ദയാ ദുർഗ: ഭാഗം 30

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

തന്റെ ചുമലിൽ തല ചായ്‌ച്ചുറങ്ങുന്ന ഗോപികയെ ഒരിക്കൽ കൂടെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ശ്രീറാം തന്റെ ഉറക്കമുറ്റിയ കൺപോളകൾ അമർത്തി തിരുമ്മി സോഫയിലേക്ക് ചാരി ഇരുന്നു....... രണ്ട് മാസം....!! എത്രപ്പെട്ടന്നാണ് കടന്നു പോയത്.... എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു..... ചിന്തകൾ കാട് കയറവേ ശ്രീറാമിന്റെ നേത്രഗോളങ്ങൾ ക്ഷമക്കെട്ട പോൽ തനിക്ക് മുന്നിലെ ഇടത് വശത്തെ കൺസൾട്ടിങ് റൂമിലേക്ക് നീണ്ടു.... റൂമിന്റെ വാതിൽ അടഞ്ഞു കിടക്കുന്നത് കാണെ നിരാശ തോന്നിയെങ്കിലും അവൻ സമ്യംനം പാലിച്ചു... അല്പ നേരം കഴിഞ്ഞപ്പോൾ വാതിൽ തുറന്നൊരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി..... തന്റെ ചെവിയോട് ചേർത്ത് വച്ച ഫോണിൽ വളരെ ഗൗരവത്തോടെ സംസാരിച്ചു കൊണ്ടിരിക്കവേ പെട്ടന്ന് ശ്രീറാമിനെ കണ്ടവന്റെ മിഴികളൊന്ന് തിളങ്ങി..... പുഞ്ചിരിയോടെ വലത് കയ്യുയർത്തി ശ്രീറാമിനെ നോക്കി അഞ്ച് നിമിഷമെന്ന് കാണിച്ചവൻ ഫോണിലുള്ള തന്റെ സംസാരം തുടർന്നു... "അഖിലേഷ്"!!! മലയാളിയായ റയിൽവേ ഉദ്യോഗസ്ഥൻ ഹരിദാസ് നാരായണന്റെയും , അംബിക ദേവിയുടെയും ഒരേയൊരു മകൻ... ഒന്നാം തരം മുതൽ പ്ലസ്ടു വരെ തനിക്കൊപ്പം കൂടെ ഉണ്ടായിരുന്നവൻ.....

ഇരുകൂട്ടരുടെയും അഭിരുചികൾ വ്യത്യസ്തമായതിനാൽ സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ രണ്ട് പേരും രണ്ട് വഴിക്കായി.... ഇന്നവനൊരു പേര് കേട്ട സൈക്കാട്രിസ്‌റ്റ് ആണ്... അതിന് പുറമേ ആരോരും തുണയില്ലാത്ത പെൺകുട്ടികൾക്കും , വൃദ്ധജനങ്ങൾക്കും സംരക്ഷണമൊരുക്കുന്ന "ദി ബിഗ് ഹാർട്ട്‌ " ഓർഗനൈസേഷന്റെ കൊ ഫൗണ്ടർ. നാട്ടിൽ വച്ച് ദുർഗ്ഗയുടെ അവസ്ഥ വിളിച്ചറിയിച്ചപ്പോൾ എത്രയും പെട്ടന്ന് ഇവിടെ എത്തിക്കാൻ ചട്ടം കെട്ടിയത് അഖിലായിരുന്നു... ഒട്ടും വൈകിക്കാതെ ദുർഗ്ഗയെ ഇവിടേക്ക് കൊണ്ട് വന്നു... അന്നിവിടെ ആക്കിയിട്ട് പോയതാണ്... ഇടയ്ക്ക് വന്ന് കാണാൻ ശ്രമിച്ചെങ്കിലും ദുർഗ്ഗ സമ്മതിച്ചില്ല..... പിന്നീട് അഖിൽ തന്നെ പറഞ്ഞു ചികിത്സ കഴിയുമ്പോൾ വിളിച്ചറിയിക്കാമെന്ന്.... ഇന്നലെ രാത്രി അവന്റെ കോൾ വന്നപ്പോൾ മുതൽ വല്ലാത്തൊരു സന്തോഷമായിരുന്നു.... ഗോപുവാകട്ടെ മര്യാദയ്ക്ക് ഉറങ്ങിയിട്ട് പോലുമില്ല... അവളുടെ നിർബന്ധം കാരണം അതിരാവിലെ തന്നെ ഇവിടേക്ക് പുറപ്പെട്ടു.... വാതിലിൽ കേട്ട രണ്ട് കൊട്ടാണ് ശ്രീറാമിനെ ആലോചനകളിൽ നിന്നുമുണർത്തിയത്..... കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ വാതിൽക്കൽ നിന്ന് അഖിലേഷ് ശ്രീറാമിനെ നോക്കി അരികിലേക്ക് വരാൻ കൈ കാണിച്ചു.. ഗോപികയുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ വളരെ സൂക്ഷ്മതയോടെ അവളെ തന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി ശ്രീറാം അഖിലേഷിനരികിലേക്ക് ധൃതിയിൽ നടന്നു....... ""ദുർഗ്ഗ??"""

അക്ഷമയോടെ ചോദിച്ച ശ്രീറാമിനെ നോക്കി അയാൾ ഹൃദ്യമായി പുഞ്ചിരിച്ചു.... ""അകത്തുണ്ട്....ബട്ട്‌ നീ അവളെ കാണുന്നതിന് മുമ്പ് വി നീഡ് ടു ടോക്ക്.."" ""എന്താ... എന്തെങ്കിലും പ്രശ്നം??"" """ഹേയ് ... കൂൾ മാൻ..... നിന്നോട് ഞാൻ പറയാറുള്ള കാര്യങ്ങൾ തന്നെയാണ്.... അറിയാലോ ഇവിടെ കൊണ്ട് വരുമ്പോഴുണ്ടായിരുന്ന അവളുടെ അവസ്ഥ.... ടു ബി ഫ്രാങ്ക്....വെറും കൗൺസിലിങ്ങും, കുറച്ച് ടാബും കൊണ്ട് മാത്രം അവളെ ഒരു നോർമൽ ലൈഫിലേക്ക് കൊണ്ടു വരാൻ പറ്റുമെന്ന് അന്നെനിക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല.... ആക്ച്വലി അന്ന് ഞാൻ നിനക്ക് തന്ന ഹോപ്‌..ഒരു ഫാൾസ് ഹോപ്പായിരുന്നു..എന്റെ പ്രഫഷണൽ എത്തിക്സ് അനുസരിച്ച് ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്... ബട്ട്‌ നിന്നെ സമാധാനിപ്പിക്കാൻ അന്നെനിക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല...."" ""നീയെന്താ പറഞ്ഞ് വരുന്നത്... ദുർഗ്ഗ... അവൾ.. അവൾ റിക്കവർ ആയില്ലേ....."" ശ്രീറാം ആധിയോടെ ചോദിച്ചു.... ""ഞാൻ മുഴുവൻ പറയട്ടെടോ......ഒന്ന് ക്ഷമിക്ക് നീ......"" ശ്രീറാമിന്റെ ചുമലിൽ കൈ വച്ചവനൊന്ന് മന്ദഹസിച്ചു..... ""ദുർഗ്ഗ ഇപ്പോൾ നോർമൽ ആണ്... ബട്ട്‌ സ്റ്റിൽ.... മുഴുവനായും സുഖപ്പെട്ടു എന്നും എനിക്ക് പറയാൻ സാധിക്കില്ല..... വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ കഴിഞ്ഞ ഒന്നര മാസം മുമ്പ് വരെ അവളുടെ ജീവിതത്തിൽ നടന്നതൊന്നും നല്ല കാര്യങ്ങളല്ല.... എനിക്കിപ്പോഴും അറിയില്ല എങ്ങനെയാണ് ആ കുട്ടി അതൊക്കെ സർവൈവ് ചെയ്തതെന്ന്..!!

അതിനുമപ്പുറം എല്ലാം അവസാനിച്ചെന്ന് കരുതി ഒരു നല്ല ജീവിതം പ്രതീക്ഷിച്ചിടത്ത് നിന്നും വീണ്ടും പഴയതിലും മോശമായ സ്ഥിതിയിലേക്കവൾ കൂപ്പ് കുത്തി വീണു....ഒരുപാട് ഉയരത്തിൽ നിന്നും നന്നേ ആഴമുള്ളൊരു ഗർത്തത്തിലേക്ക്.... പിന്നെ..ദുർഗ്ഗയുടെ മനസ്സിൽ അവളെ ഉപദ്രവിച്ച ആ വ്യക്തി മരിച്ചു പോയിരിക്കുകയാണ്.... അല്ലെങ്കിൽ അവൾ കൊന്നെന്ന ധാരണ...അതിലവൾ അടിയുറച്ച് വിശ്വസിക്കുന്നു.... അത് തിരുത്താൻ ശ്രമിക്കേണ്ട.... അയാളാൽ ക്രിയേറ്റ് ചെയ്യപ്പെട്ട ട്രോമകളിൽ നിന്നും അല്പമെങ്കിലും ആശ്വാസം കിട്ടാൻ അതവളെ സഹായിച്ചേക്കും .... പറഞ്ഞല്ലോ പൂർണ്ണമായൊരു റിക്കവറി ഇതുവരെ സാധിച്ചിട്ടില്ല... സാധിക്കുമോ എന്നും അറിയില്ല... കാരണം അവളുടെ മനസ്സിനേറ്റ മുറിവുകൾ അത്രത്തോളം ആഴമുള്ളവയാണ് ...അത് പൂർണ്ണമായി ബേധപ്പെടാൻ സാധ്യതയില്ല..പക്ഷേ തനിക്ക് സംഭവിച്ചതെല്ലാം അല്പം പക്വതയോടെ അവൾ ആക്സെപ്റ്റ് ചെയ്യാൻ തുടങ്ങിയാൽ , എവെരി തിങ്ങ് വിൽ ബി ഫൈൻ.... ഇനി നീ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... അവളെ ഒരിക്കലും ഒറ്റയ്ക്കിരിക്കാൻ വിടരുത്... കൂടുതലായി ചിന്തിച്ചിരിക്കുന്നത് കണ്ടാൽ അപ്പോൾ അവളുടെ ശ്രദ്ധ മാറ്റിയേക്കണം.... അവളോട് നന്നായി സംസാരിക്കുക.... തിരിച്ചൊരു മറുപടിയൊന്നും പ്രതീക്ഷിക്കണ്ട...

എന്നാലും എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞും ചെയ്യിപ്പിച്ചും അവളെ എൻഗേജ്ഡ് ആക്കി നിർത്തണം..... ഒരിക്കലും ഒരു ഫുൾ റിക്കവറിയിലേക്ക് അവളെ പ്രഷർ ചെയ്യരുത്... ലൈക്ക് എല്ലാം കഴിഞ്ഞില്ലേ , ഇനി അതൊക്കെ മറന്നേക്ക് ....നിനക്കൊന്നും സംഭവിച്ചിട്ടില്ല...... അങ്ങനെ തുടങ്ങുന്ന നമ്മുടെ ടിപ്പിക്കൽ സമാധാനിപ്പിക്കൽ പരിപാടി അവളുടെ അടുത്ത് എടുക്കരുത്... ഗിവ് ഹെർ ടൈം....അവളെ സംബന്ധിച്ചിടത്തോളം അത് എത്ര കാലം വരെയും നീളാം.....ഒരു വർഷം... രണ്ട് വർഷം...ചിലപ്പോൾ മൂന്ന്, നാല് മാസങ്ങൾ .... അതുമെല്ലെങ്കിൽ ഈ ഓർമ്മകളിൽ നിന്നും ഒരിക്കലുമവൾ മുക്തയായിക്കൊള്ളണമെന്നുമില്ല ..... ""അഖീ......"" ശ്രീറാമിന്റെ ശബ്ദം ദയനീയമായി.... ""പേടിക്കണ്ട... ഒരു സാധ്യതയാണ് ഞാൻ പറഞ്ഞത്.... പിന്നെ മരുന്നുകളൊന്നും മുടക്കരുത്....വീക്ക്ലി ഞാൻ അങ്ങോട്ട് വന്നോളാം... അമ്മയും, അച്ഛനും, ശരണുമൊക്കെ എപ്പോഴാ എത്തുന്നത്??"" ""ഒരുമാസം കഴിയും... അവിടെ വില്ലയുടെ പ്രൊജക്റ്റ്‌ ഏകദേശം തുടങ്ങി കഴിഞ്ഞു... അതുകൊണ്ട് ശരണിനും , അച്ഛനും അവിടെ നിന്ന് മാറി നിൽക്കാൻ കഴിയില്ല...."" ""അപ്പൊ എല്ലാം കൂടെ നീ എങ്ങനെയാ..... ദുർഗ്ഗയും കൂടെ വന്നാൽ... ഗോപുവിന് ക്ലാസ്സ്‌ ഇല്ലേ ....""? ""ദാറ്റ്‌സ് ഫൈൻ... ഐ ക്യാൻ മാനേജ്... ശാന്തി അക്ക ഉണ്ടല്ലോ...."" '""നിന്റെ റെക്കോർഡിങ്‌സ്? അപകമിങ് പ്രൊജക്റ്റ്‌സ്....??"" ""ഡസിന്റ് മാറ്റർ...എല്ലാത്തിനും ഒരു ബ്രേക്ക്‌ കൊടുത്തു....പിന്നെ ആൾറെഡി ഏറ്റ് പോയ രണ്ട് റെക്കോർഡിങ് സെഷൻസ് ഉണ്ട്...

അത് നെക്സ്റ്റ് മന്ത് ഫസ്റ്റ് ആണ് ഡേറ്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്....അത് എന്തേലും ചെയ്യാം......"" ശ്രീറാം അലസമായി പറഞ്ഞു... ""സൊ... ഒന്നിന് വേണ്ടിയും തന്റെ കരിയറിൽ വിട്ട് വീഴ്ച്ച ചെയ്യാത്ത... പാഷൻ കൈവെടിയാത്ത ദി ഗ്രേറ്റ്‌ സിംഗർ മിസ്റ്റർ " ശ്രീറാം സായന്ദ് " ഒരു പാവം പെൺകുട്ടിക്ക് വേണ്ടി എല്ലാം മാറ്റി വയ്ക്കുന്നു... ദാറ്റ് മീൻസ് ഷി ഈസ്‌ മോർ ഇമ്പോർട്ടന്റ് ദാൻ........"" അഖിലേഷ് പറഞ്ഞവസാനിക്കും മുമ്പേ ശ്രീറാം അവനെ തടഞ്ഞു...... ""മതി... മതി.... എങ്ങോട്ടാ നീയീ പറഞ്ഞ് കയറുന്നത്?? ഹേ??"" ""മോനെ ശ്രീക്കുട്ടാ......."" ശ്രീറാം ദേഷ്യം നടിച്ചത് കാണെ അഖിലേഷ് കള്ള ചിരിയോടെ നീട്ടി വിളിച്ചു.... ""നീ കരുതുന്നത് പോലെയൊന്നും അല്ല.... ആരോരുമില്ലാത്തൊരു കുട്ടി..... അതിന്റെ അവസ്ഥയറിഞ്ഞപ്പോ എന്തോ ഒരു സങ്കടം.... എന്റെ ഗോപൂന്റെ പ്രായല്ലേ ഉള്ളൂ.... അല്ലാതെ....""' ശ്രീറാം അർദോക്തിയിൽ നിർത്തി അഖിലേഷിനെ നോക്കി... ""ഓ അത്രേ ഉള്ളൂ ലേ.. എങ്കിൽ പോട്ടെ....ഇനിയിപ്പോ എനിക്ക് ചാൻസ് ഉണ്ടല്ലോ.....ഹാ... ഞാൻ ഇടയ്ക്ക് വരാം......""" നെടുവീർപ്പോടെ പറഞ്ഞവനെ ശ്രീറാം ചുഴിഞ്ഞൊന്ന് നോക്കി... അത് വക വയ്ക്കാതെ അഖിലേഷ് അകത്തേക്ക് പ്രവേശിച്ചു... പിന്നാലെ ശ്രീറാമും.... ആ മുറിയും കടന്നവർ വലിയൊരു ഹാളിലേക്ക് കയറി... അത് വളരെ ഭംഗിയായി അലങ്കരിക്കുകയും , നാല് ഭാഗത്തെ ചുവരുകളിൽ ഒരുപാട് ചിത്രങ്ങളും വരച്ച് വച്ചിട്ടുണ്ടായിരുന്നു..... ശ്രീറാം വളരെ ഉത്സാഹത്തോടെ , കൗതുകത്തോടെ എല്ലാം നോക്കി കണ്ടു.....

പലപ്പോഴായി അഖിലിനെ കാണാൻ ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഈ ഹാളിലേക്ക് പ്രവേശിച്ചിട്ടില്ലായിരുന്നെന്ന് അവൻ ഓർത്തു..... ""ശ്രീ.... അങ്ങോട്ട് നോക്ക്..."" ഹാളിന്റെ വലത് വശത്തെ ചുമരിനരികിൽ നിൽക്കുന്ന പെൺകുട്ടിയിലേക്ക് വിരൽ ചൂണ്ടി അഖിൽ ചിരിച്ച് പറഞ്ഞപ്പോൾ ശ്രീറാമിന്റെ ഹൃദയം പെരുമ്പറ മുഴക്കി... ഒറ്റ നോട്ടത്തിൽ അത് ദയയാണെന്ന് മനസ്സിലാക്കെ അവൾ തന്നെ കണ്ടാൽ എങ്ങനെ പ്രതികരിക്കും , ഏത് രീതിയിൽ തന്നോടിടപെടും എന്ന് തുടങ്ങി ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിലൂടെ കടന്നു പോയി ...... വല്ലാത്തൊരു പരവേശം!! ""ഇവിടെ വന്നിരിക്കുന്ന പെൺകുട്ടികൾ എല്ലാം തമ്മിൽ തമ്മിൽ സംസാരിക്കും... പക്ഷേ ദുർഗ്ഗ...ദുർഗ്ഗ മാത്രം ആ ചിത്രങ്ങൾ തൊട്ട് തലോടി അങ്ങനേ നടക്കും..."" ""അവൾ അങ്ങനെയാണ് അഖീ ... വലുതായി ആരോടും സംസാരിച്ച് ഞാൻ കണ്ടിട്ടില്ല... ഗോപുവിനോട് പോലും...."" ""നോക്ക് ശ്രീ .... വളർന്നു വരുന്ന ഓരോ കുട്ടിയുടെയും പേഴ്സണാലിറ്റി ഡെവലപ്പ് ചെയ്യുന്നതിൽ , അല്ലെങ്കിൽ അവരുടെ ക്യാരക്റ്റർ മോൾട് ചെയ്യുന്നതിൽ ഒരു പർടിക്കുലർ ഏജ്‌ വരെ അവർ ജീവിക്കുന്ന അറ്റ്മോസ്ഫിയർ , ഇടപെടുന്ന മനുഷ്യർ, ആ മനുഷ്യർ തമ്മിൽ സംസാരിക്കുന്ന രീതി , പേരന്റിംഗ് ...തുടങ്ങി ഒരുപാട് ഘടകങ്ങൾ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്... ഒരു പരിധി വരെ ഒരു കുട്ടിയെ കള്ളനും, കൊലപാതകിയും , തത്വ ചിന്തകനുമാക്കുന്നത് അവന്റെ ചുറ്റുപാടും , സമൂഹവും ആണെന്ന് പറഞ്ഞാൽ നമുക്ക് നിഷേധിക്കാനാകില്ല.......

ഇവിടെ ആരോരും തുണയില്ലാത്ത ഒരു കുട്ടി... ആരോടും ഉള്ള് തുറന്ന് സംസാരിക്കാനോ, ആരുടെയും സ്നേഹലാളനകൾ അനുഭവിക്കാനോ സാഹചര്യം കിട്ടാതെ , ലൈഫിലെ ഓരോ മോമെന്റും താൻ സെക്ഷ്വലി അബ്യൂസ് ചെയ്യപ്പെടുമോ , അല്ലെങ്കിൽ മെന്റലി , ഫിസിക്കലി ഹരാസ്‌ ചെയ്യപ്പെടുമോ എന്ന ഭീതിയിൽ കഴിഞ്ഞ് കൂടുന്നൊരു പെൺകുട്ടി എങ്ങനെയാണ് ശ്രീ നോർമലായിട്ട് , ടോക്കറ്റീവ് ആയിട്ടിരിക്കുന്നത്....? ആ കുട്ടി ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം..... അങ്ങനെ വേണം കരുതാൻ!! ശ്രീറാം ഒന്നും മിണ്ടാതെ അഖിലേഷിനെ കേട്ട് കൊണ്ടിരുന്നു..... ""വാ .. നമുക്ക് അവളെ കാണാം....."" അഖിലേഷ് ശ്രീറാമിനെയും കൂട്ടി ദയക്കരികിലേക്ക് നടക്കവേ പെൺകുട്ടികളെല്ലാവരും അത്ഭുതത്തോടെ , ആരാധനയോടെ ശ്രീറാമിനെ നോക്കി നിന്നു... അല്പം കഴിയവേ അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം ആളുകളും ശ്രീറാമിനരികിലേക്ക് പാഞ്ഞെത്തി അവനെ വളഞ്ഞു... ""നാൻ ഉങ്കളുടെ പെരിയ ഫാൻ അണ്ണയ്....ഉങ്കളെയെനക്ക് റൊമ്പ പുടിക്കും...."" പത്ത് പതിനഞ്ച് വയസ്സോളം പ്രായം വരുന്ന പെൺകുട്ടി കണ്ണുകൾ വിടർത്തി , കൈകൾ വിരിച്ച് അത്യാവേശത്തോടെ പറഞ്ഞു... ശ്രീറാം ഉള്ളം കയ്യാൽ അവളുടെ ഉണ്ട കവിളിലൊന്ന് തഴുകി.... ""ഉന്നോടെ പേരെന്ന??"" ""നന്ദിനി...."" ""യേൻ നന്ദു?? ഉനക്കെന്നെ പുടിക്കവില്ലയാ??""" അഖിലേഷ് പാതി ഗൗരവത്തോടെയും അല്പം തമാശയോടെയും ചോദിച്ചു... ""ഉന്നെയും പുടിക്കും... നീങ്കയെനക്ക് കടവുൾ മാതിരി..""

അവൾ നെഞ്ചിൽ കൈ വച്ച് ആത്മാർത്ഥതയോടെ പറഞ്ഞത് കേട്ട് അഖിലേഷിനാ പെൺകുട്ടിയോട് വല്ലാത്ത അലിവ് തോന്നി.... അവനവളെ തന്റെ നെഞ്ചോടടക്കി പിടിച്ച് ശ്രീറാമിനെ നോക്കി.... ""ദുർഗ്ഗയെ പോലെ മറ്റൊരു പെൺകുട്ടി...അബ്യൂസ് ചെയ്തത് വളർത്തച്ഛൻ......"" അഖിലേഷ് പറഞ്ഞത് കേട്ട് ശ്രീറാം അവളെ കനിവോടെ നോക്കി... പിന്നീട് നെറുകിലൊന്ന് തലോടി അവളെ ചേർത്ത് പിടിച്ചു.... തനിക്ക് ചുറ്റും കൂടി നിന്നവർ ഒരിടത്ത് കൂടി നിൽക്കുന്നതും , ഉറക്കെ സംസാരിക്കുന്നതും , ശബ്ദമുണ്ടാക്കുന്നതും കേട്ടാണ് മുന്നിലുള്ള ചിത്രത്തിൽ കണ്ണും നട്ട് നിന്ന ദയയുടെ ശ്രദ്ധ തെറ്റിയത്... പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു എല്ലാവരും ചേർന്ന് ആരെയോ വലയം ചെയ്തിരിക്കുന്നത്... ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന രീതിയിൽ അവളുടെ മുറിയിലേക്ക് നടക്കാനൊരുങ്ങവേ അഖിലേഷ് ഉറക്കെ വിളിച്ചു പറഞ്ഞു.... ""ദുർഗ്ഗ... തന്നെ കാണാനാ ആള് വന്നിരിക്കുന്നത്......"" ദയയുടെ കാലുകൾ പിടിച്ച് കെട്ടിയത് പോലെ നിന്നു...

അവൾ തിടുക്കത്തോടെ പിന്തിരിഞ്ഞു നോക്കിയതും ശ്രീറാം തനിക്ക് മുന്നിലുള്ളവരെയെല്ലാം പുഞ്ചിരിയോടെ വകഞ്ഞു മാറ്റി അവൾക്കരികിലേക്കടുത്തു...... ഓരോ ചുവട് വയ്ക്കുമ്പോഴും ശ്രീറാം അവളെ സാകൂതം വീക്ഷിക്കുകയായിരുന്നു.... ആളൊന്ന് കൂടെ മെലിഞ്ഞിട്ടുണ്ടെന്ന് തോന്നിയവന് ... തളർച്ച ബാധിച്ച കണ്ണുകൾ.... കാതും , കഴുത്തും , കയ്യുമെല്ലാം ഒഴിഞ്ഞ് കിടക്കുന്നു...... ഒരു മുന്തിരി കളർ ചുരിദാറാണ് വേഷം... നീളമേറിയ ചുരുണ്ട മുടിയിഴകൾ പിന്നി കെട്ടി മുന്നോട്ട് ഇട്ടിട്ടുണ്ട് . വളരെ യാദൃശ്ചികമായി തന്നെ കണ്ട അമ്പരപ്പായിരുന്നു ആ കണ്ണുകളിൽ ആവോളം .... കൈ വിരലുകൾ സംഭ്രാന്തിയോടെ തമ്മിൽ കൊരുത്തിരിക്കുന്നു..... "" എന്നെ മറന്നോ ദുർഗ്ഗ ??"" അവൾക്കരികിലെത്തി ശ്രീറാം ചോദിച്ചു... ചോദിക്കണമെന്ന് കരുതിയതായിരുന്നില്ല.. പക്ഷേ അവൻ പോലുമറിയാതെ നാവിൽ നിന്നുമാ ചോദ്യം അവൾക്ക് നേരെയുതിർന്നു............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story