ദയാ ദുർഗ: ഭാഗം 25

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""എനിക്കൊരു പുതിയ സോങ്ങിന്റെ റെക്കോർഡിങ്ങ് കോൾ ഉണ്ട്..... അടുത്ത ആഴ്ച്ച ഞാൻ ചെന്നൈലേക്ക് മടങ്ങും.......""" ശ്രീറാമത് പറഞ്ഞപ്പോൾ ദയ ഒഴികെ എല്ലാവരും കഴിപ്പ് നിർത്തി അവനെ നോക്കി.... ""അല്ല... അത്...... നീ തിരക്കിട്ട് പോയാൽ കാര്യങ്ങൾ എങ്ങനെ....... നമ്മുടെ വില്ലാ പ്രൊജക്റ്റ്‌....."" ""ലീവ് ഇറ്റ് അച്ഛാ ..... ഇറ്റ്സ് നോട്ട് ഫെയർ... ഇവിടെയുള്ള ഒരുപറ്റം പാവങ്ങളുടെ ജീവിതം വഴിമുട്ടിച്ച് എന്തിനാ വെറുതെ.... നമുക്ക് വേറെ എവിടെയെങ്കിലും നോക്കാം......."" ശ്രീറാം തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ഉദയന്റെ മുഖം വാടി.... ശരണിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.... എന്നിരുന്നാലും ശ്രീറാം പറഞ്ഞതിൽ ന്യായമുണ്ടെന്ന് മനസ്സിലാക്കി ഇരുവരും അതിനോട് പൊരുത്തപ്പെടാൻ തയ്യാറായി.... ""അപ്പൊ നമ്മള് തിരികെ പോവാണോ??"" ഗോപിക തന്റെ സംശയമുതിർത്തപ്പോൾ ശരൺ ഗൗരവം പൂണ്ട് മറു ചോദ്യമെറിഞ്ഞു..... """എന്താ പോകണ്ടേ??"" അവന്റെ ചോദ്യം കേൾക്കെ ഗോപികയുടെ കണ്ണുകൾ ദേഷ്യത്തോടെ തുറിച്ചു... ചൊടികൾ കൂർത്തു ... ""എന്താടി??"" ശരൺ ഒരു തർക്കം തുടങ്ങുന്നതിന്റെ ആവേശത്തിൽ കസേരയിൽ നിന്നുമല്പം മുന്നോട്ടേക്കാഞ്ഞു..... ""നീ പോടാ....."" അതിന് മറുപടി പറഞ്ഞ് കൊണ്ട് ഗോപികയും...... ""ഭക്ഷണത്തിന്റെ മുമ്പിലിരുന്ന് തമാശ കളിച്ചാൽ രണ്ടിനേം ഞാൻ ശരിയാക്കും...

""" ശ്രീറാം ശാസനയോടെ ഒച്ചയുയർത്തിയപ്പോൾ ഇരുവരും നിശബ്ദരായി..... പരുഷമായ ശ്രീറാമിന്റെ സംസാരം ദയയെ അല്പം ഭയപ്പെടുത്തി ...... അവൾ പേടിയോടെ തന്റെ കണ്ണുകൾ മാത്രം ഉയർത്തി എതിർവശത്തിരിക്കുന്ന ശ്രീറാമിനെ ഒന്ന് നോക്കി... അതേ നിമിഷമാണ് ഗോപികയിൽ നിന്നും തെന്നി മാറിയ ശ്രീറാമിന്റെ നോട്ടം ദയയിലേക്കെത്തി ചേർന്നത് ..... ഉടനടി പതർച്ചയോടെ തന്റെ മിഴികൾ താഴ്ത്തിയവൾ പാത്രത്തിലെ ചോറ് ധൃതിയിൽ വാരി വായിലേക്കിട്ടു .... അത് കാണെ ശ്രീറാമിന് ചിരി വന്നു ...... അതേ ചിരിയോടെയവൻ കഴിച്ച് കഴിഞ്ഞ തന്റെ പാത്രവുമായി അടുക്കളയിലേക്ക് നടന്നു..... 🌼🌼🌼🌼 കുളകടവിലെ കല്പടവിലിരിക്കവേ മുന്നോട്ടെന്ത് എന്ന ചോദ്യമായിരുന്നു ശ്രീറാമിന്റെ ഉള്ളാകെ...... അരികിൽ വച്ചിരിക്കുന്ന ഫോൺ റിംഗ് മുഴക്കി കട്ടാകുന്നതൊന്നും അവൻ അറിയുന്നേ ഉണ്ടായില്ല.... ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഇത്രയും നാളും വിവാഹമേ വേണ്ടെന്ന തീരുമാനമെടുത്തത്..... എന്നിട്ടിപ്പോൾ.....!!! മുപ്പത് വയസ്സായി തനിക്ക്..... ഇരുപത് വയസ്സെങ്കിലും കാണുമോ അവൾക്ക്..... തന്റെ അമ്മയെടുത്ത തീരുമാനത്തോട് ആദ്യമായി അവന് ദേഷ്യം തോന്നി..... """മോനെ......"" ശബ്ദം കേട്ട് പിന്തിരിഞ്ഞ ശ്രീറാം കണ്ടത് ഏറ്റവും മുകളിലെ കല്പടവിൽ ചുവര് താങ്ങി നിൽക്കുന്ന പ്രഭാകരവർമ്മയെ ആണ്....

തന്റെ ഉള്ളിൽ പുകഞ്ഞു കത്തി കൊണ്ടിരിക്കുന്ന ആകുലതകളെയല്ലാം മനപ്പൂർവം മറന്നു കൊണ്ടവൻ അദ്ദേഹത്തെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.... """ഒന്ന് പിടിക്ക്യോ കുട്ട്യേ......ഒറ്റക്കെറങ്ങാനുള്ള ആവതില്ല ഈ കിഴവന്.......""" കേട്ട മാത്ര ശ്രീറാം പടികൾ ഓടി കയറി അദ്ദേഹത്തിന് നേരെ തന്റെ വലത് കരം നീട്ടി.... അവന്റെ ഉള്ളം കയ്യിൽ തന്റെ വിറയ്ക്കുന്ന കൈ കോർത്തയാൾ വളരെ സാവധാനത്തിൽ പടിക്കെട്ടുകൾ ഓരോന്നായി ഇറങ്ങി... """ആ വാതിലങ്ങ് അടച്ചേക്ക് കുട്ട്യേ.... നിക്കൊരൂട്ടം പറയാനിണ്ട് തന്നോട് ....."" കുളപ്പുരയുടെ മര വാതിലേക്ക് മിഴികൾ നീട്ടി അദ്ദേഹം പറഞ്ഞപ്പോൾ ശ്രീറാം അനുസരണയോടെ തലയാട്ടി പോയി വാതിലടച്ച് കൊളുത്തിട്ട് വന്നു..... """മുത്തശ്ശന് എന്നോടെന്തെങ്കിലും പറയാനുണ്ടായിരുന്നൂച്ചാ വിളിച്ചാൽ പോരായിരുന്നോ.... ഞാൻ അങ്ങട് വരുമായിരുന്നല്ലോ .... വയ്യാണ്ട് എന്തിനാ ഇത്രേം നടന്ന് വന്നത്?? എവിടേലും വീണിരുന്നെങ്കിലോ??""" സ്നേഹം ചാലിച്ച അവന്റെ ശാസന കേൾക്കെ ആ വൃദ്ധന്റെ ചുണ്ടുകൾ നേർമയിലൊന്ന് വിരിഞ്ഞു.... അല്പ സമയത്തിന് ശേഷം അയാൾ തന്റെ അരയിലെ മുണ്ടിനിടയിൽ തിരുകിയ മുദ്ര പത്രമെടുത്ത് ശ്രീറാമിന് നേരെ നീട്ടി...... അവൻ കാര്യം മനസ്സിലാകാതെ അദ്ദേഹത്തെ മിഴിച്ച് നോക്കി...

"""ഇത് തറവാടും , ചായപ്പുമടക്കമെല്ലാം ഞാൻ ദച്ചൂന്റെ പേരിലാക്കിയതിന്റെ രേഖകളാ......ഇവിടെ ആർക്കും ഈ കാര്യമറിയില്ല... അറിഞ്ഞാൽ അവരവളെ കൊല്ലാൻ പോലും മടിക്കില്ല....""" അയാൾക്കുള്ളിലെ ഭയം ആ കണ്ണുകളിൽ പോലും പ്രതിധ്വനിക്കുന്നുണ്ടെന്ന് തോന്നി ശ്രീറാമിന്... ""ഇത്.... ഇതെന്തിനാ മുത്തശ്ശാ എനിക്ക്...??""" """ന്റെ കുഞ്ഞിനെ വിശ്വസിച്ചേൽപ്പിക്കാൻ നിക്ക് നിങ്ങളല്ലാണ്ട് ആരൂല്ല മോനെ.... എല്ലാം ന്റെ തെറ്റാ...... ദുരഭിമാനം കൊണ്ട് ന്റെ കുഞ്ഞിന്റെ ജീവിതാ ഞാൻ തകർത്ത് കളഞ്ഞത്..... സാവിത്രിയേക്കാളും , ശേഖരനേക്കാളും ഞാൻ സ്നേഹിച്ചത് ന്റെ അമ്മാളൂനെയായിരുന്നു..എന്നിട്ട് അവൾടെ കുഞ്ഞിനോട് തന്നെ ഞാൻ.....!!!""" ഇടർച്ചയോടെ അദ്ദേഹം തന്റെ വാക്കുകൾ പാതി വഴിയിൽ നിർത്തി..... ""അമ്മാളു??""" ശ്രീറാം സംശയത്തോടെ ആരാഞ്ഞു... """സുഭദ്ര....ദച്ചൂന്റെ അമ്മ....ഞങ്ങള് അമ്മാളൂന്നായിരുന്നു വിളിച്ചിരുന്നത്.... അത്രയ്ക്ക് കാര്യായിരുന്നു അവളെ എല്ലാവർക്കും .... മിടുക്കി ആയിരുന്നു...... അവൾടെ കല്യാണം ഉറപ്പിച്ച സമയത്താ അവൾക്ക് മറ്റൊരു സ്നേഹബന്ധണ്ടെന്ന് ഞങ്ങൾ അറിഞ്ഞത്.. " വാസുദേവൻ ".... ശേഖരന്റേം , രവീടേം ഉറ്റ് സുഹൃത്തുക്കളിൽ ഒരാൾ.... നല്ലവനായിരുന്നു..... പക്ഷേ അന്നത്തെ ശ്രീകോവിലകത്തിന്റെ പെരുമയ്ക്കും , പ്രശസ്ത്തിക്കും പറ്റിയൊരു ബന്ധമായിരുന്നില്ല അത്.... സ്ഥാനം കൊണ്ടും,ജാതികൊണ്ടും , പണം കൊണ്ടും അവരേക്കാൾ ഉയർന്നവരായിരുന്നു കോവിലകത്തുള്ളോർ....

അവളുടെ ആഗ്രഹം നടക്കില്ലെന്ന് ഞങ്ങളും.. ദേവനെ അല്ലാതെ മറ്റാരെയും വിവാഹം ചെയ്യില്ലെന്ന് അവളും ഉറപ്പിച്ചു പറഞ്ഞു...... ഒടുക്കം അവള് ദേവനൊപ്പം പോയി... വലിയ നാണക്കേടായിരുന്നു എനിക്കത്.... എന്റെ അഭിമാനത്തിനേറ്റ ക്ഷതം എനിക്കെന്റെ മകളോടുള്ള വിദ്വേഷവും , വാശിയുമായി മാറി... അവള് പോയതിന്റെ പിറ്റേന്ന് അവള് മരിച്ചെന്ന് സങ്കല്പിച്ച് അവൾക്കായി ഞാൻ പിണ്ഡം വച്ചു..... പറയുമ്പോൾ നിറയുന്ന കണ്ണുകളെ അയാൾ ഉള്ളം കയ്യാൽ അമർത്തി തുടച്ചു .. എന്റെ കുഞ്ഞിനോടുള്ള ദേഷ്യം അവള് മരിച്ചെന്നറിഞ്ഞിട്ടും മാറിയില്ല.... ഇല്ല... മാറിയിരുന്നു...!! ന്റെ കുട്ടി മരിച്ചെന്നറിഞ്ഞപ്പോ ആരും കാണാണ്ട് ഞാൻ നെഞ്ഞ് പൊട്ടി കരഞ്ഞിരുന്നു.... ഈ കുളപ്പടവിൽ വച്ച്... അവസാനമായി ന്റെ മോൾടെ മുഖമൊന്ന് കാണണമെന്ന് കുന്നോളം ആശണ്ടായിട്ടും ഞാൻ പോയില്ല..... പോകാൻ തുനിഞ്ഞ ന്റെ ഭാര്യ കൗസല്യയെയും സമ്മതിച്ചില്ല...... ന്റെ ദുരഭിമാനവും അനാവശ്യമായ പിടിവാശിയും ആയിരുന്നു കാരണം ....!!! അവൾക്കൊരു കുഞ്ഞുണ്ടെന്ന് രവി പറഞ്ഞപ്പോ കൗസല്യ നിർബന്ധം പിടിച്ചു അവളെ ഇങ്ങട് കൊണ്ട് വരാൻ... പുറമേ ദുശാഠ്യം കാണിച്ചിരുന്നെങ്കിലും ന്റെ മോൾടെ കുട്ടി ഒരനാഥയെ പോലെ വളരാൻ ഞാനും ആഗ്രഹിച്ചിരുന്നില്ല....

അങ്ങനെയാണ് അവളെ ഇങ്ങടേക്ക് കൊണ്ട് വന്നത്.... എന്റെ ദുർവാശി കാരണം അതിനെ സ്നേഹത്തോടെയൊന്ന് നോക്കിയിട്ട് പോലുല്യ ഞാൻ..... സിദ്ധാർഥനേം സ്വാതീനേം കൊഞ്ചിക്കുമ്പോ ന്റെ കുഞ്ഞ് ന്റെ കാൽ ചോട്ടിൽ വന്നിരിക്കുമായിരുന്നു..... അവർക്ക് മിഠായികൾ വാങ്ങി നൽകുമ്പോൾ എനിക്ക് നേരെ പ്രതീക്ഷയോടെ നീളുന്ന കുഞ്ഞി കൈകളെ ഞാൻ മനപ്പൂർവം അവഗണിച്ചു... തെറ്റ് ചെയ്‌തെന്ന് പറഞ്ഞ് സാവിത്രിയവളെ ഉപദ്രവിക്കുമ്പോഴെല്ലാം ആാാ കുഞ്ഞി കണ്ണുകളെനിക്ക് നേരെ അല്പം കനിവിനായി യാജിക്കുന്നതറിഞ്ഞിട്ടും ഞാൻ മൗനം പാലിച്ചു... അവളെന്നൊരു പിഞ്ചു കുഞ്ഞ് ഈ വീട്ടിലുണ്ടെന്ന് പോലും ഞാൻ പലപ്പോഴും മറന്നു... അല്ല.. മറന്നെന്ന് നടിച്ചു.... എല്ലാം... എല്ലാം... ന്റെ തെറ്റാ.....അത് മനസ്സിലാക്കാൻ ഒരുപാട്... ഒരുപാട് വൈകി പോയി...."" അയാൾ വിങ്ങി കരഞ്ഞു ..... ശ്രീറാമിന്റെ കണ്ണുകളും നിറഞ്ഞു... ഒരിറ്റ് കനിവോ , സ്നേഹമോ ലഭിക്കാതെ ഇത്രമാത്രം അവഗണനകളും ഉപദ്രവങ്ങളും ദുരനുഭവങ്ങളും പേറിയവൾ ഈൗ കാലമത്രയും എങ്ങനെ ജീവിച്ചു ...!! ഹൃദയത്തിൽ വല്ലാത്ത ഭാരമനുഭവപ്പെട്ടു ശ്രീറാമിന്.... അവൻ ഒരു നിമിഷം ദയയുടെ സ്ഥാനത്ത് ഗോപികയെ ചിന്തിച്ചു നോക്കി.. കുഞ്ഞ് ഗോപു അല്പം പരിഗണനയ്ക്കായി , സ്നേഹത്തിനായി തങ്ങൾക്ക് മുമ്പിൽ നിന്ന് കേഴുന്നത്...

സങ്കല്പിക്കാൻ പോലും കഴിയുന്നില്ല....!!! അവളുടെ മുഖമൊന്ന് വാടുമ്പോൾ തകരുന്നത് തന്റെ നെഞ്ചകമാണ്.... അവൻ കണ്ണുകൾ ഇറുകെയടച്ച് തുറന്നു.... ശ്രീറാമിന് തനിക്ക് മുന്നിൽ നിൽക്കുന്ന വൃദ്ധനോട്‌ അതിയായ ദേഷ്യം തോന്നി.... ഇതിലും ബേധം അവൾ അനാഥയായി ജീവിക്കുന്നതായിരുന്നെന്ന് അയാളുടെ മുഖത്ത് നോക്കി തുറന്നടിക്കാൻ മനസ്സ് വെമ്പി.... പക്ഷേ ചെയ്തു പോയ അപരാതങ്ങളുടെ ചുഴിയിലകപ്പെട്ട് ശ്വാസം മുട്ടുന്നയാളെ വീണ്ടും ചവിട്ടി താഴ്ത്താൻ മനസ്സ് വന്നില്ല.... പക്ഷേ ചിലതൊക്കെ അയാൾ അറിയണമെന്ന് അവൻ മനസ്സിലുറപ്പിച്ചു... """ഇതിനുമപ്പുറത്തേക്ക് ആ പെൺകുട്ടി അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് മുത്തശ്ശനറിയുമോ??""" അദ്ദേഹം കാര്യം മനസ്സിലാകാതെ ഉദ്വേകത്തോടെ ശ്രീറാമിനെ നോക്കി..... """ആ വീട്ടിൽ ഇത്രയും വർഷങ്ങളായവൾ എല്ലാ അർത്ഥത്തിലും ചൂഷണത്തിനിരയാവുകയായിരുന്നു.... ശാരീരികമായും , മാനസികമായും....""" """മോനെ......."" പ്രഭാകരവർമ്മയുടെ ശബ്ദം വിറച്ചു.... ""അറിയില്ല അല്ലെ.... ഞാൻ കരുതി എല്ലാമറിഞ്ഞിട്ടും നേരത്തെ പറഞ്ഞത് പോലെ ഈ കാര്യത്തിലും മൗനം പാലിച്ചതാണെന്ന്.....""" ശ്രീറാം അദ്ദേഹത്തെ പരിഹസിച്ചു.... അവന്റെ വാക്കുകൾക്കിടയിൽ നിന്നും തന്നിലേക്ക് കുത്തി തുളച്ച് കയറുന്ന കുറ്റപ്പെടുത്തലുകളുടെ അമ്പുകൾ അയാളിൽ ആഴത്തിലുള്ള മുറിവുകൾ തീർത്തു..... പിന്നീടവനുരുവിടുന്ന ഓരോ വാചകങ്ങളും അയാൾ നടുക്കത്തോടെയാണ് കേട്ട് നിന്നത്...

രക്തമൂറുന്ന മുറിവകളിൽ അവ വീണ്ടും വീണ്ടും കഠിനമായി വരഞ്ഞു .. കുറ്റബോധം ഒരു നാഗത്തെ പോലെ അയാളുടെ ഉടലാകെ ചുറ്റി വരിഞ്ഞ് ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു..... അയാൾക്ക് തളർച്ച തോന്നി..... കണ്ണുകൾ മേൽപ്പോട്ട് മറിഞ്ഞയാൾ ശ്രീറാമിന്റെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുമ്പോൾ ഇരുട്ടിൽ തെളിഞ്ഞ മുഖം ഒരു കൊച്ച് പെൺകുട്ടിയുടേതായിരുന്നു... ആദ്യമായി തന്റെ തറവാടിനുമ്മറത്ത് വല്ലാത്ത പരിഭ്രമത്തോടെ രവീന്ദ്രന്റെ ചൂണ്ട് വിരലിൽ മുറുകെ പിടിച്ച് നിൽക്കുന്ന വെറും നാല് വയസ്സ് മാത്രം പ്രായമുള്ള സുന്ദരി പെൺകൊടിയുടെ മുഖം .... ദയാ ദുർഗ്ഗയെന്ന അബലയായ പെൺകുട്ടിയുടെ മുഖം.... !!!! 🌼🌼🌼🌼 കുളത്തിൽ നിന്നും കൈകുമ്പിൾ നിറയെ തെളിനീർ ശേഖരിക്കവേ ശ്രീറാമിന്റെ കൈകൾ വിറപൂണ്ടു.... ഒന്നും പറയേണ്ടിയിരുന്നില്ല..... അദ്ദേഹത്തിന്റെ പ്രായത്തെയെങ്കിലും മാനിക്കണമായിരുന്നു താൻ .... എടുത്ത് ചാടിയൊരു പ്രവർത്തി ചെയ്യുന്നതിതാദ്യമായിട്ടാണ്.... വിചാരങ്ങളേക്കാളേറെ ആ സമയത്ത് പ്രവർത്തിച്ചത് വികാരങ്ങളായിരുന്നു... അവൻ സ്വയം കുറ്റപ്പെടുത്തി കൊണ്ട് കൈകുമ്പിൾ നിറച്ച വെള്ളം പ്രഭാകരവർമ്മയുടെ മുഖത്തേക്ക് ശക്തമായി കുടഞ്ഞു..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story