ദയാ ദുർഗ: ഭാഗം 10

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""അ.. അടുത്തേക്ക് വരണ്ട.... ഞാൻ... ഞാൻ.... വിളിച്ചു കൂവും......"" പതർച്ചയോടെയാണെങ്കിലും ദയ അയാളുടെ കണ്ണുകളിൽ ഉറ്റ് നോക്കി പറഞ്ഞു...... രവീന്ദ്രന്റെ കണ്ണും മനസ്സുമൊന്നുലഞ്ഞു.. ഒരു പെണ്ണിന്റെ തീക്ഷ്ണമാർന്ന നോട്ടത്തിൽ ഉരുകിയൊലിക്കാൻ പാകത്തിനാത്മബലവും , കാമവും മാത്രമേ അയാളെ പോലെയുള്ള നെറികെട്ടവൻമാർക്കുള്ളിലുള്ളൂ..... പല സ്ത്രീകളും അത് മനസ്സിലാക്കാതെ പോകുന്നു.....!! "നിങ്ങളെന്താ ഇവിടെ.....???" പിറകിൽ നിന്നുമൊരു പുരുഷ ശബ്ദം... രവീന്ദ്രൻ ഞെട്ടി പരിഭ്രമത്തോടെ പിന്തിരിഞ്ഞു..... വാതിൽ പടിയിൽ കൈകൾ രണ്ടും മാറിൽ പിണച്ച് കെട്ടി കൈലാസ് നിൽക്കുന്നു ... അയാളെ കണ്ട നിമിഷം തന്നെ ദയക്ക് തന്റെ ജീവൻ തിരിച്ച് കിട്ടിയ പോൽ ആശ്വാസം തോന്നി...... ""അല്ല മോനെ.. വന്നവർക്ക് ചായ കൊടുക്കണ്ടേ... അതാ ഞാൻ.......""" നാവിൽ വഴങ്ങിയ നുണ നിഷ്കളങ്കമായി പറഞ്ഞ് ഫലിപ്പിക്കാൻ ശ്രമിച്ചു രവീന്ദ്രൻ ... മറുപടിയായി കൈലാസ് കനത്തിലൊന്ന് മൂളി , ശേഷം ദയയെ നോക്കി ......

അവളപ്പോഴും ഉമിനീർ പോലുമിറക്കാതെ അടി മുടി വിറച്ച് നിൽക്കുകയായിരുന്നു..... """വല്യച്ഛൻ ചെല്ല്.... ചായ ദച്ചു കൊണ്ട് വന്നോളും ........""" കൈലാസ് തീർപ്പ് കല്പിച്ചു.... വീണ്ടുമൊരിക്കൽ കൂടി ദയ തന്റെ കൈ വെള്ളയിൽ നിന്നും വഴുതി പോയതിൽ രവീന്ദ്രന് ദേഷ്യം തോന്നി... ഉള്ളം രോഷത്താൽ കത്തി ജ്വലിച്ചു.... എങ്കിലും അത് പുറമേ പ്രകടിപ്പിക്കാതെ അയാൾ തന്റെ ചുമലിലിട്ട തോർത്തെടുത്തൊന്ന് വീശി കുടഞ്ഞ് നടന്നകന്നു...... ദയ അത്യധികം ആശ്വാസത്തോടെ കണ്ണടച്ച് ദീർഘമായി നിശ്വസിച്ചു , പിന്നീട് മിഴികൾ ചിമ്മി തുറന്നപ്പോൾ കണ്ടു കണ്ണിമയ്ക്കാതെ തന്നെ മാത്രം നോക്കി നിൽക്കുന്ന കൈലാസിനെ .....!! നിമിഷങ്ങൾക്ക് മുന്നേ വിട്ടൊഴിഞ്ഞ ഭയം വീണ്ടും മനസ്സിനെ പിടികൂടി.... ശരീരം വിയർത്തു.... നേത്രഗോളങ്ങൾ ധ്രുത ഗതിയിൽ അയാളിലൂടെ ചലിച്ച് തുടങ്ങി.... ‘എന്തിനിത്ര ഭയക്കണം !!!’ എന്ന് തന്നത്താൻ നൂറായിരമാവർത്തി ചോദിച്ചിട്ടും തൃപ്തികരമായൊരുത്തരം ലഭിച്ചില്ല.... കൈലാസ് ദയയിൽ നിന്നും നോട്ടം പിൻവലിക്കാതെ വന്നപ്പോൾ അവൾ പിന്തിരിഞ്ഞ് തിളച്ച് മറിയുന്ന വെള്ളത്തിലേക്ക് ഉറ്റ് നോക്കി നിന്നു ...

""ദച്ചു......."" കൈലാസിന്റെ സൗമ്യമാർന്ന സ്വരം... ദയ പിന്തിരിഞ്ഞില്ല ...... എന്തുകൊണ്ടോ അയാളുടെ സാന്നിധ്യം അവളിൽ അരോചകത്വം നിറയ്ക്കുന്നുണ്ടായിരുന്നു.... ആകെയൊരു വിമ്മിഷ്ടം.... അയാൾ തിരികെ പോയിരുന്നെങ്കിലെന്നവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി....... കൈലാസിന് ദയയോടെന്തൊക്കെയോ സംസാരിക്കണമെന്നുണ്ട്... പക്ഷേ അവളുടെ വിമുഖത അയാളെ നിശബ്ദനാക്കുന്നു.... കൈലാസ് ഒരിക്കൽ കൂടി ദയയെ വിളിച്ചു..... ഇനിയും കേട്ടില്ലെന്ന് നടിക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കി ദയ സ്റ്റവ് ഓഫ്‌ ചെയ്ത് അയാൾക്കഭിമുഖമായി നിന്നു...... ""എടോ... തന്റെ ബുദ്ധിമുട്ടുകളൊക്കെ ഞാൻ അറിഞ്ഞു.....അങ്ങ് മറന്നേക്കെടോ..... എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ.... കാര്യമാക്കണ്ട.....""" ദയയിൽ മൗനം..... അതിലും നല്ലൊരു മറുപടി അയാൾക്ക് നൽകാനില്ലെന്നവൾക്ക് തോന്നി കാണണം .....!! ‘എല്ലാം മറക്കണമെന്ന് എത്ര ലാഘവത്തോടെയാണിയാൾ പറഞ്ഞത്.... എന്താണ് മറക്കേണ്ടത്..!! എവിടെയാണ് മറക്കേണ്ടത്!! എങ്ങനെയാണ് മറക്കേണ്ടത്!! ഇനി അഥവാ മറക്കാൻ ശ്രമിച്ചാൽ തന്നെ പകരമായി ഓർക്കാൻ സുഖവും , ആനന്ദവും ലഭിച്ച നിമിഷങ്ങൾ ഇതുവരെ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടോ???

കഴിഞ്ഞ കുറച്ച് നിമിഷങ്ങൾ പോലും അത്രമേൽ ഭീതിയോടെയാണ് കടന്ന് പോയത്.....’!!! ""ഞങ്ങൾക്കങ്ങോട്ട് വരാവോ??? "" ഗോപികയുടെ ശബ്ദമാണ് ദയയെ ആലോചനകളിൽ നിന്നുമുണർത്തിയത്... അവൾ മിഴികളുയർത്തി വാതിൽക്കലേക്ക് നോക്കി..... ഗോപികയ്‌ക്കൊപ്പം ശരണും നിൽപ്പുണ്ട്.... ഇരുവരുടെ ചുണ്ടുകളിലും മനോഹരമായ മന്ദഹാസം ..... ഗോപിക ദയക്കരികിൽ വന്നു നിന്ന് അവളുടെ ചുമലിലൂടെ കയ്യിട്ട് ശരീരത്തോട് ചേർത്ത് നിർത്തി.... """പ്രൊപോസൽ സീനൊക്കെ കഴിഞ്ഞോ??? ഹേ........"""?? കുറുമ്പോടെ ചോദിച്ച ഗോപികയെ നോക്കി കൈലാസ് കണ്ണുരുട്ടി.... ദയയാകട്ടെ അവൾ പറഞ്ഞ ഇംഗ്ലീഷ് വാക്കിന്റെ പൊരുൾ തേടുകയായിരുന്നു.... പെട്ടന്നാണ് ഗോപിക ദയയുടെ വലത് കൈ തലമെടുത്ത് കൈലാസിന്റെ കൈകളിലേക്ക് ചേർത്ത് വച്ച് കൊടുത്തത്....... """ഏട്ടാ ..... ദേ എന്റെ ദച്ചൂനെ ഞാൻ നിനക്ക് തന്നിരിക്കുന്നു....എപ്പോഴും കൂടെയുണ്ടാകണം..... വിട്ട് കളയരുത്.....""" ദയ ആകെ പരിഭ്രമിച്ചു.... കൈലാസിന്റെ കൈപിടിയിൽ നിന്നും തന്റെ ഉള്ളം കൈ മോചിപ്പിക്കാനവളൊരു പാഴ് ശ്രമം നടത്തി നോക്കി..... എന്നാൽ അയാളവുടെ കൈ വെള്ള മുറുകെ പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത് വച്ചു ...... """ഇല്ല......""" പുഞ്ചിരിയോടെ പറഞ്ഞയാൾ ദയയെ നോക്കി കണ്ണ് ചിമ്മി......

കണ്ട് നിന്ന ഗോപികയുടെ മനസ്സ് നിറഞ്ഞു.... ശരണിലും അതേ സന്തോഷവും നിർവൃതിയും..... ദയയിൽ പ്രത്യക്ഷത്തിൽ വലിയ ഭാവമാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഉള്ളിലെവിടെയോ നേർത്തൊരു ചലനം ഉടലെടുത്തു ..... തനിക്കൊപ്പം ആരൊക്കെയോ ഉണ്ടെന്നുള്ളതിന്റെ സമാധാനം......!!! 🌼🌼🌼🌼🌼 ജനലഴികളിലൂടെ മുറിയിലേക്കരിച്ചിറങ്ങിയ തണുപ്പേറ്റ് ദയ കിടക്കയിൽ ഒന്ന് കൂടെ ചുരുണ്ട് കൂടി.... പേരിനൊരു പുതപ്പുണ്ട്.... അത് കൊണ്ട് ശരീരം മൂടുന്നതും മൂടാത്തതും കണക്കാണ്.... അത്രയേറെ പിന്നി കീറി ഓട്ടയായിരിരിക്കുന്നു.... മുത്തശ്ശന്റെ മുറിയിൽ നിന്നും അലാറം അടിക്കുന്നത് കേൾക്കാം.... അഞ്ചരയുടെ അലാറം ആണ്... എന്നും തന്നെ ഉണർത്തുന്ന ശബ്ദം.... ദയ ശ്രദ്ധയോടെ ദേഹത്ത് നിന്നും പുതപ്പ് മാറ്റി എഴുന്നേറ്റു.... ഒന്ന് ബലം പ്രയോഗിച്ചാൽ അത് മുഴുവനായും കീറി പറയും.... അവൾ എഴുന്നേറ്റ് മുറിയുടെ വാതിൽ തുറന്ന് ഇടനാഴിയിലേക്ക് കയറി ...... """ഉമ്മറ വാതിൽ തുറന്നിട്ടിരിക്കുന്നു....!!!"" എന്നും താനാണ് വാതിൽ തുറക്കാറ്.... എന്തെങ്കിലും വിശേഷ ദിവസങ്ങളിലല്ലാതെ ആരും ഈ നേരത്തഴുന്നേൽക്കാറില്ല... അവൾ അല്പം ശങ്കയോടെ പുറത്തേക്കിറങ്ങി..... നല്ല മഞ്ഞുണ്ട്...... മുറ്റത്തെ മുല്ല ചെടിയിൽ പൂക്കൾ വിടർന്നിരിക്കുന്നു.....

ചിലത് മഴയേറ്റ് കുതിർന്ന മണ്ണിൽ ഞെട്ടറ്റ് വീണ് കിടപ്പുണ്ട്..... ദയ മുറ്റത്തേക്കിറങ്ങി ശ്വാസമൊന്ന് നീട്ടിയെടുത്തു..... നനഞ്ഞ മണ്ണിന്റെയും , മുല്ല പൂക്കളുടെയും മനം മയക്കുന്ന നാടൻ സൗരഭ്യം...... ഉലഞ്ഞ് കിടക്കുന്ന കടും കറുപ്പാർന്ന മുടിയിഴകൾ വാരി മുറുക്കി കെട്ടിയവൾ കിണറ്റിൻ കരയിലേക്ക് നടന്നു.... ഒരു തോട്ടി വെള്ളം കോരി കയ്യും , വായും , മുഖവും കഴുകുമ്പോഴാണ് ആരോ ശ്രുതിയിടുന്ന ശബ്‍ദം കേൾക്കുന്നത്..... ""മ്മ്മ്മ്................. കല്യാ...ണ രാ....മാ........... കല്യാണ രാമാ... രഘു രാമ... രാമ...."" കർണപുടത്തിലേക്കൊഴുകിയെത്തിയ സ്വര മാധുര്യത്തിൽ ഒരു വേള ലയിച്ച് നിന്നു പോയി ദയ.... പിന്നീട് ശബ്ദത്തിനുറവിടം തേടിയവളുടെ മിഴികൾ ചുറ്റിലുമലഞ്ഞു ...... ഒടുക്കം ചായപ്പിൽ നിന്നാണ് ഗാനാലാപനം എന്ന് മനസ്സിലായതും കാലുകൾ യാന്ത്രികമായി ധൃതിയിൽ അവിടേക്ക് ചലിച്ചു .... ചാരിയിട്ട ഉമ്മറവാതിലിനിടയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ കണ്ടു തറയിൽ ചമ്രം പടിഞ്ഞിരുന്ന് താളമിട്ട് പാടുന്ന മഹാലക്ഷ്മിയെ..... അവർക്ക് മുമ്പിൽ ശരണും , കൈലാസ്സും , സ്വാതിയും , ഗോപികയും ഇരിപ്പുണ്ട്.....

ഇരുവശങ്ങളിലായി സംഗീതം ആസ്വദിച്ച് കൊണ്ട് വല്യമ്മയും , സിദ്ധാർഥേട്ടനും...... ശരണും , കൈലാസ്സും , സ്വാതിയും അവർക്കൊപ്പം ശ്രുതി ചേർത്തേറ്റു പാടുമ്പോൾ ഗോപിക ഉറക്കം തൂങ്ങിയാടുന്നു.... അവളുടെ കൈകൾ താളമിടുന്നെന്ന പോലെ വെറുതെ അനങ്ങുന്നുണ്ട്...... """ഗോപൂ...... """ കീർത്തനം പാടി നിർത്തി മഹാലക്ഷ്മി വാത്സല്യപ്പൂർവ്വം ഗോപികയെ വിളിച്ചു... അവൾ ഞെട്ടി എഴുന്നേറ്റ് മൂവരെയും നോക്കി ജാള്യതയോടെ ചിരിച്ചു... ""മഹിയമ്മേ... ഇവളെ കൊണ്ടിതിനൊന്നും കഴിയില്ലെന്നറിഞ്ഞൂടെ... പിന്നെ എന്തിനാ വെറുതെ......""" ""അവള് കുഞ്ഞല്ലേ കിച്ചൂ......."" പറഞ്ഞ് നിർത്തിയപ്പോഴാണ് മഹാലക്ഷ്മി വാതിലിന്റെ മറവിൽ നിൽക്കുന്ന ദയയെ കണ്ടത്..... ""ഇങ്ങട് കയറി വന്നോളൂ കുട്ടീ...."" അവർ അലിവോടെ വിളിച്ചു.... അടുത്ത നിമിഷം തന്നെ എല്ലാവരുടെയും ശ്രദ്ധ ദയയിലേക്കായി.... ദയ ആകെ വിരണ്ടു ..... അകത്തേക്ക് കയറിയാൽ വല്യമ്മ വഴക്ക് പറയും.... കയറാതിരുന്നാൽ ആ അമ്മയെ ധിക്കരിച്ചുവെന്ന് കരുതില്ലേ...!! പെട്ടന്നാരോ അവൾക്ക് മുന്നിൽ വാതിൽ മലർക്കേ തുറന്നു...... ദയ ഞെട്ടി മുഖമുയർത്തി നോക്കി.... ശരണായിരുന്നു അത്.... ""വാടോ....."" അയാൾ അധികാരത്തിൽ ദയയുടെ കൈകളിൽ കൈ ചേർത്ത് അവളെ അകത്തേക്ക് കൂട്ടി.....

ഉള്ളിലേക്കോരോ അടി വയ്ക്കുമ്പോഴും അവളുടെ കണ്ണുകൾ നീണ്ടത് സാവിത്രിയിലേക്കും , സിദ്ധാർഥിലക്കുമായിരുന്നു..... നീരസം നിറഞ്ഞ ഇരുവരുടെയും മുഖം വിളിച്ചോതുന്നുണ്ട് തന്റെയീ കടന്ന് വരവവർക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന്..... ""പോയി അമ്മേടെ അരികിലിരുന്നോ....."" ""വേ.. വേണ്ട....."" ""അവളെ വിട്ടേക്ക് മോനെ... ഈ ജന്തൂന്റെ തനി കൊണം അനുസരിച്ച് ഇവിടെയെന്താ നടക്കണതെന്ന്‌ ഒളിഞ്ഞ് നോക്കാൻ വന്നതായിരിക്കും...... നാശം......!! "" അവർ പല്ല് കടിച്ചു...... ദയയുടെ മുഖം താഴ്ന്നു... കണ്ണുകൾ കലങ്ങിയൊഴുകി...... ""ഞാൻ പൊയ്ക്കോളാം......"" ആരെയും നോക്കാതെ ശരണിന്റെ കൈപിടിയിൽ നിന്നും കൈകൾ വേർപ്പെടുത്തിയവൾ പുറത്തേക്ക് നടന്നു...... """ദയാ ......."" നടന്നകലുന്ന ദയയെ നോക്കി വിളിച്ചു ശരൺ..... അവൾ നിന്നില്ല.....!!! ""വിളിക്കണ്ട മോനെ... പോയി തുലയട്ടെ അശ്രീകരം......"" ""ഏയ്......."" മഹാലക്ഷ്മിയുടെ ശബ്ദം ശാസനയോടെ ഉയർന്നപ്പോൾ സാവിത്രി വായടച്ചു..... അവർ വാതിൽ കടന്ന് പോകുന്ന ദയയെ നോക്കി ഇരുന്നു.... ""പാടി നോക്കൂ........""

ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് കൈലാസിനോടും , ശരണിനോടുമായി പറഞ്ഞവർ ധൃതിയിൽ പുറത്തേക്കിറങ്ങി...... ""ഒന്നവിടെ നിക്ക്യ കുട്ട്യേ ........"" ദയ നടത്തം നിർത്തി പിന്തിരിഞ്ഞു നോക്കി ..... """എങ്ങടാ ഈ ഓടണത്? """ """ഞാൻ... ഞാനൊളിഞ്ഞ് നോക്കാനൊന്നും വന്നതല്ല..... പാട്ട് കേട്ടപ്പോ...... ആരാന്ന് നോക്കാൻ...""" പറയുമ്പോൾ ദയ വിതുമ്പി പോയി.... മഹാലക്ഷ്മിക്കവളോട് വല്ലാത്ത അനുകമ്പ തോന്നി..... അവർ നറു ചിരിയോടെ അവളുടെ നേരുകിലൊന്ന് തഴുകി.... """പാട്ടിഷ്ടാണോ മോൾക്ക് ?? """ ""മ്മ്മ്....."" "''പാടുവോ??"" ദയ വ്യഗ്രതയോടെ ഇല്ലെന്നർത്ഥത്തിൽ ഇരു വശത്തേക്കും തല ചലിപ്പിച്ചു.... അതിനെന്തിനാ ഇങ്ങനെ വെപ്രാളപ്പെടണത്?? വരൂ... കുറച്ച് നേരം പാട്ട് കേട്ടിട്ട് പോകാം.... ദയ മടിച്ചു..... വീണ്ടും അപമാനിക്കപ്പെടാൻ അവൾക്കൊട്ടും താത്പര്യമുണ്ടായിരുന്നില്ല..... ഇല്ലെന്ന് മറുപടി പറയാൻ മുഖമുയർത്തിയപ്പോൾ കണ്ടു വാതിൽക്കൽ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന വല്യമ്മയെ..... ""ഞാൻ പോട്ടേ മേടം......"" വാക്കുകളവസാനിപ്പിച്ചവൾ തിരികെ വീട്ടിലേക്കോടി..............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story