ദയാ ദുർഗ: ഭാഗം 34

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

ഗോപുവിനെ അവളുടെ കൂട്ടുകാരികൾക്കൊപ്പം വിട്ട് തിരികെ വരുമ്പോൾ ശ്രീറാമിന് വല്ലാത്ത മടുപ്പനുഭവപ്പെടുകയുണ്ടായി.... പോകുമ്പോൾ ഒരു നിമിഷം പോലും ഗോപു നിശബ്ദയായി ഇരുന്നിട്ടുണ്ടായില്ല.... അവിടെത്തുന്നത് വരെ ബഹളമായിരുന്നു...... അവളില്ലായ്മ വല്ലാത്തൊരു ബുദ്ധിമുട്ടാണ്... മുഷിച്ചിലാണ്..... ശ്രീറാം ശരണിനെ ഒന്ന് നോക്കി... പോകുമ്പോഴുണ്ടായിരുന്ന സന്തോഷമോ , ഉത്സാഹമോ അവനിപ്പോഴില്ല... കണ്ണുകൾ കലങ്ങിയിരിക്കുന്നു.... മൂക്കിൻ തുമ്പും , കവിൾ തടവുമെല്ലാം ചുവന്നിരിപ്പുണ്ട്..... പുറമേ പ്രകടിപ്പിക്കില്ലെങ്കിലും അവളവന്റെ ജീവനാണ്.... വർഷങ്ങളായുള്ള പ്രണയം..... അവൻ മുന്നിലെ റിയർ വ്യൂ മിററിലൂടെ കൈലാസിനെ നോക്കി... അവന്റെ കണ്ണുകൾ കയ്യിലെ മൊബൈൽ സ്ക്രീനിലാണ്.....

മുഖത്ത് ചുറ്റുമുള്ളതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന ഭാവം.....!! വീട്ടിലെത്തി കാറിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറുമ്പോൾ അകത്ത് നിന്ന് ശാന്തിയക്കയുടെ തമിഴ് കലർന്ന മലയാളം കേൾക്കുകയുണ്ടായി ശ്രീറാം.. അത് ദയയോടുള്ള സംസാരമാണെന്ന് അവൻ ഊഹിക്കുകയും ചെയ്തു... എന്നാൽ അകത്തെ കാഴ്ച്ച ശ്രീറാമിനെ ഒരു വേള അത്ഭുതപ്പെടുത്തി.... ശാന്തിയക്ക കോർത്ത് കെട്ടിയ മുല്ലപ്പൂ , ദയയുടെ വിടർത്തിയിട്ട ചുരുണ്ട മുടിയിഴകളിൽ വച്ച് കൊടുക്കുന്നു.... പിന്തിരിഞ്ഞു നിൽക്കുന്നതിനാൽ ദയയുടെ മുഖഭാവമെന്തെന്ന് മനസ്സിലാക്കാൻ ശ്രീറാമിന് കഴിയുന്നുണ്ടായില്ലെങ്കിലും അവൾ വളരെ അടക്കത്തോടെയും , അനുസരണയോടെയുമാണ് ശാന്തിയക്കയുടെ മുന്നിൽ നിൽക്കുന്നതെന്ന് അവന് തോന്നി.... "റെഡി മാ....."

പൂവ് വച്ച് മുടിക്കറ്റമൊന്ന് കോതി ശാന്തിയക്ക പറഞ്ഞപ്പോൾ ദയ ഉടനടി അവർക്ക് നേരെ പിന്തിരിഞ്ഞു.... എന്നാൽ ആ കണ്ണുകളാദ്യം ഉടക്കിയത് വാതിൽ പടിയിൽ നിൽക്കുന്ന ശ്രീറാമിലായിരുന്നു.... ആ സമയം അവനെ അവിടെ പ്രതീക്ഷിക്കാത്തതിനാൽ ദയ വല്ലാതെ പരിഭ്രമപ്പെട്ടു പോയി.... കീഴ്ചുണ്ടിനറ്റം കടിച്ച് പുരികമുയർത്തി വേവലാതിയോടെ തന്നെ നോക്കുന്നവളെ കാണെ ശ്രീറാമിന്റെ കണ്ണുകൾ വിടർന്നു.... ദയയുടെ പുതിയൊരു ഭാവം....!! നെറ്റിയിൽ കുങ്കുമം കൊണ്ടൊരു വട്ട പൊട്ടും , സ്വതേ വിരിഞ്ഞ കണ്ണുകളിൽ കണ്മഷിയുമെഴുതിയിരിക്കുന്നു.... കഴുത്തിൽ ഒരു ചുവപ്പ് ചരട് കെട്ടിയിരിക്കുന്നു.... ""ഓഹ് ഗോഡ്.... ഇതാരാ......ആളാകെ മാറിയല്ലോ..."" ശ്രീറാമിന് പിന്നിൽ നിന്നും ശരൺ ആശ്ചര്യത്തോടെ ചോദിച്ചു...

ദയയുടെ മാറ്റം അവനിലും അമ്പരപ്പ് നിറച്ചിരുന്നു ... ചമ്മലോടെ ശാന്തിയക്കയ്ക്ക് പുറകിലൊളിക്കുമ്പോൾ കള്ള നോട്ടമെന്നപോൽ അവളുടെ കണ്ണുകൾ ശ്രീറാമിനെ വലം വച്ചു...... അവന്റെ പ്രതികരണമെന്തെന്നറിയാനുള്ള അമിതാകാംഷയായിരുന്നു അവളിൽ... എന്നാൽ ഒന്നും മിണ്ടാതെ എല്ലാവർക്കും വെറുമൊരു പുഞ്ചിരി മാത്രം നൽകി ശ്രീറാം മുകളിലേക്ക് കയറി പോയപ്പോൾ ദയയുടെ മുഖം വാടി ... അപ്പോഴും ശരൺ ദയയെ ചുറ്റി പറ്റി നടന്ന് പിന്നെയുമെന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു... അകത്തേക്ക് കയറിയ കൈലാസിന്റെ കണ്ണുകൾ ദയയിൽ തന്നെ തറഞ്ഞു നിന്നു..... അവളുടെ മാറ്റം അവനുൾക്കൊള്ളാൻ സാധിക്കുന്നുണ്ടായില്ല.... നിരച്ചതും , പിന്നി കീറിയതുമായ വസ്ത്രങ്ങൾ ധരിച്ച് , എണ്ണ മയമില്ലാത്ത മുടിയിഴകൾ യാതൊരടക്കവുമില്ലാതെ പിന്നിയിട്ട് ,

ഒരു പൊട്ട് പോലും തൊടാതെ ജീവനില്ലാത്ത പോൽ ക്ഷീണിച്ചവശയായി തനിക്ക് മുന്നിൽ നിന്നിരുന്ന ദയയെ അവനോർത്തു..... ഇന്നവൾ ഒരുപാട് മാറിയിരിക്കുന്നു... വേഷ വിധാനങ്ങൾ , ചമയങ്ങൾ തുടങ്ങി എല്ലാം....... പക്ഷേ എന്തൊക്കെയായാലും സ്വഭാവം മാറില്ലല്ലോ... വിദ്യാഭ്യാസ യോഗ്യതയോ , അനാഥയെന്ന മേൽവിലാസമോ ഒന്നും മാറാൻ പോകുന്നില്ല... ഇവിടെയുള്ളവരുടെ കാരുണ്യം കൊണ്ട് ജീവിച്ചു പോകുന്നു.... ഒരു വേലകാരിക്ക് സമമായി.... തനിക്കവൾ ചേരില്ല.... ഏതളവ് കോൽ കൊണ്ട് അളന്നാലും തനിക്കൊപ്പം നിൽക്കാൻ മാത്രം ഒന്നുമില്ലവൾക്ക്....ഒന്നും... കൈലാസ് ദയയെ ഉറ്റ് നോക്കി താൻ ചെയ്ത പ്രവർത്തിയെ ഇഴ കീറി പരിശോധിക്കുമ്പോൾ തന്നിലേക്ക് നീളുന്ന അവന്റെ നോട്ടത്തിൽ എന്തിനെന്നറിയാതെ അസ്വസ്ഥപ്പെടുകയായിരുന്നു ദയ....

മുകൾ നിലയിലെ കൈവരിയിൽ ചാരി നിന്ന് കാതരുകിലേക്ക് ചേർത്ത് വച്ച മൊബൈൽ ഫോണിലൂടെ അഖിലേഷിനോട് സംസാരിക്കുമ്പോൾ ശ്രീറാം ഒരുപാട് സന്തോഷവാനായിരുന്നു .... ദയയിലുടലെടുത്ത പുതിയ മാറ്റം ഒരു പോസിറ്റീവ് സൈനാണെന്ന് അഖിലേഷ് പറഞ്ഞപ്പോൾ ആ ആഹ്ലാദത്തിന് അതിരില്ലാതെയായി.... ഹൃദയം നിറഞ്ഞ ചിരിയോടെയാണവൻ താഴെ നിൽക്കുന്ന ദയയെ നോക്കിയത്.. എന്നാൽ അവൾ മറ്റെങ്ങോ നോക്കി നിന്ന് പരുങ്ങുന്നത് കണ്ട ശ്രീറാമിന്റെ മുഖം സംശയപൂർവ്വം ചുളിഞ്ഞു.... വളരെ പതിയെ രണ്ട് പടികൾ താഴേക്കിറങ്ങി ദയയുടെ കണ്ണുകളെ പിന്തുടർന്നപ്പോൾ ശ്രീറാം കണ്ടു അവളെ മാത്രം തുറിച്ചു നോക്കി നിൽക്കുന്ന കൈലാസിനെ..... അഖിലേഷിനോടുള്ള സംസാരം ധൃതിയിൽ അവസാനിപ്പിച്ചവൻ മറ്റൊന്നും ചിന്തിക്കാതെ തന്റെ മുറിയിലേക്ക് കയറി ഉറക്കെ വിളിച്ചു.... """ദുർഗ്ഗാ........"""

കേൾക്കാൻ കൊതിച്ചതെന്തോ കേട്ട പോൽ ദയ തനിക്കരികിൽ നിൽക്കുന്ന ആരെയും ശ്രദ്ധിക്കാതെ മുകളിലേക്കുള്ള കോണി പടികൾ ഓടി കയറി.... കൈലാസിൽ നിന്നും രക്ഷപ്പെടുക എന്നതിലുപരി ശ്രീറാമിനെ കാണാനുള്ള വ്യഗ്രതയായിരുന്നു അവളിൽ .... അവളുടെ ഓട്ടം കണ്ട് ശരണും , ശാന്തിയക്കയും ആദ്യമൊന്നമ്പരന്നെങ്കിലും പിന്നീടതൊരു പുഞ്ചിരിയിലേക്ക് വഴി മാറി.... തിരികെ മുറിയിലേക്ക് നടക്കാനൊരുങ്ങവേ ശരൺ കൈലാസിനെ നോക്കി.... അവനപ്പോഴും ദയ പോയ വഴിയേ കണ്ണും നട്ട് നിൽക്കുകയായിരുന്നു... ശരൺ കൈലാസിന്റെ നേർക്ക് നേർ നിന്ന് അവന്റെ ശ്രദ്ധ തിരിക്കാനായി വിരൽ ഞൊടിച്ചു..... ""നഷ്ടബോധം തോന്നുന്നോ??""

ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർക്കവേ പതിഞ്ഞ ശബ്ദത്തിൽ , വീറോടെ ശരൺ ചോദിച്ചു.... ""നഷ്ടബോധം തോന്നാൻ മാത്രം മികവൊന്നും അവളിലില്ല....."" അത്യധികം പുച്ഛത്തോടെ ചുണ്ടുകൾ വളച്ചൊടിച്ച് ശരണിന് മറുപടി നൽകി തിരിഞ്ഞ് നടക്കവേ കൈലാസ് വെറുതെ അതേ ചോദ്യം മനസ്സാൽ വീണ്ടുമാവർത്തിച്ചു ..... നഷ്ടബോധം തോന്നുന്നോ തനിക്ക്...!! ഒരിക്കലുമില്ല...... അധരങ്ങൾ കൃത്രിമമായ ഉറപ്പോടെ ഉരുവിടുമ്പോഴും ഹൃദയത്തിൽ പേരറിയാത്തൊരു നൊമ്പരമുടലെടുക്കുന്നതവൻ അറിയുകയുണ്ടായി..... ഇനിയുള്ള ദിനങ്ങളിൽ താൻ നഷ്ടപ്പെടുത്തിയതിന്റെ വേദന നൂറായിരമിരട്ടിയായി തന്നെ ഊണിലുമുറക്കത്തിലും വേട്ടയാടുമെന്നറിയാതെ അവനപ്പോഴും ചിന്തിച്ചു... "തനിക്കൊപ്പം നിൽക്കാൻ യാതൊരു യോഗ്യതയുമില്ലാത്തവളാണവൾ... ദയ........"!! 🌼🌼🌼🌼

"""എ.. എന്താ വിളിച്ചേ??"" കിതപ്പോടെ വളരെ താഴ്ന്ന ശബ്ദത്തിൽ മുറിയ്ക്ക് മുമ്പിലെത്തി ദയ ചോദിച്ചപ്പോൾ തിരികെ പറയാനൊരുത്തരം ശ്രീറാമിന്റെ പക്കലുണ്ടായിരുന്നില്ല.... ""ഞാൻ.. ഞാൻ... പെട്ടന്നെന്തോ... ഹാ.. താൻ രാവിലെയുള്ള ടാബ്ലറ്റ്സ് കഴിച്ചായിരുന്നോ??"" ദയയ്ക്ക് മുഖം നൽകാതെയവൻ ചോദിച്ചു... ""പോകുന്നതിന് മുമ്പ് എനിക്ക് എടുത്ത് തന്നില്ലേ ....."" ""ഹാ.. ഞാൻ തന്നായിരുന്നു അല്ലേ...ഞാനത് മറന്നു....."" കള്ളം പറയുന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളോടെയും വാക്കുകളൊപ്പിച്ച് ശ്രീറാം പറഞ്ഞു നിർത്തി..... മറുപടിയായി തല കുലുക്കി ദയ പിന്തിരിഞ്ഞു നടക്കാനൊരുങ്ങവേ ശ്രീറാമിന്റെ ശബ്ദം വീണ്ടുമവളെ തേടിയെത്തി... ""സുന്ദരിയായല്ലോ ദുർഗ്ഗ..... മുല്ലപ്പൂവും , പൊട്ടും, കണ്മഷിയുമൊക്കെ... ആളാകെ മാറിപോയല്ലോ.....""

ചിരിയോടെ പറഞ്ഞവൻ ദയയെ ഉറ്റ് നോക്കി... അവളുടെ കവിളുകൾ വിടരുന്നതും.... നേത്രഗോളങ്ങൾ ധ്രുതഗതിയിൽ താഴേക്ക് ചലിച്ച് മിഴിയിമകൾ കൂമ്പിയടയുന്നതും ശ്രീറാം കൗതുകത്തോടെ നോക്കി നിന്നു... ആദ്യമായി........അവളുടെ ചുണ്ടുകളിൽ പുഞ്ചിരി പടരുന്നത് ശ്രീറാം കണ്ടു...... എന്തോ വലിയ മഹാത്ഭുതം സംഭവിച്ച കണക്കെ അവന്റെ കണ്ണുകൾ വികസിച്ചു... വിഷാദം മാത്രം നിഴലിച്ചിരുന്ന മിഴികൾ ഇപ്പോഴിതാ തിളങ്ങുന്നു ... പുഞ്ചിരി മറന്ന് വരണ്ടു പോയ അധരങ്ങൾ അത്രമേൽ അഴകോടെ വിരിഞ്ഞിരിക്കുന്നു....... പതിഞ്ഞ കാൽചുവടുകളോടെ അവൾക്കരികിലേക്ക് നടക്കുമ്പോൾ ഈ നിമിഷവും ... ഈ ദിവസവും .... ഈ സന്ദർഭവും... താനൊരിക്കലും മറക്കില്ലെന്ന് തോന്നി ശ്രീറാമിന്.... ""പറ ദുർഗ്ഗ.. എന്താ പെട്ടന്ന് ഇങ്ങനെയൊരു മാറ്റം.....??'""

ദയയുടെ ചെവിക്കരികിലേക്ക് മുഖം താഴ്ത്തി തരളമായി ശ്രീറാം ചോദിച്ചപ്പോൾ ദയ വിറച്ചു പോയി.... ഇമ ചിമ്മാൻ പോലും മറന്ന് തന്നെ മാത്രം നോക്കി നിൽക്കുന്ന ശ്രീറാമിനെ കാണെ അവളുടെ മിഴികൾ പരവേശത്തോടെ പിടച്ചു.... ചുണ്ടുകൾ വരണ്ടു.... ""തന്നെ ഇങ്ങനെ കാണാനാ ദുർഗ്ഗ എനിക്കിഷ്ടം....."" ദയയുടെ മറുപടിയില്ലാതെ വന്നപ്പോൾ ശ്രീറാം വീണ്ടും പറഞ്ഞു.... ദയയ്ക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി... അടിവയറ്റിൽ നിന്നും അത്രയേറെ സുഖമുള്ളൊരനുഭൂതി ഉടലാകെ പടർന്ന് കയറും പോലെ..... ഇനിയും പിടിച്ചു നിൽക്കാൻ തന്നാൽ കഴിയില്ലെന്നവൾക്ക് മനസ്സിലായപ്പോൾ പെട്ടന്ന് തോന്നിയ ബുദ്ധിയിൽ ദയ ശ്രീറാമിൽ നിന്നും പിന്തിരിഞ്ഞോടി തന്റെ മുറിയിൽ കയറി വാതിലടച്ചു..... ഒരാശ്രയത്തിനായി അല്പ നേരം അടഞ്ഞ വാതിൽ പൊളിയിലേക്ക് തന്റെ മുഴുവൻ ഭാരവുമർപ്പിച്ച് നിൽക്കുമ്പോൾ ഹൃദയം അതിവേഗത്തിൽ താളം തെറ്റി മിടിക്കുന്നതും....

കൈ കാലുകൾ വിറ കൊള്ളുന്നതും അവൾ അറിയുകയുണ്ടായി... വീണ്ടും ... വീണ്ടും... ശ്രീറാമിന്റെ വാക്കുകൾ തന്നെ കോരിതരിപ്പിക്കുന്നു... അവന്റെ നേർത്ത നിശ്വാസം ഇപ്പോഴും തന്റെ കാതരുകിലെ ചാർമ്മത്തിൽ തങ്ങി നിൽക്കുന്നത് പോലെ.... പതിയെ മുറിക്കിടത് വശത്തെ ചില്ല് കണ്ണാടിക്ക് മുമ്പിലേക്ക് നടന്ന് നീങ്ങിയവൾ തന്റെ പ്രതിബിംബത്തിലൊന്ന് തൊട്ടു.... ആദ്യമായൊരാൾ നിറഞ്ഞ മനസ്സോടെ.. സ്നേഹത്തോടെ... സത്യസന്ധമായി.. വളരെ നിഷ്കളങ്കമായി.... താൻ സുന്ദരിയാണെന്ന് പറഞ്ഞിരിക്കുന്നു..... അയാൾക്കതി വിശാലമായൊരു ഹൃദയമുണ്ട് ..... സ്നേഹവും , കരുതലും , കരുണയും തിങ്ങി നിറഞ്ഞിരിക്കുന്ന ഹൃദയം......

അതുകൊണ്ടാവണം ഒട്ടും കളങ്കമില്ലാതെയയാൾ ഇത്തരമൊരു പ്രസ്താവന നടത്തിയത്..... പല വിധ ചിന്തകളോടെ ദയ തന്റെ മുറിയിൽ സമയം ചിലവഴിക്കുമ്പോൾ എതിർവശത്തെ മുറി വാതിൽക്കൽ നിന്നൊരിഞ്ച് പോലും അനങ്ങാതെ ശ്രീറാം അപ്പോഴും ദയയുടെ മുറി വാതിൽക്കലേക്ക് കണ്ണും നട്ട് നിൽക്കുകയായിരുന്നു... തനിക്കവളോടുള്ള സ്നേഹത്തിൽ പ്രണയത്തിന്റെ വിവിധ വർണ്ണങ്ങൾ കലരുന്നതറിയാതെ , "താനെന്തു കൊണ്ടാ പെൺകുട്ടിയോടത്തരത്തിൽ പെരുമാറി" എന്ന് തീർത്തും അസ്വസ്ഥമായ മനസ്സോടെ ആലോചിച്ച് വിഷമിക്കുകയായിരുന്നു അവൻ................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story