ദയാ ദുർഗ: ഭാഗം 23

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""ഇവൾ പ്രായപൂർത്തിയായ പെൺകുട്ടിയാണ് മിസ്റ്റർ.... ആരെ വിവാഹം കഴിക്കണം , ആരുടെ കൂടെ ജീവിക്കണം എന്നൊക്കെയുള്ള തീരുമാനങ്ങളെടുക്കാൻ പ്രാപ്ത്തയായവൾ.... പിന്നെ....ഇവളെ നോക്കിയ കണക്കൊന്നും താൻ പറയണ്ട... തന്റെ മകനും , ഭാര്യക്കും തോന്നുമ്പോൾ , തോന്നുമ്പോൾ കൊട്ടി കളിക്കാനുള്ള ചെണ്ട , അതല്ലെങ്കിൽ നേരാ നേരം അണ്ണാക്കിലേക്ക് കുത്താനുള്ള ഭക്ഷണമെത്തിക്കാൻ ചട്ടം കെട്ടിയ വീട്ട്ജോലിക്കാരി.....അതാണ്‌ ഈ വീട്ടിലിവളുടെ സ്ഥാനമെന്ന് ഇവിടെ എല്ലാവർക്കുമറിയാം ... പിന്നെ അച്ഛനെന്ന നിങ്ങളുടെ വീരവാദം...അത് ഏത് തരത്തിലാണെന്നും , എന്ത് കണ്ടിട്ടാണെന്നും എനിക്കറിയാം..... എല്ലാമറിയാം...""" അവസാന വാചകം പറയുമ്പോൾ ശ്രീറാമിന്റെ ചൂണ്ട് വിരൽ താക്കീതോടെ രവീന്ദ്രന്റെ മുഖത്തിന്‌ നേരെ ഉയർന്നു.. അവന്റെ ചുണ്ടിനൊരു കോണിൽ നേർത്തൊരു ചിരിയുണ്ടായിരുന്നു.. രവീന്ദ്രനോടുള്ള പക നീറ്റുന്ന ഗൂഢമായൊരു മന്ദസ്മിതം... രവീന്ദ്രനാകെ വല്ലാതായി.... ശ്രീറാമിന്റെ തീക്ഷ്ണമാർന്ന നോട്ടത്തിൽ അയാൾക്ക് തന്റെ ശരീരം ചുട്ട് പൊള്ളുന്നത് പോലെ തോന്നി..... അയാൾ പതുങ്ങി കൊണ്ട് ശ്രീറാമിന്റെ ചുവന്ന മിഴികളിൽ നിന്നും തറയിലേക്ക് നോട്ടം മാറ്റി...... പുലിയെ പോലെ തനിക്ക് മുന്നിൽ നിന്ന് ചീറിയ രവീന്ദ്രന്റെ ഭയം തുടിക്കുന്ന പരവേശം ശ്രീറാം ആസ്വദിക്കുകയായിരുന്നു ..... വല്ലാത്തൊരു തരം നിർവൃതിയോടെ .... ""ഇനി തനിക്കെന്തെങ്കിലും പറയാനുണ്ടോ??

ഉണ്ടെങ്കിൽ ഇപ്പോൾ ...... ദാ , ഈ നിമിഷം പറയണം......""" ശ്രീറാം അതേ രൂക്ഷതയോടെ തുടർന്നു... വാക്കുകൾക്ക് മുമ്പിൽ രവീന്ദ്രൻ പതറി... മുഖം രക്തമയമില്ലാതെ വിളറി വെളുത്തു... അയാളുടെ ദേഹമാസകലം വിയർപ്പ് തുള്ളികൾ കിനിഞ്ഞിറങ്ങി...... ശ്രീറാമിന്റെ വാക്കുകൾക്ക് പിന്നിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കിയെടുക്കാൻ രവീന്ദ്രനധികം സമയമൊന്നും വേണ്ടി വന്നില്ല.അവനെന്തൊക്കെയോ അറിയാമെന്നുള്ള സത്യം അയാളെ മൗനിയാക്കി.ഒരക്ഷരം ഉരിയാടാതെ രവീന്ദ്രൻ ദയയെ വൈരാഗ്യപ്പൂർവ്വമൊന്ന് നോക്കി ഒരു ഭാഗത്തേക്കൊഴിഞ്ഞുമാറി നിന്നു... തോറ്റ് പോയത് പോലുള്ള രവീന്ദ്രന്റെ നിൽപ്പ് സിദ്ധാർഥിനെ ദേഷ്യപ്പെടുത്തി.... തന്റെ അച്ഛൻ ആർക്ക് മുന്നിലും തലതാഴ്ത്തുന്നത് അവനിഷ്ടമല്ലായിരുന്നു..... ""സാറ് ഈ കാര്യത്തിൽ ഇടപെടേണ്ട... നിങ്ങള് പ്രശസ്ത്തിയും , സ്ഥാനമാനങ്ങളുമൊക്കെയുള്ള വലിയ ഗായകനെല്ലാമായിരിക്കും... ,എന്ന് വച്ച് ഈ കുടുംബത്തിലെ കാര്യങ്ങളിൽ കൈ കടത്താനുള്ള അധികാരമോ അവകാശമോ...........""" സിദ്ധാർഥിന്റെ സംഭാഷണമവസാനിക്കും മുമ്പേ ശ്രീറാമിന്റെ വലത് കൈ അവന് മുന്നിൽ , അവനുരുവിടുന്ന വാക്കുകൾക്ക് മീതെ തടസ്സമായി ഉയർന്നു....

""ഞാൻ തന്റെ കുടുംബ കാര്യങ്ങളിൽ ഇടപെടാനൊന്നും വന്നതല്ല... എനിക്കതിന് താത്പര്യവുമില്ല......""" നിഷേധത്തോടെ പറഞ്ഞവൻ ദയക്ക് മേലുള്ള പിടി അയച്ച് അവളോടായി സംസാരിച്ചു തുടങ്ങി... '""ദുർഗ്ഗയ്ക്ക് ഞങ്ങൾക്കൊപ്പം വരാൻ താത്പര്യമുണ്ടോ?? ഉണ്ടെങ്കിൽ ധൈര്യമായി പറഞ്ഞോളൂ... തന്നെ ആരും തടയില്ല....""" അവൾക്ക് എന്ത് പറയണമെന്നറിയുന്നുണ്ടായിരുന്നില്ല.... ആ വീട്ടിൽ നിന്നും രക്ഷപെടണമെന്ന് അതിയായ മോഹമുണ്ടെങ്കിലും ശ്രീറാമിന്റെ ഭാര്യയായൊരു തുടർ ജീവിതം അവൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു..... പക്ഷേ രവീന്ദ്രനിൽ നിന്നും , അയാളുടെ പ്രവർത്തികളിൽ നിന്നും വിമുക്തയാകാൻ ഇതുപോലൊരവസരം ഇനിയൊരിക്കലും തനിക്ക് മുന്നിൽ തുറക്കപ്പെടുകയില്ലെന്ന തിരിച്ചറിവിൽ അവൾ മറ്റൊന്നും ആലോചിക്കാതെ ശ്രീറാമിനെ നോക്കി തല കുലുക്കി.... ""എന്താ ഇതിനർത്ഥം?? ഞങ്ങൾക്കൊപ്പം വരാൻ താത്പര്യമുണ്ടെന്നാണോ അതോ ഇവിടെ തന്നെ തുടരുകയാണെന്നാണോ??""" '''""ഞാൻ.... ഞാൻ വരാ..... നിങ്ങൾക്കൊപ്പം...""" എപ്പോഴത്തേയും പോലെ ഭയപ്പാടോടെ ശബ്ദം താഴ്ത്തിയവൾ മറുപടി പറഞ്ഞപ്പോൾ ആ വാക്കുകളിൽ സിദ്ധാർഥ് കോപം കൊണ്ട് ജ്വലിച്ചു ..കാലങ്ങളായി തന്റെ ചൂണ്ടയിൽ കുരുങ്ങി കിടന്ന ഇരയെ നഷ്ടപ്പെട്ട് പോകുന്നതിന്റെ കടുത്ത നിരാശയും , രോഷവും അവന്റെ നെഞ്ചിനെ പുകയ്ക്കുകയായിരുന്നു .....

അതിനുമപ്പുറം ഇനിയുള്ള അവളുടെ ജീവിതം കണ്ണീരും , വേദനകളുമില്ലാതെ തീർത്തും സുഖകരമായിരിക്കുമെന്ന ചിന്ത അവനിൽ ആ പെണ്ണിനോടുള്ള വിദ്വേഷമിരട്ടിക്കാൻ കാരണമായി...... സിദ്ധാർഥ് കലിയോടെ ദയക്ക് നേരെ കൈ ഉയർത്തിയതും ശ്രീറാം അതിൽ കയറി പിടിച്ചു...... ""നോക്ക് സിദ്ധാർഥ്.... ആരെയും ദേഹോപദ്രവം ചെയ്തോ , മോശമായി സംസാരിച്ചോ എനിക്ക് ശീലമില്ല.. പക്ഷേ ഇനിയൊരിക്കൽ കൂടി നിന്റെ ഈ കൈ ഇവൾക്ക് നേരെ ഉയർന്നാൽ ശീലങ്ങളൊക്കെ ഞാനങ്ങ് മറക്കും... ചുരുക്കി പറഞ്ഞാൽ എന്റെ കൈ നിന്റെ ദേഹത്ത് പതിയുമെന്ന് .....""" സിദ്ധാർഥിന്റെ കൈകൾ കരുത്തോടെ തട്ടി തെറിപ്പിച്ച് ശ്രീറാം തനിക്കരികിൽ നിൽക്കുന്ന ദയയുടെ ഇടം കയ്യിലേക്ക് തന്റെ വലം കൈ കോർത്ത് പിടിച്ചു ... ""ദുർഗ്ഗ വാ....... അമ്മേ......വരൂ..... "" മൂവരും നടന്നകലുന്നത് നോക്കി സിദ്ധാർഥ് അടക്കാനാകാത്ത ക്രോധത്തോടെ മുഷ്ഠി ചുരുട്ടി ചുവരിലേക്കാഞ്ഞിടിച്ചു... തന്നിൽ നുരഞ്ഞ് പൊന്തുന്ന അമർഷം നിയന്ത്രിക്കാൻ രവീന്ദ്രനും നന്നേ കഷ്ടപ്പെടുകയായിരുന്നു.... എന്നാൽ പ്രഭാകര വർമ്മയിൽ വല്ലാത്തൊരു ആശ്വാസമായിരുന്നു..... വാക്കുകൾ കൊണ്ടവളെ അനുഗ്രഹിച്ചില്ലെങ്കിലും നിറഞ്ഞ മനസ്സാലെ അയാളവളെ ആശിർവദിച്ചു..

ഒപ്പം അറിഞ്ഞു കൊണ്ടല്ലെങ്കിലും അവളുടെ വേദനകൾക്ക് മുന്നിൽ മൗനം പാലിച്ചതിന് മൂകമായി ആയിരമാവർത്തി മാപ്പിരന്നു ആ വൃദ്ധൻ..... 🌼🌼🌼🌼 ദയയുമായി ഉമ്മറപടികൾ കയറി വരുന്ന ശ്രീറാമിനെയും , മഹാലക്ഷ്മിയെയും കണ്ട് ഉദയനും , ശേഖരനും കാര്യമറിയാതെ പരസ്പരം നോക്കി...... ""ഉദയ്.....തന്നോട് അഭിപ്രായം ചോദിക്കാതെ ഞാനിന്നൊരു തീരുമാനമെടുത്തു.... ഈ കുട്ടിയെ ഞാനിങ്ങ് കൂട്ടി.... ഇനിയിവൾ നമുക്കൊപ്പമുണ്ടാകും...."" ഉറച്ച സ്വരത്തോടെ മഹാലക്ഷ്മി പറഞ്ഞതിന് മറുപടിയായി ഉദയനൊന്ന് പുഞ്ചിരിച്ചു..... ഒന്നും കാണാതെ മഹാലക്ഷ്മി അത്തരമൊരു തീരുമാനത്തിലെത്തിചേരില്ലെന്ന് മറ്റാരെക്കാളും നന്നായി അയാൾക്കറിയാം .... ശേഖരനപ്പോഴും അവരെടുത്ത തീരുമാനത്തെ ഉൾക്കൊള്ളാൻ കഴിയാതെ നിൽക്കുകയായിരുന്നു..... ""മഹി.... കിച്ചു അങ്ങനെ പറഞ്ഞത്കൊണ്ടാണോ പെട്ടന്ന് ഇങ്ങനെയൊക്കെ.... എടോ അവനറിയാതെ.....!! "" വാക്കുകൾ പൂർത്തീകരിക്കാതെ കുറ്റബോധത്താൽ മിഴികൾ നിറച്ച ശേഖരനെ കണ്ട് മഹാലക്ഷ്മിയാകെ വല്ലാതായി.... കൈലാസ് പറഞ്ഞ് പോയ അപരാധത്തിന് നീറിപുകയുന്ന മനസ്സുമായി നിൽക്കുകയായിരുന്നു ആ അച്ഛനപ്പോഴും ... മഹാലക്ഷ്മിക്കയാളോട് സഹധാപം തോന്നി... മകൻ ചെയ്ത തെറ്റിന് പാവം ഈ മനുഷ്യനെന്ത് പിഴച്ചു...!!!

"""ശേഖരേട്ടാ...... കിച്ചു പറഞ്ഞതിന്റെ വിഷമം കൊണ്ടൊന്നുമല്ല ഞാനീ മോളെ എനിക്കൊപ്പം കൂട്ടിയത്.... ഇവിടെ എത്തിയ നിമിഷം മുതൽ ഞാൻ കാണാൻ തുടങ്ങീതാ ഈ കുട്ടീടെ ബുദ്ധിമുട്ടുകൾ... പലപ്പോഴും പലതും കണ്ടിട്ടും , മനസ്സിലാക്കിയിട്ടും ഒന്നും അറിയാത്ത ഭാവം നടിച്ചു.... പക്ഷേ ഇനിയും കഴിയില്ല ശേഖരേട്ടാ... നമ്മുടെ ഗോപൂന്റെ പ്രായല്ലേ കാണുള്ളൂ ഇവൾക്ക് ...... ഇനിയും ഇവളെ അവിടെ നിർത്തിയാൽ ഇവളെന്തെങ്കിലും അബദ്ധം കാണിക്കും... പിന്നെ ശ്രീടെ കാര്യം..... ന്റെ മോന്റെ പേരിലല്ലേ കുറച്ച് മുന്നേ എല്ലാരും കൂടെ ഇവളെ ഉപദ്രവിച്ചത്... അപ്പൊ നിക്ക് തോന്നി ന്റെ കുഞ്ഞിന്റെ പേരിൽ ഇനി ഈ കുട്ടി വിഷമിക്കാൻ പാടില്ലാന്ന്... പിന്നെ ന്റെ ശ്രീനെ നിക്ക് വിശ്വാസാ... ആരെന്ത്‌ പറഞ്ഞാലും , ഏതൊക്കെ രീതിയിൽ അവൻ മോശക്കാരനാണെന്ന് സമർത്ഥിക്കാൻ ശ്രമിച്ചാലും ആ വിശ്വാസം നഷ്ടപ്പെടില്ല..... ഒരിക്കലും......"" മഹാലക്ഷ്മി ആത്മവിശ്വാസത്തോടെ ശ്രീറാമിനെ തന്റെ ദേഹത്തോട് ചേർത്ത് നിർത്തി ... അവൻ നിറഞ്ഞ മനസ്സോടെ മഹാലക്ഷ്മിയെ നോക്കി മന്ദഹസിച്ചു... പിന്നീട് അവരുടെ വലത് കവിളിൽ തന്റെ അധരങ്ങൾ ചേർത്ത് വച്ച് അമർത്തി ചുംബിച്ചു.... തന്റെ അമ്മയോടുള്ള അളവറ്റ സ്നേഹവും , കരുതലും , ബഹുമാനവുമെല്ലാം നിറഞ്ഞൊരു ചുംബനം....

""മുപ്പത് വയസ്സായി.....!!"" ഉദയൻ അല്പം ചൊടിയോടെ പറഞ്ഞു.... പുറമേ അങ്ങനെ പറഞ്ഞെങ്കിലും അയാൾക്കുള്ളിൽ അതിരിൽ കവിഞ്ഞ ആഹ്ലാദമുണ്ടായിരുന്നു... തന്റെ മകൻ അവന്റെ അമ്മയോട് പ്രകടിപ്പിക്കുന്ന സ്നേഹം അത്രയേറെ അഭിമാനത്തോടെ , നിർവൃതിയോടെ , ആ അച്ഛൻ നോക്കി കണ്ടു.... ഉദയന്റെ വാക്കുകൾക്കുള്ള മറുപടിയായി ശ്രീറാം ഒരിക്കൽ കൂടി തന്റമ്മയെ ഉമ്മ വച്ചു..... ""പത്തോ , മുപ്പതോ , അറുപതോ... എത്രയായാലും അമ്മയെന്നും അമ്മ തന്നെയായിരിക്കും.....""" തീർത്തും സൗമ്യമായി പറഞ്ഞവൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ച് മുകളിലേക്ക് കയറി പോയി..... ശ്രീറാം പോയതും പൂർണ്ണ സംതൃപ്തിയോടെ മഹാലക്ഷ്‌മി ദയക്കഭിമുഖമായി തിരിഞ്ഞു .... അവളപ്പോഴും ആരുടേയും മുഖത്ത് നോക്കാതെ തല കുനിച്ച് നിൽക്കുകയായിരുന്നു... ഇരു കണ്ണിൽ നിന്നും കണ്ണുനീർ കവിഞ്ഞൊഴുകി നിലം പതിക്കുന്നുണ്ട്.. ശ്വാസമടക്കി പിടിച്ചാണ് വിതുമ്പുന്നത് പോലും..... ഇത്രയേറെ സാധുവായൊരു പെണ്ണ്!! ""എന്തിനാ വെഷമിക്കണേ കുട്ടി??മ്മ്മ്മ്??"" ഒരു മകളോടുള്ള വാത്സല്യത്തോടെ മഹാലക്ഷ്മി അരുമയായി അവളുടെ നെറുകിൽ തലോടി..... ദയക്ക് തന്റെ ദുഃഖം സഹിക്കാൻ കഴിയാതെയായി പോയി... എത്ര അടക്കിപിടിക്കാൻ ശ്രമിച്ചിട്ടും തൊണ്ടയിൽ നിന്നും കരച്ചിലിന്റെ നന്നേ നേർത്തൊരു ചീള് എല്ലാ അതിർവരമ്പുകളും ബേദിച്ച് പുറത്തേക്ക് തെറിച്ചു.... അവൾ ഒരാശ്രയത്തിനെന്നോണം മഹാലക്ഷ്മിയുടെ നെഞ്ചിലേക്ക് ചാഞ്ഞു...

അവളുടെ വേദനകളും , യാതനകളും ഏറ്റു വാങ്ങാൻ ആ അമ്മ മനവും തയ്യാറായിരുന്നു.... അത്രമേൽ കരുതലോടെ... സ്നേഹത്തോടെ.... അവരവളെ തഴുകി നെറുകിൽ അരുമയായി ചുംബിച്ചു... 🌼🌼🌼🌼 മുകൾ നിലയിലെ ബാൽക്കണിയിൽ പല തരം ചിന്തകളിൽ മുഴുകി അകലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ശരൺ... ഇടയ്ക്കിടെ കൈലാസിനെ അടിച്ച തന്റെ ഉള്ളം കയ്യിലേക്ക് നോക്കിയൊന്ന് നെടുവീർപ്പിടും.... കുഞ്ഞ് നാൾ മുതൽ ജീവനായി കൂടെ നടന്നവനാണ്.. ചെയ്യുന്ന തെറ്റുകളെല്ലാം പലപ്പോഴും ഒരു കൂടെപ്പിറപ്പിനെ പോലെ ഒപ്പം നിന്ന് തിരുത്തി കൊടുക്കാറുണ്ടായിരുന്നു ... ശകാരിക്കാറുണ്ടായിരുന്നു... പക്ഷേ ആദ്യമായാണ് നോവിക്കുന്നത്.. അതും ഇത്രയും ആളുകളുടെ മുന്നിൽ വച്ച്......!!! അവൻ നിരാശയോടെ നെറ്റിയിൽ കൈ താങ്ങി ഇരുന്നു... ചെയ്തു പോയ പ്രവർത്തി അവനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടായിരുന്നു... ""ശരൺ......!!"" ശ്രീറാമിന്റെ ശബ്ദം കേട്ടവൻ കണ്ണുകൾ അമർത്തി തുടച്ച് പിന്തിരിഞ്ഞു നോക്കി... ""എന്തേയ് നീ ഒറ്റയ്ക്കിരിക്കുന്നു?? വയ്യേ നിനക്ക്???""

ആകുലതയോടെ തന്റെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കുന്ന ശ്രീറാമിനെ ശരൺ അലിവോടെ നോക്കി. ""ഒന്നുല്ല ഏട്ടാ...."" പറയുന്നതിനൊപ്പം ശ്രീറാമിനായി ഒട്ടും തെളിച്ചമില്ലാത്തൊരു പുഞ്ചിരിയും നൽകി ശരൺ..... ""ഗോപു എവിടെ?? താഴെക്കൊന്നും കണ്ടില്ലല്ലോ അവളെ....? "" '""ഗോപു മുറിയിലിരിപ്പുണ്ട്..... ഇനി ഞങ്ങളെ ഒരുമിച്ച് മുറിയിൽ കണ്ട് അവൻ ബാക്കി കഥ മെനഞ്ഞുണ്ടാക്കേണ്ട എന്ന് കരുതി ഞാൻ ഇവിടെ വന്നിരുന്നതാണ്....""" ഉള്ളിലുള്ള ദേഷ്യമെല്ലാം മുന്നിലെ കൈ വരിയിൽ പിടിച്ച് ഞെരുക്കി തീർത്ത് ശരൺ പുച്ഛത്തോടെ പറഞ്ഞു.... ""മറന്നേക്ക് ശരൺ... കിച്ചു പെട്ടന്നുള്ള ദേഷ്യം കൊണ്ട് പറഞ്ഞ് പോയതായിരിക്കും....അവൻ പറഞ്ഞതിന് നീ അവനെ അടിച്ചില്ലേ... മതി... അതവിടെ തീർന്നു...""" .........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story