ദയാ ദുർഗ: ഭാഗം 22

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

"""നിങ്ങളെന്നെ തൊടണ്ട......"" മഹാലക്ഷ്മിയുടെ കൈ തലം തട്ടിയെറിഞ്ഞ് കൈലാസ് അവരെ വാശിയോടെ നോക്കി...... ""സഹധാപം കാണിക്കാൻ എന്റമ്മയൊന്നും അല്ലല്ലോ ......"" ആ മാതൃഹൃദയത്തെ വാക്കുകളാൽ ചവിട്ടിയരച്ചവൻ ആർക്കും മുഖം നൽകാതെ അകതളത്തിലേക്ക് കയറി പോയപ്പോൾ ഹൃദയ ഭാരത്തോടെ സാരി ശീലയാൽ വായ പൊത്തി കരഞ്ഞ് മഹാലക്ഷ്മി ചായപ്പിലേക്കും പാഞ്ഞു.... മക്കളെ തന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്ന അമ്മയ്ക്കത് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു... അവർക്ക് പിന്നാലെയായി ഗോപുവും , ശ്രീറാമും , ശേഖരനും പോയി.... ദയ ആകെ ഒറ്റപ്പെട്ടു..... പിടയുന്ന നെഞ്ചോടെ അനങ്ങാതെ ഒരേ നിൽപ്പ് നിൽക്കുന്ന അവളെ സാവിത്രി ഊക്കോടെ വാതിൽ പടിയിലേക്ക് തള്ളിയിട്ടു.... സിദ്ധാർഥിന്റെ കടും കറുപ്പാർന്ന കൃഷ്ണമണികൾ എന്തിനോ വേണ്ടി ചുറ്റിലും ധ്രുതഗതിയിൽ ചലിച്ചു..... തേടിയതെന്തോ കണ്ടു കിട്ടിയപ്പോൾ അവന്റെ ചുണ്ടുകൾ ക്രൂരമായി വിടർന്നു..... ഓടി ചെന്ന് ഉമ്മറത്തെ പഴയ ചൂരൽ കസേരയിൽ നിന്നും കടു കാട്ടിയാർന്ന വടി വലിച്ചൂരിയവൻ ദയക്കരികിലേക്ക് പാഞ്ഞടുത്തു......

കയ്യിലെ ചൂരൽ ആഞ്ഞു വീശുന്നതിന്റെ ഇരമ്പൽ കേട്ട് ദയ മുഖം ചെരിച്ചതും ആദ്യത്തെ അടിയവളുടെ നീണ്ടു മെലിഞ്ഞ കഴുത്തിൻ തടത്തെ പൊള്ളിച്ചിരുന്നു..... പ്രാണവേദനയാൽ ദയ പിടഞ്ഞു പോയി.. ഒറ്റ കുതിപ്പിന് കണ്ണിൽ നിന്നും വെള്ളം ചാടി.... അവൻ വീണ്ടും ദയക്ക് നേരെ ചൂരൽ ആഞ്ഞു വീശി..... ""സിദ്ധാർഥാ......"" പ്രഭാകര വർമ്മ താക്കീതോടെ വിളിച്ചു.... അവനത് കാര്യമാക്കാതെ ദയയെ ഇടനാഴിയിലൂടെ വലിച്ചിഴച്ച് അവളുടെ മുറിയിലേക്ക് കൊണ്ട് പോയി.... ഇഷ്ടിക പാകിയ നിലത്ത് ദേഹമുരഞ്ഞ് പൊട്ടുമ്പോഴും അവൾ വെറുതെ പോലുമൊരു വാക്കുച്ഛരിച്ചില്ല... ഇതോടെ ഈ ജന്മം തീരുന്നെങ്കിൽ തീരട്ടെ എന്ന് കരുതി..... കയ്യിലെ ചൂരൽ കൊണ്ട് സിദ്ധാർഥ് അവളെ തലങ്ങും വിലങ്ങും അടിച്ചു...... രവീന്ദ്രനും , സാവിത്രിയും , സ്വാതിയും ആ കാഴ്ച്ച ആസ്വദിച്ചു കണ്ടു നിന്നു... ""സിദ്ധു... മതിയാക്കാനാ നിന്നോട് പറഞ്ഞത്....."" കയ്യിലെ ഊന്നു വടിയാൽ വാതിൽ പൊളിയിൽ അമർത്തി കൊട്ടി പ്രഭാകര വർമ്മ ആക്രോശിച്ചു.... സിദ്ധാർഥ് പിന്തിരിഞ്ഞദ്ദേഹത്തെ രൂക്ഷമായൊന്ന് നോക്കി കയ്യിലെ പാതി പൊട്ടിയടർന്ന ചൂരൽ മുറിയ്ക്കൊരു മൂലയിലേക്ക് വലിച്ചെറിഞ്ഞു , ശേഷം നെറ്റിയിലുതിർന്ന വിയർപ്പ് മണികളെ ചൂണ്ട് വിരലാൽ വടിച്ചു മാറ്റി കാറ്റ് പോലെ പുറത്തേക്ക് പോയി.... അവന് പിന്നാലെയായി ബാക്കിയുള്ളവരും..... 🌼🌼🌼🌼

"""മഹി.... അവനപ്പോഴത്തെ ദേഷ്യത്തില്......... താൻ പൊറുക്കണം....."" മകൻ പറഞ്ഞു പോയതിന് മഹാലക്ഷ്മിയോട് മാപ്പിരക്കാൻ വാക്കുകൾ തികയാതെ ബുദ്ധിമുട്ടി ശേഖരൻ.... അവർ കണ്ണുകൾ അമർത്തി തുടച്ച് ശേഖരന് നേരെ പുഞ്ചിരിച്ചു..... '''ന്റെ മക്കളല്ലേ....നിക്കറിയില്ലേ.....""" പറയുമ്പോൾ അവർ വിതുമ്പി.... ശേഖരൻ കുറ്റബോധത്താൽ ശിരസ്സ് താഴ്ത്തി മുറിക്ക് പുറത്തേക്കിറങ്ങി.... മുറിയിൽ ശ്രീറാമും മഹാലക്ഷ്മിയും മാത്രം ബാക്കിയായി.. ""പ്രയാസപ്പെടാതെടോ....അവള് കുറച്ച് സെൻസിറ്റീവ് ആണെന്ന് തനിക്കറിഞ്ഞൂടെ...."" ഉദയൻ ശേഖരനെ സമാധാനിപ്പിച്ച് സ്നേഹത്തോടെ ചേർത്ത് പിടിച്ചു... അയാൾ മറുപടി പറഞ്ഞില്ല.... ശേഖരന് തന്റെ മകനോട് അതിരിൽ കവിഞ്ഞ ദേഷ്യം തോന്നി.... 'തന്റെ ഭാര്യ മരിച്ചതിന് ശേഷം രണ്ടാളെയും ഒരു കുറവും കൂടാതെയാണ് മഹാലക്ഷ്മി നോക്കി പോന്നത്.... മഹാലക്ഷ്മി മാത്രമല്ല ആ കുടുംബം മുഴുവനും തന്റെ എല്ലാ പതനങ്ങളിലും താങ്ങും തണലുമായി കൂടെ നിന്നവരാണ്.... അവരെ ഓരോരുത്തരേയും അവൻ വേദനിപ്പിച്ചിരിക്കുന്നു....!!! ' അമ്മ വിങ്ങുന്നത് കാണാനാകാതെ ജനലഴികളിലൂടെ പുറത്തേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു ശ്രീറാം..... ""ശ്രീ......."" ""മ്മ്മ്..... "" ""കിച്ചു അറിയാതെ പറഞ്ഞതാവും ല്ലെ.......

അല്ലെങ്കിൽ പെട്ടന്ന് ദേഷ്യം വന്നപ്പോ....""" വാക്കുകൾ മുഴുമിപ്പിക്കാതെ അവർ വിങ്ങി...... ""പോട്ടെ അമ്മാ.... കരയാതെ.....""" ശ്രീറാം തന്റെ വലത് കയ്യാൽ മഹാലക്ഷ്മിയെ നെഞ്ചോട് ചേർത്ത് നെറുകിൽ മുത്തി... നിശബ്ദതയിൽ ലയിച്ച് നിമിഷങ്ങൾ കടന്നു..... ""അമ്മ ഒരു കാര്യം പറയട്ടെ ശ്രീ...."" ""മ്മ്മ്...."" ""ആ കുട്ടിയെ നിനക്ക് വിവാഹം ചെയ്തൂടെ ......"" മുഖവുരയേതും കൂടാതെ മഹാലക്ഷ്മി ചോദിച്ചത് കേട്ട് ശ്രീറാം ഞെട്ടി.... """അമ്മാ..... എന്തായീ പറയുന്നതെന്ന് വല്ല ബോധ്യവും ഉണ്ടോ?? എനിക്ക് മുപ്പത് വയസ്സുണ്ട്.... നമ്മുടെ ഗോപൂന്റെ പ്രായേ കാണൂ ആ കുട്ടിക്ക്..... അങ്ങനെയേ ഞാൻ കണ്ടിട്ടുമുള്ളൂ..... അല്ലാതെ വേറൊരു അർത്ഥത്തിൽ....!! കിച്ചൂനെ പോലെ അമ്മയ്ക്കും തോന്നുന്നുണ്ടോ ഞാൻ മറ്റൊരു രീതിയിലാണ് അവളെ............."" അവന്റെ വാക്കുകൾ ഇടറി പോയി.... ""മോനെ..... അമ്മയ്ക്കറിയാം നിന്നെ.... അമ്മയോളം ന്റെ മക്കളെ മറ്റാർക്കും അറിയുകയും ഇല്ല... പാവമാടാ ആ മോള്.....അമ്മ ഇവിടെ വന്നപ്പോൾ തൊട്ട് കാണണതാ അതിന്റെ കഷ്ടപ്പാട്.... നീയും ശ്രദ്ധിച്ചിട്ടില്ലേ..... എന്നായാലും നിനക്കൊരു കൂട്ട് വേണ്ടേ ശ്രീ....""" ""അമ്മേ.... ഞാൻ......!!!"" ശ്രീറാം ആകെ ആശയക്കുഴപ്പത്തിലായി....... ""നിനക്ക് താത്പര്യമില്ലാച്ചാൽ വേണ്ട....."" അമ്മയുടെ വാടിയ മുഖം അവനെ വീണ്ടും ധർമ്മസങ്കടത്തിലാക്കി....

""അമ്മാ...എന്റെ മാത്രം സമ്മതം കിട്ടിയിട്ട് കാര്യമുണ്ടോ... ദുർഗ്ഗയ്ക്കും കൂടെ ഇഷ്ടം വേണ്ടേ...?"" ""അത് ചോദിക്കാലോ..... ഇപ്പൊ തന്നെ ചോദിക്കാം....."" ആവേശത്തോടെ അവന്റെ കയ്യും പിടിച്ച് പുറത്തേക്ക് വേഗത്തിൽ നടന്നു മഹാലക്ഷ്മി... അമ്മയുടെ പ്രവർത്തിയെ വിലക്കാനാകാതെ പുറകെ ശ്രീറാമും.... 🌼🌼🌼 """ന്തിനാ മുത്തശ്ശാ സിദ്ധേട്ടനെ തടഞ്ഞത്.... ന്നെ അങ്ങ് കൊന്നോട്ടെ മുത്തശ്ശാ.... നിക്ക് മടുത്തു... വല്ലാതെ മടുത്തു മുത്തശ്ശാ.......""" തനിക്ക് മുന്നിൽ നിൽക്കുന്ന പ്രഭാകരവർമ്മയുടെ ഇരു കാലുകളും കൂട്ടി പിടിച്ച് ദയ ഉറക്കെ കരഞ്ഞപ്പോൾ അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ അദ്ദേഹം വിമ്മിഷ്ടപ്പെട്ടു..... അല്പ നേരം ഒരേ നിൽപ്പ് നിന്നതിന് ശേഷമയാൾ നിറഞ്ഞു തുടങ്ങിയ കണ്ണുകൾ അമർത്തി തുടച്ച് വാതിൽ ചാരി പുറത്തേക്ക് കടന്നു...... ഉമ്മറത്തെ ചാരു കസേരയിലേക്കിരിക്കാൻ തുടങ്ങുമ്പോഴാണ് തിടുക്കപ്പെട്ട് വരുന്ന മഹാലക്ഷ്മിയെയും പിന്നാലെയായി വരുന്ന ശ്രീറാമിനെയും അദ്ദേഹം ശ്രദ്ധിച്ചത്... ""കുട്ടി പറഞ്ഞത് നിങ്ങൾക്ക് വിഷമായി ല്ലേ......."" അവർ ഇറയത്തേക്ക് കയറിയ ഉടനെ അല്പം വൈമനസ്യത്തോടെ പ്രഭാകര വർമ്മ ചോദിച്ചു... ""അത് സാരല്യ..."" ഉള്ളിലുള്ള നോവ് മുഖത്ത് പ്രകടമാകാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് മഹാലക്ഷ്മി പറഞ്ഞു....

""ഞങ്ങൾ ദയ മോളെ ഒന്ന് കാണാനായി.........""" ""അകത്തുണ്ട്....ചെന്നോളൂ......"" ചാരിയിട്ട മുറി വാതിൽ തള്ളി തുറന്ന് മഹാലക്ഷ്മിയും , ശ്രീറാമും അകത്തേക്ക് കയറുമ്പോൾ ദയ മുറിയിലെ മേശയ്ക്കരികിൽ നിൽക്കുകയായിരുന്നു.... ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ മഹാലക്ഷ്മിയെയും പുറകിലുള്ള ശ്രീറാമിനേയും കണ്ട് ദയ നടുങ്ങി... അവരിൽ നിന്നുമെന്തോ മറച്ചു പിടിക്കാനുള്ള വ്യഗ്രതയാൽ അവളുടെ മിഴികൾ താഴ്ന്നു..... മഹാലക്ഷ്മി ദയയുടെ മുറിയാകെ കണ്ണോടിച്ചു.... ആകെ അലങ്കോലപ്പെട്ട് കിടക്കുകയാണ് .. അലമാരയിൽ നിന്നും വസ്ത്രങ്ങളെല്ലാം വാരി വലിച്ച് നിലത്തേക്കിട്ടിരിക്കുന്നു.... ""ഇതെന്താത്??"" അവർ പുഞ്ചിരിയോടെ മുറിക്കകത്തേക്ക് കയറി ദയയെ നോക്കി ചോദിച്ചു , ശേഷം നിലത്ത് കിടക്കുന്ന വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് അലമാറയിലേക്ക് വയ്ക്കാൻ തുടങ്ങി... ദയ ഒന്നും മിണ്ടിയില്ല.... ഒരടി കൂടെ പുറകിലേക്ക് നീങ്ങി ചുമരിലേക്ക് തല മുട്ടിച്ചു നിന്നു.... ദയയുടെ നിൽപ്പും ഭാവവും കണ്ട് ശ്രീറാമിനെന്തോ പന്തിക്കേട് തോന്നി തുടങ്ങി..... അവനൊരിക്കൽ കൂടെ വളരെ ശ്രദ്ധയോടെ ദയയെ മുഴുവനായും വീക്ഷിച്ചു..... അവളാകെ ക്ഷീണിച്ചവശയായിരിക്കുന്നു.... വലത് കൈ പിന്നിലേക്ക് മറച്ച് പിടിച്ചാണ് നിൽപ്പ്... ""ദുർഗ്ഗ... തന്റെ കയ്യിലെന്താ??""

ശ്രീറാമിന്റെ ചോദ്യത്തിന് ദയ അവന്റെ മുഖത്ത് പോലും നോക്കിയില്ല.... വീണ്ടുമൊരിക്കൽ കൂടെ ചുമരിലേക്കൊട്ടിയവൾ ഒന്നുമില്ലെന്നർത്ഥേന ഇരുവശത്തേക്കും ശിരസ്സ് ചലിപ്പിച്ചു.... ശ്രീറാമിനത് വിശ്വാസ യോഗ്യമായിരുന്നില്ല...... അവളെന്തൊക്കെയോ മറച്ച് പിടിക്കാനുള്ള തിടുക്കത്തിലാണെന്ന് തോന്നിയവന്..... പതിയെ മഹലക്ഷ്മിയെ കടന്ന് ശ്രീറാം ദയക്കരികിലേക്ക് നടക്കാനൊരുങ്ങിയതും ദയ തന്റെ വലത് കൈപിടിയിലൊതുക്കി പിടിച്ച മരുന്നുകൾ മൊത്തമായി വായിലേക്കിട്ടു.. അവളുടെ പ്രവർത്തിയിൽ ശ്രീറാം ആദ്യമൊന്നന്തിച്ചു പോയെങ്കിലും സമചിത്ത വീണ്ടെടുത്തവൻ പാഞ്ഞ് ചെന്ന് ഒരു കൈയ്യാൽ ദയയുടെ കവിളിൽ അമർത്തി കുത്തി പിടിച്ചു .... മറു കൈയിലെ ചൂണ്ട് വിരൽ അവളുടെ വായിലേക്ക് കടത്തി വായിലിട്ട ഗുളികകളെല്ലാം പുറത്തേക്കാക്കി...... """നിനക്കെന്താ ഭ്രാന്താണോ???"" അരിശത്തോടെ അവളെ പിടിച്ചുലച്ച് ശ്രീറാം ഒച്ചയെടുത്തു.... ദയ ഒരു മാത്ര ശ്രീറാമിനെ ഉറ്റ് നോക്കി നിന്നു..... """എന്തിനാ..... എന്തിനാ എന്നോടിങ്ങനെ.... എന്തിനാ എന്നെ രക്ഷിച്ചത്... പറ... പറയാൻ...... ആർക്കും ശല്ല്യാകാതെ ചത്ത് തുലയില്ലായിരുന്നോ ഞാൻ.... എന്നെ കൊല്ല്.... കൊന്ന് താ.....""" വിഭ്രാന്തിയെടുത്തവളെ പോലെ ശ്രീറാമിന്റെ ഷർട്ടിൽ പിടിമുറുക്കിയവൾ അലമുറയിട്ടപ്പോൾ ശ്രീറാം ദയനീയമായി തന്റെ അമ്മയെ ഒന്ന് നോക്കി..... അവരപ്പോഴും വല്ലാത്തൊരവസ്ഥയിലായിരുന്നു....

"ഒരു നിമിഷം വൈകിയിരുന്നെങ്കിൽ !!!!" ആലോചിച്ചപ്പോൾ മഹാലക്ഷ്മിയുടെ കാൽ നഖം മുതൽ മുടി വരെ വിറയൽ പടർന്നു കയറി.... ""എന്താ മോളെ നീ ഈ കാണിക്കാൻ പോയത്....""" കാറ്റ് പോലെ അവൾക്കരികിലേക്ക് പാഞ്ഞടുത്താ അമ്മ അവളെ ശ്രീറാമിൽ നിന്നും അടർത്തി മാറ്റി.... ദയ അവരെ നോക്കാതെ വെറും തറയിലേക്ക് മുട്ട് കുത്തിയിരുന്ന് ഉറക്കെ അലറി കരഞ്ഞു.... വർഷങ്ങളായി കുമിഞ്ഞ് കൂടി കിടക്കുന്ന കാർമേഘം അതിന്റെ സർവ്വ നിയന്ത്രണങ്ങളും ലംഗിച്ച് തകർത്ത് പെയ്യും പോലെ അവളുടെ കണ്ണും മനസ്സും കരഞ്ഞു...... അതി ശക്തമായി തന്നെ.... ശബ്ദം കേട്ട് പ്രഭാകരവർമ്മ മുറിയിലേക്കോടി പിടഞ്ഞെത്തി...... അദ്ദേഹം ആദ്യം ദയയെ നോക്കി പിന്നീടാ മിഴികൾ പരിഭ്രാന്തിയോടെ ശ്രീറാമിലേക്കും , മഹാലക്ഷ്മിയിലേക്കും നീണ്ടു..... ""ന്താ... ന്താ പറ്റ്യേ...??""" അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി പറയാതെ മഹാലക്ഷ്മി ദയയെ പിടിച്ചെഴുന്നേൽപ്പിച്ചു.... ആ നിമിഷവും അവളുടെ മിഴികൾ തോർന്നിരുന്നില്ല.... എങ്കിലും ചായാനൊരു തണൽ കിട്ടിയ പോൽ അവൾ മഹാലക്ഷ്മിയുടെ നെഞ്ചിലേക്കൊതുങ്ങി കൂടി..... ഒരു കൊച്ചു കുഞ്ഞ് അമ്മയുടെ ചൂടിലേക്ക് പറ്റിചേരും പോലെ... അവളുടെ കണ്ണുനീർ വീണവരുടെ മാറിടത്തിലെ സാരി ശീല നനഞ്ഞു കുതിർന്നിരുന്നു.....

""ഇവളെ ഞാൻ കൊണ്ട് പോയിക്കോട്ടെ അച്ഛാ....? ഇവർക്ക് രണ്ട് പേർക്കും സമ്മതമാണെങ്കിൽ മാത്രം എന്റെ മൂത്ത മകൻ , ദാ ഈ നിൽക്കുന്ന ശ്രീറാമിന്റെ ഭാര്യയായി , ഞങ്ങളുടെ മകളായി ഇവളെ ഞങ്ങള് സ്നേഹിച്ചോളാം... ഒരിക്കലും ഇവിടത്തെ പോലെ കഷ്ടപ്പെടുത്തില്ല... സങ്കടപ്പെടുത്തില്ല...ഉറപ്പ്....""" കേൾക്കാൻ കൊതിച്ചതെന്തോ കേട്ട പോൽ ആ വൃദ്ധന്റെ കണ്ണുകൾ തിളങ്ങി.. ഹൃദയത്തിൽ പരന്നൊഴുകിയ ആശ്വാസം അയാളുടെ ചൊടികളിലും നേർത്ത മന്ദഹാസം പരത്തി... ദുർഗടം പിടിച്ച ഇത്തരമൊരു ജീവിതത്തിൽ നിന്നിനിയെങ്കിലുമവൾ കര കയറട്ടെയെന്നയാൾ പ്രത്യാശിച്ചിരിക്കണം.....!! ""അച്ഛനൊന്നും പറഞ്ഞില്ല......."" മറുത്തൊരു വാക്ക് പറയാതെ ചിന്തയിലാണ്ട് നിൽക്കുന്ന അദ്ദേഹത്തെ നോക്കി മഹാലക്ഷ്മി മടിയോടെ ചോദിച്ചു.... പ്രഭാകര വർമ്മ എതിർക്കുമോ എന്നൊരു പേടി അവർക്കുള്ളിൽ കൂട് കൂട്ടുന്നുണ്ടായിരുന്നു.... അയാൾ കൈ നീട്ടി ദയയുടെ മുടിയിഴകളെയൊന്ന് തഴുകി , ശിരസ്സ് കുലുക്കി തന്റെ സമ്മതമറിയിച്ചു.... ശ്രീറാമിന്റെ ഭാര്യ...!!! ആ വാക്കുകളിൽ ഉടക്കി കിടന്നു ദയയുടെ ബുദ്ധിയും , ഹൃദയവും..... ചിന്തിക്കാൻ പോലും തന്നെ പോലൊരുത്തിക്ക് യോഗ്യതയില്ലെന്ന് അവൾക്കുള്ളം അലറി വിളിച്ചു..... നിറ കണ്ണുകളോടെ ദയ മഹാലക്ഷ്മിയെയും ,

മുത്തശ്ശനേയും മാറി മാറി നോക്കി... തന്നെ കൊണ്ട് കഴിയില്ലെന്ന പോൽ ശിരസ്സ് ഇരുവശത്തേക്കും ചലിപ്പിച്ചാ പെണ്ണവളുടെ എതിർപ്പ് പ്രകടമാക്കി... എന്നാൽ മഹാലക്ഷ്മി അത് ശ്രദ്ധിച്ചില്ല.... ""മോള് വാ......ഇനി ഈ വീട്ടില് നിക്ക്യണ്ട നീയി..... "" "" അത് നിങ്ങളാണോ തീരുമാനിക്കണേ?? "" വാതിൽക്കൽ വന്ന് നിന്ന് സിദ്ധാർഥ് ശൗര്യത്തോടെ ചോദിച്ചു.... അവന് പിന്നിൽ രവീന്ദ്രനുമുണ്ട്.... """ന്റെ മോളാ അവള്... ഞാനും സാവിത്രിയും വളർത്തിയ കുട്ടി... അവൾടെ കാര്യത്തിൽ ഞങ്ങളാണ് തീരുമാനമെടുക്കേണ്ടത്...നിങ്ങളല്ല....."" രവീന്ദ്രൻ മുന്നോട്ട് കയറി വന്ന് ദയയെ പിടിച്ച് തനിക്കരികിലേക്ക് നിർത്തി ... അവളെ ചേർത്ത് പിടിക്കുകയാണെന്ന വ്യാജേന അയാളുടെ വലത് കരം അവളുടെ അരയിലൂടെ ഇഴഞ്ഞു.... ദയ ശക്തമായി കുതറാൻ ശ്രമിച്ചപ്പോൾ അയാൾ അവളിലെ പിടി ഒരിക്കൽ കൂടി മുറുക്കി ശരീരത്തോട് ചേർത്തു...... ""എന്നെ വിട്......"" അവളുറക്കെ പറഞ്ഞു.... "" നാവടക്കെടി..... ഇത്രയും കാലം ഒന്ന് നുള്ളി നോവിക്ക്യ പോലും ചെയ്യാതെ ഞാൻ നിന്നെ പോറ്റിയത്തിനുള്ള കൂലിയാണോടി ഇത്.... എന്റെ സ്വാതിയേക്കാൾ സ്നേഹിച്ചതല്ലേ നിന്നെ ഞാൻ...."""

അയാൾ ഒരച്ഛന്റെ വേഷം ഗംഭീരമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കെ രവീന്ദ്രന്റെ കൈപിടിയിൽ കിടന്ന് ഞെളിപിരി കൊള്ളുന്ന ദയയെ ശ്രീറാം വലിച്ച് തന്റെ നെഞ്ചിലേക്കിട്ടു .... ""ഇവൾ പ്രായപൂർത്തിയായ പെൺകുട്ടിയാണ് മിസ്റ്റർ.... ആരെ വിവാഹം കഴിക്കണം , ആരുടെ കൂടെ ജീവിക്കണം എന്നൊക്കയുള്ള തീരുമാനമെടുക്കാൻ പ്രാപ്ത്തയായവൾ.... പിന്നെ ഇവളെ നോക്കിയ കണക്കൊന്നും താൻ പറയണ്ട... തന്റെ മകനും , ഭാര്യക്കും തോന്നുമ്പോൾ , തോന്നുമ്പോൾ കൊട്ടി കളിക്കാനുള്ള ചെണ്ട , അതല്ലെങ്കിൽ നേരാ നേരം അണ്ണാക്കിലേക്ക് കുത്താനുള്ള ഭക്ഷണമെത്തിക്കാൻ ചട്ടം കെട്ടിയ വീട്ട്ജോലിക്കാരി.....അതാണ്‌ ഈ വീട്ടിലിവളുടെ സ്ഥാനമെന്ന് ഇവിടെ എല്ലാവർക്കുമറിയാം ... പിന്നെ അച്ഛനെന്ന നിങ്ങളുടെ വീരവാദം...അത് ഏത് തരത്തിലാണെന്നും , എന്ത് കണ്ടിട്ടാണെന്നും എനിക്കറിയാം..... എല്ലാമറിയാം...""" അവസാന വാചകം പറയുമ്പോൾ ശ്രീറാമിന്റെ ചൂണ്ട് വിരൽ താക്കീതോടെ രവീന്ദ്രന്റെ മുഖത്തിന്‌ നേരെ ഉയർന്നു.. അവന്റെ ചുണ്ടിനൊരു കോണിൽ നേർത്തൊരു ചിരിയുണ്ടായിരുന്നു.. രവീന്ദ്രനോടുള്ള പക നീറ്റുന്ന ഗൂഢമായൊരു മന്ദസ്മിതം..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story