ദയാ ദുർഗ: ഭാഗം 33

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

"""നീയെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് കിച്ചു.... അകത്തേക്ക് കയറിവാ...... "" ശ്രീറാം നിറപുഞ്ചിരിയോടെ കൈലാസിനെ അകത്തേക്ക് ക്ഷണിച്ചപ്പോൾ ഗോപികയും , ശരണും അതൃപ്തിയോടെ ചുണ്ട് കോട്ടി... അത് കാണെ കൈലാസിന് വല്ലായ്മ തോന്നി... അന്നത്തെ സംഭവത്തിന് ശേഷം മഹിയമ്മയും , ശ്രീയേട്ടനും , ഉദയ് പപ്പയുമല്ലാതെ ആരും തന്നോട് മര്യാദയ്ക്കൊന്ന് സംസാരിച്ചിട്ടില്ല .... ഇന്നലെ തന്നെ മഹിയമ്മയുടെ നിർബന്ധപ്രകാരമാണ് ശരൺ തന്നെ കൂടെ കൂട്ടിയത് പോലും... യാത്ര തുടങ്ങിയത് മുതൽ ഒരക്ഷരം അവൻ തന്നോട് മിണ്ടിയിട്ടില്ല... ഭക്ഷണം കഴിക്കാൻ പോലും ഒറ്റയ്ക്കായിരുന്നു...!! കൈലാസ് വേദനയോടെ ഗോപുവിനെ നോക്കിയപ്പോൾ അവൾ ഉടനടി അവനിൽ നിന്നും മുഖം തെറ്റിച്ച് കളഞ്ഞു..... അത് ശ്രീറാം വ്യക്തമായി കാണുകയും ചെയ്തു... ""രണ്ട് പേരും പോയി ഫ്രഷ് ആയി വാ..എന്നിട്ട് ഭക്ഷണം കഴിക്കാം...."" സന്ദർഭത്തിനയവ് വരുത്താനായി ശ്രീറാം ഇടപ്പെട്ടു... ""ഞാൻ കഴിച്ചതാ ഏട്ടാ... എനിക്കൊന്ന് ഉറങ്ങിയാൽ മാത്രം മതി...."" ""നീയോ കിച്ചു??"" ""ഞാനും കഴിച്ചതാ....."" കൈലാസ് അലസമായി പറഞ്ഞൊപ്പിച്ചു... ""ഇതാരാ ഗോപ്സ്...??"" പെട്ടന്ന് ദയയെ ചൂണ്ടി ഗോപികയുടെ സുഹൃത്തുക്കളിലൊരാൾ ചോദിച്ചപ്പോൾ എല്ലാവരുടെ കണ്ണുകളും ഗോപികയിലേക്ക് നീണ്ടു..

ഉത്തരമറിയാനുള്ള ആകാംഷയോടെ... ""ഷി ഈസ് മൈ കസിൻ.......പിന്നെ..."" അർദോക്തിയിൽ അവസാനിപ്പിച്ച ഗോപികയുടെ വാക്കുകൾ കേൾക്കെ അത് വരെ അസ്വഭാവികതയൊന്നും കൂടാതെ നിന്നിരുന്ന ശ്രീറാമിന്റെ മുഖം പെട്ടന്ന് ഗൗരവമേറിയതായി... പുരിക കൊടികൾ സംശയപൂർവ്വം ചുളിഞ്ഞു.... ""ഏട്ടന്റെ ഫിയാൻസി ആണ്...."" ശ്രീറാം ഞെട്ടലോടെ ഗോപികയെ നോക്കിയപ്പോൾ ദയ അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ നിർവികാരയായി നിന്നു.... ""കൺഗ്രാറ്റ്സ് ബ്രോ...."" കൈലാസിനെ നോക്കി പെൺകുട്ടികൾ ഉറക്കെ വിളിച്ചു കൂവിയതും ഗോപികയുടെ കണ്ണുകൾ കൂർത്തു... മുഖം ദേഷ്യം കൊണ്ട് ചുവന്നു..... ""അവനല്ല.... ഇതാണ്... ഇതാണെന്റെ ഏട്ടൻ....."" ഗോപിക ചെന്ന് ശ്രീറാമിന്റെ കയ്യിൽ ചുറ്റി പിടിച്ച് എല്ലാവരെയും നോക്കി ഉച്ചത്തിൽ പറഞ്ഞു.... ശ്രീറാമിനോടുള്ള അവളുടെ സ്നേഹവും , സ്വാർത്ഥതയും മാത്രമല്ലായിരുന്നു ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നത് മറിച്ച് കൈലാസിനോടുള്ള വാശിയും , വൈരാഗ്യവമായിരുന്നു ..... ഒരു പാവം പെണ്ണിനെ നിർദാക്ഷണ്യം വാക്കുകളാൽ തള്ളി കളഞ്ഞതിന്റെ , അവസരോചിതമായി ഉപേക്ഷിച്ചതിന്റെ പക.... നൊമ്പരത്താൽ തല കുനിച്ച കൈലാസിനെ സഹധാപത്തോടെ നോക്കാനെ ശ്രീറാമിനായുള്ളൂ ....

മറുപടിയായി കൈലാസ് തീർത്തും വിരസമായൊന്ന് പുഞ്ചിരിച്ചു... മൂല്യമേറിയ പലതും നഷ്ടപ്പെട്ടു പോയൊരുവന്റെ വേദന കലർന്ന ചിരി.... പെൺകുട്ടികളെല്ലാവരും തമ്മിൽ തമ്മിൽ അമ്പരപ്പോടെ നോക്കുകയായിരുന്നു.... ഇടയ്ക്കവർ ദയയിലേക്കും , ശ്രീറാമിലേക്കും കണ്ണുകൾ പായിക്കും... ഒരു താരതമ്യപ്പെടുത്തൽ ....!! എത്രയൊക്കെ ശ്രമിച്ചിട്ടും ശ്രീറാമുമായി ദയയെ കൂട്ടി ചേർക്കാൻ അവർക്ക് മനസ്സ് വരുന്നുണ്ടായില്ല.... "ശ്രീറാം സായന്ദ്".... കഴിവ് കൊണ്ടും , സ്വരമാധുര്യം കൊണ്ടും , ആറ്റിട്യൂട് കൊണ്ടും സൗത്ത് ഇന്ത്യയിലെ കൗമാരക്കാരുടെ ഹൃദയം പിടിച്ചടക്കിയ യുവ ഗായകൻ.... ആർക്കും മതിപ്പ് തോന്നുന്ന വ്യക്തിത്വം.. പെൺകുട്ടികളുടെ ആരാധനാപാത്രം... അങ്ങനെയൊരാളുടെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടി!! ""അപ്പൊ.... അഞ്ജലി രാജ്!!"" തന്റെ ആകാംഷയടക്കവയ്യാതെ കൂട്ടത്തിലൊരു പെൺകുട്ടി ഉറക്കെ ചോദിച്ചു... ശ്രീറാമിന്റെ മുഖം വിവർണ്ണമായി... അവനാ പെൺകുട്ടിയെ തറപ്പിച്ചൊന്ന് നോക്കി മുകളിലേക്ക് കയറി പോയപ്പോൾ അർത്ഥം മനസ്സിലാകാതെ ഗോപുവും ശരണും പരസ്പരം നോക്കി... തല കുനിച്ച് തനിക്ക് മുമ്പിലൂടെ പോകുന്നവനെ ശ്രദ്ധിക്കാൻ എന്ത് കൊണ്ടോ ദയക്ക് കഴിഞ്ഞില്ല.. "അഞ്ജലി...!! " അവളുടെ ബുദ്ധിയും , ഹൃദയവും ആ നാമത്തിൽ കുരുങ്ങി കിടന്നു.... 🌼🌼🌼

""പസിക്കിര്താ???"" അടുക്കളയിൽ തന്നെ ചുറ്റി പറ്റി നിൽക്കുന്ന ദയയെ നോക്കി ശാന്തി അക്ക ചോദിച്ചു... അവർ ചോദിച്ചതിനർത്ഥം മനസ്സിലാകാതെ ദയ കണ്ണ് മിഴിച്ചു... ""ഉനക്ക് തമിഴ് തെരിയാതെന്ന വിഷയോം നാൻ എപ്പോവും മറന്തിടുവേ....."" അവർ സ്വയം തലയ്ക്കൊന്ന് കിഴുക്കി പറഞ്ഞത് കേട്ട് ദയ വീണ്ടും ദയനീയമായി അവരെ നോക്കി.... തനിക്കൊന്നും മനസ്സിലാകുന്നില്ലെന്ന ധ്വനി കലർന്നിരുന്നു അതിൽ..... ""പരവാലെ.... യെനക്ക് മലയാളോം തെരിയും.... കുട്ടിക്ക് വിശക്കണുണ്ടോ??"" ശാന്തി അക്കയുടെ തമിഴ് കേട്ട് കണ്ണ് മിഴിഞ്ഞു പോയ ദയയുടെ മിഴികൾ ഇപ്പോൾ വലിയ തോതിൽ വിരിഞ്ഞത് അവരുടെ മലയാളം കേട്ടിട്ടാണ്... അവളുടെ നിൽപ്പും , ഭാവവും കണ്ട് ശാന്തി അക്ക അറിയാതെ ചിരിച്ചു പോയി.... അവർ ദയയോടായി സംസാരം തുടർന്നു.... ""നാൻ ഇവിടെ വേല സെയ്യാൻ തൊടങ്കിയിട്ട് ഇറുപത് വർഷമാ...യെന്നുടെ മുപ്പതാമത്തെ വയതിലാ ഇവിടെ വന്തത്.. അന്ന് റാമുക്ക് എട്ട് വയത്.. ശരണ്ക്കും , കിച്ചുവുക്കും നാല്.....മഹിമ്മ എപ്പോവും മലയാളത്തിലാ സംസാരം.... റാമും അതേ പടി താ... അങ്ങനെ നാനും പഠിച്ചു....."" അവർ പുഞ്ചിരിയോടെ , വളരെ നിസ്സാരമായി ദയയെ നോക്കി പറഞ്ഞപ്പോൾ അവളവരെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നിന്നു പോയ്‌... എന്തൊരഴകാണ്....

എന്തൊരൈശ്വര്യമാണ്...!!!! കണ്ണുകൾ അവരുടെ തല മുടി കെട്ടിൽ പിണഞ്ഞു കിടക്കുന്ന അല്പം വാടിയ മുല്ല പൂക്കളിൽ എത്തി നിന്നപ്പോൾ ദയ അറിയാതെ ചോദിച്ചു പോയ്‌... ""എന്നും പൂ വയ്ക്കുവോ??"" ""യെന്നമ്മാ??"" ദയയുടേത് വളരെ നേർത്ത ശബ്ദമായത് കൊണ്ട് അവൾ ചോദിച്ചത് കേൾക്കാൻ അവർ വളരെ പ്രയാസപ്പെട്ടു ... ""ഈ പൂവ്.....!!"" അവൾ തന്റെ നീളമേറിയ ചൂണ്ട് വിരൽ ചുമലൊപ്പം പിരിച്ചു കെട്ടിയിട്ട അവരുടെ തലമുടിയിലേക്ക് ചൂണ്ടി... ""ഇന്ത പൂവാ??"" അതെയെന്ന് തലയനക്കിയ ദയയെ നോക്കിയവർ കണ്ണ് ചിമ്മി.... ""യെനക്ക് റോസാപ്പൂ ആഹ് കൂടുതൽ ഇഷ്ടം.. ആനാ റോസാ പൂ പറിക്കാൻ റാം സമ്മതിക്കവേ ഇല്ല... അവന് റോസാപ്പൂ വലിയ ഇഷ്ടമാ... ഉനക്ക് പൂ പുടിക്കുമാ??"" ""എ... എന്താ??"" ""പൂ.. പൂവ്... ഇഷ്ട്ടമാണോ ന്ന്...."" ""ആഹ്... മുല്ല പൂ... നല്ല വാസനയല്ലേ....!!"" ചോദിക്കുമ്പോൾ ദയയുടെ കണ്ണുകൾ തിളങ്ങി..... ശാന്തിഅക്ക അവളെ നോക്കി പുഞ്ചിരിച്ചു... ""പോയി റാം പാപ്പയെ കൂട്ടീട്ട് വാമാ... ഫുഡ്‌ കഴിക്കാം....."" അനുസരണയോടെ തലയാട്ടി ശ്രീറാമിനരികിലേക്ക് നടക്കുമ്പോൾ ദയയുടെ കാലടികൾക്ക് വേഗതയേറുന്നുണ്ടായി... ഒരുപാട് നേരമായി കണ്ടിട്ട്...!! ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ പോലും അവനുണ്ടായിരുന്നില്ല... ഗോപു ചെന്ന് വിളിച്ചപ്പോൾ എന്തോ തിരക്കുണ്ടെന്ന് പറഞ്ഞ് അവളെ താഴേക്ക് പറഞ്ഞു വിട്ടു..

ശ്രീറാമിന്റെ മുറി വാതിൽക്കലെത്തി ദയ തനിക്ക് മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിലിൽ പതുക്കെയൊന്ന് കൊട്ടി.... മുറിയിലെ ബാൽക്കണിയിൽ നിന്നും പുറത്തേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു ശ്രീറാം.... വീടിന് മുറ്റത്തും, ചുറ്റ് മതിലിലും അലങ്കാര വിളക്കുകൾ തെളിയിച്ചിട്ടുണ്ട്... അതിനപ്പുറം ഇരുളടഞ്ഞിരിക്കുന്നു... ശൂന്യത നിറഞ്ഞിരിക്കുന്നു... തന്റെ ചിന്തകൾ പോലെ... ഹൃദയം പോലെ...!! വാതിലിന് മീതെ വളരെ നേർമയിൽ കൊട്ട് കേട്ടപ്പോൾ തന്നെ അത് ദയയാണെന്ന് ശ്രീറാമിന് മനസ്സിലായി... മറ്റാരാണെങ്കിലും വളരെ ശബ്ദത്തിലാണ് തട്ടി വിളിക്കുക... ഇതിപ്പോൾ വാതിലിന് പോലും നോവരുതെന്ന ഉദ്ദേശമാണെന്ന് തോന്നുന്നു അവൾക്ക്.. നടപ്പും , കഴിപ്പും, സംസാരവും എല്ലാം അത് പോലെ... വളരെ ലോലമായി .. നിശബ്ദമായി ....!! പതിയെ അവന്റെ ചുണ്ടുകൾ വിടർന്നു... അതേ ചിരിയോടെ ശ്രീറാം വാതിലിനരികിലേക്ക് ചുവടുകൾ നീക്കി... വാതിൽ തുറന്നപ്പോൾ ശ്രീറാം ആരെയും കണ്ടില്ല.... ഒരു നിമിഷം തന്റെ തോന്നലായിരുന്നോ അതെന്ന് അവൻ ചിന്തിച്ചു പോയ്‌... മുറിക്ക് പുറത്തേക്ക് തലയിട്ട് ഇരുവശത്തേക്കും നോക്കിയപ്പോഴാണ് ഇടത് വശത്തെ ചുമരിനോട് ചേർന്ന് നിൽക്കുന്ന ദയയെ അവൻ കണ്ടത്.... ശ്രീറാം വീണ്ടും മന്ദഹസിച്ചു... ""എന്താടോ? ഒളിച്ച് നിന്ന് ആളെ പറ്റിക്ക്യാ താൻ...""

""അത്... ഭക്ഷണം കഴിക്കാൻ ചെല്ലാൻ...... ശാന്തി അമ്മ താഴെ..."" എണ്ണി പെറുക്കിയവൾ പറയുന്നത് കേട്ട് ശ്രീറാം നിശ്വാസത്തോടെ താടിക്ക് കൈ കൊടുത്തു.... ""എന്റെ ദുർഗ്ഗാ... തന്റെ ഈ പേടി എപ്പോഴാ ഒന്ന് മാറുന്നത്..!!ഏഹ്...??ഞാൻ തന്നെ പിടിച്ച് വിഴുങ്ങാനൊന്നും പോവുന്നില്ല....."" പറഞ്ഞു കൊണ്ടവൻ തിരികെ തന്റെ മുറിയിലേക്ക് കയറി.. കയറാതെ മടിച്ചു നിൽക്കുന്ന ദയയെ നോക്കിയൊന്ന് കണ്ണുരുട്ടിയ ശേഷം അവളെ വലിച്ച് മുറിക്കകത്തേക്ക് കയറ്റി..... ദയയ്ക്ക് വല്ലാതെ പരിഭ്രമം തോന്നി പോയ്‌ .... അവൾ കണ്ണ് വിടർത്തി ചുറ്റും നോക്കി... കൈ വിരലുകൾ ഇട്ടിരുന്ന വസ്ത്രത്തിൽ തെരുപിടിക്കവേ ശ്രീറാമിന്റെ നോട്ടം അവളിലേക്കായി... അലിവ് തോന്നി ശ്രീറാമിനാ പെണ്ണിനോട്.... ഇന്നും ഓർമ്മകൾ മായാതെ , മങ്ങാതെ അവളെ വേട്ടയാടുകയും പലപ്പോഴും അവൾ പോലുമറിയാതെ അവ അവളിൽ നിയന്ത്രണങ്ങൾ തീർക്കുന്നുമുണ്ട്.... അവളെ പേടിപ്പെടുത്തുന്നുണ്ട്.... ദയയെ നിർബന്ധപൂർവ്വം അകത്തേക്ക് കയറ്റിയത് തെറ്റായി പോയോ എന്നൊരു നിമിഷവൻ ചിന്തിച്ചു... പക്ഷേ എത്ര നാൾ...!! എത്ര നാൾ അവളിങ്ങനെ ഭീതിയുടെ മുൾമുനയിൽ കഴിയും !! അവൾക്ക് മുക്തി വേണം... കയ്പ്പേറിയ ഓർമ്മകളിൽ നിന്നെന്നേക്കുമായൊരു മോക്ഷം...!! ""ദുർഗ്ഗ......""

ശ്രീറാം അവളുടെ ചുമലിലൂടെ കയ്യിട്ട് ദേഹത്തേക്ക് ചേർത്തു... ദയ ഒന്ന് പിടഞ്ഞു.. അവൾ പേടിയോടെ ശ്രീറാമിനെ നോക്കി... ""തന്നെ ഞാൻ ഒന്നും ചെയ്യില്ല ദുർഗ്ഗ..."" അവൻ പതിഞ്ഞ ശബ്ദത്തോടെ , വളരെ ആർദ്രമായി അവളോട് പറഞ്ഞു... ദയ ഞെട്ടി പോയി... തന്റെ മനസ്സയാൾ വായിച്ചിരിക്കുന്നു... ഒന്നും ചെയ്യില്ലെന്നറിയാം.. നാളുകളെത്ര പിന്നിട്ടിരിക്കുന്നു.. Lഇതു വരെയും മോശമായി ആ കണ്ണുകൾ പോലും തന്നിൽ പതിഞ്ഞിട്ടില്ല.. സംരക്ഷിച്ചിട്ടേ ഉള്ളൂ... ഒറ്റയ്ക്കാക്കില്ലെന്ന ഉറപ്പ് തന്ന് ചേർത്ത് പിടിച്ചിട്ടേ ഉള്ളൂ.... എന്നിട്ടും...ഒരു നിമിഷത്തേക്കെങ്കിലും താനയാളെ തെറ്റിധാരണയോടെ നോക്കി .... ദയ വിതുമ്പലോടെ ശ്രീറാമിന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു.... തന്റെ പ്രവർത്തിയെ എങ്ങനെ ന്യായീകരിക്കണമെന്ന് അവൾക്ക് അറിവുണ്ടായിരുന്നില്ല.... ദയയുടെ ഹൃദയം വേവുന്നത് അവനറിയുന്നുണ്ടായി... പക്ഷേ ആശ്വസിപ്പിക്കാൻ തന്റെ പക്കൽ വാക്കുകളൊന്നുമില്ലെന്നത് അവനെ കുഴപ്പിച്ചു... ഒപ്പം അവൾക്കുള്ളിലെ മുറിവുകളുണങ്ങാൻ ഇനിയുമിനിയും ദൂരങ്ങൾ താണ്ടണമെന്ന യാഥാർഥ്യവും..!! 🌼🌼🌼🌼 ഗോപികയ്ക്ക് കൊണ്ട് പോകാനുള്ള പെട്ടികളോരോന്നും കാറിന്റെ ഡിക്കിയിലേക്കെടുത്ത് വയ്ക്കവേ ശരൺ ഇടം കണ്ണാലെ ഗോപികയെ ഒന്ന് നോക്കി....

ശ്രീറാമിന്റെ നെഞ്ചിൽ തല ചായ്ച്ച് ദയയോടെന്തൊക്കെയോ കാര്യമായി പറയുകയാണവൾ.... ഇരു കൈകളും , തലയുമൊക്കെ വാക്കുകൾക്കനുസരിച്ച് ഇളകുന്നുണ്ട്.. ഇപ്പോഴും , ഒട്ടും പക്വത തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു കുഞ്ഞാണവളെന്ന് തോന്നി ശരണിന്... ""ദേ എന്റെ ഏട്ടനെ നന്നായി നോക്കിക്കോണെ...."" ഇറങ്ങാൻ നേരം ദയയെ പുണർന്നവൾ പറഞ്ഞു.... ""എന്റെ കാര്യം നോക്കാനല്ല ദുർഗ്ഗയിവിടെ....."" വാക്കുകൾ പതിഞ്ഞതായിരുന്നെങ്കിലും അതിൽ ഗോപികയുടെ അത്തരമൊരു പാഴ് ചിന്തക്കെതിരെയുള്ള താക്കീതും കലർന്നിരുന്നു... ഗോപുവിന്റെ തലയ്ക്കൊന്ന് മൃദുലമായി കൊട്ടിയവൻ മുറ്റത്തേക്കിറങ്ങി.... ""സംസാരം കേട്ടാൽ തോന്നും ഇത്രേം നാൾ ഏട്ടനെ ഊട്ടിയതും, ഉറക്കിയതുമൊക്കെ ഈ അമ്മൂമ്മയാണെന്ന്...."" ""അമ്മൂമ്മ നിന്റെ കുഞ്ഞമ്മ....."" ശരണിന്റെ അതിക്ഷേപം രസിക്കാതെ ഗോപു കടുത്ത ശബ്ദത്തോടെ തിരിച്ചടിച്ചു.... ""വന്നു കയറുന്നുണ്ടോ രണ്ടും??"" ശ്രീറാം ശാസനയോടെ ഇരുവരെയും നോക്കിയപ്പോൾ ഗോപിക ഉടനടി കാറിൽ കയറി ഇരുന്നു.. പിന്നാലെ ഡ്രൈവിങ്‌ സീറ്റിൽ ശരണും.....

""കിച്ചു വാ....."" തൂണിൽ ചാരി ഫോണിൽ കണ്ണും നട്ട് നിൽക്കുകയായിരുന്നു കൈലാസ്... ആരെങ്കിലുമൊന്ന് വിളിക്കാൻ കാത്ത് നിന്നെന്ന പോൽ അവൻ ചെന്ന് കാറിന്റെ മുൻവശത്ത് കയറി.... അവസാനം ശ്രീറാമിന്റെ ഊഴമെത്തവെ യാത്ര പറയാനെന്ന പോൽ അവൻ ശാന്തി അക്കയെ നോക്കി... അവന്റെ മുഖത്തെ ആശങ്കാ ഭാവം അവർക്ക് വായിച്ചെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.... ""ധൈര്യമാ പോയിട്ട് വാ പ്പാ.... ഞാൻ നോക്കിക്കോളാം...."" അവർ ദയയെ ദേഹത്തോട് ചേർത്തു പിടിച്ച് ഉറപ്പ് നൽകിയപ്പോൾ ശ്രീറാം ആശ്വാസത്തോടെ പുഞ്ചിരിച്ചു .... ""ദുർഗ്ഗ...പോയിട്ട് വരാം.....ടേക്ക് കെയർ..."" ദയ ഒന്ന് തലയാട്ടിയതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല.... അത് പ്രതീക്ഷിച്ചത് പോലെ ശ്രീറാം ഒന്ന് പുഞ്ചിരിച്ച് കാറിൽ കയറി.. ശ്രീറാമിന് ദയയിപ്പോൾ ഒരു തുറന്ന പുസ്തകമാണ്.... അവളുടെ ജീവിതത്തിനപ്പുറം ആ പെണ്ണിന്റെ ചിന്തകളും , ചലനങ്ങളും , പ്രതികരണങ്ങളുമടക്കമെല്ലാം അവനിപ്പോൾ മനപാഠമാണ്... ഈ കഴിഞ്ഞ മാസങ്ങൾ കൊണ്ട് അവനത്രമാത്രം അവളെ മനസ്സിലാക്കിയിരുന്നു.... ഇനിയാർക്കും കഴിയാത്തത്ര ആഴത്തിൽ ഗ്രഹിച്ചിരുന്നു...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story