ദയാ ദുർഗ: ഭാഗം 43

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""അതെന്താ അമ്മേ...??ദച്ചു എന്റെ കസിൻ അല്ലെ.... ഇവളുടെ മേൽ നിങ്ങളേക്കാളുമൊക്കെ അവകാശം എനിക്കില്ലേ.. പിന്നെ അടുക്കള പണി ഇവൾക്ക് പുതുമയുള്ളതൊന്നും അല്ലല്ലോ...പണ്ട് ഇവളുടെ ജോലി അത് തന്നെയല്ലായിരുന്നോ.....""!! തനിക്കുള്ളിലെ വാശിയും പകയുമെല്ലാം വാക്കുകളിൽ നിറച്ചവൻ മഹാലക്ഷ്മിയോട് തുറന്നടിച്ച് സംസാരിച്ചു... അവർ വിളറി പോയി.... ദയയുടെ മേൽ അവനോളം അവകാശം ശ്രീറാമിന് പോലുമില്ലെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണെന്ന് അവർക്കും തോന്നി.... ഇനിയുമൊന്നും പറയാനില്ലാത്ത പോൽ മഹാലക്ഷ്മി നിശബ്ദയായി.... ""വാ......"" ദയയോടായി ആജ്ഞാപിച്ചവൻ മുമ്പോട്ട് നീങ്ങി.... ""അവിടെ നിക്ക്യാ....""

ഹാളിലൊന്നാകെ പ്രഭാകരവർമ്മയുടെ ശബ്ദം മുഴങ്ങി.... പ്രായത്തിന്റെ അവശതകളേറെയുണ്ടെങ്കിലും ഇന്നും ആ രൂപത്തിലും , ശബ്ദത്തിലും പഴയ കാരണവരുടെ പ്രൗഢിയും , ഗാംഭീര്യവും എടുത്ത് നിൽക്കുന്നുണ്ട്.... നോട്ടം കൊണ്ട് പോലും ഒരാളെ അടക്കി നിർത്താനുള്ള ശക്തി ആ കണ്ണുകൾക്കുണ്ട്..... ""കുട്ടിയേം കൊണ്ട് എങ്ങടാ നീയി??"" ""അത്... മുത്തശ്ശ..വീട്ടിലേക്ക്... എന്റെ രണ്ട് ഫ്രണ്ട്‌സ് വരുന്നുണ്ട്....."" ""നിന്റെ കൂട്ടാര് വരുന്നതിന് ദച്ചു എന്തിനാ??"" ""അത്.... അവിടെ... എന്നെയൊന്ന് സഹായിക്കാൻ.... അവർക്ക് വേണ്ട ഫുഡ്ഡെല്ലാം ഉണ്ടാക്കാൻ......"" അവൻ ഭവ്യതയോടെ വിശദീകരിച്ചു.... ""ശ്രീമോനോട്‌ പറഞ്ഞിരുന്നോ നീയി??"" അദ്ദേഹത്തിന്റെ ആ ചോദ്യം കൈലാസിനൊട്ടും രസിച്ചില്ല.... സൗമ്യമായിരുന്ന അവന്റെ മുഖം ഞൊടിയിടയിൽ കാർമേഘം വന്ന് മൂടിയ പോൽ ഇരുണ്ടു..... എന്തിനും ഏതിനും ശ്രീ....

ഇവളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഏട്ടനാരാ!!! അവന്റെ മനസ്സ് വാദിച്ചു..... ""ചോദിക്കേണ്ട ആവിശ്യമുണ്ടെന്ന് തോന്നിയില്ല...ശ്രീയേട്ടനേക്കാളും അധികാരം ദച്ചൂന്റെ കാര്യത്തിൽ എനിക്കുണ്ട്......പിന്നെ ദൂരേക്കൊന്നും അല്ലല്ലോ.. ഒരു മതിൽകെട്ടിനപ്പുറത്തേക്കല്ലേ... "" അവൻ വീറോടെ തർക്കിച്ചു..... ""എന്നാര് പറഞ്ഞു??എവിടേക്കാണേലും ശ്രീമോനോട് ചോദിച്ചിട്ട് മതി.... ഞാൻ അവന് കൈപിടിച്ചേൽപ്പിച്ചതാ എന്റെ മോളെ...അതുകൊണ്ട് അവളുടെ കാര്യത്തിൽ അഭിപ്രായം പറയാൻ നിന്നേക്കാൾ അവകാശമുണ്ട് ആ കുട്ടിക്ക്...."" തർക്കം മുറുകി..... കൈലാസിന് വല്ലാതെ ദേഷ്യം വരികയുണ്ടായി.... ഒപ്പം ദയയെ എങ്ങനെയെങ്കിലും അവനൊപ്പം കൂട്ടണമെന്നുള്ള വാശി....

""കൈ പിടിച്ച് കൊടുത്തിട്ടല്ലേ ഉള്ളൂ... കെട്ടിച്ചൊന്നും കൊടുത്തില്ലല്ലോ..."" അവൻ പ്രഭാകരവർമ്മ കേൾക്കാത്ത തരത്തിൽ മുറു മുറുത്ത് കൊണ്ട് ദയക്ക് നേരെ തിരിഞ്ഞു.... ""ദച്ചു....നീ എന്റെ കൂടെ വരുന്നുണ്ടോ???"" അവൾക്ക് നേരെ വിരൽ ചൂണ്ടി കൈലാസ് ഒച്ചയുയർത്തി ചോദിച്ചു... അവന്റെ ശബ്ദത്തിൽ ദയയൊന്ന് പതറി...... അവനൊപ്പം പോകാൻ അവൾക്ക് വല്ലാതെ ഭയമുണ്ടായിരുന്നു.... ഒരിക്കൽ ചതിക്കപ്പെട്ടതാണ്... വർഷങ്ങളോളം നരക തുല്യമായി , ഒരു പുഴുത്ത പട്ടിയെ പോലെ ജീവിച്ചതാണ്... മരണ തുല്യമായ വേദനകളും , മനോവ്യഥകളും അനുഭവിച്ചതാണ്.... എത്രയൊക്കെ നിഷേധിച്ചാലും തന്റെ മൗനം തന്നെയാണ് പല സാഹചര്യങ്ങളിലും തനിക്ക് വിനയായതെന്ന ബോധ്യം ഇപ്പോഴുണ്ട്.. അതിനുമപ്പുറം.... ,ഒരിക്കൽ ഭ്രാന്തിന്റെ വക്കിൽ നിന്നും ജീവിതമെന്ന യാഥാർത്യത്തിലേക്ക് തിരികെ കയറിയതാണ്...

വിടാതെ കൈ പിടിച്ച് കയറ്റിയതൊരു സാധു മനുഷ്യനും... ഇനിയും കഴിയില്ല അയാളെ ബുദ്ധിമുട്ടിക്കാൻ.... സങ്കടപ്പെടുത്താൻ... തനിക്കും ജീവിക്കണം.... ഇനിയും ദുരിതങ്ങളനുഭവിക്കാൻ ആവതില്ല..... ദുരുദ്ദേശത്തോടെയായിരിക്കില്ല കൂടെ വിളിക്കുന്നുണ്ടാവുക.... പക്ഷേ ഇനിയുമൊരു ഭാഗ്യ പരീക്ഷണത്തിന് നിന്നുകൊടുക്കാൻ...!! വയ്യ.....!!! ഇട്ടിരുന്ന ചുരിദാർ ടോപ്പിൽ വിരലുകൾ തെരുപ്പിടിച്ചവൾ മിഴികൾ ഇറുകെ ചിമ്മി.... ദയയുടെ ചുണ്ടുകൾ വിറകൊണ്ടു... ശ്വാസഗതി വേഗത്തിലായി.... ""നിന്നോടാ ഞാൻ ചോദിച്ചത്...."" കൈലാസ് അവളെ ഞെട്ടിച്ചു.. ""പറ്റില്ല..... ഞാൻ........ ഞാൻ വരില്ല....."" നന്നേ ഉച്ചത്തിൽ അടിപതറാതെ അവൾ തീർത്തു പറഞ്ഞു..... മഹാലക്ഷ്മി അവളെ അമ്പരന്ന് നോക്കി..... കൈലാസിന്റെ ദേഷ്യം ഉച്ചിയിലെത്തി... ദയയങ്ങനെ മുഖത്തടിച്ചത് പോലെ എതിർത്ത് പറയുമെന്ന് അവൻ കരുതിയിരുന്നില്ല....

നാളുകളായി ഈ തോൽവി..... ഇവിടുള്ളവരുടെ പരിഹാസം... അപമാനം.... ഒറ്റപ്പെടൽ.... ഇപ്പോൾ പൂച്ചയെ പോലെ പതുങ്ങി നടന്നവൾ പോലും തനിക്ക് നേരെ ശബ്ദമുയർത്തിയിരിക്കുന്നു... അപമാനിക്കുന്നു..... കൈലാസ് കോപം കൊണ്ട് ജ്വലിച്ചു.... അവനവളെ തുറിച്ച് നോക്കി പതിയെ അവൾക്കരികിലേക്ക് നടന്നടുത്തു... തന്നിൽ നിന്നുമൊരു നൂലിട അകലത്തിൽ നിൽക്കുന്ന കൈലാസിനെ ദയ ഭീതിയോടെ നോക്കി.... കൈലാസ് ദയയുടെ ഇടത് ചെവിക്കരുകിലേക്ക് മുഖം താഴ്ത്തി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞ് തുടങ്ങി.... ""ഇത്ര മാത്രം ജാട കാണിക്കാൻ എന്റെ കൂടെ കിടക്കാനല്ല നിന്നെ ഞാൻ വിളിച്ചത്......

അവന്റെ ചുണ്ടുകൾ പുച്ഛത്തോടെ കോടി... ദയയുടെ കണ്ണുകൾ തുറിച്ചു പോയി... അവന്റെ വായിൽ നിന്നും ഇത്തരത്തിൽ അധപതിച്ച വാക്കുകൾ വീഴുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.... അതിന് കൈലാസിന് പൊന്നിൻ നിറമുള്ള സുന്ദരി പെൺകുട്ടികളെ വേറെ കിട്ടും..... പക്ഷേ എനിക്ക് നിന്നോടൊരു മോഹമുണ്ട്.... അതിനുള്ള സമയം ഇപ്പോഴല്ല..... പിന്നെ...എന്റെ ഏട്ടൻ ഒരു മണ്ടനായത് കൊണ്ടാ നിന്നെയിങ്ങനെ വച്ച് പൊറുപ്പിക്കുന്നത്... അല്ല ഇനി ചിലപ്പോ അകത്ത് നീയും....പുറത്ത് വേറെയാരെയെങ്കിലുമു......."" പറഞ്ഞ് തീർന്നില്ല...ദയയുടെ വലത് കയ്യവന്റെ ഇടത്തേ കവിളിൽ കരുത്തോടെ പ്രഹരം തീർത്തു...... കണ്ട് നിന്നവരെല്ലാം ചലിക്കാൻ പോലുമാകാതെ ഞെട്ടി തരിച്ച് നിന്നു പോയി...... ഒന്നൊച്ചയുയർത്തി സംസാരിക്കാൻ പോലും ഭയപ്പെട്ടിരുന്നവൾ....

ആരെങ്കിലും നേർക്ക് നേർ നിന്നാൽ തന്റെ ചെറുവിരൽ പോലുമനക്കാൻ സാധിക്കാതിരുന്നവൾ.... ഒരുവന് നേരെ കയ്യുയർത്തിയിരിക്കുന്നു...... അതും അവളേക്കാൾ വയസ്സിന് മുതിർന്നവനെ.... ""മോളെ......"" മഹാലക്ഷ്മിയുടെ ശബ്ദം വിറച്ചു.... ""ഡീ..... നീ എന്നെ........"" കൈലാസിന്റെ കണ്ണുകൾ രക്തവർണ്ണമായി... കടപ്പല്ലുകൾ ഞെരിഞ്ഞമർന്നു... അപമാനം... കടുത്ത അപമാനം..... അവന് സഹിക്കാനായില്ല... ""എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ.... ദയയത് കേട്ട് നിൽക്കും... സഹിക്കും...... പക്ഷേ ശ്രീയേട്ടനെ....ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത ആ പാവം മനുഷ്യനെ കുറിച്ച് വേണ്ടാതീനം പറഞ്ഞാൽ......."" അവളുടെ കണ്ണുകൾ താക്കീതോടെ കൈലാസിന്റെ രക്തവർണ്ണമായിരുന്ന മിഴികളുമായി കൊരുത്തു..... പിന്നീടാ നേത്രഗോളങ്ങൾ വ്യഗ്രതയിൽ അവന്റെ മുഖമാകെ ചലിച്ചു ....

""നീയെന്നെ കൈ നീട്ടി അടിച്ചു ല്ലേ....."" കൈലാസിൽ പക ആളി പടർന്നു..... അവളൊന്നും മിണ്ടിയില്ല..... ദയയുടെ മൗനം കൈലാസിനെ പിന്നെയും ചൊടിപ്പിച്ചു... അവനാകെ ഭ്രാന്ത് പിടിച്ചത് പോലെയായി.... ഊക്കോടെ ദയയുടെ മുടി കുത്തിൽ അമർത്തി പിടിച്ചവൻ അവളുടെ ശിരസ്സ് പിന്നോട്ട് വലിച്ചു.... ദയ വേദന കൊണ്ട് പിടഞ്ഞു.... ""കിച്ചു.........മോളെ വിട്....."" മഹാലക്ഷ്മി അവനരികിലേക്ക് ഓടിയടുത്തു.... ഇത് തങ്ങളുടെ കയ്യിലൊതുങ്ങില്ലെന്ന ഉറപ്പിൽ ശാന്തിയക്ക ശ്രീറാമിനെ ഫോൺ വിളിക്കാനായി അടുക്കളയിലേക്കും... ""അമ്മ മാറ്..... ഇവളെന്നെ തല്ലിയപ്പോ ഈ വെപ്രാളം ഞാൻ കണ്ടില്ലല്ലോ.... എനിക്കറിയാം... അമ്മയ്ക്കും... അമ്മയ്ക്കും ഇപ്പൊ ഇവളെ മതി....'"" അത് പറയുമ്പോൾ അവന്റെ ശബ്ദമിടറി.... ""മോനെ......"" അവരുടെ ശബ്ദം ദയനീയമായി... കൈലാസത് ചെവികൊണ്ടില്ല.... ""കിച്ചു.... കുട്ടിയെ വേദനിപ്പിക്കാതെ...

"" തന്റെ ഊന്നു വടി കുത്തി പ്രഭാകരവർമ്മയും അവന് നേരെ നടന്നടുത്തു... അവനത് പുച്ഛിച്ച് തള്ളി.... ""ആരുടെ ബലത്തിലാടി നീ നെഗളിക്കുന്നത്...?? ഏട്ടന്റെയോ?? ഗോപുവിന്റെയോ?? അതോ ശരണിന്റെയോ?? ഞങ്ങളെ തമ്മിൽ അകറ്റിയതും പോരാ... എന്നിട്ടിപ്പോ.......!! എന്റെ ഏട്ടനെ ഞാൻ എനിക്കിഷ്ടമുള്ളത് പറയും... അത് ചോദ്യം ചെയ്യാൻ , എന്നെ തല്ലാൻ നീയാരാടി?? "" കൈലാസ് അവളിലുള്ള തന്റെ പിടി ഒന്നൂടെ മുറുക്കി..... ദയക്ക് തന്റെ മുടി പിഴുത് മാറ്റുന്ന പോൽ വേദനയനുഭവപ്പെട്ടു.... ഗോപുവിനെ തിരികെ അവളുടെ കൂട്ടുകാരികൾക്കരികിൽ വിട്ട് വീട്ടിലേക്ക് കയറിയതായിരുന്നു ശരൺ.. ഹാളിൽ നിന്നും കേൾക്കുന്ന ഉയർന്ന ശബ്ദങ്ങൾ അവന്റെ ചുവടുകൾക്ക് വേഗത കൂട്ടി.... മലർക്കേ തുറന്നിട്ട മുൻ വാതിൽ കടന്ന് അകത്തേക്ക് കയറിയപ്പോൾ അവനാദ്യം കണ്ട കാഴ്ച്ച കൈലാസ് ദയയെ ഉപദ്രവിക്കുന്നതാണ്... ഒരു നിമിഷം പകച്ച് നിന്നെങ്കിലും സമചിത്ത വീണ്ടെടുത്തവൻ അവർക്കരികിലേക്കോടി കൈലാസിന്റെ പിടിയിൽ നിന്നും ദയയെ മോചിപ്പിച്ചു.... ""നിനക്കെന്താ ഭ്രാന്താണോ??""

ശരൺ ഒച്ചയെടുത്തു...... """ഇവൾ........ ഈ നശിച്ചവൾ എന്നെ കൈ നീട്ടി അടിച്ചു........ നീയൊക്കെ കൂടിയല്ലേ വളം വച്ച് കൊടുത്തത്....""?? കൈലാസ് ദയക്ക് നേരെ വിരൽ ചൂണ്ടി നിന്ന് കിതച്ചു.... ശരൺ വാ തുറന്നു പോയി..... തമാശ കേട്ട കണക്കെ ചിരിക്കാൻ മനസ്സ് വെമ്പിയെങ്കിലും കൈലാസ് കള്ളം പറഞ്ഞുവെന്നോർക്കെ അവന് ദേഷ്യം വന്നു..... ""കളളം പറയുമ്പോൾ ബാക്കിയുള്ളവർക്ക് വിശ്വസിക്കാൻ പറ്റുന്നതെങ്കിലും പറയണം......""" ശരൺ പുച്ഛിച്ചു.... കൈലാസിന് തന്റെ സമനില നഷ്ടപ്പെടുന്ന പോലെ തോന്നി.... എല്ലാവരും.... ഈ വീട്ടിലുള്ള എല്ലാവരും അവൾക്കൊപ്പം.... ജീവനെ പോലെ കൂടെ നടന്നവൻ പോലും തള്ളി പറയുന്നു..... ""കി.. കിച്ചേട്ടൻ... പറഞ്ഞത് സത്യാ.... ഞാൻ.. ഞാൻ അടിച്ചു...."" ദയ ശിരസ്സ് കുനിച്ച് വിക്കി പറഞ്ഞു.... ശരൺ ഇടത് കൈവെള്ളയാൽ വാ മൂടി കണ്ണുകൾ മിഴിച്ച് ദയയെ നോക്കി... അവന് വിശ്വസിക്കാനായില്ല...

അത്രയും നേരം പോർ വിളികൾ മുഴങ്ങി നിന്ന അന്തരീക്ഷം തീർത്തും നിശബ്ദമായി..... ഇടയ്ക്ക് ദയയുടെ തേങ്ങൽ കേൾക്കാം... അത് കേൾക്കെ കൈലാസിന് തന്റെ കാൽനഖം മുതൽ ശിരസ്സ് വരെ ദേഷ്യം ഇരമ്പി കയറി.... ""അവളുടെയൊരു കള്ള കരച്ചിൽ... പൂങ്കണ്ണീർ കാണിച്ച് എല്ലാരേം മയക്കി വച്ചിരിക്ക.. ബ്ലഡി@#₹....."" അവൻ മനസ്സിൽ കരുതി..... ഇനിയും അവിടെ നിന്നാൽ തന്റെ നിയന്ത്രണം മുഴുവനും നഷ്ടപ്പെടുമെന്ന് അവന് ഉറപ്പായിരുന്നു.... അഗ്നി സ്പുരിക്കുന്നൊരു നോട്ടം ദയക്ക് നേരെ തൊടുത്ത് വിട്ടവൻ ആ വീടിന്റെ പടികളിറങ്ങി.... പകയോടെ...... 🦋🦋🦋 ശാന്തിയക്ക വിളിച്ച് പറഞ്ഞത് കേട്ട് ശ്രീറാം ഓടി പിടച്ചാണ് വീട്ടിലേക്കെത്തിയത്.... ഹാളിലേക്ക് കടന്നപ്പോൾ സോഫയ്ക്കൊരു വശത്ത് മഹാലക്ഷ്മിയും മറു വശത്ത് ശരണുമിരിക്കുന്നു.... അവന്റെ കണ്ണുകൾ ദയയ്ക്കായി ചുറ്റും പരതി......

കാണാതെ വന്നപ്പോൾ അവൻ മഹാലക്ഷ്മിക്കരികിലേക്ക് പാഞ്ഞടുത്തു... ""എന്താ... എന്താമ്മേ പ്രശ്നം ???ദുർഗ്ഗയ്‌ക്കെന്തെങ്കിലും??"" ശ്രീറാം പരിഭ്രാന്തമായി തിരക്കി.... ""ദച്ചൂന് കുഴപ്പമൊന്നുമില്ല...ഏട്ടൻ ഇരിക്ക്.....""" ശരണങ്ങനെ പറഞ്ഞെങ്കിലും ശ്രീറാമിനൊരു സമാധാനവും ഉണ്ടായിരുന്നില്ല... എങ്കിലും സംഭവിച്ചതെന്താണെന്നറിയണമല്ലോ...!! അവൻ പതിയെ സോഫയിലേക്ക് ചാരി ഇരുന്ന് കണ്ണുകളടച്ചു.... ശരണിന് ശ്രീറാമിനെ കണ്ട് പാവം തോന്നി..... ഇട്ടിരിക്കുന്ന വൈറ്റ് ടി-ഷർട്ട് മുഴുവൻ വിയർപ്പിൽ കുതിർന്നിട്ടുണ്ട്.... ഒറ്റ നോട്ടത്തിലറിയാം അവനെത്ര മാത്രം സമ്മർദ്ദത്തിലാണെന്ന്.... ദച്ചുവിന്റെ കാര്യത്തിലല്ലാതെ മറ്റൊരു കാര്യത്തിലും , മറ്റൊരാളുടെ കാര്യത്തിലും ഏട്ടനിത്രത്തോളം വെപ്രാളപ്പെട്ട് കണ്ടിട്ടില്ല.... ഇത്രമാത്രം അവളെ സ്നേഹിക്കാൻ ഏട്ടനെങ്ങനെ സാധിക്കുന്നു...!! പ്രണയത്തിൽ ജാതിയോ , മതമോ , പ്രായമോ , സൗന്ദര്യമോ , വലിപ്പചെറുപ്പങ്ങളോ ഇല്ലെന്ന് പറയുന്നതിനേറ്റവും വലിയ ഉദാഹരണമാണ് ഏട്ടന്റെ സ്നേഹം...!!

തീർത്തും നിസ്വാർത്ഥമായ സ്നേഹം... ശരണിന് തന്റെ ഏട്ടനോട് വല്ലാത്ത മതിപ്പ് തോന്നി..... ""എന്താ ശരിക്കും ഉണ്ടായത്... കിച്ചു... കിച്ചു എവിടെ?? അവൻ ദച്ചുവിനെ എന്തെങ്കിലും ചെയ്തോ??"" ""കിച്ചുവല്ല... ദച്ചുവാണ് ചെയ്തത്...."" ശരൺ പറഞ്ഞത് കേട്ട് ശ്രീറാം ഞെട്ടലോടെ ചോദിച്ചു... ""എന്ത്??"" ""ഞാൻ കണ്ടില്ല.....പക്ഷെ... ദച്ചു കിച്ചുവിനിട്ടൊരെണ്ണം പൊട്ടിച്ചു....."" ശരൺ ചെറു ചിരിയോടെ പറഞ്ഞതും ശ്രീറാം അലറി കൊണ്ട് സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.... """വാട്ട്‌???""" മിഴിഞ്ഞു പോയ കണ്ണുകളിലെ നേത്ര ഗോളങ്ങൾ ഇപ്പോൾ താഴെ വീഴുമെന്ന അവസ്ഥയിലാണ്..... ശ്രീറാമിന്റെ ഭാവം കണ്ട് ശരണിന് ചിരി വന്നു പോയി.... മഹാലക്ഷ്മി കാര്യങ്ങളെല്ലാം ശ്രീറാമിന് വിശദീകരിച്ച് കൊടുത്തു ... അവരുടെ വാക്കുകൾ അവസാനിച്ചപ്പോൾ ശ്രീറാം ആദ്യം ചിന്തിച്ചത് കൈലാസിനെ കുറിച്ചാണ്.. ""അവന് വല്ലാതെ നൊന്ത് കാണുമല്ലേ അമ്മേ....??"" ശ്രീറാമിൽ തന്റെ സഹോദരനോടുള്ള സ്നേഹം നുരഞ്ഞു പൊന്തി.... ""എന്നാലും....!! ഒരു കാര്യവുമില്ലാതെ ദുർഗ്ഗ കിച്ചുവിനെ.....!!! "" പറഞ്ഞ് കൊണ്ട് ശ്രീറാം ചൂണ്ട് വിരലാൽ തന്റെ നെറ്റിയുഴിഞ്ഞു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story