണ്ടെങ്കിലോ..." യാത്രയ്ക്കിടയിൽ ഉദരത്തിൽ കൈകളമർത്തിയവൾ ചോദിച്ചതും അവന്റെ ചുണ്ടിൽ പ്രതീക്ഷയില്ലാത്ത നിസ്സഹായമായ ചിരി വിരിഞ്ഞു. "ഇതുപോലെ മുൻപും ഉണ്ടായിട്ടുള്ളതല്ലേ.... പ്രതീക്ഷിച്ച് ടെസ്റ്റ് ചെയ്യുമ്പോ നെഗറ്റീവ്... വീണ്ടും എന്തിനാ ഇനി... എന്തായാലും ഹോസ്പിറ്റലിൽ കാണിക്കാം... "

അതിനുമറുപടിയൊന്നും പറയാൻ നിന്നില്ലവൾ... ആകെ അസ്വസ്ഥമായിരുന്നു മനസ്സും ശരീരവും... കുഴപ്പമൊന്നും കാണരുതേ എന്ന പ്രാർത്ഥനയോടെ ദക്ഷ സീറ്റിലേക്ക് തലചായ്ച്ചു കണ്ണുകളടച്ചിരുന്നു... "ഡീ... വാ ഇറങ്..." ഹോസ്പിറ്റലിനു മുന്നിലെത്തിയതും ദർശ് അവളെ തട്ടിയുണർത്തി ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ദക്ഷയ്ക്കാകെ എന്തോ വയ്യായ്ക തോന്നി. ഡോർ തുറക്കാതെയിരിക്കുന്നവളെ കണ്ടതും ദേഷ്യത്തോടെ വന്നവൻ ഡോർ വലിച്ചു തുറന്നു... "നിനക്കെന്താ ഇത്രയ്ക്കും താമസം ഇറങ്ങാൻ... വേഗം വാ... നമ്മുടെ സൗകര്യം നോക്കി ഡോക്ടേർസ് അവിടെ ഇരിക്കില്ല... " ശബ്ദം താഴ്ത്തിഗൗരത്തിൽ പറഞ്ഞതും വയ്യെങ്കിൽ കൂടി എങ്ങനെയൊക്കെയോ ഇറങ്ങി ഡോർ അടച്ചു. മുന്നിലേക്ക് നടക്കാനൊരുങ്ങിയ ദർശിന്റെ കൈയ്യിലായി പിടിവീണതും കാലുകൾ നിഛലമാക്കി തിരിഞ്ഞുനോക്കി.

അവളിൽ മാറി മറിയുന്ന ഭാവം കണ്ട് പേടിച്ചവൻ അവളെ ചേർത്തുപിടിച്ചതും ദക്ഷ അവന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു. പാതിബോധത്തിലും കൂമ്പിയടയുന്ന കണ്ണുകളവൾ വലിച്ചുതുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു... "ദച്ചൂ.... ഡീ... എന്താ പറ്റിയേ...." "തല ക...കറങ്ങുന്നു..." അവന്റെ നെഞ്ചിലായി തളർച്ചയോടെയവൾ ചാഞ്ഞു... "വാ... ആദ്യം ഏതേലും ഡോക്ടറെ കാണിക്കാം... " അവളെ താങ്ങിപിടിച്ചുകൊണ്ട് അകത്തേക്ക് കയറുമ്പോൾ ചുറ്റുമുള്ളവരുടെ നോട്ടമവൻ അവഗണിച്ചു. "ഡോക്ടർ ഇവിടെ വരുന്നത് വരെ കുഴപ്പമൊന്നുമില്ലാരുന്നു... കാറിൽ നിനമിറങ്ങിയപ്പോ പെട്ടെന്ന് തലചുറ്റി വീണു.... " "ഓക്കേ... ഞാനൊന്നു നോക്കട്ടെ... ഇയാള് പുറത്തേക്കിറങ്ങി നിന്നോ... വിളിക്കാം... "

തളർച്ചയോടെ ബെഡിൽ കിടക്കുന്ന പെണ്ണിനെ നോക്കികൊണ്ടവൻ പുറത്തേക്കിറങ്ങി. "ഡോക്ടർ അകത്തേക്ക് വരാൻ പറഞ്ഞു." ഒരൽപ സമയം കഴിഞ്ഞ് നേഴ്‌സ് വന്ന് വിളിച്ചതും ദർശ് അകത്തേക്ക് കയറിച്ചെന്നു. ദക്ഷ അപ്പോഴും കണ്ണുകളടച്ചു കിടപ്പാണ്... കൈയ്യിൽ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്. "ഡോക്ടർ... അവൾക്കെന്താ പറ്റിയെ... " "അതുപറയുന്നതിനു മുൻപ് ഒന്ന് ചോദിക്കട്ടെ... ഹോസ്പിറ്റലിൽ വന്നപ്പോഴല്ലേ ദക്ഷ തലചുറ്റി വീണത്... എന്തിനാ വന്നേ ഇവിടെ, ആരെയെങ്കിലും കാണാൻ വന്നതാണോ അതോ ഏതെങ്കിലും ഡോക്ടേർസിനെ കാണാൻ വന്നതാണോ... " "അത്... ഞങ്ങള് ഒരു ഗൈനെക്കോളജിസ്റ്റിനെ കാണാൻ വന്നതാ... കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ രണ്ട് വർഷത്തിനു മേലെ ആയി... ഇതുവരെ ആയിട്ടും കുട്ടികളായില്ല ... അപ്പൊ ഒന്ന് കാണിച്ചു നോക്കാമെന്ന് കരുതി... രണ്ടുപേരിൽ ആർക്കാ കുഴപ്പെന്നറിഞ്ഞു ചികിൽസിക്കാമല്ലോ അപ്പോഴാ ദച്ചു തലചുറ്റി വീണെ..." "എന്തായാലും ഇനി ഗൈനെക്കോളജിസ്റ്റിനെ കാണിച്ചേ പറ്റു... ദക്ഷ പ്രെഗ്നന്റ് ആണ്...

പുള്ളിക്കാരിക്ക് നല്ല ക്ഷീണമുണ്ട്... കുറച്ചു നേരം ഉറങ്ങട്ടെ... അതുകഴിഞ്ഞു ഗൈനെക്കോളജി ഡോക്ടറെ കാണിച്ചിട്ട് പൊക്കോ... " ചെറുചിരിയോടെ പറഞ്ഞുകൊണ്ടവർ പുറത്തേക്ക് നടന്നു. അപ്പോഴും കേട്ടതിലുള്ള നടുക്കത്തിലായിരുന്നവൻ. കാറിൽ വെച്ച് ഉള്ളിലെ സംശയമവൾ പറഞ്ഞത് അവന്റെ കാതുകളിൽ മുഴങ്ങി. കാലുകൾ അവൾക്കടുത്തേക്ക് നീങ്ങി. സ്റ്റൂൾ വലിച്ചിട്ട് അവൾക്കടുത്തായി ഇരുന്നുകൊണ്ടാ നെറുകയിൽ അവന്റെ അധരം പതിപ്പിച്ചു. സന്തോഷം കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കൈകൾ സാരിയ്ക്ക് മുകളിലൂടെ അവളുടെ ഉദരത്തിൽ പതിയെ തലോടി... "എന്റെ രക്തം.... " മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു. വല്ലാത്ത വാത്സല്യം തന്റെ പ്രാണനോട് തോന്നി അവന്... അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് ഇമചിമ്മാതെ ക്ഷീണിച്ചുറങ്ങുന്നവളെ നോക്കിയിരുന്നു...

ഒരൽപ്പം കഴിഞ്ഞതും പാടുപെട്ടവൾ കണ്ണുതുറന്നു. അരികിൽ പ്രണയവും വാത്സല്യവും കലർത്തി ചിരിയോടെ നോക്കിയിരിക്കുന്നവനെ സംശയ രൂപേണേ നോക്കി. "എനിക്കെന്താ ഏട്ടാ പറ്റിയെ... " ചോദിച്ചിട്ടും മറുപടി നൽകാതെ അവളെത്തന്നെ നോക്കിയിരുന്നു... "ശ്യെടാ... ഏട്ടാ... ഹലോ... എനിക്കെന്താ പറ്റിയതെന്ന് പറയ്.. " മറുപടിയായവൻ അവളുടെ സാരി വയറിൽ നിന്നും വകഞ്ഞുമാറ്റി. അവളെയൊന്ന് നോക്കിയ ശേഷം വയറിലായി ചുണ്ടുകളമർത്തികൊണ്ടവൻ പറഞ്ഞു. "ഇതെന്റെ കുഞ്ഞിന്..." കേട്ടതും ഞെട്ടലോടെ അവനെ ഉറ്റുനോക്കി. അവളുടെ കൈകളും വയറിലേക്ക് നീങ്ങി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story