ദയാ ദുർഗ: ഭാഗം 17

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""എന്താ ഞാൻ തന്നാൽ കുടിക്കില്യേ??"" """അത്... വല്യമ്മ... വല്യമ്മ വഴക്ക് പറയും...."" മഹാലക്ഷ്മിക്കവളോട് വല്ലാത്ത ദയ തോന്നി.... അവളിലെ നിഷ്കളങ്കതയോട് ഒരുപാട് വാത്സല്യവും..... ""അമ്മ ഒരു ഗ്ലാസ്സ് ചായ കൊടുത്തേ...... ഇവിടെ നിന്ന് ചായ കുടിച്ചതിന് തന്നെയാരാ വഴക്ക് പറയുന്നതെന്ന് ഞാനൊന്ന് നോക്കട്ടെ....""" ശരണിന്റെ ശബ്ദം ഒരുവേള ദയയെ ഞെട്ടിച്ചു..... ചിരിയോടെയല്ലാതെ ആ മുഖം കണ്ടിട്ടില്ല... ആദ്യാമായിട്ടാണ് ഇത്രയും ഗൗരവം... ശബ്ദത്തിലാണെങ്കിൽ പതിവിലേറെ ഗാംഭീര്യവും കലർന്നിട്ടുണ്ട്... മഹാലക്ഷ്മി ദയക്ക് നേരെ ഒരു ഗ്ലാസ്സ് ചായ നീട്ടി... വാങ്ങണോ , വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലകപ്പെട്ടവൾ വിരലുകൾ തെരുപ്പിടിച്ച് അനങ്ങാതെ നിന്നു..... """വാങ്ങിച്ചോ മോളെ.....""" ദയയിൽ നിന്നും ചലനമൊന്നും ഉടലെടുക്കാതെ വന്നപ്പോൾ മഹാലക്ഷ്മി സ്നേഹത്തോടെ പറഞ്ഞു..... ദയക്കാ വാക്കുകളെ പിന്തള്ളാൻ മനസ്സ് വന്നില്ല... മടിയോടെയാണെങ്കിലും അവളാ ചായ ഗ്ലാസ്സ് വാങ്ങി ചുണ്ടോട് ചേർത്തു .... ശരണും മഹാലക്ഷ്മിയും പുഞ്ചിരിച്ചു.. """ഏട്ടൻ എഴുന്നേറ്റില്ലേ അമ്മേ....??"" ""മുകളിലുണ്ട്......"" ""ഗോപുവോ??"" ""അവന്റെ കൂടെയുണ്ട്..... നീ ഈ ചായ ഒന്ന് അവൾക്ക് കൊണ്ട് കൊടുത്തെ.... രാവിലെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല.....""

"ഐ ആം വെരി സോറി അമ്മാ...എനിക്കിപ്പോ ഒരു സോങ്ങിന്റെ വർക്ക്‌ ഉണ്ട്... ഇതും കൊണ്ട് അങ്ങോട്ട് പോയാലെ പിന്നെ ഒന്നും നടക്കില്ല...."" മഹാലക്ഷ്മിയുടെ കവിളിലൊന്ന് ചുംബിച്ച് , ദയയുടെ കവിളിലുമൊന്ന് തലോടിയവൻ മുറിയിലേക്ക് പോയി... ""ഞാൻ....ഞാൻ കൊണ്ട് കൊടുത്താൽ മതിയോ...""?? താൻ കുടിച്ച ഗ്ലാസ്സ് വൃത്തിയിൽ കഴുകി വച്ച ശേഷം ചായ കപ്പുമായി പുറത്തേക്ക് പോകാൻ നിന്ന മഹാലക്ഷ്മിയെ നോക്കി ദയ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..... ""ഇത് കൊടുത്ത് ആ വഴി പോയേക്കരുത് കേട്ടോ.....'"" തന്റെ കയ്യിലെ കപ്പ്‌ ദയക്ക് നൽകുമ്പോൾ അവർ കളിയാലെ പറഞ്ഞു... അനുസരണയോടെ തലയാട്ടി ദയ തിരികെ നടന്നു... കോണി പടിയിലേക്ക് കാലെടുത്ത് വച്ചപ്പോഴേ കേട്ടു മുകളിലത്തെ നിലയിൽ നിന്നുമുള്ള ഗോപികയുടെ സംസാരം..... മുറി വാതിൽക്കലെത്തി അകത്തേക്ക് തലയിട്ട് നോക്കിയ ദയ ഉള്ളിലെ കാഴ്ച്ച കണ്ട് ഒരു നിമിഷം അന്തിച്ച് നിന്നു... നിലത്ത് ചിതറി കിടക്കുന്ന വസ്ത്രങ്ങൾക്ക് നടുവിൽ കയ്യിൽ ഒരു ബാഗുമായി ഗോപിക ഇരിക്കുന്നു.... ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ഇന്നലെ ശ്രീറാമിന്റെ കയ്യിൽ കണ്ട ബാഗാണ് അതെന്ന് ദയക്ക് മനസ്സിലായി...... കിടക്കയിൽ താടിക്ക് കയ്യും കൊടുത്ത് ഗോപികയുടെ പ്രവർത്തികളെല്ലാം വീക്ഷിച്ച് ഇരിപ്പുണ്ട് ശ്രീറാം .... "

""ഞാൻ കൊണ്ട് വന്നിട്ടില്ലെന്റെ ഗോപു...."" ശ്രീറാമിന്റെ സ്വരം ദയനീയമായി... ഗോപിക തലയുയർത്തി അയാളെ നോക്കി കണ്ണുരുട്ടി... അവളുടെ ചൊടികൾ ദേഷ്യവും , പരിഭവവും കൊണ്ട് കൂർത്ത് വന്നു..... ആരോ തങ്ങളെ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോഴാണ് ശ്രീറാം വാതിൽക്കലേക്ക് നോട്ടമെയ്തത് .... അവനെയും ഗോപികയേയും വീക്ഷിച്ച് കയ്യിൽ ഒരു കപ്പുമായി മടിയോടെ നിൽക്കുന്ന ദയയെ കണ്ടവൻ മൃദുലമായി പുഞ്ചിരിച്ചു.. അതേ നിമിഷം ഒരു ഷർട്ട് ഊക്കോടെ വന്നവന്റെ മുഖത്ത് പതിച്ചു.... മുഖത്ത് നിന്ന് ഷർട്ട് മാറ്റി ശ്രീറാം ഗോപികയെ നോക്കി.... അവൾ സംഹാര രൂപിയായി നിൽക്കുന്നു..... ശ്രീറാമിന്റെ മുഖം നിസ്സഹായതയോടെ മങ്ങി.... എന്നാൽ നന്നേ സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു കുസൃതി ചിരി ആ ചുണ്ടിൽ തത്തുന്നത് ദയ കൗതുകത്തോടെ കണ്ട് നിന്നു.... """എന്റെ ഗോപു നീയൊന്ന്........""" ""ഏട്ടനൊന്നും പറയണ്ട....."" തന്റെ ദേഷ്യം തീർക്കാനെന്നോണം നിലത്തൊന്നാഞ്ഞ് ചവിട്ടി അവൾ വീണ്ടും കയ്യിൽ കിട്ടിയ ജീൻസ് എടുത്ത് ശ്രീറാമിന് നേരെ എറിഞ്ഞു........ അതും കൃത്യമായി അയാളുടെ മുഖത്ത് തന്നെ വന്ന് വീണു.... ""എന്റെ ഗോപു.....അടുത്ത പ്രാവശ്യം പോവുമ്പോ നിന്നെ ഞാൻ മറക്കില്ല... ഇത്തവണ ഒരബദ്ധം പറ്റിയതാ.....ഫോർഗിവ് മി പ്ലീസ്.....""

""എന്നെ മറന്നല്ലേ...."" ചോദിക്കുമ്പോൾ ഗോപികയുടെ ചുണ്ടുകൾ വിതുമ്പി... കണ്ണുകൾ നിറഞ്ഞു വന്നു..... അത് കണ്ട് ശ്രീറാം കിടക്കയിൽ നിന്നും പിടഞ്ഞെഴുന്നേറ്റ് മുറിക്കോരത്തെ മേശ വലിച്ച് തുറന്ന് ഒരു പാക്കറ്റുമായി അവൾക്കരികിൽ ചെന്ന് നിന്നു.... """ഡോണ്ട് ക്രൈ....ദാ ഇത് നോക്ക്...."" ഗോപിക കണ്ണുകൾ തുടച്ചവന്റെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി ആവേശത്തോടെ തുറന്നു നോക്കി..... നിറയെ മിഠായികൾ....!! അവളുടെ കണ്ണുകൾ തിളങ്ങി..... ""വൗ....ടോബ്ലറോൺ....മൈ ഫേവറിറ്റ്.... താങ്ക്യു........"" ശ്രീറാമിന്റെ കഴുത്തിൽ തൂങ്ങിയവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.... ആ സ്നേഹ ചൂടിൽ അയാളുടെ ചുണ്ടുകളും വിരിഞ്ഞു..... പെട്ടന്നാണവന് ദയയെ ഓർമ്മ വന്നത്... ഗോപികയെ ദേഹത്ത് നിന്നും അടർത്തി മാറ്റി ശ്രീറാം ദയ‌യെ നോക്കി.... അവളപ്പോഴും കയ്യിലാ കപ്പുമായി നേരത്തെ നിലയുറപ്പിച്ച സ്ഥലത്ത് നിന്നും ഒരിഞ്ച് മാറാതെ അവരിരുവരെയും നോക്കി നിൽപ്പാണ്.... ""ഇങ്ങ് കയറി വാടോ......"" ആ നിമിഷമാണ് ഗോപികയും ദയയെ കണ്ടത്..... ""ഞാൻ.. ഗോപികയ്ക്ക് ചായ...."" ദയ വിക്കി വിക്കി പറഞ്ഞു..... """നീ അവിടെ നിന്നാൽ ഞാൻ എങ്ങനെയാ ദച്ചു ചായ കുടിക്ക?? ഇങ്ങ് വാ നീ... ഇവിടാരും നിന്നെ പിടിച്ച് വിഴുങ്ങുവൊന്നും ഇല്ല.. എന്തൊരു പേടിയാ ഇത്....."

"" ദയയുടെ മുഖം താഴ്ന്നു..... തന്റെ കയ്യിലെ പാക്കറ്റ് കിടക്കയിലേക്കിട്ട് ഗോപിക ചെന്ന് ദയയെ പിടിച്ച് വലിച്ച് മുറിയിലേക്ക് കയറ്റി.... അവളുടെ കയ്യിൽ നിന്നും ചായ കപ്പ് പിടിച്ചു വാങ്ങി മേശപ്പുറത്ത് വച്ച് ഗോപിക അവളെയും കൂട്ടി കിടക്കയിലേക്കിരുന്നു... ശേഷം പാക്കറ്റിൽ നിന്നുമൊരു വലിയ ബാർ ചോക്ലേറ്റെടുത്ത് ദയയ്ക്ക് നേരെ നീട്ടി...... """വെയിറ്റ്.....""" ശ്രീറാം ചെന്ന് മേശ വലിപ്പിൽ നിന്നും ഗോപികയ്ക്ക് നൽകിയ പോലെയൊരു പാക്കറ്റ് പുറത്തെടുത്ത് ദയക്ക് നേരെ നീട്ടി..... ദയയാകെ പരിഭ്രമിച്ചു... ശ്രീറാമിനെയും അവന്റെ കയ്യിലടങ്ങിയിരിക്കുന്ന പാക്കറ്റും മാറി മാറി നോക്കിയവൾ വേണ്ടെന്നർത്ഥത്തിൽ ഇരുവശത്തേക്കും തല ചലിപ്പിച്ചു.... """വാങ്ങിക്ക് ദച്ചു.......""" """വേ... വേണ്ട... നീയെടുത്തോ....."" എന്റെ കയ്യിലല്ലെ ഒരെണ്ണം ഇരിക്കുന്നത്.... ഇത് ഏട്ടൻ നിനക്ക് തരുന്നതല്ലേ.... വാങ്ങിക്ക്....... എന്നിട്ടും ദയ മടിച്ചു.... ആദ്യമായിട്ടാണ് ഒരാൾ തനിക്ക് വേണ്ടിയെന്ന് പറഞ്ഞ് എന്തെങ്കിലും നീട്ടുന്നത് .... ഇടുന്ന വസ്ത്രങ്ങൾ പോലും സ്വാതി ചേച്ചിയുടെ പഴകിയ തുണികളാണ്... മുത്തശ്ശൻ തനിക്കെന്ന് പറഞ്ഞ് വാങ്ങുന്ന വസ്ത്രങ്ങളെല്ലാം വല്യമ്മ തന്നിൽ നിന്നും പിടിച്ച് പറിച്ചു വാങ്ങി മകൾക്ക് നൽകും... ഇട്ട് പഴകുമ്പോൾ അത് തന്നെയെടുത്ത് തനിക്ക് നേരെ എറിഞ്ഞ് തരും.... "

"എന്താ നീ ഈ ആലോചിച്ച് കൂട്ടുന്നത്??"" ഗോപിക ദയയെ പിടിച്ചു കുലുക്കി അമർഷത്തോടെ ചോദിച്ചു ..... ""ഒന്നുല്ല....."" ""ടോ... ഒരാൾ സ്നേഹത്തോടെ വച്ച് നീട്ടുന്നതൊന്നും തിരസ്ക്കരിക്കാൻ പാടില്ല.....അത് അയാളെ അപമാനിക്കുന്നതിന് തുല്യമാകും..."" ശ്രീറാമിന്റെ വാക്കുകൾ ദയയെ വേദനിപ്പിച്ചു..... അവൾ ധൃതിയിൽ എഴുന്നേറ്റ് അയാൾക്ക് മുന്നിൽ തല കുനിച്ച് നിന്നു.... """ഞാൻ... അങ്ങനെ അല്ല..... അവിടെ ആരെങ്കിലും എന്റെ കയ്യിൽ ഈ പൊതി കണ്ടാൽ എനിക്ക്... എനിക്ക് വഴക്ക് കേൾക്കും.....ഞാൻ ഇവിടന്ന് മോഷ്ടിച്ചതാണെന്നൊക്കെ പറഞ്ഞുണ്ടാക്കും.... "" പറഞ്ഞ് തീർന്നപ്പോഴേക്കും ദയയുടെ കണ്ണുകൾ തുളുമ്പി പോയിരുന്നു.... ശ്രീറാം ആകെ വല്ലാതായി.... ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് തോന്നി അവന്...... ആ പെണ്ണിന്റെ മിഴികളിൽ നിന്നും ചിന്നി ചിതറുന്ന ഓരോ തുള്ളി കണ്ണുനീരിലും ഒരുപാടൊരുപാട് അനുഭവങ്ങൾ ഇഴകി ചേർന്നിരുന്നു ... ഇല്ലാ കഥകളുടെയും... അപമാനങ്ങളുടെയും... അവഗണനകളുടെയുമെല്ലാം നോവുന്ന ദുസ്സഹമായ അനുഭവങ്ങൾ...... ""ഏയ്......""" ശ്രീറാം അവളെ സമാധാനിപ്പിക്കാനായി തുടങ്ങിയതും ദയ തിരിഞ്ഞോടി.... ധൃതിയിൽ കോണി പടികൾ ഇറങ്ങി ഹാളിൽ ഇരിക്കുന്ന മഹാലക്ഷ്മിയെയോ , ഉമ്മറത്തിരിക്കുന്ന ഉദയനെയോ വക വയ്ക്കാതെ വീട്ടിലേക്ക് ചലിച്ചു...... 🌼🌼🌼🌼🌼

കോവിലകത്തെ തെക്കേയറ്റത്തെ മുറിയിലെ ബാൽക്കണിയിൽ നിന്നും പുറം കാഴ്ച്ചകളിലേക്ക് കണ്ണും നട്ട് മൗനമായി നിൽക്കുകയായിരുന്നു കൈലാസ്.... തനിക്കരികിലേക്കാരോ നടന്നടുക്കുന്ന പോൽ തോന്നിയപ്പോഴവൻ തല ചെരിച്ച് പിന്നോട്ട് നോക്കി.... കൈകൾ തമ്മിൽ കൊരുത്ത് അല്പം പരിഭ്രമത്തോടെ നിൽക്കുന്ന സ്വാതിയെ കണ്ടവൻ ഒന്ന് പുഞ്ചിരിച്ചു... തിരികെ അവളും..... """കണ്ണേട്ടനെന്താ ഇവിടെ നിൽക്കുന്നത്?? "" ""നതിങ്... ഓരോന്നൊക്കെ ഓർത്ത് വെറുതെയിങ്ങനെ ..."" കൈലാസ് സ്വാതിയിൽ നിന്നും മുഖം വെട്ടിച്ച് കൈവരിയിൽ കൈകളൂന്നി വീണ്ടും പുറം കാഴ്ച്ചകളിലേക്ക് മിഴികൾ നീട്ടി .... """കണ്ണേട്ടാ.... ഏട്ടന് ശരിക്കും ദയയെ ഇഷ്ടാണോ???""" മുഖവുരയേതും കൂടാതെയുള്ള സ്വാതിയുടെ ചോദ്യം കേട്ട് കൈലാസ് നെറ്റി ചുളിച്ച് സ്വാതിക്കഭിമുഖമായി നിന്നു.... ""അല്ലാ .... അവളെ പോലൊരുത്തിയെ ഏട്ടനെങ്ങനെ ഇഷ്ടപ്പെട്ടു എന്ന് ചിന്തിച്ചപ്പോ ചോദിച്ചു പോയതാ....."" """അവൾക്കെന്താ കുഴപ്പം...??""" സ്വാതിയുടെ വാക്കുകളോടുള്ള അമർഷം പുറമേ പ്രകടിപ്പിച്ച് കൊണ്ട് തന്നെ അവൻ മറു ചോദ്യം ചോദിച്ചു... ""മ്മ്ഹ്... അവൾക്കില്ലാത്ത കുഴപ്പമുണ്ടോ?? ഏട്ടനൊരു എം.ബി.എ ക്കാരൻ , പോരാത്തതിന് ഒരു റെപ്യൂട്ടഡ് സ്ഥാപനത്തിൽ നല്ലൊരു പോസ്റ്റിൽ വർക്ക് ചെയ്യുന്നു...

അവളോ?? പത്ത് പോലും തികയ്ക്കാത്തൊരു വിഡ്ഢി.... ശരിക്കും പറഞ്ഞാൽ ഒരേഴാം ക്ലാസ്സ്‌ക്കാരി..... ഈ വീടിനപ്പുറത്തേക്ക് ഒരു ലോകം ഉള്ളത് അവൾക്കറിയുവോ?? ആരോടെങ്കിലും മര്യാദക്ക് സംസാരിക്കാൻ അവൾക്കറിയുവോ?? അതും പോട്ടെ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ അതിന് വ്യക്തമായൊരു ഉത്തരം കൊടുക്കാനെങ്കിലും അറിവുണ്ടോ അവൾക്ക്?? "" കൈലാസ് മറുപടിയൊന്നും പറഞ്ഞില്ല.... അയാളും ചിന്തിക്കുകയായിരുന്നു ദയയെ കുറിച്ച്.... കൈലാസിന്റെ മുഖം മാറിയത് കണ്ടപ്പോൾ സ്വാതിക്ക് തന്നിലുള്ള ആത്മവിശ്വാസം ഒന്നുകൂടെ വർധിച്ചു... അവളിങ്ങനെ പാവം പോലെ നടക്കുന്നത് കണ്ടിട്ടുള്ള ഇഷ്ടമാണെങ്കിൽ.. അതില് കാര്യമില്ല ഏട്ടാ.... നിങ്ങളുടെ വിവാഹം കഴഞ്ഞിട്ട് ഏട്ടനവളെ ഏട്ടന്റെ കൊളീഗ്സിന്റെ അടുത്തൊക്കെ ഇൻട്രൊഡ്യൂസ് ചെയ്യുന്നതൊക്കെയൊന്ന് ഓർത്ത് നോക്ക്..... അവളേട്ടനെ നാണം കെടുത്തും..ഇട്സ് ഷുവർ..... പിന്നെ മറ്റൊരു കാര്യം.... അവള് അത്രയ്ക്ക് പാവമൊന്നുമല്ല... ഞാനൊന്നും പറയുന്നില്ല... ഏട്ടന് വഴിയേ മനസ്സിലായിക്കോളും..... അയാൾക്കുള്ളിലൊരു തീപ്പൊരി വാരി വിതറിയവൾ അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ തിരികെ നടന്നു.... വാതിൽക്കൽ അവളെ കാത്ത് സാവിത്രിയുണ്ടായിരുന്നു.... തമ്മിൽ തമ്മിൽ ഗൂഢമായൊരു പുഞ്ചിരി കൈമാറി ഇരുവരും സ്വാതിയുടെ മുറിയിലേക്ക് നീങ്ങി.... തങ്ങളുടെ ലക്ഷ്യം വിജയിച്ചതിന്റെ ആശ്വാസത്തോടെ..... സംതൃപ്ത്തിയോടെ...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story