ദയാ ദുർഗ: ഭാഗം 20

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""കാര്യം നിങ്ങളുടെ തറവാടിനോട് ചേർന്ന ചായപ്പാണിതെങ്കിലും കുറച്ച് ദിവസത്തേക്ക് ഈ മുറി എനിക്കായി ഇവിടുള്ളോർ വിട്ട് തന്നതായിരുന്നു...."" പെട്ടന്നാണ് താൻ ചോദിച്ച ചോദ്യത്തിലെ അപാകത ദയക്ക് പിടി കിട്ടിയത്... അയാളുടെ മുറിയിൽ വന്നിട്ട് അയാളോട് തന്നെ ചോദിച്ചിരിക്കുന്നു എന്താ ഇവിടെയെന്ന്..... ഇത്രയ്ക്കും ബുദ്ധി ശൂന്യയായി പോയോ താൻ!!! സ്വയം പരിതപിച്ചു കൊണ്ട് ദയ ഇളിഭ്യതയോടെ മുഖം താഴ്ത്തി... 🌼🌼🌼🌼 കുളപ്പടവിൽ എല്ലാവർക്കുമൊപ്പം ദയയും ഇരുന്നു.. കൈലാസും, ശരണും , ഗോപികയും കുളത്തിൽ നീന്തി തുടിക്കുകയാണ്... ഏറ്റവും താഴത്തെ പടിയിൽ അവരെ മൂവരെയും വീക്ഷിച്ച് കൈകൾ മാറിൽ പിണച്ച് കെട്ടി ശ്രീറാമുമുണ്ട്... സ്വാതി അല്പനേരം അവർക്കൊപ്പം ചിലവഴിച്ചു.... അവൾക്കാവശ്യം കൈലാസിനെയായിരുന്നു.... എന്നാൽ അവൻ ഗോപികയ്ക്കും , ശരണിനുമൊപ്പം കൂടിയതോടെ അവൾക്ക് മടുപ്പ് തോന്നി... അതിനൊപ്പം ഗോപികയുടെയും , ശരണിന്റെയും അവഗണനയും ചേർന്നപ്പോൾ അവളാകെ ഒറ്റപ്പെട്ടു... ദയക്കൊപ്പം ഇരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ പഠിക്കാനുണ്ടെന്ന വ്യാജേന അവളവർക്കിടയിൽ നിന്നും ഒഴിഞ്ഞു മാറി വീട്ടിലേക്ക് തിരിച്ചു.. """ഇങ്ങ് കയറി പോര് എല്ലാരും.....മതി കളിച്ചത്....."""

ശ്രീറാം അല്പം ഗൗരവത്തോടെ പറഞ്ഞു.... ""ഇപ്പൊ ഇങ്ങിറങ്ങിയതല്ലേ ഉള്ളൂ ഏട്ടാ.... കുറച്ചു സമയവും കൂടെ....."" ""വയ്യാതാകും ഗോപു......"" ഒരേട്ടന്റെ ആവലാതി നിറഞ്ഞിരുന്നു അവന്റെ ശബ്ദത്തിൽ.... ""ഇല്ല ഏട്ടാ......"" ഉറക്കെ വിളിച്ചു കൂവിയവൾ ശരണിനരികിലേക്ക് നീന്തിയടുത്തു.. എന്ത് പറഞ്ഞാലും മൂവരും കയറിവരില്ലെന്ന് ശ്രീറാമിന് ഉറപ്പായപ്പോൾ അവൻ പിന്തിരിഞ്ഞ് ദയക്കരികിൽ വന്നിരുന്നു..... ദയ നിരങ്ങി നീങ്ങി മതിലിനോട് ചേർന്നിരുന്ന ശേഷം ഇടം കണ്ണാൽ ശ്രീറാമിനെ ഒന്ന് നോക്കി..... അവൻ കാര്യമറിയാതെ അന്താളിച്ചിരിക്കുന്നത് കണ്ട് ദയ വേഗം മറ്റൊരിടത്തേക്ക് നോട്ടം തെറ്റിച്ചു ...... """എന്താടോ?? എന്നെ പേടിയാണോ തനിക്ക് ??"" ശ്രീറാം കളിയായി ചോദിച്ചു... മറുപടിയായി ദയ ഇല്ലെന്ന് തലയനക്കി... തന്റെ പ്രവർത്തി അയാൾക്ക് മുഷിച്ചിലുണ്ടാക്കിയോ എന്നവൾ പരിഭ്രമത്തോടെ ഓർത്തു..... വീണ്ടും ശ്രീറാമിനരികിലേക്ക് നീങ്ങാൻ ശ്രമിച്ചതും അവനവളെ തടഞ്ഞു..... ""ഇങ്ങനെ അകലം പാലിച്ച് ഇരിക്കാനാണ് തനിക്കിഷ്ടം എന്ന് വച്ചാൽ അങ്ങനെ മതി ....."" ""ഞാൻ... അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല..!! "" വാടിയ മുഖത്തോടെ അവളവനെ നോക്കി.... """എന്തിനാ ദുർഗ്ഗാ ഈ മുഖം മങ്ങിയത്?? സീ... തനിക്കിഷ്ടമില്ലാത്തത് ഇഷ്ടമല്ലെന്ന് തന്നെ പറയണം...

അതെന്നോടായാലും , ആരോടായാലും.... മനസ്സിലായോ??"" ദയ മറുപടി പറഞ്ഞില്ല... അവളുടെ ഇരുമിഴികളും ശ്രീറാമിൽ തങ്ങി നിന്നു ..... നോക്ക് ദുർഗ്ഗാ... ഞാൻ തനിക്കരികിൽ വന്നിരുന്നപ്പോ അതിഷ്ടപ്പെടാത്തത് പോലെ ഇയാള് നീങ്ങി ഇരുന്നു.... അത് തന്റെ തീരുമാനമാണ്.... എനിക്കതിൽ വിഷമം തോന്നുകയോ തോന്നാതിരിക്കുകയോ ചെയ്യാം... രണ്ടും തന്നെ ബാധിക്കുന്ന വിഷയമല്ല.... ഈ ലോകത്താരെയും സംതൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ പറ്റില്ല ദുർഗ്ഗ... എന്നാൽ നമ്മളെടുക്കുന്ന തീരുമാനങ്ങൾ കൊണ്ട് നമുക്ക് സംതൃപ്തിപ്പെടാം , സന്തോഷിക്കാം.... പറ്റില്ല എന്ന് പറയേണ്ടിടത്ത് അത് തന്നെ പറയണം..... തൊട്ടാൽ പൊള്ളുന്നവളാകണം പെണ്ണ്.... അല്ലാതെ വാടി കരഞ്ഞിരുന്നാൽ എല്ലാവരും മുതലെടുക്കും..... വീട്ടുക്കാർ മുതൽ സമൂഹം വരെ.... അത് ശാരീരികമാകാം , മാനസികമാകാം...""" ശരിയാണ്....!!! ഈ പറഞ്ഞ രണ്ട് രീതിയിലും വർഷങ്ങളായി ഇവിടുള്ളവരെല്ലാം തന്നെ മുതലെടുക്കുകയാണ്.... താൻ ദുർബലയായത് കൊണ്ട് മാത്രമാണ് ഇത്തരത്തിലവർ ചൂഷണം ചെയ്യുന്നതെന്ന് വ്യക്തമായി അറിയാം... ഒരു മാറ്റം താനും ആഗ്രഹിക്കുന്നുണ്ട്... ശ്രമിക്കുന്നുണ്ട്... കഴിയുന്നില്ല.... ഒരുപക്ഷേ ജീവിതത്തിലൊരിക്കലും അത് സാധിക്കുമെന്നും തോന്നുന്നില്ല....!!

താൻ അശക്തയാണെന്നൂട്ടിയുറപ്പിക്കും വിധം അവൾക്കുള്ളം വീണ്ടും വീണ്ടും ആ വാക്കുകൾ ഉരുവിട്ട് കൊണ്ടിരുന്നു... ശ്രീറാം ദയയെ സൂക്ഷ്മമായി വീക്ഷിച്ചു....... അവൾ മറ്റേതോ ലോകത്താണെന്ന് തോന്നി അവന് .. ചുറ്റുമുള്ള കോലാഹലങ്ങളെ ശ്രവിക്കാതെ... അടുത്തിരിക്കുന്ന തന്നെ പോലും ഗൗനിക്കാതെ..... ഒരു കളി പാവ കണക്കെ ഇമ ചിമ്മാൻ പോലും മറന്ന് തീർത്തും നിശ്ചലയായി ഇരിപ്പാണ് ..... ദൂരെ നിന്നും കൈലാസ് ഇരുവരുടെയും ഇടപഴകലും , സംസാരവുമെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു... ഒരിക്കൽ ദയയോട് സംസാരിക്കാൻ ഇതേ കല്പടവിൽ അവൾക്കൊപ്പം ഇരിക്കാൻ ശ്രമിച്ചതും... അവൾ തന്നെ വക വയ്ക്കാതെ ഒഴിഞ്ഞ് മാറി പോയതുമെല്ലാം അവനോർത്തു... കൈലാസിന് ദേഷ്യം വരികയുണ്ടായി... ഇഷ്ടമാണെന്ന് പറഞ്ഞു.... വിവാഹം ചെയ്തോളാമെന്നും പറഞ്ഞു.. എന്നിട്ടും തനിക്കൊപ്പം അല്പ നേരം പോലും ചിലവഴിക്കാൻ അവൾ തയ്യാറായില്ല... കൈലാസിന് തന്റെ നിരാശയും , അമർഷവും അടക്കാനാകുന്നുണ്ടായിരുന്നില്ല.... നറു പുഞ്ചിരിയോടെ ദയയെ ഉറ്റ് നോക്കിയിരിക്കുന്ന ശ്രീറാമിനെ കൂടെ കണ്ടപ്പോൾ ഉള്ളിലെ അമർഷം വർധിച്ചു... ഓളം വെട്ടുന്ന തെളിനീരിലേക്കാഞ്ഞടിച്ച ശേഷം അവൻ കല്പടവിലേക്ക് നീന്തിയടുത്തു..

പടവിൽ അഴിച്ചിട്ടിരുന്ന ടി-ഷർട്ട് എടുത്ത് ഈറനായ ദേഹത്തൂടെ ഇട്ടവൻ തിരികെ വീട്ടിലേക്ക് നടന്നു.... ദയ അപ്പോഴും ശ്രീറാമിന്റെ വാക്കുകളെ ഇഴ കീറി പരിശോധിക്കുന്ന തിരക്കിലായിരുന്നു..... 🌼🌼🌼🌼🌼 മുറിയിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് തന്റെ കട്ടിലിൽ ഇരു കൈകളുമൂന്നി ഇരിക്കുന്ന സാവിത്രിയെ ദയ കാണുന്നത്.... ജനലിനരികെ സ്വാതിയും , രവീന്ദ്രനുമുണ്ട്..... ""ദേ... തെണ്ടാൻ പോയവളെത്തിയിട്ടുണ്ട്....നിങ്ങടെ പൊന്നോമന ദത്ത് പുത്രി....."" സാവിത്രി പുച്ഛത്തോടെ ദയയെയും രവീന്ദ്രനേയും മാറി മാറി നോക്കിയപ്പോൾ അവരുടെ സംബോധന കേട്ട് അതിനിരട്ടി പുച്ഛത്തോടെ ദയയുടെ ചുണ്ടുകളും കോടി.... ""സാവിത്രി... നീ വെറുതെ മോളെ ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കാതെ പോയേ .....അവളോട് ഞാൻ സംസാരിച്ചോളാം.....""" """വേണ്ടാ.... തരം കിട്ടിയാൽ ഇവള് നിങ്ങളെ ഉപദ്രവിക്കും.......""" സാവിത്രി ദയയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു..... പെട്ടന്ന് ദയയുടെ മുഖത്തേക്കൊരു സാരിയും , ബ്ലൗസും വന്നു വീണു..... സ്വാതിയായിരുന്നു അതവൾക്ക് നേരെ എറിഞ്ഞത്..... അത് മുഖത്ത് നിന്നും വകഞ്ഞു മാറ്റി ദയ സ്വാതിയെ നോക്കി..... ""നാളെ ഇതുടുത്ത് നിൽക്കണം... രാവിലെ ഒരൂട്ടര് നിന്നെ കാണാൻ വരും....""" """എന്നെ?? എന്തിന്??""

""നിന്നെ ഇവിടെ നിന്നും കെട്ടിയെടുക്കാൻ..... രവിയേട്ടന് അറിയണോരാ... നിന്നെ കണ്ട് ബോധിച്ചാൽ ഉടനെ വിവാഹം ഉണ്ടാകും....""" ""വി.. വിവാഹം???എനിക്ക്.... വേണ്ടാ.... ഞാൻ സമ്മതിക്കില്ല...."" അവൾ തീർത്ത് പറഞ്ഞു..... ""പിന്നെ ജീവിതക്കാലം മുഴുവൻ ഇവിടെ അട്ടിപ്പേറി കിടക്കാമെന്നാണോ നിന്റെ മനസ്സിലിരിപ്പ്?? മേലനങ്ങാണ്ട് തിന്നും കുടിച്ചും ഇവിടെ ജീവിക്കാമെന്ന് നീ വ്യാമോഹിക്കണ്ട.... നാളെ അവർക്ക് മുന്നിൽ വന്ന് നിക്കാൻ നീ കൂട്ടാക്കില്ലാന്ന് വച്ചാൽ മുറ്റടിക്കണ ചൂല് വച്ച് അടിച്ചിറക്കും നിന്നെ ഞാനീ വീട്ടീന്ന്..... ഇതെന്റെ മക്കൾക്ക് അവകാശപ്പെട്ട വീടാ.... നിന്നെ പോലൊരു അശ്രീകരം അവർക്കും , ഈ വീടിനും ശാപമാണ്...."" സാവിത്രി രോഷത്താൽ നിന്ന് വിറച്ചു... ""വല്യമ്മേ ഞാൻ...."" ""മിണ്ടരുത് അസത്തേ..."" അവർ കൈമുട്ട് മടക്കി ദയക്ക് നേരെ ഓങ്ങി.... """സാവിത്രി നീ പുറത്തേക്കിറങ്ങ്... മോളോട് ഞാൻ സംസാരിച്ചോളാം.....""" """വേണ്ട.....'"" ദയ വാക്കുകളാൽ ഉടനടി രവീന്ദ്രന്റെ ആ ഉദ്യമത്തെ തടഞ്ഞു.. അവൾക്കറിയാമായിരുന്നു അയാളുടെ മനസ്സിലിരിപ്പ്..... സാവിത്രി ദയയെ കൂർപ്പിച്ചൊന്ന് നോക്കി.... ""വാ രവിയേട്ടാ....... മോളെ സ്വാതി....... വന്നേ..."" ഇരുവരെയും വിളിച്ച് സാവിത്രി മുറിക്ക് പുറത്തേക്കിറങ്ങി... പിന്നാലെ സ്വാതിയും.... രവീന്ദ്രൻ ദയക്കരികിലേക്കടുത്ത് അവളുടെ ദേഹത്ത് തൊട്ടു , തൊട്ടില്ലായെന്ന മട്ടിൽ ചാഞ്ഞു നിന്നു... ""നാളെ രാവിലെ ഒരുങ്ങിയിരുന്നോളണം... തത്ക്കാലം ഇത് ഞങ്ങളും നീയും മാത്രം അറിഞ്ഞാൽ മതി....

ആ ഗോപികയോടോ , മറ്റാരോടോ പറഞ്ഞാലോ ......നിന്റെ നാവിൻ തുമ്പീന്ന് വല്ലതും വീണ് ഈ വിവാഹം മുടങ്ങിയാലോ... കൊന്ന് തള്ളും ഞാൻ.......നിന്നെയല്ല....... നിനക്കേറ്റവും പ്രിയപ്പെട്ട നിന്റെ രക്ഷക ഗോപികയെ.....""" ദയ ഞെട്ടലോടെ അയാളെ നോക്കി... ആ മുഖം ഒരു വേട്ട നായയുടേത് പോലെ വന്യമായിരുന്നു.... അവൾക്ക് ഭയം തോന്നി.... ഉള്ളിൽ ഒരിറ്റ് പോലും കനിവില്ലാത്ത ക്രൂരനാണയാൾ... സ്വന്തം സുഖത്തിനും , ലാഭത്തിനും വേണ്ടി എന്തും ചെയ്യും... അത് മാറ്റാരേക്കാളും നന്നായി തനിക്കറിയാം.... തനിക്ക് മാത്രം...!!! ""പറഞ്ഞത് വെറും വാക്കായ് കരുതണ്ട.... ഒരു തെളിവ് പോലും അവശേഷിക്കാത്ത വിധത്തിൽ കൊന്ന് കെട്ടി താഴ്ത്തും ഞാൻ.... വേണമെങ്കിൽ തറവാട് കുളത്തിലെ അടി തട്ടിലൊന്ന് മുങ്ങി തപ്പി നോക്ക്.... ആരുടേയെങ്കിലും എന്തെങ്കിലും അവശേഷിപ്പ് കയ്യിൽ തടയാതിരിക്കില്ല ......""" രവീന്ദ്രൻ പുച്ഛത്തോടെ പറഞ്ഞു നിർത്തിയപ്പോൾ ദയക്ക് തന്റെ ശ്വാസം നിലച്ചത് പോലെ തോന്നി..... അവൾ നെഞ്ചിൽ കൈ ചേർത്ത് ഒരാശ്രയത്തിനായി പിന്നിലെ ചുമരിലേക്ക് ചാരി നിന്നു... അയാൾ അശ്ലീല ചുവയോടെ ദയയെ ഒന്ന് നോക്കി വിരലുകളാൽ അവളുടെ കഴുത്തിന്റെ വലത് വശത്തൊന്ന് തലോടി........ """രവിയേട്ടൻ വരല്ലേ....."""

സാവിത്രി ചോദ്യത്തോടെ പിന്തിരിഞ്ഞ് നോക്കിയതും അയാൾ മുഖത്തെ ഭാവം മാറ്റി അവരെ നോക്കി തലയാട്ടി.... ""പറഞ്ഞതൊന്നും മറക്കണ്ട.. ഒന്നും...."" അവസാനമായി ദയക്ക് നേരെ ഭീഷണിയുടെ സ്വരമുയർത്തി അയാൾ മുറി വിട്ട് പുറത്തേക്കിറങ്ങി..... 🌼🌼🌼🌼 """അളിയനോട് ഒരു കാര്യം അവതരിപ്പിക്കാനാ നേരോം കാലോം നോക്കാതെ ഞാനിപ്പോ ഇങ്ങടേക്ക് കയറി വന്നത്....."""" തന്റെ വാക്കുകൾക്കായി അക്ഷമയോടെ കാത്ത് നിൽക്കുന്ന ശേഖരനെ നോക്കി രവീന്ദ്രൻ അല്പം വൈമനസ്യത്തോടെ പറഞ്ഞു.. """എന്തിനാ രവി ഒരു മുഖവുരേടെ ആവിശ്യം.... താൻ കാര്യം പറയ്....""" """ന്റെ ദച്ചൂനൊരു വിവാഹാലോചന വന്നിട്ടുണ്ട്... ചെക്കനേം കൂട്ടരേം ഒക്കെ എനിക്കറിയാം... നല്ല ബന്ധാണ്...."" ""അതെയോ.....കുട്ടിയോട് ചോദിച്ചോ?? അവൾക്കിഷ്ടണ്ടോ ഇപ്പൊ ഒരു വിവാഹത്തിന്....??"" """ഞാൻ സംസാരിച്ചിരുന്നു.. അവൾക്കും, അച്ഛനും താത്പര്യ കുറവൊന്നും ഇല്യ.... പ്രശ്നം ന്താച്ചാൽ........""" """ന്താടോ???""" ശേഖരൻ സംശയപ്പൂർവ്വം രവീന്ദ്രനെ നോക്കി..... ""തുറന്ന് പറയാലോ... ഗോപു മോളാണ് പ്രശ്നം... ഞാനീ പറഞ്ഞതിൽ അളിയനെന്നോട് മുഷിച്ചിലൊന്നും തോന്നരുത്... ഗോപുമോളെന്താ ഇങ്ങനെ പെരുമാറണതെന്ന് എനിക്കറിയില്ല... അവൾടെ മനസ്സിൽ ദച്ചൂന്റേം , കണ്ണന്റേം വിവാഹമാണ്...

കണ്ണനോട് ഇടയ്ക്ക് സ്വാതി മോളും , കുറച്ച് മുമ്പേ ഞാനും അതേ കുറിച്ച് സംസാരിച്ചിരുന്നു.... അവന് അങ്ങനൊരു ഇഷ്ടമൊന്നുമില്ല.....ദച്ചൂനും ഇല്ല... എന്നിട്ടും ഗോപു മോളെന്തിനാ ഇങ്ങനെ വാശിപ്പിടിക്കണതെന്ന് എനിക്ക് മനസ്സിലാവുന്നില്ല....""" ശേഖരന്റെ മുഖം വല്ലാതായി.... ""ഗോപു മോള് ഇവിടെ ആരോട് എങ്ങനെ പെരുമാറിയാലും എനിക്കൊന്നുല്ല അളിയാ... പക്ഷേ നാളെ ന്റെ കുട്ടീടെ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ടൊരു വഴിതിരിവാണ്..... അളിയനറിയാലോ അവളെ ഇങ്ങടേക്ക് കൊണ്ട് വരുമ്പോ നിങ്ങളാരും ഉണ്ടായിരുന്നില്ല... ഞാനാണ് ന്റെ കുട്ടിയേ ഇത്രേം......ന്റെ സ്വാതിയേക്കാളും സ്നേഹിച്ചിട്ടുണ്ട് ഞാനവളെ..... ഇപ്പോഴും അങ്ങനെ തന്നെയാണ്... അതുകൊണ്ടാണ് സ്വാതിക്കൊരു ജീവിതം ഉണ്ടാകുന്നതിന് മുന്നേ അവളെ നല്ലൊരാളുടെ കയ്യിലേൽപ്പിക്കാൻ ഞാൻ തീരുമാനിച്ചത്... ഗോപു മോളായിട്ടത് മുടക്കിയാൽ.......... രവീന്ദ്രൻ സങ്കടം നടിച്ചു... ഞാൻ മനസ്സിലാക്കിയിടത്തോളം എന്ത് എവിടെ ആരോട് എങ്ങനെ പറയണമെന്ന് മോൾക്ക് അറിഞ്ഞൂട... ചിലപ്പോ അവൾടെ പ്രായത്തിന്റെയാകാം.......

അല്ലെങ്കിൽ അമ്മയില്ലാതെ വളർന്നതിന്റെയൊരു......"" രവീന്ദ്രൻ വിഷമിക്കണ്ട..... നാളത്തെ ചടങ്ങ് നടക്കട്ടെ.... ഗോപു ഇവിടേക്ക് വരാതെ ഞാൻ നോക്കിക്കോളാം.... തന്റെ മക്കൾടെ ജീവിതത്തിന് ന്റെ മോളൊരിക്കലും ഒരു തടസ്സമാവില്ല..... അത് ഞാൻ ഉറപ്പ് തരാം..... രവീന്ദ്രനെ തുടരാൻ സമ്മതിക്കാതെ ശേഖരൻ ഉറപ്പോടെ പറഞ്ഞു നിർത്തി.... ""നാളെ ഗോപു മോളെ ഇവിടെ നിന്നൊന്ന് മാറ്റി നിർത്തിയാൽ......മോളെ മാത്രല്ല... കൂടെയുള്ള ആ രണ്ട് കുട്ടികളെയും...""" മ്മ്മ്... ഞാൻ നോക്കിക്കോളാം..... രവീന്ദ്രന്റെ മനം സന്തോഷം കൊണ്ട് മതിമറന്നു.... കാര്യങ്ങളെല്ലാം താൻ വിചാരിച്ചിടത്ത് തന്നെ എത്തി നിൽക്കുന്നു... തടസ്സങ്ങൾ ഓരോന്നായി നീങ്ങുന്നു.... അയാൾ ശേഖരനെ നോക്കി ഒന്ന് പുഞ്ചിരിച്ച് തിരികെ നടന്നു.... തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി വിജയിച്ചതിന്റെ പരമാനന്ദത്തിൽ............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story