ദയാ ദുർഗ: ഭാഗം 19

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

ഗോപിക മയക്കം വിട്ടെഴുന്നേൽക്കുമ്പോൾ അവൾക്കരികിൽ അവളെ ചുറ്റി പിടിച്ച് ദയയും കിടപ്പുണ്ടായിരുന്നു..... ഗോപികയ്ക്കത്ഭുതം തോന്നി..... ആരുടേയും കണ്ണിൽ പെടാതെ ഒളിഞ്ഞ് നടക്കുന്നവളാണ്... ഒരുമിച്ച് ഒരു മുറിയിൽ കഴിയാം എന്ന് പറഞ്ഞ് തന്റെ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ പോലും വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയവളാണ്.... എന്നിട്ടിതാ മറ്റൊരു വീട്ടിൽ , മറ്റൊരാളുടെ മുറിയിൽ തനിക്ക് കൂട്ട് കിടന്നിരിക്കുന്നു...... തന്റെ വയറിൽ ചുറ്റിപിടിച്ചിരിക്കുന്ന ദയയുടെ കൈകൾ പതിയെ എടുത്ത് മാറ്റി ഗോപിക ശബ്ദമുണ്ടാക്കാതെ മുറിയിൽ നിന്നും പുറത്തേക്ക് കടന്നു..... കോണി പടികൾ ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് ബാൽക്കണിയിലെ കൈവരിയിലേക്ക് ഇരു കാലുകളും കയറ്റി വച്ചിരിക്കുന്ന ശരണിനെ അവൾ ശ്രദ്ധിച്ചത് ..... പതിയെ ശരണിനരികിലേക്ക് പമ്മി പമ്മി ചുവടുകൾ വച്ചവൾ മലർക്കെ തുറന്നിട്ടിരിക്കുന്ന ബാൽക്കണി വാതിൽ ചാരി അവന്റെ മടിയിലേക്ക് കയറിയിരുന്നു.... ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഗോപികയുടെ വരവിൽ ശരൺ ഒരുമാത്ര ഞെട്ടി..... മെല്ലെ മുഖത്തെ നടുക്കം മാറി ചുണ്ടുകളിലൊരു പുഞ്ചിരി സ്ഥാനം പിടിച്ചു .... ഒപ്പം കണ്ണുകളിൽ നേർത്തൊരു നീർത്തിളക്കവും.....

ശരണിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് തനിക്ക് വേണ്ടിയാണെന്ന അറിവിൽ ഗോപിക അവന്റെ ചുണ്ടുകളിലമർത്തി ചുംബിച്ചു.... ""ഞാൻ പേടിച്ചു പോയി...."" ഗോപിക അടർന്നു മാറിയപ്പോൾ ശരൺ വേദനയോടെ പറഞ്ഞു """എന്തിന്?? ഇത് ഇടയ്ക്കിടെ ഉണ്ടാകാറുള്ളതല്ലെ....."" അലിവോടെ ശരണിന്റെ വലത് കവിളിലേക്ക് കൈ ചേർത്ത് വച്ചവൾ ചോദിച്ചതിനടുത്ത നിമിഷം അവനവളുടെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി ഗോപികയെ മുറുകെ ചുറ്റിപിടിച്ചു...... ""ഇങ്ങനെ റെയ്‌സ് ആകരുതെന്ന് എപ്പോഴും ഞാനും ഏട്ടനും പറയാറില്ലേ...""?? നേർത്ത ശബ്ദത്തിൽ ശരൺ ചോദിക്കുമ്പോൾ അവളവന്റെ കൈപിടിയിലിരുന്ന് പുളഞ്ഞു കൊണ്ടിരുന്നു..... ശരണിന്റെ ചുണ്ടുകളുടെ ചലനം അവളുടെ ചർമ്മത്തെ ഇക്കിളിപ്പെടുത്തുന്നുണ്ടായിരുന്നു..... ഗോപികയെ തിരക്കി വന്നതായിരുന്നു ശ്രീറാം..... കോണി പടികൾ കയറി മുറിയിലേക്ക് നടക്കാനൊരുങ്ങുമ്പോഴാണ് ബാൽക്കണിയിൽ നിന്നും ഗോപികയുടെ കളി ചിരികൾ ചെവികളിൽ മുഴങ്ങിയത്..... യാന്ത്രികമായി മിഴികൾ വാതിലിനിടയിലൂടയിലൂടെ ബാൽക്കണിയിലേക്ക് നീണ്ടു... അവിടെ പരസ്പരം പുണർന്നിരിക്കുന്ന ശരണിനെയും , ഗോപികയെയും കണ്ടവൻ ആദ്യമൊന്ന് അമ്പരന്നെങ്കിലും സമചിത്ത വീണ്ടെടുത്ത് അവരെ ശല്യപ്പെടുത്താതെ ഒരു ചിരിയോടെ തന്റെ മുറി ലക്ഷ്യത്തിലാക്കി നടന്നു....

വാതിൽക്കലെത്തിയപ്പോൾ ആദ്യം നോട്ടം ചെന്ന് വീണത് കട്ടിലിൽ കാലുകൾ രണ്ടും മടക്കി ചുരുണ്ട് കൂടി കിടക്കുന്ന ദയയിലായിരുന്നു..... ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി ശ്രീറാം അവളെ ആകെതുകയൊന്ന് നോക്കി .. ഗാഢനിദ്രയിലാണ് കക്ഷി..... ഗോപിക എഴുന്നേറ്റ് പോയതൊന്നും അവളറിഞ്ഞിട്ടില്ല.... ഫാൻ അത്യധികം വേഗത്തിൽ കറങ്ങുന്നത് കൊണ്ട് നല്ല കാറ്റുണ്ട്... തണുക്കുന്നത്തിനാലാവണം ഇങ്ങനെ ചുരുണ്ട് കൂടി കിടക്കുന്നത്.....!! ശ്രീറാം ചിന്തിച്ചു.... ഒന്ന് കുനിഞ്ഞ് സ്ഥാനം തെറ്റി കിടന്ന ദയയുടെ ദാവണി ശീല നേരെ പിടിച്ചിട്ടവൻ പുതപ്പെടുത്തവളെ നെഞ്ചോളം പുതപ്പിച്ചു , ശേഷം മേശപ്പുറത്ത് നിന്നും തന്റെ ഫോണും ഹെഡ്സെറ്റും എടുത്ത് ദയ കിടക്കുന്നതിന്റെ എതിർവശത്തായി വന്നിരുന്നു ..... ഇടയ്ക്ക് വന്ന ഫോൺ കോളിന്റെ റിംഗ് കേട്ട് ദയയൊന്ന് കുറുകി... അവളുടെ മുഖം ചുളിഞ്ഞു... ദയ ഉണരാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസ്സിലായതും ശ്രീറാം അവൾക്കരികിലേക്ക് ചാഞ്ഞിരുന്ന് വളരെ പതിയെ അവളുടെ മൂർദ്ധാവിൽ തഴുകി കൊടുത്തു..... എന്തുകൊണ്ടോ അയാൾക്കവളുടെ നിദ്രയെ തടസ്സപ്പെടുത്താൻ തോന്നിയില്ല... ദയ വീണ്ടും സുഖ നിദ്രയിലേക്കൂളിയിട്ടതറിഞ്ഞിട്ടും ശ്രീറാം തന്റെ പ്രവർത്തി തുടർന്നു കൊണ്ടേയിരുന്നു..... 🌼🌼🌼🌼

"അച്ഛാ...... എനിക്കൊരൂട്ടം പറയാനുണ്ടായി......" പത്ര താളിലെ അക്ഷരങ്ങളിലൂടെ സൂക്ഷ്മതയോടെ മിഴികളോടിക്കുന്ന പ്രഭാകര വർമ്മയ്ക്കരികിൽ ചെന്ന് നിന്ന് സാവിത്രി ഭവ്യതയോടെ പറഞ്ഞു നിർത്തി..... മുഖത്തെ കണ്ണടയ്ക്കിടയിലൂടെ സാവിത്രിയെയും അവർക്ക് പിന്നിലുള്ള രവീന്ദ്രനേയും ഒന്ന് നോക്കി അദ്ദേഹം ഇരുവരോടും തനിക്ക് മുന്നിലുള്ള മര കസേരയിലേക്ക് ഇരിക്കാനായി ആവിശ്യപ്പെട്ടു..... "പറഞ്ഞോളൂ..." "അച്ഛാ....കണ്ണനുമായുള്ള സ്വാതിയുടെ വിവാഹം അടുത്ത് തന്നെ നിശ്ചയിക്കണം......" സാവിത്രി ശഠിച്ചു... "ഇത് നീ എന്നോട് പറഞ്ഞിട്ടെന്താ കാര്യം സാവിത്രി.....ഞാനാണോ പ്രായപൂർത്തിയായ രണ്ട് കുട്ടികളുടെ വിവാഹം തീരുമാനിക്കേണ്ടത്?? അവർക്ക് താത്പര്യമുണ്ട്ച്ചാൽ നടത്തി കൊടുക്കാം...." ""താത്പര്യം ഉള്ളോണ്ടാണല്ലോ ഞങ്ങൾ ഈ ആവിശ്യം അച്ഛനോട് പറഞ്ഞത്...."" രവീന്ദ്രൻ അല്പം നീരസ്സത്തോടെ പറഞ്ഞു.. പ്രഭാകരവർമ്മയുടെ തണുപ്പൻ മട്ടിലുള്ള പ്രതികരണം അയാളെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു.... ഒപ്പം തന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു പോകുമോ എന്ന മന സംഘർഷവും... "കണ്ണന് താത്പര്യം ഇല്ലെന്നാണല്ലോ രവീന്ദ്രാ ഗോപു പറഞ്ഞത്..... മാത്രല്ല അവന് ദച്ചുനെയാണ് ഇഷ്ടമെന്നും കുട്ടി പറഞ്ഞു....."

""അത് അവളുടെ പക്വത കുറവ് കൊണ്ട് വിളിച്ച് പറയണതാ അച്ഛാ..... സ്വാതി കണ്ണനോട് സംസാരിച്ചിരുന്നു.. അവന് ദയയോട് അങ്ങനെയൊരു താത്പര്യമൊന്നും ഇല്ല....."" ""എന്നവൻ പറഞ്ഞുവോ??"" ""അങ്ങനെയല്ല അച്ഛാ... സ്വാതി ചോദിച്ചൂത്രേ ദയയെ ഇഷ്ടാണോന്ന്.... അവൻ മറുപടിയൊന്നും പറഞ്ഞില്ല പോലും... ഇഷ്ടണ്ട്ച്ചാൽ അവൻ പറയുമായിരുന്നല്ലോ സ്വാതിയോട്... അല്ലെങ്കിലും അച്ഛനൊന്ന് ആലോചിച്ചു നോക്കിയേ.. അവന്റെ രീതികൾക്കും , ജോലിക്കും , സ്റ്റേറ്റസ്സിനും ചേർന്ന പെണ്ണാണോ അവള്... ഇപ്പൊ അവളോട് സഹധാപം തോന്നി അതങ്ങട് നടത്തി കൊടുത്തൂച്ചാലും ആദ്യത്തെ പുതുമയങ്ങ് അവസാനിക്കുമ്പോ കണ്ണനും തോന്നും വേണ്ടായിരുന്നൂന്ന്... പത്ത് പോലും കടക്കാത്ത അവളും , ബിരുദാനന്തരം കഴിഞ്ഞ അവനും... രാവും പകലും പോലെ വ്യത്യസ്ത്തരല്ലേ അച്ഛാ....."" ""ദച്ചൂന് ഒരു വിവാഹാലോചന വന്നിട്ടുണ്ട്... ടൗണീന്നാ..... സ്വാതിമോൾടെ വിവാഹം നടത്തുമ്പോ അവൾടെ എങ്ങനെയാ നടത്താതിരിക്കാ.. എനിക്ക് രണ്ടാളും ഒരുപോലെയല്ലേ.....""" ഒരച്ഛന്റെ കരുതലെന്ന പോൽ കപട സ്നേഹം നിറഞ്ഞു രവീന്ദ്രന്റെ വാക്കുകളിൽ..... പ്രഭാകരവർമ്മ രവീന്ദ്രനെ നോക്കിയൊന്ന് മൂളി.. ""ഞാനെന്നാൽ അവരോട് പറയട്ടെ നാളെ ഇങ്ങടേക്ക് വരാൻ..... കാര്യങ്ങളൊക്കെ പറഞ്ഞുറപ്പിച്ചാൽ പിന്നെ രണ്ടാൾടേം വിവാഹം വേഗത്തിലാക്കാലോ....."" ""തിടുക്കം കൂട്ടണ്ട രവീന്ദ്രാ... ഞാൻ ശേഖരനോടും കൂടെയൊന്ന് ആലോചിക്കട്ടെ.....""

""ഏട്ടനോട് ഞാൻ സംസാരിച്ചോളാം അച്ഛാ... സ്വാതീടെ കാര്യം കൂടെ പറയണല്ലോ...."" ""മ്മ്മ്.......ന്താച്ചാൽ ചെയ്തോളാ...."" താൻ ആശിച്ച വാക്കുകൾ കേട്ട സംതൃപ്ത്തിയിൽ രവീന്ദ്രൻ ഉള്ളാലെ മതി മറന്ന് സന്തോഷിച്ചു.... സാവിത്രിക്കും അതേ ആനന്ദം തോന്നി... പ്രതീക്ഷിച്ച രീതിയിലെല്ലാം കാര്യങ്ങൾ വന്നടുത്തതിന്റെ പരമാനന്ദം.... 🌼🌼🌼🌼 ""ശരണും , ഗോപുവും ഏട്ടനുമൊക്കെ എവിടെ മഹിയമ്മേ???"" ""എല്ലാരും മുകളിലുണ്ട് കിച്ചു .... ഗോപുവിന് പെട്ടന്നൊന്ന് വയ്യാണ്ടായി..."" ചായപ്പിലെ അടുക്കളയിലേക്ക് കയറിയ കൈലാസിനെയും , സ്വാതിയേയും നോക്കി നിരാശയോടെ പറഞ്ഞു മഹാലക്ഷ്മി..... കൈലാസിന്റെ മുഖം വിളറി.... ആകുലതയോടെ അവനവരെ നോക്കി ചോദിച്ചു... ""എന്ത് പറ്റി മഹിയമ്മേ ""..??? ""നീ പേടിക്കണ്ട.... കുഴപ്പൊന്നുല്ല അവൾക്ക്... എണീറ്റിട്ടില്ലെന്ന് തോന്നണു...... ശ്രീടെ മുറിയിൽ ഉണ്ടാകും...... പോയി കണ്ടിട്ട് വാ ......"" കൈലാസ് ധൃതി പിടിച്ച് മുകളിലേക്കുള്ള കോണിപടികൾ പാഞ്ഞു കയറിയപ്പോൾ സ്വാതി എന്ത് ചെയ്യണമെന്നറിയാതെ കുറച്ച് നേരം അവിടെ തന്നെ താളം ചവിട്ടി നിന്നു..... പിന്നീട് മഹാലക്ഷ്മിക്കൊരു പുഞ്ചിരിയും നൽകി കോണിപടിക്കരികിലേക്ക് നടന്നു... ഗോപുവിനെ പ്രതീക്ഷിച്ച് മുറിയിലേക്ക് കയറിയ കൈലാസ് കണ്ടത് കട്ടിലിന്റെ ഹെഡ് ബോഡിലേക്ക് തല ചായ്‌ച്ച് മയങ്ങുന്ന ശ്രീറാമിനെയും അവനരികിൽ പുതച്ച് മൂടി ഉറങ്ങി കിടക്കുന്ന ദയയെയുമായിരുന്നു......

ശ്രീറാമിന്റെ ഒരു കൈ അപ്പോഴും ദയയുടെ ശിരസ്സിന് മീതെ അമർന്നിരിപ്പുണ്ടായി..... അത്തരമൊരു കാഴ്ച്ച പ്രതീക്ഷിക്കാത്തതിനാലാവണം ആ സാഹചര്യത്തിൽ കൈലാസിന് വല്ലാതെ ദേഷ്യം വന്നു . കൈലാസിന് പിന്നാലെ കയറി വന്ന സ്വാതിയും ആ കാഴ്ച്ച കണ്ടമ്പരന്നു...... ഉള്ളിൽ നുരഞ്ഞ് പൊന്തുന്ന രോഷമടക്കാൻ അവൾ നന്നേ പാട്പെട്ടു.. കാരണം ദയയെ ഒരു നോട്ടം കൊണ്ട് പോലും ആരും പരിഗണിക്കുന്നത് അവൾക്കിഷ്ടമല്ല.... ദയയുടെ മിഴികളിൽ നിറയുന്ന കണ്ണീരും , ഭയവും , വേദനകളുമായിരുന്നു അവളുടെയും , സിദ്ധാർഥിന്റെയും ലഹരി..... ചുരുക്കി പറഞ്ഞാൽ സ്നേഹവും , കരുണയുമൊഴിച്ച് ബാക്കി വികാരങ്ങളെല്ലാം പ്രകടിപ്പിക്കാൻ ആവിശ്യമായൊരു മനുഷ്യ പാവയായിരുന്നു അവിടുള്ളവർക്ക് " ദയ ദുർഗ്ഗ " യെന്ന സാധു പെണ്ണ്... ഇന്നവൾ പരിഗണിക്കപ്പെടുന്നു.. സ്നേഹിക്കപ്പെടുന്നു.... സ്വസ്ഥമായി ഉറങ്ങുന്നു... ചുറ്റും കൂടി നിൽക്കുന്നവർക്കിടയിൽ അവൾക്ക് തന്നേക്കാൾ സ്ഥാനവും ലഭിക്കുന്നു..... സ്വാതി തന്റെ കൈ മുഷ്ഠികൾ ചുരുട്ടി പിടിച്ച് നിന്നു... ഈ നിമിഷം അവൾക്ക് ചുറ്റിലും ആരുമില്ലായിരുന്നെങ്കിൽ ഒരുപക്ഷെയവൾ ദയയെ വെട്ടി നുറുക്കിയേനെ..... ആ വേദന കണ്ട് രസിച്ചേനെ..... ""ഏട്ടാ...... "" ബാൽക്കണിയിൽ നിന്നും ഗോപിക ഓടി വന്ന് കൈലാസിന്റെ കയ്യിൽ തൂങ്ങി.. അവനൊന്ന് ഞെട്ടി... സ്വാതിയും....!! ഇത് വരെ മറ്റേതോ ലോകത്തായിരുന്നു ഇരുവരും ....

"നീ എന്താ ഇവിടെ സ്റ്റക്ക് ആയി നിൽക്കുന്നത്??" ശരൺ ചോദിച്ചു...... കൈലാസിന്റെ കണ്ണുകൾ മുറിയിലേക്ക് നീണ്ടു.... അവയെ പിന്തുടർന്ന് ഗോപികയുടെയും , ശരണിന്റെയും.... ""അടിപൊളി....."" ഗോപിക പറഞ്ഞു കൊണ്ടുറക്കെ ചിരിച്ചു... ശരണും.... ഉള്ളിൽ കളങ്കമില്ലാത്തതിനാലാവണം കൈലാസിന്റെ വികാരം ഉൾകൊള്ളാൻ അവർക്ക് സാധിക്കാതെ പോയി ... ശരണിനെയും , ഗോപികയെയും സംബന്ധിച്ചിടത്തോളം ശ്രീറാമും , ദയയും അത്രമേലാഴത്തിൽ അവരുടെ ഹൃദയത്തോടിഴകി ചേർന്ന രണ്ട് വ്യക്തികളാണ് ... മറ്റാരേക്കാളുമേറെയായി അവരെ മനസ്സിലാക്കാൻ ഇരുവർക്കും സാധിച്ചത് കൊണ്ടായിരിക്കണം അനാവശ്യമായൊരു ചിന്ത അവർക്കുള്ളിൽ കൂട് കൂട്ടാതിരുന്നത്.... ""ഞാൻ ഉറങ്ങിയപ്പോ ന്റെ കൂടെ കിടന്നുറങ്ങിയതാ പാവം... എഴുന്നേറ്റപ്പോ വിളിക്കാൻ തോന്നിയില്ല... വല്ലപ്പോഴും ആയിരിക്കും ഇങ്ങനെ സമാധാനത്തോടെയൊന്ന് കിടന്നുറങ്ങുന്നത് ...."" പറഞ്ഞു കൊണ്ടവൾ സ്വാതിയെ നോക്കി പുച്ഛത്തോടെ ചുണ്ട് കോട്ടി... ‘‘പക്ഷേ ഏട്ടനെപ്പോ വന്നിരുന്നാവോ???’’ ഗോപിക ചൂണ്ട് വിരലിനാൽ താടി തുമ്പിൽ തട്ടി പതിഞ്ഞ ശബ്ദത്തിൽ തന്നത്താൻ ചോദിച്ചു...... ""യ്യോ.... നമ്മളെ കണ്ട് കാണുവോ!! "" ഉച്ചത്തിൽ ചോദിച്ചു കൊണ്ടവൾ വെപ്രാളത്തോടെ ശരണിനെ നോക്കി... ""അതെന്താ നിങ്ങളെ കണ്ടാൽ ""?? സ്വാതി തന്റെ സംശയം പ്രകടിപ്പിച്ചു.. എന്നാൽ ഗോപികയത് മുഖവുരയ്‌ക്കെടുത്തില്ല....

ഗോപികയുടെ ഒച്ച കേട്ടാണ് ശ്രീറാം ഉറക്കം ഞെട്ടിയത്... ഇരു കൈകളും നിവർത്തിയൊന്ന് ഞെളിഞ്ഞവൻ വാതിൽക്കൽ നിൽക്കുന്ന എല്ലാവരെയുമൊന്ന് നോക്കി... ശ്രീറാം എന്തോ ചോദിക്കാൻ മുതിർന്നതും ഗോപിക ചൂണ്ട് വിരലാൽ അവളുടെ ചുണ്ടിൽ കൈ വച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു... ശേഷം ശബ്ദമുണ്ടാക്കാതെ അവനരികിൽ ചെന്ന് നിന്ന് സ്വകാര്യമായി അവന്റെ കാതുകളിൽ പറഞ്ഞു... ""അവളുറങ്ങിക്കോട്ടെ ഏട്ടാ... ശല്യം ചെയ്യണ്ട..... ഞങ്ങൾ താഴെ ഉണ്ടാവും.. അവള് ഉണരുമ്പോ ഏട്ടൻ അവളേം കൂട്ടി വന്നാ മതി....."" തിരികെ പോകാനൊരുങ്ങിയ ഗോപികയുടെ കൈതണ്ടയിൽ പിടിച്ചു തടഞ്ഞ് ശ്രീറാം അവളെ നോക്കി കുസൃതി കലർന്ന ചിരിയോടെ ശബ്ദം താഴ്ത്തി പറഞ്ഞു.... "'ഞാൻ കണ്ടു...."" ഗോപിക ജാള്യതയോടെ ഇളിച്ചു.... പിന്നീട് അവനിൽ നിന്നും കൈ വേർപ്പെടുത്തി പുറത്തേക്ക് പാഞ്ഞ് ശരണിനെയും കൊണ്ട് താഴേക്കിറങ്ങി... പിന്നാലെ കൈലാസും , സ്വാതിയും.... അവളുടെ ഓട്ടം കണ്ട് ശ്രീറാം പൊട്ടി ചിരിച്ചു... ഉറക്കത്തിൽ അത് ശ്രവിച്ച പോൽ ദയയുടെ ഉടലൊന്ന് വെട്ടി വിറച്ചു.... ഞെട്ടിയുണർന്നവൾ കിടക്കയിൽ കിതപ്പോടെ ഇരുന്നു.... വികസിച്ച കണ്ണുകളിലെ നേത്രഗോളങ്ങൾ വേപഥുവോടെ ചുറ്റിലും അലഞ്ഞു.. ഒടുക്കം ശ്രീറാമിനെ കണ്ടപ്പോൾ അല്പം ആശ്വാസത്തോടെ ദയ ദീർഘമായി നിശ്വസിച്ചു.... കണ്ടു കൊണ്ടിരുന്ന സ്വപ്നത്തിൽ രവീന്ദ്രനായിരുന്നു....

ആരുമില്ലാത്ത നേരത്ത് തന്റെ മുറിയിലേക്ക് ഒളിച്ചു കയറി ഒരു സർപ്പത്തെ പോലെ തന്നെ ഉടലോടെ ചുറ്റി വരിഞ്ഞ നിമിഷം... തന്റെ കണ്ണുകളിലെ ഭീതി ഒരുന്മാദിയെ പോലെ നോക്കി നിന്ന അയാളുടെ പൈശാചികമായ മുഖം..... നിലയില്ലാ ചുഴിയിൽ അകപ്പെട്ട് ശ്വാസംമുട്ടുമ്പോൾ തനിക്ക് മുന്നിൽ നിന്നയാൾ ക്രൂരമായി അട്ടഹസിക്കുന്നു.... ശ്രീറാമിന്റെ ശബ്ദം കേട്ടവൾ രവീന്ദ്രനാണെന്ന് തെറ്റിധരിച്ചു കാണണം..... വർഷങ്ങളായി , കണ്ണൊന്നു മാളിയാൽ ഇതാണ് സ്വപ്നം.... എന്നാണൊരു മോചനം.....!! അങ്ങനെയൊന്നുണ്ടാകുമോ? ഇല്ല...!! മരണം വരെ വേട്ടയാടും.... സ്വബോധത്തിലും , നിദ്രയിലും.....!! ഒന്നും മനസ്സിലാകാതെ ദയയെ തന്നെ ഉറ്റ് നോക്കി ഇരിക്കുകയായിരുന്നു ശ്രീറാം.... അവൾ തീർത്തും നിശ്ചലയാണ്.... അവൻ പതിയെ ദയയുടെ ചുമലിൽ കൈ വച്ചു...... ഉടനടി ദയ പിന്തിരിഞ്ഞു..... ബുദ്ധി മന്ദിച്ചവളെ പോലെ ഒരു നിമിഷം ശ്രീറാമിനെ ഉറ്റ് നോക്കി ഇരുന്നവൾ.... അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് ശ്രീറാമിന്റെ നെറ്റി ചുളിഞ്ഞു.. മിഴികൾ കൂർത്തു.... ""ന്താടോ??"" ചോദ്യത്തോടെ ശ്രീറാം ദയയുടെ കവിളിൽ തട്ടി.... യാഥാർഥ്യത്തിലേക്ക് തിരികെ എത്തിയപോൽ ദയ പിടഞ്ഞു.... വെപ്രാളപ്പെട്ട് കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റവൾ അകലേക്ക്‌ മാറി നിന്നു...

""ഞാൻ... സ്വപ്നം.... ഗോപിക..."" വിയർത്തൊലിച്ച കഴുത്തിൻ തടം ഉള്ളം കയ്യാൽ തുടച്ചവൾ ചുറ്റും ഗോപികയ്ക്കായി മിഴികളോടിച്ചു.... ""എന്താണ് കുട്ടി പിച്ചും പെയ്യും പറയുന്നത്??"" ശ്രീറാം മന്ദഹസിച്ചു... അതിപ്രസാദം നിറഞ്ഞ അവന്റെ ആ ചിരിയിൽ ഒരു നിമിഷം ലയിച്ചു നിന്നു അവൾ.... തീക്ഷ്ണമായ അഗ്നിയിൽ ഉരുകിയൊലിക്കുന്ന ഹൃദയത്തിന് മീതെ നേർത്തൊരു മഞ്ഞ് കണം ഇറ്റ് വീണ മാതിരിയൊരു സുഖം... "'ഞാൻ... ഒന്നുല്ല....... എന്താ ഇവിടെ....??"" അവൾ എണ്ണിപ്പെറുക്കി ചോദിച്ചു... '"ഞാനോ??"" കുസൃതിയോടെയാണെങ്കിലും ശ്രീറാം അവൾക്ക് മുന്നിൽ ഗൗരവം നടിച്ചു.... ""മ്മ്മ്....."" ""കാര്യം നിങ്ങളുടെ തറവാടിനോട് ചേർന്ന ചായപ്പാണിതെങ്കിലും കുറച്ച് ദിവസത്തേക്ക് ഈ മുറി എനിക്കായി ഇവിടുള്ളോർ വിട്ട് തന്നതായിരുന്നു...."" പെട്ടന്നാണ് താൻ ചോദിച്ച ചോദ്യത്തിലെ അപാകത ദയക്ക് പിടി കിട്ടിയത്... അയാളുടെ മുറിയിൽ വന്നിട്ട് അയാളോട് തന്നെ ചോദിച്ചിരിക്കുന്നു എന്താ ഇവിടെയെന്ന്..... ഇത്രയ്ക്കും ബുദ്ധി ശൂന്യയായി പോയോ താൻ!!! സ്വയം പരിതപിച്ചു കൊണ്ട് ദയ ഇളിഭ്യതയോടെ മുഖം താഴ്ത്തി.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story