ദയാ ദുർഗ: ഭാഗം 41

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

ഇമ ചിമ്മാൻ പോലും മറന്ന് ശ്രീറാം പോയ വഴിയേ കണ്ണും നട്ട് നിന്നു ദയ..... അവൻ പറഞ്ഞതും , താൻ മനസ്സിലാക്കിയതും ഒന്നാണോ എന്ന ആശയകുഴപ്പത്തിലായിരുന്നു അവൾ.... ഓർമയിലുള്ള അവന്റെ വാക്കുകളെ ദയ വീണ്ടും , വീണ്ടും ഇഴ കീറി പരിശോധിച്ചു... അതെ.... തന്നെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് തന്നെയാണ് ശ്രീയേട്ടൻ പറഞ്ഞത്..... അവൾ അടിവരയിട്ടുറപ്പിച്ചു..... ഹൃദയം ഒരേ സമയം കുളിരുകയും , ഉരുകുകയും ചെയ്യുന്നത് പോലെ തോന്നി ദയക്ക്..... അവനെ നേടാനും , നഷ്ടപ്പെടാനും വയ്യാത്ത അവസ്ഥ..... എങ്ങനെയാണ് തന്നെ പോലൊരു പെൺകുട്ടിയേ സ്വീകരിക്കാൻ അയാൾക്ക് മനസ്സുണ്ടായത്.....!! അവൾ സ്വയം ചോദിച്ചു.... ഉത്തരവും സ്വയം കണ്ടെത്തി.... അത്രമാത്രം അലിവുള്ള മനസ്സിനുടമയാണയാൾ....... ഒന്നുമല്ലാതിരുന്ന തന്നെ ഇത്രത്തോളമെത്തിച്ചില്ലേ..... ദേഷ്യപ്പെടാതെ .... നോവിക്കാതെ ..... ഒരു സങ്കടവും വരുത്താതെ ചേർത്ത് പിടിക്കുന്നില്ലേ...... അയാൾ നിന്റെ സൗഭാഗ്യമാണ് ദയ... പക്ഷേ ഒരായുഷ്‌ക്കാലം മുഴുവനും ആ ഭാഗ്യമനുഭവിക്കാനുള്ള പുണ്യമൊന്നും നീ ചെയ്തിട്ടില്ല..... നിന്റെ സൗന്ദര്യം... നിന്റെ നിറം... നിന്റെ വിദ്യാഭ്യാസം... നിന്റെ കുടുംബം..... അതിനുമപ്പുറം നിന്റെ ശരീരം പോലും അയാളോട് ചേർത്ത് വയ്ക്കാൻ അയോഗ്യമാണ്...

ദയക്കുള്ളിലെ അപകർഷതാ ബോധത്തിന്റെ കെട്ട് പൊട്ടി , അവ പലവഴിക്ക് സഞ്ചരിരിക്കവേ എതിർവശത്തെ മുറിയിൽ ശ്രീറാം അഖിലേഷുമായി കാര്യങ്ങൾ പങ്ക് വയ്ക്കുകയായിരുന്നു.... പറയുമ്പോൾ ലജ്ജ തോന്നിയെങ്കിലും എന്തും നേരിടാൻ അവന്റെ മനസ്സ് തയ്യാറായിരുന്നു.... പ്രതീക്ഷിച്ചത് പോലെ അഖിലേഷ് ശ്രീറാമിനെ കുറ്റപ്പെടുത്തുകയോ , പരിഹസിക്കുകയോ ചെയ്തില്ല.... പകരം നല്ല തീരുമാനമെന്ന് പറഞ്ഞ് പ്രശംസിച്ചു.... ഒപ്പം ഈ നിമിഷം ദയയുടെ ചിന്തകൾ എന്തായിരിക്കുമെന്നും വിശദീകരിച്ച് നൽകി...... അഖിലേഷുമായുള്ള കോൾ അവസാനിപ്പിച്ച നിമിഷം ശ്രീറാം , തന്റെ മുറിയിലെ കണ്ണാടിക്കഭിമുഖമായി നിന്ന് സ്വയമേ വീക്ഷിച്ചു...... ബുദ്ധിമാന്ത്യം സംഭവിച്ച കണക്കെ അല്പ നേരം തന്റെ പ്രതിബിംബത്തെ നോക്കി വെറുതെ , വെറുതെ ചിരിച്ചവൻ ....... പിന്നീട് തന്റെ ഇരു കവിളുകളെയും ഒന്ന് തഴുകിയ ശേഷം വളരെ പതിയെ ശ്രീറാം തന്റെ നീണ്ട് വളർന്ന മുടിയിഴകളിലൂടെ അലസമായി വിരലുകൾ ചലിപ്പിച്ചു...... "മുടി വല്ലാണ്ടങ്ങ് വളർന്നു...... വെട്ടണോ...!!!

ഏയ് വേണ്ട......ഇതാ ഭംഗി... ഇപ്പൊ ഒരു ഇരുപത്തിയഞ്ചൊക്കെയേ തോന്നുള്ളൂ....... അല്ലെ...??" ചോദ്യത്തോടെ അവനൊന്ന് കുലുങ്ങി ചിരിച്ചു.... "ഇതെന്താ ഇപ്പൊ ഇത്..... മോനെ ശ്രീറാമേ... നിനക്കേ..വയസ്സ് മുപ്പതായി... പതിനേഴ്കാരനെ പോലെ കോമാളിത്തരം കാണിക്കാതെ പോയി നിന്റെ പണി നോക്ക്....." സ്വയമേ ഉപദേശം നൽകിയവൻ പിന്നെയും ചിരിച്ചു....എന്തിനോ വേണ്ടി....!! ശേഷം അരികിലെ കിടക്കയിലേക്ക് മലർന്നങ്ങനേ കിടന്നു..... ""ദുർഗ്ഗ......."" ഹൃദയം ഉരുവിടുന്ന നാമം ഒരു മന്ത്രണം പോലെ അവന്റെ ചുണ്ടുകളിലൂടെ പുറത്തേക്ക് പ്രവഹിച്ചു..... അവളിപ്പോ എന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക?? അഖിലേഷ് പറഞ്ഞത് പോലെ "എന്നെ പോലൊരു പെണ്ണ് ശ്രീയേട്ടന് ചേരില്ല" എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുന്നുണ്ടാകും...അല്ലെങ്കിൽ പണ്ട് താൻ ചെയ്തത് പോലെ സ്വയം കല്പിച്ചു വച്ചിരിക്കുന്ന കുറവുകളെ ഒരു തുലാസിലും , മറ്റൊന്നിൽ തന്നെയും വച്ച് അളക്കുകയോ , താരതമ്യപ്പെടുത്തുകയോ ചെയ്യുന്നുണ്ടാകും....!! ദയയേ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി മുത്തശ്ശനും , മഹാലക്ഷ്മിയും ശ്രീറാമിനെ സമീപിച്ച സന്ദർഭങ്ങൾ അവന്റെ മുന്നിൽ തെളിഞ്ഞു..... അന്ന് താനനുഭവിച്ച മാനസിക സംഘർഷം എത്രത്തോളമായിരുന്നു... എങ്ങുമെത്താത്തൊരു പെൺകുട്ടി...

വെറും ഇരുപത്തിയൊന്ന് വയസ്സ് മാത്രം പ്രായം.... എങ്ങനെ അവളെ കൈകാര്യം ചെയ്യുമെന്ന് തനിക്കൊരു പിടിയും ഉണ്ടായിരുന്നില്ല.... അവളെ ഒന്ന് തൊടാൻ പോലും ഭയമായിരുന്നു...കാരണം അവളത് ഏത് രീതിയിലെടുക്കുമെന്ന് അറിയില്ലായിരുന്നല്ലോ......!!! ആദ്യമായി ദയയെന്ന പെൺകുട്ടിയെ കുറിച്ചറിഞ്ഞ ദിവസം അവനോർത്തു.... റിഹേഴ്സൽ തിരക്കുകൾക്കിടയിൽ നിന്നും ഗോപുവുമായി സംസാരിക്കാൻ ശരണിനെ വിളിച്ച ദിവസം......!! കട്ട്‌ ചെയ്യാത്ത ഫോൺ കോളിലൂടെ ദയ‌യെന്ന പെൺകുട്ടിയുടെ ജീവിതമറിഞ്ഞ നിമിഷം..... വിറച്ചു പോയിരുന്നു താൻ..... പതിനഞ്ച് വർഷത്തോളം എല്ലാ രീതിയിലും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പെൺകുട്ടി.. പിന്നീട് ചിന്തകൾ മുഴുവൻ അവളെ കുറിച്ചായി.... കണ്ടിട്ടില്ലെങ്കിലും , മിണ്ടിയിട്ടില്ലെങ്കിലും മനസ്സിൽ അവൾക്കൊരു രൂപമുണ്ടായിരുന്നു.... പക്ഷെ ആദ്യമായി അവളെ കണ്ട ദിവസം....!!! തന്റെ സങ്കല്പങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്ന് വീണ ദിനം..... താൻ രൂപം നൽകിയതിൽ നിന്നും ഒരുപാട് വ്യത്യസ്തയായിരുന്നു അവൾ... കാഴ്ച്ചയിൽ പോലും പക്വത തോന്നിക്കാത്ത പ്രകൃതം... അന്ന് ചേർത്ത് പിടിക്കുമ്പോൾ തന്റെ നെഞ്ചോളമേ അവളുണ്ടായിരുന്നുള്ളൂ.... തന്റെ ഒരു കൈക്കുള്ളിൽ ഒതുങ്ങാൻ മാത്രമുള്ള കുഞ്ഞുടൽ.....

ഒരു കൊച്ച് പെൺകുട്ടി.....!! ജീവനും , മാനവും രക്ഷിക്കാനായി അന്നവൾ തനിക്ക് മുന്നിൽ നിന്ന് കൈ കൂപ്പി കെഞ്ചി... പിന്നീട്...... ദിവസങ്ങൾ കൊഴിയുന്നതിനനുശ്രിതമായി താൻ മനസ്സിലാക്കിയതിലും ആഴമുണ്ടവളുടെ സഹനങ്ങൾക്കെന്ന് ബോധ്യപ്പെട്ടു.... കിച്ചുവിനവളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ എന്തോ മനസ്സ് നൊന്തു... ആ നോവിന്റെ കാരണം അന്ന് അറിയില്ലായിരുന്നെങ്കിലും അവൾക്ക് കിച്ചു ചേരുമെന്ന് അടിയുറച്ച് വിശ്വസിച്ചു .... നല്ലതും , ചീത്തതും പറഞ്ഞ് കൊടുത്ത് താൻ വളർത്തിയവനായതിനാൽ അവളെയവൻ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് തോന്നി... പക്ഷെ അവിടെയും പിഴച്ചു..... പിന്നീടെന്തൊക്കെ നടന്നു....!!! സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രംഗങ്ങളാണ് ജീവിതത്തിൽ അരങ്ങേറിയത്....!!! ഒടുക്കം ഒരു കുടുംബ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത തന്നിൽ ജീവിതത്തിലൊരിക്കലും കണ്ടുമുട്ടാൻ പോലും ഇടയില്ലാതിരുന്നൊരുവൾ പ്രണയം വിതച്ചു..... ജാതിയുടെയോ , നിറത്തിന്റെയോ, പ്രായത്തിന്റെയോ , വിദ്യാഭ്യാസത്തിന്റെയോ സോഷ്യൽ സ്റ്റാറ്റസ്സുകളുടെയോ നിബന്ധനകളില്ലാതെ , യോഗ്യതകൾ അളക്കാതെ ഇന്നവൾക്കായി താൻ തന്റെ ജീവൻ പോലും നൽകാൻ തയ്യാറായി നിൽക്കുന്നു....

ഇനിയൊരിക്കലും അകലാൻ സാധിക്കാത്ത തരത്തിൽ അവളുമായി ഹൃദയം കൊരുത്തിരിക്കുന്നു.... ദുർഗ്ഗ.....!! മതി വരാതെ ശ്രീറാം വീണ്ടും , വീണ്ടും ആ നാമം ഉരുവിട്ടുകൊണ്ടിരുന്നു.... അത്രമേൽ പ്രണയത്തോടെ.... 🦋🦋🦋 ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ദയയിൽ പിന്നെയും മാറ്റങ്ങൾ ഉടലെടുത്തു.... ശ്രീറാമുമായുള്ള അവളുടെ അടുപ്പം നന്നേ കുറഞ്ഞു.... മനപ്പൂർവമായിരുന്നു ആ പ്രവർത്തി.... അവനിൽ നിന്നും അകലാനുള്ള അവളുടെ പാഴ് ശ്രമം..... ശ്രീറാം വീട്ടിലുള്ള സമയങ്ങളിലെല്ലാം അവൾ വരകളിലേർപ്പെടും... ദയയെ ശല്യം ചെയ്യേണ്ടെന്ന് കരുതി അവനും അവൾക്കരികിലേക്ക് പോവില്ല.... ദയ വരച്ച് തീർക്കുന്ന ചിത്രങ്ങളെല്ലാം തന്റെ ഫോൺ ക്യാമറയിൽ പകർത്താനാണ് പിന്നീട് ശ്രീറാം അവളുടെ മുറിയിലേക്ക് കടക്കുന്നത്... അവൻ വരുന്നത് കണ്ടാൽ അവൾ താഴേക്കൊരോട്ടമാണ്..... തന്റെ പ്രണയം ഒരുവിധത്തിലും അവളിൽ സമ്മർദ്ദം ചെലുത്തെരുതെന്ന് അവന് നിർബന്ധമുള്ളതിനാലാകണം ആ ഒളിച്ചു കളി ശ്രീറാമും ആസ്വദിച്ചിരുന്നു...... ഈയുള്ള ദിവസങ്ങളിൽ ഉദയനും , ശേഖരനും , മഹാലക്ഷ്മിയുമായി അവൾ കൂടുതൽ അടുത്തു...... സംസാരവും കൂടി...അല്പം കുറുമ്പുകളും....!! എന്നോ നഷ്ടപ്പെട്ട ബാല്യം അവൾ പോലുമറിയാതെ അവരിലൂടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുകയായിരുന്നു ദയയുടെ ഉൾമനസ്സ്... എല്ലാത്തിനും കൂട്ടായി , തണലായി , കരുതലായി ആ വീട്ടിലെ ഓരോ അംഗങ്ങളും അവൾക്ക് ചുറ്റിലുമുണ്ടായിരുന്നു.....

അന്നൊരു ചൊവ്വാഴ്ച്ചയായിരുന്നു.... ശ്രീറാമിന് റെക്കോർഡിങ് ഉള്ളതിനാൽ അവൻ അതിരാവിലെ പോയി.... എപ്പോഴത്തെയും പോലെ ആ വീട് മുഴുവൻ കറങ്ങി നടന്നും , ചിത്രങ്ങൾ വരച്ചും ദയ ഉച്ച വരെ സമയം തള്ളി നീക്കി.... പിന്നീട് ശ്രീറാമിനായുള്ള കാത്തിരിപ്പായി.... അവനോട് മിണ്ടിയില്ലെങ്കിലും അവനില്ലായ്മ അവൾക്ക് വല്ലാത്ത ശൂന്യതയാണ്.... ഒന്ന് കണ്ടാൽ മതി... ഒരു നോക്ക്..... അതിനുമപ്പുറം അവന്റെ സാന്നിധ്യം അരികിലെവിടെയോ ഉണ്ടെന്നുള്ള ഉറപ്പ്..... അതിൽ കൂടുതലൊന്നും ആ പെണ്ണ് ആഗ്രഹിച്ചിരുന്നില്ല..... പതിവ് പോലെ ദയ തന്റെ മുറിയിലെ ബാൽക്കണിയിലേക്കിറങ്ങി നിന്നു.... റോഡിലേക്ക് കണ്ണും നട്ട് നിൽക്കുമ്പോഴാണ് ശരണിന്റെ കാർ ഗേറ്റ് കടന്ന് വരുന്നതവൾ കണ്ടത്.... ഒരു മാസത്തോളമായി ശരണിവിടെ ഇല്ലായിരുന്നു.... ബിസിനെസ്സ് ആവിശ്യങ്ങൾക്കായി എവിടെയോ പോയതായിരുന്നു അവൻ... കാറിൽ നിന്നിറങ്ങിയ ശരണിനൊപ്പം ഗോപികയും ഉണ്ടായിരുന്നു.... ദയയുടെ കണ്ണുകൾ വിടർന്നു..... ചുണ്ടിൽ പുഞ്ചിരിയൂറി..... ഒട്ടും സമയം പാഴാക്കാതെയവൾ താഴേക്കോടി....

ഗോപികയേ കണ്ടിട്ടും ഒരുപാട് നാളായി.... ശരൺ പോയതിന് ശേഷം ഗോപികയും അവിടേക്ക് വന്നിട്ടില്ലെന്ന് ദയ ഓർത്തു .... മഹാലക്ഷ്മിയും , ശ്രീറാമും വിളിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞവൾ ഒഴിഞ്ഞു മാറും.... ഗോപികയേ തൊട്ടും , തലോടിയും പരിഭവം പറയുന്ന മഹാലക്ഷ്മിയേ കണ്ട് കൊണ്ടാണ് ദയ ഉമ്മറത്തേക്കെത്തിയത്.... മഹാലക്ഷ്മിയിൽ നിന്നും ദയയിലേക്ക് കണ്ണ് തെറ്റിയതും ഗോപിക ""ദച്ചൂ........"" എന്നുറക്കെ വിളിച്ച് ദയക്കരികിലേക്ക് പാഞ്ഞെത്തി അവളെ മുറുകെ കെട്ടിപ്പിടിച്ചു ..... '"വരച്ചതൊക്കെ അടിപൊളി ദച്ചു.... ന്ത്‌ ഭംഗിയാ......!!"" ഗോപിക പറയുന്നത് മനസ്സിലാകാതെ ദയ അവളെ സംശയത്തോടെ നോക്കി... ""ശരിയാ......തരിശായി കിടന്ന ഏട്ടന്റെ അക്കൗണ്ടിന് ഇപ്പൊ എന്ത് റീച്ചാണെന്നറിയുവോ??? നീ ഇത്രേം വലിയ ആർട്ടിസ്റ്റ് ആണെന്ന് അറിഞ്ഞില്ല മോളെ.... ആരും പറഞ്ഞൂല്യ......"" ശരൺ പരിഹാസ രൂപേണ പറഞ്ഞ് നിർത്തി...... ദയ വീണ്ടും മുഖം ചുളിച്ചു... മഹാലക്ഷ്മിയും കാര്യം മനസ്സിലാകാതെ ശരണിനെയും , ഗോപികയേയും മാറി മാറി നോക്കി.. ""എന്റമ്മേ ഈ നിൽക്കുന്നത് ചില്ലറ പുള്ളിയൊന്നും അല്ല..... നല്ല അസ്സലായി വരയ്ക്കും.... ദച്ചു വരയ്ക്കുന്ന ഓരോ പെയിന്റിംഗ്സും ഏട്ടനിപ്പോ ഏട്ടന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഷെയർ ചെയ്യുന്നുണ്ട്...

"Work done by my most favourite person " എല്ലാ പോസ്റ്റിന്റെ താഴെയും ഇതാ ക്യാപ്ഷൻ... ഇപ്പൊ എല്ലാവരും ഏട്ടന്റെ ആ പേരും , മുഖവുമില്ലാത്ത മോസ്റ്റ്‌ ഫേവറിറ്റ് ആരാ എന്നുള്ള അന്വേഷണത്തിലാ....."" ശരൺ ചിരിയോടെ പറഞ്ഞപ്പോൾ അവനൊപ്പം മഹാലക്ഷ്മിയും പുഞ്ചിരിച്ചു..... പക്ഷേ ദയ അപ്പോഴും ആശയകുഴപ്പത്തിലായിരുന്നു.... അവർ പറഞ്ഞത് എന്തൊക്കെയാണെന്ന് അവൾക്കാ നിമിഷവും ബോധ്യപ്പെട്ടിരുന്നില്ല... ""അതൊക്കെ പോട്ടെ....... ഈ വരുന്ന വെള്ളിയാഴ്ച്ച ഏട്ടന്റെ ബർത്ത്ഡേ ആണ്....നമുക്ക് തകർക്കണം......"" ഗോപു ആവേശപ്പൂർവ്വം പറഞ്ഞു..... ""അവനതിനൊന്നും സമ്മതിക്കില്ല മക്കളെ.... നിങ്ങൾക്കറിയാലോ അവന്റെ സ്വഭാവം.....വെറുതെ ഓരോന്ന് മോഹിക്കണ്ട....."" മഹാലക്ഷ്മി ഗോപികയേ സ്നേഹപ്പൂർവ്വം വിലക്കി.... ""ഈ തവണ ഏട്ടനെല്ലാത്തിനും നിന്ന് തരും.... അതിനുള്ള തുറുപ്പ് ചീട്ടാണ് ദേ ഈ നിൽക്കുന്ന ഏട്ടന്റെ ദുർഗ്ഗ..... ദുർഗ്ഗ പറഞ്ഞാൽ ശ്രീയേട്ടൻ എന്തും കേൾക്കും , ഏതറ്റം വരെയും പോകും..."" ഗോപു ഗൂഢമായി മന്ദഹസിച്ചു... അവൾക്കൊപ്പം ശരണും ചേർന്നു.... എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story