ദയാ ദുർഗ: ഭാഗം 26

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

കുളത്തിൽ നിന്നും കൈകുമ്പിൾ നിറയെ തെളിനീർ ശേഖരിക്കവേ ശ്രീറാമിന്റെ കൈകൾ വിറപൂണ്ടു.... ഒന്നും പറയേണ്ടിയിരുന്നില്ല..... അദ്ദേഹത്തിന്റെ പ്രായത്തെയെങ്കിലും മാനിക്കണമായിരുന്നു താൻ .... എടുത്ത് ചാടിയൊരു പ്രവർത്തി ചെയ്യുന്നതിതാദ്യമായിട്ടാണ്.... വിചാരങ്ങളേക്കാളേറെ ആ സമയത്ത് പ്രവർത്തിച്ചത് വികാരങ്ങളായിരുന്നു... അവൻ സ്വയം കുറ്റപ്പെടുത്തി കൊണ്ട് കൈകുമ്പിൾ നിറച്ച വെള്ളം പ്രഭാകരവർമ്മയുടെ മുഖത്തേക്ക് ശക്തമായി കുടഞ്ഞു.... പതിയെ പതിയെ കണ്ണുകൾ ചിമ്മി തുറക്കുന്ന പ്രഭാകര വർമ്മയെ നോക്കി നിൽക്കെ ശ്രീറാമിന് തന്റെ പോയ ജീവൻ തിരിച്ചു കിട്ടിയ പോൽ ആശ്വാസം തോന്നി..... """മുത്തശ്ശാ......""" അവൻ അലിവോടെ വിളിച്ചു..... അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് കല്പടവിലേക്ക് ചാരിയിരുത്തവേ അയാൾ വിങ്ങി കരയുന്നത് ശ്രീറാമിന്റെ കാതുകളിൽ മുഴങ്ങി കേട്ടു.. ""ഞാൻ അറിഞ്ഞില്ലല്ലോ മോനെ.... ന്റെ കുട്ടി അവിടെ...... ഏത് ഭഗവാൻ പൊറുക്കും എന്നോട്.....!!"" അദ്ദേഹം നെഞ്ചിൽ കൈ വച്ച് പൊട്ടികരഞ്ഞു... തനിക്ക് മുന്നിലിരിക്കുന്ന വൃദ്ധനെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്ന് ശ്രീറാമിന് അറിയുന്നുണ്ടായില്ല.... അവൻ നിശബ്ദമായി പ്രഭാകരവർമ്മയ്ക്ക് മറു വശം ചേർന്നിരുന്ന് അദ്ദേഹത്തെ തന്റെ തോളോട് ചേർത്ത് പിടിച്ചു.... ""കുട്ടി അവളെ കൈ വിടരുത്.....ന്റെ കുഞ്ഞിനെ ധൈര്യത്തോടെ ഏൽപ്പിക്കാൻ മറ്റാരും ഇല്യ നിക്ക്..ഒരുമിച്ച് , ഒരു കുടുംബമായി സന്തോഷത്തോടെ ജീവിക്കണം...""

പ്രഭാകരവർമ്മ ശ്രീറാമിന്റെ വലത് കയ്യിൽ മുറുകെ പിടിച്ചു.... അയാളിൽ ഒരു കടലോളം പ്രതീക്ഷയുണ്ട്... അവ കണ്ടില്ലെന്ന് നടിക്കാൻ ശ്രീറാമിന് കഴിഞ്ഞില്ല .... അദ്ദേഹത്തിന് സമാധാനമേകും പോലെ മറുപടിയായി അവനൊന്ന് പുഞ്ചിരി തൂകി.... പുറമേ ചിരിച്ചെങ്കിലും പ്രഭാകരവർമ്മയുടെ വാക്കുകൾ ശ്രീറാമിനെ വീണ്ടും അസ്വസ്ഥനാക്കി തുടങ്ങിയിരുന്നു.... 🌼🌼🌼🌼 രാത്രിയിൽ കിടക്കാനായി മുറിയിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് കോണി പടികൾ ഇറങ്ങി വരുന്ന ശ്രീറാമിനെ മഹാലക്ഷ്മി ശ്രദ്ധിച്ചത്..... ""എന്താ ശ്രീ?? ഉറക്കമൊന്നുമില്ലേ അമ്മേടെ കുട്ടിക്ക്....."" വാത്സല്യത്തോടെ അവർ ചോദിച്ചത് കേട്ട് ശ്രീറാം നിർമലമായൊന്ന് പുഞ്ചിരിച്ചു..... ""അച്ഛനെവിടെ പോയതാ അമ്മേ??"" ""എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ശേഖരേട്ടനൊപ്പം പോയതാ..."" അലസമായി പറഞ്ഞ് കൊണ്ടവർ മുറിയിലേക്ക് കയറി.... പുറകെ ശ്രീറാമും..... ""ദുർഗ്ഗ....???"" മുറിയിലേക്ക് കയറിയ ഉടനെ ശ്രീറാം ചുറ്റും കണ്ണുകളോടിച്ച് ചോദിച്ചു... ""മുകളിലെ മുറിയിൽ ഗോപുവിനൊപ്പം ഉണ്ടല്ലോ ... നീ കണ്ടില്ലേ???"" ""ഞാൻ ശ്രദ്ധിച്ചില്ല..."" പറഞ്ഞു കൊണ്ടവൻ കിടക്കയിലിരിക്കുന്ന മഹാലക്ഷ്മിയുടെ മടിയിലേക്ക് കമിഴ്ന്നു കിടന്നു.....

മഹാലക്ഷ്മി പുഞ്ചിരിയോടെ അവന്റെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു കൊണ്ടിരുന്നു.... അത്രയേറെ മൃദുലമായി.... '" ശ്രീക്ക് അമ്മോടെന്തെങ്കിലും പറയാനുണ്ടോ?? "" ശബ്ദം താഴ്ത്തി വളരെ നേർമയിൽ മഹാലക്ഷ്മി ചോദിച്ചു... മനസ്സിന് അമിത ഭാരം തോന്നുമ്പോഴെല്ലാം അമ്മയുടെ മടിയിൽ തല ചായ്ക്കുന്നത് ശ്രീറാമിന്റെ പതിവാണ്... അത് മഹാലക്ഷ്മിക്കും അറിയാം... ""അമ്മാ..... ഗോപൂന്റെ മുത്തശ്ശൻ ഇന്നെന്നെ കാണാൻ വന്നിരുന്നു..."" ""എന്നിട്ടോ??"" """അവരുടെ തറവാടും, ഈ വീടുമടക്കമെല്ലാം ദുർഗ്ഗയുടെ പേരിലേക്കെഴുതി വച്ചതിന്റെ രേഖകൾ എന്നെ ഏല്പിച്ചു..... അവളെ... അവളെ കൈവിടരുതെന്ന് പറഞ്ഞു......""" ""എന്നിട്ട് നീ എന്ത് പറഞ്ഞു....??""" അവർ ഏറിയ ആകാംഷയോടെ ചോദിച്ചു... എന്നാൽ ശ്രീറാം മറുപടിയൊന്നും പറഞ്ഞില്ല .... ""നിനക്കിപ്പോഴും ഞാനെടുത്ത തീരുമാനത്തോട് എതിർപ്പാണോ ശ്രീ??"" ആ ചോദ്യത്തിനും ശ്രീറാം മൗനം പാലിച്ചു.. ശ്രീറാമിന്റെ വിമുഖത അവരിൽ വേദനയുളവാക്കി... """ശ്രീ.. നിനക്കിഷ്ടല്ല്യാച്ചാൽ വേണ്ടാ.....അമ്മ നിന്നെ ഒന്നിനും നിർബന്ധിക്കില്ല.....""" സ്വന്തം സ്വാർത്ഥതയ്ക്കായി തന്റെ മക്കളൊരിക്കലും വേദനിക്കാനിടവരരുതെന്ന് അവർക്ക് നിർബന്ധമായിരുന്നു.... തന്റെ നാല് മക്കളേക്കാളേറെ ആ അമ്മ ഈ ഭൂമിയിൽ മറ്റൊന്നിനെയും സ്നേഹിച്ചിരുന്നില്ല.... വിലമതിച്ചിരുന്നില്ല.... ശ്രീറാം തലയുയർത്തി മഹാലക്ഷ്മിയെ നോക്കി....

അവന്റെ കണ്ണുകളിൽ ആശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു..... അത് കാണെ മഹാലക്ഷ്മിക്കും സമാധാനം തോന്നി.... ""ദുർഗ്ഗ നമ്മൾടെ കൂടെ നിന്നോട്ടെ അമ്മേ..പക്ഷേ അതെന്റെ ഭാര്യയായിട്ട് വേണ്ട...... ആരുമില്ലാത്തൊരു പെൺകുട്ടിക്ക് എല്ലാമായി നമുക്ക് സംരക്ഷണമൊരുക്കാം.... അവൾക്ക് വേണ്ടതെല്ലാം കണ്ടറിഞ്ഞ് ചെയ്യാം......""" ""നിന്റെ ഇഷ്ടം......."" മഹാലക്ഷ്മി മുഖം താഴ്ത്തി ശ്രീറാമിന്റെ നെറ്റിയിൽ ചുംബിച്ചു..... അവന്റെ മനസ്സ് നിറഞ്ഞു.... ഇതുവരെ ഉണ്ടായിരുന്ന ആവലാതികൾ നെഞ്ചിൽ നിന്നും കൂടൊഴിഞ്ഞ് പോയ പോലെ.... ""അമ്മേ...പാടുവോ??"" കൈകളാൽ അമ്മയെ മുറുകെ ചുറ്റി പിടിച്ച് ശ്രീറാം അവരുടെ മടിത്തട്ടിലേക്ക് മുഖം പൂഴ്ത്തി.... ആ ചോദ്യത്തിൽ നിറയേ കുറുമ്പും , കൊഞ്ചലും തുളുമ്പുന്നുണ്ടെന്ന് തോന്നി അവർക്ക്..... ആ അമ്മയ്ക്കപ്പോൾ അവൻ മുപ്പത് വയസ്സുള്ള പക്വതയാർന്ന മകനായിരുന്നില്ല.... തന്റെ നെഞ്ചിലൊതുങ്ങി ഉറങ്ങിയും , വിരലിൽ തൂങ്ങി പിച്ച വെച്ചും നടന്ന കുഞ്ഞ് പൈതലായിരുന്നു.... ഏറെ നാൾ കാത്തിരുന്ന് കിട്ടിയ പൊന്നോമന മകൻ......!! """വീടോളം നീ തെളിഞ്ഞുണരുണ്ണി , നാടോളം നീ വളര്‌....... മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണി , അമ്മയോളം നീ സഹിക്ക്‌.....

സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌ കാലത്തിനറ്റത്തു പോകാൻ..... ആറ്റുനോറ്റുണ്ടായൊരുണ്ണി... അമ്മ കാത്തു കാത്തുണ്ടായൊരുണ്ണി.. അമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം..... ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽ കുളിരാം കുരുന്നാകും ഉണ്ണി.... ആറ്റുനോറ്റുണ്ടായൊരുണ്ണി... അമ്മ കാത്തു കാത്തുണ്ടായൊരുണ്ണി.."" പാടുമ്പോൾ മഹാലക്ഷ്മിയുടെ കൈ വിരലുകൾ അവന്റെ ചുമലിൽ മൃദുലമായി താളം തട്ടി കൊണ്ടിരുന്നു... 🌼🌼🌼🌼 കനമുള്ള എന്തോ വസ്തു തന്റെ നെഞ്ചിന് മുകളിൽ വച്ചത് പോലെ ഭാരം തോന്നിയപ്പോഴാണ് ദയ മിഴികൾ ചിമ്മി തുറന്നത്..... ഇന്നലെ രാത്രി ഒമ്പത് മണിയായപ്പോഴേക്കും ഗോപുവിനൊപ്പം കട്ടിലിൽ കയറി കിടന്നിരുന്നു.... പക്ഷേ അർദ്ധ രാത്രിയും കഴിഞ്ഞാണ് ഉറക്കം പിടിച്ചത്..... വർഷങ്ങളായുള്ള ശീലം അതല്ലേ...!! ചില ദിവസങ്ങളിൽ ഉറങ്ങാൻ പോലും ഭയപ്പെട്ടിരിക്കുന്നു.... നെടുവീർപ്പോടെ കിടക്കയിൽ നിന്നുമെഴുന്നേൽക്കാൻ തുനിഞ്ഞതും ഗോപുവിന്റെ കൈകൾ അവളെ ഉടലോടെ വരിഞ്ഞു മുറുക്കി.... ശ്വാസം മുട്ടുന്നത് പോലെ തോന്നി ദയക്ക്..... പോകല്ലേ ശരൺ....!! ദയയുടെ നെഞ്ചിൽ മുഖമിട്ടുരസി ചിണുങ്ങി പറഞ്ഞു ഗോപിക.... ശരൺ!! ദയ ഒന്ന് ഞെട്ടി... ഇത്തരമൊരു ബന്ധമായിരുന്നോ അവർക്കിടയിൽ!!!

മിക്കപ്പോഴും അടി കൂടി മാത്രമേ ഇരുവരെയും കണ്ടിട്ടുള്ളൂ... ചിന്തയോടെ കണ്ണും തുറന്ന് കിടക്കുമ്പോഴാണ് താഴെ നിന്നും ശ്രുതിയിടുന്ന ശബ്ദം കാതുകളിൽ പതിഞ്ഞത്.... അത് മഹാലക്ഷ്മി തന്നെയായിരിക്കുമെന്നവൾ ഊഹിച്ചു ..... തന്റെ ദേഹത്ത് നിന്നും വളരെ കഷ്ടപ്പെട്ട് ഗോപുവിനെ അടർത്തി മാറ്റി ദയ കിടക്കയിൽ നിന്നും എഴുന്നേറ്റ് മാറി.... കെട്ടഴിഞ്ഞ് പോകാറായ മുടി ഒന്ന് കൂടെ മാടിയൊതുക്കി മുറുക്കി കെട്ടി വാതിലിനടുത്തേക്ക് നടക്കാൻ തുടങ്ങിയതും അതേ നിമിഷം പുറത്ത് നിന്നും വാതിൽ പൊളിയിൽ ശക്തമായ തട്ട് കേട്ടു... ധൃതിയിൽ ചെന്ന് വാതിൽ തുറന്നപ്പോൾ ദയ കണ്ടത് അക്ഷമനായി നിൽക്കുന്ന ശരണിനെയാണ് .... ദയയെ കണ്ടതും ശരൺ കൈ വെള്ളയാൽ നെറ്റിയിലൊന്നടിച്ച് അവളെ നോക്കി പുഞ്ചിരിച്ചു... ""താനിവിടെ ഉള്ളത് ഞാൻ മറന്ന് പോയി... ഉറക്കം പോയല്ലേ.. സോറി... ഞാൻ ദേ അവളെ വിളിക്കാൻ വന്നതാ...."" കിടക്കയിൽ ചുരുണ്ട് കൂടി സുഖ നിദ്രയിലാഴ്ന്നിരിക്കുന്ന ഗോപുവിന് നേരെ ശരൺ വിരൽ ചൂണ്ടി.... മടിച്ചു കൊണ്ട് വളരെ വളരെ നേർമയിൽ തന്റെ ചുണ്ടുകളൊന്ന് വിടർത്തി ദയ , ശരണിന് വഴിയൊരുക്കി ഒരു വശത്തേക്ക് മാറി നിന്നു.... ശരൺ ധൃതിയിൽ അകത്തേക്ക് കയറി ഗോപുവിനെ എഴുന്നേൽപ്പിക്കാനുള്ള തന്റെ ശ്രമമാരംഭിച്ചു..... ആനക്കുത്തിയാൽ പോലും തനിക്ക് കണ്ണ് തുറക്കാനാകില്ലെന്ന തരത്തിൽ ഗോപു അതേ കിടപ്പ് കിടന്നു...

എത്ര തട്ടി വിളിച്ചിട്ടും ഗോപു ഒന്ന് അനങ്ങുന്നത് പോലുമില്ലെന്ന കാഴ്ച്ച ദയയെ അമ്പരപ്പിച്ചു ... ഒരു കാലനക്കം കേട്ടാൽ പോലും ഞെട്ടിയുണരുന്ന തന്റെ അവസ്ഥയെ കുറിച്ചോർത്തു അവൾ... ""എന്താ ശരൺ... ഗോപു എഴുന്നേറ്റില്ലേ..."" മുറിയ്ക്ക് വെളിയിൽ നിന്നും ശ്രീറാം വിളിച്ച് ചോദിച്ചത് കേൾക്കെ ദയയുടെ ശ്രദ്ധ അവന് നേരെ തിരിഞ്ഞു... ""ഇല്ലേട്ടാ.. പതിവ് തന്നെ... ഞാൻ ചവിട്ടി താഴെയിടട്ടെ???'" ശരൺ ആവേശത്തോടെ ചോദിച്ചു... ശ്രീറാം അവനെ രൂക്ഷമായൊന്ന് നോക്കിയപ്പോൾ മറുപടിയായി ശരൺ ചളിപ്പോടെ ചിരിച്ചു..... ""നീ താഴേക്ക് ചെല്ല്... ഞാൻ കൊണ്ട് വരാം അവളെ....."" ""ശരൺ....."" പുറത്തേക്കിറങ്ങാൻ തുടങ്ങിയ ശരൺ ശ്രീറാമിനെ പിന്തിരിഞ്ഞു നോക്കി..... ""കിച്ചുവിനെ വിളിച്ചിട്ട് വാ....."" """ഇല്ല......""" വളരെ പെട്ടന്നായിരുന്നു അവന്റെ മറുപടി... എടുത്തടിച്ചത് പോലുള്ള ഇത്തരമൊരു പ്രതികരണം ശ്രീറാം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല... ഏട്ടനോട് അങ്ങനെ പറയേണ്ടി വന്നതിൽ ശരണിന് പ്രയാസം തോന്നിയെങ്കിലും ഇനിയൊരിക്കലും കൈലാസിന്റെ മുന്നിലേക്ക് താനായി പോകില്ലെന്ന് അവൻ ഉറപ്പിച്ചിരുന്നു.... ""ശരൺ.... എല്ലാം മറന്ന് കളയണമെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ... നമ്മൾക്കിടയിൽ ഒരു പ്രശ്നം... അത് വേണ്ട ശരൺ.....""

" ശ്രീറാം തന്റെ അനുനയിപ്പിക്കാനായൊരു ശ്രമം നടത്തി നോക്കി... ""എല്ലാം പെട്ടന്ന് മറക്കാൻ ഏട്ടനെ കൊണ്ട് സാധിക്കുമായിരിക്കും... പക്ഷേ എനിക്ക് കഴിയില്ല... ഒരിക്കലും കഴിയില്ല....""" ഉറപ്പോടെ പറഞ്ഞവൻ ശ്രീറാമിന്റെ മറുപടിക്ക് കാക്കാതെ വർധിച്ച കോപത്തോടെ പുറത്തേക്കിറങ്ങി പോയി.... ദയക്ക് ഒരുപാട് വിഷമം തോന്നി.... അവരീ വീട്ടിൽ വന്ന് കയറിയപ്പോൾ മുതൽ താൻ കാണുന്നതാണ് നാല് പേർക്കുമിടയിലെ സ്നേഹം.... പരസ്പരം കരുതലായും.. തമാശകൾ പറഞ്ഞും.. പൊട്ടിച്ചിരിച്ചും സമയം ചിലവഴിക്കുമ്പോൾ ഇടയ്ക്കൊക്കെ താനും കൊതിച്ചു പോയിരുന്നു അവർക്കൊപ്പമാകാൻ... എന്നിട്ടിപ്പോൾ... തന്റെ പേര് ചൊല്ലി തന്നെയവർ കലഹിച്ചിരിക്കുന്നു.... ഇനിയൊരിക്കലും തുന്നി ചേർക്കാൻ പോലും കഴിയാത്ത വിധം അവർക്കിടയിലെ ബന്ധം മുറിഞ്ഞു പോയിരിക്കുന്നു..!! 🌼🌼🌼 രാവിലെയുള്ള പ്രാക്ടീസ് കഴിഞ്ഞ് മഹാലക്ഷ്മി അടുക്കളയിലേക്ക് കയറിയപ്പോൾ അവിടെ ദയ ഉണ്ടായിരുന്നു.... അവരെ കണ്ടതും ദയ അവർക്കായി ഒരു കപ്പ്‌ ചായ നീട്ടി.... ""കൊള്ളാലോ..."" അവർ നിറഞ്ഞ ചിരിയോടെ പുരികം പൊക്കി തലയാട്ടി ദയയെ പ്രശംസിച്ചു.... ദയക്ക് മനസ്സിൽ വല്ലാത്തൊരു കുളിര് തോന്നി...

സാധാരണ തറവാട്ടിൽ ചായയുണ്ടാക്കിയാൽ ആദ്യം നൽകാറ് വല്യമ്മയ്ക്കാണ്... എത്രയൊക്കെ നല്ലത് പോലെ ഉണ്ടാക്കിയാലും വല്യമ്മ എന്തെങ്കിലുമൊരു കുറ്റം കണ്ട് പിടിക്കും... മധുരം കൂടി... കടുപ്പം കുറഞ്ഞു.... അങ്ങനെയങ്ങനെ... ചീത്തയായ പാൽ കൊണ്ടാണ് ചായ ഉണ്ടാക്കിയതെന്ന് പറഞ്ഞ് ഒരിക്കൽ ചൂട് ചായ തന്റെ മുഖത്തേക്കൊഴിച്ചിട്ടുണ്ട്... ഓർമ്മയിൽ ദയയൊന്ന് കിടുങ്ങി.... ഇന്നാദ്യമായാണ് കുറ്റപ്പെടുത്തലുകളും , ശാപവാക്കുകളുമില്ലാത്തൊരു പുലരിയെ താൻ വരവേൽക്കുന്നത്.... അവൾ പതിയെ കണ്ണുകളുയർത്തി മഹാലക്ഷ്മിയെ വീണ്ടുമൊന്ന് നോക്കി ... ഇല്ല... ഭാവ വ്യത്യാസങ്ങളൊന്നുമില്ല... നേരത്തെയുള്ള ചിരി ഒട്ടും അളവിൽ കുറയാതെ ആ മുഖത്തുണ്ട്...!! ""ഞാൻ അവർക്കൊക്കെ ചായ കൊടുത്തിട്ട്...."" ""വേണ്ട.. കുട്ടീ... അവരൊക്കെ ഇവിടെ വന്നെടുത്ത് കുടിച്ചോളും... അങ്ങട് കൊണ്ട് കൊടുക്കണ ശീലമൊന്നും ഇവിടെയില്ല....""" പറഞ്ഞ് തീർന്നതും ഗോപു ഓടി വന്ന് മഹാലക്ഷ്മിയുടെ നെഞ്ചിലേക്ക് വീണു.... ""മഹിയമ്മേ...."" അവൾക്ക് പുറകെ ശരണും പിന്നിലായ് ചിരിച്ചു കൊണ്ട് ശ്രീറാമും ഉണ്ട്.... ""എന്താ...??"" മഹാലക്ഷ്മി ഗോപുവിനെ പൊതിഞ്ഞ് പിടിച്ച് മൂവരെയും നോക്കി... ശരൺ പല്ല് ഞെരിച്ച് നിന്ന് കിതയ്ക്കുന്നുണ്ട്.... ശ്രീറാം ഒന്നും സംഭവിക്കാത്ത പോലെ റാക്കിലെടുത്ത് വച്ച ഫ്ലാസ്ക്ക് തുറന്ന് അതിലുള്ള ചായ അവന്റെ കപ്പിലേക്ക് പകർന്നെടുത്തു.... ഗോപു ശരണിനെ ഏറു കണ്ണിട്ടൊന്ന് നോക്കി മഹാലക്ഷ്മിയുടെ മാറിലേക്ക് മുഖം പൂഴ്ത്തി അവരെ മുറുകെ ചുറ്റിപിടിച്ചു ...

മഹാലക്ഷ്മി പുഞ്ചിരിയോടെ ശരണിനെ നോക്കി.... ഗോപു എന്തോ കള്ളം കാണിച്ചിരിക്കുന്നു...!! അവർ മനസ്സിൽ കരുതി.. കൊച്ച് നാൾ മുതലുള്ള ഗോപുവിന്റെ ശീലമാണ് ഇത്... എന്തെങ്കിലും കുഴപ്പം ഒപ്പിക്കും.. എന്നിട്ട് മിണ്ടാതെ ഇരിക്കും... മിക്കപ്പോഴും അത് കണ്ട് പിടിക്കുന്നത് ശരണാകും... ശ്രീയുടെ നേർ വിപരീതമാണ് ശരൺ... ശ്രീ ഭൂമിയോളം ക്ഷമിക്കും.... പക്ഷേ ആ ക്ഷമ അതിര് കടന്നാൽ വല്ലാത്ത വിപത്താണ്.... ഒരിക്കൽ ഗോപുവിന്റെ ട്രീറ്റ്മെന്റിൽ ആശുപത്രിക്കാർക്കിടയിൽ വന്നൊരു ചെറിയ വീഴ്ച്ചയിലാണ് അവൻ ആദ്യമായും , അവസാനമായും ദേഷ്യപ്പെട്ട് കണ്ടത്.... അന്നവനെ ശാന്തനാക്കാൻ എല്ലാവരും ഒരുപാട് പണി പെട്ടു... ശരണിനാകട്ടെ മൂക്കിൻ തുമ്പത്താണ് ദേഷ്യം... ചെറിയ കാര്യം മതി പൊട്ടി തെറിക്കാൻ... അത് പോലെ ദേഷ്യം മാറാനും അല്പ സമയം മതി.... ""ഇവൾടെ എക്സാം ടൈം ടേബിൾ വന്നിട്ട് 3 ആഴ്ച്ചയായി .... അടുത്ത ബുധനാഴ്ച്ച ഇവൾക്ക് എക്സാം തുടങ്ങുവാ...എന്നിട്ട് ആരോടും ഒരക്ഷരം മിണ്ടാതെ ഇരിക്കുവായിരുന്നു ഈ പെരുംകള്ളി.. എക്സാം സ്കിപ് ചെയ്യാനുള്ള പ്ലാൻ ആയിരുന്നു ഇവൾടെ മനസ്സില് ...കഴിഞ്ഞ സെമെസ്റ്റർ ല് രണ്ട് പേപ്പർ പോയി... അതിന്റെ വല്ല കൂസലും ഉണ്ടായിരുന്നോ ഇവൾക്ക് ..എന്നിട്ട്.......!!""

" ശരൺ ഒന്ന് നിർത്തി ദേഷ്യത്തോടെ ഗോപുവിന്റെ ചുമലിൽ ഒരടി കൊടുത്തു... കിട്ടിയ അവസരം നന്നായി മുതലെടുത്തവൾ തലയുയർത്തി ഉറക്കെ കരഞ്ഞു... അതിൽ ശ്രീറാം വീണു.... അവൻ ശരണിനെ കലിയോടെ നോക്കി... എന്നാൽ ഞാനിതൊക്കെ എത്ര കണ്ടതാ എന്ന ഭാവമായിരുന്നു ശരണിന്റെ മുഖത്ത്.... ""നിനക്ക് ദേഷ്യം വരുന്നുണ്ടെങ്കിൽ അത് കണ്ട്രോൾ ചെയ്യാനും പഠിക്കണം... ഇവൾടെ ദേഹത്ത് തൊട്ടുള്ള കളി വേണ്ടാന്ന് നിന്നോട് ഞാൻ നൂറ് തവണ പറഞ്ഞിട്ടുണ്ട് ശരൺ.....""" ശ്രീറാമിന്റെ ശബ്ദം രൂക്ഷമായി..... ""നിങ്ങളെല്ലാവരും കൂടെ കൊഞ്ചിച്ച് കൊഞ്ചിച്ചാ ഇവൾ ഇങ്ങനെയായത്... ചെയ്യുന്ന തോന്ന്യാസങ്ങൾക്കെല്ലാം കൂട്ട് നിൽക്കാൻ എന്നെ കിട്ടില്ല.... പണ്ട് രുക്കു അമ്മ ചെയ്തിരുന്ന പോലെ പിടിച്ച് നാല് പൊട്ടിക്കണം... ഇവള് താനെ നന്നായിക്കോളും....."" ""നീ പോയി നിന്റെ കാര്യം നോക്ക് ശരൺ... അവൾടെ എക്സാമിന്റെ കാര്യത്തിൽ നീ വേവലാതിപെടണ്ട.. നെക്സ്റ്റ് വീക്ക്‌ ഞങ്ങൾ ഒരുമിച്ച് പോയിക്കോളും..."" നീരസ്സത്തോടെ തീർപ്പ് കല്പിച്ച് ശ്രീറാം ഗോപുവിനെ ചേർത്ത് പിടിച്ച് പുറത്തേക്ക് കടന്നു...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story