ദയാ ദുർഗ: ഭാഗം 18

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

അടുക്കളയിൽ തിരക്കിട്ട ജോലികളിലായിരുന്നു ദയ.... രാവിലെ ഗോപികയുടെ നിർബന്ധം കാരണം അവൾക്കൊപ്പം ചായപ്പിലേക്ക് പോയത് കൊണ്ട് പ്രാതൽ പോലും തയ്യാറാക്കിയിരുന്നില്ല അവൾ ..... ചായക്കുള്ള വെള്ളം വച്ച് പിന്തിരിഞ്ഞപ്പോഴാണ് വാതിൽക്കൽ കൈകൾ രണ്ടും മാറിൽ പിണച്ച് കെട്ടി നിൽക്കുന്ന ശ്രീറാമിനെ ദയ കാണുന്നത്.... വലത് വശത്തേക്ക് ചെരിഞ്ഞ് നിൽക്കുന്ന അവന്റെ ചുമലിൽ കൈത്താങ്ങി പിന്നിലായി ഗോപികയുമുണ്ട്..... ഇരുവരെയും കണ്ട് ദയ ഒന്ന് പരുങ്ങി... രാവിലെ അവർക്ക് മുന്നിൽ നിന്നും സങ്കടപ്പെട്ട് ഓടി പോന്നതാണ്... സാധാരണയായി ആർക്ക് മുന്നിലും ദുഃഖങ്ങളുടെ കെട്ടഴിക്കാറില്ല.... ബുദ്ധിമുട്ടുകൾ ആകെ പറഞ്ഞിട്ടുള്ളത് ഗോപികയോടാണ്.... അതും ഒരിക്കൽ മാത്രം.... ഇന്ന് ഇയാൾക്ക് മുന്നിൽ എന്തിനാണ് ബുദ്ധി ശൂന്യയായൊരുവളെ പോലെ കാര്യങ്ങളൊക്കെ വിവരിച്ചതെന്ന് അറിയില്ല .... വച്ചു നീട്ടിയത് ഒറ്റ വാക്കിൽ വേണ്ടെന്ന് പറഞ്ഞ് വരേണ്ടിയിരുന്നതിന് പകരം കാരണങ്ങൾ നിരത്തി കരഞ്ഞ് കൊണ്ട് വന്നിരിക്കുന്നു.....!!! അവൾക്ക് സ്വയം പുച്ഛം തോന്നി... മുഖം ജാള്യതയോടെ ചുളിഞ്ഞു .... ഏതോ ലോകത്തെന്ന പോലുള്ള ദയയുടെ നിൽപ്പ് കണ്ട് ഗോപികയും ശ്രീറാമും തമ്മിൽ തമ്മിൽ നോക്കി....

"എന്റെ ദച്ചു.. നിന്റെയീ സ്വപ്നാടനം കാണുമ്പോഴാ എനിക്ക് ദേഷ്യം വരുന്നത് ........" ദയയുടെ മുന്നിൽ വന്ന് വിരൽ ഞൊടിച്ച് ഗോപിക പറഞ്ഞത് കേട്ട് ദയ ഞെട്ടി... പതിയെ കണ്ണുകൾ ശ്രീറാമിലേക്ക് നീണ്ടു.... അയാൾ അപ്പോഴും അതേ നിൽപ്പാണ്.... ചൊടികളിൽ നേർത്ത പുഞ്ചിരിയുണ്ട്... ചെറിയ നീളമേറിയ മിഴികൾ തന്നിലും.... ""ചായ.. ചായ വേണോ??"" ഉള്ളിലെ പരവേശം മറച്ചു വച്ച് ദയ ശ്രീറാമിനെ നോക്കി ചോദിച്ചു..... എന്ത് കൊണ്ടോ അങ്ങനെയൊരു ചോദ്യം ചോദിക്കാനാണ് അവൾക്കാ നിമിഷം തോന്നിയത്..... ""ഞാൻ ചായ കുടിക്കാറില്ല.... പക്ഷേ താൻ സ്നേഹത്തോടെ ചോദിച്ച സ്ഥിതിക്ക് വേണ്ടെന്ന് പറയുന്നത് മോശമല്ലേ....?"" ശ്രീറാം തന്നെ പരിഹസിച്ചതാണെന്ന് മനസ്സിലാക്കാൻ ദയക്കധികം സമയമൊന്നും വേണ്ടി വന്നില്ല ..... അവൾ അവനിൽ നിന്നും മിഴികൾ താഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.... ""കാപ്പി കുടിക്കുവോ .....??"" കുറച്ച് നേരം കഴിഞ്ഞിട്ടും മറുപടിയില്ലാതെ വന്നപ്പോൾ ദയ ഇടം കണ്ണാലെ ശ്രീറാമിനെ ഒന്ന് നോക്കി.... നേർത്ത ചിരിയുണ്ടായിരുന്ന അധരങ്ങളിപ്പോൾ മൊത്തമായി വിടർന്നിരിക്കുന്നു ...... ഇരു ചുണ്ടുകൾക്കുമിടയിലൂടെ അയാളുടെ നിരയൊത്ത വെളുത്ത ദന്തങ്ങൾ പ്രത്യക്ഷമാണ്.....

ഇടത് കവിളിൽ ചുഴിഞ്ഞിരിക്കുന്ന കുഞ്ഞ് നുണകുഴി ആ പുഞ്ചിരിക്ക് മാറ്റ് കൂട്ടുന്നതായി തോന്നി ദയക്ക്...... ""എടോ....പെൺകുട്ടികൾ ഇത്രയ്ക്കും പാവമാകാൻ പാടില്ല കേട്ടോ..... പേര് പോലെ തന്നെ......ദയ..!!!! """ ""അല്ല ഏട്ടാ... ദയക്കൊപ്പം ഒട്ടും ചേരാത്തൊരു വാല് കൂടെയുണ്ട് ഇവൾക്ക്... ദുർഗ്ഗ...." ദയ ദുർഗ്ഗ " "" ഗോപിക കളിയാലെ പറഞ്ഞ് ദയയെ നോക്കി മന്ദഹസിച്ചു .... ""ദാറ്റ്‌സ് നൈസ്..... എന്നാൽ ദയയെ ഞാൻ ദുർഗ്ഗ യെന്ന് വിളിക്കാം.....തനിക്ക് എന്തെങ്കിലും മാറ്റം വരുമോന്ന് നോക്കട്ടെ ""... അതിനും ദയ മറുപടി പറഞ്ഞില്ല.... സാവിത്രിയോടൊപ്പം അടുക്കളയിലേക്ക് വരികയായിരുന്നു സ്വാതി... ഇരുവരുടെയും മുഖത്ത് പതിവിലുമധികം സന്തോഷമുണ്ട്... വാതിൽക്കൽ നിൽക്കുന്ന ശ്രീറാമിനെ കണ്ടപ്പോൾ ആ ചിരിക്ക് തെളിച്ചമേറി... സ്വാതി ശ്രീറാമിനരികിലേക്ക് വേഗത്തിൽ ചലിച്ചു.. """എന്താ സർ ഇവിടെ നിൽക്കുന്നത്??? അകത്തേക്ക് വരൂ......"" '""ഏയ്... ഞാൻ ദേ ഇയാളെ ഒന്ന് കാണാൻ വന്നതാ...""" മുന്നിൽ നിൽക്കുന്ന ദയക്ക് നേരെ കൈ ചൂണ്ടി ശ്രീറാം പറഞ്ഞപ്പോഴാണ് സാവിത്രിയും , സ്വാതിയും ദയയെ ശ്രദ്ധിച്ചത്..... അവൾക്കരികിൽ ഗോപികയുള്ളത് കൊണ്ട് ഇരുവരും മൗനം പാലിച്ചു.... പത്ത് പറഞ്ഞാൽ ഗോപികയിൽ നിന്നുമത് നൂറായി തിരികെ കിട്ടുമെന്ന് രണ്ട് പേർക്കും ഉറപ്പായിരുന്നു......

സ്വാതി ഗോപികയെ നോക്കിയൊന്ന് പുഞ്ചിരിച്ചപ്പോൾ അവളത് മുഖവുരയ്ക്കെടുക്കാതെ അല്പം കൂടെ ദയയോടൊട്ടി നിന്നു ..... തന്റെ സ്വന്തമെന്ന് പറയാതെ പറയും പോലെ..... """ഏട്ടനിവിടുള്ള കുളം കണ്ടിട്ടില്ലല്ലോ... വാ ഞാൻ കാണിച്ചു തരാം..... നീയും വാ ദച്ചു....."" ഗോപിക ദയയുടെ കയ്യിൽ കൈ കോർത്ത് മുന്നോട്ട് നടക്കാനൊരുങ്ങിയതും ദയ അവളിൽ നിന്നും കൈകൾ വേർപ്പെടുത്തി അടുക്കളയ്ക്കൊരരികിലേക്ക് മാറി നിന്നു... അവളുടെ താഴ്ന്നു പോയ കണ്ണിലെ നേത്രഗോളങ്ങൾ പിടച്ചിലോടെ സ്വാതിയിലേക്കും , സാവിത്രിയിലേക്കും നീളുന്നതും , ഭീതിയാൽ മുഖ ഭാവം മാറുന്നതും ഗോപിക ശ്രദ്ധിച്ചു...... ഒരു നിശ്വാസത്തോടെ ഗോപിക വീണ്ടും ദയയെ ബലമായി പിടിച്ച് വലിച്ച് ശ്രീറാമിന് മുമ്പിൽ ചെന്ന് നിന്നു...... ""ഏട്ടാ ഈ കൈ മുറുകെ പിടിക്കണേ.... വിട്ട് കളഞ്ഞാലേ പിന്നെ ഇവളുടെ പൊടി പോലും കാണില്ല.......""" ശ്രീറാമിന്റെ ഉള്ളം കയ്യിലേക്ക് ദയയുടെ വലത് കൈ തലം വച്ച് കൊടുത്ത് ഗോപിക പകുതി കളിയായും , കാര്യമായും പറഞ്ഞു... ദയ വിറയലോടെ തന്റെ കൈ പിൻവലിക്കാൻ ശ്രമിച്ചു ..

എന്നാൽ ഗോപിക ഇരുവരുടെയും കൈകൾ അവളുടെ കൈകളാൽ മുറുകെ പൊതിഞ്ഞ് പിടിച്ച് ദയയെ കനപ്പിച്ചൊന്ന് നോക്കി.... എപ്പോഴത്തെയും പോലെ ദയ ഭീതിയോടെ മുഖം താഴ്ത്തി... ആ കാഴ്ച്ച കണ്ട് ശ്രീറാമിന് ചിരി വരുന്നുണ്ടായിരുന്നു ... """ദച്ചു.... നീ ഏട്ടന് ഇവിടമൊക്കെ കാണിച്ചു കൊടുക്ക്.... അപ്പോഴേക്കും ഞാൻ കിച്ചനേയും , ശരണേട്ടനേയും കൂട്ടിയിട്ട് വരാം......"" ""കണ്ണേട്ടനെ ഞാൻ കൂട്ടിയിട്ട് വരാം ഗോപു ...""" സ്വാതി ഉത്സാഹത്തോടെ പറഞ്ഞു..... """അതിന് സ്വാതി ചേച്ചിയെ ഞാൻ കൂടെ വിളിച്ചില്ലല്ലോ......""? ഗോപിക എടുത്തടിച്ചത് പോലെ ചോദിച്ചപ്പോൾ സ്വാതിയുടെ മുഖം വിളറി..... കണ്ണുകൾ കലങ്ങി.... ഹൃദയം മുറിപ്പെട്ടത് പോലെ വേദന തോന്നി അവൾക്ക് .... അവഗണനയുടെ കഠിനമായ വേദന.... അവളുടെ കലങ്ങിയ കണ്ണുകൾ കണ്ട് ശ്രീറാമിന് സഹധാപം തോന്നി.... ""ഗോപു......"" ആ സ്വരത്തിൽ ശക്തമായ ശാസന കലർന്നിരുന്നു... അത് മനസ്സിലാക്കിയെന്നോണം ഗോപികയുടെ മുഖം താഴ്ന്നു..... ""സോറി പറ ....!" അവൾ ശ്രീറാമിനെ നോക്കി ചുണ്ട് പിളർത്തി.... എന്നിട്ടും അവന്റെ മുഖമല്പം പോലും അയഞ്ഞില്ല....

""സോറി......!!"" ഗോപിക സ്വാതിയെ നോക്കാതെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..... പിന്നീട് ആർക്കും മുഖം നൽകാതെ അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങിയോടി..... ദയയുടെ കണ്ണുകൾ ഗോപികയ്ക്ക് പിന്നാലെ പാഞ്ഞു.... അവൾ ശ്രീറാമിന്റെ കയ്യിൽ നിന്നും കൈകൾ വേർപ്പെടുത്താൻ ശ്രമിച്ചു നോക്കിയെങ്കിലും സാധിച്ചില്ല... """ഗോപു പറഞ്ഞത് കാര്യാക്കണ്ട.... ഇയാള് പോയി കിച്ചൂനെ കൂട്ടിയിട്ട് വാ....ചെല്ല്...""" ശ്രീറാം പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് സ്വാതിക്ക് ആശ്വാസം തോന്നി.... ഒപ്പം ആദ്യമായി ഗോപികയുടെ ശിരസ്സ് തനിക്ക് മുന്നിൽ താഴ്ന്നതിൽ സന്തോഷവും..... അവൾ ആവേശത്തോടെ തലയാട്ടി കൈലാസിനരികിലേക്ക് ചുവടുകൾ നീക്കി... പിന്നാലെ ദയയെ കൂട്ടി ശ്രീറാമും അവിടെ നിന്നിറങ്ങി... അവന്റെ ചുവടുകൾക്ക് വല്ലാത്ത വേഗതയുണ്ടായിരുന്നു.... അതുകൊണ്ട് തന്നെ അവനൊപ്പമെത്താൻ ദയ നന്നേ പ്രയാസപ്പെട്ടു... ചായപ്പിന്റെ ഉമ്മറ പടി കടന്നതും ശ്രീറാം ദയയുടെ കൈകളെ മോചിപ്പിച്ചു.... ധൃതിയിൽ കോണി പടികൾ കയറി പോകുന്ന ശ്രീറാമിന് പിന്നാലെ ദയയും നടന്നു...

അവൾക്കറിയാമായിരുന്നു ആ തിടുക്കം ഗോപികയെ കാണാനുള്ളതാണെന്ന് ..... ശ്രീറാമിന്റെ മുറിയിൽ , അവന്റെ കിടക്കയിൽ കമിഴ്ന്നു കിടക്കുകയായിരുന്നു ഗോപിക..... ഒരു പുഞ്ചിരിയോടെ ശ്രീറാം ഗോപികയുടെ തലയ്ക്കലായി ചെന്നിരുന്ന് പതിയെ അവളുടെ മിനുസ്സമാർന്ന മുടിയിഴകളിലൂടെ വിരലുകൾ ചലിപ്പിച്ചു... ഗോപിക ദേഷ്യത്തിൽ ആ കൈ തട്ടിയെറിഞ്ഞ് തലയിണയിൽ നിന്നും മുഖമുയർത്തി അവനെ രൂക്ഷമായൊന്ന് നോക്കി....... അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു..... അത് കണ്ട് ശ്രീറാമിന്റെ മുഖം മങ്ങി... """സോറി...."" പറഞ്ഞു കൊണ്ടവൻ ഗോപികയെ തലോടാനായി കൈ നീട്ടി.... അവൾ വീണ്ടുമത് ഊക്കോടെ തട്ടിയെറിഞ്ഞു.... '""എനിക്കിഷ്ടല്ല... പോ......."" ""ആരെ എന്നെയോ??"" ""ആഹ്......"' കോപത്താൽ ചുവന്ന് വീർത്തിരിക്കുന്ന ഗോപികയുടെ കവിൾ തടങ്ങൾ ശ്രീറാമിൽ വീണ്ടും പുഞ്ചിരിയുണർത്തി .... അവനവളോട് അതിയായ വാത്സല്യം തോന്നി..... ഹൃദയത്തിനൊരു കോണിൽ തന്നോട് ചിണുങ്ങി പിണങ്ങി മുഖം വീർപ്പിച്ചു വയ്ക്കുന്നൊരഞ്ച് വയസ്സുക്കാരിയുടെ മുഖം തെളിഞ്ഞു....

അത്രയേറെ ഇഷ്ടമുള്ളൊരു കുഞ്ഞി പെണ്ണിന്റെ തുടുത്ത മുഖം.... """എനിക്കെന്റെ ഗോപൂനെ മാത്രേ ഇഷ്ടള്ളൂ...."" പറയുമ്പോൾ വാക്കുകളിൽ പതിവ് കുസൃതി നിറഞ്ഞിരുന്നു.... ""ഓ എന്നിട്ടാണല്ലോ.. എന്നെ കൊണ്ട്.........."" വാക്കുകൾ മുഴുമിപ്പിക്കാതെ അവൾ വിതുമ്പി കരഞ്ഞു... ആ കാഴ്ച്ച ശ്രീറാമിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.. അവന്റെ പ്രാണനാണവൾ... ഒരേ രക്തമല്ലെങ്കിലും..... ഒരേ ഉദരത്തിൽ പിറവി കൊണ്ടതല്ലെങ്കിലും ഗോപികയേക്കാളേറെ അവൻ ആരെയും സ്നേഹിച്ചിരുന്നില്ല... സ്വന്തം സഹോദരനായ ശരണിനെ പോലും...... ശ്രീറാം അവളെ നെഞ്ചോടണച്ച് പിടിച്ചു.... """സോറി.....സോറി.. ആയിരം വട്ടം സോറി... കരയല്ലേ....... അത് മാത്രം എനിക്ക് സഹിക്കില്ല.... നീ അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ ഏട്ടൻ ദേഷ്യപ്പെട്ടത്.... അറിഞ്ഞ് കൊണ്ട് ആരെയും വേദനിപ്പിക്കാൻ പാടില്ലെന്ന് ഞാൻ പറയാറില്ലേ...""" ""എനിക്കവളെ ഇഷ്ടല്ല... ഐ ഹേറ്റ് ഹെർ......."" ഗോപിക ഇരു കൈകളാൽ കിടക്കയിൽ ആഞ്ഞ് കുത്തി വാശിയോടെ പറഞ്ഞു .. """ഓക്കേ.. ഓക്കെ...ഇഷ്ടപ്പെടണ്ട... ബട്ട്‌ ഡോണ്ട് ഹേർട്ട് ഹെർ.....

എന്റെ ഗോപുനോട്‌ ആ കുട്ടി മോശമായിട്ടൊന്നും പറഞ്ഞില്ലല്ലോ.... അപ്പൊ പിന്നെ നമ്മളായിട്ടെന്തിനാ ആ കുട്ടിയെ ഒറ്റപ്പെടുത്തി വേദനിപ്പിക്കുന്നത്?? """ """പറഞ്ഞാലും , പറഞ്ഞില്ലെങ്കിലും അവളെ എനിക്ക് ഇഷ്ടമല്ല ....... അവളെയും , അവളുടെ അച്ഛനേം , അമ്മേനേം , ഏട്ടനെയും ആരെയും.... ആരെയും എനിക്കിഷ്ടമല്ല......""" ഗോപിക കിതച്ചു .... ശ്വാസമെടുക്കാൻ അവൾ നന്നേ പാട് പെടുന്നുണ്ടായിരുന്നു.... അവളുടെ ഭാവം കണ്ട് ദയക്ക് പേടി തോന്നി..... """ഗോപു.....റിലാക്സ്......റിലാക്സ്....""" ശ്രീറാം അവളുടെ പുറത്തും , നെഞ്ചിലും പതിയെ തടവി കൊടുത്തു...... ഗോപികയിൽ അസ്വസ്ഥതയേറി വരുന്നത് കണ്ട് ദയ വെപ്രാളപ്പെട്ട് അവൾക്കരികിൽ ചെന്നിരുന്നു.... """ഗോപികേ.........""" ദയ അവളുടെ ഉള്ളം കയ്യിൽ അമർത്തി പിടിച്ചു ...... ""'ശരൺ......""" ശ്രീറാം അലറി കൂവി ..... നിമിഷ നേരത്തിനുള്ളിൽ ശരൺ മുകളിലെ മുറിയിലേക്ക് ഓടി കിതച്ചെത്തി.... ശ്രീറാമിന്റെ ശബ്ദം ശ്രവിച്ച് പിന്നാലെ മഹാലക്ഷ്മിയും , ഉദയനും ...... """പോയി ഗോപുന്റെ മെഡിസിൻ എടുത്തിട്ട് വാ... ഫാസ്റ്റ്........""" ശ്രീറാം വെപ്രാളപ്പെട്ടു..... കേട്ട പാതി ശരൺ മരുന്നിനായി പാഞ്ഞു.... """എന്റെ കുഞ്ഞ്.....""" മഹാലക്ഷ്മി ഗോപികയ്‌ക്കരികിൽ വന്നിരുന്ന് കരഞ്ഞു.....

ദയക്കും തന്റെ നിയന്ത്രണം നഷ്ടമായിരുന്നു...... കൂട്ടിപിടിച്ച ഗോപികയുടെ കൈ വിരലിലെ നീണ്ട നഖങ്ങൾ അവളുടെ ചർമ്മത്തിൽ ആഴ്ന്നിറങ്ങുന്നതോ.... ആ മുറിവുകളിൽ നിന്നും രക്തം ചിന്തുന്നതോ അവൾ അറിയുന്നുണ്ടായിരുന്നില്ല...... കണ്ണുകളിൽ ഒരിറ്റ് ശ്വാസത്തിന് വേണ്ടി കൈ കാലിട്ടടിച്ച് പിടയുന്ന ഗോപികയുടെ രൂപം മാത്രം... """ഏ...ട്ടാ.... ദാ...."" ഓടി കിതച്ചെത്തി ശരൺ കയ്യിലെ ഇൻഹേലർ ശ്രീറാമിന് നൽകി.... ഒരു നിമിഷം പോലും പാഴാക്കാതെയവനത് ഗോപികയുടെ വായോട് ചേർത്ത് കൊടുത്തു..... മറുകയ്യാൽ ശ്രീറാമിന്റെ കൈ തണ്ടയിൽ മുറുകെ പിടിച്ചവൾ ആർത്തിയോടെ ശ്വാസം ആഞ്ഞ് വലിച്ചു...... ഗോപികയിലെ പരവേശം കെട്ടടങ്ങി തുടങ്ങിയപ്പോൾ അവൾ പതിയെ ശ്രീറാമിന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് തനിക്ക് മുന്നിലുള്ള എല്ലാവരെയും നോക്കി ചെറുതായൊന്ന് ചിരിച്ചു..... എല്ലാവർക്കും ആശ്വാസമായി... എന്നാൽ ദയ മാത്രം അപ്പോഴും വിങ്ങി കരയുകയായിരുന്നു ... കൺ പോളകൾ അടഞ്ഞ് പൂർണ്ണമായി മയക്കത്തിലേക്ക് കൂപ്പു കുത്തുന്നതിന് മുമ്പേ ഗോപിക കൂട്ടി പിടിച്ച ദയയുടെ പുറം കൈ മീതെ ഒന്നമർത്തി ചുംബിച്ചു.... ""കരയണ്ട.... ഒ.. ഒന്നുല്ല... എനിക്ക്.... നീ... പോവല്ലേ ട്ടോ ...."" പറഞ്ഞ് കൊണ്ടവൾ ദയയുടെ കൈകളിലെ പിടി ഒരിക്കൽ കൂടെ മുറുക്കി .... ഇനിയുള്ള ജീവിതത്തിലൊരിക്കലും ആ സൗഹൃദത്തെ വിട്ട് കളയില്ലെന്ന പോൽ...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story