ദയാ ദുർഗ: ഭാഗം 46

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

""ഒരവസരം... ഒരവസരം കൊടുത്തൂടെ... നമ്മുടെ കിച്ചുവല്ലേടാ......"" ശ്രീറാമിന്റെ സ്വരം ദയനീയമായി.... മിഴികൾ ചുവന്നു കലങ്ങി... ഗോപുവും ശരണും പരസ്പരം നോക്കി.... പിന്നീടെഴുന്നേറ്റ് കൈലാസ് ഇരിക്കുന്ന കസേരയ്ക്കരികിലേക്ക് നടന്നടുത്തു... മുഖം കുനിച്ചിരിക്കുന്ന കൈലാസിന്റെ കൈമുട്ടിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് ശരണവനെ മുറുകെ പുണർന്നു..... എത്രയൊക്കെ ശ്രമിച്ചിട്ടും കൈലാസിന് തന്റെ ശബ്ദമടക്കി പിടിക്കാൻ കഴിയുന്നുണ്ടായില്ല.... അവൻ ഉറക്കെ കരഞ്ഞു പോയി.... ഇതുവരെയനുഭവിച്ച അവഗണനകളും , ഒറ്റപ്പെടലും , അപമാനങ്ങളും അവന്റെ മിഴികളിൽ നിന്നുമൊഴുകിയിറങ്ങുന്ന നീർക്കണങ്ങളിൽ അലിഞ്ഞു ചേർന്നിരുന്നു..... അല്പ സമയത്തിന് ശേഷം ഗോപുവും വിതുമ്പി കൊണ്ട് അവർക്കിടയിലേക്ക് നൂണ്ട് കയറി... കണ്ടു നിന്നവരുടെയെല്ലാം നെഞ്ച് വിങ്ങി..... മഹാലക്ഷ്മിയും , ശാന്തിയക്കയും പുഞ്ചിരിയോടെ കണ്ണ് തുടച്ചപ്പോൾ ഹാളിലെ സോഫയിലിരുന്ന് ഉദയൻ നിറഞ്ഞ മനസ്സോടെ ശേഖരനെ തന്റെ തോളോട് തോൾ ചേർത്തു പിടിച്ചു.. വർഷങ്ങളായുള്ള അവരുടെ സൗഹൃദത്തിന്റെ കെട്ടുറപ്പായിരുന്നു ആ നാല് മക്കളുടെയും സ്നേഹത്തിന്റെയും , സാഹോദര്യത്തിന്റെയും , കരുതലിന്റെയും അടിത്തറ...

മൂവരുടെയും സ്നേഹപ്രകടനങ്ങൾ ശ്രീറാം നിറഞ്ഞ മനസ്സോടെ നോക്കി കണ്ടു.... ഇത്തരത്തിലൊരു ചർച്ചയ്ക്ക് താൻ നേരത്തെ മുൻകൈ എടുത്തിരുന്നെങ്കിൽ ഒരുപക്ഷെ കാര്യങ്ങൾ ഇത്രമാത്രം വഷളാകില്ലായിരുന്നു എന്നവൻ ഒരു വേള ചിന്തിക്കാതിരുന്നില്ല....... ഒരു ദീർഘ നിശ്വാസമെടുത്ത് കണ്ണുകൾ അലക്ഷ്യമായി മുകൾ നിലയിലേക്ക് ചലിപ്പിച്ചപ്പോഴാണ് കൈ വരിയിൽ പിടിച്ച് ഹാളിലേക്ക് നോട്ടമെയ്ത് നിൽക്കുന്ന ദയയിലവന്റെ മിഴികളുടക്കിയത്..... തൊട്ടടുത്ത മാത്ര അവന്റെ മിഴികളൊന്ന് മിന്നി..... അവളുടെ മുഖ ഭാവം കണ്ടാലറിയാം താഴെ നടന്ന ചർച്ചകളെല്ലാം അവൾ കേട്ടിട്ടുണ്ടെന്ന്... ശ്രീറാം ദയയെ നോക്കി കൈ കൊണ്ട് താഴേക്ക് വരാനായി ആംഗ്യം കാണിച്ചു.... മടിച്ചു നിന്നെങ്കിലും ശ്രീറാമിന്റെ നോട്ടം തന്നിൽ നിന്നും അണുവിട വ്യതിചലിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവൾ പതിയെ താഴേക്ക് നടന്നു..... വളരെ പതുക്കെ കോണി പടികൾ ഇറങ്ങിയവൾ ആരെയും ശ്രദ്ധിക്കാതെ അവനരികിൽ തന്നെ ചെന്ന് നിന്നു.... ഇരുവരും പരസ്പരം നോക്കിയപ്പോൾ ശ്രീറാമൊന്ന് പുഞ്ചിരിച്ചു...വളരെ നേർമയിൽ തിരികെ ദയയും..... ശ്രീറാമിനരികിൽ നിൽക്കുന്ന ദയയെ കണ്ട നിമിഷം കൈലാസ് മെല്ലെ ഗോപുവിനെയും , ശരണിനെയും തന്റെ ദേഹത്ത് നിന്നും അടർത്തി മാറ്റി അവൾക്കരികിലേക്ക് നടന്നടുത്തു....

തനിക്കരികിലേക്ക് ചുവടുകൾ നീക്കുന്ന കൈലാസിനെ കാണെ ദയക്ക് പേടിയോ , വെപ്രാളമോ തുടങ്ങി എന്തൊക്കെയോ ആസ്വാസ്ഥ്യം തോന്നി പോയി... ശ്രീറാം അവർക്കിരുവർക്കും സംസാരിക്കാനുള്ള സാഹചര്യമൊരുക്കി ദയക്കരികിൽ നിന്നും അല്പം അകന്നു മാറി നിന്നു..... അത് കൂടെ ആയപ്പോഴേക്കും ദയയുടെ ഭയം ഉച്ചസ്ഥായിലെത്തി..... അവൾ ഉയർന്ന ഹൃദയമിടിപ്പോടെ കൈലാസിനെ നോക്കി.... അവന്റെ മിഴികളിൽ മുമ്പ് കണ്ട ക്രോധമോ , മുഖത്ത് ഞാനെന്ന അഹംഭാവമോ ഇല്ലെന്ന് ദയ വീക്ഷിച്ചു.... ദയ പോലും പ്രതീക്ഷിക്കാതെ കൈലാസ് ദയയുടെ ഇരുകൈകളും അവന്റെ കൈക്കുള്ളിലാക്കി നെഞ്ചോട് ചേർത്ത് പിടിച്ചു.... """ഞാൻ.... എനിക്ക്.... അറിയില്ല... എന്താ... എങ്ങനെയാ....."" അവന്റെ വാക്കുകൾ ഇടർച്ചയോടെ മുറിഞ്ഞു പോയി..... ദയയുടെ കൈകൾ അവന്റെ വരിനെറ്റിയോട് മുട്ടിച്ച് കൈലാസ് തേങ്ങി...... എന്ത് ചെയ്യണമെന്നൊരൂഹം ആ നേരം അവൾക്കുണ്ടായില്ല.... കൈകൾ പിൻവലിക്കാൻ പോലും ശ്രമിക്കാതെ അവളാ നിമിഷം തരിച്ചു നിന്നു..... ""ഐ... ആം.. റിയലി... റിയലി സോറി.... പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്... അതൊരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലെന്നും അറിയാം.... ക്ഷമ പറയാനല്ലാതെ എനിക്ക്.............""

അവന്റെ ചൊടികൾ വിതുമ്പി.... ""സാരല്യ...."" കൈലാസിന്റെ കണ്ണുനീർ കാണെ ദയ വേദനയോടെ പറഞ്ഞു..... ഒരു വേള അവളുടെ മിഴികളും തുളുമ്പി ... ""ഞാൻ.... ഞാനൊരിക്കൽ ചെയ്ത് പോയ തെറ്റ്....അത്....ഇന്ന്.... ഇവിടെവച്ച് തിരുത്താമെന്ന് തോന്നുന്നു....."" അവൻ ഉള്ളം കയ്യാൽ കണ്ണും മുഖവും അമർത്തി തുടച്ച് എല്ലാവരെയുമൊന്ന് പിന്തിരിഞ്ഞു നോക്കിയ ശേഷം ആത്മവിശ്വാസത്തോടെ ദയക്ക് നേർക്കുനേർ നിന്നു..... ""അന്ന് ചോദിച്ചത് പോലെ വീണ്ടും ചോദിക്ക്യാ ഞാൻ... ഞാൻ വിവാഹം ചെയ്തോട്ടെ ദച്ചു നിന്നെ..... മറുപടി പറയാതിരിക്കരുത്.... അന്നത്തെ നിന്റെ നിശബ്ദതയാണ് എന്നെ കൊണ്ട് ആവിശ്യമില്ലാത്തതൊക്കെ ചിന്തിപ്പിച്ചത്.... അതുകൊണ്ട് എനിക്കൊരുത്തരം വേണം.. പ്ലീസ്‌...."" കൈലാസ് താഴ്മയോടെ അപേക്ഷിച്ചു... കൈലാസിന്റെ വാക്കുകൾ രസിക്കാതെ ഗോപിക എന്തോ പറയാൻ തുടങ്ങിയതും ശരണവളെ വിലക്കി.... ദയയാകട്ടെ കേട്ടത് സത്യമോ , മിഥ്യയോ എന്നറിയാതെ കൈലാസിനെ തന്നെ നോക്കി നിന്നു പോയി... അവളുടെ വിടർന്ന മിഴികളിലെ കറുത്ത കൃഷ്ണമണികൾ വെപ്രാളത്തോടെ ശ്രീറാമിലേക്ക് ചലിച്ചു..... ഈ സാഹചര്യത്തിൽ നിന്നും തന്നെ രക്ഷിക്കൂ എന്ന് അവളുടെ ഹൃദയം അവനോടായി കേണു.... എന്നാൽ ആ മുഖത്ത് യാതൊരു ഭാവബേധവുമില്ല.....

എപ്പോഴത്തെയും പോലെ തികഞ്ഞ ശാന്തത.... അവന്റെ മൗനം ദയയെ കുറച്ചൊന്നുമല്ല ഉലച്ചത്.... പറഞ്ഞതല്ലേ.... ഒരിക്കൽ ഇഷ്ടമാണെന്ന്.... പിന്നെ ഇപ്പോഴെന്തേ മിണ്ടാതെ നിൽക്കുന്നത്...!! എന്തേ ഇയാളെ എതിർക്കാത്തത്....!! ഇനി കിച്ചേട്ടനന്ന് പറഞ്ഞത് പോലെ കളിയായി പറഞ്ഞതായിരിക്കുമോ....? ശെരിക്കും ഇഷ്ടമല്ലേ അപ്പൊ?? അവളുടെ നിറഞ്ഞ കണ്ണുകൾ വേദനയോടെ അവനോട് പരിഭവിച്ചു.... പക്ഷേ ശ്രീറാമിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും പ്രകടമായില്ല.... ഒരുപക്ഷെ , അവളുടെ ഹൃദയം മൗനമായി തന്നോട് പരിഭവിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി കാണില്ല...!! അല്ലങ്കിൽ മനസ്സിലായിട്ടും ഇല്ലെന്ന് നടിച്ച് നിൽക്കുകയായിരിക്കും..... ദുർഗ്ഗയുടെ ഒരു ചെറു നോട്ടം പോലും തന്റേതാക്കുന്നവന് അവളുടെ നൊമ്പരങ്ങൾ അറിയാൻ സാധിക്കാതിരിക്കുമോ.....!!! ദയയുടെ നോട്ടം ശ്രീറാമിലാണെന്ന് മനസ്സിലാക്കിയ കൈലാസ് ശ്രീറാമിന് മുന്നിൽ ചെന്ന് നിന്നു.... ""ഏട്ടാ..... ഏട്ടൻ പറ... ഏട്ടനെന്തെങ്കിലും...??"" ""ഞാനല്ലല്ലോ കിച്ചു ഇതിന് മറുപടി പറയേണ്ടത്...

ദുർഗ്ഗയല്ലേ.... ആരെ വിവാഹം ചെയ്യണമെന്നും , ആരുടെ കൂടെ ജീവിക്കണമെന്നും അവളല്ലേ പറയേണ്ടത്..... ഇനി വിവാഹമേ വേണ്ടെന്നാണെങ്കിൽ അതും പറയാം....."" കൈലാസിന്റെ വാക്കുകളെ പൂർത്തിയാക്കാൻ അനുവദിക്കാതെ ശ്രീറാം തന്റെ അഭിപ്രായം രേഖപ്പെടുത്തി... ശേഷം ദയയെ നോക്കി തുടർന്നു.. ""കിച്ചുവിനൊരു മറുപടി നൽകൂ ദുർഗ്ഗ.... കിച്ചുവിന് മാത്രമല്ല..... എനിക്കും...."" അവനൂന്നി പറഞ്ഞ അവസാന വാചകത്തിൽ നിന്നും ശ്രീറാമിന്റെ മനസ്സിലെന്താണെന്ന് ദയക്ക് ബോധ്യമായി..... എന്നാൽ കൈലാസും , ഗോപികയും , ശരണും ആ വാക്കിന്റെ അർത്ഥതലങ്ങളെന്തെന്ന് ഉൾക്കൊള്ളാനാകാതെ ശ്രീറാമിനെ സംശയത്തോടെ നോക്കി നിന്നു..... ""ധൈര്യമായി പറഞ്ഞോളൂ ദുർഗ്ഗ...."" അവൻ വീണ്ടുമവൾക്ക് ഊർജം നൽകി പ്രോത്സാഹിപ്പിച്ചു ... ""ഞാൻ......."" ബാക്കി പറയാതെ ദയ ഇരുകൈകൾ കൊണ്ടും തന്റെ കാൽതുട ഭാഗത്തെ ചുരിദാറിനിരുവശവും ചുരുട്ടി പിടിച്ചു.... ദയയനുഭവിക്കുന്ന സംഘർഷവും, പരിഭ്രാന്തിയും എത്രത്തോളമാണെന്ന് വേഗത്തിലുയർന്നു താഴുന്ന അവളുടെ മാറിടങ്ങൾ വിളിച്ചോതുന്നുണ്ടായിരുന്നു.. ഒരുവേള താനിവിടെ തളർന്നു വീണു പോകുമോ എന്ന് പോലും അവൾ ഭയപ്പെട്ടു..... വീണ്ടും തന്റെ രക്ഷയ്ക്കായി കണ്ണുകൾ ശ്രീറാമിലേക്ക് പാഞ്ഞു.....

അവനവളെ നോക്കി പുഞ്ചിരിച്ച ശേഷം ഇരു കൈകളും ഉയർത്തിയും , താഴ്ത്തിയും അവൾക്ക് ശ്വാസം വലിച്ച് വിടാനുള്ള നിർദ്ദേശം നൽകി..... അവൻ ചെയ്ത പ്രവർത്തിയെ മൂന്ന് , നാല തവണ അനുകരിച്ച് ദയ ചുറ്റിലുള്ള എല്ലാവരിലേക്കും കണ്ണ് പായിച്ചു..... ""നീ എന്തിനാ എന്റെ ദച്ചു ഇങ്ങനെ വിറയ്ക്കുന്നത്?? നിന്റെ ഇഷ്ടവും , താത്പര്യവും പറയാൻ നീ ആരെയാ ഭയക്കുന്നത്??ഏഹ്?? "" ദയയുടെ മിഴികൾ ശരണിലെത്തി നിന്നപ്പോൾ അവൻ വളരെ സൗമ്യമായി ചോദിച്ചു.... മറുപടിയായി ദയ ചിരിച്ചെന്ന് വരുത്തി വീണ്ടും കൈകൾ കൊരുത്തു പിടിച്ചു..... ""എനിക്ക്...."" ""മ്മ് പോരട്ടെ......"" ഗോപു പ്രോത്സാഹിപ്പിച്ചു..... ദയ പരവേശത്തോടെ ഉമിനീർ വിഴുങ്ങി തുടർന്നു...... ""ശ്രീ..ഏട്ടനെ...... ശ്രീയേട്ടനെ ഇഷ്ടാ...."" പറഞ്ഞു നിർത്തിയ ഉടൻ ദയ കണ്ണുകൾ ഇറുകെ പൂട്ടി.... തന്റെ നിലയെ കുറിച്ചോർത്തുള്ള അപകർഷതയോ... ഇത്രയും പേരുടെ മുന്നിൽ വച്ച് തന്റെ പ്രണയം വെളിപ്പെടുത്തിയതിന്റെ ജാള്യതയോ.. മറ്റുള്ളവരുടെ പ്രതികരണമോർത്തുള്ള ഭയമോ തുടങ്ങി ഏതൊക്കെയോ വികാരങ്ങൾ അവൾക്കുള്ളിൽ വേലിയേറ്റം സൃഷ്ടിക്കുന്നുണ്ടായി.... ശ്രീറാമിലും അതേ അവസ്ഥയായിരുന്നു..

ദയ തിരികെ തന്നെ സ്നേഹിക്കുന്നുണ്ടെന്ന വസ്തുതയിലുപരി അവനിൽ ആഹ്ലാദം നിറച്ചത് ഒരു പറ്റം ആളുകൾക്ക് നടുവിൽ നിന്ന് ഭയത്തോടെയാണെങ്കിലും..... മടിയോടെയാണെങ്കിലും....തന്റെ നിലപാട് വ്യക്തമാക്കാൻ അവൾ ധൈര്യം കാണിച്ചല്ലോ എന്നോർത്തായിരുന്നു.... തന്റെ ഇഷ്ടങ്ങൾ മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് വിട്ട് നൽകാതെ.... വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ..... തനിക്കിഷ്ടമില്ലാത്തതിനെ നിഷേധിച്ച് , ഇഷ്ടങ്ങളെ തിരഞ്ഞെടുക്കാൻ തുടങ്ങിയിരിക്കുന്നു അവൾ.... അതിനുമപ്പുറം സ്വന്തം താത്പര്യങ്ങൾക്ക് വില നൽകി , സ്വയം സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.... ദയയുടെ മാറ്റങ്ങളിലേക്കുള്ള അടുത്ത ചുവട് വെപ്പ്.... സുപ്രധാനമായ ചുവട് വെപ്പ്.... ധൃതിയിൽ ചെന്ന് കണ്ണടച്ച് നിൽക്കുന്നവളെ തന്റെ നെഞ്ചിലേക്കൊതുക്കി കെട്ടി പുണരുമ്പോൾ തനിക്ക് ചുറ്റും തന്റെ മാതാപിതാക്കളുണ്ടെന്നോ, സഹോദരങ്ങളുണ്ടെന്നോ അവൻ ചിന്തിച്ചില്ല....... എത്ര മുറുകെ പിടിച്ചിച്ചിട്ടും അവളുടെ ഉടൽ വിറ കൊണ്ട് തന്നെയിരുന്നു....

ഏറെ പ്രിയമുള്ളവന്റെ സാന്നിധ്യവും, സ്പർശനവും.. , ഇതുവരെയൊതുക്കി പിടിച്ച വേദനകൾക്കുള്ള മരുന്നായിരുന്നു അവൾക്ക്..... ദയയുടെ മിഴിനീർ കണങ്ങൾ ആദ്യമായി തന്നെ ചുട്ടുപൊള്ളിക്കാതെ , വേദനിപ്പിക്കാതെ , നെഞ്ചിൽ തണുപ്പ് പടർത്തുന്നതവൻ അറിഞ്ഞു.... ദയയുടെ വാക്കുകൾ കേൾക്കെ കൈലാസിന്റെ മുഖം വിളറി പോയിരുന്നു..... എന്തുകൊണ്ടോ അവളോട് ദേഷ്യമോ , വൈരാഗ്യമോ ഒന്നും തോന്നിയില്ല.... പക്ഷേ നഷ്ടബോധം തോന്നി... അവൾക്കായി ഒരിക്കലും തന്റെ ഹൃദയത്തിൽ മുളപൊട്ടില്ലെന്ന് ഉറപ്പിച്ച വികാരം..... കാരണം എപ്പോഴൊക്കെയോ അവളെ മനസ്സറിഞ്ഞ് സ്നേഹിച്ചു പോയിരുന്നു അവൻ....... നിറകണ്ണുകളെ തന്റെ ചുമലിൽ അമർത്തി തുടച്ചവൻ തനിക്ക് മുന്നിൽ ആലിംഗബദ്ധരായി നിൽക്കുന്നവരെ നോക്കി നൊമ്പരത്തോടെ പുഞ്ചിരി തൂകി..... ഇനിയൊരിക്കലും , ദയയെന്ന പെൺകുട്ടിയെ തന്റെ ജീവിതത്തിലേക്ക് തിരിച്ചു കിട്ടില്ലെന്ന ഉറപ്പോടെ...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story