ദയാ ദുർഗ: ഭാഗം 13

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

 """ന്താടോ...?? ഒരു വിഷമം......"" അയാൾ ആർദ്രമായി ... അത്രയേറെ കനിവോടെ ചോദിച്ചു.... ഒരുപക്ഷെ അവൾക്കുള്ളം വേദനിക്കുന്നതയാൾ മനസ്സിലാക്കി കാണണം......!! മറുപടിയായി ദയ ഒന്നുമില്ലെന്നർത്ഥേന മിഴികൾ ചിമ്മി തുറന്നു.... ചർച്ചകളങ്ങനെ മുന്നോട്ട് നീണ്ടപ്പോൾ ദയ ഒന്നിലും പെടാതെ നിശബ്ദമായി അവർക്കൊപ്പം സമയം ചിലവഴിച്ചു ..... ഇടയ്ക്കിടെ കണ്ണുകൾ രണ്ടച്ഛൻമാർക്കും ഇടയിലിരുന്ന് കളി പറഞ്ഞ് ചിരിക്കുന്ന ഗോപികയെ വലം വയ്ക്കും..... തനിക്ക് മുന്നിൽ ഇങ്ങനെയൊരു ദിവസം എന്നെങ്കിലും വന്നെത്തുമോ എന്ന ചിന്ത മനസ്സിനെ പിടിച്ചുലയ്ക്കുമെങ്കിലും ഉള്ള് തുറന്നുള്ള ഗോപികയുടെ അഴകുള്ള ചിരി കാണാൻ അവൾക്കും ഒരുപാട് ഇഷ്ടമാണ്..... ""എന്താണ് ഇവിടൊരാഘോഷം....??""

കാതിലേക്ക് തുളച്ചു കയറിയ രവീന്ദ്രന്റെ ശബ്ദം കളി ചിരികൾ മുഴങ്ങിയിരുന്ന അന്തരീക്ഷത്തെ നിശബ്ദമാക്കി... ദയയുടെ കണ്ണുകൾ ഭയപ്പാടോടെ അയാളിലേക്കെത്തി നിന്നു... ഏതാൾക്കൂട്ടത്തിന് നടുവിലായാലും അയാളുടെ മുഖം കാണുമ്പോൾ ഉള്ളിലൊരാന്തലാണ്.... അവ ഓർമ്മകളിലേക്ക് പടർന്ന് പിടിക്കും..... ദേഹിയും ദേഹവും ഒരുപോലെ ചുട്ട് പൊള്ളും... എല്ലാവരെയും ഒന്ന് നോക്കി പുഞ്ചിരിച്ച് രവീന്ദ്രൻ വാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചു.... ""ഞങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞ് വെറുതെ....."" ഉദയനും , ശേഖരനും ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് രവീന്ദ്രനെ സ്നേഹത്തോടെ സ്വീകരിച്ചപ്പോൾ ഗോപിക പുച്ഛത്തോടെ ഇടത് കാലിന് മീതെ തന്റെ വലത് കാൽ കയറ്റി വച്ച് സോഫയിൽ ഒന്ന് കൂടെ ഞെളിഞ്ഞിരുന്നു.....

രവീന്ദ്രനത് കാൺകെ അമർഷം തോന്നിയെങ്കിലും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ അതി വിനയം ഭാവിച്ച് നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിലേക്കമർന്നു ..... ""റോഡിന്റെ കാര്യം ഞാൻ ഒന്ന് രണ്ട് പേരോട് സംസാരിച്ചിരുന്നു ഉദയാ ...."" ""രണ്ട് പേര് മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ രവീന്ദ്രാ.... ഇവിടന്നങ്ങോട്ട് അഞ്ച് പത്തോളം വീടുകൾ ഇല്ലേ...അവരൊക്കെ സമ്മതിക്കണ്ടേ?? മാത്രല്ല വഴി വെട്ടുകയാണെന്നുണ്ടെങ്കിൽ ഈ വീടും , സ്ഥലവും കൂടെ എന്റെ കയ്യിലാകേണ്ടി വരും..... ഉദയൻ ഒന്ന് നിർത്തി നെടുവീർപ്പോടെ വീണ്ടും സംസാരിച്ചു തുടങ്ങി.... ശരിയാകില്ല രവീന്ദ്രാ..... വേറെവിടെങ്കിലും നോക്കാം......""

""ഹാ.. അങ്ങനെ പെട്ടന്നൊരു തീരുമാനം എടുക്കാൻ വരട്ടെ ഉദയാ..... ഈ വീടിനെ കുറിച്ച് നിങ്ങള് വേവലാതിപെടണ്ട... ഇതിപ്പോ വച്ചിരുന്നിട്ടും വലിയ കാര്യൊന്നുല്ലല്ലോ.... പത്ത് നാല്പത് വര്ഷത്തിന് മുകളിലായില്ലേ പണി കഴിപ്പിച്ചിട്ട് .. എപ്പോഴാ ഇടിഞ്ഞ് പൊളിഞ്ഞു വീഴുന്നതെന്ന് ആര് കണ്ടു...?? അതിലും ഭേദമല്ലേ പൊളിച്ച് മാറ്റണത്...... മുറ പ്രകാരം ഇത് സാവിത്രിക്കവകാശപ്പെട്ടതാണല്ലോ.... ഞങ്ങൾ തനിക്ക് തന്നാൽ പോരെ......."" ദയക്ക് തന്റെ കാൽ കീഴിലെ മണ്ണൊലിച്ച് പോകും പോലെ തോന്നി.... ആകെയുള്ള അഭയമായിരുന്ന ഈ വീട് കൂടെ നഷ്ടപ്പെട്ടാൽ താൻ എങ്ങോട്ട് പോകും?? ആരുണ്ട് കൂടെ....!!

രവീന്ദ്രന്റെ കൈകളിൽ അകപ്പെടും എന്നതിൽ യാതൊരു സംശയവും വേണ്ട...... ഒരുപക്ഷെ അതിന് വേണ്ടി തന്നെയാകും അയാൾ കരുക്കൾ നീക്കുന്നത്... രവീന്ദ്രന്റെ മറുപടി സ്വീകാര്യമായിരുന്നെങ്കിൽ കൂടെ ഉദയന്റെ മുഖം തെളിഞ്ഞില്ല.... അയാൾ ഒരഭിപ്രായത്തിനെന്ന പോൽ ശേഖരനെ നോക്കി..... ""അളിയൻ പറഞ്ഞത് ശരിയാ ഉദയാ.... ഈ വീട് ഇനി അധിക കാലം വച്ച് കൊണ്ടിരിക്കുന്നതിൽ അർത്ഥമില്ല..... തിരികെ മടങ്ങുമ്പോ അച്ഛനെ ഞാൻ അങ്ങ് കൂട്ടിയേക്കാം....."" ശേഖരന്റെ അഭിപ്രായത്തിൽ രവീന്ദ്രന്റെ കണ്ണുകൾ ആർത്തിയോടെ തിളങ്ങി.... എല്ലാം തന്റെ വരുതിയിലാകുന്നു......!!! ഓർത്തപ്പോൾ രവീന്ദ്രനിൽ ആവേശം മൂത്തു....

""അതേ..... ഇത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ഞങ്ങൾക്ക് കുറച്ച് കൂടെ സൗകര്യപ്രദമായ വീടെടുക്കാലോ..... പിന്നെ സ്വാതീടേം , ദയമോൾടേം വിവാഹമല്ലേ.... എന്തെങ്കിലും കയ്യിൽ തടഞ്ഞാൽ അതും കൂടെ എനിക്കങ്ങോട്ട് നടത്താമായിരുന്നു ......""" രവീന്ദ്രൻ ദയയെ ഒന്ന് നോക്കി.... മറ്റുള്ളവർക്ക് മുന്നിൽ അത് തീർത്തും സ്വാഭാവികമായ നോട്ടമായിരുന്നു , ഒരച്ഛന്റെ കരുതലുള്ള പോൽ.....!!! എന്നാൽ ദയ അറിഞ്ഞു അതിനുള്ളിലെ ചതി..... തന്നെ ഒറ്റപ്പെടുത്താനുള്ള അയാളിലെ ക്രൂരത..... ആരോരും തുണയില്ലെങ്കിൽ വേട്ടയാടാൻ എളുപ്പമാണല്ലോ.....!! അതേ സമയം ഗോപികയുടെയും , ശരണിന്റെയും കണ്ണുകൾ പകയോടെ രവീന്ദ്രനിലായിരുന്നു.... അവരും മനസ്സിലാക്കിയിരിക്കാം അയാൾക്കുള്ളിലെ കുടിലതയെ....

""പിന്നെ ഒരു കാര്യവും കൂടെ പറയാൻ......"" രവീന്ദ്രൻ മുഖവുരയോടെ പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ അയാളിലേക്കായി...... ""പറഞ്ഞല്ലോ സ്വാതി മോൾടെ വിവാഹം... അത് കണ്ണനുമായി നമ്മൾ പണ്ടേ പറഞ്ഞു വച്ചതായിരുന്നല്ലോ......എത്രയും പെട്ടന്ന് നടത്തുകയാണെങ്കിൽ....."" ""ആര് പറഞ്ഞു വച്ചു??"" ഗോപു അനിഷ്ടത്തോടെ രവീന്ദ്രനെ ചോദ്യം ചെയ്തു...... ഇത്രയും പേരുടെ മുന്നിൽ വച്ച് ഗോപികയിൽ നിന്നും അത്തരമൊരു നീക്കം രവീന്ദ്രൻ പ്രതീക്ഷിച്ചിരുന്നില്ല.... ""അല്ല മോളെ... അത് പണ്ടേ....""" ""ഏട്ടൻ പറഞ്ഞോ നിങ്ങളോട് ഏട്ടന് സ്വാതി ചേച്ചിയെ ഇഷ്ടമാണെന്ന്....""?? രവീന്ദ്രൻ കൈലാസിനെ നോക്കി.... അയാൾ എല്ലാം ശ്രവിച്ച് മൗനമായി നിൽക്കുകയായിരുന്നു..... ""മോളെ... സ്വാതി കൈലാസിന്റെ മുറപ്പെണ്ണല്ലെ......അതു കൊണ്ടാണ് രവി അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്...""

""ഓഹോ... അപ്പൊ ദച്ചുവോ അച്ഛാ ?? അവളും ഏട്ടന്റെ മുറപ്പെണ്ണല്ലേ... അങ്ങനെയെങ്കിൽ ആ വിവാഹം നടക്കട്ടെ... ഏട്ടനും ദച്ചുവിനെ തന്നെയാ ഇഷ്ടം ..... അല്ലെ ഏട്ടാ......""" ഗോപികയുടെ ചോദ്യത്തിന് മറുപടിയായി കൈലാസ് ഒന്ന് പുഞ്ചിരി തൂകി ...... രവീന്ദ്രൻ ആകെ വിരണ്ടു.... തന്റെ പദ്ധതികൾക്ക് മീതെ അപ്രതീക്ഷിതമായേറ്റ കനത്ത പ്രഹരത്തിൽ അയാളുടെ മനസ്സും ശരീരവും ഒരുപോലെ ചഞ്ചലപെട്ടു പോയിരുന്നു .... ദയയും ആകെ പരിഭ്രമപ്പെട്ടു ..... അന്ന് കൈലാസ് പറഞ്ഞ വാക്കുകളെ താൻ ഒട്ടും ഗൗരവത്തിലെടുത്തിരുന്നില്ല.... ഗോപികയിൽ നിന്നുമെല്ലാമറിഞ്ഞപ്പോൾ തന്നോട് തോന്നിയ വെറും സഹധാപത്തിന്റെ പുറത്ത് പറഞ്ഞതാണെന്ന് കരുതി.....

അതിന് ശേഷമൊരിക്കൽ പോലും അയാൾ തന്നോട് മിണ്ടിയിട്ടില്ല.... മിണ്ടാനുള്ളൊരവസരം താൻ നൽകിയിട്ടില്ലെന്ന് പറയുന്നതാവും ഉചിതം..... ആ നിഴൽ വെട്ടം കാണുമ്പോഴേക്കും ഓടി ഒളിക്കാറല്ലേ പതിവ്.....!!! ദയ ആലോചനയോടെ നിൽക്കുമ്പോഴേക്കും രവീന്ദ്രൻ നിരാശ പടർന്ന മുഖത്തോടെ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റിരുന്നു... ""ഒന്നൂടെ ഒന്ന് ആലോചിക്കൂ....."" രവീന്ദ്രൻ കൈലാസിനെ നോക്കി പറഞ്ഞ് തിരികെ നടന്നു... പോകുന്ന പോക്കിൽ അത്യധികം ക്രോധത്തോടെ മിഴികളാൽ ദയക്കൊരു താക്കീത് നൽകാനും അയാൾ മറന്നില്ല.... 🌼🌼🌼🌼 ""കാവില് ഈ വരണ തിങ്കളാഴ്ച്ചയാണ് തിറ.....ഇവിടന്നെല്ലാവരും ഉണ്ടാകും എന്നറിയാം.... എന്നാലും ശേഖരേട്ടനും , കുടുംബവും ഒക്കെ വന്ന സ്ഥിതിക്ക് അറിയിക്കേണ്ടൊരു കടമ ഞങ്ങൾക്കുണ്ടല്ലോ... അതാ ഇത് വഴി ഇറങ്ങിയത് ""

ഉമ്മറ കസേരയിലേക്ക് ചാഞ്ഞിരിരിക്കുന്ന പ്രഭാകരവർമ്മയ്ക്ക് മുന്നിൽ നിന്ന് അമ്പല കമ്മിറ്റിക്കാരിലൊരാൾ എളിമയോടെ പറഞ്ഞു.... പ്രഭാകരവർമ്മയ്ക്കോരോ വശത്തായി കുടുബാംഗളെല്ലാവരും നിൽപ്പുണ്ട്.. എന്നാൽ ദയ മാത്രം ഉച്ച വെയിലിൽ നനഞ്ഞ തുണികൾ വിരിച്ചിടുന്ന തിരക്കിലായിരുന്നു.... ""സ്വാതിമോൾടെ വക സംഗീത കച്ചേരി ഈ കൊല്ലവും ഉണ്ടാകുവല്ലോ അല്ലെ???""" """ഉവ്വ്.....""" സ്വാതി പുഞ്ചിരിയോടെ മറുപടി നൽകി... ""വേറെ പൂജകളോ വഴിപാടോ??"" ""ഉണ്ട് ......."" ""എല്ലാരുടെയും പേരും , നക്ഷത്രവും ഒന്ന് പറഞ്ഞിരുന്നെങ്കിൽ......"" ""എല്ലാരുടെയും വേണ്ട... ഒരാൾടെ പേരിൽ മാത്രം മതി..... ദയ ദുർഗ്ഗ... കാർത്തിക നക്ഷത്രം ....."" പ്രഭാകരവർമ്മയുടെ ഗാംഭീര്യമാർന്ന വാക്കുകൾക്ക് മുമ്പിൽ സാവിത്രിയും , മക്കളും , രവീന്ദ്രനുമെല്ലാം അന്തിച്ചു നിന്നു.... ദയയിലും അതേ ഞെട്ടലായിരുന്നു....

കാലമിന്നോളം കേട്ടിട്ടില്ല തനിക്ക് വേണ്ടിയൊരു വഴിപാട്..... കുടുംബ ക്ഷേത്രമാണ്... അതുകൊണ്ട് തന്നെ എല്ലാ വർഷവും മുത്തശ്ശൻ ഉത്സവത്തിന് ഈ വീട്ടിലുള്ളവരുടെ പേരിൽ പൂജകളും , വഴിപാടുകളും നടത്താറുണ്ട്.... താൻ മാത്രമായിരുന്നു അതിൽ പരിഗണിക്കപ്പെടാത്ത ഏക വ്യക്തി.... മാത്രമല്ല കാവിലേക്ക് കയറാനും തനിക്കനുമതിയില്ല..... കീഴ്ജാതിയിൽപ്പെട്ടവർ കയറിയാൽ കാവശുദ്ധമാകുമത്രേ....!! ദയയുടെ ചുണ്ടുകൾ പുച്ഛത്താൽ ചുളിഞ്ഞു..... ""വേറെ ആരുടെയെങ്കിലും പേരിൽ??"" അദ്ദേഹം ഇല്ലെന്നർത്ഥത്തിൽ തന്റെ ചുളിവ് വീണ വലത് കൈതലം ഉയർത്തി കാണിച്ചു ... അവർ യാത്ര പറഞ്ഞിറങ്ങിയ നിമിഷം തന്നെ സാവിത്രി പ്രഭാകര വർമ്മയ്ക്ക് മുന്നിൽ കയറി ഗർവ്വോടെ നിന്നു..... ""അച്ഛൻ എന്റെയും , ഏട്ടന്റെയും മക്കളെ മറന്നോ???"" ""എല്ലാ ആണ്ടിലും ഞാൻ നിന്റെ വാശിയുടെ പേരിൽ ന്റെ കുട്ടിയെ അല്ലെ മറക്കാറ്....

ഇത്തവണ അങ്ങനെ വേണ്ടെന്ന് തോന്നി......ന്താ ശേഖരാ അതിൽ നിനക്കെന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ??"" ""ഏയ്... ഇല്ലച്ഛാ......''' ""ഏട്ടന് തോന്നിയില്ലെങ്കിൽ എനിക്ക് തോന്നി...... ആ നശിച്ചവൾക്ക് വേണ്ടി പൂജ നടത്താൻ അവള് നമ്മുടെ ആരാ??"" ""അവളാരാന്ന് വല്യമ്മയ്ക്കറിയില്ലേ???"" പ്രഭാകര വർമ്മയുടെ നാവിൽ നിന്നും മറുപടി ഉതിരും മുമ്പേ ദയക്കായി ഗോപികയുടെ ശബ്ദം ആ ഇരുനില വീടാകെ മുഴങ്ങി കേട്ടിരുന്നു...... ""ഓരോരോ കാരണങ്ങൾ മെനഞ്ഞുണ്ടാക്കി അവളെയൊരു അടുക്കളക്കാരിയാക്കി ഒതുക്കാൻ നിങ്ങളും നിങ്ങടെ ഈ മാന്യനായ ഭർത്താവും , മക്കളും കൂടെ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്ന് എനിക്കറിയാം... ഇത്രയും കാലം ആ പാവം നിങ്ങളുടെ ചൊല്പടിക്ക് നിന്നെന്ന് കരുതി ഇനിയങ്ങോട്ടും അതുണ്ടാകുമെന്ന് വല്യമ്മ മനക്കോട്ട കെട്ടണ്ട... വല്യമ്മയെന്നല്ല ആരും...... ഈ ഗോപിക ജീവനോടെ ഉണ്ടെങ്കിൽ അതിന് സമ്മതിക്കില്ല....

ഞങ്ങളിവിടെ നിന്നും പോകുമ്പോൾ അവളും ഉണ്ടാകും ഞങ്ങടെ കൂടെ... വെറുതെയല്ല.... എന്റെ ഏട്ടന്റെ കൈ പിടിച്ച് , അവന്റെ ഭാര്യയായിട്ട്..... നിങ്ങൾക്കൊക്കെ തോന്നും പോലെ തട്ടി കളിക്കാനും , ഉപദ്രവിക്കാനും ഇട്ട് തരില്ല ഞാനവളെ ....."" ഗോപിക ഉയർന്ന ശബ്ദത്തിൽ വീറോടെ പറഞ്ഞു....... ആ വാക്കുകൾക്ക് മുമ്പിൽ സാവിത്രിയും , രവീന്ദ്രനും പകച്ചു നിന്നപ്പോൾ കൈലാസിനെ നഷ്ടപ്പെടുന്ന വേദനയിൽ സ്വാതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..... അത് കണ്ട് സിദ്ധാർഥ് അവളെ അയാളുടെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു.... തന്റെ സഹോദരിയുടെ വേദനയിൽ അയാളുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു....

അവളുടെ മിഴികളിൽ നിന്നും അടർന്നു വീഴുന്ന ഓരോ തുള്ളിയും സിദ്ധാർഥിന്റെ നെഞ്ചിലെ ദയയോടുള്ള രോഷത്തെ ആളി കത്തിച്ചു..... ദയക്ക് ചുറ്റും രക്ഷാ കവചം തീർത്ത് ഗോപികയും മറ്റുള്ളവരും ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ ആ പാവം പെണ്ണിനെ അയാൾ ഇഞ്ചിഞ്ചായി കൊന്നേനെ .... മുറ്റത്ത് നിന്ന് എല്ലാം കണ്ടും കേട്ടും നിൽക്കുകയായിരുന്നു ദയ ...... സിദ്ധാർത്തിന്റെ ചുവന്ന് കയറിയ മിഴികളും , കഴുത്തിലെ വരിഞ്ഞു മുറുകിയ ഞരമ്പുമെല്ലാം അവളെ ഭയത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു.... അയാളിൽ തന്നോടുള്ള ദേഷ്യം പലപ്പോഴും കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഇത്രത്തോളം ഭീകരമായൊരു ഭാവം ഇതാദ്യമായിട്ടായിരുന്നു..... താൻ ഒന്നിനുമില്ലെന്നുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു ദയക്ക്..... പക്ഷേ ഭീതിയാൽ ഉമിനീർ പോലുമിറക്കാൻ കഴിയാത്ത അവസ്ഥയിൽ ഉടലാകെ മരവിച്ചു പോയിരുന്നു..............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story