ദയാ ദുർഗ: ഭാഗം 16

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""ദച്ചു......നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്?? ഈ മുടിയൊക്കെയെന്താ ഇങ്ങനെ കിടക്കുന്നത്.....ദേ മുഖത്ത് പാട്.. എന്താ... എന്താ പറ്റിയെ ??? "' ശ്രീറാമിന്റെ കൈപിടിയിൽ നിന്നും വിട്ട് നിന്ന് ഗോപിക ദയയുടെ വലത് കവിളിൽ കൈ ചേർത്ത് വേവലാതിയോടെ ചോദിച്ചു ... അവളിൽ മറ്റെന്തിനേക്കാളുമേറെയായി ദയയോടുള്ള കരുതലും സ്നേഹവും മുറ്റി നിന്നു... ദയ കഴിഞ്ഞു പോയ നിമിഷങ്ങളെ ഓർത്തു...... നെഞ്ചിൽ വീണ്ടും സങ്കടമുരുണ്ട് കൂടി... അവളൊന്ന് ഏങ്ങി ഗോപികയെ മുറുകെ പുണർന്ന് പൊട്ടി കരഞ്ഞു... കാര്യമെന്തെന്നറിയാതെ എല്ലാവരും അവർക്ക് ചുറ്റും കൂടി...... ""എന്താ കുട്ട്യേ?? എന്തിനാ നീ കരയണേ??"" പ്രഭാകരവർമ്മ അവൾക്കരികിൽ വന്ന് നിന്നവളുടെ നെറുകിൽ തഴുകി അലിവോടെ ചോദിച്ചു..... ""ആരോ... ആരോ രണ്ട് പേര് വന്നെന്നെ.... ഞാൻ സിദ്ധേട്ടനാണെന്ന് കരുതി വാതിൽ തുറന്നപ്പോ അവര്...... ഈ സാർ വന്നില്ലായിരുന്നെങ്കിൽ അവരെന്നെ ....."" എണ്ണിപ്പെറുക്കി പറഞ്ഞവൾ വീണ്ടും വീണ്ടും ഗോപികയെ മുറുകെ പുണർന്ന് എങ്ങലടിച്ചു ....... ഗോപിക സിദ്ധാർഥിന് പിറകിൽ നിൽക്കുന്ന രവീന്ദ്രനെ രൂക്ഷമായി തുറിച്ചു നോക്കി..... അവൾ തന്നെയാണ് നോക്കുന്നതെന്ന് കരുതി സിദ്ധാർഥ് മുഖം താഴ്ത്തി....

രവീന്ദ്രനാകട്ടെ ഗോപികയുടെ നോട്ടത്തിന്റെ പൊരുൾ മനസ്സിലാകാതെ നിന്ന് വെപ്രാളം പൂണ്ടു....... ""പറഞ്ഞതല്ലേ... പറഞ്ഞതല്ലേ ഞാൻ ഇവളെ ഇവിടെ തനിച്ചാക്കി പോകണ്ടന്ന്..... അപ്പൊ ആരും കേട്ടില്ല..... ഇവൾക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ.....?? അല്ലെങ്കിലും ഇവൾക്കെന്ത് പറ്റിയാലും നിങ്ങൾക്കൊക്കെ എന്താ അല്ലെ???""" ഗോപിക ശബ്ദമുയർത്തി ....... """മോളിങ്ങനെ ഒച്ചയെടുക്കണത് എന്തിനാ?? അത് വല്ല കള്ളന്മാരുമായിരിക്കും.... അല്ലെങ്കിലും ആരെങ്കിലും വന്ന് വാതിൽ മുട്ടുമ്പോഴേക്ക് ഇവളെന്തിനാ തുറന്ന് കൊടുക്കാൻ പോയത്?? ഇനി വന്നവന്മാരിവൾടെ കാമുകൻമാരെങ്ങാനും ആയിരുന്നോന്ന് ആർക്കറിയാം!! എന്തായാലും തന്തേടെ സ്വഭാവ ഗുണം കാണിക്കാതിരിക്കില്ലല്ലോ.....""" ദയക്ക് തന്റെ ഹൃദയം നിലച്ചത് പോലെ തോന്നി..... ചുറ്റും കൂടി നിന്നവർക്ക് മുന്നിൽ വിവസ്ത്രയാക്കപ്പെട്ട പോലെ.... ആരുമില്ലാത്ത നേരത്ത് അന്യ പുരുഷന്മാർക്ക് വാതിൽ തുറന്ന് കൊടുക്കാൻ തക്കം പാർത്തിരിക്കുന്നൊരു മോശപ്പെട്ട പെണ്ണായി തന്നെ ചിത്രീകരിച്ചിരിക്കുന്നു... ഇത്തരത്തിൽ അപമാനിക്കാൻ മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത്....!! എന്തിനിവർ ഒന്നുമറിയാത്ത പാവം തന്റെ അച്ഛനെ പോലും പഴി പറയുന്നു..!! ദയക്ക് തന്റെ സങ്കടം നിയന്ത്രിക്കാനായില്ല....

"""നിർത്തിക്കോ നിങ്ങള്.... ഇനി ഇവളെ കുറിച്ചൊരു വാക്ക് മിണ്ടിയാൽ നിങ്ങളെന്റെ അച്ഛൻ പെങ്ങളാണെന്നുള്ള കാര്യം ഞാനങ്ങ് മറക്കും... ഇതിലും മോശമായി സംസാരിക്കാൻ അറിയാം ഗോപികയ്ക്ക്......"" സാവിത്രിക്ക് നേരെ വിരൽ ചൂണ്ടിയവൾ ആക്രോശിച്ചു.... ക്രോധത്തിന്റെ കാഠിന്യത്താൽ അവളുടെ വിരൽ തുമ്പ് പോലും വിറ പൂണ്ടു.... ഗോപികയുടെ വാക്കുകൾക്ക് മുന്നിൽ ഒരക്ഷരം മിണ്ടാനാകാതെ സാവിത്രി വിറങ്ങലിച്ചു നിന്നു.... മുഖം വിവർണ്ണമായി..... ""വേണ്ട... ഗോപികേ.....വഴക്കിടല്ലേ...""" ഗോപികയെ പിടിച്ച് ദയ അവളെ അനുനയിപ്പിക്കാനൊരു ശ്രമം നടത്തി... അവൾ ഉരുവിടുന്ന ഓരോ വാക്കിനും നരഗിക്കേണ്ടി വരുന്നത് താനായിരിക്കുമെന്ന് ദയക്ക് ഉറപ്പുണ്ടായിരുന്നു.... ദയ കൂട്ടിപിടിച്ച കൈകളെ ശക്തിയിൽ കുടഞ്ഞെറിഞ്ഞ് ഗോപിക സാവിത്രിക്കരികിൽ ചെന്ന് നിന്നു.... """തന്തേടെ തനി സ്വഭാവം കാണിക്കും എന്ന് നിങ്ങൾ പറഞ്ഞല്ലോ.. അങ്ങനെയെങ്കിൽ വന്നവരെ നിങ്ങളുടെ മോൾടെ കാമുകന്മാരായിരിക്കും..... അല്ലെങ്കിൽ ദേ ആ നിക്കുന്നവനോ , അല്ലെങ്കിൽ നിങ്ങളുടെ ഭർത്താവോ പറഞ്ഞു വിട്ടതായിരിക്കും..ഇവളെ ഉപദ്രവിക്കാൻ ... ഇവളെ ഒഴിവാക്കേണ്ടത് നിങ്ങളുടെയൊക്കെ ആവിശ്യമാണല്ലോ....""" അവൾ തുറന്നടിച്ചു പറഞ്ഞത് കേട്ട് സിദ്ധാർഥ് നടുങ്ങി...

രവീന്ദ്രൻ ഭീകരമായി ഞെട്ടിയെങ്കിലും തന്റെ പതർച്ച പുറത്ത് വരാതിരിക്കാനായി എപ്പോഴത്തെയും പോലെ നിഷകളങ്കതയുടെ മൂടുപടമണിഞ്ഞ് എല്ലാവരെയും നോക്കി നിരാശ നടിച്ചു ....... ""ഗോപു മതിയാക്ക്......"" ശേഖരൻ ശാസനയോടെ കടുപ്പിച്ച് പറഞ്ഞതും ഗോപിക കൈ മുഷ്ഠികൾ ചുരുട്ടി പിടിച്ച് തന്റെയുള്ളിൽ നുരഞ്ഞ് പൊന്തുന്ന അമർഷമടക്കി..... ""എന്തൊക്കെയാ നീ വിളിച്ചു പറയുന്നത്?? പ്രായത്തിന് മൂത്തവരോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത്...??"" """അവൾ പറയട്ടെ അങ്കിൾ....... അവൾക്ക് പറയാനുള്ളത് പറയട്ടെ......"" ശ്രീറാം വാക്കുകളിലൂടെ അവൾക്ക് ഊർജം നൽകി.... ആത്മബലത്തിനായി ആ വാക്കുകൾ മാത്രം മതിയായിരുന്നു ഗോപികയ്ക്ക്... അവൾ ശേഖരന് അഭിമുഖമായി നിന്ന് തീർത്തും ഗൗരവത്തോടെ അദ്ദേഹത്തെ നോക്കി ചോദിച്ചു ... """അവൾടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അച്ഛൻ ഇത് പറയുമായിരുന്നോ?? വല്യമ്മ നേരത്തെ പറഞ്ഞ വാക്കുകൾ എന്നെ കുറിച്ചായിരുന്നെങ്കിൽ അച്ഛൻ ഇതുപോലെ പ്രതികരിക്കാതെ നിൽക്കുമായിരുന്നോ??""" ശേഖരൻ ഉത്തരമില്ലാതെ വിയർത്തു.... അതിനുമപ്പുറം എന്ത് ന്യായീകരണങ്ങൾ നിരത്തിയാലും അതൊന്നും സ്വീകാര്യമാകില്ലെന്ന് അയാൾക്ക് തന്നെ തോന്നി കാണണം...

""സ്നേഹം വാക്കുകളിൽ മാത്രമുണ്ടായാൽ പോര അച്ഛാ.... പ്രവർത്തികളിലും വേണം..... "" കൈലാസിലേക്ക് കടുപ്പിച്ചൊരു നോട്ടമെറിഞ്ഞവൾ വെട്ടി തിരിഞ്ഞ് ദയയെയും വലിച്ച് അകതളത്തിലേക്ക് കയറി പോയി....... മുറിയിലേക്ക് പ്രവേശിച്ച ഉടനെ ഗോപിക ദയയെ തന്റെ കിടക്കയിൽ പിടിച്ചിരുത്തി അവളുടെ കയ്യും , മുഖവുമെല്ലാം പരിശോധിച്ചു...... ദയയുടെ മുഖത്തെ തിണർത്ത പാടുകൾ കാൺകെ ഗോപികയ്ക്ക് വല്ലാത്ത ദുഃഖമനുഭവപ്പെട്ടു.... ""അവര് ഒരുപാട് ഉപദ്രവിച്ചോ ദച്ചു....."" ചോദിക്കുമ്പോൾ അവളുടെ ശബ്ദമിടറിയിരുന്നു.... ദയക്കവളോട് അളവിൽ കവിഞ്ഞ സ്നേഹം തോന്നി..... ഗോപികയെ നോക്കി ഇല്ലെന്ന് തലയനക്കി ദയ ചുണ്ടുകൾ കൂട്ടി പിടിച്ച് വിതുമ്പി.... എന്തിനാണിത്ര സങ്കടമെന്ന് അറിയില്ല.. വർഷങ്ങളായി കിട്ടാതിരുന്ന കരുതലും , സ്നേഹവും , കരുണയുമെല്ലാം അനുഭവിക്കുമ്പോഴുള്ളൊരു നൊമ്പരം... സുഖമുള്ളൊരു നോവ്....!! ""ഇന്നിനി ഇവിടെ കിടന്നാമതി നീ...."" ""വേണ്ട.... ഞാൻ... """ """മര്യാദയ്ക്ക് ഇവിടെ കിടന്നോ... "'' ഗോപിക മിഴികൾ കൂർപ്പിച്ച് ദയയെ നോക്കി..... എഴുന്നേൽക്കാൻ തുടങ്ങിയ ദയ ആ നോട്ടത്തിൽ പതറി കിടക്കയിൽ തന്നെ ഇരിപ്പുറപ്പിച്ചു.... പിന്നീട് ഇടം കണ്ണാലെ ഗോപികയെ ഒന്ന് നോക്കി കട്ടിലിനോരത്തായി പറ്റി കൂടി കിടന്നു....

. നേർത്ത പുഞ്ചിരിയോടെ മുറിയിലെ വെട്ടം കെടുത്തി തൊട്ടപ്പുറത്തായി ഗോപികയും ..... 🌼🌼🌼🌼 ചായപ്പിലെ തന്റെ മുറിയിൽ മഹാലക്ഷ്‌മിയുടെ മടിയിൽ മുഖം പൂഴ്ത്തി കിടക്കുകയായിരുന്നു ശ്രീറാം...... അമ്മയുടെ വിരലുകൾ വളരെ പതിയെ അവന്റെ നീളൻ മുടിയിഴകളിലൂടെ ഊർന്നിറങ്ങുന്നുണ്ട്..... """അമ്മയ്ക്കെങ്കിലും പറയാമായിരുന്നു ആ കുട്ടിയേ ഇവിടെ തനിച്ചാക്കണ്ടെന്ന്.... അതും രാത്രിയിൽ.... ഗോപു പറഞ്ഞത് പോലെ ഞാൻ വന്നില്ലായിരുന്നെങ്കിൽ.....'" അസ്വസ്ഥതയോടെ തലയൊന്ന് കുടഞ്ഞ് ശ്രീറാം മെത്തയിൽ എഴുന്നേറ്റിരുന്നു.. രക്ഷിക്കണമെന്ന് കേണപേക്ഷിച്ച് തന്റെ കാലുകൾ കൂട്ടി പിടിച്ച് പൊട്ടി കരഞ്ഞ പെണ്ണിന്റെ മുഖം അവന്റെ ഹൃദയത്തെ കുത്തി നോവിക്കുന്നുണ്ടായിരുന്നു .... താങ്ങാനാകാത്ത വിധം ഭാരം നെഞ്ചിൽ കെട്ടി കിടക്കുന്നത് പോലെ.... """ശരണും , ഞാനും പറയാനിരുന്നതാ ശ്രീ.. പിന്നെ അവരുടെ കുടുംബ കാര്യത്തിൽ നമ്മളിടപെടുന്നത് ശരിയല്ലല്ലോ...."" ശ്രീറാം അമർത്തിയൊന്ന് മൂളി ജനലരികിലേക്ക് നീങ്ങി നിന്നു..... '""കണ്ണനാ കുട്ടിയേ ഇഷ്ടാണെന്ന് തോന്നണു....""

""എന്നവൻ പറഞ്ഞോ???"" ""ഗോപു പറയണ്ടായി......."" ""പാവം കുട്ടിയായിരുന്നു.... ഇവിടുള്ളോരതിനെ വല്ലാണ്ട് കഷ്ടപ്പെടുത്തണുണ്ട്.... എങ്ങനെയാണാവോ അതിങ്ങനെ സഹിച്ച് നിൽക്കണത്.... !! പോകാൻ വേറൊരിടം ഇല്ലാത്തോണ്ടാവും...... കണ്ണനതിനെ കൂടെ കൂട്ടിയാൽ ഞാൻ നോക്കിക്കോളായിരുന്നു..... ന്റെ മോളെ പോലെ..."" ""ആരെ നോക്കണ കാര്യാ മഹിയമ്മേ??"" ""ആ വന്നോ... വായാടി... ഇന്നലെ എന്തൊക്കെയാ വിളിച്ചു പറഞ്ഞതെന്ന് മഹിയമ്മേടെ കുട്ടിക്ക് വല്ല ബോധ്യണ്ടോ?? കൂട്ട് നിൽക്കാനൊരു ഏട്ടനും..."" ""എന്റെ ഏട്ടനല്ലേ...... ""' ഗോപിക ഓടി ചെന്ന് ശ്രീറാമിനെ പിറകിലൂടെ പുണർന്നു.... അത്രയേറെ അധികാരത്തോടെ.... സ്വാർത്ഥതയോടെ.... ""വിട്ടൊ...വിട്ടൊ.... ഈ സീസണൽ സ്നേഹം എനിക്ക് വേണ്ട.... "" തന്റെ ശരീരത്തിൽ മുറുകിയിരിക്കുന്ന ഗോപികയുടെ കൈകൾ അടർത്തി മാറ്റി ശ്രീറാം അല്പം അകന്നു നിന്നു.... ആ മുഖത്താവോളം പരിഭവം നിറഞ്ഞിരുന്നു...... അത് ഗോപിക ശ്രദ്ധിക്കുകയും ചെയ്തു... ""ഞാൻ ഒന്നും ചെയ്തില്ലല്ലോ ഏട്ടാ..."" അവൾ കുഞ്ഞുങ്ങളെ പോലെ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി.... ""ഇല്ലേ?? ഇന്നലെ എന്നെ കണ്ടപ്പോ എന്തായിരുന്നു സ്നേഹം.... എന്നിട്ട് അവസാനം ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലുമില്ലാതെ ഒരൊറ്റ പോക്ക്.....

അമ്മയ്ക്ക് കേൾക്കണോ? ഒരിക്കെ റെക്കോർഡിങ്ങിന്റെ തിരക്കിൽ പെട്ട് നിൽക്കുന്ന നേരത്ത് ഞാൻ ഇല്ലാത്ത സമയം ഉണ്ടാക്കി ഇവളെ വിളിച്ചു.... അപ്പൊ ഇവള് പറഞ്ഞത് എന്താന്നറിയുവോ അമ്മേ?? ഇവളെ വെറുതെ വിടാൻ... അതിനർത്ഥം എന്താ അമ്മേ?? ഞാൻ ശല്യമാണെന്നല്ലേ...."" ""അതിന് ഞാൻ സോറി പറഞ്ഞതാ മഹിയമ്മേ...'" ""ഓ... എനിക്ക് കേൾക്കണ്ട രണ്ടാളുടേം പരാതി..... അവസാനം ഏട്ടനും , അനിയത്തിയും ഒന്നാകും ... ബാക്കിയുള്ളവര് പുറത്തും... എന്താച്ചാൽ ആയിക്കോളൂ.... ഞാൻ പോണു..."" സാരി താലപ്പൊന്നു കൂടെ മടക്കി ചുമലിലേക്കിട്ട് മഹാലക്ഷ്മി ഇരുവരെയും നോക്കി മുറിക്ക് പുറത്തേക്ക് കടന്നു... മുറി വാതിൽക്കൽ തല കുനിച്ച് ദയ നിൽപ്പുണ്ടായിരുന്നു..... അവളെ കണ്ട് അവരൊന്ന് പുഞ്ചിരിച്ചു.... ""ആഹാ ഇവിടെ നിൽപ്പുണ്ടായിരുന്നോ.."" ""ഞാൻ.. ഗോപികേടെ കൂടെ ......"" പറയുന്നതിനോടൊപ്പം ദയയുടെ കണ്ണുകൾ അകത്ത് ശ്രീറാമുമായി വാക്ക് പോര് നടത്തുന്ന ഗോപികയെ തേടി പോയി.. """ആ.... ഗോപൂനെ കുട്ടിയിനി നോക്കണ്ട.... അവര് ഏട്ടനും അനിയത്തിയും അടിപിടിയൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും സമയം ഒരുപാടാവും... കുട്ടി വാ......""" പുഞ്ചിരിയോടെ ദയയുടെ ഉള്ളം കയ്യിൽ കൈ കോർത്ത് മുന്നോട്ട് നടന്നു മഹലാക്ഷ്‌മി....

എന്തുകൊണ്ടോ ദയക്കവരുടെ കൈകളെ നിരസിക്കാൻ തോന്നിയില്ല.... അവളും അവർക്കൊപ്പം ചലിച്ചു..... മഹാലക്ഷ്മി നേരെ ചെന്നത് അടുക്കളയിലേക്കായിരുന്നു..... ""രാവിലെ എന്തെങ്കിലും കഴിച്ചായിരുന്നോ??"" ദയ മറുപടിയൊന്നും നൽകിയില്ല... അവൾക്കാകെ വീർപ്പുമുട്ടുന്നുണ്ടായിരുന്നു.... താൻ ശീലിച്ചു പോന്ന ചുറ്റുപാടിൽ നിന്നും , ഇടപഴകിയിരുന്ന ആളുകളിൽ നിന്നും തീർത്തും വ്യത്യസ്ഥരായ ആളുകൾ..... അവഗണനയിൽ നിന്നും... അപമാനത്തിൽ നിന്നും... ഒറ്റപ്പെടലിൽ നിന്നും..... സ്നേഹത്തിലേക്കുള്ള മാറ്റം..... അതുൾകൊള്ളാൻ അവൾക്കല്പം സമയവും , സാവകാശവും ആവിശ്യമായിരുന്നു... ""ഒരു കപ്പ് ചായ തരട്ടെ??"" ദയ ഞെട്ടലോടെ ഇരുവശത്തേക്കും തല ചലിപ്പിച്ചത് നിഷേധിച്ചു ..... ""എന്താ ഞാൻ തന്നാൽ കുടിക്കില്യേ??"" """അത്... വല്യമ്മ... വല്യമ്മ വഴക്ക് പറയും...."" മഹാലക്ഷ്മിക്കവളോട് വല്ലാത്ത ദയ തോന്നി.... അവളിലെ നിഷ്കളങ്കതയോട് ഒരുപാട് വാത്സല്യവും..... ""അമ്മ ഒരു ഗ്ലാസ്സ് ചായ കൊടുത്തേ...... ഇവിടെ നിന്ന് ചായ കുടിച്ചതിന് തന്നെയാരാ വഴക്ക് പറയുന്നതെന്ന് ഞാനൊന്ന് നോക്കട്ടെ....""".........  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story