ദയാ ദുർഗ: ഭാഗം 37

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""വിട്ടിടുങ്കോ കണ്ണാ .... ചിന്ന പൊണ്ണ് താനേ...തെരിയാമലേ തപ്പ്.................."" ശാന്തിയക്ക പറഞ്ഞവസാനിപ്പിക്കും മുന്നേ മതിയെന്നർത്ഥത്തിൽ ശ്രീറാം തന്റെ കൈതലമവർക്ക് നേരെ ഉയർത്തി...... ""ഞാൻ ചോദിച്ചത് ദുർഗ്ഗ കേട്ടില്ലാന്നുണ്ടോ??'"" അവൻ ചോദ്യമാവർത്തിച്ചപ്പോൾ പറയാൻ ദയയുടെ പക്കലൊരു മറുപടി ഉണ്ടായിരുന്നില്ല.... അല്ലെങ്കിൽ , അവൾക്കുള്ളിലെ ഭയം അതിന് സമ്മതിച്ചില്ലെന്നുള്ളതാണ് യാഥാർഥ്യം... ടെറസ്സിലേക്കുള്ള പ്രവേശനം ശ്രീറാം തനിക്കെന്നോ നിഷേധിച്ചതാണ്.... പക്ഷെ താൻ ധിക്കാരം കാണിച്ചിരിക്കുന്നു... ദയയുടെ മൗനം ശ്രീറാമിന്റെ ദേഷ്യത്തിനാക്കം കൂട്ടുകയാണ് ചെയ്തത്... ഇനിയും നിന്നാൽ വാവിട്ടെന്തെങ്കിലും പറഞ്ഞ് പോകുമെന്നുറപ്പുള്ളതിനാൽ അവൻ വെട്ടി തിരിഞ്ഞ് മുകളിലേക്കുള്ള പടികൾ കയറാനൊരുങ്ങി.... ആദ്യത്തെ പടിയിലേക്ക് കാലെടുത്ത് വയ്ക്കും മുന്നേ ദയയവന്റെ വലത് കൈ തണ്ടയിൽ പിടിമുറുക്കിയിരുന്നു.... ശ്രീറാം പിന്തിരിഞ്ഞു നോക്കി... കരഞ്ഞത് പോലെ ദയയുടെ കണ്ണുകൾക്കിടുക്കം ബാധിച്ചിരിക്കുന്നു , ഒപ്പം ഇപ്പോഴും അവ നിറഞ്ഞൊലിക്കുന്നുണ്ട്... ദൈന്യത കലർന്ന അവളുടെ മിഴികളിൽ തന്നോടുള്ള അപേക്ഷയാണെന്ന് ശ്രീറാമിന് തോന്നി... ഹൃദയത്തിന്റെ ഓരോ കോണിൽ നിന്നും ദേഷ്യത്തിന്റെ അവസാന കണികയും അലിഞ്ഞില്ലാതാകുന്നത് വരെ അവനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു....

"പോയി ഈ നനഞ്ഞ വേഷമൊക്കെ മാറ്റിയിട്ട് വാ...."" അവന്റെ ശബ്ദത്തിന്റെ കാഠിന്യം കുറഞ്ഞതറിഞ്ഞപ്പോൾ ദയ അവിശ്വസിനീയതയോടെ നോക്കി..... ""ചെല്ലെടോ.... ഇങ്ങനെ നനഞ്ഞ് നിന്നാൽ എന്തെങ്കിലും അസുഖം വരും...."" നേർത്ത പുഞ്ചിരിയുടെ അകമ്പടിയോടൊപ്പമുള്ള ശ്രീറാമിന്റെ വാക്കുകളിൽ ദയയോടുള്ള കരുതൽ കലർന്നിരുന്നു .... ഈ ചുരുങ്ങിയ സമയം കൊണ്ട് അവന്റെ ദേഷ്യം മാഞ്ഞത് ശാന്തിയക്കയിൽ അത്ഭുതം നിറച്ചപ്പോൾ അഞ്ജലി മാത്രം ശ്രീറാമിന് ദയയോടുള്ള സമീപനത്തിന്റെ പൊരുൾ തേടുകയായിരുന്നു.... 🦋🦋🦋🦋 രാത്രി വല്ലാതെ ദാഹമനുഭവപ്പെട്ടപ്പോൾ ശ്രീറാം അസ്വസ്ഥതയോടെ തന്റെ അടഞ്ഞ മിഴികൾ വലിച്ചു തുറന്നു, ശേഷം കയ്യെത്തിച്ച് ലൈറ്റിന്റെ സ്വിച്ചിട്ടു.... അടുത്ത നിമിഷം തന്നെ കടുത്ത ഇരുട്ടിനെ ബേദിച്ച് മുറിയിലാകെ വെട്ടം പരന്നു.. കണ്ണിലേക്ക് തുളച്ച് കയറിയ വെള്ള വെളിച്ചത്തിൽ ഉടനടി ശ്രീറാമിന്റെ മിഴിയിമകൾ തമ്മിൽ ശക്തിയിൽ പുണർന്നു.... പുറത്ത് മഴ പെയ്യുന്ന ശബ്ദം കേൾക്കാം.. ആർത്തലച്ച് പെയ്യുന്ന മഴയുടെ ഇരമ്പൽ കാതോർത്തവൻ വളരെ പതിയെ വീണ്ടും തന്റെ കണ്ണുകളൊന്ന് ചിമ്മി തുറന്നു.... സമയം ഒരു മണി...!! ഉള്ളം കയ്യാൽ മുഖം അമർത്തി തുടച്ച് , മെത്തയിൽ നിന്നെഴുന്നേറ്റ് ശ്രീറാം മേശപ്പുറത്ത് വച്ചിരിക്കുന്ന ജഗ്ഗിൽ നിന്നും അതിനടുത്ത് വച്ച ഗ്ലാസ്സിലേക്ക് വെള്ളം പകർന്നെടുത്തു.... ചുണ്ടോടുപ്പിച്ച വെള്ളം വല്ലാതെ തണുത്തിരിക്കുന്നതിനാൽ ഗ്ലാസ്സ് അതുപോലെ തിരികെ വച്ചവൻ ജഗ്ഗുമായി വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.... എപ്പോഴത്തേയും പോലെ ആദ്യമാ കണ്ണുകൾ നീണ്ടത് ദയയുടെ മുറിവാതിൽക്കലേക്കാണ്.....

അകത്തെ വെളിച്ചം മുറി വാതിലിന് വിടവിലൂടെ പുറത്തേക്കെത്തി നിൽക്കുന്നത് കാൺകെ ശ്രീറാമിന്റെ നെറ്റി ചുളിഞ്ഞു... ഇത്ര വൈകിയിട്ടുമവൾ ഉറങ്ങിയില്ലേ!! ചിന്തയോടെ ചാരിയിട്ട വാതിൽ വളരെ പതിയെ തുറന്നു നോക്കി... ബാൽക്കണിയിലേക്കുള്ള ഗ്ലാസ്സ് ഡോറിനരികിൽ ഒട്ടി ചേർന്ന് നിൽക്കുന്ന ദയ.... അവൾ തന്റെ ചൂണ്ട് വിരലിനാൽ ഗ്ലാസ്‌ ഡോറിനെ മൂടിയിരിക്കുന്ന മഞ്ഞിലൂടെ എന്തൊക്കയോ ചിത്രങ്ങൾ വരയ്ക്കുകയാണ്...... """ദുർഗ്ഗ........""" ശ്രീറാമിന്റെ ശബ്ദം കേട്ടപ്പോൾ അവൾ പുറകിലേക്ക് ശിരസ്സ് വെട്ടിച്ചു... അവന്റെ രൂപം കണ്ണിൽ പതിഞ്ഞ മാത്ര ആ കണ്ണുകളൊന്ന് മിന്നി.... ""എന്താ ദുർഗ്ഗ...... തനിക്ക് ഉറക്കമൊന്നുമില്ലേ???"" തന്റെ കയ്യിലെ ജഗ്ഗ്‌ അവിടെയുള്ള മേശപ്പുറത്ത് വച്ചവൻ ദയക്കരികിലേക്ക് നടന്നു....... ""ഉറക്കം....!!ഉറക്കം വന്നില്ല..."" ""എന്നും ഇങ്ങനെയാണോ??"" ശ്രീറാമിന്റെ ശബ്ദം രൂക്ഷമായി... ""ഇടയ്ക്ക്......."" പറഞ്ഞ് കൊണ്ടവൾ തല താഴ്ത്തി.... ""എന്ത്‌ പറ്റി ?? എന്തെങ്കിലും സ്വപ്നം കണ്ടോ താൻ??"" അവൻ ഒന്ന് കൂടെ അവളോട് ചേർന്ന് നിന്ന് ചോദിച്ചു.... ഇല്ലെന്നർത്ഥത്തിൽ ഇരു ചുമലുകളും കൂച്ചിയവൾ മിഴികൾ ശ്രീറാമിന് നേരെയുയർത്തി.... ""ഓരോന്നൊക്കെ ഓർത്തപ്പോ... എന്തോ...നിക്ക്... ഉറക്കം വന്നില്ല......"" ""അതിന് മാത്രം തനിക്കിപ്പോ ഓർക്കാനെന്താ ഉള്ളത് ....??""

അവന്റെ ചോദ്യത്തിനവളൊന്ന് ചുണ്ട് വിടർത്തി..... ആത്മനിന്ദ കലർന്നൊരു പുഞ്ചിരി... ""ഇതുവരെയുള്ള ജീവിതത്തിലെ ഓരോ നിമിഷവും ദയക്ക് ഓർമ്മകളാണ് ശ്രീയേട്ടാ..... ഓരോ രാത്രിയിലെയും ഉറക്കം നഷ്ടപ്പെടുത്തുന്ന ഓർമ്മകൾ..... വരും ജന്മത്തിൽ പോലും അവയെന്നെ വേട്ടയാടും..."" അവൾ ഒന്ന് മന്ദഹസിച്ചു.... അതിൽ ഒരുപാട് അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നതായി തോന്നി ശ്രീറാമിന്.... അതിനപ്പുറം തന്റെ മൂഢ ചോദ്യത്തിനെതിരെയുള്ള അവളുടെ പരിഹാസം....!!! ""ദുർഗ്ഗാ......"" അവന്റെ സ്വരം ആർദ്രമായി.... ""ഞാൻ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടല്ലേ...??"" ദയ തല ചെരിച്ചവനെ നോക്കി..... ശ്രീറാമിന്റെ കണ്ണുകൾ കൂർത്തത് അവളെ രസിപ്പിച്ചു.. നറു ചിരിയോടെയവൾ മുന്നിലെ ഗ്ലാസ്സ് ഡോറിലൂടെ ഇരുട്ടിലേക്ക് മിഴികൾ നീട്ടി... ""ആരാ അഞ്ജലി??"" അപ്രതീക്ഷിതമായ ദയയുടെ ചോദ്യത്തിൽ ശ്രീറാമൊന്ന് ഞെട്ടി.... ""താനിന്ന് കണ്ടില്ലേ.....""?? സ്വാഭാവികത നിറച്ചവൻ ചോദിക്കവേ ദയ വീണ്ടും അവനെ ഉറ്റ് നോക്കി.... ഇനിയുമെന്തൊക്കെയോ അറിയാനുണ്ടെന്ന അവളുടെ ഭാവം ശ്രീറാമിനെ ഉലച്ചു.... ""അഞ്ജലി..!!! അഞ്ജലി....എന്റെ അച്ഛന്റെയും , ശേഖരങ്കിൾന്റെയും ഉറ്റ സുഹൃത്തിന്റെ മകളാണ്...അതിലുപരി എന്റെ ഏറ്റവും അടുത്ത , മികച്ച സുഹൃത്തുക്കളിൽ ഒരാൾ...

കുഞ്ഞിലേ മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.... അവളും അമ്മേടെ അടുത്തായിരുന്നു സംഗീതം പഠിച്ചത്... പിന്നെ സ്കൂളിലും , കോളേജിലുമൊക്കെ എന്റെ ജൂനിയർ ആയിരുന്നു... പിന്നീടെപ്പോഴോ.........!! അവൻ വാക്കുകൾ അർദോക്തിയിൽ നിർത്തി... പറയാൻ എന്തോ ബുദ്ധിമുട്ടുള്ളത് പോലെ..... അഞ്ജലിക്കെന്നോട് പ്രണയമായിരുന്നു..."" ദയക്ക് തന്റെ ഹൃദയം വിങ്ങി പൊട്ടുമെന്ന് തോന്നി പോയി ...... എന്തിനാണിത്ര വേദനയെന്നവൾ സ്വയം ചോദിച്ചു നോക്കി.... ഒറ്റ ഉത്തരം.... ഈ നാളുകൾക്കിടയിൽ തനിക്ക് തന്നോളം പ്രിയപ്പെട്ടതായിരിക്കുന്നു അവനും... അത് പ്രണയമാണോ..!! അറിയില്ല... ആ വികാരമെന്തെന്ന് പോലുമറിയാത്ത താനെങ്ങനെ ഒരുത്തരം കണ്ടെത്തും... ""എനിക്ക് 23 വയസ്സുള്ളപ്പോഴാ അഞ്ജലി എന്നോട് അയാളുടെ പ്രണയം തുറന്ന് പറയുന്നത്..... ഒരു നല്ല സുഹൃത്തിനപ്പുറം അയാളെ എന്റെ ജീവിതപങ്കാളിയായി കാണാൻ സാധിക്കുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു...... പറ്റില്ലെന്ന് പറഞ്ഞെങ്കിലും നമുക്കൊന്ന് ട്രൈ ചെയ്യാം എന്ന സജെഷൻ വച്ചു അവൾ.... അഞ്ച് മാസം ഞങ്ങൾ റിലേഷൻഷിപ്പിലായിരുന്നു.... ആദ്യത്തെ രണ്ട് മാസങ്ങൾ കുഴപ്പമില്ലാതെ പോയി..... പക്ഷെ പിന്നീടങ്ങോട്ട്....!! ശ്രീറാമൊന്ന് നിർത്തി ദീർഘമായി നിശ്വസിച്ച ശേഷം തുടർന്നു...

അഞ്ജലിക്ക് ഗോപു ഒരു വലിയ പ്രശനമായിരുന്നു... ഗോപു എന്നോട് കാണിക്കുന്ന സ്നേഹവും , സ്വാതന്ത്ര്യവുമൊക്കെ അംഗീകരിക്കാൻ അയാൾക്ക് ബുദ്ധിമുട്ടായിരുന്നു... പിന്നെ...എനിക്കെന്റെ കുടുംബത്തോടുള്ള ഓവർ അറ്റാച്ച്മെന്റ് അയാൾക്കൊരു ബാധ്യതയും.... അഞ്ജലിയുടെ സ്പേസിനെയും , അഭിപ്രായങ്ങളെയും , കാഴ്ച്ചപാടുകളെയും , ഇഷ്ടങ്ങളെയുമൊക്കെ മൊത്തമായി എനിക്കുൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലും അതിനെ ബഹുമാനിക്കാൻ ഞാൻ ശ്രമിച്ചിരുന്നു... പക്ഷെ , തിരിച്ചതിന് അയാൾക്ക് സാധിച്ചില്ല... മാത്രമല്ല , അഞ്ജലിയുടെ രീതികളിലേക്കിഴകി ചേരാൻ എന്നെ നിർബന്ധിതനാക്കി.. വ്യക്തിത്വം അടിയറവ് വച്ചൊരു ലൈഫ്....!!! അതെന്നെ കൊണ്ട് പറ്റില്ലായിരുന്നു.... അഡ്ജസ്റ്റ് ചെയ്യാമെന്ന് വച്ചാൽ ജീവിതക്കാലം മുഴുവൻ ചെയ്യേണ്ടി വരും.... ലൈഫില് പലയിടങ്ങളിലും അഡ്ജസ്റ്റ്മെന്റൊക്കെ വേണമെന്നറിയാം പക്ഷെ അതിനൊപ്പം അണ്ടർസ്റ്റാൻഡിങ് എന്ന് പറയണ കാര്യവും കൂടെ വേണം... ഞങ്ങൾക്കിടയിൽ അതില്ലായിരുന്നു... സോ....!! പക്ഷേ ഇപ്പോഴും അയാളെന്റെ നല്ല സുഹൃത്താണ്.... ഞാൻ ഹൃദയത്തോട് ചേർത്ത് വച്ച സൗഹൃദങ്ങളിൽ ഏറ്റവും മികച്ചത്......"" വാക്കുകൾ അവസാനിപ്പിച്ചവൻ വിദൂരതയിലേക്ക് മിഴികളെയ്തു.... മൗനമായി അവനൊപ്പം ദയയും..... ""നമുക്കൊന്ന് പുറത്ത് പോയാലോ??"" ഒട്ടൊരു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ശ്രീറാം ദയയോടായി ചോദിച്ചു.. അവൾ അന്താളിപ്പോടെ അവനെ നോക്കി പിന്നെ ഇരുട്ടിലേക്കും... ഈ കൂറ്റാകൂരിരുട്ടിൽ... , കോരി ചൊരിയുന്ന മഴയിൽ എവിടേക്ക് പോകാനാണ്....!! അല്ലെങ്കിലും ഈ അസ്സമയത്തൊക്കെ ആരെങ്കിലും പുറത്ത് പോകുമോ......!!

""താനെന്താ ആലോചിക്കുന്നത്??"" ""ഒ... ഒന്നൂല്ല......"" ""എന്താ ദുർഗ്ഗ... എനിക്കൊപ്പം വരാൻ ഭയമുണ്ടോ...??"" അതിനവൾ മനോഹരമായൊന്ന് പുഞ്ചിരിച്ചതേയുള്ളൂ.... ശ്രീറാം കണ്ണുകളൊന്ന് വിടർത്തി..... ദയ നിറഞ്ഞ് ചിരിക്കുന്ന കാഴ്ച്ച അവനത്ഭുതമായിരുന്നു...... എന്നാൽ തന്റെ ചിരിയിലവളൊളിപ്പിച്ച ശ്രീറാമിനോടുള്ള സ്നേഹവും , അതിരിൽ കവിഞ്ഞ വിശ്വാസവും അവന് കണ്ടുപിടിക്കാൻ സാധിച്ചില്ല...... ""പോകാം??"" ചോദ്യത്തോടെയവൻ ദയക്ക് നേരെ തന്റെ ഉള്ളം കൈ നിവർത്തി നീട്ടി...ഒട്ടും മടി കൂടാതെ അവന്റെ കയ്യിൽ കൈ കോർത്തവളും..... തിമിർത്ത് പെയ്യുന്ന മഴത്തുള്ളികളെ ചിന്നി തെറിപ്പിച്ച് ശ്രീറാമിന്റെ കാർ അതി വേഗത്തിൽ മുന്നോട്ട് നീങ്ങി... സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കാണുന്ന വിജന വീഥിയുടെ ഇരു പുറങ്ങളിലേക്ക് വ്യഗ്രതയോടെ കണ്ണുകൾ പായിക്കുമ്പോൾ ദയയ്ക്കുള്ളിൽ വല്ലാത്തൊരു കൗതുകമായിരുന്നു... ഓരോ കാഴ്ച്ചകളും അവൾ ഹൃദയം കൊണ്ടാണ് ഒപ്പിയെടുത്തിരുന്നത്... ഒഴിഞ്ഞയിടങ്ങളിൽ , പന്തല് കെട്ടി കൊട്ടും , പാട്ടും, മേളവും , നൃത്തവുമായി രാത്രിയെ ആഘോഷിക്കുന്നവരെ ദയ അത്ഭുതത്തോടെ നോക്കി കണ്ടു...... ""അതെന്താ..?? അവിടെ.... കല്യാണമാണോ??"" തന്റെ ആകാംഷയടക്ക വയ്യാതെ , പോയ്മറഞ്ഞ കാഴ്ച്ചയെ കുറിച്ചവൾ ശ്രീറാമിനോട് തിരക്കി...... ""അറിയില്ല..... ചിലപ്പോൾ ആവാം... തന്റെ നാട്ടിലെ പോലെ അല്ല... ഇവിടുള്ളവർക്ക് ആഘോഷിക്കാൻ പ്രത്യേകിച്ച് വിശേഷങ്ങളൊന്നും വേണ്ട..""

ദയയെ ഒന്ന് നോക്കിയവൻ വീണ്ടും ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു... വാഹനം അല്പം കൂടി ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് നീങ്ങി തുടങ്ങിയപ്പോൾ കാഴ്ച്ചകൾക്ക് മാറ്റം സംഭവിച്ചു... ചിലയിടങ്ങളിൽ റോഡിനോരം ചേർന്ന് നീല ടാർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടി തണലൊരുക്കി ചുരുണ്ട് കൂടി കിടന്നുറങ്ങുന്നവരെ അവളൊരു നേർത്ത മിന്നായം പോലെ കണ്ടു... അതിൽ മധ്യവയസ്ക്കരും , വൃദ്ധരും , സ്ത്രീകളുമടങ്ങിയിരുന്നു.. താനൊത്തിരി ഭാഗ്യവതിയാണെന്ന് തോന്നി ദയക്ക്.... ഒപ്പം ശ്രീറാമിനോട് ബഹുമാനവും.... ചേർത്ത് പിടിക്കാൻ അവനില്ലായിരുന്നെങ്കിൽ... സാന്ത്വനമേകാൻ ആ കൈകളില്ലായിരുന്നെങ്കിൽ താനും ഇതുപോലെ തെരുവിൽ അഭയം കണ്ടെത്തേണ്ടി വരുമായിരുന്നു... ചിലപ്പോൾ ഒരു ഭ്രാന്തിയായി... അതുമല്ലെങ്കിൽ ആ നീചന്റെ കൈകളിൽ കിടന്ന് ഞെരിഞ്ഞമർന്നൊരു മരണം....!!! ഡ്രൈവിങ്ങിനിടയിൽ ശ്രീറാമൊന്ന് ദയയെ പാളി നോക്കി... അവൾ ചിന്തകളുടെ ഊരാ കുടുക്കിലകപ്പെട്ടിരിക്കുകയാണെന്ന് ബോധ്യമായപ്പോൾ അവന്റെ കാൽ ബ്രേക്കിലമർന്നു... നടുക്കത്തോടെ ഒന്ന് മുന്നോട്ടാഞ്ഞ ദയ, വാഹനം നിർത്തിയതിന്റെ ഉദ്ദേശം മനസ്സിലാകാതെ ശ്രീറാമിനെ നോക്കി..... അവന്റെ കണ്ണുകൾ റോഡിനെതിർ വശത്തെ തുറന്നിട്ട ഒരു കുഞ്ഞ് ഹോട്ടലിലേക്ക് നീണ്ടു.... അർദ്ധ രാത്രിയിൽ തുറന്ന് കിടക്കുന്ന ഹോട്ടൽ അവൾക്ക് ആശ്ചര്യമായിരുന്നു.... ഇവർക്കൊന്നും ഉറങ്ങണ്ടേ...!! ഈ രാത്രിയിൽ ഭക്ഷണം കഴിക്കാനൊക്കെ ആരെങ്കിലും വരുമോ!!

ചിന്തകൾ പല വഴിക്കങ്ങനെ സഞ്ചരിക്കവേ ശ്രീറാമിന്റെ മൃദുലമാർന്ന ശബ്ദമവയെ തടസ്സപ്പെടുത്തി... ""തണുപ്പത്തൊരു ചായ ആയാലോ??"" ""ശ്രീയേട്ടൻ ചായ കുടിക്കാറില്ലല്ലോ..??"" ""ഇടയ്ക്കൊക്കെ ആവാടോ......"" ചിരിയോടെയവൻ സീറ്റ് ബെൽറ്റ്‌ അടർത്തി മാറ്റി ഡോർ തുറന്ന് പുറത്തേക്കിറങ്ങി..... മഴയപ്പോൾ ചെറുതായി പൊടിയുന്നെ ഉണ്ടായിരുന്നുള്ളൂ.... എന്നാൽ പുറത്തേക്കിറങ്ങാനായി ഡോർ തുറന്ന ദയയെ ശ്രീറാം വിലക്കി.... ""താനിറങ്ങണ്ടടോ..... മഴ ചാറുന്നുണ്ട്.......ഞാൻ പോയി വാങ്ങിച്ച് വരാം...."" അത്ര മാത്രം പറഞ്ഞവൻ വലത് കൈ തലം തന്റെ ശിരസ്സിന് മറയായി വച്ച് റോഡ് കുറുകെ കടന്നു... ശ്രീറാം ഹോട്ടലിലേക്ക് കയറുന്നതും , അവിടെയുള്ള ചിലരോട് എന്തൊക്കെയോ സംസാരിക്കുന്നതും , അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമെല്ലാം ദയ തന്റെ മിഴികളാൽ ഒപ്പിയെടുത്തു...... തിരികെ വരുമ്പോൾ അവന്റെ ഇരു കയ്യിലും ഓരോ പേപ്പർ ഗ്ലാസുകൾ ഉണ്ടായിരുന്നു.... ദയ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ധൃതിയിൽ ശ്രീറാമിനരികിൽ ചെന്ന് നിന്നു..... ""നനഞ്ഞൂ ല്ലേ.......""" ഉത്കണ്ഠയോടെ ചോദിച്ചവൾ തന്റെ കാൽ വിരലുകളിൽ ഉയർന്ന് താൻ ധരിച്ച ചുരിദാറിന്റെ ഷാളിനാൽ ശ്രീറാമിന്റെ തല തുവർത്തി... ദയയിൽ നിന്നും അത്തരം അധികാരം കലർന്ന ഇടപെടൽ ആ നേരം പ്രതീക്ഷിക്കാത്തത്തിനാലാവണം ശ്രീറാം വല്ലാതെ ഞെട്ടി പോയി.... ഇരു കൈകളിലെയും ഗ്ലാസ്സിലെ ചായ തുളുമ്പാതെ ,

എങ്ങനെയൊക്കെയോ കാറിന്റെ ബോണറ്റിലേക്ക് വച്ചവൻ കൈകളാൽ ദയയെ എടുത്തുയർത്തി ... താൻ വായുവിൽ ഉയർന്നു പൊങ്ങുന്നതറിഞ്ഞ ദയ ഒരുനിമിഷം സ്തബ്ധയായി.... വിറയലോടെ ശ്രീറാമിനെ മുറുക്കി പിടിക്കാൻ ഒരുങ്ങും മുന്നേ അവനവളെ ബോണറ്റിലേക്കിരുത്തിയിരുന്നു... ദയ അവനിൽ തന്നെ മിഴി നട്ടിരുന്നു... സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ അവന്റെ കുഞ്ഞ് മിഴികളിലെ ഇളം കാപ്പി നിറമാർന്ന നേത്രഗോളങ്ങൾ വ്യഗ്രതയോടെ ചലിക്കുന്നതും , ചൊടികൾ കുസൃതിയോടെ വിരിയുന്നതും അവൾ കണ്ടു...... ""എന്തേയ്??'"" ഏറെ നേരമായിട്ടും തന്നിൽ നിന്നും ദയയുടെ നോട്ടം പിൻവലിയുന്നില്ലെന്ന് മനസ്സിലാക്കി ശ്രീറാം ചോദിച്ചു.... മറുപടിയായി ഒന്നുമില്ലെന്നവൾ ചുമൽ കൂച്ചി... അടുത്ത നിമിഷം ശ്രീറാം ഒരു ഗ്ലാസ്സ് ചായയെടുത്ത് ദയക്ക് നൽകി.... ഏതോ ലോകത്തെന്ന പോൽ അവനിൽ നോട്ടമർപ്പിച്ചവൾ ചായ ചുണ്ടോട് ചേർക്കാൻ ഒരുങ്ങവേ ശ്രീറാമത് വിലക്കി ... ""സൂക്ഷിച്ച്... ചൂടുണ്ടാകും....."" ദയയുടെ മിഴികളൊന്ന് പിടഞ്ഞു.... രാത്രി കാല അന്തരീക്ഷത്തിന്റെ നിശബ്ദത അല്പ നേരം അവർക്കിടയിലും പരന്നു.... നോട്ടങ്ങൾ പലയിടത്തേക്കാണെങ്കിലും ഇരുവരുടെയും അധരങ്ങളിൽ ഇടയ്ക്കിടെ അവർ പോലുമറിയാതൊരു കുഞ്ഞ് ചിരി എന്തിനോ വേണ്ടി മിന്നി മായുന്നുണ്ടായി.... ""തനിക്കോർമ്മ ഉണ്ടോ നമ്മളാദ്യം കണ്ട ദിവസം!!? ഒരു രാത്രി.... ദേ എന്റെ ഈ ഇടനെഞ്ചിൽ , പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി പറ്റിച്ചേർന്ന ദിവസം.......""

നെഞ്ചിൽ കൈവച്ചവനൊന്ന് വിടർന്ന് ചിരിച്ചു... അവന്റെ വാക്കുകളിൽ ദയയുടെ മുഖം വിരിഞ്ഞെങ്കിലും അന്നത്തെ ദിവസം ഓർമ്മയിൽ തെളിയവേ അനു നിമിഷം കൊണ്ടവളുടെ മുഖം മങ്ങി.... ഭയത്താൽ ഉടൽ വെട്ടി വിറച്ചു... ""ഏയ്... ഏയ്...."" ഓർമ്മകളുടെ നിലയില്ലാ ചുഴിയിലേക്ക് മുങ്ങി താഴാൻ തുടങ്ങുകയാണവളെന്ന് കണ്ട് ശ്രീറാം , ഉള്ളം കയ്യാൽ ദയയുടെ കവിളിൽ ചെറുതായി രണ്ട് തട്ട് തട്ടി.... ""ഇങ്ങോട്ട് നോക്ക് ദുർഗ്ഗ... തന്റെ കഴിഞ്ഞ കാലം ഓർക്കരുതെന്ന് ഞാൻ പറയുന്നില്ല... ഓർക്കാം...പക്ഷേ ഇങ്ങനെ വിഷമിക്കാനല്ല.... താൻ കടന്നു വന്ന വഴികൾ തനിക്ക് മുന്നോട്ട് ജീവിക്കാനുള്ള കരുത്താവണം..... മനസ്സിലായോ...!!?? ഇപ്പൊ ഇരുപത്തിയൊന്ന് വയസ്സായിട്ടല്ലേ ഉള്ളൂ.... തനിക്കിനിയും ജീവിതം മുമ്പോട്ടുണ്ട്... എന്റെ മരണം വരെ ഞാൻ കൂടെയുണ്ടാകും.... ആദ്യമായി നമ്മൾ കണ്ട ആ രാത്രി ചേർത്ത് പിടിച്ചില്ലേ... അത് പോലെ ചേർത്ത് പിടിക്കാൻ..... താനും ഞാനും കുടിക്കുന്ന ഈ ചായ ആണേ സത്യം.... """ അവന്റെ അവസാന വാചകങ്ങളിൽ ദയ ചിരിച്ചു പോയി..... അവൾക്കൊപ്പം ചേർന്ന് അവനും..... ചായ കുടിച്ച് കഴിഞ്ഞപ്പോൾ ശ്രീറാം തന്നെ ദയയെ ബോണറ്റിൽ നിന്നുമെടുത്ത് താഴെയിറക്കി..... ആദ്യമുണ്ടായിരുന്ന പരിഭ്രമം എന്ത് കൊണ്ടോ അവൾക്കാ നിമിഷം അനുഭവപ്പെട്ടിരുന്നില്ല... തിരികെയുള്ള യാത്രയിൽ മഴ പൂർവ്വാധികം ശക്തിയോടെ പെയ്തു തുടങ്ങിയിരിന്നു..... പുറത്തും....... അവരുടെ ഹൃദയങ്ങളിലും...... ഹൃദയം തുളുമ്പുന്ന സ്നേഹത്തിന്റെയും , കരുതലിന്റെയും നിറ മഴ.....!!........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story