ദയാ ദുർഗ: ഭാഗം 28

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

"നിന്നെ രക്ഷിക്കാൻ ആരും വരില്ലെടാ..." ദയ ആർത്ത് ചിരിച്ച് കൊണ്ട് അയാളിലേക്ക് വീണ്ടും കത്തി കുത്തിയാഴ്ത്തി...... ഒട്ടും അറയ്ക്കാതെ..... കൈകൾ വിറ കൊള്ളാതെ...!! വാതിൽ ചവിട്ടി തുറന്ന് അകത്തേക്ക് കയറിയ സിദ്ധാർഥ് മുന്നിലെ കാഴ്ച്ച കണ്ട് തരിച്ച് നിന്നു..... അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... ചലനമറ്റ് കിടക്കുന്ന തന്റെ അച്ഛനും , കയ്യിൽ കത്തിയുമായി അതി ക്രൂര ഭാവത്തോടെ നിൽക്കുന്ന ദയയും.... സിദ്ധാർഥിന് പിന്നാലെ ഓടി കയറിയ ശ്രീറാമിന്റെ മിഴികളും ഒരു നിമിഷം തുറിച്ചു പോയി..... പിന്നാലെ എത്തിയ മഹാലക്ഷ്മിയുടെയും, സുരഭിയുടെയും, സാവിത്രിയുടെയും , സ്വാതിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല.... തനിക്ക് മുന്നിൽ ശില കണക്കെ നിൽക്കുന്ന സിദ്ധാർഥിനെ പിടിച്ചു മാറ്റി ശ്രീറാം ഓടി ചെന്ന് രവീന്ദ്രന്റെ മുഖത്തൊന്ന് തട്ടി നോക്കി.... അയാളൊന്ന് ഞെരങ്ങി.... ""കിച്ചു.......!!!'"

ശ്രീറാമിന്റെ ശബ്ദം നാല് പാടും മുഴങ്ങി... ശബ്ദം ശ്രവിച്ച് കൈലാസ് മുകളിലെ നിലയിൽ നിന്നും താഴേക്ക് പാഞ്ഞെത്തി... മുന്നിലെ കാഴ്ച്ച കണ്ട് അവനും പതറി... ""എ... എന്താ.. ഏട്ടാ... ഇത്.....??"" പതർച്ചയോടെ ചോദിച്ചു കൈലാസ്.... ""വേഗം... വേഗം.... ആശുപത്രിയിൽ എത്തിക്ക്....."" ""ഏട്ടാ......"" കൈലാസ് വിറയലോടെ വിളിച്ചു.... ""വേഗം കൊണ്ട് പോവാൻ.....!!"" ശ്രീറാം അലറി..... ദയ കണ്ണുകൾ നാല് പാടും ചലിപ്പിച്ച് ശ്രദ്ധയോടെ നിന്നു.... പിന്നെ കയ്യിലെ കത്തി ഒരിക്കൽ കൂടി മുറുകെ പിടിച്ച് വീണ്ടും രവീന്ദ്രനെ കുത്താനാഞ്ഞു.... കത്തി അയാളുടെ ദേഹത്തിലാഴ്ന്നിറങ്ങും മുന്നേ ശ്രീറാമിന്റെ കൈകൾ അവളെ തടഞ്ഞിരുന്നു..... എഴുന്നേറ്റ് ദയയെ മുറുകെ ചുറ്റിപ്പിടിച്ചവൻ അവളുടെ കയ്യിലെ കത്തി പിടിച്ച് പറിച്ച് വാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞു...... ദയ ശ്രീറാമിന്റെ കൈകളിൽ കിടന്ന് കുതറി......, അലറി വിളിച്ചു....,

രവീന്ദ്രനെ വീണ്ടും വീണ്ടും മുറിവേൽപ്പിക്കാനുള്ള ദാഹം അവൾക്കുള്ളിൽ നുരഞ്ഞ് പൊന്തി .... കൈലാസ്സും , സിദ്ധാർഥും ചേർന്ന് രവീന്ദ്രനെ പുറത്തേക്കെടുക്കവേ സാവിത്രിയും സ്വാതിയും ഉറക്കെ കരഞ്ഞ് കൊണ്ട് അവർക്ക് പിന്നാലെ പോയി ....... സുരഭി ഓടി ചെന്ന് തന്റെ കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു... അപ്പോഴും എന്താണ് സംഭവിച്ചതെന്ന് അവർക്കാർക്കും നിശ്ചയമുണ്ടായിരുന്നില്ല.... ""എന്താ ദുർഗ്ഗ താനീ കാണിച്ചത്....."" തന്റെ കൈപിടിയിൽ നിന്ന് കുതറുന്ന ദയയെ ഒരിക്കൽ കൂടി അമർത്തി പിടിച്ച് ശ്രീറാം ചോദിച്ചു..... അവന്റെ ശബ്ദത്തിൽ വല്ലാതെ ആശങ്ക നിറഞ്ഞിരുന്നു... ""ഞാൻ... ഞാൻ കൊന്നു...ഈ കൈകൊണ്ട് കൊന്നു അയാളെ...... എന്നെ പോലെ......ആ കുഞ്ഞിനേയും..."" ദയ വിറയലോടെ ശ്രീറാമിന്റെ നെഞ്ചിലേക്ക് മുഖമമർത്തി...

പെട്ടന്നെന്തോ ഓർത്ത പോൽ അവളുടെ കണ്ണുകൾ ചുറ്റുപാടും പാഞ്ഞു .. അവസാനം അത് സുരഭിയുടെ കഴുത്തിലൂടെ കൈ ചുറ്റി അവരുടെ ചുമലിലേക്ക് ചാഞ്ഞ് കിടക്കുന്ന കുഞ്ഞിലെത്തി നിന്നു.... ഒറ്റ നിമിഷം കൊണ്ട് ശ്രീറാമിൽ നിന്നും ശക്തമായി കുതറിയോടിയവൾ കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു... ""പേടിക്കണ്ട ട്ടോ... അയാളൊന്നും ചെയ്യില്ല... ഞാൻ... ഞാൻ കൊന്നില്ലേ...... ഇനി കരയണ്ട......."" ഭ്രാന്തമായി പദം പറഞ്ഞ് കൊണ്ടിരിക്കുന്നവളെ ശ്രീറാം അലിവോടെ നോക്കി... അപ്പോഴേക്കും കഴിഞ്ഞ കാര്യങ്ങളുടെ ഏകദേശ രൂപം അവന് മനസ്സിലായിരുന്നു... ദയയുടെ കയ്യിൽ കിടന്ന് ഭീതിയോടെ കരയുന്ന കുഞ്ഞിനെ ശ്രീറാം ബലമായി പിടിച്ച് വാങ്ങി സുരഭിയെ ഏൽപ്പിച്ചു..... ""നിങ്ങൾ പോകരുത്......"" കുഞ്ഞുമായി ആ അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാൻ ഒരുങ്ങിയവരെ ശ്രീറാം തടഞ്ഞു.... അവരുടെ മിഴികളിൽ തളം കെട്ടിയ ഭയവും, ദയനീയതയും മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു അവൻ ....

""എന്താണ് ശ്രീ ഇതൊക്കെ...?? എന്ത്‌ അബദ്ധാ കുഞ്ഞേ നീ ഈ ചെയ്തത്...."" നിറമിഴികളോടെ മഹാലക്ഷ്മി ദയയെ നോക്കി.... അവളുടെ കവിളിലും , കഴുത്തിലും , കൺപീലികളിലുമെല്ലാമായി പറ്റി പിടിച്ചിരിക്കുന്ന രക്തം കാണെ അവർക്ക് അവജ്ഞ തോന്നി.... ഒപ്പം ഭീതിയും..... തനിക്ക് ചുറ്റുമുള്ള ആരും ദയയുടെ ശ്രദ്ധയിലില്ലായിരുന്നു.... എന്തൊക്കെയോ മുറുമുറുത്ത് കൊണ്ട് അപ്പോഴും ശ്രീറാമിന്റെ കൈക്കുള്ളിൽ ഒതുങ്ങി നിൽക്കുകയായിരുന്നു അവൾ ......!! മഹാലക്ഷ്മിക്ക് മറുപടി നൽകാതെ ശ്രീറാം ഇടനാഴിയിലൂടെ ദയയുമായി മുന്നോട്ട് നടന്നു..... വാതിൽക്കൽ നിറകണ്ണുകളുമായി നിൽക്കുന്ന ഗോപുവിനെയും , ശരണിനെയും , ചാരു കസേരയിൽ തളർന്നിരിക്കുന്ന പ്രഭാകര വർമ്മയെയും നിസ്സഹായമായി നോക്കിയവൻ ദയയുമായി ചായപ്പിലേക്ക് നടന്നു ....... 🌼🌼🌼🌼

ആശുപത്രി വരാന്തയിലെ കസേരയിൽ നിശ്ചലമായിരിക്കുന്ന സിദ്ധാർഥിനെ വീക്ഷിക്കുകയായിരുന്നു കൈലാസ്.... സിദ്ധാർഥിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് .... ഇരു മിഴികളിലെയും നേത്ര ഗോളങ്ങൾ അണുവിട ചലിക്കാതെ ഒരു ബിന്ദുവിൽ തറഞ്ഞു നിൽക്കുന്നു.... അവന്റെ ഇരു കൈകളിലെയും , കഴുത്തിലെയും ഞരമ്പുകൾ വരിഞ്ഞു മുറുകി പിടച്ചു നിൽക്കുന്നത് കാണെ കൈലാസിനല്പം ഭയം തോന്നി... ദയയോടുള്ള പക...!! അത് മാത്രമാണ് അവന്റെ മനസ്സിൽ ആളിക്കൊണ്ടിരിക്കുന്നതെന്ന് കൈലാസിന് തോന്നി..... എന്നിട്ടും അവനെന്തിനാണ് ഡോക്ടറോട് കള്ളം പറഞ്ഞത്!! വല്യമ്മാമ നില തെറ്റി മുറ്റത്തേക്ക് വീണപ്പോൾ കമ്പി തുളച്ച് കയറിയതാണെന്ന ഇല്ലാ കഥ മെനഞ്ഞുണ്ടാക്കിയത് എന്തിനാണ് ....!!

എത്രയൊക്കെ ഡോക്ടർ തിരിച്ച് മറിച്ച് നിർബന്ധിച്ച് ചോദിച്ചിട്ടും അവൻ അതേ ഉത്തരത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ്..... അറിയാവുന്ന ഡോക്ടറുടെ കയ്യും കാലും പിടിച്ച് പോലീസ് കേസ് ആക്കരുതെന്ന് യാചിച്ചിരിക്കുന്നു... അവന്റെ ഉദ്ദേശം എന്തായിരിക്കും!! ചിന്തയോടെ നിൽക്കവേ സിദ്ധാർഥ് കൈലാസിനരികിലെത്തി അവന്റെ ചുമലിൽ കൈ വച്ചു...... ""എനിക്കൊന്ന് വീട്ടിൽ പോകണം..."" എന്തിനാണെന്ന് ചോദിക്കാൻ കൈലാസിന്റെ മനസ്സ് തുടിച്ചെങ്കിലും മൗനം പൂണ്ടവൻ പോക്കറ്റിൽ നിന്നും കാറിന്റെ കീ എടുത്ത് സിദ്ധാർഥിന് നൽകി....... ""ഞാനുമുണ്ട്.... എനിക്ക് അവളെയൊന്ന് കാണണം......"" ഉറച്ച വാക്കുകളോടെ സാവിത്രി സിദ്ധാർഥിനെ പിന്തുടർന്നു.... 🌼🌼🌼🌼 വീട്ടിലെത്തി കാറിൽ നിന്നും ധൃതിയിൽ ഇറങ്ങി സിദ്ധാർഥ് നേരെ ചായപ്പിലേക്ക് നടന്നു.....

അവന് പിന്നാലെയായി സാവിത്രിയും..... ഉമ്മറ കോലായിൽ തന്നെയായി ദയയും, ശ്രീറാമുമൊഴികെ എല്ലാവരും ഉണ്ട്.... ആരെയും വക വയ്ക്കാതെ അക തളത്തിലേക്കോടി കയറി സിദ്ധാർഥ് താഴെയുള്ള എല്ലാ മുറിയിലും ദയയെ തിരഞ്ഞു... കാണാതെ വന്നപ്പോൾ മുകൾ നിലയിലേക്ക് ഓടി കയറി.... സിദ്ധാർഥിന്റെ വരവ് പ്രതീക്ഷിച്ചെന്ന പോൽ നടു മുറി വാതിലിന് മുന്നിൽ ശ്രീറാം നിൽപ്പുണ്ടായിരുന്നു.... സിദ്ധാർഥിന്റെ കണ്ണുകൾ തനിക്ക് മുന്നിൽ നിൽക്കുന്ന ശ്രീറാമിലേക്കും , അവന് പിന്നിലായുള്ള താഴിട്ട് പൂട്ടിയ മുറി വാതിലിലേക്കും ധ്രുത ഗതിയിൽ ചലിച്ചു കൊണ്ടിരിക്കെ ശ്രീറാം ദീർഘമായി നിശ്വസിച്ച് അവനരികിലേക്ക് നടന്നടുത്തു..... ""ദയ എവിടെ.... എനിക്കവളെ കാണണം..."" ശ്രീറാമിനെ മുഖവുരയ്‌ക്കെടുക്കാതെ സിദ്ധാർഥ് ശാഠ്യത്തോടെ പറഞ്ഞു....

""സിദ്ധാർഥ് നമുക്ക് സംസാരിക്കാം..."" """എനിക്ക് തന്നോടൊന്നും പറയാനില്ല... ദേ നോക്ക്....ഭ്രാന്തെടുത്ത് നിക്ക്യാ ഞാൻ.... എന്റെ അച്ഛനെയാ അവള് കുത്തി കീറി ജീവച്ഛവം ആക്കി ഇട്ടിരിക്കുന്നത്.......അതെന്തിനാണെന്ന് എനിക്കറിയണം....... അവളെ വിളിക്ക്...."" """വിളിക്കാം... ഞാൻ വിളിക്കാം... പക്ഷേ അതിന് മുമ്പ്..കുറച്ച് സമയം... വളരെ കുറച്ച് സമയം താനെനിക്ക് തരണം... പ്ലീസ്...വരൂ.......""" മടിച്ച് നിൽക്കുന്ന സിദ്ധാർഥിനെ ബലമായി താഴേക്ക് കൊണ്ട് പോയി ശ്രീറാം...... ഹാളിൽ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു..... ഒട്ടും സമയം പാഴാക്കാതെ ശ്രീറാം സുരഭിക്കരികിൽ ചാഞ്ഞ് നിൽക്കുന്ന കുഞ്ഞിനെ തനിക്കരികിലേക്ക് കൈ മാടി വിളിച്ചു.... ആദ്യമൊന്ന് മടിച്ചെങ്കിലും അവൾ പതിയെ കുണുങ്ങി കുണുങ്ങി ശ്രീറാമിനരികിൽ ചെന്ന് നിന്നു...... ""വാവയോട് ആ വല്യച്ഛൻ എന്താ പറഞ്ഞെ??"

" വളരെ സൗമ്യമായി.... അത്രമേൽ വാത്സല്യത്തോടെ ശ്രീറാം ചോദിച്ചു.... അവന്റെ ചോദ്യം കേട്ട് സിദ്ധാർഥ് തന്റെ കൈ മുഷ്ഠി ചുരുട്ടി പിടിച്ചു..... ""ഒന്നും പറഞ്ഞില്ലല്ലോ...."" ഇരു കയ്യും മലർത്തി അവൾ നിഷ്കളങ്കമായി പറഞ്ഞു..... ശ്രീറാമിനല്പം ആശങ്ക തോന്നി... താൻ ചിന്തിച്ചത് പോലെയൊന്നുമല്ലേ കാര്യങ്ങൾ നടന്നിരിക്കുന്നതെന്ന സംശയം അവനുള്ളിൽ തലപൊക്കി തുടങ്ങി... ""മോളെ ഉപദ്രവിച്ചില്ലേ???"" അവൻ വീണ്ടും ചോദിച്ചു.. ""ല്ല......."" ഇരുവശത്തേക്കും തല ചലിപ്പിച്ചവൾ പറഞ്ഞത് കേട്ടപ്പോൾ സിദ്ധാർഥിന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടവൻ പൊട്ടിത്തെറിച്ചു .... ""നിങ്ങളെന്താ സമർത്ഥിക്കാൻ ശ്രമിക്കുന്നത്?? എന്റെ അച്ഛൻ ഈ കുഞ്ഞിനെ ഉപദ്രവിച്ചെന്നോ???ഹേ?? അതിലൂടെ ദയയെ രക്ഷിക്കാനാണോ തന്റെ ഉദ്ദേശം?? എന്റച്ഛനെ എനിക്കറിയാം.... മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള മനസ്സ് ആ പാവത്തിനില്ല..

. ഉണ്ടായിരുന്നെങ്കിൽ നിങ്ങളകത്ത് സുരക്ഷിതയാക്കി നിർത്തിയ ഒരുത്തി ഇല്ലേ... അവളെയായിരുന്നു എന്റച്ഛനാദ്യം ഇല്ലാണ്ടാക്കുക..... പക്ഷേ അച്ഛന് കഴിയാത്തത് ഞാൻ ചെയ്യും..... ആ നശിച്ചവളുടെ മരണം.. ദാ... എന്റെയീ കൈകൾ കൊണ്ടായിരിക്കും..നിങ്ങളെല്ലാവരും കൂടെ അവളെ ഏത് പാതാളത്തിൽ കൊണ്ടൊളിപ്പിച്ചാലും എന്റച്ഛനോട് അവൾ ചെയ്ത തെറ്റിന് ഞാൻ പകരം ചോദിച്ചിരിക്കും ...."" സിദ്ധാർഥിന്റെ അട്ടഹാസം കേട്ട് ആ കുഞ്ഞി പെണ്ണ് ശ്രീറാമിന്റെ നെഞ്ചിൻ ചൂടിലേക്കൊതുങ്ങി നിന്നു.. അവൾ ഭയപ്പാടോടെ സിദ്ധാർത്തിലേക്കൊളി കണ്ണെറിഞ്ഞു... ശ്രീറാം നിസ്സഹായനായി കുഞ്ഞിനെ നോക്കി ..... അവസാന ശ്രമമെന്നോണം അവനൊരിക്കൽ കൂടെ ചോദിച്ചു.. ""ആ വല്യച്ഛൻ മോളെ ഒന്നും ചെയ്തില്ലെന്ന് ഉറപ്പല്ലേ.......""" ചോദിക്കുമ്പോൾ അവന്റെ ശബ്ദം നന്നേ നേർത്തിരുന്നു... ""ഇല്ലല്ലോ ....ഒന്നും ചെയ്തില്ല.... മോൾക്ക് കൊറേ കൊറേ ഉമ്മാ തന്നു... ദാ... ഇവിടേം.. ഇവിടേം ഒക്കെ....

തന്റെ സ്വകാര്യ ഭാഗങ്ങളിൽ കൈ ചേർത്ത് പറയുന്ന കുഞ്ഞ് മോളെ കാണെ ശ്രീറാമിന് തന്റെ ഹൃദയം വിങ്ങി.... നെഞ്ചിൽ പേരറിയാത്തൊരു നൊമ്പരം നിറയുന്ന പോലെ... ഒരിക്കലും ചോദിക്കാൻ പാടില്ലാത്തതാണ്... പക്ഷേ ഇനിയും മിണ്ടാതിരുന്നാൽ!!!! ""ഒരു സൂത്രം കാണിച്ചെരാന്ന് പറഞ്ഞ് കുഞ്ഞ് മോളെ കുപ്പായം ഊരാൻ പോയപ്പോഴാ ആ ചേച്ചി.....""" പറഞ്ഞ് മുഴുമിപ്പിക്കും മുന്നേ "" എന്റെ മോളേ""യെന്നലറി കൊണ്ട് സുരഭി പാഞ്ഞ് വന്ന് അവളെയെടുത്ത് തന്റെ മാറോടൊതുക്കി... ഹൃദയം രണ്ടായി പിളർന്നപ്പോൽ ആ അമ്മ മനം വേദനിച്ചു... കണ്ണുകൾ നിറഞ്ഞൊലിച്ചു..... ശ്രീറാം വേദനയോടെ ആ കാഴ്ച്ച കണ്ട് നിന്നെങ്കിലും അവന് വല്ലാതെ സമാധാനം തോന്നി..... രവീന്ദ്രന്റെ മുഖം മൂടി എല്ലാവർക്ക് മുന്നിലും അഴിഞ്ഞു വീണിരിക്കുന്നു... അവൻ സുരഭിയെ പിടിച്ച് സോഫയിലേക്കിരുത്തി......

"""എന്നോട് വിരോധമൊന്നും തോന്നരുത്.... ഇതൊന്ന് ക്ലിയർ ചെയ്യാൻ വേണ്ടിയാണ് ഞാൻ ഇവിടെ പിടിച്ചു നിർത്തിയത്.... വിഷമിക്കരുത്...നിങ്ങളുടെ കുഞ്ഞിനൊന്നും സംഭവിച്ചിട്ടില്ല... അവൾക്ക് എല്ലാം പഠിപ്പിച്ചു കൊടുക്കണം.... സ്നേഹം കൊണ്ടുള്ള തലോടലും , കാമം കൊണ്ടുള്ള തലോടലും വ്യത്യസ്തമാണെന്ന് മനസ്സിലാക്കി കൊടുക്കണം...അമ്മയായ നിങ്ങൾക്കേ അതിന് സാധിക്കൂ... നിങ്ങൾക്ക് മാത്രം....!!""" ആശ്വാസം പകർന്നു കൊണ്ടവൻ അവരുടെ ചുമലിൽ പതിയെ തട്ടി കുഞ്ഞ് മോളുടെ നെറുകിലൊന്ന് ചുംബിച്ചു..... ശേഷം പിന്തിരിഞ്ഞ് സിദ്ധാർഥിനേയും , സാവിത്രിയെയും നോക്കി..... ഇരുവരും തരിച്ച് നിൽക്കുകയാണ്..... അവർ മാത്രമല്ല.. ചുറ്റിലുള്ള എല്ലാവരുടെയും അവസ്ഥ അത് തന്നെയാണ്.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story