ദയാ ദുർഗ: ഭാഗം 45

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

തന്റെ മനസ്സിലടക്കി പിടിച്ച വേദനകളെല്ലാം പറഞ്ഞവസാനിപ്പിച്ചപ്പോൾ കൈലാസ് മുഖം പൊത്തി പൊട്ടി പൊട്ടി കരഞ്ഞു.... ആ കാഴ്ച്ച ശ്രീറാമിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു... കൈലാസിനെ സമാധാനിപ്പിക്കാനായി ഇരിപ്പിടത്തിൽ നിന്നുമെഴുന്നേൽക്കാൻ തുടങ്ങിയ ശ്രീറാമിനെ അഖിലേഷ് വിലക്കി...... ആ നിമിഷം നിസ്സഹായനായി ഇരിക്കേണ്ടി വന്നു അവന്.... ഒരു തരത്തിൽ തന്റെ സഹോദരന്റെ ഈ മനോവ്യഥകൾക്ക് താനും കാരണക്കാരനാണെന്നവന് തോന്നി പോയി...... പറഞ്ഞ് തിരുത്താമായിരുന്നു... എന്നാൽ അതിന് പകരം പലയിടത്തും മൂകനായി നിന്നു... ശ്രീറാം സ്വയം പഴി ചാരി.... കൈലാസൊന്ന് ശാന്തനായെന്ന് കണ്ടതും അഖിലേഷ് പതിയെ സംസാരിച്ചു തുടങ്ങി.... "'കിച്ചൂ....... നിന്റെ ബുദ്ധിമുട്ടുകളും , വേദനകളും എനിക്ക് മനസ്സിലായി..... പക്ഷേ ഇതിനൊന്നും നീ ദുർഗ്ഗയെ ബ്ലേയിം ചെയ്യുന്നത് എനിക്ക് അംഗീകരിച്ചു തരാൻ കഴിയില്ല...."" കൈലാസ് അഖിലേഷിനഭിമുഖമായി മുഖമുയർത്തി..... ""അവളുടെ ജീവിതത്തിൽ നടന്നതെല്ലാം എല്ലാവരെയും പോലെ നിനക്കും അറിയാം.. വളരെ വ്യക്തമായി തന്നെ.... എന്നിട്ടും... നീ എന്താ ആ കുട്ടിയോട് ഇത്തരത്തിൽ ബിഹേവ് ചെയ്യുന്നത്....?? ഞാനൊന്ന് ചോദിക്കട്ടെ...

നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിലേക്ക് അവളെ വലിച്ചിഴച്ചതാരാണ്?? അത് നീ തന്നെയാണ് കിച്ചൂ....... നിനക്കവളെ ആക്സപ്റ്റ് ചെയ്യാൻ പറ്റില്ലെന്നുണ്ടായിരുന്നെങ്കിൽ വളരെ മാന്യമായി മറ്റുള്ളവർക്ക് മുമ്പിൽ നിനക്ക് മനസ്സ് തുറക്കാമായിരുന്നു... പകരം നീ എന്ത് ചെയ്തു? അഖിലേഷിന്റെ ചോദ്യത്തിന് മുന്നിൽ കൈലാസ് പതറി പോയി... എല്ലാ വിരലുകളും തനിക്ക് നേരെയാണ് ചൂണ്ടി നിൽക്കുന്നതെന്നവന് ബോധ്യപ്പെട്ടു.... നിന്റെ വാക്കുകളും , പ്രവർത്തിയും മാത്രമാണ് നിനക്ക് ചുറ്റുമുള്ളവർക്കിടയിൽ നിന്നും നിന്നെ അകറ്റിയത് കിച്ചു .... അത് നീ മനസ്സിലാക്കണം.... ദുർഗ്ഗയെ ഇവിടെ കൊണ്ട് വരുമ്പോഴുണ്ടായിരുന്ന അവസ്ഥ എന്താണെന്ന് നിനക്ക് അറിയാമായിരുന്നോ കിച്ചു?? അവളെ ഈ നിലയിലെത്തിക്കാൻ ദേ നിന്റെ മുമ്പിലിരിക്കുന്ന നിന്റെ പ്രിയപ്പെട്ട ഏട്ടൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിനക്കറിയാമോ?? ഈ കഴിഞ്ഞ ഏഴ് മാസങ്ങൾ അവൾക്കായി മാറ്റി വച്ചവനാണിവൻ... അവന്റെ കരിയർ പോലുമുപേക്ഷിച്ച് അവൾക്കായി കാവലിരുന്നവനാണിവൻ... ഇന്നാ പെൺകുട്ടിയുടെ മുഖത്ത് മിന്നുന്ന പുഞ്ചിരി പോലും ഇവനവൾക്കായി നൽകിയ സ്നേഹത്തിന്റെയും , കരുതലിന്റെയും , സമയത്തിന്റെയും പ്രതിഫലമാണ്.....

ഒരുതരത്തിൽ ശ്രീറാം സായന്ദ് എന്ന നിന്റെ ഏട്ടൻ ദുർഗ്ഗയെന്ന പെൺകുട്ടിക്കായി മാറ്റി വച്ചത് അവന്റെ ജീവിതം തന്നെയാണ്..."" "" നിങ്ങൾ രണ്ട് പേരോടും എനിക്കൊന്നേ പറയാനുള്ളൂ ...... ഇനിയൊരിക്കൽ കൂടി ദുർഗ്ഗ അവളുടെ പഴയ സ്ഥിതിയിലേക്ക് കൂപ്പ് കുത്തിയാൽ... അതായത് ഡിപ്രെഷൻ സ്റ്റേജിലേക്ക് കടന്നാൽ.... പിന്നീടൊരിക്കലും അവൾ യാഥാർഥ്യത്തിന്റെ ലോകത്തേക്ക് തിരികെ കയറുമെന്ന് ആരും പ്രതീക്ഷിക്കണ്ട..... അവിടെ ദയ ദുർഗ്ഗയെന്ന പെൺകുട്ടിയുടെ മരണമായിരിക്കും....."" ""നോ......"" ശ്രീറാമിന്റെ ഉയർന്ന ശബ്ദം വിറച്ചു പോയി..... ""നീ ശബ്ദമുയർത്തിയിട്ട് കാര്യമില്ല ശ്രീ... ഞാൻ സത്യമാണ് പറഞ്ഞത്... ഞാൻ ഒരുപാട് തവണ നിന്നോട് പറഞ്ഞിട്ടില്ലേ.. അവൾക്കുള്ളിലെ മുറിവുകൾ അത്രപെട്ടന്നുണങ്ങുന്നവയല്ലെന്ന്...... എത്ര തുന്നികെട്ടാൻ ശ്രമിച്ചാലും അതൊട്ട് വിജയകരമാവുകയുമില്ല... അതിനാൽ ഇനിയൊരിക്കലും നിങ്ങൾക്കിടയിലെ വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് അവളെ വലിച്ചിഴയ്ക്കരുത്... ആൻഡ് മോർ ദാൻ ദാറ്റ്‌... എത്രയൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും ഇന്ന് നീ ദുർഗ്ഗയോട് പറഞ്ഞത് വളരെ , വളരെ തരം താഴ്ന്ന വാക്കുകളാണ് കിച്ചൂ .... ദുർഗ്ഗയോടെന്നല്ല.. ഒരു പെൺകുട്ടിയോടും പറയാൻ പാടില്ലാത്ത വാക്കുകൾ.....

.""" തന്റെ ചൂണ്ട് വിരലുയർത്തി കടുത്ത ഭാഷയിൽ അഖിലേഷത് പറഞ്ഞപ്പോൾ കൈലാസ് അപമാനത്താൽ മുഖം താഴ്ത്തി.... താൻ പറഞ്ഞതും , ചെയ്തതുമായ തെറ്റുകൾ തന്നെ നോക്കി പല്ലിളിക്കുന്നതായി തോന്നിയവന്..... കുറ്റബോധത്തിന്റെ തീചൂളയിൽ വെന്തുരുകുമ്പോഴും ഒരു കുളിർസ്പർശമായി അവനരികിൽ അവനേറെ പ്രിയമുള്ള അവന്റെ ഏട്ടനുണ്ടായിരുന്നു... സാന്ത്വനമായി... തണലായി.... ഇനിയൊരിക്കലും ഒറ്റപ്പെടുത്തില്ലെന്ന ഉറപ്പോടെ ശ്രീറാം അവനെ ചേർത്തു പിടിച്ചു..... 🦋🦋🦋🦋 ആളൊഴിഞ്ഞ മണൽതിട്ടയിൽ , വീശയടിക്കുന്ന ചുടുകാറ്റേറ്റ് ശ്രീറാം നിന്നു.... മുന്നിൽ ഇരമ്പിയടിക്കുന്ന കടൽ... ഉപ്പ് കാറ്റേറ്റ് വരണ്ടു പോകുന്ന ചുണ്ടുകളെ ഇടയ്ക്കിടെ തന്റെ ഉമിനീരിനാൽ കുതിർത്തു കൊണ്ട് നോക്കെത്താ ദൂരമുള്ള ആഴകടലിലേക്ക് കണ്ണും നട്ട് നിന്നു അവൻ... കൊടും വെയിലിൽ ശരീരമുരുകുന്നത് പോലെ മനസ്സുമുരുകുന്നു...... വല്ലാത്തൊരു വിങ്ങൽ... അത് തന്റെ സഹോദരനെയോർത്താണോ , അതോ തന്റെ പ്രണയത്തെ ഓർത്താണോ എന്നവന് നിശ്ചയമുണ്ടായിരുന്നില്ല.... കാറിൽ മുൻസീറ്റിലിരിക്കുന്ന കൈലാസ് പുറത്തെ കൊടും ചൂടിൽ ദൂരേക്ക് മിഴികളെയതു നിൽക്കുന്ന ശ്രീറാമിനെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു....

അവനരികിൽ ചെന്ന് നിൽക്കണമെന്നുണ്ട്... പക്ഷേ , കുറ്റബോധമോ , ജാള്യതയോ എന്താണെന്നറിയില്ല.... ഏട്ടന് നേർക്ക് നേരെ നിൽക്കാനുള്ള ശേഷി തന്നിലില്ല.... ചെറുപ്പം മുതലേ തനിക്കേറ്റവും പ്രിയം ഏട്ടനോടായിരുന്നു .... സമപ്രായക്കാരനായ ശരണിനോട് പോലും തോന്നാതിരുന്ന ആത്മബന്ധം..... ഏട്ടനായിരുന്നു തന്റെ റോൾ മോഡൽ... ഏട്ടനെ അനുകരിച്ചുള്ള വേഷധാരണം തുടങ്ങി ഏട്ടന്റെ ഇഷ്ടങ്ങളെ പോലും തന്റേത് ആക്കി മാറ്റിയിരുന്നു പലപ്പോഴും.... സംഗീതം പഠിക്കാൻ പോലും താത്പര്യം പ്രകടിപ്പിച്ചിരുന്നത് അത് ഏട്ടന്റെ ജീവവായു ആയതിനാലാണ്.... പക്ഷേ എത്രയൊക്കെ അനുകരിക്കാൻ ശ്രമിച്ചാലും കൈലാസിനൊരിക്കലും ശ്രീറാമകാൻ സാധിക്കില്ലെന്ന് പലയിടത്തും താൻ തെളിയിച്ചു.... ഏട്ടനെ പോലെ ഹൃദയ വിശാലമായി ചിന്തിക്കാനോ , വാക്കുകളുപയോഗിക്കാനോ , പ്രവർത്തിക്കാനോ ഒന്നും തന്നെ കൊണ്ട് കഴിയില്ല..... എന്തിന്....!!! എതിരെ നിൽക്കുന്നയാളെ നോക്കി ഒരു കണിക പോലും കളങ്കമില്ലാതെ , മനസ്സറിഞ്ഞ് പുഞ്ചിരിക്കാൻ പോലും തന്നേകൊണ്ടാവില്ല...... കൈലാസ് വേദനയോടെ ദീർഘമായി നിശ്വസിച്ചു.... തിരികെയുള്ള യാത്രയിൽ അവരിരുവരും നിശബ്ദരായിരുന്നു... പകുതിക്ക് വച്ച് ശ്രീറാം ഗോപികയെ അവർക്കൊപ്പം കൂട്ടി.... ആദ്യമൊക്കെ ശ്രീറാമിനോട് വാ തോരാതെ സംസാരിച്ചിരുന്നവൾ അവന്റെ പ്രസന്നമല്ലാത്ത മുഖം ശ്രദ്ധിച്ച് പിന്നീട് സ്വയമേ മൗനം വരിച്ചു.....

ഹാളിലെ തീന്മേശയ്ക്ക് ചുറ്റും വട്ടമിട്ടിരിക്കുമ്പോൾ ഏട്ടന്റെ പതിവില്ലാത്ത ഗൗരവത്തിന്റെയും , പ്രവർത്തികളുടെയും പൊരുൾ തേടുകയായിരുന്നു ഗോപു.... ശരണിലും അതേ ആശയകുഴപ്പം.... ""എന്താ നിങ്ങളുടെയൊക്കെ തീരുമാനം??"" മുഖത്തോട് മുഖം നോക്കിയിരിക്കുന്ന തന്റെ സഹോദരങ്ങളെ നോക്കി ശ്രീറാം അല്പം കടുപ്പിച്ച് തന്നെ ചോദിച്ചു... കാര്യമെന്തെന്നറിയാത്തതിനാൽ ഗോപുവും ശരണും ഒന്നും മിണ്ടാതെ ശ്രീറാമിനെ തന്നെ ഉറ്റ് നോക്കിയിരുന്നു .... ""ഇങ്ങനെ തെറ്റി പിരിഞ്ഞ് രണ്ട് ധ്രുവങ്ങളിലായി മരണം വരെ ജീവിക്കാനാണോ നിങ്ങളുടെ തീരുമാനമെന്ന്??"" അവൻ ഒന്ന് കൂടെ ശബ്ദമുയർത്തി... അടുക്കള വാതിൽക്കൽ മഹാലക്ഷ്മിയും , ശാന്തിയക്കയും അവന്റെ ഭാവപകർച്ച കണ്ട് ഞെട്ടി നിൽപ്പുണ്ട്... എന്നാൽ ഹാളിൽ രണ്ടച്ഛന്മാരും യാതൊരു ഭാവ ബേധവും കൂടാതെ അവരുടെ ചർച്ചകളിലേക്ക് കാതോർത്തിരിക്കുകയാണ്...... അവർക്കൊപ്പം മുത്തശ്ശനുമുണ്ട്... ശ്രീറാം ചോദിച്ചതിനർത്ഥം പിടി കിട്ടിയ ഗോപിക ആദ്യം ശരണിനെ നോക്കി , പിന്നീട് കൂർത്ത കണ്ണുകളോടെ കൈലാസിനെയും... ""അതെ....."" ഗോപുവിന്റെ ശബ്ദം മുറുകി..... ഗോപികയുടെ ഉത്തരം കിട്ടിയപ്പോൾ ശ്രീറാമിന്റെ കണ്ണുകൾ ശരണിലേക്കായി... ""എനിക്കും ഇവനോട് ക്ഷമിക്കാൻ കഴിയില്ല.."" ശരണും തീർപ്പ് കല്പിച്ചു.....

കൈലാസിന്റെ കണ്ണുകൾ പെയ്തു... ഇരിപ്പിടത്തിൽ നിന്നും പതിയെ എഴുന്നേൽക്കാൻ തുടങ്ങിയ അവനെ ശ്രീറാം തടഞ്ഞു..... "'എനിക്ക് പറയാനുള്ളതും കൂടെ കഴിഞ്ഞിട്ട് പോകാം ......""" ശ്രീറാം തന്റെ കൈകകൾ തീന്മേശയിലൂന്നി , കസേരയിൽ നിന്നും മുന്നോട്ടേക്കാഞ്ഞു... ""നിങ്ങൾ രണ്ട് പേരും തീരുമാനങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഇനി ഞാൻ പറയാം.... ഇന്ന് മുതൽ ഈ വീട്ടിൽ ഞാനുണ്ടാകില്ല......."" "'ഏട്ടാ....."" ശരൺ ആക്രോശിച്ചു.... ""ഇതെന്റെ തീരുമാനം..... ബന്ധങ്ങൾക്കപ്പുറം നിങ്ങൾക്കൊക്കെ നിങ്ങളുടെ ദേഷ്യവും , വാശിയും , അഭിമാനവുമൊക്കെയല്ലേ വലുത്..... ആയിക്കോട്ടെ... ഞാൻ ചോദ്യം ചെയ്യാനോ , അഭിപ്രായം പറയാനോ വരുന്നില്ല.... പക്ഷേ ഇനി ഇവിടെ... ഇങ്ങനൊരു അറ്റ്‌മോസ്‌ഫിയറിൽ തുടരാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ട്....."" ""ഇവന്... ഈ ദുഷ്ടന് വേണ്ടിയാണോ ഏട്ടൻ.........."" കൈലാസിന് നേരെ വിരൽ ചൂണ്ടി വിറച്ച ഗോപികയെ , അവളുടെ വാക്കുകൾ അവസാനിക്കും മുമ്പേ കടുത്ത ശാസനയാൽ തടഞ്ഞു ശ്രീറാം ...... ""നീ അതിര് കടക്കുന്നു ഗോപു.... ഇവൻ നിന്റെ ഏട്ടനാണ്......

അത് മറന്നുള്ള നിന്റെ ഈ സംസാരം എല്ലായിപ്പോഴും ഞാൻ ക്ഷമിക്കുമെന്ന് നീ കരുതണ്ട...."" ഗോപികയുടെ മുഖം വിവർണ്ണമായി... ശ്രീറാം വഴക്ക് പറയാറുണ്ടായിരുന്നെങ്കിലും ആദ്യമായിട്ടായിരുന്നു ഇത്ര രൂക്ഷമായി അവനവളെ ശാസിക്കുന്നത്.... ഒരു കുഞ്ഞിനെ പോലെ അവൾ വിതുമ്പിയപ്പോൾ ശ്രീറാമിനോടി ചെന്നവളെ മാറോടണയ്ക്കാൻ തോന്നി... പക്ഷേ....ഇപ്പോൾ താനതിന് മുതിർന്നാൽ കാര്യങ്ങളൊന്നും വിചാരിച്ചിടത്ത് നിൽക്കില്ലെന്നവൻ ചിന്തിച്ചു..... എന്നാൽ ഗോപുവിന്റെ കണ്ണുനീരിനെ കണ്ടില്ലെന്ന് നടിക്കാൻ ശരണിനെ കൊണ്ട് കഴിയുമായിരുന്നില്ല... ഇരിപ്പുറപ്പിച്ച മര കസേര അവൾക്കരികിലേക്ക് ഒന്നുകൂടെ വലിച്ചിടുപ്പിച്ചവൻ തന്റെ പ്രാണനെ നെഞ്ചിലേക്കൊതുക്കി പിടിച്ചു.... ""ഏട്ടനാർക്ക് വേണ്ടിയാണീ വാദിക്കുന്നത്... ഗോപു ചോദിച്ചത് പോലെ ഇവന് വേണ്ടിയോ....?? ഇന്ന് രാവിലെ പോലും ഇവനിവിടെ കാണിച്ച് കൂട്ടിയതെന്താണെന്ന് ഏട്ടനും അറിഞ്ഞതല്ലേ...... പാല് കൊടുത്ത കൈക്ക് നേരെ തന്നെ വിഷം ചീറ്റിയവനാണിവൻ..... ഏട്ടനെ , അമ്മയെ , അതിനേക്കാളപ്പുറം നിസ്സഹായയായൊരു പെൺകുട്ടിയെ വെറുംവാക്ക് നൽകി വഞ്ചിച്ചവനാണ്...."" ശരൺ തുറന്നടിച്ചു...... ""ശരൺ... അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ .....

അന്നവന് അങ്ങനെയൊരു അബദ്ധം സംഭവിച്ചു...എന്ന് കരുതി ജീവിതക്കാലം മുഴുവൻ ആ തെറ്റിന്റെ പേരിൽ അവനെ അകറ്റി നിർത്തുകയാണോ വേണ്ടത്.... നമ്മൾ എത്ര സന്തോഷത്തോടെ കഴിഞ്ഞവരാടാ.......?? ഓരോ ദിവസവും കളിയും , ചിരിയുമായി.... എന്നിട്ടിപ്പോൾ.... ശ്രീറാമിന് തന്റെ ഹൃദയം നൊന്തു... ശരണും ഒരു നിമിഷം നിശബ്ദനായി... അവൻ ഓർക്കുകയായിരുന്നു അവരൊരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളെ..... എന്ത് രസമായിരുന്നു... കിച്ചുവിന്റെ തമാശകളും , ഗോപുവിന്റെ കുസൃതികളും , തമ്മിൽ തമ്മിലുള്ള വഴക്കും..... ആകെ മൊത്തം ബഹളമായിരിക്കും.... ചിലപ്പോൾ ഹാളിലായിരിക്കും , അല്ലെങ്കിൽ ഏട്ടന്റെയോ , ഗോപുവിന്റെയോ മുറിയിൽ..... ഒടുക്കം നാല് പേരും അവിടെ തന്നെ തമ്മിൽ പുണർന്ന് മൂടി പുതച്ചുറങ്ങും.... രുക്കുവമ്മ ഉണ്ടായിരുന്ന സമയത്ത് രാത്രി കിച്ചുവിനെ പിടിച്ച് വലിച്ചായിരുന്നു ഇവിടെ നിന്നും കൊണ്ട് പോയിരുന്നത്.... ഗോപുവിനെ പിന്നെ കൊണ്ട് പോകാൻ ഇവിടാരും സമ്മതിക്കാറില്ലായിരുന്നു.... രുക്കുവമ്മയുടെ നിഴൽ വെട്ടം കാണുമ്പോഴേക്കും അവളോടി അമ്മയ്‌ക്കൊക്കത്തേക്ക് കയറി അമ്മയെ പറ്റി പിടിച്ച് കിടക്കും... പിന്നെ കരച്ചിലായി... ബഹളമായി.... ഓർമ്മയിൽ ശരണൊന്ന് പുഞ്ചിരിച്ച് ഗോപുവിനെ തന്റെ നെഞ്ചിലേക്കമർത്തി...

കിച്ചുവിനായൊരു മുറി താഴെ ഉണ്ടെങ്കിലും അത് ഉപയോഗ ശൂന്യമായിരുന്നു.... തനിക്കൊപ്പമായിരുന്നു അവന്റെ വാസം... തങ്ങളുടെ ലോകം... അതിനുള്ളിൽ ആരുമറിയാതെ എന്തൊക്കെ കുസൃതികൾ ഒപ്പിച്ചിരിക്കുന്നു...!! കൗമാരത്തിൽ ഏട്ടനറിയാതെയുള്ള മദ്യ സേവയിൽ തുടങ്ങി നീളുന്ന ലിസ്റ്റ്..... എന്റേതെന്നോ , അവന്റേതെന്നോ വേർതിരിവ് ഒരിക്കലും തങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല..... പക്ഷേ ഇപ്പോഴോ....!! ഒരു നിമിഷം വേദനയോടെ ശരണിന്റെ കണ്ണുകൾ കൈലാസിലേക്ക് പാറി വീണു.... ചുണ്ടുകൾ കൂട്ടി പിടിച്ച് വിതുമ്പലടക്കുന്നവനെ കാണെ ശരണിന്റെ മിഴികളും തുളുമ്പി.... അല്പ നേരത്തെ മൗനത്തിന് ശേഷം ശ്രീറാം തുടർന്നു.... ദുർഗ്ഗയുടെ കാര്യത്തിൽ പൂർണ്ണമായും ഇവനെ കുറ്റം പറയാൻ നമുക്ക് കഴിയില്ല.... അവന് അവന്റേതായ വ്യക്തി സ്വാതന്ത്ര്യവും , അഭിപ്രായ സ്വാതന്ത്ര്യവുമുണ്ട്... അതവൻ പ്രകടിപ്പിച്ചു.... അവളുമായി യോജിച്ച് പോകാൻ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടാണ് അവൻ അത് തുറന്ന് പറഞ്ഞത്... അത് നന്നായില്ലേ.... അവളോടുള്ള താത്പര്യമില്ലായ്മ ഉള്ളിൽ വച്ച് നമുക്കെല്ലാവർക്കുമായി അവളെ വിവാഹം ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു രണ്ട് പേരുടെയും ജീവിതം....."" പലയിടങ്ങളിലും കിച്ചുവിന്റെ ഭാഗത്ത് ന്യായമില്ലെന്നറിയാമായിരുന്നിട്ടും ശ്രീറാം അവന് വേണ്ടി വാദിച്ചു.... ""ഒരവസരം... ഒരവസരം കൊടുത്തൂടെ... നമ്മുടെ കിച്ചുവല്ലേടാ......"" ശ്രീറാമിന്റെ സ്വരം ദയനീയമായി.... മിഴികൾ ചുവന്നു കലങ്ങി............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story