ദയാ ദുർഗ: ഭാഗം 3

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

"തളം കെട്ടിയ ഇരുട്ടിൽ കണ്ണുകളിലേക്ക് പതിച്ച വെള്ള വെളിച്ചമാണ് ദയയെ നിദ്രയിൽ നിന്നുമുണർത്തിയത്...... പുളിപ്പോടെ മിഴികൾ ചിമ്മി തുറന്നവൾ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി... ജാലകത്തിനരികിൽ ടോർച്ചുമായി രവീന്ദ്രൻ നിൽക്കുന്നു...... ചുണ്ടുകളിൽ കാമം നിറഞ്ഞ ചിരി .... ഒരു ചെന്നായയുടേത് പോലെ അയാളുടെ കണ്ണുകൾ തന്റെ വേട്ട മൃഗത്തിനായി ആക്രാന്തത്തോടെ പരതുകയാണ്... ദയക്ക് തന്റെ ഹൃദയമിടിപ്പ് നിശ്ചലമായ പോലെ തോന്നി...... ഭീതിയാൽ കണ്ണുകൾ വികസിച്ചു ... അവൾ വെപ്രാളത്തോടെ ഇഴഞ്ഞ് മുറിയിലെ ഇരുമ്പലമാറയ്ക്കരികിലേക്ക് മറഞ്ഞിരുന്നു....... ""മോളെ ദയേ......."" രവീന്ദ്രൻ ഓരോ വശത്തേക്കും വെളിച്ചമടിച്ച് ദയയെ തിരഞ്ഞു..... അവൾ അനങ്ങിയില്ല..... ഓർമ്മകളിൽ കോരി ചൊരിയുന്നൊരു മഴയുള്ള രാത്രിയുടെ മങ്ങിയ ചിത്രങ്ങൾ മിന്നി..... അയാളുടെ തടിച്ച വിരലുകളും... പുറത്തേക്കുന്തിയ വെളുത്ത ദന്തങ്ങളും... ചുവന്ന് വീർത്ത കണ്ണുകളുമെല്ലാം ദയയെ ശ്വാസം മുട്ടിച്ചു...... അവൾ ഇരു കൈകൾ കൊണ്ടും ചെവി പൊത്തി കാൽമുട്ടുകളിലേക്ക് മുഖമൊളിപ്പിച്ച് ഏങ്ങി കരഞ്ഞു ..... ശബ്ദം പുറത്ത് വരാതിരിക്കാനായി ദാവണി ശീലയ്ക്കറ്റം വായിൽ തിരുകി കേറ്റി....... കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ രവീന്ദ്രൻ നിരാശയോടെ തിരികെ മടങ്ങി...

മുറിയിലേക്കുള്ള വെളിച്ചം നിലച്ചതും , അകന്നു പോകുന്ന അയാളുടെ കാലൊച്ചയുമെല്ലാം അറിഞ്ഞെങ്കിലും അവൾ ചലിക്കാതെ അതേ ഇരുപ്പിരുന്നു ...... അയാൾ തിരികെ വന്നാലോ !!!! എന്ന ഭയം......... ആ രാത്രി ഉറങ്ങാതെയവൾ ഭീതിയോടെ കഴിച്ച് കൂട്ടി....... 🌼🌼🌼🌼🌼 അലമാരയെ താങ്ങി ദയ ഇരിപ്പിടത്തിൽ നിന്നും വേച്ചെഴുന്നേറ്റു....... കാല്പാദം നിലത്തമർത്തുമ്പോൾ കാൽ വിരലിൽ തുടങ്ങി ഉച്ചി വരെ അസഹ്യമായ കടച്ചിൽ അനുഭവപ്പെടുന്നു..... അവൾ ദാവണി പാവാട പൊക്കി കാൽതണ്ടയിലേക്ക് നോക്കി..... മന്ത് വന്നത് പോലെ വീർത്തിരിക്കുന്നു....!! പതിയെ അലമാര താങ്ങി ഒരടി വച്ചതും കഠിനമായ വേദനയാൽ തൊണ്ടയിൽ നിന്നുമൊരേങ്ങൽ പുറത്തേക്കുയർന്നു... മിഴികൾ തുളുമ്പി...... ""കൊച്ചമ്മ ഇത് വരെ പള്ളിയുറക്കം കഴിഞ്ഞെഴുന്നേറ്റില്ലേ?? നാശം പിടിച്ചോള്.... മൂക്ക് മുട്ടെ തിന്ന , ഒറങ്ങാ..ഇത് തന്നെ പണി....... തുറക്കെടി നിന്റെ പള്ളിയറ....."" മുരണ്ട് കൊണ്ട് സാവിത്രി ദയയുടെ മുറി വാതിലിൽ ആഞ്ഞ് കൊട്ടി..... അവൾ വേദന കടിച്ചമർത്തി കഴിയാവുന്നത്ര വേഗതയിൽ മുന്നോട്ട് നടന്ന് വാതിൽ തുറന്നു...... അവരുടെ തറപ്പിച്ചുള്ള നോട്ടം താങ്ങാനാവാതെ ദയ മുഖം താഴ്ത്തി.... ""പോയി ആ ചായപ്പ് അടിച്ച് തുടച്ചിട്...... മുകളിലത്തെ നിലയിലെ മേശയും , വാതിലും അലമാരയുമൊക്കെ വൃത്തിയാക്കണം മനസ്സിലായോ????""" അവരുടെ ആജ്ഞയ്ക്കവൾ സമ്മതപ്പൂർവ്വം തലയാട്ടി....

ദയയെ അടിമുടിയൊന്ന് നോക്കിയവർ തിരികെ നടന്നു..... പിന്നാലെ മുറിയടച്ച് ദയയും ഇറങ്ങി..... 🌼🌼🌼🌼🌼 ചായപ്പിലേക്ക് കയറും നേരം വീടിനുമ്മറത്തേതോ വാഹനം വന്നു നിന്നത് പോലെ തോന്നി ദയക്ക്.... പതിവ് വിരുന്ന്ക്കാരാരെങ്കിലുമായിരിക്കും.... ചിലപ്പോ സ്വാതീടെയോ , സിദ്ധേട്ടന്റെയോ കൂട്ടുക്കാർ ആയിരിക്കും.....!! ഊഹാബോഹങ്ങളോടെ ചായപ്പിന്റെ വാതിൽ തള്ളി തുറന്നവൾ ചൂലും, ബക്കറ്റും , തുടയ്ക്കാനുള്ള തുണിയുമായി മുടന്തി അകത്തളത്തിലേക്ക് കയറി...... താഴത്തെ നില അടിച്ച് തുടച്ചപ്പോഴേക്കും ദയ തളർന്നു പോയിരുന്നു..... വിശ്രമിക്കാനായി പതിയെ ഇഷ്ടിക മേഞ്ഞ തറയിലേക്കിരുന്നവൾ നടു നിവർത്തി ....... നിമിഷങ്ങൾ കടന്നപ്പോൾ അടുത്ത് വരുന്ന ആരുടെയോ കാല്പാദമറിഞ്ഞ് ദയ നിലത്ത് കൈകളൂന്നി എഴുന്നേൽക്കാൻ ശ്രമിച്ചു....... സാധിച്ചില്ല...!!! കാലിന്റെ വേദന അവളെ അടിമുടി തളർത്തിയിരുന്നു ..... വീണ്ടും ചുവര് താങ്ങിയവൾ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും ഉമ്മറ വാതിൽ ആരോ ശക്തിയിൽ തള്ളി തുറന്നിരുന്നു.. ദയയുടെ കണ്ണുകൾ വാതിൽക്കലേക്ക് നീണ്ടു.... ഒപ്പം ഉള്ളിൽ പരിഭ്രാന്തിയും ..... മുന്നിൽ നല്ല വസ്ത്രങ്ങളണിഞ്ഞ സുമുഖനായൊരു ചെറുപ്പക്കാരൻ...... കഴുത്തിലൂടെ തൂങ്ങിയാടുന്ന ക്യാമറയെ അയാളുടെ കൈ തലം താങ്ങി പിടിച്ചിട്ടുണ്ട്...

എങ്ങോ കണ്ട് മറന്നൊരു മുഖം....!! അയാൾ പുരികം ചുളിച്ച് , കണ്ണുകൾ കൂർപ്പിച്ച് ദയയെ സംശയത്തോടെ നോക്കി...... ആ നോട്ടം ദയയെ തന്റെ ചിന്തകളിൽ നിന്നുമുണർത്തി .. ക്ഷണ നേരത്തേക്കൊഴിഞ്ഞ് പോയ വെപ്രാളം അവളിൽ വീണ്ടും നിറഞ്ഞു തുടങ്ങിയപ്പോൾ തനിക്ക് മുന്നിലുള്ള വ്യക്തിയെ അവഗണിച്ചവൾ എഴുന്നേൽക്കാനുള്ള പരിശ്രമമാരംഭിച്ചു..... ഒരുവിധം എങ്ങനെയൊക്കെയോ എഴുന്നേറ്റ് നിന്ന നിമിഷം കണ്ണുകളിൽ ഫ്ലാഷിന്റെ വെളിച്ചം മിന്നി...... ദയ മിഴികൾ വിടർത്തി അയാളെ നോക്കി..... ""സ്‌മൈൽ........."" അയാളുടെ നേർത്ത കഠിനമാർന്ന ശബ്ദം അവളിലേക്കൊഴുകിയെത്തി.... ""ഹാ.... ഒന്ന് ചിരിക്കെടോ ........"" ""ചിരി!!!!"" ഏതോ അപരിചിത പദം കേൾക്കുന്ന പ്രതീതി........ അവൾ ചുണ്ടിന് വലത് ഭാഗം വിടർത്തി.... അയാൾ മുഖത്ത് നിന്നും ക്യാമറ മാറ്റിയപ്പോൾ ദയ ജാള്യതയോടെ ചുണ്ടുകൾ പഴയ പടിയാക്കി..... ഒരുപക്ഷേ ഇത്രത്തോളം അരോചകത്വം നിറഞ്ഞ പുഞ്ചിരി അയാൾ മുമ്പ് കണ്ട് കാണില്ല..... എനിക്ക് ചിരിക്കാനറിയില്ല , അല്ലെങ്കിൽ ചിരിക്കാൻ ഞാൻ എന്നേ മറന്ന് പോയെന്ന് ഇയാളോട് എങ്ങനെ പറയും!! പറഞ്ഞാൽ തന്നെ വിശ്വസിക്കുമോ !! ചിരിക്കാനറിയാത്ത മനുഷ്യന്മാർ ഈ ഭൂമിയിലുണ്ടാകുമോ !!" നീയല്ലാതെ ആരും കാണില്ല ദയാ... ആരും..!!!!

'''ഇങ്ങനെയാണോടോ ചിരിക്കുന്നത്???"" പ്രതീക്ഷിച്ച ചോദ്യം.....!! എന്നാൽ ഒരിഞ്ച് അകലത്തിൽ ദയക്കരികിൽ വന്നു നിന്നയാളത് ചോദിച്ചപ്പോൾ അവൾ ഞെട്ടി..... ഇമകൾ പിടഞ്ഞു..... ""താൻ ഏതാ?? ന്താ തന്റെ പേര്???""" ""ദയ...... ഇവിടെ വൃത്തിയാക്കാൻ വന്നതാ...""" അയാൾ ചോദിച്ച ചോദ്യങ്ങൾക്ക് മാത്രം അടക്കി പിടിച്ച ശബ്ദത്തിൽ ഉത്തരം നൽകിയവൾ മുന്നോട്ട് നടന്നതും ആ സ്വരം വീണ്ടും ദയയെ പിടിച്ച് നിർത്തി.... ""എടോ... താൻ ദച്ചു ആണോ??""" ദച്ചു.......!!! മുത്തശ്ശനല്ലാതെ ആദ്യമായാണൊരാൾ സൗമ്യതയോടെ ആ പേര് ഉരുവിടുന്നത്.... ദയ തല ചെരിച്ച് വിസ്മയത്തോടെ അയാളെ നോക്കി...... """ഞാൻ കൈലാസ് ആണ്...കണ്ണൻ... നമ്മളിത് വരെ നേരിൽ കണ്ടിട്ടില്ല....""" ആവേശത്തോടെ പറഞ്ഞയാളെ നോക്കി ദയ യാതൊരു വികാരവുമില്ലാതെ തലയനക്കി.... പൊന്തി വന്ന ആവേശം അയാളിൽ കെട്ടടങ്ങി... ആ മുഖം മങ്ങിയത് ദയ ശ്രദ്ധിച്ചു .... ഒരു പക്ഷേ ഒരാളെ ആദ്യമായി കാണുമ്പോഴുള്ള ആവേശമോ , ആഹ്ലാദമോ തുടങ്ങി ഏതെങ്കിലുമൊരു ഭാവം തന്റെ മുഖത്തുണ്ടാകുമെന്നയാൾ പ്രതീക്ഷിച്ചു കാണണം...... അവൾ ബക്കറ്റും ചൂലും തുണിയുമെല്ലാം എടുത്ത് കോണിപടിയ്ക്കരികിലേക്ക് മുടന്തി നടന്നു... ""എടോ തന്റെ കാലിനെന്ത് പറ്റി...??""" പുറകിൽ നിന്നും വീണ്ടും ചോദ്യമുയർന്നു...

ഇയാൾക്ക് തന്നെ വിടാൻ ഭാവമില്ലേ....!!!! അവൾ തല ചെരിച്ച് കൈലാസിനെ നോക്കി ഒന്നുമില്ലെന്ന് തലയനക്കി... കൈലാസ് അവൾക്കരികിൽ വന്ന് ഒരു കാൽമുട്ട് നിലത്തൂന്നിയിരുന്ന് അധികാരത്തോടെ അവളുടെ ദാവണി പാവാട ചെറുതായൊന്നുയർത്തി നോക്കി..... അവൾ വിരണ്ട് കൊണ്ട് പിന്നോട്ടൊരടി വച്ചു ....... കയ്യിൽ കരുതിയ ബക്കറ്റും തുണിയുമെല്ലാം നിലം പതിച്ചു """ഇതെന്ത് പറ്റിയതാ??""" കല്ലിച്ച ഭാഗത്തൂടെ തള്ള വിരൽ ചലിപ്പിച്ചയാൾ ഉത്തരത്തിനായി ദയയെ മിഴിച്ച് നോക്കി........ അവൾ സംഭ്രമത്തോടെ ഒന്നുമില്ലെന്നർർത്ഥത്തിൽ ഇരുവശത്തേക്കും തല ചലിപ്പിച്ച് മുന്നോട്ട് നടക്കാനൊരുങ്ങിയതും കൈലാസ് എഴുന്നേറ്റ് അവളെ കൈകളിൽ കോരിയെടുത്തു...... ഒരു നിമിഷം തനിക്കെന്താണ് സംഭവിച്ചതെന്ന് ദയക്ക് മനസ്സിലായില്ല... തിരികെ ബോധമണ്ഡലത്തിലേക്കെത്തി ചേർന്നപ്പോഴേക്കും കൈലാസ് ദയയെ കൈകളിലേന്തി ഉമ്മറ വാതിലിനരികിലെത്തിയിരുന്നു ..... """ന്താ കാണിക്കണേ..... ന്നേ വിടൂ......""" """ഓഹ്.. അപ്പൊ ഊമയല്ല അല്ലേ......""" വാക്കുകൾ കൊണ്ടയാൾ ദയയെ പരിഹസിച്ചു.... എന്നാൽ അവളത് കേൾക്കാതെ അയാളുടെ കൈപിടിയിൽ കിടന്ന് ശക്തിയിൽ കൈ കാലിട്ടടിച്ചു....... ""ആരേലും കാണും....ഒന്നെന്നെ വിട്......"""

ദയനീയമാർന്ന സ്വരത്തിലവൾ കൈലാസിനോട് കേണു...... കൈലാസ് അവളിലെ പിടി ഒരിക്കൽ കൂടി മുറുക്കി തന്റെ ശരീരത്തോട് ചേർത്തു..... ദയ കിടന്ന് ഞെരിപിരി കൊണ്ടു..... അവനിൽ നിന്നും പടരുന്ന സുഗന്ധം തന്റെ ഹൃദയത്തിലേക്ക് വ്യാപിക്കുന്നത് പോലെ തോന്നിയവൾക്ക്.... അവന്റെ കൈകളിലെ മാർദ്ദവം മേനിയുടെ ചൂട്..... അധരങ്ങളിലെ ചിരി.... എല്ലാം അവൾക്കുള്ളിലൊരു പരവേശം സൃഷ്ടിക്കുന്നുണ്ടായിരുന്നു.... ""എന്താത് കണ്ണാ??""" അരികെ നിന്നൊരു ഗാംഭീര്യമാർന്ന ശബ്ദം കേട്ടപ്പോൾ ദയ ചുറ്റും നോക്കി..... ഇടനാഴിയിൽ എല്ലാവരും ഉണ്ട്.... വല്യമ്മയും , സ്വാതിയും , സിദ്ധാർത്തും , രവീന്ദ്രനുമെല്ലാം അമർഷത്തോടെ പല്ല്‌ ഞെരിക്കുമ്പോൾ ബാക്കിയുള്ളവർ തങ്ങളെ ആശ്ചര്യത്തോടെ നോക്കുന്നു... """അച്ഛാ..... ഇത് ദച്ചുവാ........ഞാൻ ചായപ്പിലേക്ക് കയറിയപ്പോ അവിടുണ്ടായിരുന്നു......."" ഇയാൾക്കെന്തിനാണ് ഇത്ര ആവേശം... ആദ്യമായാണ് തമ്മിൽ കാണുന്നത്.... അത് കൊണ്ടായിരിക്കുമോ !!!! മുത്തശ്ശൻ തന്നെ ഇവിടേക്ക് കൊണ്ട് വരും മുമ്പ് ശേഖരമ്മാമ കുടുംബമായി ചെന്നൈലേക്ക് മാറി താമസിച്ചിരുന്നു..... തനിക്ക് പതിനാല് പതിനഞ്ച് വയസ്സുള്ളപ്പോഴെങ്ങാനും അമ്മാമയും , അമ്മായിയും മൂന്ന് നാല് ദിവസത്തെ അവധിക്ക് വന്ന ഓർമ്മയുണ്ട്... അന്നും ഇയാളോ , അനിയത്തിയോ ഉണ്ടായിരുന്നില്ല....

അതിനടുത്ത കൊല്ലമായിരുന്നു അമ്മായിയുടെ മരണം..... പിന്നീട് അഞ്ചാറ് വർഷങ്ങളായി അമ്മാമ നാട്ടിലേക്ക് വന്നിട്ടേയില്ല .... """ഇത് ദച്ചുവാണെന്ന് നീ പറഞ്ഞിട്ട് വേണോ അറിയാൻ ....??""" അമ്മാമയുടെ ചോദ്യത്തിനയാൾ ഇളിച്ചു കൊണ്ട് തലതാഴ്ത്തി """അമ്മാമയെ മറന്നോ കുട്ട്യേ ???""" അലിവാർന്ന ശബ്ദത്തോടൊപ്പം സ്നേഹം നിറച്ചൊരു തലോടൽ...... എല്ലാം തനിക്ക് പുതുമയുള്ളതാണ്.... ഏതാണ്ട് ഒരു വർഷം മുന്നെയാണ് മുത്തശ്ശൻ പോലും തന്നോടൊന്ന് സൗമ്യമായി സംസാരിച്ചു തുടങ്ങിയത്.... പണ്ടൊരു നോട്ടം കൊണ്ട് പോലും തന്നെ പരിഗണിക്കാറില്ലായിരുന്നു.... ആദ്യമായി അദ്ദേഹം തന്നെ ദച്ചു എന്ന് വിളിച്ചപ്പോൾ അന്താളിച്ച് പോയിരുന്നു... ഒരുപക്ഷെ വാർദ്ധക്യം നെഞ്ചിലെ വാശിയെയും , അഹന്തയെയും , അഭിമാനത്തെയുമൊക്കെ ദുർബലപ്പെടുത്തി കാണണം....!!! പണ്ട് മുത്തശ്ശൻ തന്നെയായിരുന്നു പോലും അമ്മയ്‌ക്കോ , അമ്മയിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്കോ ഈ തറവാടുമായി യാതൊരു വിധ ബന്ധങ്ങളും ഉണ്ടാകില്ലെന്ന് പറഞ്ഞ് ഈ വീട്ടിൽ നിന്നും അമ്മയെ ആട്ടിയിറക്കി വിട്ടത് ....

ആ കാര്യം വല്യമ്മ ഇടയ്ക്കിടെ മുത്തശ്ശനോട്‌ പറയും..... തനിക്ക് വേണ്ടി ശബ്ദമുയർത്താൻ മുത്തശ്ശന് അവകാശമില്ലെന്ന ഓർമ്മപ്പെടുത്തലും കൂടെയാണ് വല്യമ്മ ആ വാക്കുകളിലൂടെ നൽകുന്നതെന്ന് മുത്തശ്ശന്റെ മൗനത്തിൽ നിന്നും ബോധ്യപ്പെടാറുണ്ട്....... ശ്രീകോവിലകം ഭ്രഷ്ട് കല്പിച്ച സുഭദ്രയുടെയും , വാസുദേവനെന്ന കീഴ്ജാതിക്കാരന്റെയും രക്തത്തിന് കോലോത്തെ അടിച്ച്തളിക്കാരിയാകാൻ പോലും യോഗ്യത ഇല്ലെന്നാണ് വല്യമ്മയുടെ നിലപാട്...... """എന്താ കുട്ട്യേ നീയൊന്നും മിണ്ടാത്തത്???""" """അവൾ അങ്ങനെയേ മിണ്ടുള്ളൂ ശേഖരാ.... എന്തെങ്കിലും ചോദിച്ചാൽ ഒന്നെങ്കിൽ ആംഗ്യം , അല്ലെങ്കിൽ മറുപടിയായി ഒന്ന് മൂളും....""" പ്രഭാകര വർമ്മ പുഞ്ചിരിയോടെ പറഞ്ഞു..... ""അമ്മാളൂന്റെ പ്രകൃതം അല്ല ലേ അച്ഛാ.... അവള് ദേ ഈ മുറ്റത്തെ തുളസി ചെടിയോട് പോലും സംസാരിക്കുമായിരുന്നു..... അത്രയ്ക്ക് വായാടിയായിരുന്നു....""" നേർത്ത പുഞ്ചിരിയോടെ , അതിലേറെ വേദനയോടെ അയാൾ പറഞ്ഞ് നിർത്തി..... മിഴികളിൽ നീർ തിളക്കം..... ഒരേട്ടന്റെ വേദനയാവാം..... തന്റെ അമ്മയെ ഇദ്ദേഹം അത്രയേറെ സ്നേഹിച്ചു കാണണം......!!!! """കണ്ണൻമോനെന്തിനാ അവളെ എടുത്ത് നിൽക്കണത്...??""" ""നാശം ഇന്ന് തേച്ച് കുളിച്ചിട്ടും കൂടെ ഉണ്ടാകില്ല.........""" വല്യമ്മയുടെ ചോദ്യത്തോടൊപ്പം സ്വാതി അവജ്ഞയോടെ തന്റെ ഇഷ്ടക്കേടും പ്രകടമാക്കി...............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story