ദയാ ദുർഗ: ഭാഗം 39

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

മാം...!! ഷാൾ വി?? നേർത്ത പുഞ്ചിരിയോടെ തന്റെ മുറി വാതിൽക്കൽ നിൽക്കുന്ന രണ്ട് അപരിചിത വ്യക്തികളെ മിഴിഞ്ഞ കണ്ണുകളോടെ നോക്കി ദയ.. അവർ ഉച്ചരിച്ച ഇംഗ്ലീഷ് പദങ്ങൾ എന്തെന്ന് വ്യക്തമായില്ലെങ്കിലും , കാണിച്ച ആംഗ്യങ്ങളിലൂടെ മുറിക്കകത്തേക്ക് കയറാനുള്ള അനുവാദമാണ് ചോദിച്ചതെന്നവൾ മനസ്സിലാക്കി എടുത്തു..... പക്ഷെ.. ഇവരൊക്കെ ആരാണ്....!! അവൾ ഒന്ന് കൂടെ അവരെ ചുഴിഞ്ഞ് നോക്കി..... ഓർമ്മയിലെവിടെയെങ്കിലും ആ മുഖങ്ങൾ തങ്ങി നിൽപ്പുണ്ടോ എന്നവൾ പരതി.... ഇല്ല..!! ദയ മൗനിയായി നിൽക്കുന്നത് കണ്ടിട്ടാവണം അവർ തമ്മിൽ തമ്മിലൊന്ന് നോക്കി...... ""മാം....."" ഏറ്റവും മുന്നിൽ നിൽക്കുന്നയാൾ ഭവ്യതയോടെ വീണ്ടും വിളിച്ചു.... ചിന്തകളെ തച്ചുടച്ച് അയാളുടെ ശബ്ദം ചെവിയിൽ മുഴങ്ങിയപ്പോൾ ദയ പിടച്ചിലോടെ ഇരുവരെയും ഒരിക്കൽ കൂടി നോക്കി... അപ്പോഴാണ് അവരുടെ ഇരു കൈകളിലും തൂക്കി പിടിച്ച കവറുകൾ ദയയുടെ ശ്രദ്ധയിൽ പെട്ടത്.... പുറത്ത് നിൽക്കുന്നവർ ആരാണെന്നതിലുപരി എന്ത് മറുപടി പറഞ്ഞാണ് അവർക്ക് താൻ അകത്തേക്ക് കയറാനുള്ള അനുമതി നൽകേണ്ടതെന്ന ചിന്തയാണ് അവളെ കൂടുതൽ കുഴപ്പിച്ചത്..... ""വാട്ട്‌ ഹാപ്പെൻഡ് ?? ""

പുറകിൽ നിന്നും ശ്രീറാമിന്റെ ഉയർന്ന ശബ്ദം കേട്ടതും ദയയുടെ കണ്ണുകൾ ആവേശപ്പൂർവ്വം അവനെ തേടി..... 'ഗോപുവിനെ കൊണ്ട് വിടാൻ അതി രാവിലെ പോയതായിരുന്നു അവൻ... ഇപ്പോഴയായിരിക്കും തിരിച്ചെത്തിയത്..... നേരത്തെ എത്തിയിരുന്നെങ്കിൽ എപ്പോഴേ തനിക്കരികിലേക്ക് ഓടി വന്നേനെ......' ദയയുടെ ഹൃദയം അതി വേഗത്തിൽ തുടിച്ചു.... അവനെ ഓർക്കുന്ന നിമിഷങ്ങളിലെല്ലാം അവളുടെ ഹൃദയം അങ്ങനെയാണ്.....!! എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും അവ വ്യഗ്രതയോടെ മിടിച്ച് കൊണ്ടിരിക്കും.... മിഴികളിൽ ശ്രീറാമിന്റെ രൂപം പതിഞ്ഞ നിമിഷം തന്നെ ദയ ആശ്വാസപ്പൂർവ്വം നിശ്വസിച്ചു.... അവന്റെ സാന്നിധ്യം തന്റെ കരുത്താണെന്നും , അവനില്ലായ്മ തന്റെ ദൗര്‍ബല്യമാണെന്നും തിരിച്ചറിയുകയായിരുന്നു അവളപ്പോൾ... മുറി വാതിൽക്കൽ നിൽക്കുന്നവരെയും , ദയയെയും മാറി മാറി നോക്കി ശ്രീറാം അകത്തേക്ക് കയറി..... ഗെറ്റ് ഇൻസൈഡ്.... പുറത്ത് നിൽക്കുന്നവരെ നോക്കിയവൻ വളരെ സൗമ്യമായി പറഞ്ഞപ്പോൾ അവർ പുഞ്ചിരിയോടെ മുറിയിലേക്ക് പ്രവേശിച്ചു.... അപ്പോഴും കാര്യമെന്തെന്നറിയാതെ മിഴിച്ച് നിൽക്കുകയായിരുന്നു ദയ... ""ഇവരൊക്കെ??"" ദയ ശബ്ദം താഴ്ത്തി ചോദിച്ചു... വന്നവർ ഒരുപക്ഷെ അവന് വേണ്ടപ്പെട്ട ആരെങ്കിലുമാണെങ്കിലോ!! തന്റെ ഒരു വാക്കിലോ , നോക്കിലോ പോലും അവർക്ക് അനാദരവ് തോന്നരുതെന്നവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു...

അങ്ങനെ വന്നാൽ അത് ശ്രീറാം അപമാനിക്കപ്പെടുന്നതിന് തുല്യമാണെന്ന് അവൾ വിശ്വസിച്ചു.... പെട്ടന്ന് ശ്രീറാം ദയയുടെ വലത് കൈ പിടിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്ത് , പതിയെ അവളുടെ കൈവെള്ള നിവർത്തി ചൂണ്ട് വിരലിലൊന്ന് സ്പർശിച്ചു..... ""ഇനി ദാ ഈ കുഞ്ഞ് വിരലുപയോഗിച്ച് ഗ്ലാസ്സിലും , ചുവരിലും വരച്ച് എന്റെ ദുർഗ്ഗ കഷ്ടപ്പെടണ്ട ....""" കുഞ്ഞുങ്ങളോടെന്ന പോൽ ശ്രീറാം കുസൃതിയോടെ മൊഴിഞ്ഞു.. അവൻ പറഞ്ഞത് മൊത്തമായി ഗ്രഹിക്കാൻ ദയക്ക് സാധിച്ചില്ല... അവളതിന് ശ്രമിച്ചില്ലെന്ന് പറയുന്നതാവും വാസ്തവം... "എന്റെ ദുർഗ്ഗ '" ആ രണ്ട് വാക്കുകളിൽ കുടുങ്ങി കിടന്നു അവൾ.... പതിയെ ദയ മിഴികൾ വിടർത്തി ശ്രീറാമിനെ നോക്കി.... നിറ ചിരിയോടെ അവനവളെയും... ദയയുടെ വലത് കൈ അപ്പോഴും ശ്രീറാം തന്റെ ഇട നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു.. അവന്റെ ഹൃദയതാളമറിഞ്ഞ്... അവന്റെ ആർദ്രമായ വാക്കുകളിൽ തരളിതയായി ആ മിഴികളിൽ ലയിച്ചവൾ സ്വയം വിസ്മരിച്ചങ്ങനേ നിന്നു..... ""സർ...it's done...."" പിറകിൽ നിന്നും ശബ്ദമുയർന്നപ്പോൾ പരസ്പരം മിഴികൾ പിൻവലിച്ചവർ പിന്തിരിഞ്ഞ് നോക്കി.... പുറകിലെ ഗ്ലാസ്സ് ഡോറിനരികിലായി അഞ്ചടിയോളം ഉയരം വരുന്നൊരു വുഡൻ ഈസൽ സ്റ്റാൻഡിൽ ഒരു ഡ്രോയിങ് ക്യാൻവാസ് സെറ്റ് ചെയ്തിരിക്കുന്നു... അടുത്തായുള്ള ഒഴിഞ്ഞ മേശപ്പുറത്ത് പല തരം പെൻസിലുകളും , ചായങ്ങളും , ഡ്രോയിങ് പാഡുമൊക്കെ വളരെ ഭംഗിയായി അടുക്കി വച്ചിട്ടുണ്ട്....

""സർ , if യു ആർ നോട്ട് comfortable വിത്ത്‌ ദിസ് ഹൈറ്റ് you can adjust on here...."" ""Yah.. Cool!!Thank you for your time and service...."" ശ്രീറാമിന്റെ വാക്കുകൾ മധുരമുള്ളതായി... കൃതജ്ഞതയോടെ അവനവരെ നോക്കി പുഞ്ചിരി തൂകി... ""Its our pleasure sir... If you don't mind, shall we take a selfie with you??"" അവരിലൊരാൾ വളരെ താഴ്മയോടെ ചോദിച്ചു..... ""Yeah..Why not...!!"" തന്റെ നീളമാർന്ന മുടിയിഴകളിലൂടെ വിരലുകൾ കടത്തി മാടിയൊതുക്കി ശ്രീറാം അവർക്കിടയിൽ , അവരിലൊരാളായി നിന്നു..... ""Sir....Mam...!!"" കൂട്ടത്തിലൊരാൾ അല്പം മടിയോടെ ദയക്ക് നേരെ വിരൽ ചൂണ്ടി..... ""ദുർഗ്ഗ വരുന്നോ??"" ശ്രീറാം തിരക്കി.... അവൾ അരുതാത്തതെന്തോ കേട്ടപോലെ പരിഭ്രമത്തോടെ ഇരുവശത്തേക്കും തല ചലിപ്പിച്ചു..... അവൾക്ക് താത്പര്യമില്ലെന്ന് മനസ്സിലാക്കിയ ശ്രീറാം പിന്നീടവളെ നിർബന്ധിച്ചില്ല.... ശ്രീറാമിനതവളുടെ വ്യക്തിപരമായ താല്പര്യമായിരുന്നെങ്കിൽ , ദയയക്ക് തന്റെ ഈ പ്രവർത്തി അവനെ അവർക്ക് മുന്നിൽ അപമാനിതനാക്കിയോ എന്ന കടുത്ത ചിന്തയായിരുന്നു.... അവർ യാത്ര പറഞ്ഞ് പോയപ്പോൾ ദയ ശ്രീറാമിന്റെ മുഖത്തേക്ക് നോക്കി.... ഏതെങ്കിലും തരത്തിലുള്ള ഭാവ വ്യത്യാസമോ , ഇഷ്ടക്കേടോ പ്രകടമായിട്ടുണ്ടോ എന്ന് വളരെ സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു അവൾ... ""എന്താടോ??"" അവളുടെ നോട്ടം കണ്ട് ശ്രീറാം സ്വയമേ ഒന്ന് വീക്ഷിച്ച് അപാകതകളൊന്നുമില്ലെന്നുറപ്പ് വരുത്തി..... അവന്റെ പ്രവർത്തി കണ്ട് ദയ ചൂളി പോയി...

ചമ്മലോടെ ഒന്നുമില്ലെന്ന് ചുമൽ കൂച്ചിയവൾ അവനരികിലേക്ക് നീങ്ങി നിന്നു..... ""ഇതൊക്കെ എന്തിനാ??"" മുന്നിലെ ക്യാൻവാസും , ചായങ്ങളും നോക്കി ദയ ശ്രീറാമിനോട് ചോദിച്ചു... അവൻ വലത് കൈയ്യാൽ അവളെ ദേഹത്തോടടുപ്പിച്ച് ക്യാൻവാസിനരികിലേക്ക് നടന്നു... ""നാളെ എനിക്കൊരു റെക്കോർഡിങ് ഉണ്ട്..... നാളെ മാത്രമല്ല... ഇനിയങ്ങോട്ട് എല്ലാ ദിവസങ്ങളിലും ഞാനിവിടെ ഉണ്ടാകണമെന്നില്ല...."" ""പോവണ്ട......"" ദയ നിറഞ്ഞ കണ്ണുകളോടെ ശ്രീറാമിനെ നോക്കി ഇടത് കയ്യാൽ അവന്റെ ടി-ഷർട്ടിൽ മുറുകെ ചുരുട്ടി പിടിച്ചു..... എന്തോ തമാശ കേട്ട കണക്കെ ശ്രീറാം ഉച്ചത്തിൽ ചിരിച്ചു.... എന്നാൽ ദയക്കത് ഇഷ്ടപ്പെട്ടില്ല.... തന്റെ മനോവികാരത്തെ അവൻ പരിഹസിച്ച പോൽ തോന്നി ..... ""പോ...."" പരിഭവത്തോടെ അകന്ന് മാറിയ ദയയെ ശ്രീറാം ആദ്യം കാണുന്നത് പോലെ നോക്കി നിന്നു.... അവളുടെ ഓരോ ചലനങ്ങളും വീക്ഷിക്കുന്ന അവന് അതൊരു അവിശ്വസിനീയ കാഴ്ച്ചയായിരുന്നു... തന്നെയൊന്ന് നോക്കാൻ... ഒരു വാക്ക് ഉരിയാടാൻ.. എന്തിന് !!, ഒന്ന് പേര് ചൊല്ലി വിളിക്കാൻ പോലും പേടിച്ച് വിറച്ചു നിന്നിരുന്ന ദയയെ അവനാ നിമിഷം ഓർമ്മ വന്നു... ""ദുർഗ്ഗാ....."" ശ്രീറാമിന്റെ ശബ്ദം ആർദ്രമായി.... ദയ പിന്തിരിഞ്ഞ് നോക്കി....

അവളുടെ കണ്ണുകൾ മുമ്പുള്ളതിനേക്കാളും അധികമായി നിറഞ്ഞ് കവിഞ്ഞിരുന്നു..... ശ്രീറാം സ്നേഹത്തോടെ അവളുടെ ഇടത് കവിളിലേക്ക് തന്റെ ഉള്ളം കൈ ചേർത്ത് വച്ചു.... ""എന്നുമിങ്ങനെ തന്റെയൊപ്പം മാത്രം ഇരിക്കാൻ കഴിയുവോടോ എനിക്ക്??"" അവൻ സൗമ്യമായാണ് ചോദിച്ചതെങ്കിലും ദയയേ അത് ഒരുപാട് വേദനിപ്പിച്ചു..... ശരിയാണ് എന്നുമിങ്ങനെ എനിക്കൊപ്പം ഇരുന്ന് , എന്നെ ശുശ്രൂഷിക്കാൻ ഞാൻ ശ്രീയേട്ടന്റെ ആരാണ് ..... ഈ കരുതലും , സ്നേഹവും പോലും അനുഭവിക്കാൻ യോഗ്യതയില്ലാത്തവളാണ് താൻ..... എന്നിട്ടും..അയാളെ പിടിച്ചു വയ്ക്കാൻ ശ്രമിക്കുന്നു... എന്ത് ബന്ധത്തിന്റെ പേരിൽ!! എന്തധികാരത്തിന്റെ പേരിൽ!! അർഹിക്കാത്തത് മോഹിക്കുകയാണ് നീ ദയ.... അവൾ സ്വയം കുറ്റപ്പെടുത്തി.... ""ദുർഗ്ഗ പ്ലീസ്.....ദൈവത്തെയോർത്ത് താൻ അതിര് കടന്ന് ചിന്തിക്കരുത്...."" തന്നോളം അവളെ മനസ്സിലാക്കിയതിനാലാവണം ദയയുടെ ഭാവം മാറിയപ്പോൾ തന്നെ അവൾ ചിന്തിക്കുന്നതെന്തായിരിക്കുമെന്നവൻ ഊഹിച്ചു.... ദയ നിശബ്ദമായി ശിരസ്സ് താഴ്ത്തി..... ""ദുർഗ്ഗാ..... ഒരുപാട് സമയമൊന്നും എടുക്കില്ലടോ... കുറച്ച് നേരം....."" ""കുറച്ച് നേരമെന്ന് പറയുമ്പോ.. എത്ര??"" അത്ര നേരം ചിന്തിച്ച് കൂട്ടിയതെല്ലാം പാടെ മറന്നവൾ ജിജ്ഞാസയോടെ ശ്രീറാമിനെ ഉറ്റ് നോക്കി...

""അങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ പെട്ട് പോകൂല്ലോ ടോ...."" അവനൊരു നെടുവീർപ്പോടെ അവനൊന്ന് മന്ദഹസിച്ചു..... ""ഞാൻ.. ഒറ്റയ്ക്കാവും....."" ദയ വീണ്ടും പരിതപിച്ചു.... അതിനും ശ്രീറാം ചിരിച്ചതേയുള്ളൂ..... അതിഷ്ടപ്പെടാതെ ദയ മുന്നിൽ കണ്ട പെൻസിലുകളിലൊന്ന് കയ്യിലെടുത്ത് അരികിലെ ക്യാൻവാസിൽ തീർത്തും അലക്ഷ്യമായെന്തോ ഒന്ന് വരച്ചു തുടങ്ങി ..... വർഷങ്ങളായി വീട്ട് ജോലി പേറിയ കൈകൾക്ക് , അവൾ തന്റെ വിരലുകൾക്കിടയിൽ പിടിച്ച പെൻസിലിനോട് വല്ലാത്ത അപരിചിതത്വമായിരുന്നു.... ഏത്ര മുറുകെ പിടിച്ചിട്ടും പെൻസിൽ വഴുതി പോകുന്നത് ദയയെ നിസ്സഹായയാക്കി..... ശ്രീറാമാകട്ടെ അവളുടെ കൈകൾ വിറ കൊള്ളുന്നത് നിശബ്ദനായി നോക്കി നിൽക്കുകയായിരുന്നു... ഈ സാഹചര്യം അവൾ തന്നെ മറികടക്കട്ടെയെന്ന് അവനും തീരുമാനിച്ചു... അല്ലെങ്കിലും അവനെന്ത്‌ ചെയ്യാൻ കഴിയും!! ഏറെ നേരം ശ്രമപ്പെട്ടിട്ടാണെങ്കിലും ദയ, താൻ തുടങ്ങി വച്ച ചിത്രം വരച്ചു തീർത്തു..... ദയ തന്റെ ചിത്രം പൂർത്തിയാക്കും വരെ ശ്രീറാമൊന്ന് അനങ്ങിയത് പോലുമില്ല.. തന്റെ ചെറു ചലനം പോലും അവളിലെ ശ്രദ്ധ മാറാൻ കാരണമാകരുതെന്ന് അവന് തോന്നി.... ഏറ്റവുമൊടുവിൽ ...,

ചുവപ്പാർന്ന വർണ്ണ പെൻസിലുപയോഗിച്ച് താൻ വരച്ച് തീർത്ത ഭംഗിയേറിയ പനിനീർ പുഷ്പ്പത്തിന് നിറവും പകർന്നവൾ ശ്രീറാമിനെ പിന്തിരിഞ്ഞു നോക്കി... അവനിൽ അത്ഭുതമായിരുന്നു.... നാളെ , താൻ പോയി കഴിഞ്ഞാൽ അവൾ പലതും ആലോചിച്ച് മനസ്സ് വിഷമിപ്പിച്ചാലോ എന്ന ചിന്തയുടെ പുറത്താണ് ഇതെല്ലാം വാങ്ങി കൂട്ടിയത്.... അവളുടെ ശ്രദ്ധ തിരിക്കാനൊരു മാർഗ്ഗം... 'ഒറ്റയ്ക്ക് നിൽക്കുമ്പോൾ പലപ്പോഴും വിരലുകളുപയോഗിച്ച് പലതും വരയുന്നത് കാണാം... അന്ന് അഖിലേഷിനരികിൽ നിന്നവളെ കൊണ്ട് വരാൻ പോയപ്പോഴും അവിടെയുണ്ടായിരുന്ന ചുമർ ചിത്രങ്ങളിൽ തൊട്ട് തലോടി നിൽക്കുകയായിരുന്നു ദുർഗ്ഗ.... ചിത്രങ്ങളോട് കമ്പമുണ്ടെന്ന് മനസ്സിലായിരുന്നു പക്ഷേ ഇത്രമാത്രം കഴിവുണ്ടെന്ന് തിരിച്ചറിയാൻ വൈകി....' ശ്രീറാമൊന്നും മിണ്ടാതെ നിൽക്കുന്നത് കാണെ ദയയുടെ മുഖം വാടി.... ""രസമില്ലേ??"" അവൾ നിരാശയോടെ ചോദിച്ചു.... ശ്രീറാം ഒന്ന് കൂടെ അവൾക്കരികിലേക്ക് ചേർന്നു നിന്നു... ""വളരെ നന്നായിട്ടുണ്ട്... അല്ല തനിക്ക് ഇഷ്ടം മുല്ലപ്പൂക്കളോടല്ലേ ??? "" അവന്റെ സ്വരം നേർത്തതായി...

""പക്ഷേ ശ്രീയേട്ടന് റോസാപ്പൂവല്ലെ ഇഷ്ടം......."" ദയ വളരെ നിഷ്കളങ്കതയോടെ ചുണ്ടുകൾ വിടർത്തി..... എന്ത് കൊണ്ടോ ശ്രീറാമിനവളെയൊന്ന് ചേർത്ത് നിർത്തി ചുംബിക്കാൻ തോന്നി.... ഒരുപാട് സ്നേഹത്തോടെ നെഞ്ചോട് ചേർത്ത് മുറുകെ പുണരാൻ തോന്നി.... തനിക്ക് മുന്നിലെ , ദയ വരച്ച് തീർത്ത പനിനീർ പുഷ്പം ഒരു കല്പനയല്ലായിരുന്നെങ്കിൽ ആ നിമിഷം ഉറപ്പായും അവനാ പുഷ്പ്പത്തെ പറിച്ചെടുത്ത് അവൾക്ക് നേരെ നീട്ടിയേനെ..... തന്റെ പ്രണയമായി... പ്രാണനായി.... തന്റെ ഹൃദയത്തിനുടമയാകാൻ അവനവളെ ക്ഷണിച്ചേനെ...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story