ദയാ ദുർഗ: ഭാഗം 44

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

ദുർഗ്ഗയ്ക്കൊപ്പം , അവൾക്കൊരു കൂട്ടായി അവൾ കിടക്കുന്ന കട്ടിലിനരിക് പറ്റി ഇരിക്കുകയായിരുന്നു ശാന്തിയക്ക.. പെട്ടന്നാണ് വാതിൽക്കൽ നിൽക്കുന്ന ശ്രീറാമിൽ അവരുടെ മിഴികളുടക്കിയത്... പതിയെ അവർ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു..... ശ്രീറാമെന്തെങ്കിലും ചോദിക്കുമെന്നവർ കരുതി... പക്ഷേ അതുണ്ടായില്ല..... അവന്റെ കണ്ണുകളിൽ ദയയെ കാണാനുള്ള വ്യഗ്രത മാത്രം.... വരും നിമിഷങ്ങളും , ആ മുറിയും അവർക്ക് മാത്രമായി വിട്ട് നൽകിയവർ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി പോയി..... പോകുന്നതിന് മുമ്പേ ശ്രീറാമിനായൊരു പുഞ്ചിരി സമ്മാനിക്കാനും ശാന്തിയക്ക മറന്നില്ല.... ശ്രീറാം പതിയെ മുറിയിലേക്ക് കയറി... ദയ എതിർവശത്തിനഭിമുഖമായി ചെരിഞ്ഞു കിടക്കുകയായതിനാൽ ശാന്തിയക്ക പോയതോ , ശ്രീറാം വന്നതോ ഒന്നുമറിഞ്ഞിട്ടില്ല... ശ്രീറാം മെല്ലെ കിടക്കയിലേക്കിരുന്ന് ദയയെ ഒന്ന് നോക്കി..... കണ്ണുകളടച്ച് കിടക്കുകയാണവൾ.. അടഞ്ഞ മിഴിയിമകൾ താണ്ടി ഒഴുകിയൊലിക്കുന്ന മിഴിനീർ കണങ്ങൾ കാണെ ദയ ഉറങ്ങുകയല്ലെന്ന് ശ്രീറാമിന് ബോധ്യമായി...... ""ദുർഗ്ഗ......."" അവന്റെ നാവ് ചലിക്കേണ്ട താമസം ദയ കിടക്കയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു.... നിറഞ്ഞ കണ്ണുകൾ ശ്രീറാമിലേക്ക് നീണ്ടു പിന്നീടവ കുറ്റബോധത്തോടെ താഴ്ന്നു....

""എന്ത് പറ്റി ദുർഗ്ഗ?? "" ഒഴുകിയിറങ്ങുന്ന കണ്ണുനീർ അരുമയായി തുടച്ച് മാറ്റി ശ്രീറാം തീർത്തും സൗമ്യമായി ചോദിച്ചു... ദയ തേങ്ങി തേങ്ങി കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല.... ""പറയെടോ.... നമുക്ക് പരിഹാരമുണ്ടാക്കാം... ഞാനില്ലേ കൂടെ.. മ്മ്മ്മ്??...."" ചൂണ്ട് വിരലാൽ ദയയുടെ താടി തുമ്പുയർത്തിയവൻ അവളുടെ കലങ്ങി ചുവന്ന മിഴികളിലേക്കുറ്റ് നോക്കി.... എത്രയൊക്കെ ശ്രമിച്ചിട്ടും ദയക്ക് തന്റെ ദുഃഖം സഹിക്കാനായില്ല... ഒന്ന് തേങ്ങിയവൾ ശ്രീറാമിന്റെ നെഞ്ചിലേക്ക് വീണു.... കൈകൾ മുറുക്കത്തോടെ അവനെ വരിഞ്ഞ് ചുറ്റി.... ""എന്നെ..... എന്നോട്...."" എന്ത് പറയണമെന്നറിയാതെ ദയ തന്റെ വാക്കുകൾ പാതി വഴിയിൽ നിർത്തി.... ഇടവിടാതെ കരഞ്ഞതിനാലാകണം അവൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുന്നുണ്ടായി.... ""ഞാനല്ലേ ദുർഗ്ഗ....തനിക്കെന്നോട് എന്തും പറയാലോ....."" ഒരു കയ്യാൽ ദയയുടെ നെറുകിൽ തലോടി ശ്രീറാമവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..... ""ഞാൻ... ഞാൻ കൂടെ വരില്ലെന്ന് പറഞ്ഞപ്പോ...കിച്ചേട്ടൻ....എ...എന്നോട് മോശം പറഞ്ഞു ശ്രീയേട്ടാ...."" ഒരു കുഞ്ഞിനെ പോലെ വീണ്ടും വിതുമ്പി കരഞ്ഞു ദയ ... ശ്രീറാമിനവളോട് വല്ലാത്ത അലിവ് തോന്നി.... പ്രണയം തോന്നി.... ""ഇങ്ങനെ കരയാതെ ദുർഗ്ഗ....എന്താ കിച്ചു പറഞ്ഞത് ....??""

ഒരു വിശദീകരണത്തിനായി വളരെ ആർദ്രതയോടെ അവൻ തിരക്കി..... കാര്യങ്ങൾ വ്യക്തമാകാതെ ഒന്നും പറയാനും , ചെയ്യാനും സാധിക്കില്ലെന്ന് ശ്രീറാമിനറിയാമായിരുന്നു.. കാരണം ഇരുഭാഗക്കാരും തനിക്കേറെ പ്രിയമുള്ളവരാണ്.... ജന്മം കൊണ്ടല്ലെങ്കിലും ഒരാൾ തന്റെ സഹോദരനും , മറ്റൊരാൾ തന്റെ പ്രണയവും...... പകരക്കാരില്ലാത്ത രണ്ട് വ്യക്തികൾ... ദുർഗ്ഗയ്ക്ക് വേണ്ടി കിച്ചുവിനെയോ , കിച്ചുവിനായി ദുർഗ്ഗയെയോ തനിക്ക് തള്ളി പറയാൻ കഴിയില്ലെന്നവനോർത്തു..... കൈലാസ് പറഞ്ഞ കാര്യങ്ങളെല്ലാം ഒരു വാക്ക് പോലും നഷ്ടപ്പെടാതെ ദയ ശ്രീറാമിനോടായി പങ്ക് വച്ചു..... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശ്രീറാം ആകെ തകർന്ന മട്ടായി.... ഇത്തരം തരം താഴ്ന്ന രീതിയിൽ കൈലാസ് വാക്കുകളുപയോഗിക്കുമോ...!! അവന് വിശ്വസിക്കാനായില്ല.... പക്ഷെ , ദുർഗ്ഗ ഒരിക്കലും കള്ളം പറയില്ല... അവൻ ഉറപ്പിച്ചു..... ""ഞാൻ.. പെട്ടന്ന്....... എന്നോട് അങ്ങനെയൊക്കെ പറഞ്ഞപ്പോ..... എനിക്കറിയില്ല.....അറിയാതെ... അറിയാതെ അടിച്ചു പോയി......"" ""ഹേയ്.....പോട്ടെടോ... സാരമില്ല...."" ദയയെ തന്റെ ദേഹത്ത് നിന്നും അടർത്തി മാറ്റി അവളെ ആശ്വസിപ്പിക്കാനായി പുഞ്ചിരിയോടെ അവളുടെ കവിളുകളിൽ രണ്ട് തട്ട് തട്ടി ശ്രീറാം.....

""താൻ കിടന്നോ..... ഒന്നുറങ്ങി എഴുന്നേൽക്കുമ്പോഴേക്ക് എല്ലാം ശരിയാകും....."" ദയ പതിയെ കിടക്കയിലേക്ക് ചാഞ്ഞു.... പുഞ്ചിരിയോടെ തന്റെ മുടിയിഴകളിലൂടെ വിരലുകൾ ചലിപ്പിക്കുന്ന ശ്രീറാമിനെ അവൾ ഇമകൾ ചിമ്മാതെ നോക്കി കിടന്നു.... മാറ്റാരായിരുന്നാലും ഇപ്പോൾ തന്നെ ചോദ്യങ്ങൾ കൊണ്ട് വീർപ്പു മുട്ടിച്ചേനെ... മുൻവിധിയോടെ അഭിപ്രായങ്ങൾ നിരത്തി തന്റെ പ്രവർത്തിയെ ഇഴ കീറി മുറിച്ചേനെ.... ഇന്നോളം കണ്ടിട്ടില്ലാത്തവരിൽ നിന്നും എത്രയോ വ്യത്യസ്ഥനാണിയാൾ ... തീർത്തുമൊരത്ഭുതം........ ""എന്താടോ??"" മിഴികളനക്കാതെ തന്നെ നോക്കിയിരിക്കുന്ന ദയയോടായി ശ്രീറാം ചോദിച്ചു... മറുപടിയായി ദയയൊന്ന് ചുണ്ടുകൾ വിടർത്തി.... അവൾ മാത്രം നിറഞ്ഞ് നിൽക്കുന്ന അവന്റെ ഇളം കാപ്പി നിറമാർന്ന നേത്രഗോളങ്ങളിലേക്കുറ്റ് നോക്കി പതിയെ കയ്യുയർത്തി ആ മിഴികളിൽ തൊടാനാഞ്ഞു.... ശ്രീറാം കണ്ണുകൾ ചിമ്മിയടച്ചതും അവൾ കൊതിയോടെ തന്റെ തള്ള വിരലും , ചൂണ്ട് വിരലുമുപയോഗിച്ച് അവന്റെ കൺപോളകളെ തഴുകി തലോടി ..... പിന്നെയാ കൺപീലികളിലൂടെ വളരെ മൃദുലമായി വിരലുകളോടിച്ചു ..... ദയയുടെ സ്പർശനത്തിൽ ശ്രീറാമിന്റെ അധരങ്ങൾ മുഴുവനായും വിരിഞ്ഞു... ആ ചിരിയിലങ്ങനേ ലയിച്ചു കിടന്നു ദയ...

അവനോടുള്ള അടങ്ങാത്ത അനുരാഗം ഹൃദയത്തിനറകളെ ബേദിച്ച് പുറത്തേക്ക് പ്രവഹിക്കാൻ വെമ്പൽ പൂണ്ടു.... കൊതിയോടെ അവന്റെ ചുവന്ന അധരങ്ങളിലേക്ക് വിരൽ ചലിപ്പിക്കാൻ ആഞ്ഞതും ശ്രീറാം ദയയുടെ കൈ പിടിച്ചെടുത്ത് അവളുടെ ഉള്ളം കയ്യിൽ അമർത്തി ചുംബിച്ചു .... ദയയുടെ കണ്ണുകൾ തിളങ്ങി...... ""ഞാൻ ഒരിടം വരെ പോകുവാ..... വേഗം വരാം...അത് വരെ താനൊന്ന് റസ്റ്റ്‌ എടുക്ക്....."" കട്ടിലിന്റെ കാൽക്കൽ മടക്കിയിട്ട ദയയുടെ പുതപ്പെടുത്തവൻ അവളെ നെഞ്ചോളം പുതപ്പിച്ച ശേഷം പിന്തിരിഞ്ഞു നടന്നു..... അത്രയും നേരം മുഖത്തുണ്ടായിരുന്ന പുഞ്ചിരി ഞൊടിയിടയിൽ മാറി മറിഞ്ഞവിടെ ഗൗരവം നിറഞ്ഞു .... ശ്രീറാം പോയ വഴിയേ കണ്ണും നട്ട് കിടന്നു ദയ.... കണ്ണുകൾ അടഞ്ഞു പോകവേ അവൻ ചുംബിച്ച തന്റെ കൈ വെള്ള അപ്പോഴും ഒരു നിധി കാക്കും പോലെ അവൾ തന്റെ ഇടം നെഞ്ചോട് ചേർത്ത് വച്ചിരുന്നു.... അവനായി മാത്രം തുടിക്കുന്ന കുഞ്ഞ് ഹൃദയത്തിലേക്കവളാ ചുംബനം പകർന്ന് നൽകി..... പടികളിറങ്ങി വരുന്ന ശ്രീറാമിനെ കാണെ കാര്യങ്ങളുടെ കിടപ്പ് വശം അത്ര നല്ലതല്ലെന്ന് ശരണിനും , മഹാലക്ഷ്മിക്കും ബോധ്യപ്പെട്ടു.... അവന്റെ ആ വരവ് കൈലാസിനെ കാണാനാണെന്നും അവർ ഊഹിച്ചു....

എങ്കിലും വെറുതെ ഒരു മുഖവുരയ്ക്കായി എവിടെ പോവുകയാണെന്ന് മഹാലക്ഷ്മി തിരക്കി..... പ്രതീക്ഷിച്ചത് പോലെ കിച്ചുവിനരികിലേക്കെന്ന മറുപടിയും നൽകിയവൻ ധൃതിയിൽ മുന്നോട്ട് നടന്നു..... ""ഞാനും വരാം ഏട്ടാ...."" ശരൺ പിന്നിൽ നിന്നും വിളിച്ച് പറഞ്ഞ് ശ്രീറാമിനെ പിന്തുടരാൻ ഒരുങ്ങിയതും അവൻ തന്റെ വലത് കയ്യുയർത്തി തടഞ്ഞു..... ""വേണ്ട....."" പിന്നീടൊരു തുടർ സംഭാഷണത്തിനിട നൽകാതെയവൻ മുന്നോട്ട് ചലിച്ചു.... മലർക്കേ തുറന്നിട്ട ഉമ്മറ വാതിൽ കടന്ന് അകത്തേക്ക് കയറിയ ശ്രീറാം കൈലാസിനൊപ്പമിരിക്കുന്ന ഒട്ടും പരിചിതമല്ലാത്ത രണ്ട് മുഖങ്ങളെ കണ്ട് ഒന്ന് സംശയിച്ചു... പിന്നീടവന്റെ നോട്ടം വളരെ തീക്ഷ്ണമായി കൈലാസിന് നേരെ നീണ്ടു.... കൈലാസ് ആകെ വിളറി പോയി... ദയ എന്തെങ്കിലും വെട്ടി തുറന്ന് പറഞ്ഞോ എന്നവൻ ഒരുവേള ഭയപ്പെട്ടു... പക്ഷേ ആരോടും ഒന്നും വിട്ട് പറയുന്ന സ്വഭാവം അവൾക്കില്ലല്ലോ എന്നോർത്തപ്പോൾ ഒരേ സമയം അവനല്പം ആശ്വാസവും തോന്നി.... മുന്നിൽ നിൽക്കുന്ന അപരിചിതർ ശ്രീറാമിനെ കണ്ട് സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് ഭവ്യതയോടെ ചിരിച്ച് കൈകൾ കൂപ്പിയപ്പോൾ അത് വരെ ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്ന കോപത്തെ ഒരു നിമിഷത്തേക്ക് മനപ്പൂർവ്വം മറന്ന് കളഞ്ഞവനും തിരികെ അവരെ നോക്കി നിറ ചിരിയോടെ കൈകൾ കൂപ്പി...... ""നാങ്കൾ വന്ത് കൈലാസോടെ കൊളീഗ്സ്....""

അവർ ഒരു സൗഹൃദ സംഭാഷണത്തിന് തുടക്കം കുറിച്ചു.... ""ആഹാ...!!! നൈസ് റ്റു മീറ്റ് യൂ..."" ""നൈസ് ടു മീറ്റ് യൂ റ്റൂ സർ....."" അല്പ നേരം ഇരുവരും ശ്രീറാമുമായി ഓരോന്നൊക്കെ സംസാരിച്ച ശേഷം പതിയെ യാത്ര പറഞ്ഞ് പിരിഞ്ഞു പോയി..... അവർ പോയതിൽ പിന്നെ കൈലാസിനാകെ ഒരു വെപ്രാളമായിരുന്നു... ശ്രീറാമിന്റെ മുഖത്ത് പോലും നോക്കാൻ അവനെ കൊണ്ട് കഴിയുന്നുണ്ടായില്ല... ""എന്റെ കൂടെ വാ....."" കനമേറിയ ശബ്ദത്തിൽ കൈലാസിനോട് കല്പിച്ച് ശ്രീറാം പിന്തിരിഞ്ഞു നടന്നു.... ""എങ്ങോട്ടാ ഏട്ടാ??"" മിതമായ ശബ്ദത്തിൽ താഴ്മയോടെ കൈലാസ് ചോദിച്ചതിനടുത്ത നിമിഷം ശ്രീറാമിന്റെ കണ്ണുകൾ അവന് നേരെ കൂർത്തു.... അവന്റെ മൂക്കിൻ തുമ്പും , കവിളിണകളും ചുവന്ന് കയറുന്നത് കണ്ടപ്പോൾ തന്നെ അവനുള്ളിൽ അലയടിക്കുന്ന കോപമെത്രത്തോളമുണ്ടെന്ന് കൈലാസിന് ബോധ്യമായി ..... ""എന്താ?? എനിക്കൊപ്പം വരാൻ നിനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ??"" ""ഇ.. ഇല്ല..... ഇല്ല ഏട്ടാ....."" ഗൗരവത്തോടെ ഒന്ന് മൂളി മുമ്പേ നടന്ന ശ്രീറാമിനെ കൈലാസ് പിന്തുടർന്നു..... കാറിൽ , ശ്രീറാമിനൊപ്പമിരിക്കുമ്പോൾ കൈലാസ്സിന്റെ മനസ്സും , അതിലുടലെക്കുന്ന ചിന്തകളും ആകെ കുഴഞ്ഞ് മറിയുകയായിരുന്നു.... ഒപ്പം ശ്രീറാമിന്റെ നിശബ്ദത...!! അതാണ് മറ്റെന്തെനേക്കാളുമേറെ അവനെ ഭയപ്പെടുത്തിയത്.... ""The Big Heart "" എന്ന പേര് കൊത്തിയ മതിൽ കെട്ട് താണ്ടി വാഹനം മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോൾ എവിടേക്കാണ് ശ്രീറാം തന്നെ കൊണ്ടുപോകുന്നതെന്ന് കൈലാസിന് മനസ്സിനായി....

പക്ഷേ എന്തിന്......!!! അവന്റെ തല പുകഞ്ഞു.... പാർക്കിങ് ഏരിയയിലേക്ക് വാഹനം നിർത്തി ശ്രീറാം ഇറങ്ങി.... പിന്നാലെ കൈലാസും...... അഖിലേഷിന്റെ ക്യാബിൻ വാതിലിൽ ഒന്ന് തട്ടി അകത്തേക്ക് പ്രവേശിച്ചു ശ്രീറാം... കയറാതെ മടിച്ച് നിൽക്കുന്ന കൈലാസിനെ ഒന്നേ നോക്കിയുള്ളൂ അവൻ.... അനുസരണയോടെ കൈലാസും ശ്രീറാമിന് പുറകെ അകത്തേക്ക് പ്രവേശിച്ചു..... ""ഇങ്ങനെ നിൽക്കാതെ കിച്ചു.... കം ഓൺ... സിറ്റ്....."" ഒന്നും മനസ്സിലാകാതെ , മാനസിക സംഘർഷത്താൽ കൈകൾ കൂട്ടി തിരുമ്മി നിൽക്കുന്ന കൈലാസിനെ നോക്കി അഖിലേഷ് പുഞ്ചിരിയോടെ പറഞ്ഞു.... അവനൊന്ന് ചിരിച്ചെന്ന് വരുത്തി ശ്രീറാമിനരികിൽ , അഖിലേഷിന് അഭിമുഖമായി ഇരുന്നു..... അല്പ നേരം അവർക്കിടയിൽ നിശബ്ദത തളം കെട്ടി.... ""ഓക്കേ ഫൈൻ.....ടെൽ മി.... എന്താണ് നിങ്ങൾക്കിടയിലെ പ്രശ്നം....??"" അഖിലേഷ് ശ്രീറാമിനെ നോക്കി..... ശ്രീറാം ഒന്ന് നിശ്വസിച്ച് കൈലാസിനെയും ..... ഉടനടി കൈലാസ് മുഖം കുനിച്ച് കളഞ്ഞു.... ""എനിക്കറിയില്ല അഖി... എന്താണിവന്റെ പ്രശ്നമെന്ന് എനിക്ക്... എനിക്ക് മനസ്സിലാവുന്നില്ല...."" ശ്രീറാം അസ്വസ്ഥമായി നെറ്റിയുഴിഞ്ഞു... വാക്കുകൾ അവസാനിപ്പിക്കുമ്പോൾ ഉള്ളിലെ നോവിനാൽ അവന്റെ ശബ്ദമിടറി പോയിരുന്നു....

""കിച്ചൂ... എന്താടോ??എന്ത് പറ്റി തനിക്ക്??"" അഖിലേഷ് സൗമ്യമായി തിരക്കി.... വീണ്ടും മറുപടി മൗനം.... കൈലാസ് ഒന്നും വിട്ട് പറയാത്തത് ശ്രീറാമിനെ അലോസരപ്പെടുത്തി .. ""ഞാൻ ഇവിടെ ഇരിക്കുന്നത് ഇവന് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു അഖി..!! ഞാൻ....ഞാൻ പുറത്തുണ്ടാവും...."" ശ്രീറാം ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു... ഉടനടി കൈലാസ് ശ്രീറാമിന്റെ കൈത്തണ്ടയിൽ പിടി മുറുക്കി.... ""ഏട്ടാ... ഞാൻ......"" ഒരു നേർത്ത ഗദ്ഗദത്തോടെ കൈലാസ് താൻ പറയാൻ വന്നതെന്തോ പാതി വഴിയിൽ നിർത്തി.... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... ശ്രീറാം വല്ലായ്മയോടെ അവനെ നോക്കി.. എപ്പോഴത്തെയും പോലെ സഹോദരനോടുള്ള അകമഴിഞ്ഞ സ്നേഹത്തിനാഴങ്ങളിലേക്ക് ആ നിമിഷംവരെ അവനുള്ളിലുണ്ടായിരുന്ന കോപവും , വാശിയുമെല്ലാം മുങ്ങി പോയിരുന്നു...... ""എന്താടാ?? എന്താ നീ ഇങ്ങനെയൊക്കെ....?? ദുർഗ്ഗയോട് നീ എന്തെല്ലാമാണ് പറഞ്ഞതെന്ന് നിനക്ക് ബോധ്യമുണ്ടോ ....?? കിച്ചു... ഞാൻ.... എന്നെ... എന്നെ നീ...അത്രയ്ക്ക് തരംതാഴ്ന്നവനായിട്ടാണോ കാണുന്നത് ??""" ചോദിക്കുമ്പോൾ അവന്റെ ശബ്ദം വിറച്ചു പോയി... അവന്റെ മിഴികളിൽ നിന്നും ഒലിക്കുന്നത് രക്തമാണെന്ന് തോന്നി പോയി അഖിലേഷിന്.. അത്രത്തോളം......... അത്രത്തോളം അവനവന്റെ സഹോദരങ്ങളെ സ്നേഹിച്ചിരുന്നു......

ഒരുപക്ഷേ... അവനേക്കാളേറെ...... ശ്രീറാമിന്റെ വാക്കുകളിൽ പെട്ട് കൈലാസ് നിന്നുരുകി.... പറഞ്ഞു പോയ തെറ്റിന്റെ കാഠിന്യം താൻ ചിന്തിക്കുന്നതിലും എത്രയോ മുകളിലാണെന്ന് ആ വേളയിൽ അവന് മനസ്സിലായി... പക്ഷേ എങ്ങനെ തിരുത്തും താൻ!! മാപ്പ് പറഞ്ഞാൽ തീരുമോ?? ഇല്ല... ഒരിക്കലും ഇല്ല..... തന്റെ വാക്കുകൾക്ക് അത്രത്തോളം മൂർച്ചയുണ്ടായിരുന്നില്ലേ.... ഉണ്ടായിരുന്നു.. ഒരാളുടെ ഹൃദയം കുത്തി കീറാൻ മാത്രമുള്ള മൂർച്ചയുണ്ടായിരുന്നു.... ""സോറി ഏട്ടാ... എനിക്ക് ദേഷ്യം വന്നപ്പോൾ ഞാൻ..... എല്ലാവരും ദച്ചൂന്റെ പക്ഷം ചേർന്നപ്പോൾ... അമ്മ... അമ്മ പോലും അവൾക്കൊപ്പം കൂടിയപ്പോൾ... എനിക്ക്..... അവൻ വിതുമ്പി കരഞ്ഞു.... എന്നെ... എന്നെയിപ്പോ ആർക്കും വേണ്ടാ ഏട്ടാ.... എന്നോടിപ്പോ ആരും മിണ്ടാറില്ല... ശരൺ... ശരൺ എന്നോട് മിണ്ടിയിട്ട് മാസങ്ങളായി.... ഗോപു ആണെങ്കിൽ ഒന്ന് നോക്ക കൂടി ചെയ്യാറില്ല..... ഏട്ടനും.... ഏട്ടനുമിപ്പോ ദച്ചൂനെ മാത്രം മതി...... ഒറ്റയ്ക്ക്... ഒറ്റയ്ക്ക് എനിക്ക് മതിയായി... എല്ലാവരുടെയും മുന്നിൽ ഇൻസൾട്ടഡ് ആയി മടുത്തു..... ഭ്രാന്തെടുക്കുന്നു എനിക്ക്....

കൈലാസ് മുടിയിൽ കൈ കോർത്ത് വലിച്ചു... എല്ലാം... അവൾ.. ദച്ചു.. ദച്ചു കാരണമാ... അവളെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിരുന്നു ...അത് സത്യാ..... അവളെ ആ കഷ്ടപ്പാടിൽ നിന്ന് രക്ഷിക്കണമെന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ചിരുന്നു..... പക്ഷേ അവളോടൊന്ന് ഉള്ള് തുറന്ന് സംസാരിക്കാൻ പോലും എനിക്ക് സ്‌പേസ് ഉണ്ടായില്ല... അല്ലെങ്കിൽ അവളതിന് സമ്മതിച്ചിട്ടില്ല... എന്നെ കാണുമ്പോഴെല്ലാം എന്റെ പ്രസെൻസ് ഇഷ്ടപ്പെടാത്ത പോലെ മാറി നിൽക്കും... അങ്ങനെ ഉള്ള അവളെ ഏട്ടനൊപ്പം കണ്ടപ്പോൾ..... ഏട്ടനോട് കൂടുതൽ ഇടപഴകുന്നത് കണ്ടപ്പോൾ.... അവൾക്കെന്നെ ഇഷ്ടമല്ലെന്ന് ഞാൻ അറിയാതെ ചിന്തിച്ചു പോയി.... അത് കൊണ്ടാണ്....അന്ന് അവളെ ഇഷ്ടമാണോ എന്ന് എല്ലാവരും ചോദിച്ചപ്പോൾ ഞാൻ അല്ലെന്ന് പറഞ്ഞത്.... ഒന്ന് ഓപ്പൺ ആയിട്ട് സംസാരിക്കുക പോലും ചെയ്യാത്ത അവളെ എങ്ങനെയാ ഞാനെന്റെ ലൈഫ് പാർട്ണർ ആയിട്ട് കൂടെ കൂട്ടുന്നത്....?? കൈലാസിന്റെ വാക്കുകൾ ശ്രീറാമിനെ ഞെട്ടിച്ചു..... കൈലാസിൽ നിന്നും നോട്ടം മാറ്റാതെയവൻ യാന്ത്രികമായി അവന്റെ ഇരിപ്പിടത്തിലേക്ക് തന്നെയമർന്നു.... അവനെ കേൾക്കാനായി... അവന്റെ സങ്കടങ്ങൾ അറിയാനായി ശ്രീറാം വീണ്ടും അവന്റെ വാക്കുകളിലേക്ക് കാതോർത്തു ............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story