ദയാ ദുർഗ: ഭാഗം 29

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

"""എന്നോട് വിരോധമൊന്നും തോന്നരുത്.... ഇതൊന്ന് ക്ലിയർ ചെയ്യാൻ വേണ്ടിയാണ് ഞാൻ ഇവിടെ പിടിച്ചു നിർത്തിയത്.... വിഷമിക്കരുത്...നിങ്ങളുടെ കുഞ്ഞിനൊന്നും സംഭവിച്ചിട്ടില്ല... അവൾക്ക് എല്ലാം പഠിപ്പിച്ചു കൊടുക്കണം.... സ്നേഹം കൊണ്ടുള്ള തലോടലും , കാമം കൊണ്ടുള്ള തലോടലും വ്യത്യസ്തമാണെന്ന് മനസ്സിലാക്കി കൊടുക്കണം...അമ്മയായ നിങ്ങൾക്കേ അതിന് സാധിക്കൂ... നിങ്ങൾക്ക് മാത്രം....!!""" ആശ്വാസം പകർന്നു കൊണ്ടവൻ അവരുടെ ചുമലിൽ പതിയെ തട്ടി കുഞ്ഞ് മോളുടെ നെറുകിലൊന്ന് ചുംബിച്ചു..... ശേഷം പിന്തിരിഞ്ഞ് സിദ്ധാർഥിനേയും , സാവിത്രിയെയും നോക്കി..... ഇരുവരും തരിച്ച് നിൽക്കുകയാണ്..... അവർ മാത്രമല്ല.. ചുറ്റിലുള്ള എല്ലാവരുടെയും അവസ്ഥ അത് തന്നെയാണ്.... ശ്രീറാം ശ്വാസമൊന്ന് നീട്ടിയെടുത്ത് സിദ്ധാർഥിനഭിമുഖമായി നിന്നു.....

""ഇനിയങ്ങോട്ട് ഞാൻ പറയുന്നത് തനിക്ക് വിശ്വസിക്കാം , വിശ്വസിക്കാതിരിക്കാം... ഈ കുട്ടിയോട് തന്റെ അച്ഛൻ ചെയ്ത പ്രവർത്തി അയാൾ ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല...... ദുർഗ്ഗ......!! ദുർഗ്ഗയായിരുന്നു അയാളുടെ ഈ വെറി പിടിച്ച സ്വഭാവത്തിന് ഇരയാക്കപ്പെട്ട ആദ്യത്തെ പെൺകുട്ടി..... വെറും ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ....."" കേട്ട് നിന്നവരിൽ പ്രഭാകരവർമ്മയൊഴികെ ബാക്കി എല്ലാവരും അതി ഭീകരമായി ഞെട്ടി ..... ഗോപുവും ശരണും പരസ്പരം നോക്കി.... ശ്രീറാം എങ്ങനെയാണിതറിഞ്ഞതെന്ന സംശയമായിരുന്നു അവർക്കുള്ളിൽ.... ""ഇല്ലാ.....ഞാനിത് വിശ്വസിക്കില്ല......"" സിദ്ധാർഥ് ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു..... മറുപടിയായി ശ്രീറാമൊന്ന് പുഞ്ചിരിച്ചു... ആവോളം പുച്ഛം കലർന്ന പുഞ്ചിരി... ""അച്ഛൻ അച്ഛനെങ്ങനയൊന്നും......ഇല്ല....

.നിങ്ങൾ കള്ളം പറയുകയാണ്... എന്റച്ഛൻ.... എന്റച്ഛനവളെ സ്വന്തം മകളെ പോലെയാണ് സ്നേഹിച്ചത്......""" സിദ്ധാർഥ് വാദിച്ചു.... താനൊരു മൂഢ ലോകത്താണ് സിദ്ധാർഥ്.... കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ് നീ.... ഈ പിഞ്ച് കുഞ്ഞിനോട്‌ ഇത്തരത്തിലൊരു പ്രവർത്തി ചെയ്ത നിന്റച്ഛൻ ദുർഗ്ഗയെ വെറുതെ വിടുമെന്ന് നീ കരുതുന്നുണ്ടെങ്കിൽ.......... വാക്കുകൾ അർദോക്തിയിൽ നിർത്തി ശ്രീറാം സിദ്ധാർഥിനെ നോക്കി... ""എ...എന്ത് കൊണ്ട്... എന്ത് കൊണ്ട് ഇത്രയും നാളും അവളാരെയും ഇതൊന്നും അറിയിച്ചില്ല......??"" വീണ്ടും ചോദ്യങ്ങൾ ചോദിച്ചവൻ തന്റച്ഛനെ വെള്ള പൂശാൻ ശ്രമിച്ചു... അവർക്കെവിടെയെങ്കിലും അടി പതറിയാലോ!!! ""ആര് പറഞ്ഞു അവളാരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന്?? ചോദിച്ചു നോക്ക് നിങ്ങൾടെ അമ്മേടെ അടുത്ത്.......""

ഗോപു ഉച്ചത്തിൽ ആക്രോശിക്കവേ സിദ്ധാർഥിന്റെ കണ്ണുകൾ അവിശ്വസനീയതയോടെ സാവിത്രിക്ക് നേരെ നീണ്ടു..... അവർ അവനെ നോക്കിയതേ ഇല്ല... ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിന്നു... സിദ്ധാർഥിന് തന്റെ കൈ കാലുകൾ വിറയ്ക്കുന്നത് പോലെ തോന്നി... തന്റെ പതനം പൂർത്തിയായിരിക്കുന്നു!! അച്ഛൻ!! അച്ഛനവളോടുള്ളത് ഇത്തരത്തിലുള്ള സ്നേഹമായിരുന്നോ!! ""അല്ലെങ്കിലും അവൾ എങ്ങനെയാണ് സിദ്ധാർഥ് നിങ്ങളോടൊക്കെ എന്തെങ്കിലും പറയുന്നത് ? സ്നേഹം പോയിട്ട് സൗമ്യതയോടെയെങ്കിലും നിങ്ങളാ പെൺകുട്ടിയെ നോക്കിയിട്ടുണ്ടോ?? ഒരു മനുഷ്യന് നൽകേണ്ട എന്തെങ്കിലും പരിഗണന ഈ കഴിഞ്ഞ കാലമത്രയും നിങ്ങളവൾക്ക് നൽകിയിട്ടുണ്ടോ?? ഒര് വാക്ക് പറയുകയോ , ഒന്ന് തലോടുകയോ, എപ്പോഴെങ്കിലും അവളുടെ മുഖത്ത് നോക്കി ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ താനും , തന്റെ അമ്മയും.....?? സ്വാതിയെ പോലെയല്ലേ സിദ്ധാർഥ് നിനക്കവൾ...

നിന്റെ അമ്മയുടെ സഹോദരി നിനക്കമ്മ തന്നെയല്ലേ..... ദുർഗ്ഗ നിന്റെ പെങ്ങളല്ലേ.... നിന്റെ രക്തമല്ലേ...???"" ചോദ്യങ്ങൾ സിദ്ധാർഥിനെ വല്ലാതെ ശ്വാസം മുട്ടിക്കുകയുണ്ടായി..... അവന്റെ ഓർമ്മകൾ വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു.... അച്ഛന്റെ കൈ പിടിച്ചു വന്നൊരു കുഞ്ഞ് പെൺകുട്ടി.... സ്വന്തം പേര് പോലും അവൾക്ക് പറയാൻ വഴങ്ങുന്നുണ്ടായിരുന്നില്ല... സ്വാതി വിളിക്കുന്നത് കേട്ട് ഒരിക്കൽ തന്നെ "" ഏത്താ "" എന്ന് കൊഞ്ചി കൊണ്ട് വിളിക്കുകയുണ്ടായി.... അന്ന് അമ്മ അവളെ ഒരുപാട് വഴക്ക് പറഞ്ഞു... പൊതിരെ തല്ലി.... സങ്കടം തോന്നിയിരുന്നു വല്ലാതെ .... അച്ഛനായിരുന്നു വീട്ടിൽ അവൾക്കുണ്ടായിരുന്ന ഏക തുണ.. മൂത്തശ്ശൻ പോലും അവളെ തിരിഞ്ഞ് നോക്കാത്തെന്താണെന്ന് സംശയിച്ചിട്ടുണ്ട് പലപ്പോഴും ...

പോകെ പോകെ അച്ഛന് അവൾ മാത്രം മതിയെന്നായി... സ്വാതിയോടും , തന്നോടും മിതമായി സംസാരിക്കുന്ന അച്ഛൻ അവളെ മാത്രം എപ്പോഴും കൂടെ കൊണ്ട് നടക്കും.. ചുംബിക്കും .. തലോടും... അവിടെ തുടങ്ങി തനിക്കവളോടുള്ള ദേഷ്യം... അവളിൽ തുടങ്ങി അവളിൽ തന്നെ അവസാനിക്കുന്ന അമ്മയുടെ നിരന്തരമുള്ള നീണ്ട പരാതികൾ അവളോടുള്ള രോഷത്തിനാക്കം കൂട്ടി. താൻ വളർന്നപ്പോൾ അവളോടുള്ള പകയും വളർന്നു..... തന്റെ അച്ഛനെ തങ്ങളിൽ നിന്നുമകറ്റിയതിന്റെ വൈരാഗ്യം അവളെ മറ്റാരെക്കാളും , മറ്റെന്തിനേക്കാളും വെറുക്കാനുള്ള കാരണവുമായി...... പക്ഷേ ഇപ്പോൾ!!!! സിദ്ധാർഥിന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി അടർന്ന് നിലം പതിച്ചു.... ""സിദ്ധാർഥ്... തനിക്ക് തന്റെ ഇഷ്ടം പോലെ എന്തും ചെയ്യാം...

.ഇപ്പോഴും ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ തന്റെ സ്നേഹ നിധിയായ അച്ഛനെ ദുർഗ്ഗ കൊല്ലാൻ ശ്രമിച്ചെന്ന് പറഞ്ഞ് പരാതി നൽകാം... പക്ഷേ ഒന്ന് മാത്രം ഓർക്കുക.. ഈ വീട്ടിലുള്ള എല്ലാവരും അവൾക്കൊപ്പമാണ്.... തന്റെ മുത്തശ്ശനടക്കം ദാ ഇവിടെ നിൽക്കുന്ന ഈ കുഞ്ഞിന്റെ അമ്മ പോലും......!! അവൾക്കെതിരെ നിങ്ങളുടെ പരാതി പോകുന്നതിനടുത്ത നിമിഷം തനിക്കും , തന്റെ അച്ഛനും , അമ്മയ്ക്കും , സഹോദരിക്കുമെതിരെ ഞങ്ങൾ നിൽക്കും..... വർഷങ്ങളായ് നിങ്ങൾ അവൾക്കുമേലേൽപ്പിച്ച എല്ലാ ക്രൂരതകളും ഞങ്ങൾ അക്കമിട്ട് നിരത്തും.... നിയമത്തിന്റെ യാതൊരു പരിരക്ഷയും ലഭിക്കാത്ത വിധം ഞാൻ നിങ്ങളെ അടി മുടി പൂട്ടും.... കാരണം ഇനിയൊരു ദുരിതത്തിലേക്ക് അവളെ തള്ളി വിടാൻ എനിക്ക് കഴിയില്ല..... ചേർത്തു പിടിക്കും...ഞങ്ങളാലാവും വിധം.......""" ഉറച്ച വാക്കുകളോടെ ശ്രീറാം തിരിഞ്ഞു നടന്നു .....

കോണി പടിക്കരികിൽ എത്തവേ അവൻ പിന്തിരിഞ്ഞ് സിദ്ധാർഥിനെയൊന്ന് നോക്കി..... ""തന്റെ അച്ഛൻ അവളോട് ചെയ്തതിന് അവൾ നൽകിയ ശിക്ഷയാണ് അയാളിപ്പോൾ അനുഭവിക്കുന്നത്... അതനുഭവിക്കാൻ അയാൾ ബാധ്യസ്ഥനുമാണ്......"" സിദ്ധാർഥ് മറുത്തൊന്നും പറഞ്ഞില്ല.. ശ്രീറാമിനോട് വാദിച്ച് ജയിക്കാൻ മാത്രമുള്ള കരുത്ത് തന്നിൽ ഇല്ലെന്നവന് തോന്നി കാണണം... അല്ലെങ്കിൽ താനും , അച്ഛനും, തന്റെ കുടുംബവും ചെയ്ത ക്രൂരതകൾക്ക് ഒരിക്കലും യാതൊരു വിധതത്തിലുള്ള ന്യായീകരണങ്ങളും അർഹിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടിരിക്കണം.....!! 🌼🌼🌼 ""ഏട്ടാ ഞാനിവിടെ കിടന്നോളാം... ഏട്ടൻ പോയി ഉറങ്ങിക്കോ......."" ദയ കിടക്കുന്ന കട്ടിലിനൊരു വശം ചേർന്ന് കസേരയിലിരിക്കുന്ന ശ്രീറാമിനരികിൽ ചെന്ന് നിന്ന് ഗോപിക പറഞ്ഞു.....

ക്ഷീണം ബാധിച്ച അവന്റെ മിഴികൾ കാണെ അവൾക്ക് വല്ലാത്ത നൊമ്പരം തോന്നി... ഇന്ന് നടന്ന സംഭവത്തിന് ശേഷം ദുർഗ്ഗ വല്ലാതെ അസ്വസ്ഥയാണ്... ഗോപുവിനെ പോലും അടുപ്പിക്കുന്നില്ലായിരുന്നു.... പരിഭ്രാന്തിയോടെ സ്വയം വേദനിപ്പിക്കുകയും, മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.. ഒരു വിധത്തിലാണ് അവളെയൊന്ന് സമാധാനിപ്പിച്ച് കിടത്തിയത് .. ശ്രീറാം ഓർത്ത് കൊണ്ട് ദയയെ നോക്കി... പിന്നീട് ഗോപുവിനെ നോക്കി വിരസ്സമായി പുഞ്ചിരിച്ചു.. ""മോള് പോയി ഉറങ്ങിക്കോ....... ഞാൻ ഇവിടെ ഇരുന്നോളാം...."" ""ഏട്ടന് ഉറങ്ങണ്ടേ??"" ""ഞാൻ കുറച്ച് കഴിഞ്ഞ് മുറിയിലേക്ക് പൊയ്ക്കോളും....."" ""അപ്പൊ ദച്ചു ഇവിടെ ഒറ്റയ്ക്ക്???"" ഗോപിക വേവലാതിയോടെ ചോദിച്ചു... ""അതൊക്കെ ഞാൻ നോക്കിക്കൊള്ളാം... മോള് ചെല്ല്....."" അവൻ സ്നേഹത്തോടെ പറഞ്ഞു... എന്നിട്ടും മടിച്ച് നിന്ന ഗോപികയെ ശ്രീറാം നിർബന്ധപ്പൂർവ്വം മുറിയിലേക്ക് കൊണ്ട് പോയി ആക്കി...

തിരികെ വന്നിരുന്നതിന് ശേഷം എപ്പോഴോ അവനൊന്ന് മയങ്ങി ..... അരികിലെന്തോ അനക്കം തട്ടിയതറിഞ്ഞാണ് ശ്രീറാം മിഴികൾ തുറന്നത്..... ചുറ്റും കട്ട പിടിച്ച ഇരുട്ടാണ്..... നിലാവിന്റെ നേർത്ത ശോഭ പോലുമില്ല.... വീണ്ടും തമ്മിൽ പുണരാൻ വെമ്പുന്ന ഇമകളെ വളരെ പ്രയാസത്തോടെ നിയന്ത്രിച്ചവൻ കൈകൾ സ്വിച്ച് ബോർഡിലേക്ക് നീട്ടി മുറിയിൽ വെട്ടം തെളിയിച്ചു........ തനിക്ക് മുന്നിൽ പിന്തിരിഞ്ഞു നിൽക്കുന്ന സ്ത്രീ രൂപത്തെ കണ്ടവനൊന്ന് ഭയന്നെങ്കിലും അത് ദയയാണെന്ന തിരിച്ചറിവിൽ അവനിൽ നിന്നൊരു നെടുവീർപ്പുയർന്നു.... അപ്രതീക്ഷിതമായി കണ്ണിലേക്ക് കുത്തി കയറിയ വെളിച്ചത്തിൽ ദയ കണ്ണുകളിറുക്കെയടച്ച് കൈകളാൽ അവയ്ക്ക് മീതെ മറ തീർത്തു...... ""എന്താ ദുർഗ്ഗ??"" ശ്രീറാം ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് അടഞ്ഞ ശബ്ദത്തോടെ ചോദിച്ചതും അവൾ ഉടനടി പിന്തിരിഞ്ഞു.....

കണ്ണുകൾ കുറുക്കി,മുറുകിയ മുഖഭാവത്തോടെ തനിക്ക് നേരെ പിന്തിരിഞ്ഞ ദയയെ കണ്ട് ശ്രീറാമിന് ചെറിയ പേടി തോന്നി..... എന്നാൽ ശ്രീറാമിന്റെ മുഖം കണ്ണിൽ പതിഞ്ഞ മാത്ര ദയയുടെ രൗദ്ര ഭാവമയഞ്ഞു.... ഒരുപക്ഷെ അവൾ പ്രതീക്ഷിച്ചത് മാറ്റാരെയെങ്കിലുമായിരിക്കണം .... ""ഈ രാത്രി താനിതെങ്ങോ......"" പറഞ്ഞ് തീരും മുമ്പേ ദയ ഓടി വന്നവന്റെ വാ മൂടി...... ശ്രീറാം അവളെ സംശയത്തോടെ നോക്കി.... ""അവിടെ... അവിടെ അയാളുണ്ട്... പുറത്ത്......"" നാല് പാടും കണ്ണുകൾ ചലിപ്പിക്കുന്ന ദയയെ ഇമ ചിമ്മാതെ നോക്കി ശ്രീറാം തന്റെ ചുണ്ടിന് മീതെയുള്ള അവളുടെ കൈ എടുത്ത് മാറ്റി...... ""അവിടെയെങ്ങും ആരുമില്ല ദുർഗ്ഗാ..."" ""ഉണ്ട്.. അയാളുണ്ട്... എന്നെ... എന്നെ തൊടാൻ.... ഞാൻ കൊല്ലും.... കൊല്ലും ഞാൻ.......""" ഭ്രാന്തമായി പുലമ്പി പുറത്തേക്ക് പാഞ്ഞു ദയ ......

വാതിൽ കടക്കും മുന്നേ ശ്രീറാം ഓടി ചെന്നവളെ ഒരു കയ്യാൽ ചുറ്റി പിടിച്ചെടുത്ത് പൊക്കി വീണ്ടും മുറിയിലേക്ക് കയറ്റി , മറു കയ്യാൽ വാതിൽ പൊളികൾ അമർത്തി അടച്ചു.... അവൾക്കുള്ളിൽ ഓർമ്മകൾ അലയടിച്ചു..... മുമ്പേപ്പോഴോ രവീന്ദ്രൻ അവളുടെ മുറിയിൽ കയറിയവളെ ഇതുപോലെ ചുറ്റി പിടിച്ച സന്ദർഭം കണ്ണിന് മുന്നിൽ തെളിഞ്ഞു.... ഇപ്പോൾ തന്നെ ചുറ്റി പിടിച്ചിരിക്കുന്നത് ശ്രീറാമാണെന്ന ബോധ്യം അവളിലുണ്ടായിരുന്നില്ല.... എങ്ങും രവീന്ദ്രൻ!! അയാളുടെ മുഖം... വന്യത കലർന്ന ചിരി... വലിയ ഇനം പുഴുക്കളെ പോലുള്ള വിരലുകൾ.... കറുത്ത കറ പറ്റിയ ദന്തങ്ങൾ..... ദയ സർവ്വ ശക്തിയുമെടുത്ത് ശ്രീറാമിന്റെ കൈകളിൽ കിടന്ന് കുതറി.. സ്വയ രക്ഷയ്ക്കെന്നോണം അവന്റെ കൈ തണ്ടയിൽ നഖങ്ങളാഴ്ത്തി.... ശ്രീറാമിന് തന്റെ കൈകൾ നീറി... തൊലി നീങ്ങിയിടത്ത് നിന്നും രക്തം പൊടിഞ്ഞു.....

എന്നിട്ടും അവൻ കൈകളയച്ചില്ല.... ""എന്നെ വിടടാ... വിട്... നിന്നെ.. നിന്നെ ഞാൻ കൊല്ലും...""" അവൾ അലറി... ""റിലാക്സ് ദുർഗ്ഗ.. ഇത് ഞാനാണ്..."" ശ്രീറാം ദയയെ നിലത്ത് നിർത്തി അവന് നേരെ തിരിച്ചു... ദയ അല്പ നേരം ശ്രീറാമിനെ തുറിച്ചു നോക്കി.... പിന്നെ പൊട്ടി കരഞ്ഞ് കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.... ""അയാൾ വരും..... എന്നെ വേദനിപ്പിക്കും.... എന്നെ തൊടും....."" അവൾ കുഞ്ഞുങ്ങളെ പോലെ പദം പറഞ്ഞ് കരഞ്ഞു... ശ്രീറാം അവളുടെ നെറുകിൽ തഴുകി.... ""ഇല്ല ദുർഗ്ഗ... അയാളിനി വരില്ല... തന്നെ ഒന്നും ചെയ്യില്ല... ഞാനില്ലേ....."" ""അയാളെ കൊല്ലണം......"" അവൾ വീണ്ടും ശ്രീറാമിന്റെ നെഞ്ചിൽ നിന്നും തലയുയർത്തി അവനെ നോക്കി... ""അ...അയാളെ ഞാൻ കൊന്നു ദുർഗ്ഗ... ഇനി.. ഇനി.. അയാൾ വരില്ല.. ഒരിക്കലും വരില്ല....."" അവളെ സമാധാനിപ്പിക്കാനെന്നോണം ശ്രീറാം പതർച്ചയോടെ പറഞ്ഞു... ദയയുടെ കണ്ണുകൾ തിളങ്ങി.... ""ശെരിക്കും....??"" ഒരുറപ്പിനെന്ന പോൽ അവൾ വീണ്ടും ചോദിച്ചു... മറുപടിയായി അവനൊന്ന് മൂളിയതെ ഉള്ളൂ...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story