ദക്ഷാഗ്‌നി: ഭാഗം 58

dakshagni

എഴുത്തുകാരി: നിരഞ്ജന

തറവാട്ടിലെത്തിയതും പിന്നാലെ വന്നവർ ആരുമൊന്നും പറയുന്നത് കേൾക്കാതെ അവൾ റൂമിലേക്ക് നടന്നു.... ആ പോക്ക് നോക്കി അവനും നിന്നു, ഹൃദയം നുറുങ്ങുന്ന വേദനയോടെ... മോനെ, തോളിൽ അച്ഛന്റെ കൈ വീണതും ഈറനായി തുടങ്ങിയ കണ്ണ് തുടച്ചുകൊണ്ടവൻ അച്ഛനെ നോക്കി.... ന്റെ കുട്ടിയ്ക്ക് ഒരുപാട് നൊന്തിട്ടുണ്ട് അച്ഛാ..... എല്ലാരും കൂടി എന്റെ ദച്ചുനെ.... അവന്റെ ഇടറിയ ശബ്ദം കേൾക്കെ അന്നാദ്യമായി ആ അച്ഛന് സന്തോഷം തോന്നി..... ഇറ്റ് വീഴാൻ കൊതിച്ച കണ്ണുനീരിനെ തുടച്ചുമാറ്റികൊണ്ട് അവൻ റൂമിലേക്ക് നടന്നു...... മനു... അവൻ...... അവന് പ്രാണനായിരുന്നു ഏട്ടാ ദച്ചു, നമ്മളെക്കാൾ ഏറെ.... പക്ഷെ അവൻ.... പ്രകടിപ്പിച്ചില്ല,, ഒരിക്കൽ പോലും അവനതിന് ശ്രമിച്ചില്ല ന്ന് വേണം പറയാൻ എല്ലാം ആ മനസ്സിലെ ഭയം കാരണമായിരുന്നു.......... നിനക്കെല്ലാം അറിയായിരുന്നു ല്ലേ, ഞങ്ങളോടെങ്കിലും പറയായിരുന്നില്ലേ കിച്ചു... ഗാർഡൻ ഏരിയയിൽ കിച്ചുവിനെ നടുക്കിരുത്തി അപ്പുറവും ഇപ്പുറവും ഇരിക്കുകയായിരുന്നു ജിത്തുവും ആരുവും.... അറിയാമോ ന്ന് ചോദിച്ചാൽ കുറച്ചൊക്കെ മാത്രം, ബാക്കിയൊക്കെ ഈ അടുത്ത കാലത്താ ഞാൻ അറിയുന്നത്. അവനെന്നിൽ നിന്ന് സത്യം ചെയ്ത് വാങ്ങിച്ചിരുന്നു, ഇതൊന്നും ആരും അറിയരുതെന്ന് അതും നമ്മുടെ ദച്ചുവിന്റെ പേരിൽ അതാ നിക്ക് .....

കിച്ചുവിന്റെ നിസ്സഹായവസ്ഥ അവന്റെ ശബ്ദത്തിൽ നിന്നുതന്നെ അവർക്ക് മനസ്സിലായിരുന്നിരിക്കണം അതുകൊണ്ടാവുമല്ലോ അവനെ തങ്ങളോട് ചേർത്ത് പിടിച്ച് ആ മുഖങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞത് ഏട്ടാ മനു...... ഇല്ലെടോ, നമ്മളെ ദൈവം അങ്ങെനെ കൈ വിട്ടിട്ടില്ല.... അവന്റെ ഉള്ളിൽ ദച്ചു ഉണ്ട്, ഒരുപക്ഷെ നമ്മളെക്കാൾ കൂടുതൽ.. ഇന്ന് അവിടെ അവനെ താൻ കണ്ടതല്ലേ.. ആ രൂപം, ആ കണ്ണുകളിലെ തീക്ഷ്ണത.. കുട്ടിക്കാലത്ത് ദച്ചു തെറ്റ് ചെയ്യുമ്പോഴും അവൾക്ക് വേണ്ടി നമ്മളോട് വാദിച്ച കുഞ്ഞ് മനു ആയിരുന്നില്ലേ അവനപ്പോൾ???? മനു പോകുന്നത് കാണ്കെ ഒരു നെടുവീർപ്പോടെ പറഞ്ഞതും ആ അച്ഛന്റെ മറുപടിയിൽ ആ അമ്മയുടെ തല യന്ത്രികമായി ആടി... വർഷങ്ങൾക്ക് ശേഷം ആദ്യമായി തന്റെ മകൻ മകളെ ചേർത്ത് പിടിച്ചിരിക്കുന്നു.. അവളുടെ ഓരോ ബർത്ത്ഡേയ്ക്കും ചടങ്ങുപോലെ അവൾക്ക് കൊടുക്കാനായി തന്റെ കൈയിൽ ഓരോ പൊതി ഏൽപിക്കുമ്പോഴും കരുതിയിരുന്നത് താൻ വഴക്ക് പറഞ്ഞതുകൊണ്ട് വാങ്ങിയതാണ് ന്നാണ്.. പക്ഷെ അല്ല, മനു അവനവന്റെ പെങ്ങൾ ജീവൻ തന്നെയായിരുന്നു ........ ഒരു നിമിഷം ആ അമ്മയുടെ ഓർമകൾ ഇരുപത്തിമൂന്ന് വർഷം പിന്നിലേക്ക് പോയി, മനൂട്ടാ, നോക്കിക്കേ മോന്റെ അനിയത്തി വാവ....

ആശുപത്രികിടക്കയിൽ അമ്മയോട് ചേർന്ന് കൈകൾ രണ്ടും പൊക്കി, കാലിട്ടടിക്കുന്ന കുഞ്ഞിപ്പെണ്ണിനെ ചൂണ്ടി അച്ഛനത് പറയുമ്പോൾ ആ ഏഴു വയസ്സുകാരന്റെ കണ്ണുകൾ അത്ഭുതത്താൽ വിടരുകയായിരുന്നു.. അവളുടെ ഇളം റോസ് കവിൾതടങ്ങളും നുണയുന്ന കുഞ്ഞിചുണ്ടും നോക്കിനിന്നു അവൻ...... ഓർമകളിൽ തന്നെയായിരുന്നു അവനും, ബെഡിൽ കിടക്കുമ്പോഴും നെറ്റിയ്ക്ക് കുറുകെ കൈകൾ വെച്ച് മെല്ലെ അവൻ കണ്ണുകളടച്ചു, ഒരു വിശ്രമം അവന് ആവിശ്യം ആണെന്ന് തോന്നിയതുകൊണ്ട് കിച്ചു പോലും അവിടേക്ക് പോയില്ല........ തേട്ടന്റെ വാവ....!!!! അത്ഭുതമൂറിയ കണ്ണുകളോടെ അവൻ ആ കുഞ്ഞിവിരൽ തൊട്ടു, അവന്റെ സ്പർശനം അറിഞ്ഞെന്നപോലെ ആ കുഞ്ഞിളം ചുണ്ടിൽ ഒരു ചിരി വിടർന്നു........ അഴിയന്നൂർക്കായിരുന്നു പ്രസവശേഷം അവർ വന്നത്... ആരതി ഉഴിഞ്ഞ് മുത്തശ്ശി ആ കുഞ്ഞിപ്പെണ്ണിനെ തറവാട്ടിലേക്ക് സ്വീകരിക്കുമ്പോൾ ഏഴുവയസ്സുകാരന്റെ മിഴികൾ നീണ്ടത് ആരതിയിൽ നിന്നുയർന്നുപൊങ്ങിയ പുകച്ചുരുളുകളെയായിരുന്നു... വാവയുടെ അടുത്തേക്ക് അവ വരുന്നുണ്ടോ ന്ന് നോക്കിനിന്ന ആ നിമിഷം മുതൽ തുടങ്ങുകയായിരിന്നു അവനിലെ ഏട്ടന്റെ കരുതൽ.....

നൂല് കെട്ടിന് മറ്റുള്ളവരെല്ലാം ഓരോ സമ്മാനങ്ങൾ അവൾക്ക് കൊടുത്തപ്പോൾ ഏഴുവയസ്സുകാരന്റെ കൈയിലുണ്ടായിരുന്നത് കുറെയേറെ നാണയതുട്ടുകളായിരുന്നു, അതിലവൻ ഒരു പള്ളയുടുപ്പ് ആരെക്കൊണ്ടൊക്കെയോ പറഞ്ഞ് വാങ്ങിപ്പിച്ചു, രാത്രി മുഴുവൻ ഉറക്കമൊഴിച്ച് അതിലവൻ രണ്ട് രൂപങ്ങൾ വരച്ചു... ഏട്ടന്റെ കൈയിൽ പിടിച്ച് നിൽക്കുന്ന അനുജത്തി... ഐ ലവ് യൂ വാവ ന്ന് ആ ചിത്രത്തിന് താഴെ ക്രയോൻ വെച്ച് എങ്ങെനെയൊക്കെയോ എഴുതി വെച്ചു... പിറ്റേന്ന് വിലപിടിച്ച ഒരുപാട് സമ്മാനങ്ങൾക്കിടയിൽ അവന്റെ ആ കുഞ്ഞ് സമ്മാനവും അവൾക്കരികിലെത്തി... അത്ഭുതമായിരുന്നു എല്ലാവർക്കും....... പിന്നീടങ്ങോട്ട് ആ കുഞ്ഞിചെക്കന്റെ ലോകമേ അവളായിരുന്നു........ തേട്ടന്റെ വാവ.... അവൾ കരയുമ്പോൾ അവനും കരയും, ചിരിക്കാൻ വേണ്ടി കോപ്രായങ്ങൾ കാട്ടും... കൈകൊട്ടി ചിരിക്കുന്ന പെണ്ണിന് കുഞ്ഞിപ്പല്ല് വരുന്നെന്നു ആദ്യം കണ്ടുപിടിച്ചതും അവനായിരുന്നു... അവൾ പിടിച്ചു നിൽക്കാൻ ശ്രമിച്ചപ്പഴൊക്കെ ഒരു കരുതലായി അവൻ അവളുടെ അടുത്തുണ്ടായിരുന്നു, അവളുടെ കുറുമ്പുകൾക്ക് കുട പിടിച്ചവൻ, അച്ഛയുടെ വഴക്ക് അവൾക്കായ് കേട്ടവൻ.... തന്റെ ഓർമകൾ ബല്യത്തിലൂടെ കടന്നുപോകെ ആ ചൊടിയിൽ ഒരിളം പുഞ്ചിരി വിരിഞ്ഞു.....

തന്റെ കൈയിൽ തൂങ്ങിയായിരുന്നു അവൾ നടന്നിരുന്നത് ., എന്തിനും ഏതിനും ഏട്ടൻ മതിയായിരുന്നു അവൾക്ക്... പക്ഷെ, എല്ലാം പെട്ടെന്നായിരുന്നു മാറിമറിഞ്ഞത്.... സ്കൂളിലോപ്പം പഠിച്ചൊരു കൂട്ടുകാരന്റെ അനുജൻ മരിച്ച വാർത്ത എല്ലാവരെയും പോലെ അവനെയും ഞെട്ടിച്ചു, ആ ഞെട്ടലിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു,ആ നാല് വയസ്സുകാരനെ കൊന്നത് സ്വന്തം ഏട്ടൻ തന്നെയായിരുന്നു എന്ന് പോലും......... തനിക്കൊപ്പം ഇരുന്നവനാണ്, ഏകദേശം ദച്ചുവിന്റെ പ്രായം തന്നെയായിരുന്നു ആ കൊച്ചിനും..... ഒരു ഏഴാം ക്ലാസുകാരന്റെ മനസ്സിനെ വല്ലാതെ കുലുക്കിയ സംഭവമായിരുന്നു അത്, വാർത്തയിലൂടെ അറിഞ്ഞു,വീട്ടുകാർക്ക് തന്നോട് തോന്നിയ അവഗണനയായിരുന്നു ആ കുട്ടിയെകൊണ്ട് അങ്ങെനെ ഒരു കടുംകൈ ചെയ്യിപ്പിച്ചതെന്ന്...... ആ അക്ഷരങ്ങളിലൂടെ പോകെ അറിയാതെ അവന്റെ മനസ്സും അവനോട് തന്നെ താരതമ്യം ചെയ്യാൻ തുടങ്ങി..... അവൾ വന്നതിന് ശേഷമുള്ള ഓരോ മാറ്റങ്ങൾ..... ആർക്കും തന്നെ വേണ്ടാത്തത്പോലെ.. എല്ലാവർക്കും ദച്ചു മാത്രം മതിയായിരുന്നു........ മെല്ലെ മെല്ലെ ആ മനസ്സ് മുഴുവൻ അതായി തുടങ്ങി...... ആ സമയം നടന്ന ക്ലാസ്സ്‌ടെസ്റ്റുകളിലൊക്കെ അവൻ ആദ്യമായ് തോറ്റു,

അതോടെ അച്ഛന്റെ ചൂരലിന്റെ രുചിയും ജീവിതത്തിലാദ്യമായി അവനറിയുകയായിരുന്നു.... കൊച്ചിനെ നോക്കുവാണെന്ന് പറഞ്ഞ് പഠിക്കാതിരിക്കുവാ.... മൂത്തതിനെ കണ്ടല്ലേ ഇളയതും പഠിക്കുന്നെ,...... ഒരിക്കൽ അച്ഛന്റെ വായിൽ നിന്ന് വീണ വാക്കുകൾ പിന്നേ അമ്മയിൽ നിന്നും കേൾക്കാൻ തുടങ്ങി,.. പയ്യെ പയ്യെ എല്ലാത്തിൽ നിന്നും അവൻ ഉൾവലിയാൻ തുടങ്ങി, അപ്പോഴും ഒരിക്കൽപോലും ദച്ചുവിനോട് ഒരു ദേഷ്യം അവന് തോന്നിയില്ല ആകെയുണ്ടായിരുന്നത് ഭയമായിരുന്നു, താൻ അവളെ എന്തെങ്കിലും ചെയ്യുമോ എന്ന പേടി... പയ്യെ പയ്യെ ആ പേടി കാരണം അവനവളുടെ അടുക്കലേക്ക് പോകാതായി,ഏട്ടനെ കണ്ട് കുഞ്ഞിദച്ചു കൈകൾ പൊക്കി കരയുമ്പോൾ സ്വയം നീറിക്കൊണ്ട് അവളെ അവഗണിച്ചവൻ നടന്നുപോയി.... ആദ്യം ആരുമൊന്നും ശ്രദ്ധച്ചിരുന്നില്ല,പയ്യെ പയ്യെ എല്ലാരും അവന്റെ മാറ്റത്തെ മനസ്സിലാക്കിയപോഴേക്കും മാനസികമായി വല്ലാത്തൊരു അവസ്ഥയിൽ ആ കുഞ്ഞു മനു എത്തിയിരുന്നു... ജീവിതത്തിന്റെ തിരക്കിൽ ഇളയ കുഞ്ഞിന് കൊടുത്തിരുന്ന ശ്രദ്ധ മൂത്തമകന് കൊടുക്കാൻ പറ്റാതെ പോയ അച്ഛനമ്മമാരുടെ പരാജയം അത് ആ കുഞ്ഞിന്റെ ബാല്യത്തെആയിരുന്നു ബാധിച്ചത്.... പൂജകൾ പണ്ട് സ്ഥിരമായി നടന്നിരുന്ന അഴിയന്നൂരിൽ പിന്നേ പല പല നമ്പൂതിരിമാർ വന്നുപോയി,

ആരുടെയൊക്കെയോ കണ്ണ്ദോഷം ആണെന്ന് പറഞ്ഞ് മുത്തി വിളിച്ചു വരുത്തിയ നമ്പൂതിരിമാർ ഒരുക്കിയ കളത്തിൽ മനസ്സില്ലാമനസ്സോടെ അവനെ അവരിരുത്തി..... പിന്നീടങ്ങോട്ട് അതൊരു സ്ഥിരം പതിവായി,, കളിച്ചുനടക്കേണ്ട സമയം അവൻ അധികവും കണ്ടത് പലപല നിറങ്ങളിൽ ഒരുക്കിയ മന്ത്രകളങ്ങളായിരുന്നു....ഒടുവിൽ വന്ന ആരോ കുട്ടീടെ ജാതകം എന്തൊക്കെയോ ദോഷമുള്ളതാണെന്നൊക്കെ പറഞ്ഞത് കേട്ട് ആ മനസ്സ് വല്ലാതെ നൊന്തു.. ഒരുപക്ഷെ, സ്നേഹത്തോടെ അരികിലിരുത്തി പറഞ്ഞു മനസ്സിലാക്കാൻ അന്ന് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവന്റെ ബാല്യം ഇങ്ങെനെ ആവില്ലായിരുന്നു.. ജോലി തിരക്കിൽ വേറെ സ്ഥലത്തായിരുന്ന അച്ഛനും, ദച്ചുവിനെ മാത്രം ശ്രദ്ധിച്ചുപോയ അമ്മയും അവന്റെ ഉള്ളിലെ ഭയത്തെ വീണ്ടും കൂട്ടി,അന്ന് അവന് ഏക കൂട്ട് കിച്ചുവായിരുന്നു, അവന്റെ അതേ പ്രായക്കാരനായിരുന്ന കിച്ചു.... പയ്യെ പയ്യെ അവൻ വളർന്നു, ഒപ്പം മനസ്സിലെ ഭയവും... ഇതിനോടകം തന്നെ ദച്ചു അവനിൽ നിന്നൊരുപാട് അകന്നിരുന്നു, സ്വന്തം ഏട്ടനേക്കാൾ അവൾക്ക് ആരുവും ജിത്തുവും കിച്ചുവുമൊക്കെയായിരുന്നു വലിയ കാര്യം.... താനൊന്ന് കരഞ്ഞാൽ പോലും തിരിഞ്ഞുനോക്കാത്ത ഏട്ടനെ അവളും അവഗണിച്ചുപോന്നു.......

വർഷങ്ങൾക്ക് ശേഷം അവൻ പത്തിൽ ആയപ്പോഴാണ് അവനിലെ സ്വഭാവത്തിന് മാറ്റമില്ലെന്ന് കണ്ട് ഡോക്ടർ സക്കറിയയുടെ അടുത്തേക്ക് അവനുമായി അവർ ചെല്ലുന്നത്.. ഡോക്ടറിലൂടെ അവർ അറിയുകയായിരുന്നു തന്റെ മകന്റെ ഉള്ളിലെ ഭയം.... അപ്പോഴേകും അവന്റെ മനസ്സ് ആ ചിന്തകളോട് പാകപ്പെട്ടു കഴിഞ്ഞിരുന്നു, ഒരുപക്ഷെ അവളോട് അടുത്താൽ താൻ ജീവനെപോലെ സ്നേഹിക്കുന്ന പെങ്ങളെ താൻ തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയം അവനെ അടക്കി വാണു,ഒരു ചേർത്ത് നിർത്തലിൽ ഒരുപക്ഷെ മാറ്റിയെടുക്കാമായിരുന്നതിനെ ഇങ്ങെനെയാക്കിയത് ആ കുടുംബം തന്നെയായിരുന്നു..... ആരെയും അറിയിക്കാതെ നടത്തിയ ചികിത്സകൾക്കൊടുവിൽ അവനെ പഴയ മനു ആക്കാൻ അച്ഛനും അമ്മയ്ക്കും കഴിഞ്ഞു, പക്ഷെ, ദച്ചു അവളോടുള്ള സമീപനം മാറ്റമില്ലാതെ തന്നെ തുടർന്നു........ കണ്ണിടുക്കിൽ നിന്ന് ചെവിയിടയിലേക്ക് ഒഴുകിയിറങ്ങിയ കണ്ണുനീർ അവൻ ഒപ്പിമാറ്റി.... ശെരിയാ... മാനവ് സ്വന്തം പെങ്ങളെ ചേർത്ത് നിർത്തിയിട്ടില്ല, മുത്തിയിട്ടില്ല.. അവൾ ആഗ്രഹിച്ചപ്പോഴൊന്നും അവളോടൊപ്പം നിന്നിരുന്നില്ല... എല്ലാം എല്ലാം എന്റെ തെറ്റുകളായിരുന്നു.... കുട്ടിക്കാലത്തെപ്പോഴോ എല്ലാരുടെയും ശ്രദ്ധ നിന്നിൽമാത്രം ആണെന്നറിഞ്ഞപ്പോഴുള്ള ഒരു ഏഴു വയസ്സുകാരന്റെ മനസ്സിൽ തോന്നിയ അപകർഷതബോധം അവനോടൊപ്പം തന്നെ വളർന്നു..... പേടിയായിരുന്നു പെണ്ണെ, ഞാൻ നിന്നെ വല്ലതും ചെയ്തുപോകുമോ എന്നപേടി....

പതിയെ പതിയെ നിനക്കും ഏട്ടന്റെ സ്ഥാനത്ത് എന്നേക്കാൾ ഉപരി അവന്മാരായി മാറി..... അതൊക്കെ എന്നെ വല്ലാതെ പിടിച്ചുലച്ചിരുന്നു.. ഒപ്പം, എന്റെ പ്രണയം കൂടി നഷ്ടമായത് നീ കാരണമാണെന്നുള്ള ചിന്ത എന്നെ നിന്നിൽ നിന്നൊരുപാട് അകറ്റി മോളെ....... പക്ഷെ, അപ്പോഴും നിന്റെ മേൽ വീഴുന്ന ഓരോ മണൽതരികളും ഏതൊരു ആങ്ങളെയെപോലെ എന്നെയും വേദനിപ്പിച്ചുകൊണ്ടേയിരുന്നു... പനിച്ചുവിറച്ച് നീ കിടന്നപ്പോഴൊക്കെ നിന്റെ അരികിൽ ഞാനുണ്ടായിരുന്നു.. എന്റെ ഓരോ ബർത്ത്ഡേ ക്കും നീ അച്ഛന്റെ കൈയിൽ കൊടുത്തുവിടുന്ന ഗിഫ്റ്റുകൾ പോലെ, നിന്നിലേക്കും എന്റെ സമ്മാനങ്ങൾ എത്തിയിരുന്നു, നമ്മുടെ അമ്മയിലൂടെ.......പാവം അമ്മ പോലുമറിയാതെ... അവൻ മെല്ലെ എണീറ്റ് മേശയുടെ അടുക്കലേക്ക് നടന്നു, അതിൽ ഭദ്രമായി വെച്ച ഡയറി തുറന്നു... മൈ പ്രിൻസസ്സ്! താൻ വരച്ച ദച്ചുവിന്റെ ചിത്രത്തിലൂടെ ആ വിരലുകൾ ചലിച്ചു........ നീ എന്ത് കരുതി മോളെ, നിന്റെ ഈ ഏട്ടൻ നിന്നോടൊപ്പം ഇല്ലായിരുന്നു എന്നോ??? ഞാനുണ്ടായിരുന്നു പെണ്ണെ ഒരു നിഴലായി നിന്നോടൊപ്പം.... നീ പോയിടത്തൊക്കെ, ചെന്ന് പെട്ട കുരുക്കുകളിലൊക്കെ, നിന്റെ സന്തോഷത്തിൽ സങ്കടത്തിൽ... അങ്ങെനെ അങ്ങെനെ എല്ലാത്തിനും ഒടുവിൽ എദനിൽ വരെ....

നിന്റെ കണ്ണ് നിറയുന്നത് സഹിക്കില്ല എനിക്ക്, അഗ്നി, അവന്റെ കൈയിൽ നീ സുരക്ഷിതയായിരിക്കുമെന്നാ കരുതിയെ പക്ഷെ....... ഒരുവേള അവന്റെ ഉള്ളിൽ മുൻപ് നടന്ന ഓരോ രംഗങ്ങളും മിന്നി മാഞ്ഞു... അഗ്നി, നീ എന്റെ പെങ്ങളെ വേദനിപ്പിക്കാൻ പാടില്ലായിരുന്നു...!!!!! ഇടറിയ ശബ്ദത്തോടെ അവനത് പറയുമ്പോൾ ഒരു ചുവരപ്പുറം അവനെ കേട്ടുകൊണ്ട് അവളുണ്ടായിരുന്നു, ഇന്നോളം അവനൊപ്പം നിന്നവൾ, അവൾക്കായി സ്വയം കുറ്റക്കാരിയും ക്രൂരയും ആയവൾ, ഉള്ളിൽ നീറിക്കൊണ്ട് പുറമെ വഞ്ചകി ആയവൾ, സ്വന്തം പ്രണയത്തിനു വേണ്ടി, അവന്റെ അവസ്ഥ മനസ്സിലാക്കികൊണ്ട് അവന് താങ്ങായി എല്ലായ്പോഴും നിന്നവൾ, ഒടുവിൽ അവൻ പോലുമറിയാതെ അഗ്നിയെ വിളിച്ചവൾ... അഞ്ജലി!!!!! ഹലോ അഗ്നി, കേട്ടില്ലേ എല്ലാം....... കാതോരം ഫോൺ വെച്ച് അവളത് ചോദിക്കുമ്പോൾ മറുതലയ്ക്കൽ ചിരിയോടെ അവനുണ്ടായിരുന്നു, ഏട്ടന്റെ സ്നേഹം തന്റെ പെണ്ണിന് തിരികെ നൽകുമെന്ന് വാക്ക് നൽകിയ പുരുഷൻ അഗ്നിദത്ത്!!!!..............(തുടരും ).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story