ദയാ ദുർഗ: ഭാഗം 12

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

ദയക്കരികിലേക്കടുക്കും തോറും വല്ലാത്തൊരു ദുർഗന്ധം തന്നെ പൊതിയുന്നതായി തോന്നി കൈലാസിന് ... അതിനനുശ്രിതമായി അവന്റെ മുഖവും ചുളിഞ്ഞു...... ""അടുത്തേക്ക് വരണ്ട.....കയ്യിൽ ചാണകാണ്....."" കൈലാസിന്റെ ഭാവ പകർച്ച മനസ്സിലാക്കിയെന്നോണം ദയ പറഞ്ഞു.. അവനവളുടെ വലത് കയ്യിലേക്ക് നോക്കി..... കൈ തലം ചാണകത്തിൽ കുഴഞ്ഞിരിക്കുന്നു.... വസ്ത്രത്തിലും അങ്ങിങ്ങായി അവ പറ്റിപിടിച്ചിരിക്കുന്നു..... ചെറിയ തരം ഈച്ചകൾ ദയയെയും , കയ്യിലെ ബക്കറ്റിനേയും വലം വച്ച് പറക്കുന്ന കാഴ്ച്ചയവനിൽ അറപ്പുളവാക്കി.... നെഞ്ചിൽ നിന്നെന്തോ തൊണ്ടകുഴിയോളം തികട്ടിയെത്തുന്ന പോലെ....... ദയ അല്പ നേരം കൈലാസിനെ നോക്കി നിന്നു.... തന്റെ സാമിപ്യം അവനിൽ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഒന്നും മിണ്ടാതെ തിരികെ വീട്ടിലേക്ക് നടന്നു...... 🌼🌼🌼🌼 """എന്താ രവിയേട്ടാ..എന്തെങ്കിലും സുഖല്യായ്മ ണ്ടോ നിങ്ങൾക്ക്???""" മ്ലാനമായ മുഖത്തോടെ മുറിയിലെ ചാരു കസേരയിലേക്ക് ചാഞ്ഞിരിക്കുന്ന രവീന്ദ്രനരികിൽ ചെന്ന് നിന്ന് സാവിത്രി നിറഞ്ഞ ആകുലതയോടെ ചോദിച്ചു....

രവീന്ദ്രൻ മറുപടി പറയാൻ വിസ്സമ്മതിച്ചപ്പോൾ സാവിത്രി വീണ്ടും തന്റെ ചോദ്യമാവർത്തിച്ചു.... അയാൾക്കാവശ്യവും അത്‌ തന്നെയായിരുന്നു.... '""ദച്ചു .. അവള് ഞാൻ വിചാരിച്ച പോലല്ല സാവിത്രിയെ... എന്റെ സ്വന്തം മോളായിട്ടല്ലെ അവളെ ഞാൻ കാണുന്നത്... എന്നിട്ടും ......""" കള്ള നാട്യേന മിഴി കോണിലെ മിഴിനീർ കണങ്ങളെ ഒപ്പിയെടുത്തയാൾ തേങ്ങി...... """എന്താ രവിയേട്ടാ... ആ അശ്രീകരം നിങ്ങളെ എന്തെങ്കിലും പറഞ്ഞോ??പറയാറില്യേ ഞാൻ അവള് കള്ളിയാണെന്ന് ....അസത്ത്....""" സാവിത്രി മുരണ്ടു.... """ഒന്നുല്ലടോ.... നമുക്ക് സ്വാതി മോൾടേം , കണ്ണന്റേം വിവാഹം വേഗം നടത്തണം..... ഒപ്പം സിദ്ധാർഥിന്റേം ഗോപുവിന്റേം...... കൂടെ ദയേടേം നടത്താം ....""" ""രവിയേട്ടൻ എന്തായീ പറേണെ?? അവളുടെ വിവാഹം നമ്മുടെ ചിലവിൽ നടത്താനോ ??""" """വേണം... അവളെന്നെ എന്തൊക്കെ പറഞ്ഞാലും , എങ്ങനെയൊക്കെ അപമാനിച്ചാലും എനിക്കവളെ തള്ളിക്കളയാൻ ഒക്കില്ല സാവിത്രിയെ.... സ്വാതിയെയും അവളെയും ഞാനിത് വരെ വേറെയായി കണ്ടിട്ടില്ല...""" രവീന്ദ്രൻ നിരാശയോടെ തന്റെ കണം കൈ മിഴികൾക്ക് മീതെ വച്ച് ദീർഘമായി നിശ്വസിച്ചു... വാക്കുകളിലും , മൗനങ്ങളിലും , ഒരു ചെറു നിശ്വാസത്തിൽ പോലും അയാൾ ദയക്കെതിരെയുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു....

നിമിഷ നേരം സാവിത്രി അയാളെ ഉറ്റ് നോക്കി നിന്നു.... തിരികെ നടക്കാൻ തുടങ്ങുമ്പോഴേക്കും രവീന്ദ്രന്റെ വാക്കുകൾ അവരെ പിടിച്ചു നിർത്തി ..... ""ആരൊക്കെ എന്നെ കുറ്റപ്പെടുത്തിയാലും നീയും നമ്മുടെ മക്കളും മാത്രം എന്നെ അവിശ്വസിക്കരുത് സാവിത്രി.... അത് ചിലപ്പോ എനിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല........""" രവീന്ദ്രൻ വീണ്ടും സങ്കടമഭിനയിച്ചു..... തൽഫലമായി സാവിത്രിക്കയാളോട് വല്ലാത്ത അലിവ് തോന്നി.... അയാളെക്കാൾ മികച്ചൊരു മനുഷ്യൻ ഈ ഭൂമിയിലുണ്ടാകില്ലെന്നവർ അടിയുറച്ച് വിശ്വസിച്ചു...... ""എന്താ രവിയേട്ടാ ഇത്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനും നമ്മുടെ മക്കളും നിങ്ങളെ തള്ളി പറയോ? ആ നാശത്തിനെ ഞാനൊന്ന് കാണട്ടെ.... വിളച്ചിൽ കൂടീണ്ടവൾക്ക്.....""" വാക്കുകൾ അവസാനിപ്പിച്ചവർ കലി തുള്ളി മുറിയിൽ നിന്നും തിരികെയിറങ്ങി.... അടുത്ത നിമിഷം രവീന്ദ്രന്റെ ചുണ്ടുകൾ കുടിലതയോടെ വിരിഞ്ഞു.... തന്റെ നിലനിൽപ്പിനായുള്ള ആദ്യ ശ്രമം വിജയിച്ചതിന്റെ ആഹ്ലാദം.... സംതൃപ്തി....... 🌼🌼🌼

""ദച്ചു..... വാ......."" ""എങ്ങടാ...???"" അണഞ്ഞു പോകുന്ന അടുപ്പിലെ തീ ഊതി കത്തിക്കുന്നതിനിടയിൽ ദയ പിന്തിരിഞ്ഞ് ഗോപികയെ നോക്കി ചോദിച്ച ശേഷം വീണ്ടും തന്റെ ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു..... ഇടയ്ക്കവൾ പുകയേറ്റ് ചുമയ്ക്കും..... എന്നിരുന്നാലും അതൊന്നും വക വയ്ക്കാതെ വീണ്ടും വീണ്ടും തന്റെ പ്രവർത്തി തുടർന്നു കൊണ്ടേയിരുന്നു.... ""ദച്ചു...ഇവിടെ ഗ്യാസ് അടുപ്പില്ലേ..."" """അത് ഉപയോഗിക്കാൻ വല്യമ്മ സമ്മതിക്കില്ല..... വഴക്ക് കേൾക്കും......""" ദയ മുഖം കുനിച്ചു..... ഗോപികയിൽ ദേഷ്യം നിറഞ്ഞു.... അടുത്ത് കണ്ട ഒരു പാത്രം പച്ചവെള്ളമെടുത്തവൾ അടുപ്പിലേക്കൊഴിച്ചു.... അവളുടെ പ്രവർത്തിയിൽ ദയ അന്തിച്ച് നിന്നു..... മണിക്കൂറുകളായിട്ടുള്ള തന്റെ അധ്വാനത്തിലേക്കാണവൾ തീർത്തും നിഷ്പ്രയാസമായി വെള്ളം കോരി ഒഴിച്ചത്...... ദയക്ക് വിഷമം തോന്നി... ആരും തന്നെ മനസ്സിലാക്കുന്നില്ല!!! എന്തിനാണ് ഇത് ചെയ്തതെന്നവൾക്ക് ഗോപികയോട് ചോദിക്കണമെന്നുണ്ടായിരുന്നു.... പക്ഷേ ശബ്‍ദിച്ചില്ല......!!! ഗോപികയുടെ കണ്ണുകൾ സ്റ്റവിലേക്ക് നീണ്ടു..... സ്റ്റവിന്റെ രണ്ട് ബർണ്ണറും അഴിച്ച് തന്റെ ട്രാക്ക്സ്യൂട്ടിന്റെ പോക്കറ്റിലേക്കിട്ടവൾ ദയയെ കല്പിച്ചൊന്ന് നോക്കി അകത്തേക്ക് കയറി പോയി... അവൾക്ക് പിന്നാലെ ദയയും കൂടി......

ഇടനാഴിയിലെ സോഫയിലിരുന്ന് ടിവി കാണുകയായിരുന്നു സാവിത്രി... അവർക്കിരുവശത്തായി കൈകളിൽ മൊബൈലും പിടിച്ച് സിദ്ധാർഥും , സ്വാതിയും ഇരിപ്പുണ്ട് ..... """വല്യമ്മേ.......""" ഗോപികയുടെ ശബ്ദം കേട്ടപ്പോൾ മൂന്ന് പേരുടെയും ശ്രദ്ധ അവൾക്ക് നേരെയായി..... അവരുടെ കണ്ണിൽ പെടാതെ ദയ വാതിൽക്കലേക്ക് മറഞ്ഞു..... കണ്മുന്നിൽ കണ്ടാൽ വാക്കുകളാൽ തനിക്ക് മീതെ പ്രഹരം തീർക്കുമെന്ന് ഉറപ്പാണ്...!!! ""എന്താ മോളെ???"" സാവിത്രി വിനയപ്പൂർവ്വം ചോദിച്ചു... ""ഞാനും ദച്ചുവും ഒരിടം വരെ പോകുവാ.... വരാൻ വൈകും.... ഉച്ചത്തെ ഊണിനുള്ള അരി അവൾ ഇട്ടിട്ടുണ്ട്...ബാക്കി ഒന്ന് നോക്കിയേക്കണേ....."" അത്ര മാത്രം പറഞ്ഞവൾ വാതിൽക്കൽ പതുങ്ങി നിൽക്കുന്ന ദയയെയും വലിച്ച് പുറത്തേക്ക് നടന്നു..... """ഗോപികേ... അടുപ്പ്... അടുപ്പിനി എങ്ങനെ കത്തിക്കും?? വിറകൊക്കെ നനഞ്ഞില്ലേ....???""" നടക്കുന്നതിനിടയിൽ ദയ രണ്ടും കല്പിച്ച് ചോദിച്ചു ... അവൾക്ക് മനസ്സുറയ്ക്കുന്നുണ്ടായിരുന്നില്ല.... എത്രയൊക്കെ തെറി കേട്ടാലും ആരെയും ഇതുവരെ പട്ടിണിക്കിട്ടിട്ടില്ല... കാരണം ഒരു നേരത്തെ അന്നത്തിന്റെ മൂല്യവും , വിശപ്പിന്റെ വിലയും മറ്റാരെക്കാളും നന്നായി തനിക്കറിയാം..... ""അതവര് നോക്കിക്കോളും......"" ഗോപിക അലക്ഷ്യമായി മറുപടി നൽകി

"""അല്ല.... മുത്തശ്ശന് ഒരുമണി ആകുമ്പോഴേക്കും ചോറ്.... മരുന്ന് കഴിക്കണതാണ്.... പതിവ് തെറ്റിയാൽ സുഖല്യാണ്ടാവും....""" ദയ അല്പം ആവലാതിയോടെ പറഞ്ഞു..... ''"അത്‌ അച്ഛൻ കൊടുത്തോളും... ഞാൻ പറഞ്ഞോളാം.....""" ""എവിടന്ന്???"" മറുപടിയായി ഗോപിക ദയയെ നോക്കിയൊന്ന് കണ്ണിറുക്കി തുറന്ന് കിടക്കുന്ന ചായപ്പിന്റെ വാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചു.... കൈവിരൽ കൊരുത്ത് അകത്തേക്ക് കയറാതെ മടിച്ചു നിൽക്കുന്ന ദയയെ രൂക്ഷമായി നോക്കി ഗോപിക.... '"'അകത്തേക്ക് കയറാൻ നിന്നെയിനി ഇവിടെയാരെങ്കിലും പ്രത്യേകം ക്ഷണിക്കണോ???"" നോട്ടത്തിലെ മൂർച്ച വാക്കുകളിലേക്കും പടർന്നിരുന്നു...... ദയ വിരണ്ടു..... ""വേ... വേണ്ട.....""" ഇടർച്ചയോടെ വാക്കുകൾ അവസാനിപ്പിച്ചവൾ വേഗം അകത്തേക്ക് കയറി.... ഗോപികയ്ക്കവളോട് അലിവ് തോന്നി... ഇത്രയും പാവം പിടിച്ചൊരു പെണ്ണ്....!!! അവൾ ചിന്തിച്ചു.... ചുണ്ടുകളിൽ അവളോടുള്ള സഹധാപം ചാലിച്ചൊരു പുഞ്ചിരി മിന്നി.... ദയയത് കണ്ടില്ല.... കുറ്റം ചെയ്തവളെ പോലെ അവളുടെ ദൃഷ്ടിയപ്പോഴും തറയിൽ തങ്ങി നിന്നു.... ""സ്ഥലം കൊള്ളാം ശേഖരാ.... പക്ഷേ ഇവിടെ നമ്മളൊരു വില്ല പ്രൊജക്റ്റ്‌ തുടങ്ങിയാൽ നടപടിയാവോ?? സിറ്റിയിൽ നിന്നും ഒരുപാട് ദൂരം ഇല്ലേ ഇങ്ങോട്ട്...... മാത്രല്ല റോഡ് വെട്ടണമെങ്കിലും ബാക്കിയുള്ളവരുടെ സ്ഥലം കിട്ടണ്ടേ....

നമ്മള് ഭൂമിക്ക് പറയുന്ന തുക അവർക്കും...അവര് പറയുന്നത് നമുക്കും അംഗീകരിക്കാൻ കഴിയണ്ടേ??"" ""ഓ.... നിങ്ങൾക്കിരുപത്തി നാല് മണിക്കൂറും ഇത് മാത്രേ സംസാരിക്കാനുള്ളൂ..??""" ഗോപിക ഇഷ്ടക്കേടോടെ ഉദയനരികിൽ ചെന്നിരുന്ന് അയാളുടെ നെഞ്ചിലേക്ക് തല ചായ്ച്ചു....... ""ശരി... നിർത്തി......"" ഗോപികയുടെ നെറുകിൽ അരുമയായി തലോടി ഉദയൻ അവളെ ചേർത്ത് പിടിച്ചു...... ദയ നിന്ന നിൽപ്പിൽ നിന്നും ഒരടി പോലും അനങ്ങിയില്ല..... ""മോളെന്താ അവിടെ നിൽക്കുന്നത്?? വാ ഇവിടെ വന്നിരിക്ക്....."" ശേഖരൻ ഒരു കൈ കസേരയിലേക്ക് ചൂണ്ടി ദയയോട് ഇരിക്കാനായി പറഞ്ഞു.... അവൾ പരിഭ്രമത്തോടെ അത്‌ നിരസിച്ചു... ""ഞാൻ.. ഞാനിവിടെ നിന്നോളാം ശേഖരന്മാമേ......"" ഇതിനിടയിൽ ഗോപികയുടെ ശബ്‍ദം കേട്ട് അടുക്കളയിൽ നിന്നും ശരണും , മഹാലക്ഷ്മിയും ഉമ്മറത്തേക്കെത്തിയിരുന്നു .... ""മഹിയമ്മേ.... ഇന്ന് ഞങ്ങൾക്ക് ഇവിടന്നാ ട്ടോ ചോറ്......"" ""എന്റെ കുട്ടിക്ക് ചോറ് തന്നില്ലെങ്കിൽ പിന്നെ ഞാൻ ആർക്കാ കൊടുക്കാ..?? മ്മ്മ്മ്??""" അവർ വാത്സല്യത്തോടെ , കൊഞ്ചലോടെ ഗോപികയോടായി ചോദിച്ചു.... ""എന്റെ കുട്ടി.....""!! ദയയുടെ ഹൃദയമാ വാക്കുകളിൽ തട്ടി തടഞ്ഞു നിന്നു..... അവൾക്ക് ഗോപികയോടസൂയ തോന്നി...

അവൾക്ക് ചുറ്റും നിന്ന് സ്നേഹിക്കാൻ എത്രയെത്ര പേർ..... സ്നേഹത്തോടെ ചേർത്ത് നിർത്താൻ രണ്ടച്ഛൻമാരും , അമ്മയും , ഏട്ടന്മാരും... തനിക്കോ .....!! ആരുമില്ല..... സ്വന്തമെന്ന് പറയാനോ.... അവകാശങ്ങൾ ഉന്നയിക്കാനോ.. ചേർത്ത് നിർത്തി ചുമ്പിക്കാനോ.. ഒരു പുൽ കൊടി പോലുമില്ലാത്ത പാഴ് ജന്മം..... ഒരുപക്ഷെ കാതങ്ങൾക്കപ്പുറം രണ്ട് നക്ഷത്രങ്ങളുണ്ടാകും.... തന്നെ അനാഥത്വത്തിന്റെ പടുക്കുഴിയിലേക്ക് തള്ളി വിട്ട രണ്ടാത്മാക്കളുടെ അവശേഷിപ്പുകൾ.... അതി കഠിനമായ വേദനയിൽ ഉടലെടുത്തൊരു ഗദ്ഗദമവളുടെ അന്നനാളത്തിലങ്ങനേ വീർപ്പു മുട്ടി നിന്നു........ പെയ്യാൻ വെമ്പി നിന്ന കണ്ണുകളിൽ രണ്ട് തുള്ളി മിഴിനീർ കണങ്ങളും..... ചുമലിലൂടൊരു കൈ തലമിഴയുന്നതറിഞ്ഞ് ദയ വെപ്രാളത്തോടെ മുഖമുയർത്തി എതിർവശത്തേക്ക് നോക്കി..... അരികിൽ ശരൺ.... """ന്താടോ...?? ഒരു വിഷമം......"" അയാൾ ആർദ്രമായി ... അത്രയേറെ കനിവോടെ ചോദിച്ചു.... ഒരുപക്ഷെ അവൾക്കുള്ളം വേദനിക്കുന്നതയാൾ മനസ്സിലാക്കി കാണണം......!! മറുപടിയായി ദയ ഒന്നുമില്ലെന്ന അർത്ഥെന മിഴികൾ ചിമ്മി തുറന്നു..............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story