ദയാ ദുർഗ: ഭാഗം 14

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""ദച്ചൂ......നീ ഇതുവരെ ഒരുങ്ങിയില്ലെ.... ദേ എല്ലാവരും ഇറങ്ങാൻ നിക്ക്യാ......"" ""എനിക്ക് വരാൻ പറ്റില്ല ഗോപികേ...."" ""എന്താടാ... പീരിയഡ്സ് ആണോ ??"" ഗോപിക അലിവോടെ ദയയുടെ കവിളിൽ കൈ ചേർത്ത് ചോദിച്ചപ്പോൾ മറുപടിയായവൾ ദൈന്യതയോടെ അല്ലെന്ന് തലയനക്കി... ആ കണ്ണുകളിൽ നനവൂറിയിരുന്നു... അത് കണ്ട് ഗോപിക ഒന്ന് കൂടെ അവൾക്കരികിലേക്ക് ചേർന്നു നിന്നു..... ""എന്നെ... എന്നെയങ്ങട് കയറ്റില്ല ഗോപികേ...."" ""കയറ്റില്ലെന്നോ??അതെന്താ....'"" ""ന്റച്ഛൻ ഇവിടത്തെ ജാതിയല്ലല്ലോ..."" പറയുമ്പോൾ ദയ വിതുമ്പി പോയിരുന്നു.... ഒരു കുടുംബം മുഴുവനും ഒറ്റപ്പെടുത്തിയ ഒരു മനുഷ്യ ജീവിയുടെ...

നിസ്സഹായയായ പെണ്ണിന്റെ മനോവേദന...... ""അതിനെന്താ?? എന്റെ ദച്ചു.. ഈ ജാതി വിവേചനമൊക്കെ എടുത്ത് കളഞ്ഞിട്ട് നൂറ്റാണ്ടുകളായി... അല്ലെങ്കിലും ഈശ്വരന് മുന്നിൽ എന്ത് ജാതി , എന്ത് മതം??? നീ പോയി മാറ്റി വന്നേ പെണ്ണെ.... അവിടെ ഇതിന് മാത്രം വലിയ തമ്പുരാക്കൻമാർ ആരാ ഉള്ളതെന്ന് എനിക്കൊന്ന് കാണണം...."" ""ഞാൻ.... ഞാനില്ല ഗോപികേ.... അവിടെ വന്നാൽ ആർക്കും ഇഷ്ടപ്പെടില്ല.... എല്ലാരും.... എല്ലാരും ന്നെ തുറിച്ച് നോക്കും....മുറു മുറുക്കും.... കളിയാക്കും....... നിക്ക് വയ്യ...... വെറുതെ ന്റെ പേരിൽ ഒരു വഴക്ക് വേണ്ട....."" ""നീ വരുന്നില്ലേ??? '" കരുത്തോടെ ഉയർന്ന സിദ്ധാർഥിന്റെ ശബ്ദം കേട്ട് ദയ ഞെട്ടി.....

അവനെയൊന്ന് നോക്കിയവൾ ഭീതിയോടെ തന്റെ മുറിയുടെ വാതിലിന് മറവിലേക്ക് പതുങ്ങി..... """ഞാൻ ദച്ചുവിനെ........."" ""അവൾക്ക് കാവിലേക്ക് പ്രവേശനമില്ലെന്ന് നിനക്കറിഞ്ഞൂടെ??"" സിദ്ധാർഥ് ശൗര്യത്തോടെ ചോദിച്ചു ""എന്താ? അവള് കയറിയാൽ നാളെ സൂര്യനുദിക്കില്ലേ?? അതോ ആകാശം ഇടിഞ്ഞു വീഴുവോ??"" ഗോപിക സിദ്ധാർഥുമായി കയർത്തു.... തിരികെ പറയാൻ അയാളുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല..... ""നിന്നോട് തർക്കിക്കാൻ ഞാനില്ല... ഇങ്ങോട്ട് വരാൻ നോക്ക് ...."" സിദ്ധാർഥിന്റെ ശബ്ദം വീണ്ടും രൂക്ഷമായി.... അവന്റെ ആജ്ഞ ഗോപികയ്ക്കൊട്ടും ദഹിച്ചില്ല..... അവളവനെ തുറിച്ചു നോക്കി.....

""നിങ്ങടെ കല്പനയും ശൗര്യവുമൊന്നും എന്റടുത്ത് വേണ്ട ...... സ്വന്തമായൊരു പെങ്ങളില്ലേ... അവളോട് മതി.... മനസ്സിലായോ???"" സിദ്ധാർഥ് ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി ഗോപികയെ നോക്കി പല്ല് ഞെരിച്ചു..... ""എന്താ ഇവിടെ ബഹളം .....? നിങ്ങളിത് വരെ ഇറങ്ങീല്യേ കുട്യോളെ???"" മുറിയിൽ നിന്നും ഒരുങ്ങിയിറങ്ങിയ പ്രഭാകരവർമ്മ ഇരുവരെയും നോക്കി ചോദിച്ചു ..... """ഞാൻ ദച്ചുവിനെ കൂടെ കൂട്ടാൻ വന്നതാ മുത്തശ്ശാ....."" ആ നേരം വരെ പ്രസന്നമായിരുന്ന പ്രഭാകര വർമ്മയുടെ മുഖം പൊടുന്നനെ മങ്ങി..... ഗോപികയത് ശ്രദ്ധിക്കുകയും ചെയ്തു.... ""അത്....അത് വേണ്ട കുട്ട്യേ......അവളിവിടെ നിന്നോട്ടെ..."" പതർച്ചയോടെ പറഞ്ഞ അദ്ദേഹത്തെ ഗോപിക തറപ്പിച്ചൊന്ന് നോക്കി.... മറുപടിയായി എന്തോ പറയും മുന്നേ ദയ അവളെ തടഞ്ഞിരുന്നു.....

അരുതെന്ന് നിറ കണ്ണുകളോടെ തലയാട്ടുന്നവളെ നോക്കി ഗോപിക തന്റെ പ്രധിഷേധം കൈ മുഷ്ഠികൾ ഞെരിച്ചു തീർത്തു.... ഇടനാഴിയിൽ നിന്നും ഉമ്മറത്തേക്കിറങ്ങിയ പ്രഭാകര വർമ്മയ്ക്ക് പിന്നാലെ വിജയ ചിരിയോടെ സിദ്ധാർഥും നടകന്നു..... ""നീ... നീ.. പൊയ്ക്കോ ഗോപികേ... എന്നെ കാക്കണ്ട....... ഇനിയും വൈകിയാൽ ദീപാരാധന തൊഴാൻ പറ്റില്ല........."" ""നീ ഇവിടെ ഒറ്റയ്ക്ക്?? അതും ഒരു രാത്രി മുഴുവൻ...... ഞാൻ സമ്മതിക്കില്ല ദച്ചു....."" ""ഇത് എല്ലാ കൊല്ലവും പതിവുള്ളതാ ഗോപികേ.... വല്യമ്മാമയെ പേടിച്ചിട്ടാണെങ്കിൽ അത് വേണ്ട.... ഈ ദിവസം അയാളെന്നെ ഒന്നും ചെയ്യില്ല... വ്രതമുണ്ടാകും.....

കുടുംബ ക്ഷേത്രം ആയത് കൊണ്ട് തറവാട്ടിലെ അംഗങ്ങളെല്ലാം വ്രതമനുഷ്ഠിക്കണമെന്ന് നിർബന്ധാണ്...."" ""എന്നിട്ട് ഞാനും അച്ഛനും ഏട്ടനും ഇതൊന്നും എടുത്തിട്ടില്ലല്ലോ....."" ""അതിന് നിങ്ങളിവിടെ സ്ഥിരമായി താമസിക്കുന്നവർ അല്ലല്ലോ......"" ഗോപികയുടെ ചൊടികൾ പുച്ഛത്തോടെ കോടി.... """ഓരോരോ മണ്ടൻ ആചാരങ്ങളും , വിശ്വാസവും.... കൂടെ തുള്ളാൻ ഇവിടുള്ളവരും....."" കടുപ്പിച്ച് പറഞ്ഞവൾ ദയയെ ശാസനയോടെ നോക്കി വെട്ടി തിരിഞ്ഞ് പുറത്തേക്ക് ചുവടുകൾ നീക്കി...... 🌼🌼🌼🌼🌼 കാവിലെ തിക്കും തിരക്കും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ചെവിക്കരുകിലേക്ക് ചേർത്ത് പിടിച്ച തന്റെ സെൽഫോണുമായി സിദ്ധാർഥ് കുറച്ചകലെയായുള്ള പറമ്പിലേക്ക് മാറി നിന്നു .....

ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന ഉറച്ച വിശ്വാസത്തോടെ തൊട്ടപ്പുറത്തായുള്ള മാവിന്റെ പിന്നിലേക്ക് ഒളിച്ച് നിന്നവൻ ഫോണെടുത്ത് ആരെയോ വിളിച്ച് താൻ നിൽക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ കൈമാറി.... നിമിഷ നേരത്തിനുള്ളിൽ രണ്ട് പേർ അവനെ തേടിയെത്തി.... കണ്ടയുടനെ തന്നെ ഇരുവരും സിദ്ധാർഥിനെ നോക്കി പരിചിതമായൊന്ന് മന്ദഹസിച്ചു... തിരികെ നേർമയിൽ അവനും...... ""കാര്യങ്ങളൊന്നും ഇനിയും ഞാൻ വിശദീകരിക്കണ്ടല്ലോ.....?? ഇന്ന് പുലരും മുമ്പ് അവളെ നീ ആ വീട്ടിൽ നിന്നും ഒഴിവാക്കിയിരിക്കണം.... എങ്ങോട്ട് വേണമെങ്കിലും കൊണ്ട് പോവാം.. ആർക്ക് വേണമെങ്കിലും വിൽക്കാം.... ഒരു രക്ഷയുമില്ലെന്ന് കണ്ടാൽ കൊന്ന് വല്ല റെയിൽവെ ട്രാക്കിലോ , ആറ്റിലോ തള്ളിയേക്ക്.... ആരും തിരക്കി വരില്ല....

ദാ.... ഇത് നീ ചോദിച്ചതിലും കൂടുതൽ പണമുണ്ട്...."" സിദ്ധാർഥ് തന്റെ അരയിലെ മുണ്ടിനിടയിൽ തിരുകിയ നോട്ട് കെട്ടെടുത്ത് അയാൾക്ക് നേരെ നീട്ടി...... ആ തടിച്ച് വീർത്ത കണ്ണുകൾ ആർത്തിയോടെ തിളങ്ങി..... മുറുക്കാൻ ചവച്ചതിന്റെ അവശേഷിപ്പായി കിനിഞ്ഞിറങ്ങുന്ന ചുവപ്പ് കലർന്ന ഉമിനീരിനെ തന്റെ കൈ വെള്ളയാൽ വടിച്ചെടുത്തയാൾ പണം വാങ്ങി തനിക്ക് പിന്നിൽ നിൽക്കുന്ന കൂട്ടാളിക്ക് നേരെ നീട്ടി..... """ഈ രാജീവനൊരു കാര്യേറ്റാൽ ഏറ്റതാണെന്ന് കൊച്ച് കുഞ്ഞിനറിയാലോ.... അവളെയിനി ഞങ്ങള് കൊറച്ചാളോളല്ലാതെ നിങ്ങളാരും കാണില്ല.....ആരും...!!""""

അയാൾ ക്രൂരമായി ചിരിച്ചു..... അയാളുടെ കറ പിടിച്ച പല്ലുകൾ കാണെ സിദ്ധാർഥിനറപ്പ് തോന്നിയെങ്കിലും അവനത് പുറമേ പ്രകടിപ്പിച്ചില്ല.... രാജീവൻ അകന്നതും സിദ്ധാർഥിന്റെ നേത്ര ഗോളങ്ങൾ പരവേശത്തോടെ ചുറ്റിലും അലഞ്ഞു.... ആരെങ്കിലും തങ്ങളെ വീക്ഷിക്കുന്നുണ്ടോയെന്ന സംശയം!!! ആരുമില്ലെന്ന് ഉറപ്പായതും അവൻ കണ്ണുകളടച്ച് ദീർഘമായി നിശ്വസിച്ചു... ചെയ്യുന്നത് തെറ്റാണെന്ന് നൂറായിരമാവർത്തി ഹൃദയമലമുറയിടുന്നുണ്ടെങ്കിലും സ്വന്തം സഹോദരിയോടുള്ള അളവിൽ കവിഞ്ഞ സ്നേഹം അയാളെ അത്രമേൽ സ്വാർത്ഥനും , മൃഗതുല്യനുമാക്കിയിരുന്നു.... ഇനിയൊരിക്കലും സ്വാതിയുടെ ജീവിതത്തിൽ ദയയെന്ന പെണ്ണിന്റെ നിഴൽ പോലും പതിയില്ലെന്ന ഉറപ്പോടെ അയാൾ തിരികെ നടന്നു.....

അങ്ങേയറ്റം ആത്മസംതൃപ്തിയോടെ.... 🌼🌼🌼🌼🌼 ഉമ്മറ വാതലിൽ തുടരെ തുടരെയുള്ള കൊട്ട് കേട്ടാണ് ദയ ഉറക്കം ഞെട്ടിയെഴുന്നേറ്റത്.... ഓരോന്നോർത്ത് സങ്കടപ്പെട്ട് എപ്പോഴോ മയങ്ങി പോയിരുന്നു.....!! കണ്ണുകൾ അമർത്തി തിരുമ്മി , അഴിഞ്ഞുലഞ്ഞ മുടി വാരി മുറുകെ കെട്ടിയവൾ മുറിയിൽ വെട്ടം തെളിയിച്ച് ഇടനാഴിയിലേക്കിറങ്ങി.... സമയം രാത്രി ഒന്ന് കഴിഞ്ഞിരിക്കുന്നു... ആരാ ഈ നേരത്ത്.... ചിലപ്പോ കാവിലേക്ക് പോയവരാരെങ്കിലുമായിരിക്കും.... ഉറക്കം വന്നപ്പോ തിരികെ പോന്ന് കാണും..... മിക്കവാറും ഗോപിക ആയിരിക്കും....!!! ഊഹാബോഹങ്ങളോടെയവൾ വാതിലിനരികിൽ ചെന്ന് നിന്ന് ഉച്ചത്തിൽ ചോദിച്ചു..... ""'ആരാ???"" നിമിഷ നേരം കഴിഞ്ഞിട്ടും ചോദിച്ച ചോദ്യത്തിന് മറുപടിയെത്തിയില്ല.....

അല്പ സമയത്തെ നിശബ്ദതയെ ബേദിച്ച് വാതിലിൽ വീണ്ടും ശക്തമായ കൊട്ട് വീണു...... ദയയുടെ കൈകൾ വാതിലിന്റെ കുറ്റിയിലേക്ക് നീണ്ടു.... പിന്നീട് എന്തോ ഓർത്തെന്ന പോൽ അവളാ കൈ പിൻവലിച്ചു..... സിദ്ധേട്ടനോ , സ്വാതിയോ മറ്റോ ആയിരിക്കുമോ?? സിദ്ധേട്ടൻ എവിടെയെങ്കിലും പോയി നേരം വൈകി വരുമ്പോൾ വാതിൽ തുറന്ന് നൽകാറ് താനാണ്.... ചോദ്യവും പറച്ചിലുമൊന്നും ഉണ്ടാകില്ല.... ഇങ്ങനെ തട്ടി കൊണ്ടേയിരിക്കും... തുറക്കാനെങ്ങാനും അല്പം വൈകി പോയാൽ പിന്നെ വാതിൽ പൊളിഞ്ഞു പോകുന്ന തരത്തിൽ തൊഴിക്കും...... ആലോചനയോടെ നിൽക്കുന്നതിനിടയിൽ വാതിലിന് മീതെയുള്ള കൊട്ട് പിന്നെയും മുറുകി..... ദയ വലത് കൈവിരലുകളാൽ കൊളുത്തിൽ പിടി മുറുക്കി...... ഇനി വല്യമ്മാമയെങ്ങാനും ആയിരിക്കുമോ!! ഉള്ളിൽ ഭയം നിറഞ്ഞു.... ഒപ്പം വാതിൽ തുറക്കണോ വേണ്ടയോ എന്ന ആശയകുഴപ്പവും...

. """ഇ... ഇതാരാ..... ഒന്ന് പറയോ?? സിദ്ധേട്ടനാണോ??""" ""മ്മ്മ്മ് .......""" അപ്പുറത്ത് നിന്നും അമർഷം കലർന്നൊരു പതിഞ്ഞ മൂളൽ.. അത് സിദ്ധാർഥ് തന്നെയായിരിക്കുമെന്ന നിഗമനത്തിൽ ദയ വാതിലിന്റെ കൊളുത്ത് മാറ്റി മലർക്കേ തുറന്നു...... മുന്നിൽ നിൽക്കുന്ന അപരിചിതരായ വ്യക്തികളെ കണ്ടവളുടെ കണ്ണുകൾ മിഴിഞ്ഞു... ""ആരാ.... എന്ത് വേണം???"" അവർ മറുപടി പറഞ്ഞില്ല..... ഇരുവരിലൊരാൾ ദയയെ നോക്കി വഷളമായി ഒന്നിളിച്ചു.... ചിരിച്ചപ്പോൾ അയാളുടെ ചുണ്ടിനിടയിൽ നിന്നും ഒലിച്ചിറങ്ങിയ ചുവന്ന ദ്രാവകം കണ്ട് ദയയുടെ ചൊടികൾ അവജ്ഞയോടെ ചുളുങ്ങി..... ഹൃദയം ഭീതിയാൽ ശര വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു...... ""മോള് ഞങ്ങൾക്കൊപ്പം വാ......

"" തനിക്ക് നേരെ നീണ്ട അയാളുടെ വലത് കയ്യെ അറപ്പോടെ തട്ടി മാറ്റി ദയ ഉടനടി അയാൾക്ക് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കാൻ ശ്രമിച്ചു.... അപ്രതീക്ഷിതമായതിനാൽ അയാളൊന്ന് പതറിയെങ്കിലും വാതിൽ മുഴുവനായും അടയും മുമ്പേ ദയയുടെ ആ ഉദ്യമത്തെ അയാൾ തന്റെ സർവ്വ ശക്തിയുമെടുത്ത് തടഞ്ഞിരുന്നു..... ഒടുക്കം ഊക്കോടെ ദയ തെറിച്ച് ഇടനാഴിയിലേക്ക് വീണതും ഇരുവരും ധൃതിയിൽ അകത്തേക്ക് കയറി വാതിൽ പൊളികൾ അടച്ച് കുറ്റിയിട്ടു.... ദയക്ക് തന്റെ ദേഹം തളരും പോലെ തോന്നി.... ഒച്ച വയ്ക്കാൻ നാവുയരാതെ അവൾ വിറയലോടെ അവരെ തന്നെ നോക്കി കൊണ്ടിരുന്നു .... ""രക്ഷപ്പെടാൻ ശ്രമിക്കണ്ട കൊച്ചേ..... നടക്കില്ല..... എന്തായാലും നിന്നെ ഞങ്ങളിവിടന്ന് കൊണ്ട് പോവും.... ഒച്ചയും ബഹളവും വയ്ക്കാതെ മര്യാദയ്ക്ക് ഞങ്ങൾക്കൊപ്പം വരുന്നതാവും നിനക്ക് നല്ലത്.....

ഇല്ലാച്ചാൽ കൊണ്ട് പോകുന്ന രീതി അങ്ങ് മാറും....""" അയാൾ ചൊടികൾ വീര്യത്തോടെ വളച്ചൊടിച്ച് ദയക്കരികിൽ വലത് കാൽമുട്ടിലൂന്നിയിരുന്നു .... ""എന്നെ എന്നെയൊന്നും ചെയ്യരുത്..."" ദയ നിസ്സഹായതയോടെ അയാൾക്ക് മുന്നിൽ കൈകൾ കൂപ്പി പൊട്ടി കരഞ്ഞു..... അയാൾ ദയയുടെ കൂപ്പിയ കൈകൾ കൂട്ടി പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ച് അവളുടെ വലത് കവിളിലൊന്ന് തഴുകി... പിന്നീടാ കൈയ്യും വിരലുകളും അവളുടെ കഴുത്തിലൂടെ ചുമലിലേക്കരിച്ചിറങ്ങിയതും ദയ അയാളെ ഊക്കോടെ തള്ളി...... അയാൾ നില തെറ്റി തനിക്ക് പിറകിൽ നിൽക്കുന്നവനെയും കൊണ്ട് തറയിലേക്ക് മലർന്നടിച്ച് വീണു...............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story