ദയാ ദുർഗ: ഭാഗം 35

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

രാവിലെ ശാന്തി അക്കയ്ക്കൊപ്പം അടുക്കളയിൽ സഹായിക്കാൻ കയറിയതായിരുന്നു ദയ.. പതിവില്ലാത്ത അവളുടെ വരവും ഇടപെടലും കണ്ട് ശാന്തിയക്ക കാര്യമറിയാതെ സംശയത്തോടെ അവളെ നോക്കി... ""യെന്നമ്മാ??"" "'ഞാനൂടെ സഹായിക്കാം അമ്മേ.."" അവളുടെ അമ്മേയെന്നുള്ള വിളിയിൽ അവർ അന്താളിച്ചു പോയി... വർഷങ്ങളായി അവർക്കന്യം നിന്ന വാക്ക്.... നെഞ്ചിലുറഞ്ഞ് കൂടിയ വിങ്ങലോടെ ശാന്തിയക്ക നിറക്കണ്ണുകളുമായി ദയയെ നോക്കി... ദയ ആകെ പേടിച്ചു.... താനരുതാത്തതെന്തെങ്കിലും പറഞ്ഞോ എന്ന ചിന്തയായി അവൾക്ക്... അവളുടെ നിൽപ്പും , വെപ്രാളം നിറഞ്ഞ മുഖഭാവവും കണ്ട് ശാന്തിയക്ക തന്റെ കണ്ണുകൾ അമർത്തി തുടച്ച് അവളെ നോക്കി പുഞ്ചിരിച്ചു.... ""യെതാവതോ യോസിക്കിട്ടിരുക്കേൻ... നീങ്ക പോയിടുങ്കോ....."" ""ഏഹ്!!"" ദയ അവരെ നോക്കി കണ്ണ്മിഴിച്ചു ... ""ഓഹ് കടവൂളെ.... ഇന്ത പൊണ്ണ്..!!"" ""നീ പോമാ....വേലയെല്ലാം നാൻ നോക്കിക്കോളാം....."" കൈ കൊണ്ടവളോട് പുറത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞ് ശാന്തിയക്ക തന്റെ ജോലികലേക്ക് ശ്രദ്ധ തിരിച്ചു.... ദയ അത് കാര്യമാക്കാതെ അടുപ്പിൽ വച്ച , തിളയ്ക്കുന്ന വെള്ളത്തിലേക്ക് തേയില തൂകി... തനിക്ക് പിന്നിൽ അനക്കമറിഞ്ഞപ്പോൾ ദയ പോയിട്ടില്ലെന്ന് ശാന്തിയക്കയ്ക്ക് മനസ്സിലായി..... അവർ ഇരു കൈകളും ഇടുപ്പിൽ കുത്തി ദയ‌യെ കൂർപ്പിച്ച് നോക്കി.....

അവർ കൈകളിലണിഞ്ഞ കുപ്പിവളകൾ കിലുങ്ങുന്ന ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു..... ദയ ഇടം കണ്ണാലെ അവരെയൊന്ന് നോക്കിയ ശേഷം പാലും , പഞ്ചസാരയും ചേർത്ത് ചായ കൂട്ടി ഓരോ കപ്പുകളിലേക്കായി പകർന്നെടുത്തു..... ആദ്യത്തെ കപ്പവൾ ശാന്തിയക്കയ്ക്ക് നെരെ നീട്ടിയപ്പോൾ അവർ അത്ഭുതപ്പെട്ടു പോയി ... ചെറിയ ചില പരിഗണനകൾ പോലും നമ്മൾ പ്രതീക്ഷിക്കുന്നക്കുന്നതിലുമധികമായി ചിലരെ സ്വാധീനിക്കുകയും , സന്തോഷിപ്പിക്കുകയും ചെയ്യുമെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും ദയക്ക് തോന്നി... മുമ്പെപ്പോഴൊക്കെയോ താനും കൊതിച്ചിരുന്നില്ലേ ഇത്തരം ചില പരിഗണനകൾക്കായി...!! ഭൂതകാല സ്മരണകളെ മനപ്പൂർവ്വം മറന്നു കളഞ്ഞവൾ ബാക്കിയുള്ള കപ്പുകളെല്ലാം ഒരു ട്രേയിലാക്കിയെടുത്ത് ഹാളിലേക്ക് നടന്നു.... ആദ്യം കണ്ടത് ഫോണുമായി സോഫയിലിരിക്കുന്ന കൈലാസിനെയാണ്.... ദയ യാതൊരു മടിയും കൂടാതെ അവന് മുന്നിൽ ചെന്ന് നിന്നു... തനിക്കരികിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയപ്പോൾ കൈലാസ് മൊബൈൽ സ്‌ക്രീനിൽ നിന്നും കണ്ണുകളുയർത്തി... ദയയെ കണ്ടതും അവനൊന്ന് പരിഭ്രമിച്ചു.... "ചായ..." കാറ്റ് പോലെ അവളുടെ നേർത്ത സ്വരം അവനിലേക്കൊഴുകിയെത്തി.... കൈലാസ് ദയയെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി...... ഇന്നലെയുള്ള പോലെ തന്നെ നെറ്റിയിൽ ചുമന്ന വട്ട പൊട്ടും , മിഴികളിൽ കണ്മഷിയുമുണ്ട് ....

ഈറനായ മുടി നടു വകഞ്ഞെടുത്ത് കുളിപിന്നലിട്ടിരിക്കുന്നു... അവളുടെ മുഖത്ത് തന്നോട് വെറുപ്പോ ദേഷ്യമോ ഒന്നുമില്ലെന്ന് കൈലാസ് ഓർത്തു..... ""ചായ..."" തന്നെ നോക്കിയിരിക്കുന്ന കൈലാസിനെ കണ്ട് ദയ ഒന്ന്കൂടെ ഉറപ്പിച്ച് പറഞ്ഞു.... കൈലാസിന്റെ കണ്ണുകൾ പിടച്ചിലോടെ അവളിൽ നിന്നുമകന്നു.. ഉടനടി ട്രേയിൽ നിന്നുമൊരു കപ്പ് ചായയെടുത്തവൻ ചുണ്ടോട് ചേർത്തു.... ദയ പിന്തിരിഞ്ഞു നടന്നു.... അവളുടെ പേരെടുത്ത് വിളിച്ച് , ആ പെണ്ണിനെ തടഞ്ഞു നിർത്താൻ കൈലാസിന് തോന്നി... അവളോടെന്തൊക്കെയോ മിണ്ടണമെന്ന് തോന്നി... പക്ഷേ അവന്റെ നാവ് പൊങ്ങിയില്ല... ശരണിനുള്ള ചായയുമായി മുകളിലേക്ക് കയറുമ്പോൾ എപ്പോഴത്തെയും പോലെ ദയയുടെ കാലുകൾക്ക് വേഗതയേറി.... താൻ കുളിച്ചിറങ്ങുമ്പോൾ ശ്രീറാമും , ശരണും പ്രാക്ടീസിലായിരുന്നു..... അതിനാൽ ശ്രീറാമിനെ കാണാൻ കഴിഞ്ഞില്ല.... ബാൽക്കണിയിൽ നിൽക്കുന്ന ശരണിന് ചായ കൊടുത്തപ്പോൾ അവൻ ദയയെ ആശ്ചര്യത്തോടെ നോക്കി... എല്ലാം കൊണ്ടും അവൾ മാറി വരികയാണെന്ന് അവന് തോന്നി..... വളരെയധികം സന്തോഷത്തോടെ ശരൺ ദയയെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. ""താങ്ക്സ് ദച്ചു....."" പിശുക്കിയെങ്കിലും വളരെ , വളരെ നേർമയിൽ തിരികെ അവളുമൊരു ചിരി നൽകി..... ""ഏട്ടൻ മുറിയിലുണ്ട്....."" ദയയുടെ മനസ്സറിഞ്ഞെന്നോണം ശരൺ ദൂരേക്ക് നോക്കി പറഞ്ഞു....

""മ്മ്മ്മ്.."" നേർമയായൊന്നു മൂളി ഒഴിഞ്ഞ ട്രേയുമായി ദയ ധൃതിയിൽ തിരികെ നടന്നു... ശ്രീറാമിന്റെ മുറി വാതിൽക്കലെത്തിയപ്പോൾ കാലുകളുടെ വേഗത കുറഞ്ഞു..... വാതിൽ ചാരിയിട്ടേ ഉള്ളൂ.... അകത്ത് നിന്നും ശ്രീറാമിന്റെ മൂളി പാട്ട് കേൾക്കാം.... അകമേ....നിറഞ്ഞ സ്നേഹമാം മ്മ്മ്ഹ്.....ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല.... മ്മ്മ്ഹ്..... മ്മ്മ്ഹ്....ഏകാന്തതയില്‍ നിന്‍... മ്മ്മ്ഹ്...നനവൊപ്പി മായ്ച്ചതില്ല.. എങ്കിലും....നീ.. അറിഞ്ഞു...... എന്‍ നിനവെന്നും നിൻ നിന മ്മ്ഹ്....മ്മ്ഹ്... ഹ്... നിന്നെ തഴുകുന്നതായ്‌.. ഒരു ചെമ്പനീര്‍...... മ്മ്മ്ഹ്... മ്മ്ഹ്..... അവന്റെ നേർത്ത മൂളിപ്പാട്ടുകൾ പോലും എത്ര മനോഹരമാണ്.....!! അവനെയൊന്ന് കാണാൻ അവളുടെ ഹൃദയം തുടിച്ചു.... ആകാംഷയടക്കവയ്യാതെ ദയ വാതിലിനിടയിലെ നേർത്ത വിടവിലൂടെ അകത്തേക്ക് നോക്കി ..... മുറിയിലെ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ശ്രീറാം മൂളി പാട്ടോട് കൂടി തന്റെ ചുമലിലിട്ട നനഞ്ഞ തോർത്തിനാൽ തല തുവർത്തുകയാണ്.. ഒരു വെള്ള മുണ്ട് മാത്രമാണ് വേഷം .... അർദ്ധ നഗ്നമായ അവന്റെ ശരീരം കണ്ട് ദയക്ക് ജാള്യത തോന്നി... അവൾ ചുണ്ട് ചുളുക്കി , കണ്ണുകൾ ഇറുകെയടച്ച് വലത് വശത്തെ ചുമരിലേക്ക് ചാരി നിന്നു..... ""എന്ത് പറ്റി??""

ചായ കുടിച്ച് ബാൽക്കണിയിൽ നിന്നും തിരികെ വന്ന ശരൺ ദയയുടെ നിൽപ്പ് കണ്ട് ചോദിച്ചു.... അവൾ ആകുലതയോടെ ശരണിനെ നോക്കി.... താൻ മുറിയിലേക്ക് നോക്കിയത് അവൻ കണ്ടോ എന്ന വേവലാതിയായിരുന്നു അവൾക്ക്.... ""ഒന്നൂല്യ......"" സംഭ്രമത്തോടെ ചുമൽ കൂച്ചി ദയ നടക്കാൻ ഒരുങ്ങുമ്പോഴേക്കും വെളിയിലെ ശബ്ദം കേട്ട് ശ്രീറാം മുറിയ്ക്ക് പുറത്തെത്തിയിരുന്നു.... ""എന്താ ഇവിടെ??"" ചോദ്യം കേട്ട് ദയ ഞെട്ടലോടെ ശ്രീറാമിനെ പിന്തിരിഞ്ഞ് നോക്കി... അവനപ്പോഴും അതേ വേഷത്തിലാണെന്ന് കണ്ടതും അവൾ ഉടനടി കണ്ണുകൾ ഇറുകെയടച്ച് തല വെട്ടിച്ചു........ അത് കണ്ട് ശരണിന് ചിരി വന്നു.... അവൻ കള്ള ചിരിയോടെ ദയയെ നോക്കി തലയാട്ടിയത് കാണെ അവളുടെ മുഖം ദയനീയമായി.... ""ഇന്ന് ചായ ദച്ചൂന്റെ വകയാ ഏട്ടാ.. ഏട്ടന് കിട്ടിയില്ലേ??"" ശരൺ കുസൃതിയോടെ ചോദിച്ചു..... ശ്രീറാം മറുപടി പറയാതെ ദയയെ നോക്കി... അവന്റെ മിഴികൾ അവിശ്വസിനീയതയോടെ വിടർന്നിരുന്നു... ""ചായ.. കുടിക്കാറില്ലല്ലോ..."" ദയ പതിയെ പറഞ്ഞു.... ""ആര്??"" ശരണിൽ വീണ്ടും കുസൃതി മിന്നി... ആരെന്ന് പറയും!! ദയ സ്വയം ചോദിച്ചു... അവളുടെ ഹൃദയതാളം മുറുകുകയും.. നേത്രഗോളങ്ങൾ വെപ്രാളത്തോടെ നാല് പാടുമലയുകയും ചെയ്തു..... പതിയെ അവരിരുവരിൽ നിന്നും രക്ഷപ്പെടാൻ തുടങ്ങവേ ദയയുടെ നീക്കം മുൻകൂട്ടി കണ്ട പോൽ ശരൺ അവൾക്ക് മുന്നിൽ തടസ്സമായി കയറി നിന്നു... "

"പറഞ്ഞിട്ട് പോയാ മതി......"" ""സാറ്..."" ശ്രീറാമിനെയൊന്ന് നോക്കി രണ്ടും കല്പിച്ചവൾ സ്വരം താഴ്ത്തി പറഞ്ഞു.... അത് കേൾക്കെ ശ്രീറാമിന് വല്ലാതെ വിഷമം തോന്നിപോയി... അവന്റെ മുഖത്തെ ചിരി മാഞ്ഞു... ഒറ്റ നിമിഷം കൊണ്ട്... ഒരു വാക്ക് കൊണ്ട്... താനവൾക്കാരുമല്ലാതെയായി പോയപോലെ.... അവൻ ഒന്നും മിണ്ടാതെ മുറിക്കകത്തേക്ക് തിരികെ കയറിയപ്പോൾ ദയയും ശരണും ആകെ വല്ലാതായി.. ""ഏട്ടന് വിഷമമായി ട്ടോ ദച്ചൂ..."" ശരണത് മാത്രം പറഞ്ഞ് കോണിപടികൾ താഴെക്കിറങ്ങി.... ദയ വീണ്ടും അവിടെ തന്നെ നിന്നു.... ശ്രീറാമിന് സങ്കടമായെന്നുള്ളത് അവളെ അസ്വസ്ഥതപ്പെടുത്തുകയുണ്ടായി ... കുറച്ച് സമയം അതേ നിൽപ്പ് നിന്ന് ദയ വീണ്ടുമവന്റെ മുറി വാതിൽക്കലേക്ക് നീങ്ങി നിന്ന് മുരടനക്കി..... ശ്രീറാം കിടക്കയിലിരുന്ന് ലാപ്ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു... ദയയുടെ സാന്നിധ്യമറിഞ്ഞിട്ടും അവനവളെ തലയുയർത്തി നോക്കിയില്ല... പരിഭവം പോലെ... പിണക്കം പോലെ.. അവളിൽ നിന്ന്‌ മുഖം വെട്ടിച്ച് അതേ ഇരുപ്പിരുന്നു... എത്രയൊക്കെ ശബ്ദമുണ്ടാക്കി ശ്രദ്ധ തിരിക്കാൻ ശ്രമിച്ചിട്ടും അവൻ തന്നെ നോക്കുന്നില്ലെന്ന് കണ്ടതും ദയ മടിച്ച് മടിച്ച് മുറിയിലേക്ക് കയറി അവനരികിൽ ചെന്ന് നിന്നു... "

""ഞാനറിയാതെ...ന്താ വിളിക്കണ്ടേന്ന്‌ നിക്ക്.....!!! "" വാക്കുകൾ അർദോക്തിയിൽ അവസാനിപ്പിച്ചവൾ ശ്രീറാമിനെ പ്രതീക്ഷയോടെ നോക്കി...... എന്നാൽ അവനത് കേട്ട ഭാവം നടിച്ചില്ല... ദയയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി... ഇനിയെന്ത് പറയണം , ചെയ്യണമെന്നറിയാതെ വിരലുകൾ കൊരുത്ത് പിടിച്ചവൾ മനോവിഷമത്തോടെ അവനരികിൽ തന്നെ നിന്നു..... ""സ്... ശ്രീയേട്ടാ...."" മുത്ത് പൊഴിയും പോലെ അവളിൽ നിന്നും വാക്കുകൾ അടർന്നു വീണു... ശ്രീറാമിന് ഒരുവേള തന്റെ ഹൃദയം നിലച്ചത് പോലെ തോന്നി..... ചുണ്ടുകൾ വിടർന്നെങ്കിലും , ഗൗരവത്തിന്റെ മുഖംമൂടിയണിഞ്ഞവൻ ദയയെ കൂർപ്പിച്ച് നോക്കി... ""ഞാൻ... എനിക്കറിയില്ല എന്താ വി.........."" എണ്ണി കൂട്ടിയവൾ പറയാൻ ശ്രമിക്കും മുമ്പേ ശ്രീറാം എഴുന്നേറ്റ് അവൾക്കഭിമുഖമായി നിന്നു.. ""ഇനി മേലാൽ എന്നെ സാറേന്നോ , ടീച്ചറേന്നോ എങ്ങാനും നീ വിളിച്ചാൽ.... ഞാനേത് ക്ലാസ്സിലാടി പെണ്ണെ നിന്നെ പഠിപ്പിച്ചിട്ടുള്ളത്...."" അവൻ ഒച്ചയുയർത്തി ദേഷ്യപ്പെട്ടപ്പോൾ ദയ വിറച്ചു പോയി...... നിറഞ്ഞ് തുടങ്ങിയിരുന്ന കണ്ണുകളിൽ നിന്നും ഒറ്റ കുതിപ്പിന് വെള്ളം ചാടി... ചുണ്ടുകൾ കൂർത്ത് വിതുമ്പി..... ഒരു പൊട്ടി കരച്ചിലോടെ ദയ പിന്തിരിഞ്ഞ് തന്റെ മുറിയിലേക്കോടി.... എന്താണ് സംഭവിച്ചതെന്നറിയാൻ അല്പ സമയം വേണ്ടി വന്നു ശ്രീറാമിന്..... ചെറുതായൊന്ന് ശകാരിക്കണമെന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ.... പക്ഷേ....!! സ്വയം നെറ്റിയിലടിച്ചവൻ മുണ്ട് മടക്കിയുടുത്ത് ദയയുടെ മുറി ലക്ഷ്യമാക്കി നടന്നു.... 🌼🌼🌼

""ഇല്ല സർ.....ഐ ആം നോട്ട് ഇൻട്രെസ്റ്റഡ്.... കുറച്ച് പേർസണൽ ഇഷ്യൂസ് ഉണ്ട്....ഒരു ബ്രേക്ക്‌ വേണമെന്ന് നിർബന്ധം ഉള്ളത് കൊണ്ടാണ് ഞാനിപ്പോൾ പ്രോജക്റ്റ്സ് പോലും ഏറ്റെടുക്കാത്തത്... അതിനിടയിൽ ഇന്റർവ്യൂ...അത് വേണ്ട സർ......ശരിയാകില്ല......"" ശ്രീറാം ഫോണിലൂടെ സംസാരിക്കുന്നത് കേട്ട് ശരണിന്റെ നെറ്റി ചുളിഞ്ഞു.... തനിക്ക് പിന്നിൽ ആരുടെയോ സാന്നിധ്യമറിഞ്ഞ് ശ്രീറാം വാക്കുകൾ ചുരുക്കി , സംഭാഷണമവസാനിപ്പിച്ച് പിന്തിരിഞ്ഞു നോക്കി ..... ""ഹാ... നീയായിരുന്നോ....ശബ്ദമൊന്നും കേൾക്കാതിരുന്നപ്പോൾ ഞാൻ കരുതി ദുർഗ്ഗയാണെന്ന്..."" ഒന്ന് മന്ദഹസിച്ചവൻ കയ്യിലെ ഫോൺ അരികിലെ മേശപ്പുറത്തേക്ക് വച്ചു.... """ദച്ചു താഴെ ശാന്തിയക്കയുടെ കൂടെ ഗാർഡനിലാണ്.......ഞാൻ ഏട്ടനോട് കുറച്ച് സംസാരിക്കാൻ......"" ""എന്താടാ??"" ചോദ്യത്തോടെ ശ്രീറാം കിടക്കയിലേക്കിരുന്നു..... മുറിയുടെ വാതിലടച്ച് കൊളുത്തിട്ട് ശ്രീറാമിനഭിമുഖമായി ശരണും ഇരുന്നു.. ""അച്ഛൻ വിളിച്ചിരുന്നു.....അവര് നാലഞ്ച് ദിവസം കഴിഞ്ഞിങ്ങട് പുറപ്പെടുവാണെന്ന്... ശേഖരങ്കിൾന്റെ കൂടെ ദച്ചൂന്റെ മൂത്തശ്ശനും വരുന്നുണ്ടെന്ന് പറഞ്ഞു ...."" ""മ്മ്.... രാവിലെ അമ്മ വിളിച്ചപ്പോ സൂചിപ്പിച്ചിരുന്നു....."" ശ്രീറാം അലസമായി പറഞ്ഞു.... ""

"പിന്നെ ഏട്ടാ........ സിദ്ധാർഥിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു...."" ശരൺ അല്പം മടിയോടെ പറഞ്ഞു..... ""ആ കുഞ്ഞിന്റെ അച്ഛൻ ഒരുവിധത്തിലും അടുക്കുന്നില്ലെന്ന്.... കേസ് മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് പോലും അവരുടെ തീരുമാനം... മാത്രമല്ല...കേസ് കൂടുതൽ സ്ട്രോങ്ങ്‌ ആകാനും സാധ്യതയുണ്ട്..... കാരണം....സിദ്ധാർഥും, സ്വാതിയും , മുത്തശ്ശനും അയാൾക്കെതിരെ മൊഴി കൊടുത്തിട്ടുണ്ട് ....."" ""ആയിക്കോട്ടെ....നല്ലത്.... കുഞ്ഞിന്റെ ഭാവി , പേരുദോഷം എന്നൊക്കെ കരുതി അവരൊന്നും മൂടിവച്ചില്ലല്ലോ..... പക്ഷേ......ദുർഗ്ഗയെ അതിലേക്ക് വലിച്ചിഴയ്ക്കാൻ കഴിയില്ല .... അതിനെന്താ വേണ്ടതെന്നു വച്ചാൽ ചെയ്യണം..... അയാളിപ്പോഴും ജീവനോടെ ഉണ്ടെന്ന് അവൾക്കറിയില്ല.... അറിഞ്ഞാൽ അവളുടെ പ്രതികരണമെന്താകുമെന്ന്...!!! ഐ ഡോണ്ട് നോ.... അവളെ വച്ചൊരു ഭാഗ്യ പരീക്ഷണം... അത് എനിക്ക് കഴിയില്ല ശരൺ.... പേടിയായിട്ടാ അമ്മ വിളിക്കുമ്പോൾ പോലും അവൾക്ക് ഞാൻ ഫോൺ നൽകാത്തത്....."" ""അറിയാം ഏട്ടാ... ഞാൻ നാളെ അങ്ങ് പോകും... എല്ലാം ഒന്ന് ഒതുക്കി തീർക്കണമല്ലോ.....ആ @@₹% മോൻ അന്നേ അങ്ങ് ചത്ത് തുലഞ്ഞാൽ മതിയായിരുന്നു...."" ""മ്മ്ഹ്.... മരണം അയാൾക്ക് രക്ഷപ്പെടാനുള്ള എളുപ്പമാർഗ്ഗമാണ് ശരൺ... ഈ ജീവിതമാണ് അയാൾക്കുള്ള നരകം... സ്വന്തം ഭാര്യയും, സ്നേഹിച്ച് വളർത്തിയ മക്കളും ഉപേക്ഷിച്ച് കയറി കിടക്കാനൊരിടം പോലുമില്ലാതെ തെരുവ് പട്ടിക്ക് സമമായി അലഞ്ഞ് നടക്കുകയല്ലേ ...ഇപ്പൊ ദാ ജയിലിലും..... ഇനിയും നരകിക്കും അയാൾ..... മരണം വരെ അനുഭവിക്കും...."

" ശ്രീറാമിന്റെ ചുണ്ടുകൾ പുച്ഛത്തോടെ കോടി.... അല്പ സമയത്തെ ആലോചനയ്ക്ക് ശേഷം ശ്രീറാം ശരണിനെ നോക്കി... "" നിനക്ക് ഒറ്റയ്ക്ക് കഴിയുമോ......??"" ""അതൊന്നുമോർത്ത് ഏട്ടൻ പേടിക്കണ്ട.... കൂടെ അച്ഛനും , ശേഖരങ്കിളുമില്ലേ....."" ""എന്തുണ്ടെങ്കിലും ആ നിമിഷം തന്നെ എന്നെ വിളിക്കണം..... പിന്നെ ഇവിടേക്ക് വരുന്നതിന് മുമ്പ് അവളുടെ മുത്തശ്ശനടക്കം എല്ലാവർക്കും ദയയോട് എന്ത് പറയണം , പറയണ്ടാ എന്നുള്ളതിനെ കുറിച്ച് വ്യക്തമാക്കി കൊടുക്കണം.... അറിയാതെ പോലും ആ നീചന്റെയോ , അയാളുടെ ഭാര്യയുടെയോ , മക്കളുടെയോ പേര് ആരുടേയും നാവിൽ നിന്നും വീഴരുത്......"" മറുപടിയായി ശരൺ ഗൗരവപ്പൂർവ്വം തലയാട്ടി.... ""എങ്കിൽ ചെല്ല്... പോയി ഉറങ്ങിക്കോ...."" വാത്സല്യത്തോടെ ശരണിന്റെ നെറുകിൽ തലോടി ശ്രീറാം പറഞ്ഞു.... ഏട്ടന്റെ കൈചൂടിലൊന്ന് കണ്ണുകളടച്ച് പുഞ്ചിരിച്ചവൻ എഴുന്നേറ്റ് തിരികെ നടന്നു..... വാതിലിനരികിലെത്തിയപ്പോൾ ശരൺ പിന്തിരിഞ്ഞ് ശ്രീറാമിനെ നോക്കി..... ""ഏട്ടന്റെ കരിയർ ഇന്നീ നിലയിലെത്താൻ ഏട്ടനെത്ര മാത്രം സ്ട്രഗ്ഗിൾ ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം... ദച്ചുവിനെ ചേർത്ത് പിടിക്കാൻ ഞങ്ങൾ എല്ലാവരുമുണ്ട് ഏട്ടാ.... ഏട്ടനെ പോലെ ബെസ്റ്റ് ആയിട്ട് കെയർ ചെയ്യാൻ പറ്റില്ലായിരിക്കും.. പക്ഷെ കംഫർട്ടബിളാക്കാൻ ഞങ്ങൾ ശ്രമിക്കും..... പ്ലീസ് ഡോണ്ട് കോംപ്രമൈസ് വിത്ത്‌ യുവർ ഡ്രീംസ്‌ ആൻഡ് കരിയർ...... പിന്നെ....

ഇത് ഉപദേശമായി കണക്കാക്കരുത്.... ഇതെന്റെ സ്നേഹമാണ്..... ഏട്ടനോടുള്ള ബഹുമാനമാണ്.... ഐ ലവ് യു......"" നിറഞ്ഞ ചിരിയോടെ ശ്രീറാമിനെ നോക്കി കണ്ണ് ചിമ്മി ശരൺ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി..... അവന്റെ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു ശ്രീറാം.... ശരിയാണ്.. ഒന്നിന് വേണ്ടിയും വിട്ട് വീഴ്ച്ച ചെയ്യില്ലെന്ന് ശപഥമെടുത്ത് താൻ തിരഞ്ഞെടുത്തതാണ് ഈ പ്രൊഫഷൻ.. മുൻ നിര ഗായകരിൽ തനിക്കായൊരിടമുണ്ടാക്കണമെന്നത് തന്റെ സ്വപനമായിരുന്നു .... അതിനായുള്ള യാത്രയിൽ പലതും മറന്നു.... ജീവിതം പോലും മറന്നെന്ന് പറയാം... പക്ഷെ ഇപ്പോൾ ....!! ഒരു പെൺകുട്ടിക്ക് വേണ്ടി... യാദൃശ്ചികമായി കണ്ട്മുട്ടിയൊരുവൾക്ക് വേണ്ടി.. തന്റെ ആരോരുമല്ലാത്തൊരുവൾക്ക് വേണ്ടി...... വലിയ തോതിൽ വിട്ടുവീഴ്ച്ച ചെയ്തിരിക്കുന്നു..... അവൾക്കായി ഇന്ന് തന്റെ സ്വപ്നം പോലും മറന്നിരിക്കുന്നു..... ശ്രീറാം അസ്വസ്ഥതയോടെ കിടക്കയിലേക്ക് ചാഞ്ഞു...... ചിന്തകൾ തീക്കനൽ കണക്കെ അവനിൽ ആളി പടർന്നു കൊണ്ടിരുന്നു... ഒരുപാട് നേരത്തിന് ശേഷം കണ്ണുകൾ അടയ്ക്കുമ്പോൾ അവൻ വ്യക്തമായ പല തീരുമാനങ്ങളിലേക്കുമെത്തി ചേർന്നിരുന്നു...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story