ദയാ ദുർഗ: ഭാഗം 15

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""എന്നെ എന്നെയൊന്നും ചെയ്യരുത്..."" ദയ നിസ്സഹായതയോടെ അയാൾക്ക് മുന്നിൽ കൈകൾ കൂപ്പി പൊട്ടി കരഞ്ഞു..... ദയയുടെ കൂപ്പിയ കൈകൾ കൂട്ടി പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചയാൾ അവളുടെ വലത് കവിളിലൊന്ന് തഴുകി... പിന്നീടാ കൈയ്യും വിരലുകളും അവളുടെ കഴുത്തിലൂടെ ചുമലിലേക്കരിച്ചിറങ്ങിയതും ദയ അയാളെ ഊക്കോടെ തള്ളി മാറ്റി ..... അയാൾ നില തെറ്റി തനിക്ക് പിറകിൽ നിൽക്കുന്നവനെയും കൊണ്ട് തറയിലേക്ക് മലർന്നടിച്ച് വീണു.... കിട്ടിയ അവസരത്തിനവൾ അവരിൽ നിന്നും രക്ഷ തേടി ഓടി അടുക്കളപ്പുറത്തെത്തി.... കുറ്റിയിട്ട അടുക്കള വാതിൽ ധൃതിയിൽ വലിച്ച് തുറന്ന് മുറ്റത്തേക്കിറങ്ങി ഇരുട്ടിലൂടെ മുന്നോട്ട് കുതിച്ചു .... പിന്നാലെ അവരും..... മുന്നോട്ട് പായുന്ന ഏതോ നിമിഷത്തിൽ പിന്നി കെട്ടിയിട്ട ദയയുടെ നീണ്ട മുടിയിഴകളിൽ ശക്തമായ പിടി വീണു .... പിന്നിൽ നിന്നും അയാൾ ആഞ്ഞു വലിച്ചപ്പോൾ നിലത്തെറ്റിയവൾ മുറ്റത്തേക്ക് വീണു പോയി...... ദയ അതേ ഇരിപ്പിൽ കിതപ്പോടെ മണ്ണിലൂടെ പിന്നോക്കം നിരങ്ങി നീങ്ങി....

ഉമ്മറത്ത് തെളിയിച്ചിരിക്കുന്ന സീറോ ബൾബിന്റെ വെട്ടത്തിൽ തനിക്കരികിലേക്കടുക്കുന്നവന്റെ കണ്ണുകൾ ക്രൂരമായി തിളങ്ങുന്നതാ പെണ്ണ് സംഭ്രാന്തിയോടെ നോക്കി കണ്ടു ... ദയക്കരികിൽ മുട്ട് കുത്തിയിരുന്നയാൾ അവളുടെ ഇരു കവിളുകളിലും മാറി മാറി അടിച്ച ശേഷം വലത് കയ്യാൽ ശക്തമായി അവളുടെ കഴുത്ത് പിടിച്ച് ഞെരിച്ചു ..... """പറഞ്ഞതല്ലെടി പുന്നാര മോളെ രക്ഷപ്പെടാൻ ഒക്കില്ലെന്ന്......""" കട പല്ല്‌ ഞെരിച്ചമർത്തി ക്രോധത്തോടെ പറഞ്ഞ് ഒന്ന് കൂടെ ദയയെ ശ്വാസം മുട്ടിച്ചു അയാൾ .... അവൾ പിടഞ്ഞു... കണ്ണുകൾ തുറിച്ചുന്തി.. മരണ വെപ്രാളത്തോടെ കൈകളാൽ നിലത്ത് മാന്തി പറിച്ചവൾ പെട്ടന്ന് തോന്നിയ ബുദ്ധിയിൽ ഒരു കൈ പിടി മണ്ണ് വാരി അയാളുടെ മുഖത്തിന് നേരെ എറിഞ്ഞു..... ഉടനടി ദയയിൽ മുറുകിയ കൈകൾ അയഞ്ഞു.. അവനെ പിന്നോട്ട് തള്ളി എഴുന്നേറ്റവൾ വീണ്ടും ഓടി..... പെട്ടന്നാണ് ഇടവഴി തിരിഞ്ഞൊരു കാർ മുറ്റത്തേക്ക് കയറിയത്..... കണ്ണ് തുളച്ച് കയറിയ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം താങ്ങാനാകാതെ ദയ കണം കയ്യാൽ കണ്ണുകൾ മറച്ചു പിടിച്ചു.... കാലുകൾ നിശ്ചലമായി....

അവൾക്ക് മുന്നിലാ കാർ വലിയൊരു ശബ്ദത്തോടെ ഇരമ്പി നിന്നു....... കാറിന്റെ ഡോർ തുറന്നിറങ്ങിയ അപരിചിതനെ ദയ ഒരു മാത്ര നോക്കി നിന്നു .... """ഡീ....... """ പിന്നിൽ നിന്നും ഉച്ചത്തിൽ ആക്രോശമുയർന്നപ്പോൾ അവൾ വേഗത്തിൽ അയാൾക്കരികിലേക്ക് ചലിച്ചു .... അയാൾ ദയയെയും , അവൾക്ക് പിന്നിലായി ഓടി അടുക്കുന്നവരെയും മാറി മാറി നോക്കി..... ആ മുഖത്ത് തിങ്ങി നിറഞ്ഞ അമ്പരപ്പിനെയും , സംശയത്തെയും വക വയ്ക്കാതെ ദയ തനിക്ക് മുന്നിലുള്ളവന്റെ കാൽക്കലേക്ക് വീണു .... ""എന്നെ.... എന്നെ.. രക്ഷിക്കണം...."" ഇടർച്ചയോടെ അത്ര മാത്രം പറഞ്ഞു.... ആരെന്നോ എന്തെന്നോ അറിയില്ല... ശത്രുവോ , മിത്രമോ...... ഒന്നും ചിന്തിക്കാതെ പ്രാണരക്ഷാർത്തം മുന്നിൽ നിൽക്കുന്നവന്റെ ഇരു കാലുകളും കൂട്ടി പിടിച്ച് തേങ്ങി ....... അല്പം അലിവ് തോന്നി രക്ഷിക്കാനുള്ള മനസ്സ് കാണിച്ചാലോ..!! അയാൾ ആശ്ചര്യപ്പൂർവ്വം ദയയെ നോക്കി.... പിന്നീടാ കണ്ണുകൾ മുന്നോട്ട് നീണ്ടു.... രണ്ട് പുരുഷന്മാർ അടി വച്ച് പിന്നോക്കം നീങ്ങുന്നു...... ഒരുപക്ഷെ തന്നെ കണ്ടിട്ടാവണമെന്നവൻ ഊഹിച്ചു.... ദയയെ പിടിച്ചെഴുന്നേൽപ്പിച്ച് തന്റെ ദേഹത്തോട് ചേർത്ത് നിർത്തിയവൻ ഉറക്കെ അലറി .... ""ആരാടാ അത്.......""" തന്നിൽ നിന്നും ഉയർന്ന ഗർജ്ജനത്തിൽ തന്റെ കൈ പിടിയിൽ ഒതുങ്ങി നിൽക്കുന്ന പെണ്ണിന്റെ ഉടലൊന്നാകെ വിറച്ചതറിഞ്ഞയാൾ ഒന്ന് കൂടെ അവളിലെ പിടി മുറുക്കി തന്റെ നെഞ്ചിലേക്കമർത്തി ......

തനിക്കൊപ്പമുള്ളവന്റെ ശബ്ദത്തിൽ തന്നിലേക്കടുത്തിരുന്ന കാലടികളും , മുറുമുറുക്കലുകളും ദൂരേക്കകന്ന് പോകുന്നത് ദയ അറിയുന്നുണ്ടായിരുന്നു..... അവൾക്കല്പം ആശ്വാസം തോന്നി..... താളം തെറ്റി ധ്രുത ഗതിയിൽ മിടിച്ചു കൊണ്ടിരുന്ന ഹൃദയം പൂർവ്വ സ്ഥിതി പ്രാപിക്കുന്നത് വരെ അവൾ ആ ഹൃദയത്തോട് ചേർന്ന് നിന്നു..... ദയയെ അടർത്തി മാറ്റാൻ എന്ത്‌ കൊണ്ടോ അയാളും മുതിർന്നില്ല..... ""ഹേയ്...ആർ യു ഓക്കേ???? "" കുനിഞ്ഞ് ദയയുടെ കാതരുകിലേക്ക് മുഖം ചേർത്തയാൾ ചോദിച്ചു.... ആ സ്വരം സാന്ത്രമായിരുന്നു.... ദയ അയാളിൽ നിന്നും പിടഞ്ഞു മാറി നന്ദിയോടെ കൈകൾ കൂപ്പി.... മിഴികളിൽ നിന്നും ഉറ്റ് വീഴുന്ന ഓരോ തുള്ളി നീർ കണങ്ങളിലും അയാളോടുള്ള കടപ്പാട് നിറച്ചിരുന്നു ആ പാവം പെണ്ണ്..... തനിക്ക് നേരെ കൂപ്പിയ കൈകളിലെ നീണ്ട് മെലിഞ്ഞ വിരലുകളപ്പോഴും വിറക്കുന്നത് കണ്ടയാൾ ഒന്ന് മന്ദഹസിച്ചവളുടെ കൈകൾ പിടിച്ച് താഴ്ത്തി...... """ആരാ അവരൊക്കെ....എന്തിനാ അവർ തന്നെ....?? ""എനിക്ക്... എനിക്കറിയില്ല.... ഞാൻ... വീട്ടിൽ ഇരിക്കുമ്പോ അവര് വന്ന് വാതിൽ തട്ടി... ഞാൻ സിദ്ധേട്ടനാണെന്ന് കരുതി തുറന്നപ്പോ.... അവര്......എന്നെ....""" പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് വാക്കുകൾ എണ്ണിപ്പെറുക്കി പറയുന്നവളോടയാൾക്ക് വല്ലാത്ത അനുകമ്പ തോന്നി....

"""ഏയ്.... ജസ്റ്റ്‌ റിലാക്സ്.... റിലാക്സ്...ഒന്നും പറ്റിയില്ലല്ലോ.....""" ദയക്കരികിലേക്ക് ഒന്ന് കൂടെ നീങ്ങി നിന്നയാൾ അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു ..... ദയ കരഞ്ഞ് തീരുന്നത് വരെ ആ സാന്ത്വനം തുടർന്നു പോന്നു... ദീർഘ നേരം കഴിഞ്ഞവളൊന്ന് ശാന്തമായെന്ന് കണ്ടതും അയാൾ സംസാരിച്ചു തുടങ്ങി. ""ഈ കാണുന്നതല്ലെ "ശ്രീ കോവിലകം" തറവാട്???"" കലങ്ങിയ മിഴികൾ അമർത്തി തുടച്ച് അരണ്ട വെളിച്ചത്തിൽ അരികിലുള്ളവനെയൊന്ന് സൂക്ഷിച്ചു നോക്കി മറുപടിയായൊന്ന് മൂളി..... ഓർമ്മകളിൽ എത്രയൊക്കെ ചികഞ്ഞിട്ടും ആ മുഖത്തോട് അല്പം പോലും പരിചയം തോന്നിയില്ല തനിക്ക്..... പക്ഷേ പറയത്തക്ക ബന്ധമില്ലാത്തൊരാൾ ഈ നേരത്ത് കോവിലകത്തേക്ക് വരില്ലല്ലോ......!! ആരായിരിക്കും.....!!!! ചിന്തയോടെ അയാളെ വീണ്ടും വീണ്ടും നോക്കി..... കഴുത്തൊപ്പം ഇറങ്ങി നിൽക്കുന്ന നീളൻ മുടിയിഴകളിലൂടെ അലസമായി വിരലുകൾ ഓടിച്ചയാൾ കണ്ണുകൾ കുറുക്കി കുസൃതിയോടെ ദയയോടായി പുഞ്ചിരിച്ചു..... ""എന്താ ഇയാൾടെ പേര്??"" ""ദ.. ദയ......."" ""ദയ....??""

ചോദിക്കുമ്പോൾ 'തന്നെ' മുൻ പരിചയമുള്ള പോൽ അയാളുടെ മുഖമൊന്ന് വിടർന്നു... നീണ്ട ചെറിയ കണ്ണുകൾ ഒന്ന് കൂടെ വികസിച്ചു..... ""ഇയാള് പോയില്ലേ കാവിലെ ഉത്സവത്തിന് ???"" ദയ ഞെട്ടലോടെ അയാളെ നോക്കി... എങ്ങനെ അറിയാമെന്ന് ചോദിക്കാൻ തോന്നിയവൾക്ക്.. പക്ഷേ മിണ്ടിയില്ല..... ""പറയെടോ.... താനെന്തേ പോവാഞ്ഞു??"" ""ഒന്നും... ഒന്നുമില്ല... എങ്ങനെ അറിയാം??"" ""എന്ത്??"" ആ ചൊടികളിൽ വീണ്ടും കുസൃതി തത്തി... ദയ മൗനം വരിച്ചു..... അയാൾ കാറിന്റെ ഡോർ തുറന്ന് ദയയെ നോക്കി... ""കയറ്....."" ദയ മടിച്ചു..... പരവേശത്തോടെ ചുറ്റിലുമൊന്ന് നോക്കിയവൾ ഇല്ലെന്ന് തലയനക്കി പിന്നോട്ട് ചുവടുകൾ നീക്കി... എന്തിനോ ഒരു ഭയം......!!!! """ഹാ.... പേടിക്കാതെ കയറെടോ.... കാർ ഒതുക്കിയിടട്ടെ ഞാൻ.....""" ""വേ... വേണ്ട.... ഞാൻ.. ഞാൻ പൊയ്ക്കോളാം....."" പറഞ്ഞതും അവൾ തിരിഞ്ഞോടി..... ദയയുടെ ഓട്ടം കണ്ട് അവന് ചിരി വരുന്നുണ്ടായിരുന്നു.... തന്നെ പിന്തിരിഞ്ഞു നോക്കി ഓടുന്നവളെ കണ്ടൊന്ന് മന്ദഹസിച്ചവൻ കാറിൽ കയറി വാഹനം മുന്നോട്ടെടുത്തു..... മുറ്റത്തൊരോരത്തേക്കായി കാർ ഒതുക്കിയിട്ട് ഇറങ്ങുമ്പോൾ ഉമ്മറത്തെ തൂണിൻ മറവിൽ നിൽപ്പുണ്ട് ദയ .... പിൻ സീറ്റിൽ നിന്നും തന്റെ ട്രാവൽ ബാഗ് എടുത്ത് ചുമലിലിട്ടവൻ കാർ ലോക്ക് ചെയ്ത് ഉമ്മറത്തേക്ക് കയറി....

അവന്റെ പ്രവർത്തികളും.... അവനെടുക്കുന്ന സ്വാതന്ത്ര്യവും ദയയെ ആകെ ആശയകുഴപ്പത്തിലാക്കുന്നുണ്ടായിരുന്നു ..... ' ആര്... എന്ത്.... എന്തിനിവിടെ വന്നു....' തുടങ്ങി ഒരുപാട് ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവളെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു ..... ഉമ്മറത്തെ ചാരു കസേരയിലേക്ക് ചാഞ്ഞിരുന്നവൻ തന്നെ അന്തിച്ചു നോക്കുന്ന പെണ്ണിന് മുന്നിൽ വിരൽ ഞൊടിച്ചു..... ആ മിഴികളൊന്ന് പിടഞ്ഞു... അവൾ തൂണിൻ മറവിൽ നിന്നും പുറത്തേക്ക് നീങ്ങി നിന്ന് അയാളോടായി ചോദിച്ചു..... ""ആാാരാ.....?"" ""എക്സ്ക്യൂസ് മി???"" ആ കണ്ണുകളിൽ അമ്പരപ്പ്.... ""ഏഹ്???"" തീർത്തും നിഷ്കളങ്കമായുള്ള ദയയുടെ നിൽപ്പ് കണ്ടവൻ പുരികം ചുളിച്ചു.... ""ശെരിക്കും ഇയാൾക്കെന്നെ മനസ്സിലായില്ലേ??"" ഇല്ലെന്നവൾ തലയനക്കിയതും അവൻ അത് സമ്മതിച്ചു കൊണ്ട് ചിരിയോടെ തലയാട്ടി..... ഓക്കേ ദെൻ... ഐ ആം ശ്രീറാം... " ശ്രീറാം സായന്ദ് "..... മാറ്റമില്ലാത്ത മുഖഭാവത്തോടെ അവൾ തലയനക്കിയപ്പോൾ ശ്രീറാം വീണ്ടും ചിരിച്ചു...... ആ ചിരിയുടെ അർത്ഥം മനസ്സിലാക്കാൻ ദയക്ക് സാധിച്ചില്ല.... """എ... എന്താ... ഇവിടെ???"" """ഏട്ടാ........."" കുറച്ചകലെ നിന്നും കേട്ട ഗോപികയുടെ അലർച്ച ദയയെ ഞെട്ടിച്ചു.... അതേ ഞെട്ടൽ ശ്രീറാമിലും പ്രകടമായിരുന്നു..... ദയക്ക് മറുപടി നൽകാതെയവൻ പുഞ്ചിരിയോടെ കസേരയിൽ നിന്നുമെഴുന്നേറ്റു....

"'പതുക്കെ ഗോപു....."" എന്ന ശരണിന്റെ സ്നേഹ ശാസനം പിന്നിൽ നിന്നും കേൾക്കാം...... ഗോപിക തന്റെ ചെരുപ്പ് പോലും അഴിച്ചിടാതെ ശ്രീറാമിനെ വന്ന് ഇറുകെ പുണർന്നു........ """മൈ ബേബി ഡോൾ......"" പുഞ്ചിരിയോടെ പറഞ്ഞവളുടെ നെറുകിൽ അമർത്തി ചുംബിച്ചവൻ ഗോപികയെ മുറുകെ കെട്ടിപിടിച്ചു ...... ""പറഞ്ഞില്ലല്ലോ വരുന്നത്.....? ഇന്നലെ വൈന്നേരവും കൂടെ ഞാൻ വിളിച്ചു സംസാരിച്ചതായിരുന്നില്ലേ.... മ്മ്ഹ്...ആരും പറഞ്ഞില്ല....എന്തിന് മഹിയമ്മയും പപ്പയും പോലും പറഞ്ഞില്ല......"" തനിക്ക് പിറകിൽ നിൽക്കുന്ന ശരണിനെയും , കൈലാസിനെയും , മറ്റുള്ളവരെയും നോക്കി ചുണ്ട് കൂർപ്പിച്ച് പരിഭവിച്ചു ഗോപിക .... അത് കണ്ട് എല്ലാവരും പുഞ്ചിരിച്ചു... ""അതിന് അവർക്കൊന്നും അറിയില്ലായിരുന്നല്ലോ..... ആകെ നിന്റെ ശരണേട്ടന് മാത്രേ അറിവുണ്ടായിരുന്നുള്ളൂ...... ഞാനാ അവനോട് ആരെയും അറിയിക്കണ്ടെന്ന് പറഞ്ഞത്... അറിഞ്ഞിരുന്നേൽ ഇത്രേം സന്തോഷം നിറഞ്ഞ എന്റെ കുഞ്ഞന്റെ മുഖം എനിക്ക് കാണാൻ പറ്റുവായിരുന്നോ....ഹ്മ്മ്?? "" ഗോപികയുടെ താടി തുമ്പ് പിടിച്ചുയർത്തിയവൻ അവൾക്ക് മുന്നിൽ കണ്ണുകൾ ചിമ്മി തുറന്നു..... ""ഹൌ വാസ് യുവർ റെക്കോർഡിങ് ഏട്ടാ??"" കൈലാസിന്റെ ചോദ്യത്തിനുള്ള മറുപടിയായവൻ സംതൃപ്തിയോടെ ഒറ്റ കണ്ണിറുക്കി പുഞ്ചിരി തൂകി ....

"""ഔ.......""" ഉച്ചത്തിൽ കൂകി വിളിച്ച് സ്വാതി കൈലാസിനെയും , ശരണിനെയും കടന്ന് ശ്രീറാമിന് മുന്നിൽ വന്ന് നിന്ന് തുള്ളി ചാടി....... ""ഏട്ടാ..... നോക്ക്...... ശ്രീറാം സർ......""" അവൾ എല്ലാവർക്കും പിറകിലായി നിൽക്കുന്ന സിദ്ധാർഥിനെ നോക്കി അത്യാവേശത്തിൽ പറഞ്ഞു..... സിദ്ധാർഥ് വിരസമായൊന്ന് പുഞ്ചിരിച്ചതേയുള്ളൂ..... അവന്റെ കണ്ണുകൾ തൂണിൻ മറവിൽ പറ്റി ചേർന്ന് നിന്ന് എല്ലാം വീക്ഷിക്കുന്ന ദയയിൽ ഉടക്കി നിന്നു... തിരികെ വരുമ്പോൾ ദയയിവിടെ ഉണ്ടാകില്ലെന്നവൻ ഉറപ്പിച്ചിരുന്നു.... എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ദയയെ കണ്മുന്നിൽ കണ്ടതിലുള്ള നടുക്കം അവനെയാകെ തളർത്തി കളഞ്ഞു ....... കാര്യങ്ങൾ താൻ ഉദ്ദേശിച്ച പോലെ എന്ത് കൊണ്ട് നടന്നില്ല !! ഇരുവരും കാശ് വാങ്ങി തന്നെ പറ്റിച്ചോ!! എന്ന് തുടങ്ങി ഒരുപാട് ചിന്തകൾ അവനെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു.... ""എനിക്ക്....എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... അയ്യോ... ഇത്ര അടുത്ത്....!! ശരണേട്ടന്റെ ബ്രദർ ആണെന്ന് അറിയാമായിരുന്നു... ബട്ട്‌ ഇവിടെ വരുമെന്ന്.....ഓ ഗോഡ്....""" സ്വാതി മറ്റേതോ ലോകത്തായിരുന്നു ....

താൻ അത്രയേറെ ആരാധിക്കുകയും , സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയെ തീർത്തും അപ്രതീക്ഷിതമായി കണ്ടതിലുള്ള വികാര വിക്ഷോഭം അടക്കി നിർത്താൻ അവളെ കൊണ്ട് സാധിക്കുന്നുണ്ടായിരുന്നില്ല .... ""ക്യാൻ ഐ ടേക്ക് എ ഫോട്ടോ വിത്ത്‌ യു...???"" സ്വാതി അത്രയേറെ ഭവ്യമായി അയാളോട് അനുവാദം ചോദിച്ചു... """ഓഫ്‌കോഴ്സ്... കം......""" അവൾ സന്തോഷപ്പൂർവ്വം അയാളോടൊട്ടി നിന്ന് തന്റെ മൊബൈൽ ക്യാമറയിൽ കുറച്ച് ചിത്രങ്ങൾ പകർത്തി അകന്നു മാറി .... ""ദച്ചു......നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്?? ഈ മുടിയൊക്കെയെന്താ ഇങ്ങനെ കിടക്കുന്നത്.....ദേ മുഖത്ത് പാട്.. എന്താ... എന്താ പറ്റിയെ ??? "' ശ്രീറാമിന്റെ കൈപിടിയിൽ നിന്നും വിട്ട് നിന്ന് ഗോപിക ദയയുടെ വലത് കവിളിൽ കൈ ചേർത്ത് വേവലാതിയോടെ ചോദിച്ചു ... അവളിൽ മറ്റെന്തിനേക്കാളുമേറെയായി ദയയോടുള്ള കരുതലും സ്നേഹവും മുറ്റി നിന്നു... ദയ കഴിഞ്ഞു പോയ നിമിഷങ്ങളെ ഓർത്തു...... നെഞ്ചിൽ വീണ്ടും സങ്കടമുരുണ്ട് കൂടി... അവളൊന്ന് ഏങ്ങി ഗോപികയെ മുറുകെ പുണർന്ന് പൊട്ടി കരഞ്ഞു..............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story