ദയാ ദുർഗ: ഭാഗം 38

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

ദേഹം മറച്ച പുതപ്പിനിടയിലൂടെ ആരോ നുഴഞ്ഞ് കയറുന്നതറിഞ്ഞ് ശ്രീറാം ഞെട്ടലോടെ തന്റെ അടഞ്ഞ മിഴികൾ വലിച്ച് തുറന്നു ..... ചാടിയെഴുന്നേറ്റ് ചുറ്റും നോക്കിയപ്പോൾ കണ്ടു തൊട്ടരികിൽ കുസൃതി നിറഞ്ഞ ചിരിയോടെ തന്നെ ഉറ്റ് നോക്കിയിരിക്കുന്ന ഗോപുവിനെ.. അവന്റെ കണ്ണുകൾ വിടർന്നു... ഹൃദയമൊന്ന് കുളിർത്തു .... തമ്മിൽ കാണാതായിട്ടൊരാഴ്ച്ചയായേ ഉള്ളൂ...എങ്കിലും അവനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു വിടവാണ്..... അവളുടെ കുറുമ്പും ,കളി ചിരികളുമാണ് ആ വീടിന്റെയും , അവിടുള്ളവരുടെയും ഉണർവും , ഉന്മേഷവും... ""നീ തനിച്ചിങ്ങ് പോന്നോ??"" വാത്സല്യത്തോടെ ഗോപികയുടെ മുടിയിഴകളിലൂടെ വിരലുകളോടിച്ചവൻ വളരെ സൗമ്യമായി തിരക്കി.... """ശരൺ വന്ന് കൂട്ടി ...... താഴെ എല്ലാവരും എത്തിയിട്ടുണ്ട് .....""" ""ഇത്ര നേരത്തെ എത്തിയോ?"" അവൻ ഉറക്കചടവോടെ അലസമായി ചോദ്യമെറിഞ്ഞു... ""നേരത്തെയോ?? സമയം പതിനൊന്ന് കഴിഞ്ഞു...."" ശ്രീറാമിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി... അവൻ വെപ്രാളത്തോടെ ക്ലോക്കിലേക്ക് നോക്കി.. അതെ...!! സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു!! ""ഏട്ടനെന്തേ വയ്യേ?? സാധാരണ അഞ്ചരയ്ക്ക് എഴുന്നേൽക്കുന്നതാണല്ലോ...??""

ആധിയോടെ ഗോപിക ശ്രീറാമിന്റെ നെറ്റിയിലും കഴുത്തിലുമെല്ലാം തൊട്ട് നോക്കി...... ""അത്... അതിന്നലെ ഉറങ്ങാൻ അല്പം വൈകി പോയി.......""" നെറ്റിയിൽ കൈ താങ്ങിയവൻ പറഞ്ഞൊപ്പിച്ചു.... മുത്തശ്ശനന്വേഷിച്ചു ഏട്ടനെ.... കിടക്കയിൽ നിന്നും നിരങ്ങി നീങ്ങിയിറങ്ങുന്നതിനിടെ ഗോപു പറഞ്ഞു.... ""ഞാൻ പോയി ദച്ചൂനെ വിളിക്കട്ടെ... അവളും എഴുന്നേറ്റില്ലെന്ന് തോന്നുന്നു...... പിന്നെ... ഏട്ടാ....താഴത്താ ഏഷണി പിശാശ്ശും , മോളും വന്ന് നിൽപ്പുണ്ട്..... "" അവൾ രാജങ്കിളിനെയും , അഞ്ജലിയെയുമാണ് ഉദ്ദേശിച്ചതെന്ന് ശ്രീറാമിന് മനസ്സിലായി.... പണ്ട് മുതലേ അവൾക്കദ്ദേഹത്തോട് വലിയ താത്പര്യമില്ല.... അഞ്ജലിയേ ഇഷ്ടമായിരുന്നു... എന്നാൽ അഞ്ജലിയുടെ ചില സംസാരവും , പ്രവർത്തികളും അവളിൽ നിന്നും തന്നെ അടർത്തി മാറ്റാനുള്ള ശ്രമമാണെന്ന് മനസ്സിലായപ്പോൾ ആ ഇഷ്ടം കുറഞ്ഞ് കുറഞ്ഞില്ലാതായി.... എങ്കിലും തനിക്ക് മുമ്പിലും , പരസ്യമായും അഞ്ജലിയോടുള്ള വെറുപ്പവൾ പ്രകടിപ്പിക്കാറില്ല..... അത് തനിക്കവളോടുള്ള സൗഹൃദത്തിന്റെ പേരിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... തന്നെ സങ്കടപ്പെടുത്താതിരിക്കാൻ...!! ""മോള് താഴേക്ക് ചെല്ല്... ദുർഗ്ഗയേ കൂട്ടി ഞാനങ്ങ് വന്നേക്കാം....""

അരയോളം മൂടിയിരിക്കുന്ന പുതപ്പ് വകഞ്ഞ് മാറ്റി എഴുന്നേറ്റവൻ ബാത്റൂമിലേക്ക് കയറി.... ദയയുടെ അടഞ്ഞ മുറി വാതിൽക്കലക്കൊന്ന് നോക്കി ഗോപു താഴേക്കും..... 🦋🦋🦋 ശ്രീറാമിനൊപ്പം കോണി പടികളിറങ്ങി വരുന്ന ദയയിലായിരുന്നു ആ വീട്ടിലുള്ളവരുടെയെല്ലാം മിഴികൾ.... ദയയാകട്ടെ പെട്ടന്നൊരു നിമിഷം എല്ലാവരെയും കണ്ട പരിഭ്രമത്തിലും... അവളുടെ പതർച്ച മനസ്സിലാക്കിയെന്നോണം ശ്രീറാം ദയയുടെ വലത് കൈ തലത്തെ തന്റെ ഇടത് കൈയ്യാൽ പൊതിഞ്ഞു പിടിച്ചു... ചുറ്റുമുള്ള ഓരോ വ്യക്തികളിലൂടെയും ദയയുടെ നേത്രഗോളങ്ങൾ ധൃതിയിൽ ചലിച്ചു കൊണ്ടിരിക്കവേ പെട്ടന്നൊരു നിമിഷം അവ ഒരു വ്യക്തിയിൽ തറഞ്ഞു നിന്നു.... പതിയെ കണ്ണുകൾ നിറയാൻ തുടങ്ങി.. ചുണ്ടുകൾ വിറച്ചു....!! """മുത്തശ്ശാ....""" നന്നേ നേർത്തു പോയ അവളുടെ സ്വരം അന്നനാളത്തിൽ നിന്നും വിതുമ്പലോടെ പുറത്തേക്ക് പ്രവഹിച്ചപ്പോൾ , വിറയ്ക്കുന്ന കൈകൾ സോഫയിൽ അമർത്തി ആ വൃദ്ധൻ സാവധാനം എഴുന്നേറ്റു..... നന്നേ ക്ഷീണിതനായിരുന്നു അദ്ദേഹം... ദയ ഓടി ചെന്ന് മുത്തശ്ശനെ പുണർന്നു..... ആ നിമിഷം അവശതൾക്കിടയിലും അദ്ദേഹം പുഞ്ചിരിച്ചു...... ""സുഖാണോ മോളെ???"" ചോദ്യത്തിനവളൊന്ന് മൂളി... മുത്തശ്ശനോട്‌ ചേർന്ന് നിൽക്കുമ്പോൾ ദയ ഹൃദയം കൊണ്ട് സന്തോഷിക്കുകയായിരുന്നു....

സ്വന്തമെന്ന് ചൂണ്ടിക്കാണിക്കാൻ തനിക്കാകെയുള്ള വ്യക്തി..... വർഷങ്ങളോളം തന്നെ അവഗണിച്ചിരുന്നു.... പക്ഷേ ഒരിക്കൽ പോലും ദേഹം നോവിച്ചിട്ടില്ല....... ഒരിറ്റ് പോലും തന്നോട് സ്നേഹമില്ലെന്ന് നടിച്ചിരുന്നെങ്കിലും ആ നെഞ്ചം തന്നെയോർത്ത് പലപ്പോഴും വിങ്ങുന്നത് താൻ അറിഞ്ഞിട്ടുണ്ട്..... സ്നേഹമുണ്ടായിരുന്നു.... അതിരിൽ കവിഞ്ഞ സ്നേഹം... പുറമേ പ്രകടിപ്പിക്കാതെയിരുന്ന് പഴകിയ അർത്ഥശൂന്യമായ സ്നേഹം....!!! അവളൊരു നെടുവീർപ്പോടെ അദ്ദേഹത്തിൽ നിന്നും അടർന്നു മാറി.... ""യാത്രയൊക്കെ സുഖായിരുന്നോ മുത്തശ്ശാ??"" ശ്രീറാം അലിവോടെ , ബഹുമാനഹത്തോടെ തിരക്കി.... മറുപടിയായി അയാൾ പുഞ്ചിരിയോടെ അതെയെന്ന് തലയനക്കി ദയയുടെ നെറുകിൽ തലോടി... അവൾ വീണ്ടും അയാളുടെ നെഞ്ചിൻ ചൂടിലേക്ക് തല ചായ്‌ച്ചു.. നഷ്ടപ്പെട്ടതെന്തോ തിരിച്ച് കിട്ടിയ പ്രതീതിയായിരുന്നു ദയക്ക് ... ""ഈ വീട്ടിലൊരു ചിട്ടയും , രീതിയുമൊക്കെ ഉണ്ട്...നട്ടുച്ചയ്ക്കല്ല പെൺകുട്ടികൾ ഉറക്കമെഴുന്നേറ്റ് വരേണ്ടത്......"" മഹാലക്ഷ്മിയുടെ കടുത്ത ശബ്ദം കേട്ടതും ദയ മുത്തശ്ശന്റെ നെഞ്ചിൽ നിന്നും ഭീതിയോടെ തലയുയർത്തി..... ശ്രീറാം തന്റമ്മയെ ആദ്യം കാണുന്നത് പോലെ നോക്കി നിന്നു...

ആദ്യമായിട്ടായിരുന്നു അമ്മയുടെ ഇങ്ങനെയൊരു മുഖവും , പരുഷമാർന്ന ശബ്ദവും അവൻ കാണുകയും , കേൾക്കുകയും ചെയ്യുന്നത്.... ""അമ്മാ..... ദുർഗ്ഗയെ വഴക്ക് പറയരുത്... ഞങ്ങളിന്നലെ രാത്രി ഒരു ഡ്രൈവിന് പോയി.. തിരിച്ച് വരാൻ വൈകിയത് കൊണ്ട് രണ്ട് പേരും ഉറങ്ങി പോയതാണ്..."" ശ്രീറാം തന്റേടത്തോടെ പറഞ്ഞത് കേൾക്കെ അവന് നേരെയുള്ള മഹാലക്ഷ്മിയുടെ നോട്ടം രൂക്ഷമായി..... എന്നാൽ അഞ്ജലിയിലും , കൈലാസിലും , ഗോപുവിലുമൊക്ക ആശ്ചര്യമായിരുന്നു.. ഒരു സെക്കന്റ്‌ ഷോയ്ക്ക് വിളിച്ചാൽ പോലും തന്റെ റൂട്ടീൻ മുഴുവൻ തെറ്റുമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നയാളാണ് ശ്രീറാം.... മഹാലക്ഷ്മി ദയക്കരികിൽ ചെന്ന് നിന്ന് കുനിഞ്ഞ് പോയ അവളുടെ മുഖം പിടിച്ചുയർത്തി.... ""വേഷം മാത്രേ മാറീട്ടുള്ളൂ ലെ... ആള് പഴയ മിണ്ടാപ്പൂച്ച തന്നെ...."" അവർ നറു ചിരിയോടെ പറഞ്ഞപ്പോൾ മുറുകി നിന്നിരുന്ന എല്ലാവരുടെയും മുഖം സന്തോഷത്തോടെ വിടർന്നു..... ""ഈ മഹിയമ്മ മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞു....."" ഗോപു പരിഭവിച്ചു... ശ്രീറാമിന്റെ കണ്ണുകൾ ദയയിലായിരുന്നു.... ഇപ്പൊ കരയുമെന്ന മട്ടിൽ സങ്കടം കടിച്ചമർത്തി നിൽക്കുകയാണവൾ..... അവന് ചിരി വന്ന് പോയി..... ""ഈ കുട്ടീടെ അച്ഛനും , അമ്മയുമൊക്കെ??""

അപ്രതീക്ഷിതമായി ശിവരാജിന്റെ ചോദ്യമുയർന്നപ്പോൾ എല്ലാവരും പരസ്പരം നോക്കി..... ""അവൾ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചു......."" വല്യ താത്പര്യമില്ലാത്ത മട്ടിൽ അയാൾക്ക് മറുപടി നൽകി ഗോപു... ""അയ്യോ പാവം.... അയാൾ വിഷാദമഭിനയിച്ചു...... സത്യം പറയാലോ ആദ്യം ഈ കുട്ടിയെ ഇവിടെ കണ്ടപ്പോൾ ഞാൻ കരുതിയത് ആ ശാന്തീടെയോ മറ്റോ മോളായിരിക്കുമെന്നാ... അല്ല....ഈ കുട്ടീടെ നിൽപ്പും ഭാവവും ഒക്കെ അങ്ങനെയായിരുന്നേ.... കഴുത്തിലെ ചുവപ്പ് ചരടും.... നെറ്റിയിലെ വല്യ വട്ടപൊട്ടുമൊക്കെ കണ്ടപ്പോൾ......."" അയാൾ വിശദീകരിക്കാൻ ശ്രമിച്ചു..... കൈലാസ് ഒഴികെ അവിടെ കൂടി നിന്ന ആർക്കും അയാളുടെ സംസാരം ഇഷ്ടപ്പെട്ടില്ല.... ""ആമ സാർ... അവൾ യെന്നുടെ പൊണ്ണ് താനേ....യെന്നുടെ മട്ടും താ... ഉങ്കൾക്കെതാവത് പ്രച്ച്നയിരുക്കാ?? "" കയ്യിൽ ചായ കപ്പുകളടങ്ങിയ ട്രേയുമായി ശാന്തിയക്ക ഹാളിലേക്കെത്തി.... അവരുടെ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നെങ്കിലും കണ്ണുകൾ അതി രൂക്ഷമായി ശിവരാജിനെ വലയം ചെയ്തു...... തിരിച്ചയാളും അവരെ ദേഷ്യത്തോടെ നോക്കി.... ""അല്ല അങ്കിൾ...... ഇത്രയും നല്ല ബ്രാൻഡഡ് ഷർട്ടും , പാന്റ്സും , ഷൂസുമൊക്കെ ധരിച്ചിട്ടും അങ്കിളിന്റെ സ്വഭാവത്തിലും , പെരുമാറ്റത്തിലും അതിന്റെ യാതൊരു വിധ നിലവാരവും കാണാനില്ലല്ലോ..

അതെന്ത് പറ്റി??"" ഗോപിക കൂസലന്യേ അയാളെ പരസ്യമായി പരിഹസിച്ചു .... ശിവരാജ് ആകെ വിളറി.... അത്രയും പേരുടെ മുന്നിൽ അപമാനിക്കപ്പെട്ടത് അയാൾക്ക് വലിയൊരു തിരിച്ചടിയായിരുന്നു..... അഞ്ജലിയുടെ മുഖവും കടുത്തു... തന്റെ കളിയാക്കിയതിഷ്ടപ്പെട്ടില്ലെങ്കി ലും അവൾ മൗനം പാലിച്ചു... ശരൺ തന്റെ കയ്യിലെ പൊടി തട്ടും പോലെ ഉള്ളം കൈ തമ്മിൽ കൊട്ടി..... ശ്രീറാമകട്ടെ തന്റെ ചുണ്ടിലൂറിയ ചിരി മറ്റാരും കാണാതിരിക്കാനായി തല കുനിച്ച് ചൂണ്ട് വിരൽ കൊണ്ട് മൂക്ക് തിരുമ്മി...... ""ഗോപു യു ആർ ക്രോസ്സിംഗ് യുവർ ലിമിറ്റ്സ്..."" അത്ര നേരവും മിണ്ടാതെ നിന്ന കൈലാസ് ആ നിമിഷം അധികാരത്തോടെ ഗോപുവിന് നേരെ ശബ്ദമുയർത്തി..... അവളത് കേട്ട ഭാവം നടിച്ചില്ല.. എക്സ്ക്യൂസ്‌ മി....!!! അതിന് നീയേതാ??? അവളുടെ ഒരൊറ്റ ചോദ്യത്തിൽ കൈലാസ് ഉരുകിയൊലിച്ചു പോയി... ഗോപുവിന്റെ ഭാവവും , കൈലാസിന്റെ ചമ്മിയ നിൽപ്പും കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട ശരൺ ഒന്നും ചിന്തിക്കാതെ ഉറക്കെ പൊട്ടി ചിരിച്ചു.... ശ്രീറാമിനും ഉച്ചത്തിൽ ചിരിക്കാൻ മനസ്സ് വെമ്പിയെങ്കിലും കൈലാസിനത് വിഷമമാകുമോ എന്ന ഭയത്താൽ അവൻ ഗോപുവിനെ നോക്കി ശാസനയോടെ കണ്ണുരുട്ടി..... പക്ഷേ അവന്റെ ചുണ്ടിൽ മറഞ്ഞ കുസൃതി ചിരി ദയയും , ഗോപുവും കണ്ട് പിടിച്ചു....

കൈലാസിന് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല.. എല്ലാവർക്ക് മുമ്പിലും താനൊരു പരിഹാസ കഥാപാത്രമായത് പോലെ തോന്നിയവന്...... മുറുകിയ മുഖത്തോടെ ഗോപുവിന് നേരെ പാഞ്ഞടുത്തക്കവേ പെട്ടന്ന് തന്നെ ശ്രീറാം അവന് മുന്നിൽ തടസ്സമായി കയറി നിന്നു.... ""കിച്ചു.... കുറേ നാള് കൂടിയിട്ടാ എല്ലാവരും ഒന്ന് കാണുന്നെ..... ഇത് വഴക്കുണ്ടാക്കാനുള്ള സമയം അല്ല.... പ്ലീസ് ........""" കൈലാസിനെ സമാധാനിപ്പിക്കാനായി ശ്രീറാം വളരെ താഴ്മയോടെ പറഞ്ഞു നിർത്തി ""ഏട്ടനെന്തിനാ........."" ഗോപു ഒച്ചയുയർത്തിയതും ശ്രീറാം അവളെ കടുപ്പിച്ച് നോക്കി..വാക്കുകൾ മുഴുമിപ്പിക്കാതെയവൾ കൈ മുഷ്ഠി ചുരുട്ടി ദേഷ്യത്തോടെ മൗനം പാലിച്ചു..... 🦋🦋🦋 തന്റെ മുറിയുടെ ചുമരിലൂടെ ചൂണ്ട് വിരലാൽ ചിത്രങ്ങൾ വരയുകയായിരുന്നു ദയ.... കൈകൾ മനസ്സറിവില്ലാതെ ഓരോ ദിശയിലേക്കും യാന്ത്രികമായി ചലിക്കുകയാണ്.... ചിന്തകളും അത് പോലെ തന്നെ...!! അവ സിദ്ധാർഥിനെയും , സ്വാതിയെയും , സാവിത്രിയെയും ഭ്രമണം ചെയ്‌തൊടുക്കം രവീന്ദ്രനിൽ എത്തി ചേർന്നു..... അവളുടെ ഹൃദയം പിടച്ചു.... അറിയാതെ നോട്ടം വലത് കൈ തണ്ടയിലേക്ക് നീണ്ടു.... അയാളുടെ രക്തം പുരണ്ട കൈകൾ!! നിവർത്തി പിടിച്ച വലത് കൈ വെള്ളയിലേക്കവൾ അറപ്പോടെ നോക്കി....

പെട്ടന്നാണ് ചുമലിലൊരു കരസ്പർശമേറ്റത്..... ഞെട്ടി പിന്തിരിഞ്ഞപ്പോൾ ഗൗരവത്തോടെ തന്നെ നോക്കി നിൽക്കുന്ന ശ്രീറാമിനെ കണ്ടവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.... പക്ഷേ സാധിച്ചില്ല...... ""ഞാൻ... പെട്ടന്ന്.. ഓരോന്നോർത്തപ്പോൾ....."" ""അതെനിക്ക് മനസ്സിലായി... ഞാൻ കുറച്ച് നേരമായി വന്നിട്ട്....."" ദയ ഉത്തരമില്ലാതെ മുഖം താഴ്ത്തിയപ്പോൾ ശ്രീറാം അവളെ വലിച്ച് തന്റെ മുറിയിലേക്ക് നടന്നു...... മുറിയിക്കുള്ളിൽ ശ്രീറാമിന്റെ കട്ടിലിൽ ഗോപു ഇരിക്കുന്നുണ്ട്... അവൾക്കരികിൽ ഒരു കസേരയിൽ ശരണും.... ഇരുവരും എന്തോ പറഞ്ഞ് ചിരിക്കുകയാണ്.... ഞങ്ങളീ ലോകത്തേ അല്ലെന്ന രീതിയിൽ എതിർവശത്തുള്ള സോഫയിൽ കൈലാസ്സും , അഞ്‌ജലിയും ഫോണിൽ മുഖം പൂഴ്ത്തി ഇരിക്കുന്നു..... ദയ ഒരു മടിയോടെ ശ്രീറാമിനൊപ്പം മുറിയിലേക്ക് പ്രവേശിച്ചു...... അതേ നിമിഷം അഞ്ജലിയുടെയും, കൈലാസിന്റെയും മിഴികൾ ശ്രീറാം മുറുകെ പിടിച്ച ദയയുടെ കൈ തലത്തിലേക്ക് നീണ്ടു... അഞ്ജലി അസ്വസ്ഥമായ മനസ്സോടെ അവരിരുവരെയും നോക്കിയപ്പോൾ കൈലാസ് പുച്ഛത്തോടെ ഒരു വശത്തേക്ക് മുഖം കോട്ടി....

ദയയേ കണ്ടപ്പോൾ ഗോപു ഉന്മേഷത്തോടെയൊന്ന് നിവർന്നിരുന്നു... ശരണും അവരെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു......... പിന്നീടങ്ങോട്ട് ഗോപുവിന്റെ തമാശകളും , ശരണിന്റെ പരിഹാസവും , ഇരുവരുടെയും വഴക്കും , ശ്രീറാമിന്റെ കപട ദേഷ്യവുമൊക്കെയായി സമയം കടന്നു പോയി.... ദയ നിശബ്ദയായിരുന്നെങ്കിൽ കൂടിയും അവർക്കൊപ്പമുള്ള ഓരോ നിമിഷവും അവൾ ആസ്വദിച്ചിരുന്നു.... ദുഃഖ ഭാരങ്ങളില്ലാതെ ശൂന്യമായി കിടന്നിരുന്ന ഹൃദയത്തിനൊരു കോണിലേക്കവളാ നിമിഷങ്ങളെ ചേർത്ത് വച്ചു.... ഇടയ്ക്കിടെ ഓർമ്മിച്ച് ചിരിക്കാൻ... മനസ്സ് തുറന്നൊന്ന് സന്തോഷിക്കാൻ..!!......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story