ദയാ ദുർഗ: ഭാഗം 11

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

ദയ മടിച്ചു..... വീണ്ടും അപമാനിക്കപ്പെടാൻ അവൾക്കൊട്ടും താത്പര്യമുണ്ടായിരുന്നില്ല..... ഇല്ലെന്ന് മറുപടി പറയാൻ മുഖമുയർത്തിയപ്പോൾ കണ്ടു വാതിൽക്കൽ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന വല്യമ്മയെ..... ""ഞാൻ പോട്ടേ മേടം......"" വാക്കുകളവസാനിപ്പിച്ചവൾ തിരികെ വീട്ടിലേക്കോടി.... നിമിഷ നേരം ദൂരേക്കകലുന്ന ദയയെ നോക്കി നിന്ന ശേഷം മഹാലക്ഷ്മി വ്യസനത്തോടെ പിന്തിരിഞ്ഞു...... അപ്പോഴും വാതിൽക്കൽ സാവിത്രി നിൽപ്പുണ്ടായിരുന്നു..... അവർ മഹാലക്ഷ്മിക്കൊരു പുഞ്ചിരി നൽകി ..... എന്നാൽ അവരത് മുഖവുരയ്ക്കെടുത്തില്ല.... ""ആ കുട്ടി നിങ്ങളുടെ ആരാണ്??"" ""ഓ... അതെന്റെ അനിയത്തീടെ സന്തതിയാ...അവളും ഭർത്താവും ഈ പെണ്ണിന്റെ ജനന ശേഷം മരിച്ചു.. .

ജന്മ ദോഷം.....അല്ലാണ്ടെന്താ..!! നാശം പിടിച്ചോള്............""" സാവിത്രിയുടെ വാക്കുകളിൽ മഹാലക്ഷ്മിക്കതിയായ ദേഷ്യം തോന്നിയെങ്കിലും പുറമേ പ്രകടിപ്പിച്ചില്ല.... ""ഇങ്ങനെ ശപിക്കാതിരിക്കൂ... ഒരാളുടെ ജനനവും മരണവുമൊക്കെ ഈശ്വര നിശ്ചയമാണ്...... അതിന് ആ കുട്ടിയേ എന്തിനാണ് പഴിക്കുന്നത്.... നിങ്ങളുടെ അനിയത്തിയുടെ മകളെന്ന് പറഞ്ഞാൽ നിങ്ങളുടെ മകളെ പോലെയല്ലേ ...... പെൺകുട്ടികൾ വീടിന്റെ ഐശ്വര്യമാണ്... ദൈവത്തിന്റെ വരദാനമാണ്... എത്ര ദേഷ്യമുണ്ടെങ്കിലും ദയവായി ഇങ്ങനെയൊന്നും പറയരുത്.....""" സാവിത്രിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെയവർ വെട്ടി തിരിഞ്ഞ് ഇടനാഴിയിലേക്ക് പ്രവേശിച്ചു .... 🌼🌼🌼🌼

കഴിഞ്ഞ് പോയ നിമിഷങ്ങളെ കുറിച്ചോർത്ത് മുറിയിലെ ജനലിനോരം ചേർന്ന് നിൽക്കുകയായിരുന്നു ദയ...... കാലങ്ങളായി അപമാനിക്കപ്പെടാറുണ്ട് ... തൊലി കറുത്തതിനെ ചൊല്ലിയും... അച്ഛന്റെ ജാതിപേര് പറഞ്ഞും... വിദ്യാഭ്യാസമില്ലാത്തവളും , ബുദ്ധിശൂന്യയുമാണെന്ന് മുദ്രകുത്തിയും , ശപിച്ചും പലരുടെയും മുന്നിലിട്ട് അപഹാസ്യയാക്കിയിട്ടുണ്ട്.... അപ്പോഴൊന്നും ഇല്ലാത്ത സങ്കടം ഇപ്പോഴെന്തിനാണ്.....!! ചോദ്യങ്ങൾ ചോദിച്ച് സ്വയം സാന്ത്വനിപ്പിക്കാനൊരു ശ്രമം നടത്തി ... പക്ഷേ വല്യമ്മയുടെ വാക്കുകൾ ഈർച്ച വാള് കണക്കെ കാതുകളിലേക്ക് വീണ്ടും വീണ്ടും തുളച്ച് കയറുന്നു......!! പിന്നിൽ നിന്നുമാരോ വാതിൽ പൊളികൾ കൊട്ടിയടച്ച ശബ്ദം കേട്ട് ദയ ഒന്ന് ഞെട്ടി വിറച്ചു..... ആരുടെയോ കാലടികൾ തനിക്കരികിലേക്കടുക്കുന്നു....!!! ശ്വാസമെടുക്കാൻ പോലും മറന്നവൾ പേടിയോടെ പിന്തിരിഞ്ഞു .....

ഭയപ്പെട്ടത് പോലെ മുന്നിൽ രവീന്ദ്രൻ..... വാതിലടച്ച് കുറ്റിയിടാൻ മറന്ന നിമിഷത്തെയവൾ ഉള്ളാലെ ശപിച്ചു.... രവീന്ദ്രനിൽ പതിവ് ചിരിയില്ല.... കണ്ണുകളിൽ കൗശലമില്ല.... മറിച്ച് മറ്റെന്തോ അറിയാനുള്ള വ്യഗ്രത മാത്രം..... അയാൾ ദയയെ അടിമുടിയൊന്നുഴിഞ്ഞ് നോക്കിയ ശേഷം പാഞ്ഞ് വന്നവളുടെ കഴുത്തിൽ കുത്തി പിടിച്ചു.. അപ്രതീക്ഷിതമായതിനാൽ തടുക്കാൻ ദയയെ കൊണ്ടായില്ല.... അയാളുടെ കരുത്താർന്ന വിരലുകളിൽ കുടുങ്ങി ദയ ജീവന് വേണ്ടി പിടഞ്ഞു.... അവളുടെ ഇരു കാലുകളും തറയിൽ നിന്നും വായുവിലേക്കുയർന്നു പൊന്തി..... ""കുറച്ച് ദിവസങ്ങളായി നീയെന്റെ കൈകളിൽ നിന്നും വഴുതി പോകുന്നു.... രക്ഷകരുടെ ഒരു നിര തന്നെയുണ്ടല്ലോ കൂടെ.....""" ക്രോധത്താൽ രവീന്ദ്രൻ ദയയിലുള്ള പിടി ഒരിക്കൽ കൂടി മുറുക്കി... മരണ വെപ്രാളം കൊണ്ടവളുടെ കണ്ണുകൾ പുറത്തേക്കുന്തി .....

കൈ വിരലുകളും , നഖങ്ങളും ദാവണി പാവാടയ്ക്ക് മുകളിലൂടെ കാൽ തുടകളെ മാന്തി പറിച്ചു.... അവളിലെ ചലനങ്ങൾ തീരെ നേർത്ത് തുടങ്ങിയപ്പോൾ രവീന്ദ്രൻ തന്റെ കൈ പിടിയിൽ നിന്നുമാ പെണ്ണിന് മോചനം നൽകി.. ദയ പിടച്ചിലോടെ നിലത്തേക്ക് വീണു.... കൈകൾ രണ്ടും നെഞ്ചിൽ ചേർത്ത് വച്ച് ആർത്തിയോടെയവൾ ശ്വാസം ആഞ്ഞു വലിച്ചു...... രവീന്ദ്രൻ ദയയെ പുച്ഛത്തോടെ നോക്കി.... ശേഷം അവൾക്കരികിൽ മുട്ട് കുത്തിയിരുന്നു...... ""എന്നെ കുറിച്ച് വല്ലതും നീ ഇവിടെ ആരോടെങ്കിലും പറഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ........""" അയാൾ രൗദ്ര ഭാവത്തിൽ കീഴ് ചുണ്ട് കടിച്ച് പിടിച്ച് താക്കീതോടെ ദയക്ക് നേരെ ചൂണ്ട് വിരലുയർത്തി..... """പറഞ്ഞാൽ നീ എന്ത് ചെയ്യും??? എന്നെ കൊല്ലുമോ???ഏഹ്??"""

ഇമ ചിമ്മാൻ പോലും മറന്നവൾ രവീന്ദ്രനെ അതി രൂക്ഷമായി നോക്കി .... നിറ കണ്ണുകൾ രക്തവർണ്ണമായി.... മാറിടങ്ങൾ കിതപ്പോടെ ഉയർന്ന് താഴ്ന്നു കൊണ്ടിരുന്നു...... രവീന്ദ്രനിൽ പരിഭ്രമം നിറഞ്ഞു .... അതാസ്വദിച്ചെന്നപ്പോൽ ദയ മിഴികൾ കുറുക്കി ഒരുന്മാദിയെ പോലെ അല്പ നേരം അയാളെ തന്നെ ഉറ്റ് നോക്കി ഇരുന്നു..... പിന്നീട് പുച്ഛത്തോടെ ചുണ്ടുകൾ വളച്ചൊടിച്ചൊന്ന് മന്ദഹസിച്ചു ...... ""ഞാൻ ചത്താലും നീ രക്ഷപ്പെടില്ലടാ നെറിക്കെട്ട നായെ...... നീ എന്നോട് ചെയ്തതെല്ലാം ഇവിടെയുള്ള പലരോടും ഞാൻ പറഞ്ഞിട്ടുണ്ട് ..... എന്നെ വിശ്വസിക്കുന്നവരോടൊക്കെ ഇനിയും ഞാൻ എല്ലാം വിളിച്ചു പറയും.... ഉറക്കെ ഉറക്കെ പറയും..... ദയ ചത്തൊടുങ്ങിയാൽ അടുത്ത നിമിഷം ഇവിടുള്ളവർക്ക് മുന്നിൽ നിന്റെ മുഖം മൂടി അഴിഞ്ഞു വീഴണം ......

വീഴും....... അതിനുള്ളതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്.....""" അവൾ വീറോടെ , വാശിയോടെ പറഞ്ഞ് നിർത്തിയപ്പോൾ രവീന്ദ്രൻ സംഭ്രാന്തിയോടെ ഉമിനീർ വിഴുങ്ങി..... അയാൾക്ക് ശരീരമാകെ ചുട്ട് പൊള്ളുന്നതായി തോന്നി..... തന്റെ പതനം.....!! ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല..... ദയ പറഞ്ഞത് സത്യമാണോ എന്നുറപ്പ് വരുത്താൻ അയാൾ ഒരിക്കൽ കൂടി അവളെ സൂക്ഷ്മമായി നിരീക്ഷിച്ചു...... എപ്പോഴത്തെയും പോലെ ദയയുടെ മുഖത്ത് ഭയത്തിന്റെ നേരിയൊരു ലാഞ്ചന പോലുമില്ല.... മറിച്ച്.... ഇതുവരെ കാണാത്ത തരത്തിലുള്ള ആത്മവിശ്വാസവും , കരുത്തും.... """പറയ് ....... ഇനി നിനക്കെന്റെ ദേഹത്ത് തൊടണോ?? മാറിടങ്ങളിൽ സ്പർശിക്കണോ?? തുടയിടുക്കിലൂടെ വിരലുകളോടിക്കണോ?? അതോ അന്നത്തെ ആറ് വയസ്സ്ക്കാരിയോട് കാണിച്ച ക്രൂരത ഒരിക്കൽ കൂടി ആവർത്തിക്കണോ??.... പറയെടാ......""

അവൾ സ്വയം മറന്നുറക്കെ അട്ടഹസിച്ചു.... ഉത്തരം നൽകാൻ രവീന്ദ്രന്റെ നാവ് ചലിച്ചില്ല .... ധരിച്ചിരുന്ന വെള്ള ജുബ്ബയാകെ വിയർപ്പിൽ പൊതിർന്നു തുടങ്ങി ..... അത്രത്തോളം മാനസിക സമ്മർദ്ദം അയാളാ നിമിഷങ്ങളിൽ അനുഭവിക്കുന്നുണ്ടായിരുന്നു ... രവീന്ദ്രൻ അവൾക്ക് മുന്നിൽ നിന്നും എഴുന്നേറ്റ് തിരികെ നടന്നു ...... വാതിൽക്കലെത്തിയപ്പോൾ താൻ തോറ്റിട്ടില്ലെന്ന് തെളിയിക്കാനെന്ന പോൽ പിന്തിരിഞ്ഞ് ദയയെ തറപ്പിച്ചൊന്ന് നോക്കി..... എപ്പോഴത്തെയും പോലെ അവൾ ശിരസ്സ് കുനിച്ചില്ല.... പതർച്ചയോടെ നോട്ടം മാറ്റിയില്ല.... രവീന്ദ്രന്റെ കണ്ണുകൾ തിളങ്ങുന്നതിലും തീക്ഷ്ണമായി ദയയുടെ നോട്ടം അയാളിൽ തറഞ്ഞു നിന്നു..... താൻ വീണ്ടും തളരുന്ന പോലെ തോന്നി രവീന്ദ്രന്.... കൈമുഷ്ടി ചുരുട്ടി വാതിൽ പൊളിയിൽ അമർത്തി ഇടിച്ചയാൾ മുറി വിട്ടിറങ്ങി.... ദയ ആശ്വാസപ്പൂർവ്വം ശ്വാസം നീട്ടിയെടുത്തു..... അവൾക്കത്ഭുതം തോന്നി......

ആദ്യമായി തനിക്ക് മുന്നിൽ..... തന്റെ വാക്കുകൾക്ക് മുന്നിൽ... അയാൾ പരാജയപ്പെട്ടിരിക്കുന്നു.... 🌼🌼🌼🌼 """കണ്ണേട്ടനെവിടെ പോകുവാ???""" വെയിൽ താഴ്ന്ന ഇടവേളയിൽ അല്പം നടന്ന് വരാമെന്ന ഉദ്ദേശത്തോടെ പുറത്തേക്കിറങ്ങിയതായിരുന്നു കൈലാസ്.... മുറ്റത്ത് നിന്നും ചെരുപ്പിട്ട് നടക്കാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും സ്വാതിയുടെ ചോദ്യമുയർന്നത്.... ""ഞാൻ... വെറുതെ ഒന്ന് നടക്കാൻ..."" ""ഗോപുവും , ശരണേട്ടനും???""" """ഗോപു മഹിയമ്മയോടൊപ്പമാണ്.... ശരൺ തിരക്കിട്ട പുസ്തക വായനയിലും.....""" പറയുമ്പോൾ കണ്ണുകൾ ചുറ്റും ദയയെ തിരഞ്ഞു..... അവളുണ്ടായിരുന്നെങ്കിൽ ഒപ്പം കൂട്ടാമായിരുന്നു... കുറച്ച് നേരം സംസാരിക്കാമായിരുന്നു...!! കൈലാസ് ചിന്തിച്ചു..... സ്വാതിയിൽ അതിരിൽ കവിഞ്ഞ സന്തോഷം അല തല്ലി ....

വന്നിട്ടിത് വരെ അവൾക്ക് കൈലാസിനെ ഒറ്റയ്ക്കൊന്ന് കിട്ടിയിട്ടില്ല..... എപ്പോഴും ഗോപികയോ ശരണോ കൂടെ കാണും...... ഗോപികയാണെങ്കിൽ എത്ര ശ്രമിച്ചിട്ടും തന്നോട് അടുപ്പം കാണിക്കുന്നുമില്ല..... """ഒറ്റയ്ക്ക് പോകണ്ട കണ്ണേട്ടാ.....ഞാനും വരാം കൂടെ.... പരിചയമില്ലാത്ത സ്ഥലമല്ലേ.....""" പറഞ്ഞ് കൊണ്ടവൾ ഉത്സാഹത്തോടെ കൈലാസിനൊപ്പം ഇറങ്ങി..... ഇരുവരും നടന്ന് നീങ്ങുന്ന മണ്ണ് പാകിയ വഴിക്കിരുവശവും നെല്പാടങ്ങളാണ് ...... അവ കണ്ണെത്താ ദൂരമങ്ങനെ നീണ്ട് കിടക്കുന്നു.... വീശിയടിക്കുന്ന കാറ്റിൽ നെൽചെടികൾ ആടിയുലയുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് തോന്നി കൈലാസിന്.... അവ തമ്മിൽ മുട്ടിയിരുമ്മുമ്പോൾ ദൂരെ നിന്നാരോ ചൂളം വിളിക്കുന്നത് പോലുള്ള ശബ്ദം....

"""കണ്ണേട്ടന് ഇവിടമൊക്കെ ഇഷ്ടായോ??"" അകലേക്ക്‌ കണ്ണും നട്ട് നിൽക്കുന്ന കൈലാസിനെ നോക്കി ചോദിച്ചു സ്വാതി.... അവളുടെ കണ്ണുകളിൽ അയാളോടുള്ള പ്രണയം... അയാളിലെ സൗന്ദര്യത്തോടുള്ള അടക്കാനാകാത്ത അഭിനിവേശം... ""അതെന്താടോ താൻ അങ്ങനെ ചോദിച്ചത്....??"" """അല്ല....അവിടെ സിറ്റിയിലെ പോലെ ഫെസിലിറ്റീസ് ഒന്നും ഇവിടെ ഇല്യാലോ??""" ""അതില്ല....എന്നാലും ഇവിടെ എനിക്കിഷ്ടപ്പെട്ടു..... പിന്നെ സിറ്റി ലൈഫ് കുറച്ചൊക്കെ മിസ്സ്‌ ചെയ്യുന്നുണ്ടെടോ.... പബ് , സിനിമാസ് , ഓഫീസ് , ഓഫീസില് ഫ്രണ്ട്സിന്റെ കൂടെ സ്പെൻഡ് ചെയ്യുന്ന ലെഷർ ടൈം , ഈവെനിംഗ്സ് അങ്ങനെ അങ്ങനെ... അവനൊന്ന് നിർത്തി സ്വാതിയെ നോക്കി.... ""താൻ എം.സി.എ ഫൈനൽ അല്ലെ??""

" ""അതെ.... ഇനി രണ്ട് മാസം കൂടിയെ ക്ലാസ്സ്‌ ഉള്ളൂ.....""" ""ഫ്യൂച്ചർ പ്ലാൻസ് എന്തൊക്കെയാ????"" ""അങ്ങനെയൊന്നും ഇല്ല......"" അവൾ ചുമൽ കൂച്ചി നിസ്സാര മട്ടിൽ പറഞ്ഞപ്പോൾ മറുപടിയായി കൈലാസൊന്ന് പുഞ്ചിരിച്ചു... '""തിരികെ പോയാലോ???അവിടെ ചിലപ്പോ നമ്മളെ അന്വേഷിക്കുന്നുണ്ടാകും.... """ ഇടത് കയ്യിൽ കെട്ടിയ റിസ്റ്റ് വാച്ചിലേക്ക് നോട്ടം തെറ്റിച്ച് കൈലാസ് ചോദിച്ചു.... മറുപടിയായി സ്വാതിയൊന്ന് മൂളി ... തിരികെ പോകാൻ അവൾക്കൊട്ടും താത്പര്യമുണ്ടായിരുന്നില്ല..... എന്നാൽ കൈലാസിനെ തനിക്കൊപ്പം പിടിച്ചു നിർത്താൻ മാത്രമൊരു ബന്ധം തങ്ങൾക്കിടയിൽ വളർന്നിട്ടുമില്ലെന്നത് അവളെ നിരാശയാക്കി ... """കണ്ണേട്ടനാരോടെങ്കിലും ഇഷ്ടമുണ്ടോ?? ഐ മീൻ പ്രണയം......"""

തിരികെ നടക്കുന്നതിനിടയിൽ സ്വാതി അല്പം മടിയോടെ ചോദിച്ചു.... ""എന്തേയ് ഇങ്ങനൊരു ചോദ്യം....""?? ""വെറുതെ.... """ കൈലാസ് മന്ദഹസിച്ചു.... സ്വാതിയുടെ കണ്ണുകൾ അയാളിൽ തന്നെ തറഞ്ഞു നിന്നു.... അവളിൽ കൈലാസിന്റെ മറുപടി അറിയാനുള്ള അമിതമായ ജിജ്ഞാസ... ""ദച്ചു......."" കൈലാസ് മന്ത്രിച്ചു...... സ്വാതി ഞെട്ടി..... ""അവളോ????"" ചോദിക്കുമ്പോൾ മുഖം അവജ്ഞയോടെ ചുളിഞ്ഞിരുന്നു..... നെഞ്ചിൽ ദയയെ ചുട്ട് കൊല്ലാനുള്ള അഗ്നിയാളി..... """ആടോ.... ദേ പോണു......."" കൈലാസ് മുന്നിലേക്ക് കൈ ചൂണ്ടി..... എതിർവശത്തായുള്ള ഇടവഴിയിലൂടെ കയ്യിലൊരു ബക്കറ്റുമേന്തി വരുന്നവളെ സ്വാതി കണ്ടു ..... തന്റെ ചോദ്യത്തിനുള്ള ഉത്തരമല്ല കൈലാസ് നൽകിയതെന്നറിഞ്ഞപ്പോൾ അവൾക്കതിയായ ആശ്വാസം തോന്നി...

സ്വാതി ചിന്തിച്ചു നിൽക്കുന്നതിനിടയിൽ കൈലാസിന്റെ കാലുകൾ ധൃതിയിൽ ദയക്കരികിലേക്ക് ചലിച്ചിരുന്നു.... ""ദച്ചു........."" കൈലാസ് കൈകൾ തമ്മിൽ കൊട്ടി ശബ്ദമുണ്ടാക്കി ഉറക്കെ വിളിച്ചു.... ദയയുടെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിന്നു .... അവൾ കൈലാസിനെയും അവന് പിന്നിലായി വരുന്ന സ്വാതിയെയും മാറി മാറി നോക്കി..... ദയക്കരികിലേക്കടുക്കും തോറും വല്ലാത്തൊരു ദുർഗന്ധം തന്നെ പൊതിയുന്നതായി തോന്നി കൈലാസിന് ... അതിനനുശ്രിതമായി അവന്റെ മുഖവും ചുളിഞ്ഞു...... ""അടുത്തേക്ക് വരണ്ട.....കയ്യിൽ ചാണകാണ്....."" കൈലാസിന്റെ ഭാവ പകർച്ച മനസ്സിലാക്കിയെന്നോണം ദയ പറഞ്ഞു.............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story