ദക്ഷാഗ്‌നി: ഭാഗം 46

dakshagni

എഴുത്തുകാരി: നിരഞ്ജന

അത്രമേൽ പ്രണയത്തോടെ ആ ടാറ്റൂവിൽ അമർത്തി മുത്തി, അവന്റെ മാറിൽ തലചേർത്ത് കിടക്കവേ ഒരു കൈ എന്റെ താലിയെ അമർത്തിപിടിച്ചിരുന്നു, വരും ജന്മമത്രയും ഇവന്റെ പാതിയാകണെ എന്ന പ്രാർത്ഥന പോൽ... അർദ്ധബോധത്തിൽ വീണ്ടും അവന്റെ പ്രണയം എന്നിലേക്കൊഴുകിയെത്തി.... എന്നോട് ചേർന്ന്കിടന്ന്,മുഖം എന്റെ നെഞ്ചിലേക്ക് ചായ്ച്ച് ഉറങ്ങുന്നവനെ കണ്ടപ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ഓമനത്തമാണ് തോന്നിയത് ..... നീ എന്തൊരു ക്യൂട്ട് ആണ് അഗ്നി...!!!മെല്ലെ അതും പറഞ്ഞ് നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിഇഴകൾ ഒതുക്കിവെച്ചു, സമയം പോകുന്നതിനിടയിലെപ്പോഴോ അവനെ കെട്ടിപിടിച്ച് മെല്ലെ മയക്കത്തിലേക്ക് വീണിരുന്നു .... പിറ്റേന്ന് രാവിലെ ഞാനെണീറ്റപ്പോഴും നല്ല മയക്കത്തിലായിരുന്നു അവൻ, അഴിഞ്ഞുവീണ മുടി മാടി കെട്ടി, പുതപ്പ് ചുറ്റിക്കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു....... തണുത്ത വെള്ളം ദേഹത്ത് വീണപ്പോഴൊക്കെ അവന്റെ പ്രണയം അറിഞ്ഞിടത്ത് നീറാൻ തുടങ്ങി...

നാണത്തോടെ കഴുത്തിടയിലെ ചുവന്ന പാടിലേക്ക് വിരലുകൾ നീണ്ടപ്പോൾ ഉള്ളിൽ എന്റെ പൊടിമീശക്കാരനായിരുന്നു... നിന്റെ ജന്മം നശിച്ചതല്ല അഗ്നി... നിനക്കൊന്നുംനഷ്ടപ്പെട്ടിട്ടുമില്ല, നിന്റെ പ്രണയം അത് ഞാൻ തന്നെയാണ്...... നീ ഇത്രനാൾ ആരെ തേടിനടന്നോ അവളാണ് ഞാൻ... അതെനിക്ക് നിന്നോട് പറയണം..... പക്ഷെ..... അവനോട്‌ ആ സത്യം പറയുമ്പോൾ ഞങ്ങൾക്കിടയിൽ ഒന്നും ബാക്കിയാവരുത്, നിറഞ്ഞ മനസ്സോടെയാകണം എനിക്കത് അവനോട് പറയാൻ....!! മനസ്സിലപ്പോൾ തികട്ടിവന്നത് ഇച്ചയുടെ മുഖമാണ്... എത്ര സന്തോഷം ഉള്ളിലുണ്ടെങ്കിലും എന്തോ പ്രകടിപ്പിക്കാൻ ആ മുഖം സമ്മതിക്കുന്നില്ല..ഉള്ളിലാകെ ഒരു പിടച്ചിൽ.... ഫ്രഷായി താഴെക്കിറങ്ങിയപ്പോഴും അവനുറക്കത്തിൽ തന്നെ.... താഴെ എല്ലാരും ഉണ്ടായിരുന്നു, പതിവില്ലാതെ കാർത്തിയും എണീറ്റുവന്നു, പഠിത്തം കഴിഞ്ഞതിൽപ്പിന്നെ അവനും ഇപ്പോൾ ബിസിനസ് നോക്കുവാണ്,ഏട്ടനെ അനുകരിക്കാൻ ശ്രമിക്കുന്ന അനിയൻ...ഇന്നെന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് എണീറ്റതാണ്...

എന്നെക്കണ്ടതും ഒരുതരം സങ്കടത്തോടെ ആന്റിഎന്നേ നോക്കി... ആ നോട്ടത്തിന്റെ അർത്ഥം ഇന്നലത്തെ അഗ്നിയുടെ കോലം ആണെന്ന് മനസ്സിലായതും പുഞ്ചിരിയോടെ ഞാൻ മെല്ലെ കണ്ണുകൾ ഇറുക്കെ ചിമ്മി..... മോളെ അവൻ.... എണീറ്റില്ല ആന്റി..... മോൾക്ക് വിഷമമായിന്ന് ആന്റിയ്ക്ക് അറിയാം.. അങ്ങെനെ കുടിക്കുന്ന ശീലമൊന്നും എന്റെ കുട്ടിയ്ക്കുണ്ടായിരുന്നില്ല..എല്ലാം ആ സംഭവത്തിന്‌ ശേഷമാ.... എന്തോ ഓർത്തെന്നപോലെ ആന്റിയുടെ കണ്ണുകൾ നിറഞ്ഞുവന്നു.. എന്താ അമ്മേ, ഇത്‌ എല്ലാം കഴിഞ്ഞതല്ലേ... അവൻപോലും എല്ലാം മറന്നുതുടങ്ങിയതല്ലേ... ഹാ എന്തായാലും ഇന്നലെ സംഭവിച്ചത് സംഭവിച്ചു.. ഇനി ആ കാര്യം പറഞ്ഞ് ആരും ഇവിടെ കരയാൻ നിൽക്കേണ്ട.. സഞ്ജുവേട്ടൻ പറഞ്ഞത് കേട്ട് സാരിതുമ്പാൽ കണ്ണുകൾ ഇറുക്കെ തുടച്ച് ആന്റി എന്നേ നോക്കി.. ഞാനാണേൽ കാര്യമൊന്നുമറിയാതെ തറഞ്ഞു നിൽക്കുന്നു... ആന്റി... മ്മ് എന്താ മോളെ??? ആന്റി നേരത്തെ പറഞ്ഞ ആ സംഭവം എന്താ???? ഇന്നലെ അഗ്നിയും പറയുന്നത് കേട്ടു, ആരെയോ കൊന്നെന്നോ മറ്റോ... എന്താ ആന്റി സംഭവം??? താൻ അന്വേഷിക്കുന്ന സത്യങ്ങളിലേക്ക് ആന്റിയെങ്കിലും വഴിതെളിയിക്കണേ എന്ന പ്രാർത്ഥനയോടെ ആന്റിയോട് ചോദിച്ചതും ആ കണ്ണുകൾ അങ്കിളിലേക്ക് നീങ്ങി...

പറഞ്ഞോളൂ ന്ന് മൗനത്താൽ അങ്കിൾ അനുവാദം കൊടുത്തതും ആന്റി ആ കഥ പറയാൻ തുടങ്ങി, അത് കേൾക്കാനായി ഞാനും ചേച്ചിയും അവിടെ ഇരുന്നു.. അഗ്നിയ്ക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, കൂട്ടുകാരൻ എന്നതിനേക്കാൾ അവർ ഒരത്മാവും രണ്ട് ശരീരവുമായിരുന്നു എന്ന് വേണേൽ പറയാം... നകുൽ മാധവ്,സഖാവ് മാധവേട്ടന്റെ മകൻ... ദത്തെട്ടനും മാധവേട്ടനും കൂട്ടുകാരായിരുന്നു അതുപോലെ തന്നെയായി അവരുടെ മക്കളും.... ഒരേ കുടുംബം പോലെ കഴിഞ്ഞവരാണ് ഞങ്ങൾ, ഡിഗ്രിയ്ക്ക് ജൂനിയറായി മുബീനയെ സ്നേഹിച്ച് കല്യാണം കഴിച്ചതിന്റെ പേരിൽ സ്വന്തം വീട്ടിൽനിന്നും നാട്ടിൽ നിന്നും ഇറങ്ങി പോകേണ്ടിവന്നതായിരുന്നു മാധവേട്ടൻ, ബിസിനെസ്സിൽ കൂടെ കൂടാൻ പലതവണ ദത്തേട്ടൻ വിളിച്ചിട്ടും മാധവേട്ടൻ സമ്മതിച്ചില്ല ആരുടെയും സഹായം അതിപ്പോൾ കൂട്ടുകാരന്റെആണെങ്കിൽ പോലും വാങ്ങാൻ ആ ആത്മാഭിമാനം സമ്മതിച്ചിരുന്നില്ല..... ഒരു പ്രൈവറ്റ് കോളേജിൽ പഠിപ്പിച്ചും കിട്ടുന്ന ജോലിയ്ക്കൊക്കെ പോയും കുടുംബത്തേ പോറ്റി, ഒപ്പം കറകളഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവർത്തനവും.. നകുലിനെ കൂടാതേ ഒരു മകൾ കൂടി ഉണ്ടായിരുന്നു മാധവേട്ടന്, ദേവ മോള്..ദേവാംശി മാധവ്..!കാർത്തിയെക്കാൾ ഒരു ആറു മാസം ഇളപ്പം ഉണ്ടാകും അവൾക്ക്....

ഇല്ലായ്മയിലും സന്തുഷ്ടമായിരുന്നു ആ കുടുംബം... പക്ഷെ, എതിർ പാർട്ടിക്കാരുടെ ചതിയ്ക്കിടയിൽ പെട്ട് ആ മനുഷ്യന് സ്വന്തം ജീവൻ വില കൊടുക്കേണ്ടി വന്നു അതും സ്വന്തം മകന് മുന്നിൽ വെച്ച്...!! രാത്രിയിൽ കടയിൽ പോയി വരികയായിരുന്നു രണ്ടാളും, അതിനിടയിലാണ് ഒരു അജ്ഞാത സംഘം അവിടേക്ക് വന്നതും മൂർച്ചയെറിയ ആയുധം കൊണ്ട് മാധവേട്ടനെ വെട്ടിക്കൊല്ലുന്നതും...., തടയാൻ ശ്രമിച്ച നകുലിനെ അവർ അടിച്ചുവീഴ്ത്തി..നാല് ദിവസം ഐസിയൂവിൽ മരണത്തോട് മല്ലടിച്ചു ആ പാവം ഒടുവിൽ എന്നുന്നേക്കുമായി അങ്ങ് പോയി... അപ്പോഴും ബോധം വീണിരു ന്നില്ലായിരുന്നു നകുലിന്, ഒടുവിൽ സ്വന്തം മകന് പകരം അഗ്നിയാണ് മാധവേട്ടന്റെ ചിതയ്ക്ക് തീ കൊളുത്തിയത്.. രണ്ടാളെയും ഒരിക്കലും വേർതിരിച്ചു കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് അത് തന്നെയാ ഉചിതം എന്ന് തോന്നി... ബോധം വീണ് അച്ഛന്റെ മരണമൊക്കെ അറിഞ്ഞപ്പോഴും ഒരുമാതിരി നിസ്സംഗ ഭാവമായിരുന്നു അവന്.. പതിയെ പതിയെ കുടുംബത്തിന്റെ താളം തെറ്റുന്നതറിഞ്ഞപ്പോൾ അവൻ തന്നെ അവനെ മാറ്റി,

തന്റെ ഉമ്മയ്ക്കും പെങ്ങൾക്കും താനെ ഉള്ളൂ എന്ന ബോധ്യമാണ് പിന്നീടവനെ ജീവിപ്പിച്ചത്... അതിന് അവൻ തന്നെ ഒരു പാർട്ട്‌ ടൈം ജോലി കണ്ടുപിടിച്ചു... ഏട്ടനും അഗ്നിയും സഞ്ജുവും എത്ര നിർബന്ധിച്ചിട്ടും അവൻ ഞങ്ങളുടെ പൈസയോ ജോലിയോ വാങ്ങിച്ചില്ല, എന്തിന് ഹോസ്പിറ്റലിൽ ചിലവാക്കിയ പൈസപോലും ജോലിയ്ക്ക് പോയി കിട്ടുന്ന ശമ്പളത്തിൽ നിന്ന് കൂട്ടിവെച്ച് തന്നുതീർത്തു ....അതെല്ലാം പക്ഷെ അവൻപോലും അറിയാതെ ദേവ മോളുടെ അക്കൗണ്ടിലേക്ക് ഞങ്ങളിട്ടു കൊടുത്തിരുന്നു... പ്രിയപ്പെട്ട സുഹൃത്തിന്റെ കുടുംബത്തെ അങ്ങെനെയെങ്കിലും സഹായിക്കാൻ തോന്നി....പകൽ സമയത്ത് പഠിച്ചും രാത്രിയാകുമ്പോൾ ജോലിയ്ക്ക് പോയിയും അവൻ ജീവിച്ചു, ഒരാത്മാവായതുകൊണ്ട് തന്നെ അവനൊപ്പം അഗ്നിയും ഉണ്ടായിരുന്നു.. കിട്ടുന്ന ശമ്പളം അവനും നകുലിനൊപ്പം ഉമ്മയുടെ കൈയിലേൽപ്പിക്കും, ചോദിക്കുമ്പോൾ പറയും ഇത്‌ നിന്റെ മാത്രമല്ല എന്റെയും ഉമ്മയാണെന്ന്..... അങ്ങെനെ അവർ കഴിഞ്ഞു..വൈകിട്ട് ട്യൂഷനും രാത്രിയിൽ ജോലിയ്ക്കും പോയിയും മുബീനയും ദേവയും തയ്ച്ചും അത്യാവശ്യം നന്നായി അവർ ജീവിച്ചു, ഇടയ്ക്ക് സമ്പാദ്യം എല്ലാം സ്വരുക്കൂട്ടി ഉമ്മയ്ക്ക് ഒരു മാലയും, ദേവയ്ക്ക് ഒരു ജോഡി പാദസരവും അവനെടുത്തു ഒപ്പം തനിക്കൊരു ബുള്ളറ്റും....

പിന്നെ അതിലായിരുന്നു രണ്ടിന്റെയും യാത്ര.. ഇപ്പോഴും എനിക്കോർമ്മയുണ്ട്, ആ പടക്കുതിരയുമായി കാലത്ത് നകുൽ വന്ന് ഹോൺ അടിക്കുമ്പോഴാണ് ഇവിടെ ഒരുത്തൻ എണീക്കുന്നത് തന്നെ..!!! അങ്ങെനെ ജീവിച്ച നാളുകൾ... പഠിത്തത്തോടൊപ്പം തന്നെ അച്ഛൻ പകർന്നുതന്ന രാഷ്ട്രീയത്തിലും മുന്നിലുണ്ടായിരുന്നു അവൻ...ആ കലാലയം ഏറ്റുചൊല്ലുന്ന ശബ്ദമായി മാറാൻ ആ അച്ഛൻ പകർന്നുതന്ന ചൂട് മാത്രം മതിയായിരുന്നു അവന്...എല്ലാത്തിനും തോളോട് തോൾ ചേർന്ന് അഗ്നിയും.... അങ്ങെനെ അവൻ ചെയർമാനായി, അഗ്നി ജനറൽ സെക്രട്ടറിയും.... അവർക്ക് എതിരെ പക്ഷെ ക്ലാസ്സിൽ തന്നെ ഒരു ഗ്യാങ് ഉണ്ടായിരുന്നു..എന്തിനും പരസ്പരം പോര് വിളിക്കുന്ന ഒരു ടീം.... ഇവർ ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് അവരുടെ ക്ലാസ്സിലേക്ക് പുതിയ മൂന്നു പേര്കൂടി വരുന്നത്.... രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ....കോട്ടയത്തെ ഏതോ വലിയ കൂട്ടരായിരുന്നു അതിലെ ഒരു ചെറുക്കന്റെ വീട്ടുകാർ,അവന്റെ പേര് ഏദൻ ന്നൊ മറ്റോ ആണ്.... ഒരുവേള ആന്റിയിൽ നിന്ന് ആ പേര് കേട്ടതും എന്റെ ഹൃദയം ഒന്ന്പിടഞ്ഞു............

മറ്റേത് ഒരു NRI ഫാമിലിയിൽ നിന്നും ആയിരുന്നു,ആന്റി തുടർന്നു,ഒരു പ്രത്യേക സ്വഭാവമാണ് അവരുടേത് എന്ന് അഗ്നി പറഞ്ഞതെനിക്കോർമ്മയുണ്ട് അവരോടൊന്നും അധികം അവർ മിണ്ടാറില്ല, പലപ്പോഴും മറ്റേ ഗ്യാങ്ലേ കുട്ടികളുമായി ആയിരുന്നു അവർക്ക് കൂട്ട്.., പക്ഷെ ആ പെൺകുട്ടി, അതൊരു പാവമായിരുന്നു.. ഇവരോടൊക്കെ നല്ല കൂട്ടുമായി ശ്രീലയ എന്നായിരുന്നു അതിന്റെ പേര്, ഇടയ്ക്ക് അഗ്നിയ്ക്ക് പനി ആയിരുന്നപ്പോൾ അവൾ ഇവിടെ വന്നിട്ടുണ്ട്, ഒരു പാവം കൊച്ച്..... അതുകൊണ്ടാണല്ലോ നകുലിന് അവളോട് ഒരിഷ്ടം തോന്നിയത്, തുറന്നുപറയാൻ എന്തോ അവന് പേടിയായിരുന്നു.. അങ്ങെനെ അവരുടെ കോളേജ് ആർട്സ് ന്റെ അന്ന് ആ കൊച്ചിനോട്‌ ചെന്ന് പറയാൻ അവർ തീരുമാനിച്ചു.. അങ്ങെനെ അവളെ കാണാനായി അവർ ഗ്രീൻ റൂമിൽ ചെല്ലുമ്പോൾ ആ കുട്ടി അവിടെ ബോധമില്ലാതെ കിടക്കുകയായിരുന്നു, അടുത്ത് ഒരു കൂൾഡ്രിങ്ക്സും ഉണ്ടായിരുന്നു...എത്ര തട്ടിയിട്ടും വിളിക്കാതായപ്പോൾ അപകടസൂചന തോന്നി അവർ രണ്ടാളും അവളെ അവിടെനിന്നും സ്റ്റാഫ് റൂമിലേക്ക് കൊണ്ടുവരാനായി പിടിച്ചെഴുന്നേൽപിച്ചു...

പക്ഷെ, അതുകണ്ടുകൊണ്ട് വന്ന ഏദനും ഗ്യാങ്ങും ഇവരെ തെറ്റിദ്ധരിച്ചു... അതിന്റെ പേരിൽ ഭയങ്കര വഴക്ക് നടന്നു, അടിപിടിയായി.. കുട്ടികൾ രണ്ട് ചേരിയിലായി, അതിനിടയിൽ ആ കുട്ടിയെ കൂട്ടുകാർ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി, അന്ന് അവിടെ വെച്ച് ഏഥൻ പറഞ്ഞ് അവർ അറിയുന്നത് അവനും ആ കുട്ടിയും മൂന്നുവർഷമായി പ്രണയത്തിലാണെന്ന്,അവൾ അവന്റെ പെണ്ണാണെന്ന്... അത് കേട്ട് നകുൽ തകർന്നുപോയിരുന്നു, എന്തോ അത്രയും അവനവളെ ഇഷ്ടപ്പെട്ടിരുന്നു,....... സസ്പെൻഷൻ കിട്ടിയതോ, കിട്ടിയ അടിയോ ആയിരുന്നില്ല അഗ്നിയെ വേദനിപ്പിച്ചത്, നകുലിന്റെ അവസ്ഥ അത്രമേൽ അവനിൽ നീറ്റൽ സൃഷ്ടിച്ചിരുന്നു..... പതിയെ പതിയെ അവനെ നേരെയാക്കികൊണ്ട് വരുന്നതിനിടയിലാണ് ആ പെൺകുട്ടി കോളേജ് മാറി പോകുന്നുവെന്ന വാർത്ത ഇവരറിയുന്നത്, അവളുടെ വീട്ടിൽ ആരോ വിളിച്ച് നടന്നതൊക്കെ പറഞ്ഞുന്ന്, പറഞ്ഞപ്പോൾ പൊടിപ്പും തൊങ്ങലും കുറച്ചധികം കയറ്റിയതുകൊണ്ടാണെന്ന് തോന്നുന്നു, അവളെ ഇനി ഇവിടെ പഠിപ്പിക്കില്ലെന്ന് അവർ തീരുമാനിച്ചത്..

രണ്ടാൾക്കും വലിയ ഷോക്ക് ആയിരുന്നു അത്, തങ്ങൾ കാരണം കൂടി ആണല്ലോ ന്ന് കരുതി രണ്ടും കൂടി ആ കൊച്ചിന്റെ അഡ്രസ് തപ്പിപിടിച്ച് വീട്ടിൽ പോകാനിരുന്നതായിരുന്നു.. പക്ഷെ,.... എന്താ ആന്റി,? എന്താ പറ്റിയെ?? തയ്യൽ കടയിൽ പോയി തിരികെവരുവായിരുന്ന ദേവമോളെ ആ ഏദൻ തടഞ്ഞുനിർത്തി കുറേ അനാവശ്യം പറഞ്ഞു, ഒപ്പം അവളുടെ കൈയിൽ കയറിപിടിച്ച് ബലമായി ചുംബിക്കാനും ശ്രമിച്ചു,അവന്റെ മനസ്സിൽ അവന്റെ പ്രണയം തകരാനും അവളെ ഉപദ്രവിക്കാനും ശ്രമിച്ചത് അവളുടെ ആങ്ങളആണല്ലോ.. അതിന്റെ പ്രതികരമായിരുന്നു, എങ്ങെനെയോ അയാളെ പിടിച്ചുതള്ളി വീട്ടിലേക്ക് ഓടുകയായിരുന്നു ആ കൊച്ച്...!എല്ലാം അറിഞ്ഞ്അവന്റെ കൈ വെട്ടാൻ ഇറങ്ങിതിരിഞ്ഞതായിരുന്നു ആ രണ്ടുപേർ, പക്ഷെ അവനപ്പോഴേക്കും മറ്റെവിടേക്കോ ഒളിച്ചിരുന്നു.......... കുറച്ചുനാൾ വേണ്ടിയിരുന്നു ദേവമോള് ഒന്ന് ശെരിപ്പെടാൻ, അത്രയും നാൾ മുബീനയുടെ കരച്ചിൽ കണ്ട് നെഞ്ചം പൊട്ടിയിട്ടും അവരെ ചേർത്ത് പിടിച്ച് തന്റേടത്തോടെ ജീവിച്ചവനാണ് എന്റെ നകുൽ മോൻ...... പക്ഷെ, എന്താ അമ്മേ????

ദേവ മോളെ ഉപദ്രവിക്കാൻ നോക്കിയെന്ന പേരിൽ അവനെതിരെ ഒരു കേസ് കൊടുത്തിരുന്നു ഞങ്ങൾ,ഞാൻ പറഞ്ഞില്ലേ അവരൊക്കെ വലിയ ആളുകളാണെന്ന്,കേസ് ആയപ്പോൾ അവൻ ഈ സ്ഥലത്തെയുണ്ടായിരുന്നില്ല എന്നും,മുൻ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും അവർ വാദിച്ചു.. മാക്സിമം പിടിച്ചുനിൽക്കാൻ നോക്കിയിട്ടും,അവരുടെ ഒരു ബന്ധുവായ പോലീസ്കാരൻ വഴി അവർ കേസ് ഒത്തുതീർപ്പാക്കി.. അന്ന്, വിജയാഘോഷത്തിന്റെ ഭാഗമായി അവന്റെ ഒരു ഫോൺ കാൾ ഉണ്ടായിരുന്നു ദേവയ്ക്ക്... അവളെ അത്രമേൽ അപമാനിക്കുന്ന വാക്കുകളായിരുന്നു അവൻ പറഞ്ഞതൊക്കെ...അതൊന്നും സഹിക്കാൻ ത്രാണിയില്ലാതെ ആ പാവം വീടിന്റെ ടെറസ്സിൽ നിന്ന് താഴേക്ക് ചാടി.... ആയുസ്സിന്റെ ബലം കൊണ്ട് ജീവന് ആപത്തുണ്ടായില്ല, പകരം, രണ്ട് കാലുകളുടെയും ചലനശേഷി നഷ്ടമായി..... പെങ്ങളുടെ ദുരന്തം നകുലിന് സഹിക്കുന്നതിലും അപ്പുറമായിരുന്നു, ദത്തേട്ടന് ബൈപ്പാസ് ചെയ്തുകഴിഞ്ഞുനിന്ന സമയം ആയതുകൊണ്ട് അന്ന് അഗ്നി ഞങ്ങളുടെയൊപ്പമായിരുന്നു,

വിവരങ്ങൾ അറിഞ്ഞ് അവൻ ഹോസ്പിറ്റലിൽഎത്തും മുന്നേ ഏദനെകാണാൻ നകുൽ ഇറങ്ങിപുറപ്പെട്ടിരുന്നു.............. പിറ്റേന്ന് നേരം വെളുത്തപ്പോൾ ഞങ്ങൾ കേട്ടത് അവന്റെ മരണവാർത്തയായിരുന്നു,ആക്സിഡന്റ് ആയിരുന്നു,ബുള്ളറ്റിലേക്ക് ഒരു ലോറി ഇടിച്ചുകയറി..... ജീവനറ്റ എന്റെ കുഞ്ഞിന്റെ മുഖം ഇപ്പോഴും എനിക്കോർമ്മയുണ്ട്,അവന്റെ മുന്നിൽ ശ്വാസം പോലും എടുക്കാനാകാതെ നിന്ന അഗ്നിയെയും ഈ ജന്മം ഞങ്ങൾക്ക് മറക്കാനാകില്ല........ ആക്സിഡന്റ് എന്നപേരിൽ പോലീസ് ആ കേസ് ഒതുക്കാൻ നോക്കിയപ്പോൾ അഗ്നിയ്ക്കുറപ്പായിരുന്നു അതൊരിക്കലും ആക്സിഡന്റ് ആകില്ലെന്ന്... ഏദൻ!!അവന്റെ മുഖം അവനിൽ അത്രമേൽ വെറുപ്പ് ഉണ്ടാക്കി......... അവനെതിരെയുള്ള കേസുമായി അഗ്നി മുന്നോട്ടുപോയി, രാപകലോളം ഉറക്കമൊഴിച്ച് അവനെ പൂട്ടാനുള്ള ഓരോതെളിവുകളും അവൻ കണ്ടെത്തി... അന്ന് അവന്റെ മൊബൈൽലൊക്കേഷൻ ആ ആക്സിഡന്റ് നടന്നിടത്ത് ഉണ്ടായിരുന്നതും അവൻ യൂസ് ചെയ്തിരുന്ന അതേ ബ്രാൻഡ് വാച്ചിന്റെ പൊട്ടിയ കഷ്ണങ്ങൾ അവിടെ നിന്നും കിട്ടിയതും കേസിനു ബലം നൽകി...

ഒടുവിൽ സാഹചര്യതെളിവുകളുടെ പിൻബലത്തിൽ അയാളെ ശിക്ഷിച്ചു...!!!! കഴിഞ്ഞു പോയതൊക്കെ പറഞ്ഞുതീർന്നപ്പോൾ ആന്റിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, കേട്ടിരുന്ന ഞങ്ങളുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല..!! ഇച്ച...!!ആ മനുഷ്യനെകുറിച്ച് ഇങ്ങെനെയൊന്നും ഒരിക്കലും വിചാരിച്ചിട്ടില്ല.. ഇത്രമേൽ ദുഷ്ടൻ ആയിരുന്നോ അയാൾ??? പക്ഷെ, ഒരിക്കൽ പോലും ഒരു മോശമായ പെരുമാറ്റം തന്നോട് ഉണ്ടായിരുന്നില്ല ല്ലോ... അവൾക്കാകെ തലപെരുക്കുന്നത് പോലെ തോന്നി... ഒരിക്കൽ സ്നേഹിച്ചതിന്റെ അത്രയും അയാളെ വെറുക്കാൻ മനസ്സ്പറയുമ്പോഴും എന്തോ ഒന്നതിനു തടസ്സം സൃഷ്ടിക്കുന്നതുപോലെ, ഈ കേട്ടതൊന്നും അല്ല സത്യങ്ങളെന്ന് ആരോ വിളിച്ചു പറയുംപോലെ, ഒപ്പം എന്തൊക്കെയോ അനിഷ്ടങ്ങൾ ഉണ്ടാകാൻ പോകുന്നതുപോലെ ഒരു തോന്നൽ........അപ്പോഴും ഉള്ളിൽ ഒരു നോവായി നകുലും ദേവയും ഉണ്ടായിരുന്നു... മെല്ലെ, കണ്ണുകൾ അമർത്തിതുടച്ച്, ഇരുന്നിടത്ത് നിന്നെണീറ്റതും കണ്ടു, തന്നെ തന്നെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്ന ഒരുവനെ.... തന്റെ പൊടിമീശക്കാരനെ..!!!ആ നിൽപ് കണ്ടാലേ അറിയാം പറഞ്ഞതെല്ലാം കേട്ടുവെന്ന്!.(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story