ദയാ ദുർഗ: ഭാഗം 31

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""മറന്നോ ദുർഗ്ഗ എന്നെ??"" അവൾക്കരികിലെത്തി ശ്രീറാം ചോദിച്ചു... ചോദിക്കണമെന്ന് കരുതിയതായിരുന്നില്ല.. പക്ഷേ അവൻ പോലുമറിയാതെ നാവിൽ നിന്നുമാ ചോദ്യം അവൾക്ക് നേരെയുതിർന്നു.... ദയയുടെ വലിയ മിഴികളൊന്ന് നിറഞ്ഞു... ഒന്നും പറയാതെ മുഖം താഴ്ത്തിയ പെണ്ണിനെ ശ്രീറാം അലിവോടെ നോക്കി... ദുർഗ്ഗയെ കൊണ്ട് പോകാനാ ശ്രീ വന്നത്.... ""ഞാൻ... ഞാനിവിടെ നിന്നോട്ടെ..."" മുഖമുയർത്താതെ തന്നെ ദയ ചോദിച്ചത് കേൾക്കെ ശ്രീറാമിന്റെ മുഖം മങ്ങി... പക്ഷേ അഖിലേഷ് പുഞ്ചിരിച്ചതേ ഉള്ളൂ.... ""ദുർഗ്ഗയെ എങ്ങനെയാ ഞാൻ ഇവിടെ നിർത്തുന്നത്?? ഇവിടെ ആരോരുമില്ലാത്ത കുട്ടികൾക്കല്ലേ ഇടം കൊടുക്കുന്നത്??""" ""എനിക്കും ആരുമില്ലല്ലോ.... അച്ഛനും, അമ്മയും ആരും... ആരുമില്ലല്ലോ....."" ചോദിക്കുമ്പോൾ അവളുടെ ഹൃദയത്തിൽ നിന്നും ചോര കിനിഞ്ഞു...

ശ്രീറാമിന് വല്ലാതെ സങ്കടം അനുഭവപ്പെട്ടു.... അല്പം ദേഷ്യവും.... അവൾ സുഖം പ്രാപിക്കാനായി രണ്ട് മാസമായി കാത്തിരിക്കുന്നു .. ഓരോ തവണ അഖിലേഷിനെ വിളിക്കുമ്പോഴും നെഞ്ചിൽ അളവറ്റ പ്രതീക്ഷയുണ്ടായിരിക്കും... അവൾ സുഖപ്പെട്ടു എന്ന് പറയുന്നത് കേൾക്കാനായി... എന്നിട്ടിപ്പോൾ പറഞ്ഞത് കേട്ടില്ലേ അവൾക്കാരുമില്ലെന്ന്!!! ശ്രീറാം മറുപടി പറയാനൊരുങ്ങവേ അഖിലേഷിന്റെ മിഴികളവനെ തടഞ്ഞു.... ""ദുർഗ്ഗ...എന്നെ നോക്കൂ... തനിക്കെല്ലാവരും ഉണ്ട്... താൻ ഓക്കെ ആയി വരുന്നതും കാത്തിരിക്കുന്ന ഒരുപാട്പേർ ... ശ്രീ , ഗോപിക , ശരൺ , ശ്രീടെ അമ്മ , ഉദയങ്കിൾ...... എത്രയും വേഗം താൻ സുഖപ്പെട്ട് വരണമെന്ന പ്രാർത്ഥനയോടെയാണ് ഓരോ ദിവസവും ഇവരൊക്കെ ഓരോ ദിവസവും കഴിഞ്ഞിരുന്നത്.... ദാ നോക്കൂ...ഈ ശ്രീ തന്നെ എന്നെ ഒരു ദിവസം നാലഞ്ച് തവണ വിളിക്കുമായിരുന്നു തന്റെ കാര്യങ്ങളന്വേഷിക്കാൻ...."" അഖിലേഷത് പറഞ്ഞപ്പോൾ ദയ മിഴികൾ മാത്രമുയർത്തി ശ്രീറാമിനെ നോക്കി....

അവന്റെ നോട്ടം തന്നിലേക്കാണെന്ന് മനസ്സിലാക്കെ അവൾ വെപ്രാളം പൂണ്ട് മിഴികൾ താഴ്ത്തി... ""ദുർഗ്ഗയെ എന്നെ ഏൽപ്പിച്ചത് ശ്രീറാം ആണ്... നൗ യുവർ ട്രീറ്റ്മെന്റ് ഈസ്‌ ഓവർ...ആൻഡ്..യു ഹാവ് ടു ഗോ.... തനിക്കെപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാം... ഒരു വിസിറ്റർ ആയി മാത്രം......."" അഖിലേഷ് കൂട്ടി ചേർത്തു....... ദയ ഒന്നും മിണ്ടിയില്ല..... ""ദുർഗ്ഗാ....വാടോ... പുറത്ത് ഗോപു തനിച്ചാണ്....."" ശ്രീറാം പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ദയ നിന്നുരുകി... ഇനിയും ആർക്കുമൊരു ബുദ്ധിമുട്ടാകാൻ അവൾക്ക് താത്പര്യമുണ്ടായിരുന്നില്ല... പ്രത്യേകിച്ച് ശ്രീറാമിനും , കുടുംബത്തിനും.... 'താൻ കാരണം അവരൊരുപാട് കഷ്ടപ്പെട്ടു.... പക്ഷേ ഇവിടം വിട്ടാൽ മറ്റെവിടേക്ക് പോകും!! വേറാരുണ്ട് കൂട്ടിന്.....!! ഈ നാടിനെ കുറിച്ചോ , ഇവിടെ വസിക്കുന്നവരെ കുറിച്ചോ , എന്തിന് ഉപയോഗിക്കുന്ന ഭാഷ പോലുമറിവില്ല... തമിഴ്നാടാണെന്ന് മാത്രം അറിയാം!! ' അവളുടെ ചിന്തകൾ അധികരിച്ചു ...

അഖിലേഷ് ശ്രീറാമിനെ നോക്കി... അയാളുടെ കണ്ണുകൾ ദയയെ കൂടെ കൂട്ടാനുള്ള മൗനാനുവാദം നൽകി ശ്രീറാമിന്.... തൊട്ടടുത്ത നിമിഷം ശ്രീറാം ദയയുടെ ഉള്ളം കയ്യിലേക്ക് കൈ കോർത്തു.... അവൾ ദയനീയമായി അവനെ നോക്കി... ""പേടിക്കണ്ട... തനിക്ക് ഞങ്ങളെല്ലാവരും ഉണ്ട്... ഒരിക്കലും കൈവിടില്ല......"" അവളുടെ കൈകളെ അമർത്തി പൊതിഞ്ഞവൻ മറ്റൊന്നും പറയാതെ മുന്നോട്ട് നടന്നു.. നടന്നു നീങ്ങവേ ദയ പിന്തിരിഞ്ഞ് അഖിലേഷിനെ നോക്കി.... അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു... നീണ്ടു വിടർന്നയാ മിഴികളിൽ തുളുമ്പുന്നത് തന്നോടുള്ള നന്ദിയാണെന്ന് തോന്നി അവന്... ആ പാവം പെണ്ണിനവനോടുള്ള കടപ്പാട്!! നേരമേറെ കഴിഞ്ഞിട്ടും ഗോപുവിന്റെ സ്നേഹ പ്രകടനങ്ങൾ അവസാനിക്കാത്തത് ശ്രീറാമിനെ വല്ലാതെ മുഷിപ്പിച്ചു... ദയയെ കണ്ട നിമിഷം മുതൽ അവളെ തൊട്ടും , തലോടിയും , ചുംബിച്ചും അതിനിരട്ടി കരഞ്ഞും എന്തൊക്കെയോ പദം പറയുകയാണവൾ....

ദുർഗ്ഗയാണെങ്കിൽ ഒരക്ഷരം മിണ്ടുന്നില്ല... ശ്രദ്ധ പോലും മറ്റെവിടെയോ ആണ്.... ""മതി ഗോപു... ബാക്കി വീട്ടിൽ ചെന്നിട്ട്.."" ഗതിക്കെട്ട് ശ്രീറാം ഗോപികയെ ദയയിൽ നിന്നും അടർത്തി മാറ്റി പറഞ്ഞു... അതിഷ്ടപ്പെടാത്ത പോൽ ശ്രീറാമിനെ നോക്കി കണ്ണുരുട്ടി ഗോപിക വീണ്ടും പോയി ദയയോടൊട്ടി , ശേഷം അവളെയും കൂട്ടി പുറത്തേക്കിറങ്ങി.... പിന്നാലെ ചിരിയോടെ ശ്രീറാമും... 🌼🌼🌼🌼🌼 മുന്നിലെ വലിയ ഗേറ്റ് കടന്ന് ശ്രീറാമിന്റെ കാർ സാമാന്യം വലിപ്പമുള്ളൊരു ഇരുനില വീടിന്റെ മുറ്റത്തേക്കിരച്ച് കയറി... ഒരു വശത്തെ ഡോർ തുറന്ന് ഗോപു പുറത്തേക്കിറങ്ങിയിട്ടും ദയയിറങ്ങാത്തത് കണ്ട് കാറിന്റെ റിയർവ്യൂ മിററിലൂടെ ശ്രീറാം അവളെ നോക്കി... ദയയുടെ കണ്ണുകൾ പരിഭ്രമത്തോടെ ചുറ്റും അലയുന്നതവൻ കുറച്ച് നേരം നോക്കിയിരുന്നു.... പിന്നീട് സീറ്റ്‌ ബെൽറ്റ്‌ അടർത്തി മാറ്റി ഡോർ തുറന്ന് പുറത്തേക്കിറങ്ങി ദയക്കായി അവളിരിക്കുന്ന വശത്തെ ഡോർ തുറന്ന് കൊടുത്തു.....

""ഇറങ്ങടോ.....ഇതാണ് ഞങ്ങളുടെ....... സ്സ്... സോറി....നമ്മുടെ വീട്...."" ദയ അവനെയൊന്ന് നോക്കി... ഇറങ്ങാൻ അപ്പോഴും അവൾക്ക് മടിയുണ്ടായിരുന്നു...... ശ്രീറാമിനത് മനസ്സിലാവുകയും ചെയ്തു... ""വാടോ......"" ശ്രീറാം വളരെ താഴ്മയോടെ വീണ്ടും വിളിച്ചു.... അവന്റെ വാക്കുകളെ പിന്തള്ളാനായില്ല ദയക്ക്.... സീറ്റിലൂടെ പതിയെ നിരങ്ങി നീങ്ങി പുറത്തേക്കിറങ്ങിയവൾ ചുറ്റിലും നോക്കി...... മുറ്റത്തെ പൂന്തോപ്പിനരികിൽ പത്തമ്പത് വയസ്സിനോടടുത്ത് പ്രായമായൊരാൾ നിൽക്കുന്നു... അയാൾ 'തന്നെ' സൂക്ഷിച്ചു നോക്കുന്നത് കണ്ട് ദയക്കാകെ വല്ലായ്മ തോന്നി.... ഏതാണീ പുതുമുഖം എന്നാകും അയാളുടെ മനസ്സിൽ!! ദയ ചിന്തിച്ചു..... ശ്രീറാം മുന്നോട്ട് നടന്നപ്പോൾ തല കുനിച്ച് അവനെ പിന്തുടർന്ന് ദയയും ചുവട് നീക്കി..... ""നീങ്ക സൊന്ന പൊണ്ണ് ഇവൾതാനാ??"" പരുഷമായൊരു സ്ത്രീ ശബ്ദം കേട്ടാണ് ദയ മുഖമുയർത്തിയത്.... ഉമ്മറ വാതിൽക്കൽ ഒരു സ്ത്രീ നിൽക്കുന്നു....

കറുത്ത് മെലിഞ്ഞ് സുന്ദരിയായൊരു സ്ത്രീ.... അമ്പത് വയസ്സുനോടടുത്ത് പ്രായമുണ്ടായിരിക്കണം... അല്പം നിരച്ചതെന്ന് തോന്നിക്കുന്ന ഒരു കോട്ടൺ സാരിയാണ് വേഷം... നെറ്റിയിൽ കുങ്കുമം കൊണ്ടൊരു വട്ട പൊട്ടും അവയ്ക്ക് മീതെയായി മഞ്ഞൾ കൊണ്ടൊരു കുറിയും വരച്ചിട്ടുണ്ട്.. മൂക്കിൻ തുമ്പിൽ കുഞ്ഞ് പൂവ് പോലൊരു വെള്ളക്കൽ മൂക്കുത്തി... ഉരുണ്ട കണ്ണുകൾ.... പിന്നികെട്ടി മുന്നിലേക്കിട്ടിരിക്കുന്ന നീളൻ മുടിയിഴകളുടെ അറ്റത്ത് മുല്ലപ്പൂ ചുറ്റിക്കെട്ടിയിരിക്കുന്നു.... ഈരണ്ട് കൈകളിലും മൂന്ന് നാല് കരിവളകൾ... കാണാൻ തന്നെ വല്ലാത്തൊരു ചേല്.... ദയ വളരെ കൗതുകത്തോടെ അവരെ തന്നെ നോക്കി നിന്നു.... ""വാമാ.... "" അവർ പടിയിറങ്ങി വന്ന് ദയയുടെ ഉള്ളം കയ്യിലേക്ക് കൈ ചേർത്തു.... ""ദുർഗ്ഗ.... ഇത് ശാന്തി അക്ക..... ഇവിടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അക്കയാണ്....."" ശ്രീറാം നറു ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ ഗോപിക അതിനെ ഏറ്റു പിടിച്ചു... ""അതേ... ഇവിടത്തെ ഓൾ ഇൻ ഓൾ ആണ് നമ്മുടെ ശാന്തി അക്ക....""" ഗോപിക കൊഞ്ചലോടെ... ഒരുപാട് സ്നേഹത്തോടെ..

അവരുടെ ഇരുകവിളുകളും പിടിച്ചു വലിച്ചു..... ""പോതും... പോതും....."" അവർ പുഞ്ചിരിയോടെ കയ്യുയർത്തി ഗോപുവിനെ തടഞ്ഞു.... അവളൊന്ന് ചിണുങ്ങി കൊണ്ട് അല്പം മാറി നിന്ന് തൊട്ടപ്പുറത്തേക്ക് കൈ ചൂണ്ടി..... """അതാണ് ഞങ്ങളുടെ വീട് ......"" ദയ തല ചെരിച്ച് ഗോപു കൈ ചൂണ്ടിയിടത്തേക്ക് നോക്കി... ഒരു മതിൽക്കെട്ടിനപ്പുറത്തുള്ള വലിയൊരു വീട്..... ""അവിടേക്ക് നമുക്ക് കുറച്ച് കഴിഞ്ഞ് പോകാം.... ഇപ്പൊ നീ വാ....."" ദയയെയും കൊണ്ടവൾ അകത്തേക്ക് കയറി.... ഹാളിലെത്തിയ ദയയുടെ കണ്ണുകൾ ആദ്യമുടക്കിയത് ഇടത് വശത്തെ ഗ്ലാസ്സ് ഷെൽഫിലായിരുന്നു..... നിറയേ സമ്മാനങ്ങൾ..... എല്ലാം കാണെ അവൾക്ക് വല്ലാത്ത അത്ഭുതവും , പുതുമയും തോന്നി... ""എല്ലാം ശ്രീയേട്ടന്റെയാ......"" ദയയുടെ കണ്ണുകളെ പിന്തുടർന്ന ഗോപിക പറഞ്ഞു.... ദയ മറുപടിയായൊന്ന് തലയാട്ടി... ""ദുർഗ്ഗ വരൂ... തന്റെ മുറി മുകളിലാണ്..."" ശ്രീറാം മുകളിലേക്ക് കയറി പോകുന്നതിനിടയിൽ വിളിച്ചു....

ഗോപികയെ നോക്കിയപ്പോൾ ശ്രീറാമിനൊപ്പം ചെല്ലാനായി അവൾ കണ്ണ് കാണിച്ചു... അവളെ നോക്കി തലയനക്കി ദയ ശ്രീറാമിന് പിന്നാലെ പടികൾ കയറി... മുകളിലായുള്ള മൂന്ന് മുറികളിലൊന്ന് ശ്രീറാം ദയയ്ക്കായി തുറന്ന് കൊടുത്തു... '"ദേ.. അതെന്റെ മുറിയാണ് ....."" തൊട്ടെതിർവശത്തെ മുറിയിലേക്ക് വിരൽ ചൂണ്ടി ശ്രീറാം പറയവേ ദയയുടെ നോട്ടമാ മുറിയിലേക്ക് പാളി വീണു..... വാതിൽ പൊളിയടച്ചിട്ടതിനാൽ ഒന്നുമവൾക്ക് കാണാൻ സാധിച്ചില്ല... പക്ഷേ ആ മുറിയിൽ നിന്നും നോക്കിയാൽ ഈ മുറി മൊത്തമായും കാണാൻ സാധിക്കുമെന്നവൾക്ക് തോന്നി.... ""തനിക്കിപ്പോൾ അത്യാവശ്യത്തിനുള്ള ഡ്രെസ്സും , സാധനങ്ങളുമൊക്കെ ശാന്തി അക്ക അലമാരയ്ക്കകത്ത് അടുക്കി വച്ചിട്ടുണ്ട് .... പിന്നെ തനിക്കെന്ത്‌ പ്രയാസമുണ്ടെങ്കിലും തുറന്ന് പറയണം... എന്നോട് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഗോപൂനോട് പറഞ്ഞാൽ മതി.. ഒന്ന് കുളിച്ച് ഉഷാറായിക്കോളൂ .....എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാം... ഓക്കേ??""

ദയയുടെ കവിളിലൊന്ന് തട്ടി ശ്രീറാം പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയതും അവളവന്റെ കൈ തണ്ടയിൽ മുറുകെ പിടിച്ചു.... ശ്രീറാം ദയയെയും , അവൾ പിടിച്ച കയ്യിലേക്കും മാറി മാറി നോക്കി.... ""എന്തിനാ ഇങ്ങനെയൊക്കെ??"" ഇടർച്ചയോടെ ദയ ചോദിച്ചത് കേൾക്കെ ശ്രീറാമിന്റെ കണ്ണുകളൊന്ന് മിന്നി... ചൊടികളിൽ കുസൃതി തത്തി.. ""എങ്ങനെയൊക്കെ ദുർഗ്ഗ??"" വളരെ നേർമയിൽ ശ്രീറാം ചോദിച്ചത് കേൾക്കെ ദയ വല്ലാതെ വെപ്രാളപ്പെട്ടു പോയി..... ശ്രീറാമിന്റെ കണ്ണുകളെ നേരിടാനാകാതെ അവൾ ഉടനടി അയാളുടെ കൈയിലെ പിടി അയച്ച് ധൃതിപെട്ട് മുറിയിൽ കയറി കതകടച്ചു.... ""ദയ.... വാതിൽ കുറ്റിയിട്ടേക്കരുതേ....."" ഉറക്കെ വിളിച്ചു പറയുമ്പോഴും നേരത്തെ തെളിഞ്ഞ പുഞ്ചിരി ഒട്ടും മാറ്റ് കുറയാതെ അവന്റെ ചുണ്ടുകളിലുണ്ടായിരുന്നു..... മുറിയിലേക്ക് കയറിയ നിമിഷം തന്നെ ദയ നെഞ്ചിൽ കൈ വച്ച് ആശ്വാസത്തോടെ നിശ്വസിച്ചു....

നെഞ്ചിൽ വച്ച തന്റെ ഉള്ളം കയ്യിലിരുന്നാണ് ഹൃദയം മിടിക്കുന്നതെന്ന് തോന്നി പോയവൾക്ക്... അത്രമാത്രം ഉച്ചത്തിലും , വേഗത്തിലുമാണ് അവയുടെ തുടിപ്പ്... അയാൾ അടുത്ത് വരുമ്പോഴെല്ലാം ഇങ്ങനെയാണ്... ആ കണ്ണുകൾ കാണുമ്പോൾ , ചുണ്ടുകൾ വിടരുന്നത് കാണുമ്പോൾ , നിശ്വാസം ചർമ്മത്തിൽ പതിയുമ്പോൾ അപ്പോഴെല്ലാം... എല്ലാം.. തന്റെ ഹൃദയമിങ്ങനെയാണ് തുടി കൊട്ടുക.... എന്തൊക്കെയോ ചോദിക്കണമെന്ന് കരുതിയിരുന്നു... മുത്തശ്ശനെ കുറിച്ചും.. വല്യമ്മയെ കുറിച്ചും.. സിദ്ധാർഥ് ഏട്ടനെ കുറിച്ചുമെല്ലാം.... പക്ഷേ ആ നോട്ടം.... കുസൃതി.... പുഞ്ചിരി... എല്ലാം തന്നെ വല്ലാതെ ഉലയ്ക്കുന്നു...!! എല്ലാവർക്കും എന്നോട് ദേഷ്യമായിരിക്കും... ഒരു ദാക്ഷണ്യവും കൂടാതെ കൊന്നില്ലേ ആ നെറിക്കെട്ടവനെ ... ഇനിയൊരിക്കലും അയാളെ കാണേണ്ടല്ലോ... പേടിക്കണ്ടല്ലോ.... ദയ മുടിയിൽ കൈ കൊരുത്ത് വലിച്ച് വാതിൽ പൊളിയിലൂടൂർന്ന് നിലത്തേക്കിരുന്നു.... 🌼🌼🌼🌼

"" ദുർഗ്ഗാ കഴിഞ്ഞില്ലേ??"" വാതിൽ പൊളികളിൽ കൊട്ടി ശ്രീറാം ഉറക്കെ ചോദിച്ചു... മറുപടിയൊന്നുമില്ലെന്ന് കണ്ടപ്പോൾ മൗനം വരിച്ച് അല്പ നേരം അവിടെ തന്നെ നിന്നു....അവളെയും കാത്ത്... വീണ്ടും കൊട്ടി.... മറുപുറം തീർത്തും നിശബ്ദം.... ശ്രീറാമിന് ഭീതി തോന്നി തുടങ്ങി... പതിയെ വാതിൽ പാതി തുറന്ന് അകത്തേക്ക് നോക്കിയതും അവന്റെ കണ്ണുകൾ കുറുകി..... വേഷം പോലും മാറാതെ മുഖം മുട്ടിലൊളിപ്പിച്ച് ഇരിക്കുന്ന ദയ.... അവൻ ധൃതിയിൽ നടന്ന് ചെന്ന് അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു.... ""ദുർഗ്ഗ...??"" അരികിൽ ശ്രീറാമിന്റെ ശബ്ദം കേട്ട് ദയ മുഖമുയർത്തി.. ചുവന്ന് കലങ്ങിയ അവളുടെ മിഴികൾ കാണെ ശ്രീറാം ആധിയോടെ അവളെ നോക്കി നിന്നു... ""എന്താ ദുർഗ്ഗ?? എന്ത് പറ്റി??"" ""അ.. അയാളെ.. അയാളെ ഞാൻ കൊന്നില്ലേ..."" കുഞ്ഞുങ്ങളെ പോലെ ചോദിച്ചവൾ വീണ്ടും തേങ്ങി കരഞ്ഞു.... ശ്രീറാം ഉത്തരമില്ലാതെ നിന്നു പോയി...

എന്താണിവളോട് പറയേണ്ടത് ഏത് രീതിയിലാണിവളെ സമാധാനിപ്പിക്കേണ്ടത്.... അതിലുപരി എന്ത്‌ പറഞ്ഞാലാണവൾക്ക് ആശ്വാസം ലഭിക്കുന്നത്...!! തുടങ്ങി ഒരുപാട് ചോദ്യങ്ങൾ അവനെ വീർപ്പുമുട്ടിക്കുകയുണ്ടായി..... ""എല്ലാം മറക്കണമെന്ന് വാശി പിടിച്ച് അവളെ ഒരിക്കലും പ്രഷർ ചെയ്യരുത്...ഗിവ് ഹെർ ടൈം....."" അഖിലേഷിന്റെ വാക്കുകൾ ഓർമ വന്നപ്പോൾ ശ്രീറാം ഒന്നുകൂടെ ദയക്കരികിലേക്ക് നിരങ്ങി നീങ്ങി ഇരുന്നു..... ""ഡോണ്ട് ക്രൈ ദുർഗ്ഗ... തനിക്ക് ഞങ്ങളൊക്കെ ഇല്ലെടോ...."" ഉള്ളം കയ്യാൽ അവളുടെ കണ്ണുനീർ തുടച്ചു മാറ്റി ശ്രീറാം വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി..... ദയ വിതുമ്പലോടെ അവന്റെ ചുമലിലേക്ക് നെറ്റി മുട്ടിച്ചു..... അല്പം മടിയോടെ ശ്രീറാമിന്റെ കൈകൾ അവളെ ചുറ്റി പിടിച്ചു...... ഒരുപാട് സ്നേഹം നിറച്ച്... വാത്സല്യം പകർന്ന്.... അത്രമേൽ കരുതലോടെ അവനവളെ പുണർന്ന് നെഞ്ചോട് ചേർത്തു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story