ദയാ ദുർഗ: ഭാഗം 27

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""മറ്റന്നാൾ മോള് പോകുന്നോ അവർക്കൊപ്പം??"" അടുക്കളയിൽ മഹാലക്ഷ്മിയെ ജോലിയിൽ സഹായിക്കുകയായിരുന്നു ദയ..... പെട്ടന്നുള്ള അവരുടെ ചോദ്യം ഒരു വേള അവളെ നിശ്ചലമാക്കി.... ‘ഈ വീടും പരിസരവും വിട്ട് ..!! ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ല താൻ... ഈ വീടിനപ്പുറം മറ്റൊരു ലോകമുണ്ടോ എന്ന് പോലുമറിയില്ല.... ആ ഞാൻ എങ്ങനെയാണ്....!’ അവൾ മഹാലക്ഷ്മിയെ നോക്കി നിഷേധത്തോടെ തലയാട്ടി.... "ഗോപു പോയാൽ മോളിവിടെ ഒറ്റയ്ക്കാകില്ലേ.....അതുകൊണ്ട് ചോദിച്ചതാ ഞാൻ... " മഹാലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു... ഗോപിക പോകുന്നത് വിഷമമുള്ള കാര്യം തന്നെയാണ്.... പക്ഷേ പോകരുതെന്ന് പറയാൻ പറ്റുമോ!! ചിന്തയോടെ അവൾ സാരമില്ലെന്ന് പറഞ്ഞ് തന്റെ ജോലികളിൽ മുഴുകി..... ""ദയേ.....""

അടുക്കള മുറ്റത്ത് നിന്നും ആരോ തന്റെ പേര് ചൊല്ലി വിളിച്ചത് കേൾക്കെ ദയയുടെ മുഖമൊന്ന് ചുളിഞ്ഞു.... ഇത്ര സൗമ്യമായി ഇതാരാണ്?? ചിന്തയോടെ മഹാലക്ഷ്മിയെ നോക്കിയപ്പോൾ അവരുടെ മുഖത്തും അതേ സംശയ ഭാവം..... നനഞ്ഞ കൈകൾ തന്റെ സാരി തുമ്പിൽ അമർത്തി തുടച്ചവൾ പുറത്തേക്കിറങ്ങി നോക്കി...... സുരഭി ചേച്ചി.....!! ദയയുടെ ചുണ്ടുകൾ നേർമയായി മൊഴിഞ്ഞു .... ""ഇപ്പൊ ഇവിടെയാണല്ലേ നിന്റെ ജോലി..??"" അവർ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ ദയ മടിയോടെ തല കുലുക്കി..... ""ആരാ മോളെ??"" ദയക്ക് പിന്നിലായി നിന്ന് മഹാലക്ഷ്മി ചോദിച്ചു.. ""ഞാൻ ഇവിടെ അടുത്തുള്ളെയാ... തറവാട്ടിലേക്ക് സ്ഥിരമായി പാല് വാങ്ങാൻ വരാറ് ഇവളാണെ ... കുറച്ചീസായി ആളെ കാണാണ്ടായപ്പോ അമ്മ പറഞ്ഞയച്ചെയാ ന്നെ...... ഇവൾക്കെന്തേലും സുഖല്യായ ണ്ടോ ന്നറിയാനെ...."" ‘ അവരുടെ വാക്കുകൾ ശ്രവിക്കെ ദയക്ക് സന്തോഷം തോന്നി....

വർഷങ്ങളായി ഇവർക്കടുക്കൽ നിന്നാണ് പാലും , നെയ്യും , വെണ്ണയുമൊക്കെ വാങ്ങാറ്... പക്ഷേ അവിടെയുള്ള ആരോടും ഇതു വരെ മര്യാദക്കൊന്ന് സംസാരിച്ചിട്ട് പോലുമില്ല. ആദ്യ കാലങ്ങളിൽ അവിടത്തെ അമ്മ വിശേഷങ്ങളൊക്കെ ചോദിക്കുമായിരുന്നു.... താൻ നല്ല രീതിയിൽ മറുപടി പറയാത്തത് കൊണ്ടാവണം പിന്നീട് അവർ വലുതായൊന്നും തന്നോട് മിണ്ടാറില്ലായിരുന്നു... ഒരു സംഭാഷണത്തിന് തുടക്കം കുറിക്കാൻ താനും ഒരിക്കലും മുതിർന്നിട്ടില്ല... എന്നിട്ടും കുറച്ച് ദിവസം തന്നെ കാണാതായപ്പോൾ അവർ അന്വേഷിച്ച് വന്നിരിക്കുന്നു..!! ’ "ഞാൻ തറവാട്ടിൽ ചെന്നപ്പോ സാവിത്രി ചേച്ചിയാ പറഞ്ഞെ നിങ്ങള് ഇവളെയിവിടത്തെ വീട്ട് ജോലിക്ക് നിർത്തിയെന്ന്...." അത്ര നേരം പുഞ്ചിരിയോടെ കേട്ട് നിന്ന മഹാലക്ഷ്മിയുടെ മുഖം പെട്ടന്ന് മങ്ങി... ""കുഞ്ഞ് മോളെ കൂട്ടിയില്ലേ??"" അവർ മറുപടി പറയാനൊരുങ്ങും മുമ്പേ വിഷയം മാറ്റാനെന്നോണം ദയ ചാടി കയറി ചോദിച്ചു...

സുരഭിയുടെ കണ്ണുകൾ അത്ഭുതത്തോടെ വിരിഞ്ഞു... ഇത്രയും വർഷത്തിനിടെ ആദ്യമായിട്ടാണ് ദയയുടെ നാവിൽ നിന്നും വ്യക്തമായ വാക്കുകൾ അവർക്ക് കേൾക്കാൻ സാധിച്ചത്... അല്ലാത്ത പക്ഷം എന്ത് ചോദിച്ചാലും ഉത്തരമായി അവൾ മൂളുകയോ , തലയനക്കുകയോ മാത്രമേ ചെയ്യാറുണ്ടായിരുന്നുള്ളൂ.... ""മോള്.. അവിടെ തറവാട്ടിലുണ്ട്... രവിയേട്ടന്റെ കൂടെ..... ഞാൻ നിന്നെയൊന്ന് കാണാലോ ന്ന് നെനച്ച് പോന്നതാ ഇങ്ങട്....""" ""വല്യമാമ്മേടെ??"" മുറുകിയ ഹൃദയതാളത്തോടെ ദയ ചോദിച്ചു... അവളുടെ ശബ്‍ദം പോലും വിറച്ച് പോയിരുന്നു... സുരഭി അതെയെന്ന് തലയനക്കിയതും മറ്റൊന്നും ചിന്തിക്കാതെ ദയ തറവാട്ടിലേക്ക് പാഞ്ഞു . പുറകിൽ നിന്ന് മഹാലക്ഷ്മിയും സുരഭിയും മാറി മാറി വിളിച്ചിട്ടും അവൾ ചെവികൊണ്ടില്ല....

തറവാട്ടിലേക്കുള്ള ഉമ്മറ പടികൾ ഓടി കയറി വരുന്ന ദയയെ സ്വാതി പുച്ഛത്തോടെ നോക്കി..... ""എന്തേ ഇങ്ങട് തിരികെ പോന്നേ??അവിടുള്ളോർക്ക് മടുത്തോ നിന്നെ....അതോ നിനക്ക് മടുത്തോ അവരെ??"" വാക്കുകളിൽ ധ്വയാർത്ഥം കലർത്തി ചോദ്യങ്ങളെയ്ത് സ്വാതി ദയക്ക് മുന്നിൽ തടസ്സമായി നിന്നു.... പക്ഷേ സ്വാതിയുടെ വാക്കുകളോ , അതിൽ നിറഞ്ഞിരുന്ന പരിഹാസമോ ഒന്നും ദയ അറിയുകയുണ്ടായില്ല... ‘ഒരു കുഞ്ഞ് മകൾ ആ നീചനരികിൽ പെട്ടിരിക്കുന്നു... അവൾ തന്നെ പോലെയായിരിക്കും.. വെറും ആറ് വയസ്സ് മാത്രം പ്രായം.... ഒന്നുമറിയാതെ... ഒന്നും മനസ്സിലാകാതെ.. അയാളുടെ കള്ള നാട്യത്തിന്റെ പൊരുളറിയാതെ ഉഴറുന്നുണ്ടാകും..... അയാളവളെ സ്പർശിക്കുകയും , തലോടുകയും , ചുംബിക്കുകയും ചെയ്യുന്നുണ്ടാവും.. അതിൽ സ്നേഹം കുത്തി നിറച്ച് , വാത്സല്യത്തിന്റെ മേൻപൊടി തൂകി ആ കുഞ്ഞിനെ അയാൾ കബളിപ്പിച്ച് കൊണ്ടിരിക്കുകയാവും...!!

’ ഓർക്കവേ ദയക്ക് തന്റെ സർവ്വ നാടി ഞരമ്പുകളും തളർന്നു പോകുന്ന പോലെ തോന്നി... പക്ഷേ..... ഇനിയൊരിക്കലും അയാളിലൂടെ ദയയെ പോലെ അബലയായൊരു പെൺകുട്ടി ഉണ്ടായിക്കൂട... ജീവിതമില്ലാതെ... മോഹങ്ങളില്ലാതെ... നിറ സ്വപ്നങ്ങളില്ലാതെ.... വ്യക്തിത്വമില്ലാതെ.... ഇനിയൊരു പെൺകുട്ടിയും ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടരുത് .... ദയയുടെ ശ്വാസഗതി വേഗത്തിലായി.... രൂക്ഷമാർന്ന കണ്ണുകളോടെ അവൾ സ്വാതിയെ നോക്കി..... "മാറ്......." ദയയുടെ സ്വരത്തിലെ കടുപ്പം തിരിച്ചറിയവേ സ്വാതിയുടെ മുഖമൊന്ന് ചുളിഞ്ഞു.... ഇത്രയും കാലം തന്റെ കാൽച്ചുവട്ടിൽ കഴിഞ്ഞവൾ ഇന്ന് തനിക്ക് നേർക്കുനേർ നിന്ന് ആജ്ഞാപിക്കുന്നുവോ!! അവളിൽ കോപം ജ്വലിച്ചു ... ചുവടുകൾ ഒരിക്കൽ കൂടി നിലത്തുറപ്പിച്ച് സ്വാതി ദയയെ നോക്കി പുച്ഛിച്ചു.... ദയക്ക് ദേഷ്യം വരികയുണ്ടായി..... ""എനിക്കറിയാം നീയും അയാൾക്കൊപ്പമാണെന്ന്.....""

ദന്തങ്ങൾ ഞെരിച്ചുടച്ച് സ്വാതിയെ നോക്കി കടുപ്പിച്ച് പറഞ്ഞ് ദയ അവളെ ഒരു വശത്തേക്ക് ആഞ്ഞ് തള്ളി... ദയയുടെ അത്തരമൊരു നീക്കം സ്വാതി പ്രതീക്ഷിക്കാത്തതിനാൽ അവൾ നില തെറ്റി തറയിലേക്ക് വീണു...... നെറ്റി പൊട്ടി ചോര ചിന്തി... വീണ് കിടക്കുന്ന സ്വാതിയെ വക വയ്ക്കാതെയവൾ അകത്തളത്തിലേക്ക് പാഞ്ഞു..... ഇടനാഴിയിലെ ഏറ്റവും അറ്റത്ത് , കോണി കൂടിന്റെ മറ പറ്റി ഇരുട്ടിൽ മുങ്ങി നിൽക്കുന്ന ആ മുറിയിലേക്ക് ദയയുടെ മിഴികൾ നീണ്ടു..... ഉണക്കം പറ്റാത്ത പഴുപ്പ് നിറഞ്ഞ ആഴമുള്ള മുറിവുകളിലേക്ക് കണ്ണീരിന്റെ ഉപ്പ് രസം പേറുന്ന ഓർമ്മകൾ കഠാര കണക്കെ കുത്തി തുളച്ച് കയറുന്ന പോൽ അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ടായി അവൾക്ക് .... ആ മുറിവുകളിൽ നിന്ന് രക്തവും , ചലവും പടരുന്നു......!!

സമ നില നഷ്ടപ്പെട്ടവളെ പോലെ ഓടി ചെന്ന് ആ മുറി വാതിൽ ആഞ്ഞ് തള്ളി തുറന്നു ദയ..... മെത്തയിൽ രവീന്ദ്രൻ ഇരിക്കുന്നു.... അയാളുടെ വലതു കൈ തലം മുന്നിലുള്ള കുഞ്ഞിന്റെ ചുമലിലാണ്... അയാൾ കൈ വച്ച ചുമലിലെ വെള്ള കമ്മീസ്കൈ താഴ്ന്ന് കിടക്കുന്നത് കണ്ട് ദയയുടെ കണ്ണുകൾ തുറിച്ചു.... അഞ്ച് വയസ്സിലെ തന്റെ ചിത്രം കണ്ണാടിയിൽ പ്രതിബിംബമായി തെളിഞ്ഞത് പോലെ തോന്നി അവൾക്ക്.. പതിയെ യാഥാർഥ്യത്തിൽ നിന്നും ഭൂതകാല സ്മരണകളിലേക്ക് അവളുടെ ബുദ്ധിയും , ഹൃദയവും ചേക്കേറി... തനിക്ക് മുന്നിൽ മറ്റൊരു ദയ...!!! യാദൃശ്ചികമായി ദയയെ അവിടെ കണ്ടപ്പോൾ രവീന്ദ്രൻ പതറി... അയാളുടെ കണ്ണുകൾ അവൾക്ക് പിന്നിലേക്ക് വ്യഗ്രതയോടെ പാഞ്ഞു... ആരുമില്ലെന്ന് കണ്ടതും കണ്ണുകൾ വന്യമായി തിളങ്ങി....

ഇത്ര നാൾ കയ്യിൽ നിന്നും വഴുതി പോയ വേട്ട മൃഗം വീണ്ടും തന്റെ കൂട്ടിലകപ്പെട്ടതിന്റെ ആഹ്ലാദം... ഇനി വിട്ട് കളയില്ലെന്നയാൾ മനസ്സാലെ ഉറപ്പിച്ചു.... ""ഇതാര്..വല്യമാമേടെ ദച്ചൂട്ടിയോ...."" ദയ അയാളെ രൂക്ഷമായി നോക്കി... പിന്നീട് ഓടി ചെന്ന് അയാൾക്ക് മുന്നിൽ നിന്നും കുഞ്ഞിനെ എടുത്ത് മാറോട് ചേർത്ത് സാരി തലപ്പ് കൊണ്ട് പൊതിഞ്ഞു പിടിച്ചു.... ""നിനക്ക് ഇനിയും മതിയായില്ല അല്ലേടാ നായെ......"" ദയയുടെ വാക്കുകൾ രവീന്ദ്രനെ അരിശം കൊള്ളിച്ചു.... ദയക്ക് മറുപടി നൽകാതെ അയാൾ ധൃതിയിൽ ചെന്ന് വാതിലടച്ച് കൊളുത്തിട്ട ശേഷം അവൾക്ക് നേരെ പിന്തിരിഞ്ഞു.... """യെന്താടി... ഇവിടന്ന് തൊട്ടപ്പുറത്തേക്ക് കടന്നപ്പോഴേക്കും നിന്റെ നാക്കിനൊക്കെ നീട്ടം കൂടിയോ??"" ദയയുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ച് പറിച്ച് മാറ്റി നിർത്തി രവീന്ദ്രൻ അവളുടെ കവിളിൽ കുത്തി പിടിച്ച് ജനലരികിലേക്ക് തള്ളി നീക്കി...

അവൾ സർവ്വ ശക്തിയുമപയോഗിച്ച് രവീന്ദ്രന്റെ കൈകൾ തട്ടി മാറ്റി കിതപ്പോടെ അയാളെ നോക്കി...... അവളുടെ നോട്ടം കണ്ടയാൾ കുടിലതയോടെ ചിരിച്ചു.... ""നീ വന്ന സമയം കൊള്ളാം.... കാത്തിരിക്കായിരുന്നു ഞാൻ പലതിനും... ഓർമ്മയുണ്ടോ ഇതു പോലെ... ഒരു ദിവസം...."" കാര്യമേതും അറിയാതെ ഇരുവരെയും നോക്കി നിൽക്കുന്ന കുഞ്ഞിലേക്ക് വിരൽ ചൂണ്ടിയയാൾ ചോദിച്ചപ്പോൾ ദയക്ക് ശ്വാസം മുട്ടി.... മേലാകെ എന്തൊക്കെയോ ജീവികൾ അരിക്കുന്ന പോലെ.... ചെവികൾക്ക് ചുറ്റും വല്ലാത്തൊരു മൂളക്കം മുഴങ്ങുന്നത് പോലെ.... മനസ്സ് കൈപിടിയിൽ നിന്നും അകന്ന് പോകുന്നു.... ചുറ്റും ഇടിവെട്ടി മഴ പെയ്യുന്നൊരു ദിവസം അവളോർത്തു... കയ്യിൽ മുറുകെ പിടിച്ചിരുന്ന സ്വർണ്ണ നിറത്തിൻ മുടിയിഴകളുള്ളൊരു പാവ കുഞ്ഞ്.....!!! കണ്ണിന് മുന്നിൽ പലതും മിന്നി മറയവേ അവൾക്ക് വല്ലാത്ത പരിഭ്രമം തോന്നി...

കണ്ണുകൾ ഇറുകെ അടച്ചവൾ ചുറ്റിലും കാതോർത്തു..... മഴ പെയ്യുന്നുണ്ടോ!!! ചിന്തയോടെ നിൽക്കുമ്പോഴാണ് ചുമലിൽ രവീന്ദ്രന്റെ കൈ തലം അമർന്നത്..... അവൾ അയാളെ തുറിച്ച് നോക്കി..... ""അല്ലെങ്കിൽ വേണ്ടാ......""" അലസമായി പറഞ്ഞയാൾ തനിക്ക് പിന്നിലുള്ള കുഞ്ഞിനെ കൈ മാടി വിളിച്ചു..... ""പൊന്നുമോൾ വന്നേ......"" തേൻ പുരണ്ട വാക്കുകളിൽ മയങ്ങിയാ കുഞ്ഞ് അയാൾക്കരികിലേക്കടുത്തു.... രവീന്ദ്രൻ കുഞ്ഞിനരികിൽ മുട്ട് കുത്തിയിരുന്ന് അവളുടെ മുടിയിഴകളെ തഴുകിയൊതുക്കി .... തൊട്ടടുത്ത നിമിഷം ദയ ആ കുഞ്ഞിനെ വലിച്ച് അവൾക്കരികിലേക്ക് നിർത്തി പിന്നീടയാളുടെ ചുമലിൽ ആഞ്ഞ് ചവിട്ടി.... രവീന്ദ്രൻ കമിഴ്ന്നടിച്ച് വീണു.... ആ കാഴ്ച്ച ദയയെ പുളകം കൊള്ളിച്ചു.... വർഷങ്ങളായുള്ള പക അവളിൽ അഗ്നിയായി ആളവേ കണ്ണുകൾ സംഭ്രാന്തിയോടെ ചുറ്റിലും എന്തിനോ തേടി...... പിന്നീട് അതേ വ്യഗ്രതയോടെയവൾ , എഴുന്നേൽക്കാൻ ശ്രമിക്കുന്ന രവീന്ദ്രനരികിലേക്ക് കുനിഞ്ഞിരുന്ന് അയാളുടെ അരയിൽ കൈകൾ കൊണ്ട് പരതി....

വീണ വീഴ്ച്ചയിൽ നിന്നും നിവർന്നെഴുന്നേൽക്കാൻ അയാൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായി.... പ്രായം അയാളെ തളർത്തുന്നുണ്ടായിരുന്നു..... ഒപ്പം ദയയുടെ അത്തരമൊരു സമീപനവും അയാളെ വിസ്മയിപ്പിച്ചു.... രവീന്ദ്രന്റെ അരയിൽ നിന്നും കയ്യിൽ തടഞ്ഞ കത്തി വലിച്ചെടുക്കവേ ദയയുടെ കണ്ണുകൾ ക്രൂരമായി മിന്നി... ഒരു നിമിഷം രവീന്ദ്രൻ ഭയപ്പെട്ടു.... എഴുന്നേൽക്കാൻ ശ്രമിക്കവേ ദയ ചാടി എഴുന്നേറ്റ് തന്റെ വലത് കാൽ രവീന്ദ്രന്റെ നെഞ്ചിൽ അമർത്തി വച്ചു... രവീന്ദ്രന്റെ കണ്ണുകൾ ഭീതിയോടെ ദയയെയും , അവളുടെ കയ്യിലെ കൂർത്ത അഗ്രമുള്ള കത്തിയെയും വലം ചെയ്യവേ അയാളുടെ ഹൃദയമിടിപ്പേറുന്നത് ദയ തന്റെ ഉള്ളം കാലിലൂടെ അറിയുകയുണ്ടായി.... അവളൊരു ഉന്മാദിയെ പോലെ മന്ദഹസിച്ചു.....

ഒരിക്കൽ കൂടി തന്റെ കാൽ വിരലുകൾ അയാളുടെ നെഞ്ചിലമർത്തി..... ""അച്ഛാ....വാതിൽ തുറക്ക്....."" പുറത്ത് നിന്നും സിദ്ധാർഥ് വാതിലിൽ ആഞ്ഞ് കൊട്ടി... രവീന്ദ്രന് അല്പം ആശ്വാസം തോന്നി.... ""മോനെ....അച്ഛനെ രക്ഷിക്ക്....."" അയാൾ ഉറക്കെ കരഞ്ഞു... പക്ഷേ പറഞ്ഞ് അവസാനിപ്പിച്ചതും ദയയുടെ കയ്യിലെ കത്തി ഉയർന്ന് താഴ്ന്നിരുന്നു .... അത് രവീന്ദ്രന്റെ വലത് നെഞ്ചിലേക്ക് തുളഞ്ഞ് കയറി.... അയാളുടെ കണ്ണുകൾ തുറിച്ചു.... വായ മലർക്കേ തുറന്നു..... അയാളുടെ നെഞ്ചിൽ നിന്നും ചീറ്റിയ ചുടു ചോര ദയയുടെ മുഖമാകെ പരന്നു.... ""നിന്നെ രക്ഷിക്കാൻ ആരും വരില്ലെടാ.... """ ദയ ആർത്ത് ചിരിച്ച് കൊണ്ട് അയാളിലേക്ക് വീണ്ടും കത്തി കുത്തിയാഴ്ത്തി...... ഒട്ടും അറയ്ക്കാതെ..... കൈകൾ വിറ കൊള്ളാതെ...!!.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story