ദയാ ദുർഗ: ഭാഗം 24

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""മറന്നേക്ക് ശരൺ... കിച്ചു പെട്ടന്നുള്ള ദേഷ്യം കൊണ്ട് പറഞ്ഞ് പോയതായിരിക്കും....അവൻ പറഞ്ഞതിന് നീ അവനെ അടിച്ചില്ലേ... മതി... അതവിടെ തീർന്നു...""" ശരൺ മറുപടി പറഞ്ഞില്ല.... അല്ലെങ്കിലും എന്താണ് പറയേണ്ടത്?? വാക്കുകളാലേട്ടനെ എത്രയൊക്കെ എതിർത്താലും ഏട്ടനവനെ കുറ്റപ്പെടുത്തില്ല... തള്ളിപറയില്ല.... കാരണം ഏട്ടന് എന്നോളം പ്രിയപ്പെട്ടതാണ് അവനും.... അവനും അങ്ങനെ തന്നെയായിരുന്നു... ഗോപു ഉണ്ടായതിന് ശേഷം കിച്ചുവിന് ആകെ വാശിയായിരുന്നു... ഗോപുവിനോട് വല്ലാത്ത ദേഷ്യവും...!!തങ്ങൾക്കിടയിലേക്ക് ആരും കടന്ന് കയറുന്നത് അവനിഷ്ടമല്ലായിരുന്നു... അതിനുമപ്പുറം ഞങ്ങൾക്ക് തരുന്നതിനേക്കാൾ സ്നേഹവും , പരിഗണനയും ഏട്ടൻ അവൾക്ക് നൽകുന്നുണ്ടെന്ന ധാരണ അവനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു എല്ലായിപ്പോഴും... തൽഫലമായി തരം കിട്ടുമ്പോഴെല്ലാം അവനവളെ ഉപദ്രവിച്ചു പോന്നു...

രുക്മിണിയമ്മയുടെ മരണ ശേഷമാണ് അവൻ ഗോപുവിനോട് അല്പമെങ്കിലും അടുത്ത് തുടങ്ങിയത്.... എങ്കിലും ഏട്ടന്റെ സ്നേഹം കൂടുതലായി അവൾക്ക് പങ്കിട്ട് പോകുന്നുണ്ടെന്ന പരാതി അപ്പോഴുമവനിടയ്ക്കിടെ ഏട്ടനെ ചൊല്ലി കേൾപ്പിക്കുമായിരുന്നു ... ഏട്ടനപ്പോൾ അവനെ പുഞ്ചിരിയോടെ ചേർത്ത് പിടിക്കും.... സ്വാർത്ഥമായി സ്നേഹിക്കപ്പെടുന്നതിന്റെ ആനന്ദം!!! അതാണ് ആ പുഞ്ചിരിയുടെ അർത്ഥമെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്..... ഒടുക്കം എന്തായി!!! ജീവനായി സ്നേഹിച്ചവൻ തന്നെ ആ ഹൃദയത്തെ ഞെരിച്ചുടച്ചു.... പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും ആ നെഞ്ചകം നീറി പുകയുന്നത് താനറിയുന്നുണ്ട്..... ' ഇല്ല കിച്ചു...എന്റെ ഏട്ടനെ നോവിച്ചതിന് ഈ ശരൺ ഒരിക്കലും നിനക്ക് മാപ്പ് തരില്ല....!! ' ശരൺ മനസ്സാൽ ഉറപ്പിച്ചു .... ""നീ എന്താ ആലോചിക്കുന്നത്??""

""ഹേയ്....നതിങ് ഏട്ടാ ..."" തനിക്കുള്ളിൽ നടക്കുന്ന വികാര വിസ്ഫോടനങ്ങളെ പുറത്ത് കാണിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു അവൻ ..... """ശരൺ...... അമ്മ..... അമ്മ ദുർഗ്ഗയെ നമുക്കൊപ്പം കൂട്ടിയിട്ടുണ്ട്....."" ശരണിന്റെ മുഖത്ത് നോക്കാതെ ശ്രീറാം ദൂരേക്ക് മിഴികൾ നാട്ടി.... ശരൺ ഏത് രീതിയിൽ പ്രതികരിക്കുമെന്ന് ശ്രീറാം ഭയക്കുന്നുണ്ടായിരുന്നു... ഒരുപക്ഷെ ഇഷ്ടപ്പെട്ടില്ലെങ്കിലോ!! അല്ലെങ്കിൽ കിച്ചുവിനെ പോലെ ഇവനും തന്നെ തെറ്റിദ്ധരിച്ചാലോ....!! ""സത്യാണോ ഏട്ടാ???"" ശരണിന്റെ മിഴികൾ ആകാംഷയോടെ തിളങ്ങി... ചൊടികൾ സന്തോഷപ്പൂർവ്വം വിടർന്നു... ""മ്മ്...... ദുർഗ്ഗ സമ്മതിച്ചാൽ ചിലപ്പോ.."" ശ്രീറാം വാക്കുകൾ വിഴുങ്ങി.... എന്തിനാണെന്നറിയില്ല വല്ലാത്തൊരു പരവേശം അവനെ പൊതിയുന്നുണ്ടായി.... "" ചിലപ്പോ...???"" അർധോക്തിയിൽ നിർത്തിയ വാക്കുകളെ മുഴുമിപ്പിക്കാൻ ശരണവയെ എറ്റ് പിടിച്ചു...

അത്യാവേശം പൂണ്ട ചോദ്യത്തോടെ... ""ഞങ്ങളുടെ വിവാഹം നടന്നേക്കാം ...... അമ്മേടെ തീരുമാനമാണ്..."" ശ്രീറാം കൂട്ടിച്ചേർത്തു... മുറുകെയുള്ള കെട്ടിപ്പിടിത്തമായിരുന്നു ശരണിന്റെ മറുപടി.... അപ്രതീക്ഷിതമായതിനാൽ ശ്രീറാം അവനെയും കൊണ്ട് പിന്നോട്ടേക്കൊന്നാഞ്ഞ് പോയി....... ""ഏട്ടാ.... യു ആർ ദി ബെസ്റ്റ് ......"" ശരണിന്റെ മിഴികോണിൽ നിന്നും രണ്ട് തുള്ളി അടർന്നവന്റെ ചുമലിൽ വീണു.... അതറിഞ്ഞെന്നോണം ശ്രീറാം വാത്സല്യത്തോടെ അവന്റെ മുതുകിൽ തഴുകി കൊടുത്തു..... ശ്രീറാമിനും സമാധാനം തോന്നി.... കൈ പിടിച്ച് നടത്തിയവരിൽ ഒരുവനെങ്കിലും തന്നെ മനസ്സിലാക്കുന്നുണ്ടല്ലോ....!! നിറഞ്ഞ കണ്ണുകൾ തുടച്ച് ശ്രീറാമിൽ നിന്നുമടർന്ന് മാറുമ്പോൾ ശരൺ വാതിൽക്കൽ ഗോപികയെ കണ്ടു.... കരഞ്ഞ് കരഞ്ഞ് ഇടുക്കം ബാധിച്ച ഇരുമിഴികളും പിന്നെയും ഉറവ വറ്റാതെ നിറഞ്ഞൊലിക്കുന്നുണ്ട്... വരൾച്ച ബാധിച്ച ചുണ്ടുകൾ വിതുമ്പുന്നു....

അവളെ നോക്കി നിൽക്കെ ശരണിന് തന്റെ ഹൃത്തടം അതി കഠിനമായി വേദനിച്ചു..... ഈ വീട്ടിലെ രാജകുമാരിയാണവൾ ... ഏട്ടന്റെ പൊന്നോമന..... തന്റെ പ്രാണൻ.... എത്രയൊക്കെ കുറുമ്പ് കാട്ടിയാലും , വാശിപ്പിടിച്ചാലും ആരുമവളെ നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാറില്ല.... എന്നാൽ ഈ നിമിഷം സ്വന്തം ഏട്ടൻ ചെയ്ത തെറ്റിന്റെ അഗ്നിയിൽ ഉരുകി ഒലിക്കുകയാണവൾ..... ഒരു പാവം പെണ്ണിനെ മോഹിപ്പിച്ച് വേദനിപ്പിച്ചതിന്റെ കുറ്റബോധമായിരുന്നു അവളുടെ ഉയിരിലൊന്നാകെ നിറഞ്ഞ് നിന്നിരുന്നത്.... ശരണിന്റെ മിഴികളെ പിന്തുടർന്ന് പിന്തിരിഞ്ഞ ശ്രീറാം ഗോപികയെ കണ്ട് ഒരു മാത്ര ഞെട്ടി..... കാറ്റ് പോലെ അവൾക്കടുക്കലേക്ക് പാഞ്ഞവൻ അവളുടെ വലത് കവിളിലേക്ക് തന്റെ ഉള്ളം കൈ ചേർത്ത് വച്ചു..... """എന്ത് കോലമാ മോളെ ഇത്??"" ""എന്നോട് ക്ഷെമിക്കേട്ടാ..... എന്നെ വെറുക്കല്ലേ....."" അവന്റെ നെഞ്ചിലേക്ക് അലച്ച് കൊണ്ട് വീണവൾ ഇടർച്ചയോടെ പറഞ്ഞു..

. ഇത്രമേൽ തകർന്ന അവസ്ഥയിൽ അവളെയാരും ഇത് വരെ കണ്ടിട്ടില്ലായിരുന്നു..... ശ്രീറാം അവളെ മുറുകെ പൊതിഞ്ഞു പിടിച്ചു.... ഈ നിമിഷം എന്ത് പറഞ്ഞാലും അവൾ മയപ്പെടില്ലെന്ന് ശ്രീറാമിന് ഉറപ്പായിരുന്നു.. കുറച്ച് മുമ്പേ നടന്ന സംഭവ വികാസങ്ങൾ അവളെ അത്രത്തോളം തളർത്തിയിട്ടുണ്ടെന്ന് അവന് തോന്നി ... ശ്രീറാം അവളെയും ചേർത്ത് പിടിച്ച് മഹാലക്ഷ്മിയുടെ മുറിയിലേക്ക് നടന്നു... പ്രതീക്ഷിച്ച പോലെ അവിടെ ദയയുണ്ടായിരുന്നു... മഹാലക്ഷ്മിയുടെ ഒരു സാരിയാണ് അവളുടെ വേഷം... മുറിയുടെ ജനലിനോരം ചേർന്ന് തറവാട്ടിലേക്ക് കണ്ണും നീട്ടി നിൽക്കുകയാണവൾ.... പലവിധ ചിന്തകളിലൂടുള്ളൊരു പ്രയാണത്തിലാണവളെന്ന് ആ നിൽപ്പ് കണ്ടാലേ അറിയാം.. കുളിച്ച പടി ഇറങ്ങി വന്നതിനാലാകണം അരയൊപ്പം നീളമുള്ള ചുരുണ്ട മുടിയികളിൽ നിന്നും നിർത്താതെ വെള്ളമിറ്റു വീഴുന്നുണ്ട്... പിന്തിരിഞ്ഞു നിൽക്കുന്നതിനാൽ ഗോപികയും , ശ്രീറാമും വന്നതവൾ അറിഞ്ഞിട്ടില്ല.....

""നിന്റെ വിഷമം എന്താണെന്ന് എനിക്കറിയാം..പോ... പോയി അവളോട് സംസാരിക്ക്....."" സ്നേഹത്തോടെ ഗോപുവിന്റെ ഇരു മിഴികളും തുടച്ച് , പാറി പറന്ന മുടിയിഴകൾ ഒതുക്കി നൽകി ശ്രീറാം അവളെ ദയക്കരികിലേക്ക് പറഞ്ഞു വിട്ടു..... അവർക്കിരുവർക്കുമിടയിൽ താനൊരു തടസ്സമാകരുതെന്ന ഉദ്ദേശത്തോടെ അവൻ മുറിക്ക് പുറത്തേക്ക് കടന്ന് വാതിൽ വലിച്ചടച്ചു.... വാതിലടഞ്ഞ ശബ്ദം കേട്ട് ദയ ഒന്ന് വിറച്ചു.... ആരെന്ന് നോക്കാൻ പിന്തിരിയും മുമ്പേ അരയിലൂടെ രണ്ട് കൈകൾ ഇഴഞ്ഞവളെ ഉടലോടെ മുറുക്കിയിരുന്നു.... ഒരു മാത്ര അവളുടെ ഹൃദയം നിലച്ചു പോയി .... കൈ കാലുകൾ തളർന്നു.... ""സോറി....."" വിങ്ങലോടെയുള്ള പെൺസ്വരം കാതുകളെ തഴുകിയപ്പോഴാണ് അവൾ സ്വബോധം വീണ്ടെടുത്തത്.... ഒരു നിമിഷം തന്നെ പുണർന്നത് രവീന്ദ്രനാണെന്നവൾ തെറ്റിദ്ധരിച്ചു പോയി... ""അല്ല... താൻ തറവാട്ടിലല്ല.... ഇവിടെ തന്നെ ദുരുപയോഗം ചെയ്യാനോ.. കാമകണ്ണുകളോടെ നോക്കാനോ രവീന്ദ്രനെന്ന ചെന്നായ ഇല്ല....""

മനപാഠമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു അവൾ..... അഞ്ചാം വയസ്സിൽ തുടങ്ങിയ മനോവ്യഥകൾ... പീഡനങ്ങൾ.... യാതനകൾ.....!! ഇനിയും എത്രയെത്ര കാതങ്ങൾ താണ്ടിയാലാണ് അവയിൽ നിന്നും തനിക്കൊരു മോചനം ലഭിക്കുന്നത്!! ചിന്തകൾക്കൊടുവിൽ ഗോപുവിന്റെ വിങ്ങൽ കേൾക്കെ ദയ തിടുക്കത്തോടെ അവൾക്കഭിമുഖമായി നിന്ന് ആ മിഴികളിലേക്കുറ്റ് നോക്കി.... ""എന്തിനാ കരയണേ??"" ദയ പരിഭ്രമത്തോടെ ചോദിച്ചു.... ""നിനക്കെന്നോട് ദേഷ്യണ്ടോ??"" ""ന്തിന്??''" """അല്ല ഏട്ടൻ... ഏട്ടന് നിന്നെ ശരിക്കും ഇഷ്ടാന്ന് പറഞ്ഞിട്ടാ ഞാൻ നിന്നോട്...... അല്ലാണ്ട് നിന്നെ പറ്റിക്കാനൊന്നും......"" ഗോപിക തേങ്ങി ....... ദയ അലിവോടെ ആ പെണ്ണിനെ നോക്കി... """നിക്ക് വെഷമൊന്നുല്ല്യ......ഒന്നും മിണ്ടാണ്ട് നീ എറങ്ങിപോയപ്പളാ നിക്ക് സങ്കടായത്..... ഞാൻ കരുതി നിനക്ക് ന്നോട് ദേഷ്യായി കാണും ന്ന്....""" ""എന്തിന്??""

""ഞാൻ കാരണല്ലേ ഇവിടത്തെ സാറിനെ നിന്റെ ഏട്ടൻ അങ്ങനെയൊക്കെ പറഞ്ഞത്.. ല്ലാരും... ല്ലാരും ഞാൻ കാരണം തെറ്റീലെ.... വേദനിച്ചില്ലേ....""" ദുഃഖത്താൽ കുനിഞ്ഞു പോയ ദയയുടെ മുഖം പിടിച്ചുയർത്തി ഗോപിക അവളെ നോക്കി കരുണയോടെ പുഞ്ചിരിച്ചു.. ""ഇതെന്താ നിന്റെ കഴുത്തില്...??"" രക്തം കട്ട പിടിച്ച കടും റോസ് നിറത്തിലുള്ള പാടിലൂടെ ഗോപിക വിരലോടിക്കുമ്പോൾ ദയ വേദനയോടെ എരിവ് വലിച്ചു....... ""അത്....സിദ്ധേട്ടൻ അടിച്ചതാ ...."" ഗോപികയുടെ പ്രതികരണം ഏത് രീതിയിൽ ആയിരിക്കുമെന്ന ഭയമുള്ളതിനാൽ അല്പം മടിയോടെയാണ് ദയ അത് പറഞ്ഞത്... ഗോപികയുടെ കണ്ണുകൾ ചുവന്നു... മുഖം കടുത്തു..... ""അയാളെ ഞാനിന്ന്......"" ക്രോധത്തോടെ മുറുമുറുത്ത് കൊണ്ട് പുറത്തേക്ക് പോകാൻ തുടങ്ങിയ ഗോപികയെ ദയ വട്ടം പിടിച്ചു നിർത്തി... ""വേണ്ടാ......വഴക്കുണ്ടാക്കരുത്....."" അപേക്ഷയോടെ പറയുന്നവളെ ഗോപിക അല്പ നേരം നോക്കി നിന്നു... പിന്നീട് ദീർഘമായി നിശ്വസിച്ച് അവളെയും കൊണ്ട് കിടക്കയിലെക്കിരുന്നു .... """ഇനി നിനക്ക് യാതൊരു വെഷമോം ണ്ടാവില്ല....

നിന്നെ ഉപദ്രവിക്കാനോ , കുത്തി നോവിക്കാനോ ഇവിടെ ആരും തുനിയില്ല..... ശ്രീയേട്ടന്റെ പെണ്ണും കൂടെ ആയി കഴിഞ്ഞാൽ പിന്നെ...ഹോ....."" ഗോപിക പുളകം കൊണ്ടപ്പോൾ ദയ ആ വാക്കുകളിൽ സ്തംഭിച്ചു പോയി... അരുതെന്ന അർത്ഥത്തിൽ ശിരസ്സ് ഇരുവശത്തേക്കും ചലിപ്പിച്ചവൾ ഗോപികയുടെ ഉള്ളം കയ്യിൽ അമർത്തി പിടിച്ചു...... """ഹാ.....മോളുണ്ടായിരുന്നോ ഇവിടെ ..... വാതിലടഞ്ഞ് കിടക്കണേ കണ്ടപ്പോ ഞാനാകെ പേടിച്ചു പോയി.... നേരത്തെ പോലെ ന്തെങ്കിലും അബദ്ധം കാണിക്കാൻ തോന്നിയാലോന്ന് കരുതി....""" മഹാലക്ഷ്മി പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ ഗോപിക മുഖം ചുളിച്ചപ്പോൾ ദയ നിസ്സഹായമായി അവരെ നോക്കി...... ഒന്നും പറയരുതെന്ന ധ്വനി കലർന്നിരുന്നു അവളുടെ മിഴികളിൽ.... ""മഹിയമ്മ എന്താ പറയണേ?? അബദ്ധോ?? എന്തബദ്ധം??""" ദയയിൽ ദൃഷ്ടിയർപ്പിച്ച് നിന്ന മഹാലക്ഷ്മി ഗോപികയുടെ ചോദ്യം കേട്ട് പതറി..... ""ഒന്നുല്ല... അമ്മ എന്തോ ഓർത്ത്... നിങ്ങള് വാ... നമുക്ക് കഴിക്കാം...."" മഹാലക്ഷ്മി ഹാളിലേക്ക് പിന്തിരിഞ്ഞ് നടന്നു....

അവരെ പിന്തുടർന്ന് ഗോപികയും, ദയയും... തീൻ മേശയിൽ എല്ലാവരും അവരെ കാത്തെന്ന പോൽ ഇരിക്കുന്നുണ്ടായിരുന്നു.... എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി നിൽക്കുന്ന ദയയെ ഗോപിക തന്റെ അരികിലുള്ള കസേരയിൽ തന്നെ പിടിച്ചിരുത്തി..... ദയക്കതൊന്നും ശീലമുള്ളവയായിരുന്നില്ല.... 'എല്ലാവരും കഴിച്ചതിന് ശേഷം ബാക്കി വല്ലതുമുണ്ടെങ്കിൽ അത് വച്ച് വിശപ്പകറ്റുന്നതായിരുന്നു തറവാട്ടിൽ തന്റെ ശീലം.... അടുക്കള തിണ്ണയിലോ , വരാന്തയിലോ ആണ് സ്ഥാനം.... പലപ്പോഴും ഒരുമിച്ചിരിക്കാൻ മുത്തശ്ശൻ നിർബന്ധം പിടിക്കുമായിരുന്നെങ്കിലും വല്യമ്മയെയും , സിദ്ധേട്ടനേയും പേടിച്ച് അത്തരമൊരു പ്രവർത്തിക്ക് മുതിരാറില്ലായിരുന്നു .......' "മോളെന്താ കഴിക്കാത്തെ??"" ഉദയൻ ദയയെ നോക്കി ചോദിച്ചു... നിഷേധത്താൽ തല ഇരുവശത്തേക്കും ചലിപ്പിച്ചവൾ പതിയെ കഴിച്ചു തുടങ്ങി... ""എനിക്കൊരു പുതിയ സോങ്ങിന്റെ റെക്കോർഡിങ്ങ് കോൾ ഉണ്ട്..... അടുത്ത ആഴ്ച്ച ഞാൻ ചെന്നൈലേക്ക് മടങ്ങും.......""" ശ്രീറാമത് പറഞ്ഞപ്പോൾ ദയ ഒഴികെ എല്ലാവരും കഴിപ്പ് നിർത്തി അവനെ നോക്കി.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story