ദയാ ദുർഗ: ഭാഗം 36

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

ഹാളിലെ കോളിംഗ് ബെൽ മുഴങ്ങിയ ശബ്ദം കേട്ട് അടുക്കളയിൽ ഉച്ച ഭക്ഷണമൊരുക്കുകയായിരുന്ന ദയ ചോദ്യ ഭാവത്തിൽ ശാന്തി അക്കയെ നോക്കി.... അവരുടെ നെറ്റിയും സംശയപ്പൂർവ്വം ചുളിഞ്ഞിരുന്നു.... ""ഇന്ത ടൈമിൽ യാര്!! "".... സ്വയം ചോദിച്ച് പുറത്തേക്ക് പോകാനൊരുങ്ങിയവരെ ദയ തടഞ്ഞു...... ""ഞാൻ നോക്കിയിട്ട് വരാം അമ്മേ..."" പറഞ്ഞു കൊണ്ടവൾ അടുക്കളയിൽ നിന്നും ധൃതിയിൽ ഹാളിലേക്ക് നടന്നു..... വീണ്ടും ഒരിക്കൽ കൂടി ബെൽ മുഴങ്ങിയപ്പോൾ ദയയുടെ കാലുകൾക്ക് വേഗതയേറി...... ഓടി ചെന്ന് വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന അപരിചിതയായ പെൺകുട്ടിയേ കണ്ടവളുടെ മുഖം ചുളുങ്ങി..... അവൾക്ക് പിന്നിലായി ഒരു മധ്യവയസ്ക്കനുമുണ്ട്... ദയ ഇരുവരെയും മാറി മാറി നോക്കി.... ""നീയേതാ....."" മുന്നിൽ നിൽക്കുന്ന വ്യക്തി തന്റെ കണ്ണുകളിൽ വച്ച വിലയേറിയ ഗ്ലാസ്സ് എടുത്തു മാറ്റി ചോദിച്ചു... അതിന് വ്യക്തമായൊരുത്തരം തന്റെ പക്കലില്ലെന്ന് തോന്നി ദയക്ക് .... താനീ വീട്ടിൽ ആരാണ്...!! പറയാനൊരു മേൽവിലാസമോ , ബന്ധങ്ങളോ ഇല്ലാതെ കുറച്ച് പേരുടെ കരുണയാൽ ഇവിടെ കഴിഞ്ഞു കൂടുന്ന അഭയാർത്ഥിയായൊരു പെൺകുട്ടി.... പറയാനൊരു സ്ഥാനം പോലുമില്ല.... ""ഇതിന് കണ്ണും കാതും സംസാര ശേഷിയുമൊന്നുമില്ലേ??""

മറുപടി ലഭിക്കാതെ അയാൾ അസ്വസ്ഥമായി മുറുമുറുത്തപ്പോൾ ദയ ഞെട്ടലോടെ അവരിരുവരെയും നോക്കി.... ""എന്താ അപ്പ..!! ഇവിടത്തെ പുതിയ സെർവന്റ് ആയിരിക്കും.... മലയാളം അറിവുണ്ടാകില്ല.....""" അയാൾക്കരികിൽ നിൽക്കുന്ന പെൺകുട്ടി വളരെ ശാന്തമായി , താഴ്ന്ന ശബ്ത്തിൽ പറഞ്ഞു... പക്ഷെ ദയയത് വളരെ വ്യക്തമായി കേട്ടു... """നിക്ക്.. നിക്ക് മലയാളം അറിയാം..."" ""ഓ.. എന്നിട്ടാണോ പൊട്ടിയെ പോലെ മിഴിച്ച് നിൽക്കുന്നത്...... അങ്ങോട്ട് മാറി നിൽക്ക് പെണ്ണെ ... ഞങ്ങൾ അകത്തേക്ക് കയറട്ടെ....."" അയാൾ രോഷാകുലനായി... ദയ വിറച്ച് കൊണ്ട് വാതിലിനൊരുവശത്തേക്ക് നീങ്ങി നിന്നു... "'ഈ അപ്പയെ കൊണ്ട്...""!! പുരികം ചുളിച്ച് തന്റെ അച്ഛനെയൊന്ന് നോക്കിയാ പെൺകുട്ടി അകത്തേക്ക് പ്രവേശിച്ചു... പുറകെ അയാളും.... ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് ശാന്തിയക്ക ഹാളിലേക്കെത്തി... ""ഹാ... നീങ്കളാ..."" അവർ നിറഞ്ഞ ചിരിയോടെ ഇരുവരെയും നോക്കി ചോദിച്ചു... ആ പെൺകുട്ടി തിരികെ നേർമയായി പുഞ്ചിരിച്ചെങ്കിലും അയാൾ അവരെ കണ്ട ഭാവം നടിച്ചില്ല.. ""റാം??"" ""മേലെയിരുക്ക് മാ.... കണ്ണാ പോയി റാം പാപ്പയെ കൂട്ടിയിട്ട് വാ.."" ദയയേ നോക്കി ശാന്തിയക്ക പറഞ്ഞു.. അവൾ സമ്മതപൂർവ്വം തലയാട്ടി മുകളിലേക്ക് പോകാൻ ഒരുങ്ങിയെങ്കിലും ആ പെൺകുട്ടി ദയയെ വിലക്കി....

""വേണ്ട... ഞാൻ പോയി കണ്ടോളാം...."" സൗമ്യമായി പറഞ്ഞവൾ കോണി പടിയിലേക്ക് കാൽ വച്ചതും മുകളിൽ നിന്നും ശ്രീറാമിന്റെ ശബ്ദമുയർന്നു....... ""ദുർഗ്ഗാ......"" ആ വിളി കേൾക്കാൻ കാത്തെന്ന പോൽ ദയയുടെ കണ്ണുകൾ മിന്നി... അവൾ ആരെയും ശ്രദ്ധിക്കാതെ , ആ പെൺകുട്ടിയെയും കടന്ന് മുകളിലേക്കുള്ള പടികൾ ഓടി കയറി..... ദയക്ക് പിന്നാലെയായി ആ പെൺകുട്ടിയും.... ""എത്ര പറഞ്ഞാലും ശ്രദ്ധയില്ല.....""!! പിറുപിറുത്ത് കൊണ്ട് ശ്രീറാം മുറിയുലൂടെ തലങ്ങും വിലങ്ങും നടന്നു.... ""ന്താ വിളിച്ചേ??"" വാതിൽക്കൽ നിന്ന് ദയ ആരാഞ്ഞപ്പോൾ ശ്രീറാം അവളെ തറപ്പിച്ചൊന്ന് നോക്കി... ""എന്റെ മുറിയിലേക്കുള്ള ലക്ഷ്മണ രേഖ താണ്ടണമെങ്കിൽ ഇനി ഞാൻ അങ്ങോട്ട് വന്ന് നിന്നെ ആനയിക്കേണ്ടി വരും അല്ലെ...."" ശ്രീറാം നല്ല ദേഷ്യത്തിലാണെന്ന് തോന്നി ദയക്ക്.... അവനെ വീണ്ടും മുഷിപ്പിക്കേണ്ടെന്ന് കരുതിയവൾ ധൃതിയിൽ മുറിക്കകത്തേക്ക് കയറി അവന് മുന്നിൽ ചെന്ന് നിന്നു.... ""ഇത് ഞാൻ രാവിലെ എടുത്ത് തന്ന ടാബ്ലറ്റ് അല്ലായിരുന്നോ??"" ചുരുട്ടി പിടിച്ച കൈവെള്ള ദയക്ക് നേരെ നിവർത്തി ശ്രീറാം ചോദിച്ചപ്പോൾ അവൾ പരുങ്ങലോടെ തന്റെ കീഴ്‌ച്ചുണ്ട് കടിച്ച് പിടിച്ച് മുഖം കുനിച്ചു....

. ""മുഖത്തേക്ക് നോക്ക് ദുർഗ്ഗാ...."" അവന്റെ സ്വരം കനത്തു.... ദയ കണ്ണുകൾ മാത്രമുയർത്തി അവനെ നോക്കി .... ""അതിന്.. ഭയങ്കര കയ്പ്പാ... മാത്രല്ല... കുടിച്ചാ.. നിക്ക്.. നിക്ക്.. ഉറക്കം വരും ....""" ""ഉറക്കം വന്നാൽ ഉറങ്ങണം....ഇവിടെയാരെങ്കിലും തന്നോട് ഉറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ടോ??"" ""റാം........ "" വാതിൽക്കൽ നിന്ന് തീർത്തും പരിചിതമായ ശബ്ദം കേട്ട് ശ്രീറാം ഞൊടിയിടയിൽ തന്റെ മിഴികൾ പുറത്തേക്ക് പായിച്ചു..... അഞ്ജലി......!! മന്ത്രണം പോലെയാ നാമമുരുവിട്ടവൻ വിടർന്ന മിഴികളോടെ ആ പെൺകുട്ടിയേ നോക്കി.... ദയയുടെ നോട്ടവും ശ്രീറാമിന് പിന്നാലെ പാഞ്ഞു.... അഞ്ജലി ഓടി വന്ന് ശ്രീറാമിനെ ഇറുകെ പുണർന്നു... പുഞ്ചിരിയോടെ തിരികെ അവനും ....... ''"ഹൌ വാസ് യുവർ ട്രിപ്പ്‌??"" ""റിയലി ഐ മിസ്സ്ഡ് യുവർ പ്രസൻസ് റാം..."" അവൾ ചിണുങ്ങി കൊണ്ട് അലിവോടെ... സ്നേഹത്തോടെ പറഞ്ഞു.... തന്റെ ചോദ്യത്തിനുള്ള അഞ്ജലിയുടെ മറുപടി കേൾക്കെ ശ്രീറാമൊന്ന് മന്ദഹസിച്ചു..... ""എല്ലാ പ്രോഗ്രാമിന്റെയും വീഡിയോസ് ഞാൻ കണ്ടിരുന്നു...നന്നായിരുന്നു..."" ശ്രീറാം പുഞ്ചിരിയോടെ പുരികം പൊക്കി പ്രശംസിച്ചപ്പോൾ അഞ്ജലി അവന്റെ ചിരിയിൽ മതി മറന്നു പോയി .... ദയ അവരിരുവരെയും നോക്കി അവിടെ തന്നെ നിന്നു .... അവരുടെ സംസാരം തുടർന്നു പോയപ്പോൾ ഒന്നും മിണ്ടാതെ തിരികെ നടന്നു.....

വാതിൽക്കലെത്തിയവൾ വീണ്ടും ശ്രീറാമിനെ പിന്തിരിഞ്ഞു നോക്കിയെങ്കിലും അവസാനമില്ലാത്ത വിശേഷം പറച്ചിലുകൾക്കിടയിൽ അവനവളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.... ദയക്ക് നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി.. കണ്ണുകൾ നിറഞ്ഞു..... മുറിയിലേക്ക് നടക്കാനൊരുങ്ങിയെങ്കിലും അത് വേണ്ടെന്ന് വച്ച് ടെറസ്സിലേക്കുള്ള പടികൾ കയറി പടർന്നു കിടക്കുന്ന മുല്ല ചെടികൾക്കരികിൽ ചെന്നിരുന്നു... ഒട്ടും വെയിലില്ലാതെ മാനം ഇരുണ്ട് കിടക്കുന്നുണ്ട് .... ഒപ്പം തണുത്ത കാറ്റും വീശുന്നു..... മഴ പെയ്യാനായിരിക്കും...... ഒരു പെരുമഴ മൊത്തമായി നനയാൻ അവൾക്ക് കൊതി തോന്നി.... നിമിഷങ്ങൾക്കകം ഒരു തുള്ളി അവളുടെ വലത് കവിളിലേക്കിറ്റ് വീണു..... ദയ മുഖമുയർത്തി ആകാശത്തേക്ക് നോക്കിയതും ഇരുണ്ട മേഘകെട്ടുകൾക്കിടയിൽ നിന്നും വലിയ ശബ്ദത്തോടെ മഴ തുള്ളികൾ വരണ്ടുണങ്ങിയ മണ്ണിലേക്ക് പതിച്ചു..... ഇരുന്ന ഇരിപ്പിടത്തിൽ നിന്നും ഒരിഞ്ച് പോലുമനങ്ങാതെ വർഷക്കാലത്തതിനാരംഭം കുറിച്ച് , നിറഞ്ഞു പെയ്യുന്ന മഴയിൽ ദയ ഉടലോടെ നനഞ്ഞ് കുതിർന്നു...... ഇടയ്ക്കെപ്പോഴോ , ആ പെണ്ണിന്റെ അവസാനമില്ലാത്ത ദുഃഖങ്ങളും , മിഴിനീരും , തേങ്ങലുകളും ആ മഴയിലേക്കലിഞ്ഞ് ചേർന്നിരുന്നു.... നിമിഷങ്ങൾ കടന്നു പോകവേ മഴയുടെ ശക്തി കുറഞ്ഞ് കുറഞ്ഞ് വന്നു....

എന്നാൽ ദയയുടെ കണ്ണുകളുപ്പോഴും വറ്റിയിരുന്നില്ല......!! 🌼🌼🌼 അഞ്ജലിയ്ക്കൊപ്പം പടികൾ ഇറങ്ങവേ ഹാളിലെ സോഫയിലിരുന്ന് പത്രം വായിക്കുന്ന വ്യക്തിയെ കണ്ട് ശ്രീറാമിന്റെ അധരങ്ങൾ വിരിഞ്ഞു.... അവനയാളെ നോക്കി കൈപത്തി വീശി കാണിച്ചു.. ""ഹായ് ശിവരാജ് അങ്കിൾ.....""" ശ്രീറാമിന്റെ ശബ്ദം കേട്ടയാൾ നോക്കികൊണ്ടിരുന്ന പത്രത്തിൽ നിന്നും കണ്ണുകളുയർത്തി.... ""യെസ് റാം...ഹൌ ആർ യു?? "" പത്രം മാറ്റി വച്ചയാൾ പുഞ്ചിരിയോടെ കുശലാന്വേഷണം നടത്തി.... ""ഡൂയിങ് ഗുഡ് ..."" പറഞ്ഞ് കൊണ്ടവൻ അയാൾക്കെതിരെയുള്ള സോഫയിൽ ഇരുന്നു.... അവനരികിൽ അഞ്ജലിയും.... ""എന്താ റാം?? താനെന്താ ഇന്റർവ്യൂന് താത്പര്യമില്ലെന്ന് ശ്രീകാന്തിനോട്‌ പറഞ്ഞത്??"" അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ ശ്രീറാം സോഫാസെറ്റിലേക്ക് ഒന്നുകൂടെ ചാരിയിരുന്നു.... ""ലിസൺ റാം .... ഇത്തരം പബ്ലിസിറ്റിയും ,സ്ക്രീൻ സ്പേസുമൊക്കെ ഉണ്ടാക്കിയാലെ തനിക്കീ ഫീൽഡിൽ പിടിച്ച് നിൽക്കാൻ പറ്റുകയുള്ളൂ.... താൻ ഇന്ററെസ്റ്റഡ് അല്ല എന്ന് പറഞ്ഞത് കൊണ്ട് ദാ ഇവളും മടി കാണിച്ചു..... സീ റാം ....ദിസ്‌ ഈസ്‌ നോട്ട് എ ബിഗ് ഡീൽ... അങ്ങേയറ്റം പോയാൽ ഒരു മണിക്കൂർ സമയം....അതിൽ തന്നെ നിങ്ങൾ ഇരുവരും പാടിയ സോങ്സിനെ കുറിച്ചും..അപ് കമിങ് പ്രൊജക്റ്റ്‌സിനെ കുറിച്ചും... പിന്നെ..............""

""പിന്നെ പേർസണൽ സ്പേസിലേക്ക് കൈ കടത്തും....."" ഭാവബേധമൊന്നും കൂടാതെ ശ്രീറാം പറഞ്ഞത് കേൾക്കെ അയാൾ ഒരു നിമിഷം നിശബ്ദനായി..... ""ഞാനെന്റെ കരിയർ തിരഞ്ഞെടുത്തിട്ട് അഞ്ച് വർഷമായി അങ്കിൾ..... അങ്കിൾ പറഞ്ഞത് പോലെ എനിക്ക് മാത്രമായി ഒരു സ്‌പേസ് ഉണ്ടാക്കിയെടുക്കാൻ ആദ്യത്തെ രണ്ട് വർഷം ഞാനല്പം സ്ട്രഗിൾ ചെയ്തു .... പക്ഷേ ഇപ്പോൾ..എനിക്കുറപ്പാണ് , ഇനിയൊരു പത്ത് വർഷത്തേക്കും ശ്രീറാം സായന്ദ് എന്ന ഐഡന്റിറ്റി ഇപ്പൊ ഉള്ളത് പോലെ ഈ ഫീൽഡിൽ നിലനിൽക്കുമെന്ന്... അതിനൊരു സ്ക്രീൻസ്‌പേസിന്റെയും ആവിശ്യമില്ല..... ബിക്കോസ് എന്റെ കഴിവിൽ ഞാൻ തീർത്തും കോൺഫിഡന്റ് ആണ്.... പിന്നെ ഇന്റർവ്യൂ..... അത് എനിക്ക് വേണമെന്ന് തോന്നുമ്പോൾ ഞാൻ കൊടുക്കും.... അത് വരെ ശ്രീറാം സായന്ദിനെ കുറിച്ചുള്ള റൂമേഴ്‌സ് ഇങ്ങനെ പരന്ന് നടക്കട്ടെ.... ഐ ഡോണ്ട് കെയർ......"" ശ്രീറാമിന്റെ തുറന്ന് പറച്ചിൽ ശിവരാജിനൊട്ടും ദഹിച്ചില്ല... അയാൾ ദേഷ്യം കടിച്ചമർത്തി പരമാവധി സൗമ്യതയോടെ പറഞ്ഞു... ""അതിൽ എന്റെ മകളും ഇരയാവുന്നുണ്ടെന്ന് താൻ ആലോചിക്കണം...."" ""അപ്പാ...!!"" അഞ്ജലി ശബ്ദമുയർത്തി..... ശ്രീറാം എന്തോ പറയാനൊരുങ്ങിയതും അഞ്ജലി ശ്രീറാമിന്റെ ഇടത് കരത്തിന് മീതെ അവളുടെ ഉള്ളം കൈ ചേർത്തു വച്ച് അവനെ നോക്കി ഇളം ചിരിയോടെ കണ്ണുകൾ ചിമ്മി.... """കാര്യാക്കണ്ട റാം... തനിക്കിഷ്ടമല്ലെങ്കിൽ വേണ്ട.....വിട്ടേക്ക്.....""" അഞ്ജലി അവനെ സമാധാനിപ്പിച്ചു.....

അത് കാണെ ശിവരാജ് ചുണ്ടുകൾ പുച്ഛത്തോടെ വളച്ചൊടിച്ച് തന്റെ മകളെ കൂർപ്പിച്ച് നോക്കി...... പെട്ടന്നവൻ കൈ വലിച്ച് സോഫയിൽ നിന്നുമെഴുന്നേറ്റ് ചുറ്റും നോക്കി..... ""ശാന്തിയക്ക..... ദുർഗ്ഗയെവിടെ...?? "" അവന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് ശാന്തിയക്ക അടുക്കളയിൽ നിന്നും ഹാളിലേക്കെത്തി അവനെ നോക്കി അറിയില്ലെന്ന രീതിയിൽ കൈ മലർത്തി.... അവൻ മുകളിലേക്ക് നടക്കാനൊരുങ്ങിയപ്പോൾ അവരവനെ തടഞ്ഞു... ""നീ അങ്കെ ഉക്കാറുങ്കോ... നാൻ പോയി കൂപ്പിട്ട് വരേൻ..."" അവർ മുകളിലേക്ക് പോയപ്പോൾ ശ്രീറാം വീണ്ടും സോഫയിലേക്കിരുന്നു.... ""ഏതാ ആ പെണ്ണ്?? വീട്ട് ജോലിക്ക് ആളെ നിർത്തുമ്പോ കുറച്ച് വകതിരിവുള്ളതിനെയൊക്കെ നിർത്തിക്കൂടെ റാം..??"" അയാൾ അലസ്സമായി ചോദിച്ചത് കേട്ട് ശ്രീറാമിന്റെ മുഖം കടുത്തു..... ശബ്ദം രൂക്ഷമായി.... ""ദുർഗ്ഗയിവിടത്തെ സെർവന്റ് അല്ല....."" ""പിന്നെ??"" ""ശേഖരങ്കിൾന്റെ സഹോദരിയുടെ മകളാണ്... ഗോപുവിന്റെ കസിൻ....."" പറഞ്ഞ് തീർന്നതും മുകളിൽ നിന്നും ശാന്തിയക്കയുടെ ഉച്ചത്തിലുള്ള സംസാരം കീഴേക്ക് കേട്ടു...... എന്താണ് സംഭവിച്ചതെന്നറിയാതെ നെറ്റി ചുളിച്ച ശ്രീറാമിന് മുന്നിലേക്കവർ ദയയെയും വലിച്ച് കൊണ്ട് കോണി പടികൾ ഇറങ്ങി.... ""ഇങ്ക പാറ് റാം.......""

കാൽപാദം മുതൽ മുടി വരെ നനഞ്ഞ് കുതിർന്ന് വരുന്ന ദയയെ കണ്ട് ശ്രീറാം ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു... തണുപ്പിനാൽ അവളുടെ ദേഹം വിറയ്ക്കുകയും , പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു..... ശാന്തിയക്ക അവളെ ഹാളിൽ നിർത്തി ഓടി പോയി ഒരു ബാത്ത് ടവലുമായി വന്നു..... അവർ അവളുടെ തല തൂവർത്താനൊരുങ്ങും മുന്നേ ശ്രീറാമത്‌ പിടിച്ച് വാങ്ങി ശേഷം ഒന്നും മിണ്ടാതെ ദയയേ പിടിച്ച് ഹാളിലെ കസേരയിലേക്കിരുത്തി അവളുടെ തല തുവർത്താൻ തുടങ്ങി...... ശ്രീറാമിന്റെ അത്തരമൊരു പ്രവർത്തി അംഗീകരിക്കാൻ അഞ്ജലിക്കും, അവളുടെ അച്ഛനും സാധിക്കുന്നുണ്ടായില്ല.... അവർ മുഷിച്ചിലോടെ തമ്മിൽ നോക്കി ശ്രീറാമിനരികിൽ ചെന്നു നിന്നു..... തല തുവർത്തി കഴിഞ്ഞതും അവൻ കയ്യിലെ ടവൽ ഊക്കോടെ ദൂരേക്ക് വലിച്ചെറിഞ്ഞ് ദയയെ ദേഷ്യത്തോടെ നോക്കി...... അപ്പോഴും ദയയുടെ തല കുനിഞ്ഞ് തന്നെയിരുന്നു... നോട്ടം തറയിലേക്കും..... ""ദുർഗ്ഗ എവിടെയായിരുന്നു...??""

അവന്റെ കനമേറിയ ശബ്ദത്തിൽ പതറി പോയവൾ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേൽക്കാൻ ഒരുങ്ങിയതും അവന്റെ കണ്ണുകൾ ശാസനയോടെ അവളിലേക്ക് നീണ്ടു.... ദയ പേടിയോടെ ഉമിനീർ വിഴുങ്ങി തിരികെ ഇരുന്നു പോയി... അവന്റെ മാറി വരുന്ന മുഖ ഭാവം കണ്ട് ശാന്തിയക്കയ്ക്കും ഭീതി തോന്നി... പൊതുവേ ശാന്തനാണ് അവൻ... തന്നെ വെറുക്കുന്നവരോട് പോലും ഒരു പുഞ്ചിരിയോട് കൂടിയേ അവൻ ഇടപഴകാറുള്ളൂ... അത്രയ്ക്ക് സൗമ്യമാണവന്റെ പെരുമാറ്റം... എന്നാൽ ദേഷ്യം വന്നാൽ പിന്നെ ആരെന്ത്‌ പറഞ്ഞാലും അവനത് വക വയ്ക്കില്ല..... ഈ വീട് കുലുങ്ങും വിധമാകും അവന്റെ പ്രവർത്തികൾ...... ""വിട്ടിടുങ്കോ കണ്ണാ .... ചിന്ന പൊണ്ണ് താനേ...തെരിയാമലേ തപ്പ്.................."" ശാന്തിയക്ക പറഞ്ഞ് അവസാനിപ്പിക്കും മുന്നേ മതിയെന്നർത്ഥത്തിൽ ശ്രീറാം തന്റെ കൈതലമവർക്ക് നേരെ ഉയർത്തി.................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story