ദയാ ദുർഗ: ഭാഗം 2

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

"""തന്തേം , തള്ളേം ഇല്ലാത്ത കുട്ടിയല്ലേ സാവിത്രി....വിട്ടേക്ക്.... നീ ചെല്ല്.....ഞാൻ അവളെ ഒന്ന് കാണട്ടെ.....""" സാവിത്രിയെ കടന്ന് ക്രൂരമായി ചിരിച്ചുകൊണ്ടയാൾ ദയയുടെ മുറി ലക്ഷ്യത്തിലാക്കി നടന്നു..... ദയ മുറിയിലെ ജനലിനോരം ചേർന്ന് വിജനതയിലേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു..... ചുമലിൽ ഒരു കരസ്പർശം പതിഞ്ഞതറിഞ്ഞവൾ ഉടനടി പിന്തിരിഞ്ഞു..... മുന്നിൽ രവീന്ദ്രൻ.......!!!! ദയയുടെ കണ്ണുകൾ ഭയത്തോടെ മിഴിഞ്ഞു പിന്നീടവ ഒരാശ്രയത്തിനായി വാതിൽക്കലേക്ക് നീണ്ടു....... ആരുമില്ല......!!! കൈകൾ രണ്ടും ദാവണി പാവാടയിൽ ചുരുട്ടി പിടിച്ചവൾ വർധിച്ച ഹൃദയമിടിപ്പോടെ രവീന്ദ്രനെ നോക്കി....

അയാൾ കീഴ്ച്ചുണ്ട് കടിച്ച്‌ ഒരാഭാസനെ പോലെ കണ്ണുകളാൽ ദയയെ അടിമുടിയുഴിഞ്ഞു ... ഒരു പെണ്ണിനോടുള്ള അയാളുടെ ആർത്തി ആ ചുവപ്പ് പടർന്ന കഴുകൻ കണ്ണുകളിൽ അലയടിക്കുന്നുണ്ടായിരുന്നു...... അയാൾ ദയയെ തന്റെ ശരീരത്തിലേക്ക് വലിച്ചു ചേർത്ത ശേഷം ചുണ്ടുകളാൽ അവളുടെ ചുമലിൽ പൊടിഞ്ഞ വിയർപ്പിനെ ഒപ്പിയെടുത്തു..... ദയ പിടഞ്ഞു....... കൈകൾ കൊണ്ടയാളെ പ്രതിരോധിക്കാൻ ആവുന്നത്ര ശ്രമിച്ചു..... പക്ഷേ പരാജയപ്പെട്ടു പോയി.....!! അവൾക്കലറി കൂവാൻ തോന്നി... ഭീതിയാൽ ശബ്ദത്തിന് പകരം വായു മാത്രം പുറത്തേക്ക് പ്രവഹിച്ചു.... കണ്ണുകൾ നിസ്സംഗതയോടെ നിറഞ്ഞു തൂവി... രവീന്ദ്രന്റെ കൈവെള്ള അവളുടെ പുറം മേനിയിലൂടെ താഴേക്കരിച്ചിറങ്ങിയപ്പോൾ അവൾ രക്ഷയ്ക്കായി അയാളുടെ ചുമലിൽ അമർത്തി കടിച്ചു......

അസഹ്യമായ വേദനയാൽ പുളഞ്ഞയാൾ കൈകൾ വേർപ്പെടുത്തിയതിനടുത്ത നിമിഷം ദയ സർവ്വ ശക്തിയുമെടുത്തയാളെ നിലത്തേക്ക് തള്ളി ..... രവീന്ദ്രൻ തറയിലേക്ക് മലർന്നടിച്ച് വീണപ്പോൾ ദയ നിന്ന് കിതച്ചു....... വീണിടത്ത് തന്നെ എഴുന്നേറ്റിരുന്ന് വന്യമായ ചിരിയോടെ അയാൾ ദയയെ നോക്കി ചുണ്ട് നുണഞ്ഞു....... """തൊലി ലേശം കറുത്തതാന്നെ ഉള്ളൂ ആരെയും ഭ്രമിപ്പിക്കും വിധം അഴകുള്ളവളാ നീയി....... സുഭദ്രയുടെ ചേലും , വാസുദേവന്റെ നിറവും.......... സത്യം പറയാലോ , നിന്റെ ശരീരത്തിനിപ്പോൾ പണ്ടത്തേതിലും രുചിയുണ്ട്.....''"" ദയ അറപ്പോടെ ഉമിനീർ വിഴുങ്ങി..... അവൾക്കയാളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പണമെന്ന് തോന്നി..... കാലുകൊണ്ടയാളുടെ നെഞ്ച് ചവിട്ടി മെതിക്കുവാൻ തോന്നി .... പതിവ് പോലെ എല്ലാം വെറും തോന്നലുകളായി മാത്രം അവശേഷിച്ചു....... ശബ്ദം കേട്ട് മുറിയിലേക്കോടിയെത്തിയ സാവിത്രി കാണുന്നത് തറയിൽ കൈകളൂന്നിയിരിക്കുന്ന തന്റെ ഭർത്താവിനെയാണ്.... സാവിത്രിയെ കണ്ടപ്പോൾ ദയക്കൊരല്പം ആശ്വാസം തോന്നി..

ഒപ്പം അതിരിൽ കവിഞ്ഞ സങ്കടവും ഹൃദയത്തിൽ മുള പൊട്ടി..... ""എന്നെ... എന്നെ ഇയാൾ.......""" അവളുടെ വാക്കുകളെ വക വയ്ക്കാതെ സാവിത്രി രവീന്ദ്രനെ നോക്കി.... ""'എന്ത് പറ്റി രവിയേട്ടാ???""" ഒരു ഭാര്യയുടെ ആകുലത അവരുടെ ശബ്ദത്തിൽ പ്രതിധ്വനിച്ചു ....... രവീന്ദ്രൻ വേച്ച് വേച്ചെഴുന്നേറ്റ് നിന്ന് ദൈന്യതയോടെ അവരെ നോക്കി.... """അതവള് പെട്ടന്നുള്ള ദേഷ്യത്തിന്... സാരല്യ........""" അയാൾ ചൂണ്ട് വിരലാൽ കണ്ണുകളൊപ്പി.... ""അസത്ത്.....!!!""" സാവിത്രി ക്രോധത്തോടെ മുറുമുറുത്തു.... ദയയുടെ മിഴികൾ രവീന്ദ്രന് നേരെ കുറുകി..... അന്നും ഇന്നും അയാൾ ഭാര്യക്കും , മക്കൾക്കും , ബന്ധുക്കൾക്കും മുന്നിൽ ഉത്തമനായൊരു വ്യക്തിയാണ് ..... നല്ലൊരച്ഛനായും... ഭർത്താവായും.... മരുമകനായും...... അയാൾ തന്റെ മികച്ച അഭിനയം കാഴ്ച്ച വയ്ക്കുന്നു......

പക്ഷേ തനിക്ക് മാത്രം..... തനിക്ക് മാത്രമറിയാം അയാൾക്കുള്ളിലെ ചെകുത്താനെ... വൈകൃതം നിറഞ്ഞ സ്വഭാവത്തെ..... ദയക്കയാളോട് അളവിൽ കവിഞ്ഞ പുച്ഛം തോന്നി..... ചിന്തകളിലൂടെ അവൾ അയാളെ തന്നെ ഉറ്റ് നോക്കി നിന്നു .... ഇതിനിടയിൽ കരുത്താർന്നൊരു കൈതലം വലത്തേ കവിളിൽ ആഞ്ഞൊരു പ്രഹരമേൽപ്പിച്ചു ..... ദയക്ക് തന്റെ കവിൾ തടം നീറി പുകഞ്ഞു..... കരങ്ങൾ സിദ്ധാർഥിന്റേതായിരുന്നു......... ദയ ഒന്നേ നോക്കിയുള്ളൂ... നിമിഷ നേരത്തിനുള്ളിൽ ഇരട്ടി ബലത്തിൽ അടുത്ത കവിളിലും അയാളുടെ കൈകൾ മാറി മാറി പതിഞ്ഞു...... """ന്റെ അച്ഛനെ തള്ളിയിടാൻ മാത്രം വളർന്നോ നീയി......""" ആക്രോശത്തോടെ സിദ്ധാർഥ് ദയയെ രവീന്ദ്രന്റെ കാൽക്കലേക്ക് തള്ളിയിട്ടു.......... ""പറയെടി..... മാപ്പ് പറയെടി ന്റെ അച്ഛനോട്......"" സ്വന്തം പിതാവിനോടുള്ള അതിരറ്റ സ്നേഹവും , ബഹുമാനവും , വിശ്വാസവും അവനിൽ നിറഞ്ഞു തുളുമ്പി....

ഒപ്പം ദയയെ ചുട്ട് കൊല്ലാനുള്ള വിദ്വേഷവും.... ദയ ഒരക്ഷരം പോലും മിണ്ടിയില്ല....... തന്റെ കണ്ണുനീർ അയാളുടെ കാൽക്കൽ പതിയാതിരിക്കാനായി അവൾ മിഴികൾ ചിമ്മി തുറുന്നു....... ""അഹങ്കാരി......."" സിദ്ധാർഥ് മുരണ്ടു...... തന്റെ ഉറച്ച കാല് കൊണ്ടവൻ ദയയുടെ കാല്പാദം ചവിട്ടി ഞെരിച്ചു........ ""അമ്മാ......!!!!!"" വേദന കൊണ്ടവൾ അറിയാതെ തേങ്ങി കരഞ്ഞു പോയി ........ ഉച്ചത്തിൽ അലറി കരയാൻ മാത്രം കരുത്ത് ആ പെണ്ണുടലില്ലായിരുന്നു........ ഗതിക്കെട്ടവൾ തന്റെ നെറ്റി രവീന്ദ്രന്റെ കാല്പാദത്തിൽ മുട്ടിച്ചു ......... അവളുടെ ചുടു കണ്ണീർ അയാളുടെ പുറം കാലിന് മീതേക്കൊലിച്ചിറങ്ങി.... വിജയീ ഭാവത്തിൽ സിദ്ധാർഥ് പുഞ്ചിരി തൂകി തന്റെ അച്ഛനെ നോക്കി..... അവനിൽ ഒരു ഉത്തമ മകന്റെ അഭിമാനം....!!! രവീന്ദ്രൻ ഉള്ളിൽ ആർത്ത് ചിരിച്ച് കൊണ്ട് അത്രയേറെ നിഷ്കളങ്കമായി തന്റെ മകനെ നോക്കി...... അയാൾക്കുള്ളിലെ സാമർഥ്യം തിരിച്ചറിയാൻ മാത്രം കഴിവയാളുടെ മകനുണ്ടായിരുന്നില്ല....

"""അച്ഛൻ ന്തിനാ വിഷമിക്കണെ?? ഇവളെ ഇപ്പൊ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ പിന്നെ എപ്പോഴാ???"" രവീന്ദ്രൻ അനുകമ്പ നടിച്ച് തന്റെ കാൽ കീഴിൽ കിടന്ന് തേങ്ങുന്ന ദയയെ നോക്കി....... ""മോളെ...."" വാക്കുകളിൽ ആവോളം വാത്സല്യം കലർത്തി അയാൾ കുമ്പിട്ട് ദയയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.... അതിനിടയിൽ ആരും കാണാതെയവളുടെ മാറിടത്തിൽ ഒന്ന് സ്പർശിച്ചു....... ദയ അയാളുടെ കൈകൾ ഊക്കോടെ തട്ടിയെറിഞ്ഞു ......... ""ഇനിയെങ്ങാനും എന്റെ ശരീരത്തിൽ നിന്റെയീ പുഴുത്ത വിരലുകൾ കൊണ്ട് തൊട്ടാൽ വെട്ടിയരിയും നിന്നെ ഞാൻ.... നായെ ....''"" ദയ അടിമുടി വിറച്ചു....... അവൾ സ്വയം മറന്നിരുന്നു ..... കണ്ണുകളിൽ തളം കെട്ടിയിരുന്ന നീർച്ചാലുകൾ ഒറ്റ നിമിഷം കൊണ്ട് വറ്റി വരണ്ടവിടെ കോപം ജ്വലിച്ചു ......

ദയയിൽ നിന്നും ദുർഗ്ഗയിലേക്കുള്ള പരിവർത്തനം........ രവീന്ദ്രൻ ഭയപ്പെട്ടു..... അവളുടെ വാക്കുകളിലെ മൂർച്ച അയാളെ കീഴ്പ്പെടുത്തി..... കഴിഞ്ഞതെന്തെങ്കിലും അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ തന്റെ സ്ഥാനം.... അന്തസ്സ്..... കുടുംബം...... മക്കൾ....... സ്വപ്നം കണ്ട സമ്പാദ്യം.... എല്ലാം ......... എല്ലാം നഷ്ടമാകും...... അയാളിൽ പരിഭ്രമം പടരുന്നത് ദയയിൽ ഉന്മാദം നിറച്ചു ..... കണ്ണുകൾ തിളങ്ങി...... മുടി കുത്തിൽ പിടി വീണപ്പോൾ ദയ കണ്ണുകൾ ഇറുകെയടച്ച്‌ തുറന്നു ....... തന്റെ നാവിൽ നിന്നും ഉതിർന്ന് വീണ വാക്കുകളെ കുറിച്ചപ്പോഴാണവൾ ബോധവതിയായത്...... എവിടെയും അടിമകൾ തന്റെ യജമാനന് നേരെ ശബ്ദമുയർത്തരുതെന്നാണ് നിയമം.... ഈ വീട്ടിലെ ജീവിതം തന്നെ പഠിപ്പിച്ചതും അതേ നിയമമാണ് ..... അത് ലംഘിച്ചാൽ ശിക്ഷ കഠിനമായിരിക്കും.....

ഒന്നുകിൽ പേപ്പട്ടിയെ പോലെ യജമാനൻ തല്ലി കൊല്ലും.... ഇല്ലെങ്കിൽ അല്പം കനിവ് കാണിച്ചു എന്ന പേരിൽ നരക തുല്യമായ വേദന തന്ന് ജീവിക്കാൻ അനുവദിക്കും..... പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് രവീന്ദ്രൻ തന്നോട് കാണിച്ചതും അത്തരമൊരു കനിവ് മാത്രം...... മനസ്സിൽ ദയ തന്റെ മരണം കണക്ക് കൂട്ടി..... ഉള്ളം ആഹ്ലാദത്താൽ തുടി കൊട്ടി..... പുഴുത്ത് ജീവിക്കുന്നതിലും നല്ലത് മരണമല്ലേ...... അതേ!!!!!.... അവൾ സമാധാനത്തോടെ കണ്ണുകൾ ഇറുകെയടച്ച് തുറന്നു... സിദ്ധാർഥ് ദയയുടെ മുടി കുത്തിൽ പിടിച്ച് നെറ്റി വെള്ള തേച്ച ചുമരിലേക്കമർത്തി ഇടിച്ചു..... ദയക്കുള്ളിൽ സന്തോഷം അല തല്ലി... മുന്നിൽ മരണമെന്ന സ്വർഗ്ഗതുല്യമായ കയം...... വേദനകളില്ലാതെ .... അപമാനമില്ലാതെ ...... സംഘർഷങ്ങളില്ലാതെ .... അതിനാഴങ്ങളിലേക്കൂളിയിട്ട് നീന്തി തുടിക്കാൻ അവളുടെ ഹൃദയം വെമ്പി .... ഭൂമിയിൽ ജീവിതം മടുക്കുമ്പോൾ മനുഷ്യൻ മരണത്തിൽ അഭയം തേടുന്നു....!!!

ദയയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും അടർന്ന് വീഴാത്തത് സിദ്ധാർഥിൽ വീണ്ടും വാശിയും , ദേഷ്യവും നിറച്ചു ....... ഒരിക്കൽ കൂടി സിദ്ധാർഥ് ദയയുടെ നെറ്റി ശക്തമായി ചുമരിലേക്കിടിച്ചു...... മുമ്പ് പറ്റിയ ഉണങ്ങാത്ത മുറിവിൽ നിന്നും ചോര ചിന്തി..... വെള്ള നിറം പൂശിയ ചുമരിൽ രക്തം പടർന്നു .... എന്നിട്ടും ദയ ഒന്ന് തേങ്ങിയത് പോലുമില്ല..... കരഞ്ഞാൽ ഒരു പക്ഷേ കരുണ തോന്നിയവർ വീണ്ടും തന്നെ ജീവിക്കാൻ അനുവദിച്ചാലോ!!!!!!! എന്തായാലും സ്വയം ഹത്യ ചെയ്യാനുള്ള മനോ ധൈര്യം തന്നിലില്ല.... ഇങ്ങനെയെങ്കിലും ഈ ജന്മമൊന്ന് അവസാനിക്കട്ടെ....!!! ""സിദ്ധൂ......"" പ്രഭാകരവർമ്മയുടെ ശബ്ദം ഉയർന്ന നേരം സിദ്ധു പിന്തിരിഞ്ഞു...... ഒപ്പം ദയയിലുള്ള അവന്റെ കൈകളും അയഞ്ഞു...... അവൾ തളർച്ചയോടെ ചുമരിലൂടൂർന്ന് നിലത്തേക്ക് വീണു..... സ്വപ്നം കണ്ട മരണം തെന്നി മാറിയ വേദനയിൽ കണ്ണുകൾ പെയ്തു.....

നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര തുള്ളികൾ വലത് കൺപീലിയിൽ തങ്ങി നിന്ന് മിഴിനീർ തുള്ളികളുമായി കൂടി കലർന്ന് കാഴ്ച്ചയെ മറച്ചു....... പ്രഭാകര വർമ്മ ദയയെ ഒന്ന് നോക്കി സിദ്ധാർഥുമായി കയർത്തു ... ഇടയിൽ മകനെ ന്യായീകരിച്ച് സാവിത്രിയുടെ ശബ്ദവും പൊന്തി...... ദയ അതിൽ ശ്രദ്ധ ചെലുത്താതെ തന്റെ ജീവിതത്തെ കുറിച്ചോർത്ത് വിലപിച്ചുകൊണ്ടിരുന്നു..... മരണത്തിൽ പോലും അഭയം പ്രാപിക്കാൻ വിധി അനുവദിക്കുന്നില്ല..... ശാപം പിടിച്ച ജീവിതം തന്നെ !!!! കണ്ണുകൾ അണപ്പൊട്ടിയൊഴുകി... ഒപ്പം മുറിവിൽ നിന്ന് രക്തവും...... തമ്മിൽ തമ്മിലുള്ള വാക്ക് പോരവസാനിച്ചപ്പോൾ മുത്തശ്ശൻ ദയക്കരികിൽ വന്ന് നിന്നു........ ദയ മുടന്തി എഴുന്നേൽക്കാൻ ശ്രമിച്ചു.... കാല്പാദം തറയിൽ പതിഞ്ഞപ്പോൾ അവൾക്ക് ശരീരത്തിൽ നിന്നും ജീവൻ പറിച്ചെടുക്കുന്ന പോൽ അസഹനീയമായ വേദന അനുഭവപ്പെട്ടു.... അവൾ ഇരുന്നിടത്ത് തന്നെ വീണ്ടും അമർന്ന് പോയി.......

"""എഴുനന്നേൽക്ക് കുട്ട്യേ .......""" ""മുത്തശ്ശൻ പൊയ്ക്കോളൂ..... ഞാൻ കുറച്ച്........ കുറച്ച് കഴിഞ്ഞിട്ട് എഴുന്നേറ്റോളാം.....""" ആ വൃദ്ധൻ ദയയെ നോക്കി കണ്ണ് തുടച്ചിട്ട് പുറത്തേക്കിറങ്ങി..... അവൾ അയാൾക്ക് പിന്നാലെ തിടുക്കപ്പെട്ട് തറയിലൂടെ ഇഴഞ്ഞ് നീങ്ങി വാതിലനരികിലെത്തി , ശേഷം തുറന്ന് കിടന്ന വാതിൽ പൊളികൾ അമർത്തി അടച്ചു..... പതിയെ അതിൽ താങ്ങി പിടിച്ച്‌ വേച്ച് വേച്ചെഴുന്നേറ്റ് എങ്ങനെയൊക്കെയോ ഓടാമ്പലും ഇട്ട് വാതിലിലൂടൂർന്ന് വെറും നിലത്ത് ചുരുണ്ട് കൂടി കിടന്നു ..... പൂർണ്ണമായി മയക്കത്തിലേക്ക് വഴുതി വീഴും മുമ്പേ ഒരിക്കൽ കൂടിയവൾ വാതിൽ പൊളിയിലേക്ക് മിഴികൾ നീട്ടി അവ കുറ്റിയിട്ടിട്ടുണ്ടെന്നുറപ്പിച്ചു....... ഇനിയുമൊരു വേട്ട മൃഗമാകാതിരിക്കാനുള്ള കരുതൽ........ അത്രമാത്രം........!!! 🌼🌼🌼🌼🌼 തളം കെട്ടിയ ഇരുട്ടിൽ കണ്ണുകളിലേക്ക് പതിച്ച വെള്ള വെളിച്ചമാണ് ദയയെ നിദ്രയിൽ നിന്നുമുണർത്തിയത്...... പുളിപ്പോടെ കണ്ണുകൾ ചിമ്മി തുറന്നവൾ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി... ജാലകത്തിനരികിൽ ടോർച്ചുമായി ക്രൗര്യമാർന്ന ചിരിയോടെ രവീന്ദ്രൻ നിൽക്കുന്നു................  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story