ദയാ ദുർഗ: ഭാഗം 4

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

"""കണ്ണൻമോനെന്തിനാ അവളെ എടുത്ത് നിൽക്കണത്...??""" ""നാശം ഇന്ന് തേച്ച് കുളിച്ചിട്ടും കൂടെ ഉണ്ടാകില്ല.........""" വല്യമ്മയുടെ ചോദ്യത്തോടൊപ്പം സ്വാതി അവജ്ഞയോടെ തന്റെ ഇഷ്ടക്കേടും പ്രകടമാക്കി..... ദയ ആകെ ചൂളി പോയി...... അപമാനത്താൽ ശിരസ്സ് താഴ്ന്നു... """മോനെ നീ അവളെ വിട് ....""" അച്ഛന്റെ വാക്കുൾക്ക് അനുസരണയോടെ തലയാട്ടി കൈലാസ് ദയയെ നിലത്ത് നിർത്തി.. തറയിൽ കാല്പാദം പതിഞ്ഞ നിമിഷം തന്നെ കടുത്ത വേദനയാൽ അവളുടെ ശരീരം വിറച്ചു.... വീഴാനാഞ്ഞ ദയയെ കൈലാസ് ഒരു കയ്യാൽ തന്റെ ദേഹത്തോട് ചേർത്തു ....... ""ആർ യു ഓക്കേ???""" """ഏഹ്!! എന്താ??? """ അവൾ അത്രയേറെ നിഷ്കളങ്കമായി ചോദിച്ചു.... """കണ്ണേട്ടൻ ഇതാരോടാ ഇംഗ്ലീഷ് പറയണേ...ഏഴാം ക്ലാസ്സ്‌ വരെ പഠിച്ച ഈ പൊട്ടിയോടോ????"" ചോദ്യത്തോടെ സ്വാതി ഉച്ചത്തിൽ ചിരിച്ചു.... കൂടെ സിദ്ധുവും , സാവിത്രിയും , രവീന്ദ്രനും ചേർന്നപ്പോൾ അതൊരു കൂട്ട ചിരിയായി മാറി... ദയയിൽ സങ്കടമേറി .... ചുണ്ടുകൾ വിതുമ്പി.... പഠിക്കാൻ ഇഷ്ടമുണ്ടായിരുന്നു.... ആഗ്രഹവുമുണ്ടായിരുന്നു......

സ്കൂളിൽ നിന്ന് തന്നെയും സ്വാതിയെയും തിരികെ കൊണ്ട് വരാൻ വരാറ് വല്യമാമ്മയായിരുന്നു.... സ്വാതിയെ നിർബന്ധിച്ച് പിൻസീറ്റിൽ കയറ്റി ഇരുത്തും.... തന്നെ മുമ്പിലും... ആ കൈകളും , വിരലുകളും യൂണിഫോം പാവാടയ്ക്കുള്ളിലൂടെ തന്റെ തുടയിലൂടരിച്ച് നീങ്ങും... എത്ര തട്ടി മാറ്റിയാലും അയാൾ അവസരത്തിനൊത്ത് ആ പ്രവർത്തി വീണ്ടും വീണ്ടും തുടരും...... ഒടുക്കം നോവോടെയാണെങ്കിലും ഇനി പഠിക്കാൻ പോകുന്നില്ലെന്ന് പറഞ്ഞു... ആരും എതിർത്തില്ല.... കാരണമന്വേഷിച്ചില്ല.... തന്റെ തീരുമാനത്തെ പൂർണ്ണമനസ്സോടെ അംഗീകരിച്ചു..... അല്ലെങ്കിലും എല്ലാവരുടെയും ആവശ്യവും അത് തന്നെയായിരുന്നല്ലോ..... ഈ നാല് ചുവരുകൾക്കുള്ളിൽ ജീവിതമൊതുക്കി ഒടുങ്ങുന്നവളാകണം ദയ.......!! ""ഇതിന് മാത്രം ചിരിക്കാനിപ്പോൾ ഇവിടെ എന്താ നടന്നത്??? ഇംഗ്ലീഷ് അറിയില്ലാന്നുള്ളത് അത്ര വല്യ കുറവാണോ??"" ഒരു പെൺ ശബ്ദം അവർക്കിടയിൽ ഉയർന്നു കേട്ട നിമിഷം എല്ലാവരുടേയും കൂട്ടച്ചിരി നിലച്ചു....... ദയക്ക് അധിയായ അത്ഭുതം തോന്നി.. ആദ്യമായി... ആദ്യമായി ഒരാൾ തന്നെ അനുകൂലിച്ച് , തനിക്ക് വേണ്ടി ശബ്ദമുയർത്തിയിരിക്കുന്നു......

അവൾ തലയുയർത്തി ആ ശബ്ദത്തിനുടമയെ തേടി .... മുന്നിൽ സുന്ദരിയായൊരു പെൺകുട്ടി... ചുമലൊപ്പം വെട്ടിയിരിക്കുന്ന നേർത്ത ചെമ്പൻ മുടിയിഴകൾ ചെവിക്കരുകിലേക്ക് മാടിയൊതുക്കി അവൾ ദയയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.... എന്നാൽ ദയയുടെ മുഖത്തൊരു ഭാവവും വിരിഞ്ഞില്ല..... ""നീ എവിടെയായിരുന്നു ഗോപു??? "" കൈലാസിന്റെ ചോദ്യത്തിന് അവനെ നോക്കി കണ്ണിറുക്കിയവൾ ഓടി ചെന്ന് പ്രഭാകര വർമ്മയെ കെട്ടി പുണർന്നു....... അയാൾ തന്റെ വിറ പൂണ്ട കൈകളാൽ അവളുടെ നെറുകിൽ അരുമയായി തലോടി..... ""ഞാൻ കരുതി നിനക്കെന്നെ അറിവില്ലായിരിക്കുമെന്ന്....""" ""അത് കൊള്ളാം... നമ്മൾ ഇടയ്ക്കിടെ ഫോണിൽ സംസാരിക്കാറുള്ളതല്ലേ മുത്തശ്ശാ....."" ""ആ ഒരു ബന്ധം മാത്രല്ലേ ഉള്ളൂ...."" ""ഇനിയിപ്പോ ഞങ്ങൾ നാലഞ്ച് മാസം ഇവിടെ തന്നെയല്ലേ.....""" മുത്തശ്ശനിലുള്ള പിടി ഒന്ന് കൂടെ മുറുക്കി അയച്ചവൾ അദ്ദേഹത്തിൽ നിന്നും അടർന്നു മാറി..... ""ഗോപു....ശരൺ എവിടെ??"" """മുറ്റത്തെ പൂക്കൾടേം ചെടികളുടെയുമൊക്കെ ഭംഗി നോക്കി നിൽപ്പുണ്ട്.........."""

കൈലാസിന്റെ ചോദ്യത്തിനവൾ അലസമായി മറുപടി നൽകി ..... തൊട്ടടുത്ത നിമിഷമൊരു സുമുഖനായ ചെറുപ്പക്കാരൻ പുഞ്ചിരിയോടെ ഇടനാഴിയിലേക്ക് പ്രവേശിച്ചു..... സ്വാതിയുടെയും സിദ്ധാർഥിന്റെയും കണ്ണുകൾ ആശ്ചര്യത്തോടെയും അതിലേറെ സന്തോഷത്തോടെയും വിരിഞ്ഞു.... ""ശരൺ സായന്ദ്......??""" സിദ്ധാർത്തിന്റെ നാവുകൾ തന്റെ പേരുരുവിട്ടപ്പോൾ ശരൺ അവനെ നോക്കി ഹൃദ്യമായി മന്ദഹസിച്ചു..... ""യെസ്.....""" ""ഓഹ് മൈ ഗോഡ്....."" സ്വാതിക്ക് തന്റെ സന്തോഷമടക്കാനായില്ല.... അവൾ അത്യുത്സാഹത്തോടെ അയാൾക്കരികിലേക്ക് ഓടിയടുത്തു.... """ഞാൻ...നിങ്ങളുടെ സോങ്‌സ് ഒക്കെ കേൾക്കാറുണ്ട്.....ആൻഡ്.. ആൻഡ് ഐ ആം ഏ ബിഗ് ഫാൻ ഓഫ് യു...... ട്രിവാൻഡ്രത്ത് ഈ അടുത്ത് നിങ്ങളുടെ ബാൻഡിന്റെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നില്ലേ? "" '""ഉവ്വ് ......"" """ഞാനും ഏട്ടനും വന്നിരുന്നു കാണാൻ....... അടുത്ത് വന്നൊരു ഫോട്ടോ എടുക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു .... ബട്ട്‌... കഴിഞ്ഞില്ല..... അത്ര വല്യ ക്രൗഡ് അല്ലായിരുന്നോ...

ആൻഡ് വി മിസ്സ്ഡ് മിസ്റ്റർ ശ്രീറാം സായന്ദ് ആൻഡ് അഞ്ജലി രാജ്...""" അവളുടെ കണ്ണുകളിൽ നിരാശ നിഴലിച്ചു ...... """അവരൊരു സോങ് റെക്കോർഡിങ്ങിന്റെ തിരക്കിലായിരുന്നു......"" """അച്ഛാ ഞാൻ പറഞ്ഞില്ലേ ഞങ്ങൾക്കൊപ്പം എന്റെ ഒരു സുഹൃത്ത് ഉദയനും കുടുംബവും വരുന്നുണ്ടെന്ന് ......"" ""ഉവ്വ്.. പക്ഷേ...ഈ കുട്ടി മാത്രം .....???"" ""ഉദയനവിടെ ഓഫീസിൽ പെട്ടന്നെന്തോ അത്യാവശ്യം വന്നു.... ബിസിനെസ്സ് അല്ലെ... പെട്ടന്നിങ്ങിട്ടെറിഞ്ഞ് വരാൻ പറ്റില്ലല്ലോ.. ഇതവന്റെ ഇളയ മകനാണ് ശരൺ....വല്യ ഗായകനാണ്‌...... ഇവനെ ഞങ്ങളിങ്ങ് കൂടെ കൂട്ടി....."" ശരൺ വിനയത്തോടെ എല്ലാവരെയും നോക്കി മൃദുലമായി പുഞ്ചിരിച്ചു.... ""ഉദയൻ ഒരാഴ്ച്ചയ്ക്കുള്ളിൽ ഇങ്ങെത്തും..... അയാൾക്കിവിടെ കേരളത്തിൽ ഒരു പ്രൊജക്റ്റ്‌ തുടങ്ങണമെന്ന് വലിയ ആഗ്രഹണ്ട്.... അതിന് കുറച്ച് ഭൂമി നോക്കണം.... നമ്മുടെ കാവിന്റെ മുകളിലുള്ള സ്ഥലമില്ലേ അച്ഛാ..... അതിപ്പോ ആരുടെയാ???""" ""അത് രവീന്ദ്രൻ എടുത്തില്ലേ......"" പ്രഭാകരവർമ്മ തന്റെ പേരുച്ഛരിച്ചതും രവീന്ദ്രൻ ദയയിലുള്ള തന്റെ കണ്ണുകൾ പറിച്ചെടുത്ത് ശേഖരനിലേക്ക് മിഴികളൂന്നി.... """അത് അളിയൻ വാങ്ങിയോ?? ഞാൻ അറിഞ്ഞില്ലല്ലോ.......!!!"""

""അത്... എന്റെ തറവാട് വിറ്റ കുറച്ച് കാശ് കയ്യിലായപ്പോ ഞാൻ......""". അയാൾ ഒരു കയ്യാൽ തലയ്ക്ക് പിൻഭാഗം ഉഴിഞ്ഞ് മടിയോടെ പറഞ്ഞു നിർത്തി ... ""ആ വസ്തു വിൽക്കാൻ താത്പര്യമുണ്ടോ സർ ??"" ശരൺ ചോദിച്ചു... """അങ്ങനെ ചോദിച്ചാൽ അത്യാവശ്യം നല്ല വില കിട്ടിയാൽ കൊടുക്കും.....""" ചർച്ചകൾ നീണ്ടു പോയി.... ദയ അപ്പോഴും മറ്റേതോ ലോകത്തിലെന്ന പോലെ കൈലാസിനോട് പറ്റി ചേർന്ന് നിൽക്കുകയായിരിന്നു.... അയാളുടെ ഒരു കൈ അവളെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധയത്രയും മുറുകിയ വസ്തു ചർച്ചകളിലേക്കായിരുന്നു ...... """ഡീ അസത്തെ... പോയി ചായക്ക് വെള്ളം വയ്ക്കടി..... ഒരവസരം കിട്ടിയപ്പോ അവളങ്ങ് ഞെളിഞ്ഞ് സ്വപ്നം കണ്ട് നിൽക്കുവാ..... മൂദേവി.......""" സാവിത്രി ആക്രോശിച്ചു...... ദയ ഞെട്ടലോടെ മിഴികൾ വിടർത്തി കൈലാസിന്റെ കൈപിടിയിൽ നിന്നും അകന്നു മാറി.... """സാവിത്രി...... നീയെന്ത് വാർത്തമാനാ കുട്ടിയോട് പറയണത്???""" അനിയത്തിയുടെ വാക്കുകൾ ശേഖരന് രസിച്ചില്ല.... അയാൾ നീരസ്സത്തോടെ സാവിത്രിയെ നോക്കി മുഖം ചുളിച്ചു..... """ഏട്ടനറിയില്ല ഇവളെ...... ഇങ്ങനെ പൂച്ചയെ പോലെ പതുങ്ങി നിൽക്കുന്നതേ ഇവളുടെ അടവാണ്.... കയ്യിലിരിപ്പ് മഹാ മോശമാ... ഇന്നലെ തന്നെ രവിയേട്ടനെ ഇവള് ഉന്തി തള്ളിയിട്ടു.....

ഞാൻ കണ്ടില്ലായിരുന്നെങ്കിൽ...ന്റെ കൃഷ്ണാ....."" അവർ നെഞ്ചിൽ കൈ വച്ച് ദൈന്യതയോടെ പറഞ്ഞപ്പോൾ എല്ലാവരുടെ കണ്ണുകളും ദയയിലേക്ക് നീണ്ടു...... അവൾ ഉത്തരമില്ലാതെ ഒരു കുറ്റവാളിയെ പോലെ ശിരസ്സ് കുനിച്ചു..... ""അല്ല.. ഇങ്ങേർക്കത് കിട്ടണം.... സ്വന്തം മകളേക്കാൾ സ്നേഹം കൊടുത്ത് വളർത്തിയതല്ലേ....... പണ്ടേ ഞാൻ പറയാറുണ്ടായിരുന്നതാ ഇവൾക്കിവൾടെ തന്തേടെ സ്വഭാവം ആണെന്ന്.... സൗഹൃദം നടിച്ച് ഏട്ടനോടും , രവിയേട്ടനോടും പറ്റി ചേർന്ന് നിന്നിട്ട് നമ്മുടെ അമ്മാളൂനേം കൊണ്ട് പോയില്ലേ..... എന്നിട്ടോ...വയറ്റിലീ അസത്തിനേം കൊടുത്ത് അവളെ പെരുവഴിയിലുമാക്കി ......അതിന്റെ ഫലമെന്നോണം അവനെവിടെയോ കിടന്ന് ചത്ത് തൊലഞ്ഞു ... ഇവൾക്ക് ബുദ്ധിയുറയ്ക്കാറായപ്പോഴേക്കും അമ്മാളൂന്റെ ജീവനും സ്വർഗ്ഗം കണ്ടു.... എല്ലാം ഇവൾടെ..... ഈ നശിച്ചവളുടെ ജാതക ദോഷം.. അല്ലാണ്ടെന്താ....??"" """സാവിത്രി........ മതി നിർത്താ.....ഞാൻ മൗനം പാലിക്കുന്നെന്ന് കരുതി എന്തും പറയാമെന്നാകരുത്......""" പ്രഭാകരവർമ്മ താക്കീതോടെ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു , ഒപ്പം മുഷിച്ചിലോടെ ശേഖരനും.. ദയ ആർക്കും മുഖം നൽകാതെ തിരികെ ഇടനാഴിയിലേക്ക് പ്രവേശിച്ചു.... ഉള്ളിലൊരു സങ്കട കടൽ ആർത്തിരമ്പുന്നുണ്ടെങ്കിലും സ്വയം നിയന്ത്രിച്ചു......

അതല്ലാതെ മറ്റ് നിവർത്തിയില്ല..... വാക്കുകൾ കൊണ്ടവരെ എതിർക്കാനുള്ള കഴിവോ കരുത്തോ തന്നിലില്ല.... ഇനിയുണ്ടാകാനും പോകുന്നില്ല.....!! അടുക്കളയിലെത്തി അടുപ്പത്ത് ചായക്കുള്ള വെള്ളം വച്ച് പിന്തിരിഞ്ഞപ്പോൾ മുന്നിൽ ഗോപിക നിൽക്കുന്നു അവൾക്ക് പിന്നിലായി കൈലാസും ശരണും.... ദയ അമ്പരപ്പോടെ മൂവരെയും മാറി മാറി നോക്കി ..... """ചാ...യ... ചായ.. ഞാൻ കൊലായിലേക്ക് കൊണ്ട് വരാം....."" ""ഓ... ഞങ്ങൾ തന്റെ ചായക്കൊന്നും വന്നതല്ല.....""" ഗോപിക ഗൗരവത്തോടെ പറഞ്ഞപ്പോൾ ദയയുടെ മുഖം താഴ്ന്നു..... ഗോപിക പതിയെ ദയക്കരികിൽ വന്ന് നിന്ന് ചൂണ്ട് വിരലാൽ അവളുടെ താടി തുമ്പിൽ തൊട്ട് മുഖം ഉയർത്തി.... """ഈ നെറ്റിയിൽ ഇതെന്ത് പറ്റിയതാ...???""" """വീ... വീണപ്പോ......""" """എവിടെ വീണു??""" ""കോണി പടീന്ന്......""" ഗോപിക മറ്റെന്തോ ചോദിക്കാൻ തുടങ്ങും മുമ്പേ സാവിത്രി അടുക്കള വാതിൽക്കലെത്തി.... """നിങ്ങളെന്തിനാ കുട്യോളെ ഇങ്ങട് വന്നത്..... മുറിയിലേക്ക് പൊയ്ക്കോളൂ.... ചായ ഇവള് മുറിയിലേക്കെത്തിച്ചോളും.... ആയില്ലേടി ഇതുവരെ???""" സാവിത്രി ദയക്ക് നേരെ ശബ്ദമുയർത്തി.... """ഇപ്പൊ... ഇപ്പൊ ആവും....""" അവൾ വെപ്രാളത്തിൽ സ്റ്റവിന്റെ റെഗുലേറ്റർ തിരിച്ച് തീ കൂട്ടി വച്ചു.... ""ഗോപു മോള് വേണമെങ്കിൽ സ്വാതി ചേച്ചീടെ കൂടെ കഴിഞ്ഞോളൂ....."""

വേണ്ടാ..... ഐ നീഡ് എ പ്രൈവറ്റ് സ്പേസ്......""" ഗോപിക എടുത്തടിച്ചത് പോലെ മറുപടി പറഞ്ഞു...... സാവിത്രിയുടെ മുഖം വിളറി..... ഗോപിക പറഞ്ഞതിന്റെ പൊരുൾ ദയക്ക് മനസ്സിലായില്ലെങ്കിലും വല്യമ്മയ്ക്ക് രസിക്കാത്തതെന്തോ ആണ് ആ മറുപടിയിലെന്നവൾക്ക് വ്യക്തമായി...... ""എന്താടി ജന്തു കുന്തം വിഴുങ്ങിയത് മാതിരി എന്നെ നോക്കി നിക്കണത് ......?? വെള്ളം തിളയ്ക്കുന്നത് കണ്ടില്ലേ?? ചായപ്പൊടി ഇടാൻ ഇനി ചത്ത് പോയ നിന്റെ തന്ത വരുവോ???ഹേ??""" ഗോപികയോടുള്ള രോഷം അവർ വാക്കുകളിലൂടെ ദയക്ക് നേരെ ചീറ്റി.... """വല്യമ്മേ... ദച്ചു ഈ വീട്ടിലെ വാല്യക്കാരിയൊന്നും അല്ല... നിങ്ങൾടെ മക്കളെ പോലെയും ഞങ്ങളെ പോലെയും ഇവിടെ അധികാരവും അവകാശവും ഉള്ള കുട്ടിയാ...... വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ച് ഉപയോഗിക്കണം.......""" ഗോപികയുടെ വാക്കുകൾക്ക് മുമ്പിൽ സാവിത്രി തരിത്ത് നിന്നു.... ഒപ്പം ദയയും...... മുത്തശ്ശൻ പോലും ഈ രീതിയിൽ വല്യമ്മയെ എതിർത്ത് സംസാരിച്ചിട്ടില്ലെന്ന് ദയ ഓർത്തു....... സാവിത്രിക്ക് തന്റെ മുഖമടച്ചൊരടി കിട്ടിയ പ്രതീതിയായിരുന്നു....... അവർ ദയയെ നോക്കി പല്ല്‌ കടിച്ചു .... ദയക്ക് സാവിത്രിയുടെ കണ്ണുകൾ തന്നെ ഉടലോടെ ചുട്ടെരിക്കുന്നത് പോലെ തോന്നി... അവൾ ഉമിനീർ കുടിച്ചിറക്കി ഇടം കണ്ണാലെ അവരെയൊന്ന് നോക്കി ഭീതിയോടെ പിന്തിരിഞ്ഞ് നിന്നു...............  തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story