ദക്ഷാഗ്‌നി: ഭാഗം 42

dakshagni

എഴുത്തുകാരി: നിരഞ്ജന

എന്നോട് ഒരുവാക്ക് പോലും പറയാതെപോയവനോടുള്ള വാശിയും ദേഷ്യവുമായിരുന്നു അവനില്ലാതെ കോട്ടയത്തേക്ക് പോകണം എന്ന് തീരുമാനിക്കാൻ കാരണം... നേരത്തെ പാക്ക് ചെയ്ത കൂട്ടത്തിൽ നിന്ന് അഗ്നിയുടെ സാധനങ്ങൾ മാറ്റി, പാക്ക് ചെയ്തുകൊണ്ടിരുന്നതും താഴെ അഗ്നിയെ കൊണ്ടാക്കിയിട്ട് കാർത്തി വന്നിരുന്നു..... അങ്കിൾ, ഞാൻ അന്നമ്മേടെ കൂടെ കോട്ടയത്തേക്ക് പോകുവാ..... ആന്റി നൽകിയ ചായ കുടിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞത് കേട്ടിട്ടാകണം അങ്കിൾ തല ചരിച്ച് എന്നെ നോക്കിയത്.. മോള് ഒറ്റയ്ക്കോ?? അഗ്നി കൂടെ വന്നിട്ട് പോരെ മോളെ??? വീണ്ടും ആ പേര് കേട്ടപ്പോൾ ഉള്ളംകാലിൽ നിന്ന് ഒരു തരിപ്പ് ദേഹമാസകാലം പടരാൻ തുടങ്ങി.... നേരത്തെ പ്ലാൻ ചെയ്ത യാത്രയല്ലേ അങ്കിളെ? ഞങ്ങൾ കാരണം അന്നമ്മയും നാട്ടിലേക്ക് പോയില്ലല്ലോ.. അഗ്നിയോട് ഞാൻ പറഞ്ഞിട്ടുണ്ട്,അഗ്നി വന്നിട്ട് പിന്നീടൊരു ഡേ ഞങ്ങൾ പൊയ്കോളാം...... ആ പാവങ്ങളോട് കള്ളം പറയാൻ മനസ്സുണ്ടായിട്ടല്ല, പക്ഷെ അവരുടെ തല തിരിഞ്ഞ ഒരു മോൻ കാരണം ഇതല്ല ഇതിനപ്പുറം പറയേണ്ടിവരുമല്ലോ..... ഞാനും വരാം എന്നാൽ, നിന്നെ ഒറ്റയ്ക്ക് വിട്ടെന്ന് അറിഞ്ഞാൽ അത് മതി പിന്നെ ഏട്ടന്......ഹാ ഏട്ടത്തിയമ്മയ്ക്ക് വേണ്ടി വേണേൽ രണ്ട് ദിവസത്തേക്ക് ഞാനെന്റെ പ്രോഗ്രാം ഒക്കെ മാറ്റിവെക്കാം 😌

ഇട്ടിരുന്ന ഷർട്ടിന്റെ കോളർ പിന്നിലേക്ക് അല്പം നീക്കി എന്തോ ഒരു വലിയ കാര്യം ചെയ്തമാതിരി അവൻ പറഞ്ഞത് കേട്ടപ്പോൾ ചൊടിയിൽ ചിരിയൂറി... അയ്യോ വേണ്ടായേ,എനിക്ക് വേണ്ടി എന്റെ കോഴിയനിയൻ ബുദ്ധിമുട്ടണ്ടായെ, ഞങ്ങൾ രണ്ടും തന്നെ പോയ്കോളാം... രണ്ടാൾക്കും ഡ്രൈവിംഗ് അറിയാലോ...... എന്നാലും മോളെ..... ഒരു കുഴപ്പവുമില്ലാ ആന്റി , ചേച്ചിയോട് ചോദിച്ചുനോക്ക് ഞങ്ങൾ ഇടയ്ക്ക് പോകാറുള്ളതാ അല്ലെ ടി ചേച്ചി??? ചേച്ചിയെ നോക്കിയതും അവൾ ആന്റിയെ നോക്കി തലയാട്ടി, അതോടെ എല്ലാരുടെയും മുഖത്ത് ഒരു പ്രകാശം പരന്നു, എങ്കിലും അതിനത്ര വോൾട്ടേജ് പോരാ.... ദേ ശ്രീജാമ്മേ വേണ്ടാട്ടോ, ഞാൻ ധാ പോയി ദേ വരൂലേ... അമ്മേടെ മോൻ എത്തുമ്പോഴേക്കും ഞാനും ഇങ്ങെത്തും, ചിലപ്പോൾ ഞങ്ങൾ രണ്ടാളും ഒന്നിച്ച് വന്നെന്നും ഇരിക്കാം 😁... ആന്റിയെ കെട്ടിപിടിച്ച് കവിളിൽ മെല്ലെ മുത്തി അത് പറഞ്ഞതും സന്തോഷത്തോടെ ആ കവിളുകൾ എന്റെ തലമുടിഇഴകളെ തലോടി....... പിന്നെയങ്ങോട്ട് ദൃതിയായിരുന്നു ഒരുങ്ങി ഇറങ്ങുന്നതിനിടയിൽ പത്തു തവണയെങ്കിലും ആ പെണ്ണ് വിളിച്ചിട്ടുണ്ട്.....

ലോങ്ങ്‌ ട്രിപ്പ്‌ ആയതുകൊണ്ട് ഒരു ലോങ് ടോപ്പായിരുന്നു വേഷം, മുടി പോണിറ്റെയിൽ കെട്ടി കഴുത്തിലൂടെ ഒരു സ്കാർഫും ഇട്ടു, അത്യാവശ്യം നോർമൽ മേക്കപ്പ് ചെയ്ത് വാച്ചും വളയും ഇട്ടു.... കണ്ണാടിയിലേക്ക് ബോക്കിയതും മിഴികളെത്തിയത് ഒഴിഞ്ഞുകിടക്കുന്ന നെറ്റിതടത്തിലായിരുന്നു... സിന്ദൂരചെപ്പിലേക്ക് വിരലുകൾ നീങ്ങിയപ്പോൾ കണ്ണുകൾ പോയത് ഫോണിലേക്കായിരുന്നു.... പോകും മുന്നേ ഒന്ന് വിളിച്ചു പറയാൻ മനസ്സ് പറയുന്നുണ്ട്, പക്ഷെ വാശിയും ഈഗോയും അതിന് സമ്മതിക്കാത്തത് പോലെ.. കല്യാണം കഴിഞ്ഞ് ഇന്നലെവരെ അഗ്നി തൊട്ടുതന്ന സിന്ദൂരം ഇന്ന് തനിയെ ഇടുമ്പോൾ പിൻ കഴുത്തിൽ അവന്റെ ശ്വാസമടിക്കുന്നത് പോലെ... അഗ്നി, ഈ ചെറിയനാൾക്കുള്ളിൽ അവന്റെ ഓർമകളില്ലാതെ ഒരു നിമിഷവുമില്ലാതായിരിക്കുന്നു... അത്രമേൽ പ്രണയത്തോടെ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് സിന്ദൂരം തൊട്ടു... ഹാൻഡ് ബാഗിൽ അത്യവശ്യ സാധനങ്ങൾ എടുത്ത് വെച്ചു, പാക്ക് ചെയ്ത ക്യാരിയർ ബാഗുമായി ആ റൂം വിട്ട് ഇറങ്ങാൻ നിൽക്കേ ഒരിക്കൽ കൂടി ആ മുറി ഒന്നുനോക്കി...എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നതുപോലെ....

ഒരു തവണയെങ്കിലും എന്നെയൊന്നു വിളിച്ചൂടെ അഗ്നി????? വാൾപേപ്പറിലെ കല്യാണഫോട്ടോയിലേക്ക് നോക്കി പിറുപിറുത്തു... കെട്ടിയോൻ എങ്ങോട്ടേലും പോകാൻ നിൽകുവാ അല്ലേടി അഴിഞ്ഞാടാൻ പോകാൻ..!!!! പിന്നിൽ നിന്നും ആ ശബ്ദം കേട്ടതും ദേഷ്യത്തോടെ തിരിഞ്ഞുനോക്കി, കോപ്പ് ഇവളെ ആരാ ഇങ്ങോട്ട് കെട്ടിയെടുത്തെ?? രാവിലെ മനുഷ്യനെ മെനക്കെടുത്താൻ...!!!! നീ എന്തുവാടി കിടന്ന് പിറുപിറുക്കുന്നെ??? ഓ, നിന്റെ കള്ളകളി ഞാൻ കണ്ട് പിടിച്ചതിന്റെ ദേഷ്യമായിരിക്കും അല്ലേടി??? ക്രൂരത നിറഞ്ഞ കണ്ണുകൾ വിടർത്തി, പുച്ഛഭാവത്തോടെ അവൾ പറയുന്നത് കേട്ടപ്പോൾ ദേഷ്യം കൊണ്ട് എന്റെ പല്ലിറുമ്മുന്നുണ്ടായിരുന്നു.... അഗ്നിയെ കാണാൻ വന്നപ്പോഴാ ആന്റി പറഞ്ഞത് അഗ്നി രാവിലെ പോയെന്നും ദച്ചു എങ്ങോട്ടോ പോകാൻ പോണു ന്നും എങ്ങോട്ടാ തമ്പുരാട്ടിയുടെ പോക്ക്?? ഞാൻ അന്നമ്മേടെ കൂടെ കോട്ടയത്തേക്ക് പോണു... അമർഷത്തോടെ അതിനുത്തരം കൊടുത്തതും ഇര കാത്ത് കിടന്ന കുറുക്കന്റെ കൗശലതയോടെ അവളെന്നെ നോക്കി... ആഹാ ആ എരണംകെട്ടവളുടെ കൂടെയാണോ??

ഏത് ആണുങ്ങളെ വളയ്ക്കാനാ പോണേ രണ്ടും കൂടി പോണേ??? അതോ ഇനി ആണുങ്ങളെയും കൊണ്ടാണോ പോകുന്നത്, അല്ല രണ്ട് ഡേ കഴിഞ്ഞേ വരുള്ളൂ ന്നൊക്കെ കേട്ടു... പാവം അഗ്നി, അവന്റെ ഭാര്യയുടെ സ്വഭാവഗുണങ്ങൾ അറിയുന്നുണ്ടോ ആവോ???? എസ്‌ക്യൂസ്മി?? നീ എന്താ ഉദ്ദേശിച്ചേ??? നിനക്കൊക്കെ നാണമില്ലെടി ഇത്രയ്ക്ക് വലിയൊരു കുടുംബത്തിൽ പിറന്നിട്ടും കണ്ടവൻമാരുടെ കൂടെ നടക്കാനും കറങ്ങാനും..... ചോദിച്ചാൽ കൂട്ടുകാർ ആണെന്ന് പോലും..... വല്ലാത്തൊരു ആക്കലോടെ അവളെന്നെ നോക്കി പറഞ്ഞതും എന്റെ കൈകൾ ആ കരണം പുകച്ചുകടന്നുപോയി...... ഡീ.... മിണ്ടരുത്, നീ പറയുന്നത് കേട്ടിട്ട് മിണ്ടാതെ നിന്നത് നീ പറഞ്ഞതൊക്കെ സത്യം ആയതുകൊണ്ടല്ല, വാ പോയ കോടാലിയെ മൈൻഡ് ചെയ്യാൻ താല്പര്യം ഇല്ലാത്തോണ്ടാ.. പക്ഷെ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ നീ കേറിപോണെ? എന്നെ പറഞ്ഞാൽ ഞാൻ ചിലപ്പോൾ കേട്ടെന്ന് വരും പക്ഷെ എന്റെ കൂട്ടുകാരെയോ വീട്ടുകാരെയോ പറഞ്ഞാലുണ്ടല്ലോ 🤨??? കൂട്ടുകാർ എന്താണെന്ന് അറിയാത്ത നിനക്കൊക്കെ ആ വാക്ക് പോലും പറയാൻ അർഹതയില്ലെടി... പിന്നെ എന്റെയും അഗ്നിയുടെയും കാര്യം.. അത് ഞങ്ങൾ നോക്കിക്കോളാം, നീ അതിനിടയിൽ വരണ്ടാ.. അവനറിയാംഎന്നെ, ഞാൻ എങ്ങോട്ടാ പോകുന്നതെന്നും അവനറിയാം....

ഞങ്ങളുടെ കാര്യം ഓർത്ത് നീ വിഷമിക്കണ്ടാ കേട്ടല്ലോ...... പിന്നെയൊരു കാര്യം കൂടി, ഇവിടെ ഇങ്ങെനെ ഇടയ്ക്കിടയ്ക്ക് വരുന്നത് വേണ്ടാ എന്നൊന്നും ഞാൻ പറയില്ല വന്നാൽ, അടങ്ങിയൊതുങ്ങി നിന്നിട്ട് പോണം... അല്ലെങ്കിൽ ഇപ്പോ കിട്ടിയതൊന്നും ആയിരിക്കില്ല ഇനി അങ്ങോട്ട്....... അമർഷത്തോടെ അവളേ ചൂണ്ടി അതും പറഞ്ഞ് ബാഗുമായി താഴേക്ക് ഇറങ്ങി, എന്നെനോക്കി കണ്ണുരുട്ടികൊണ്ട് നിൽക്കെ ആ മനസ്സിൽകൂടി പല ബുദ്ധികളും കടന്നുപോയി...പ്രേമിച്ച ചെക്കനെ സ്വന്തമാക്കാൻ നോക്കുന്ന ഒരു പെണ്ണിന്റെ മനസ്സിലെ വിലകുറഞ്ഞ ബുദ്ധികൾ.....!! എല്ലാരോടും യാത്ര പറഞ്ഞ് അവിടുന്നിറങ്ങി, വേണ്ടെന്ന് പറഞ്ഞിട്ടും കാർത്തി അഴിയന്നൂർ വരെ കൊണ്ടാക്കാമെന്ന് പറഞ്ഞു... പിന്നെ എതിർക്കാൻ തോന്നിയില്ല അവനൊപ്പം അഴിയന്നൂരിലേക്ക് പോയി...... അവിടെ ചെന്നതും ഉമ്മറത്ത് തന്നെ ബാഗും തൂക്കി നിൽപ്പുണ്ട് നമ്മുടെ കക്ഷി, എന്നെ കണ്ടതും ഇപ്പോ കൊല്ലുമെന്ന രീതിയിൽ അടുത്തേക്ക് വന്നു... എന്ത് പണിയാടി കോപ്പേ കാണിച്ചേ? ഇത്രയും താമസിക്കുമെന്ന് പറഞ്ഞായിരുന്നേൽ ഞാൻ വെളുപ്പിന് എണീറ്റ് ഒരുങ്ങുവായിരുന്നോ???

ഓഹ്, എന്റെ അന്നമ്മേ നീ ഒന്ന് അടങ്ങ്.... അതിനൊത്തിരി സമയം ഒന്നുമായില്ലല്ലോ, നമുക്കിപ്പോൾ തന്നെ ഇറങ്ങാടി..... അപ്പോഴാണ് കാർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയത് അവൾ കണ്ടത്.... ഇതെന്നാ ഇവൻ??? നിന്റെ കാറ്റുമാക്കാൻ എവിടെ ടി???? സ്വകാര്യമായി ചോദിക്കാനെന്നോണം അല്പം ഒച്ചയിൽ അവളെന്നോട് ചോദിച്ചു..... അയാള് അയാളുടെ പാട്ടിനു പോയി....!! ഹേ 🙄? നീ എന്തിനാ ഇങ്ങെനെ തുറിച്ചു നോക്കുന്നെ?? എന്താ അയാളുണ്ടായാലേ നീ വരുള്ളോ?? എന്നാടി രണ്ടും കൂടെ വീണ്ടും അടിയിട്ടോ??? അവളുടെ ചോദ്യം കേട്ട് ദേഷ്യത്തോടെ ഞാനവളെ നോക്കി കണ്ണുരുട്ടി... എന്തോന്നാ രണ്ടും കൂടെ കുറെനേരായല്ലോ എന്നെ ഇങ്ങെനെ പോസ്റ്റാക്കി ഓരോന്ന് പറയുന്നു? എന്താന്ന് വെച്ചാൽ എന്നോട് കൂടി പറ പെണ്ണുങ്ങളെ!! ഹാ ബെസ്റ്റ്,!സ്വന്തം ഏട്ടനെപ്പറ്റി അനിയനോട് തന്നെ പറഞ്ഞേച്ചാലും മതി... എന്തോന്ന്??? ഏയ് ഒന്നുല്ലേ,തത്കാലം കോഴികൾക്ക് അറിയാനുള്ളതൊന്നും ഞങ്ങൾ പറയുന്നില്ല... നീ വേഗം പോകാൻ നോക്ക്,ഏട്ടൻ ഇല്ലാത്തതുകൊണ്ട് ഓഫീസിലെ കാര്യങ്ങൾ നിന്നെയല്ലേ എല്പിച്ചേക്കുന്നത്???

ഹും,ദുഷ്ട.. വീടിന്റെ മുൻപ് വരെ വന്നിട്ട് ഒന്ന് അകത്തേക്ക് ക്ഷണിക്കുന്നത് പോലുമില്ല...!! അച്ചോടാ... ഇപ്പോ നിന്നെ ഇങ്ങോട്ട് വിളിച്ചാലെ നിന്റെ ഏട്ടൻ ആ കാട്ടുമാക്കാൻ നിന്റെ ജീവനെടുക്കും.. ഏതോ മീറ്റിങ് ഒക്കെയുള്ളതല്ലെ?? ഓഹ്!!ശെരിയാ.. അപ്പോൾ ശെരി ഞാൻ പോണു.. ഇല്ലേൽ പിന്നെ എന്റെ ജനിക്കാത്ത പിള്ളേർക്ക് അച്ഛനില്ലാതായി പോകും 😌.. ബിസിനസ് ന്ന് വെച്ചാൽ പ്രാന്താ ആ മനുഷ്യന്..!! എന്തോ അവന്റെ ആ വാക്കിൽ ഞാനൊന്ന് നിശബ്ദയായി...... അപ്പോൾ ശെരി ഏട്ടത്തി.... ഈ അനിയൻ പോണു! ഒരു പ്രത്യക ടോണിൽ അതും പറഞ്ഞ് തിരികെ അവൻ കാറിൽ കയറി.. ടാറ്റാ കാണിച്ച് ഞങ്ങളും മുറ്റത്ത് നിന്നു... എന്താടി എന്താ പ്രശ്നം??? അവൻ പോയതും അന്നമ്മ എന്നെ പിടിച്ച് നേരെ നിർത്തി ചോദ്യംചെയ്യൽ തുടങ്ങി... എന്റെ പൊന്ന് അന്നമ്മേ, അതൊക്കെ പിന്നെ പറയാം.. തല്കാലം നമുക്കിവിടുന്ന് ഇറങ്ങണം.. അറിയാലോ പണ്ടത്തെ പോലെയല്ല അഗ്നി ഇല്ലാതെയാ പോകുന്നതെന്ന് അറിഞ്ഞാൽ ഇവിടെനിന്ന് വിടില്ല.. സൊ എന്തെങ്കിലും ഒരു പണി ചെയ്യണം....

അകത്തേക്ക് ഇടയ്ക്കിടെനോക്കികൊണ്ട് ഞാൻ പറഞ്ഞതും അവളുടെ പുരികക്കൊടി വളഞ്ഞു..... അല്ലേടി ഇവിടെ ആരൂലേ??? ഏട്ടൻസ്ഒക്കെ ഓഫീസിൽ പോയി, മുത്തശ്ശനും അങ്കിൾസും രാവിലെ പോകുന്നത് കണ്ടു, പിന്നെ നിന്റെ അച്ഛനും അമ്മയും ഇന്നലെ നിങ്ങളുടെ വീട്ടിലേക്ക് പോയി, അവിടെ ഏതോ കല്യാണമോ മറ്റോ ഇല്ലേ??? ആഹ്, യെസ്.. അപ്പോൾ ഇവിടെ വല്യമ്മയും അപ്പച്ചിയും മുത്തിയും ഉള്ളൂ അല്ലെ??? മ്മ് അവൾ മൂളിയത് കണ്ടപ്പോ സ്വല്പം ആശ്വാസം തോന്നി..... അല്ലേടി എന്താ പ്ലാൻ??? അതൊക്കെയുണ്ട്.. നീ കട്ടയ്ക്ക് കൂടെ നിന്നാൽ മതി!! അതും പറഞ്ഞ് ഒന്ന് ദീർഘമായി നിശ്വസിച്ച് അകത്തേക്ക് കയറി.. ഹാളിലൊന്നും ആരുമേ ഇല്ല, അടുക്കളഭാഗത്ത് നിന്ന് ശബ്ദമൊക്കെ കേൾക്കാം.. അങ്ങടേക്ക് നടന്നു.... മൂന്നാളും കഥയും പറഞ്ഞ് കറികൾക്ക് അരിയുകയാണ്... ആഹാ മുന്നിലെ ഡോർ ഇങ്ങെനെ മലർക്കേ തുറന്നുവെച്ചിട്ട് മൂന്നും കൂടെ ഇവിടെ ഇരിക്കുവാ അല്ലെ??? അടുക്കളവാതിൽകൽ നിന്നുള്ള എന്റെ ശബ്ദം കേട്ട്, ഒന്ന് ഞെട്ടിയെങ്കിലും ഞാനാണെന്ന് അറിഞ്ഞപ്പോൾ മൂന്നാളുടെയും കണ്ണുകൾ വിടർന്നു... നിന്റെയത്രയുമുള്ള കള്ളന്മാർ വേറെഉണ്ടോ കുട്ട്യേ 😌 മുത്തിയെ..... കണ്ണൊന്നു കൂർപ്പിച്ചതും ആളെന്നെ വട്ടം പിടിച്ചു......

നിങ്ങള് കാലത്തെ വരുമെന്ന് കരുതി ഒരാൾ ഒരുങ്ങി നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി.. എന്താ മോളെ താമസിച്ചേ??? അത് വല്യമ്മേ, വരുന്നവഴിയിൽ കാറൊന്ന് ബ്രേക്ക്‌ഡൌൺ ആയി!!അത് പിന്നെ വർക്ഷോപ്പിലൊക്കെ കൊണ്ട് പോയി ആകെ പോല്ലാപ്പായി...!! അയ്യോ, എന്നിട്ട്??? പേടിക്കാനൊന്നുമില്ല അപ്പച്ചി, രണ്ട് ഡേ കഴിഞ്ഞേ കിട്ടൂ.. അയ്യോ കഷ്ടായല്ലോ? അപ്പോൾ പിന്നെ നിങ്ങൾ എങ്ങെനെയാ പോണേ??? എന്തൊരു ചോദ്യാ അമ്മേ ഇത്‌?? ഇവിടെ ഇത്രയും കാർ കിടക്കുമ്പോഴാണോ യാത്ര മുടങ്ങുന്നത്??? ആഹാ പൊളിച്ചു 😌രോഗിഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും കാർ തന്നെ!!!!!! ഉള്ള് നിറയയെ പൊട്ടിച്ചിരിച്ചോണ്ട് പുറമെ ഞാൻ മൗനിയായി.... അത് ശെരിയാണല്ലോ മോളെ, ഒരുകാര്യം ചെയ്യ്.. ദാ ജിത്തുവിന്റെ കാർ എടുത്തോണ്ട് പോ... അവൻ ഇന്ന് കിച്ചുവിന്റെ കൂടെ പോയതുകൊണ്ട് അതിവിടെ കിടക്കുവാ...... അത് അപ്പച്ചി....അഗ്നി... ഒരതുമില്ല,അഗ്നി മോനോട് പറഞ്ഞാൽ മതി.. അവൻ കേൾക്കും.. നിങ്ങൾ അതിൽ പോയിവാ...... താങ്ക് യൂ മുത്തി!!!!അപ്പോൾ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ??

അഗ്നി വർക്ഷോപ്പിൽ നിൽകുവാ....!! എന്തേലും കഴിച്ചിട്ട് പോടി.... വേണ്ടാ പാവം അഗ്നി അവിടെയോറ്റയ്ക്ക്.... സ്നേഹത്തോടെ ഇങ്ങേനെയും കള്ളങ്ങൾ വാരിവിതറിക്കൊണ്ട് ഞാൻ കാറിനടുത്തേക്ക് നടന്നു, അന്നമ്മയാണേൽ ഇതെന്ത് സാധനം എന്ന മട്ടിൽ എനിക്ക് പിന്നാലെയും... പതുക്കെ പോയിട്ട് വരണേ മക്കളേ..... ഹാ അപ്പേ... ജിത്തേട്ടനോട് പറഞ്ഞേക്ക് ട്ടോ... കാർ ഗേറ്റ് കടന്നുപോകും മുന്നേ ഞാൻ വിളിച്ചുകൂവി.... ഹയ്യോ!!!അങ്ങെനെ അതും സെറ്റ്... 😌 എന്നാലും ഇടി കാലത്തി എന്തൊക്കെയാ നീ ആ പാവങ്ങളോട് തട്ടി വിട്ടത്?? കഷ്ടം...! അയ്യോടി മോളെ കള്ളങ്ങൾ പറയാത്ത ഒരുത്തി വന്നേക്കുന്നു... നീ പറയാറുള്ളതിന്റെ പകുതിയെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ ടി?? അത് പിന്നെ😁 എന്നെനോക്കി ഇളിക്കുന്നവളെ കണ്ടതും എനിക്കും ചിരി പൊട്ടി, പാവം എന്റെ അമ്മായിയമ്മ, നിന്നെ വിശ്വസിച്ച് എന്റെ ചേട്ടന്റെ വണ്ടിയുടെ താക്കോൽ വരെ എടുത്തു തന്നു... എന്തോ എങ്ങെനെ??? ആര് ആരുടെ വണ്ടിയുടെ താക്കോൽ ന്ന്?? അല്ല, അത് പിന്നെ, കിച്ചേട്ടൻ എന്നെ കേട്ടുമ്പോ..... ആന്റി എന്റെ അമ്മായിയമ്മ ആകുവല്ലോ., അപ്പോ ജിത്തേട്ടൻ എന്റെ ഏട്ടനും.... ഓഹോയ്‌!! ഹാ, നിനക്ക് വേണേൽ മതി, അവസാനം അഞ്‌ജലിയ്ക്ക് പണി കിട്ടിയില്ല ന്നൊന്നും പറഞ്ഞ് എന്റെ അടുത്തോണ്ട് വരരുത്! ഉവ്വ്വ്വ!! പെണ്ണ് പറയുന്നത് കേട്ട് ചിരിച്ചുകൊണ്ട് ഞാൻ ഗിയർ മാറ്റി, പയ്യെ അഗ്നിയെ ഞാൻ മറന്നുതുടങ്ങി......... എടി എന്നാലും അഗ്നിയേട്ടൻ ന്താ വരാഞ്ഞേ?????

അവളുടെ ചോദ്യം പെട്ടെന്ന് എന്റെ ശ്രദ്ധയെ ഒന്ന് പാളിച്ചു.... അയാൾക്ക് എന്നെ വേണ്ടെങ്കിൽ പിന്നെ എനിക്കെന്തിനാ അയാളെ?? എങ്ങോട്ടെന്നില്ലാതെ നോക്കി അത് പറഞ്ഞതും അവളെന്നെയൊന്ന് ചൂഴ്ന്നു നോക്കി... നിങ്ങൾ തമ്മിൽ രാവിലെ അടിയിട്ടോ??? അടിയിടാൻ ആളെ കണ്ടിട്ട് വേണ്ടേ?? ഹേ?? നടന്നതൊക്കെ അവളോട് പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞുതുടങ്ങിയിരുന്നു... ഏയ്, പുള്ളിക്ക് എന്തെങ്കിലും അത്യവശ്യം കാണുമെടി അതാകും...!! എന്നേക്കാൾ വലുത് അല്ലേടി??? എടി അത് പിന്നെ, അന്നമ്മേ, കിച്ചേട്ടനാ ഇത്‌ ചെയ്തെങ്കിൽ നിനക്കെങ്ങേനെയാകും ഫീലിംഗ്??? എന്റെ ആചോദ്യത്തിന് മുന്നിൽ അവളൊന്ന് പകച്ചു... ഒരുനിമിഷം സ്തബ്ധമായതുപോലെ.... പോട്ടെടി, അയാള് പോയി വല്ല സായിപ്പിനെയും മദാമ്മയെയും മീറ്റട്ടെ, നമുക്ക് നമ്മുടെ കോട്ടയത്തു പോയി പൊളിക്കാടി... നല്ല താറാവ് റോസ്റ്റും പാലപ്പവുമൊക്കെ ഓർക്കുമ്പോഴേ നാവിൽ വെള്ളമൂറുന്നു.... പിന്നെ ഇച്ചായനെയും കാണണം....!! പെട്ടെന്ന് നിശബ്ദയായവളുടെ അവളുടെ മൂഡ് മാറ്റാനായി ഓരോന്ന് പറയവേ, പെട്ടെന്ന് ആ മുഖം ഒന്ന് കൂടി വാടി... അതറിഞ്ഞുവെങ്കിലും കിച്ചേട്ടൻ ആകും അതിന് കാരണമെന്ന് കരുതി മിണ്ടാൻ പോയില്ല ഞാൻ... പക്ഷെ അറിഞ്ഞിരുന്നില്ല, ആ വിഷാദത്തിനുള്ള കാരണം ഇച്ച ആയിരുന്നു എന്ന്.......(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story