ദയാ ദുർഗ: ഭാഗം 47

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

ശ്രീറാമിന്റെയും , ദയയുടെയും വിവാഹം...!!ആ വീട്ടിലെ അന്നത്തെ ഏക ചർച്ച അത് മാത്രമായിരുന്നു...ശ്രീറാമും , ദയയും അവർക്കത്രമേൽ പ്രിയമുള്ള.... , ജീവനോളം സ്നേഹമുള്ള... , രണ്ട് വ്യക്തികളായതിനാൽ എല്ലാവരും ഒരുപാട് ആഹ്ലാദത്തിലാണ്...ആകെ മൊത്തം ബഹളമയം....!!ഒരു വശത്ത് അച്ഛനമ്മമാർ അനുയോജ്യമായ വിവാഹ തീയ്യതിക്കുള്ള തകൃതിയായ അന്വേഷണം തുടരുമ്പോൾ , മറു ഭാഗത്ത് ശരണിന്റെ മുറിയിൽ , അവർ സഹോദരങ്ങൾ ഇതുവരെ തീയ്യതി നിശ്ചയിക്കാത്ത ഏട്ടന്റെ വിവാഹത്തിന് ഏത് വിധത്തിലും , നിറത്തിലുമുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടതെന്ന ആശയകുഴപ്പത്തിലായിരുന്നു...എന്നാൽ ഹാളിലെ ശബ്ദ കോലാഹലങ്ങൾക്കൊന്നും ചെവി നൽകാതെ.... ,അഭിപ്രായം പറയാതെ.... ,മറ്റേതോ ലോകത്തിലെന്ന പോലെ ഒരു വശത്തിരിക്കുകയാണ് ശ്രീറാം....എതിരെയുള്ള സോഫയിൽ അവനെ ഉറ്റ് നോക്കി ദയയും.... ഒട്ടും പ്രസന്നമല്ലാത്ത ശ്രീറാമിന്റെ മുഖം അവളെ പലതും ചിന്തിക്കാൻ പ്രേരിപ്പിച്ചപ്പോൾ ഇത്ര ധൃതി പിടിച്ചൊരു വിവാഹം ദയക്ക് അംഗീകരിക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു അവന്റെ മനസ്സ്... ""എല്ലാവരും കാര്യമായ ചർച്ചയിലാണല്ലോ....??""ഒരു സന്തോഷ വാർത്തയുണ്ടെന്ന് ഉദയൻ വിളിച്ചറിയിച്ചതിനെ തുടർന്ന് കാര്യമെന്താണെന്നറിയാനുള്ള അത്യാവേശത്തോടെ ധൃതി പിടിച്ചെത്തിയതായിരുന്നു ശിവരാജ്....

ലിവിംഗ് റൂമിൽ ദയയെയും , ശ്രീറാമിനെയും കണ്ടെങ്കിലും അവരിരുവരെയും വക വയ്ക്കാതെ അയാൾ നേരെ ഹാളിൽ ചെന്ന് മുതിർന്നവരോട് കുശലാന്വേഷണം നടത്തി..അയാൾക്ക് പിറകെ വീട്ടിലേക്ക് കയറിയ അഞ്ജലി സോഫയിലിരിക്കുന്ന ശ്രീറാമിനെ കണ്ട് ആഹ്ലാദത്തോടെ ഒറ്റ കുതിപ്പിന് അവനരികിലേക്ക് പാഞ്ഞു.... തൊട്ടരികിൽ ആരുടെയോ സാന്നിധ്യമറിഞ്ഞ് ശ്രീറാമൊന്ന്ഞെ ട്ടി ..ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്തിയ അവന്റെ കണ്ണുകളിൽ ആദ്യം പതിഞ്ഞ രൂപം ദയയുടേതായിരുന്നു...അവളുടെ നേത്ര ഗോളങ്ങൾ ഭയത്തോടെ ശിവരാജിനെ പിന്തുടരുന്നതും , മിഴിയിമകൾ പരവേശത്തോടെ പിടയ്ക്കുന്നതും അവന്റെ ശ്രദ്ധയിൽപെട്ടു.... """ഇവിടെയെന്താ റാം വിശേഷം??""അഞ്ജലിയുടെ ശബ്ദം കാതിൽ പതിഞ്ഞ മാത്ര അവനവൾക്കഭിമുഖമായി മുഖം ചെരിച്ചു.... ചോദിച്ച ചോദ്യത്തിനുത്തരമറിയാനുള്ള ആകാംഷയായിരുന്നു അഞ്ജലിയുടെ കണ്ണുകളിൽ .....!! ഒരക്ഷരം ഉരിയാടാതെയവൻ അവളിൽ തന്നെ മിഴികളൂന്നി.... 'ദുർഗ്ഗയുടെയും , തന്റെയും വിവാഹമാണെന്ന് അറിഞ്ഞാൽ അവൾ ഏത് രീതിയിൽ പ്രതികരിക്കുമെന്ന് അറിയില്ല......!! പക്ഷെ ഒരു കാര്യം ഉറപ്പാണ്..... ആ വാചകങ്ങൾ കേൾക്കുന്നതിനടുത്ത നിമിഷം അതി കഠിനമായി ആ പെണ്ണിന്റെ ഹൃദയം വേദനിക്കും...... എന്തെന്നാൽ തന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ടവൾ... മോഹിക്കുന്നുണ്ട്.....!!

വളരേ ചുരുങ്ങിയ ദിനങ്ങളായിരുന്നെങ്കിലും ആദ്യമായി തന്റെ പ്രണയിനിയെന്ന സ്ഥാനം അലങ്കരിക്കപ്പെട്ടത് "അഞ്ജലി "യെന്ന നാമത്താലായിരുന്നു...അതിനൊരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ... ശ്രീറാമിന് അഞ്ജലി അത്രമാത്രം പ്രത്യേകതയുള്ളവളായിരുന്നു.... മറ്റുള്ള സുഹൃത്തുക്കളിൽ നിന്നും ഒരുപാട് വ്യത്യസ്തയായവൾ.... കുട്ടിക്കാലം മുതൽ തന്റെ ഹൃദയത്തോട് ചേർന്ന് നിന്നവൾ.. പക്ഷേ ഹൃദയമാകാൻ കഴിഞ്ഞില്ല.... ഇനിയൊരിക്കലും കഴിയുകയുമില്ല....!! ചിന്താ ഭാരത്താൽ അവനൊന്ന് നിശ്വസിച്ചു..... ""എന്താ ഉദയാ താനീ പറയുന്നത്....??"" ശിവരാജിന്റെ ശബ്ദം അവിടമൊന്നാകെ മുഴങ്ങി..... ശ്രീറാമിന്റെയും , അഞ്ജലിയുടെയും , ദയയുടെയും കണ്ണുകൾ അയാൾക്ക് നേരെയായി.... ""ഇത്രയ്ക്കും വിവേക ബുദ്ധിയില്ലാതെയായോ നിങ്ങൾക്കൊക്കെ...?? ശ്രീറാമിന്റെ വിവാഹം നടത്താൻ കണ്ടെത്തിയ പെൺകുട്ടിയെ....!!"" ശിവരാജിന്റെ മിഴികൾ ദയക്ക് നേരെ കൂർത്തു... ചൊടികളിൽ അവളോടുള്ള കടുത്ത പുച്ഛം തങ്ങി നിൽക്കുന്നുണ്ടായി..... അവളറിയാതെ തന്നെ ഇരിപ്പിടത്തിൽ നിന്നും ഉയർന്നു..... അഞ്ജലി നടുങ്ങി നിൽക്കുകയായിരുന്നു... ശ്രീറാമിന്റെ വിവാഹം.....!! അവൾക്ക് വിശ്വസിക്കാനായില്ല.. ഒരിക്കലുമൊരു കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയില്ലെന്ന് പറഞ്ഞിട്ട്....!!?? നിറകണ്ണുകളുമായി പരിഭവത്തോടെ ശ്രീറാമിനെതിരെ നോട്ടമെയ്തവൾ തിരികെയവന്റെ ഒരു നോക്കിനായി അക്ഷമയോടെ കാത്ത് നിന്നു...

എന്നാൽ ശ്രീറാമിന്റെ മുഴുവൻ ശ്രദ്ധയും ദയയിൽ മാത്രമായിരുന്നു.... ആരുടേയും വാക്കുകൾ പോലും ഇനിയവളെ വേദനിപ്പിക്കരുതെന്ന നിർബന്ധമുണ്ടായിരുന്നു അവന്... ""ഇതിലും ബേധം അവൻ വിവാഹമേ വേണ്ടെന്ന് വയ്ക്കുന്നതായിരുന്നു... യോഗ്യത പോട്ടെ , വിവാഹം ചെയ്യുന്ന പെൺകുട്ടി നാല് പേരുടെ മുമ്പിൽ അറ്റ്ലീസ്റ്റ് പ്രെസന്റബിളെങ്കിലുമാവണ്ടെ..... അതും ഇല്ല..."" അയാൾ ഈർഷ്യയോടെ പറഞ്ഞ് നിർത്തവേ ദയയുടെ ശിരസ്സ് അപമാന ഭാരത്താൽ കുനിഞ്ഞു പോയി..ദയക്ക് തന്റെ തൊലിയുരിയുന്നത് പോലെ തോന്നി..... ആത്മവിശ്വാസം തൊട്ട് തീണ്ടിയിട്ടില്ലാത്ത പോലുള്ള അവളുടെ നിൽപ്പ് ശ്രീറാമിനെയും നോവിച്ചു... ശിവരാജിനോട് കടുത്ത രോഷം തോന്നി അവന്..... ഇനിയുമയാളെന്തെങ്കിലും വാവിട്ട് പറഞ്ഞാൽ ദയയെ അത് വലിയ തോതിൽ ബാധിക്കുമെന്നുറപ്പുള്ളതിനാൽ ശ്രീറാം അയാൾക്കെതിരെ വാക്കുകളാൽ പ്രതിരോധം തീർക്കാനൊരുങ്ങി..... ""യോഗ്യതയുടെ കാര്യത്തിൽ അങ്കിൾ വേവലാതിപ്പെടേണ്ട..... ശ്രീറാം സായന്ദ് തന്റെ ജീവനോളം ദാ ആ നിൽക്കുന്ന ദുർഗ്ഗയെന്ന പെൺകുട്ടിയെ സ്നേഹിക്കുന്നു..... പ്രണയിക്കുന്നു..... അതാണ്‌ അവളുടെ യോഗ്യത.... അത് മാത്രം മതി ...."" തന്റെ പ്രണയത്തിൽ നൂറ് ശതമാനം വിശ്വാസമർപ്പിച്ച് വാക്കുകളുച്ഛരിക്കുന്നവനെ ആ വീട്ടിലെ ഓരോ അംഗങ്ങളും മതിപ്പോടെ നോക്കി..... അഞ്ജലി ആശ്ചര്യത്തോടെയും.... ""

പിന്നെ പ്രെസന്റബിൾ.... നാലാളുടെ മുന്നിലേക്ക് നെറ്റിപ്പട്ടം കെട്ടിച്ച് എഴുന്നള്ളിക്കാനല്ല എനിക്ക് ലൈഫ് പാർട്ണറേ വേണ്ടത്... എന്റെ കണ്ണിൽ ദുർഗ്ഗ സുന്ദരിയാണ്... എന്റെ അമ്മയോളം സുന്ദരി....!! ഇനി ഇവിടെ , ഇതിന്റെ പേരിലൊരു ചർച്ച വേണ്ട.... പിന്നെ വിവാഹം... എനിക്കും , ദുർഗ്ഗയ്ക്കും അല്പം കൂടെ സമയം വേണം..... ഞാനും , അവളും കംഫർട്ടബിൾ ആവുമ്പോൾ ഞങ്ങൾ ഒരുമിച്ച് തീരുമാനിക്കും... എന്ന് , എങ്ങനെ , എവിടെ വച്ചെന്ന്..... വിവാഹ തീയ്യതി കുറിയ്ക്കലും , ക്ഷണക്കത്തടിക്കലുമൊക്കെ അത് കഴിഞ്ഞിട്ട് മതി.... ശ്രീറാം തീർപ്പ് കല്പിച്ചു..... അവന്റെ അവസാന വാചകങ്ങളിൽ പ്രതീക്ഷകളെല്ലാം ഒറ്റയടിക്ക് തകർന്നു വീണടിഞ്ഞ കണക്കെ എല്ലാവരുടെയും മുഖം ഒരുപോലെ മങ്ങി.... ആ നിമിഷം അവിടെയുള്ള ഓരോ അംഗങ്ങൾക്കും ശിവരാജിനോട് അതിരിൽ കവിഞ്ഞ ദേഷ്യമനുഭവപ്പെട്ടു..... ""എന്റെ മോളോ...?? അവളെന്ത്‌ ചെയ്യണം??"" തർക്കമവസാനിപ്പിക്കാൻ ഭാവമില്ലാത്ത രീതിയിൽ അയാൾ വീണ്ടും ചോദ്യമെറിഞ്ഞു... ശ്രീറാം നിശബ്ദനായി... അവന്റെ നോട്ടം തനിക്കരികിൽ ദൈന്യതയോടെ കണ്ണ് നിറച്ച് നിൽക്കുന്ന പെൺകുട്ടിയിലുടക്കി.... ആ നിമിഷം അവനവളോട് സഹതാപം തോന്നി പോയി..... ""അങ്കിൾ.... ഞങ്ങളിരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.... അതിനപ്പുറം ഒന്നുമില്ല.... ഒരേ മനസ്സോടെ ഒരുമിച്ചൊരിക്കലുമൊരു ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് വർഷങ്ങൾക്ക് മുമ്പേ എനിക്കും , അവൾക്കും വ്യക്തമായ കാര്യമാണ്.... അല്ലെ??എല്ലാം അറിഞ്ഞും , പറഞ്ഞും ,മനസ്സിലാക്കിയുമല്ലേ നമ്മളിപ്പോൾ , ഇവിടെ , ഇങ്ങനെ നിൽക്കുന്നത്?? ""

ശ്രീറാം അഞ്ജലിയ്ക്ക് നേരെ ചോദ്യമുന്നയിച്ചപ്പോൾ മറുപടിയായി അവൾ മിഴികൾ അമർത്തി തുടച്ച് അതെ എന്നർത്ഥത്തിൽ ശിരസ്സ് ചലിപ്പിച്ചു.... ""പക്ഷെ...എനിക്കിപ്പോഴും......."" വാക്കുകൾ മുഴുമിപ്പിക്കാതെ അഞ്ജലി പ്രത്യാശയോടെ ശ്രീറാമിനെ നോക്കി.. എന്നാൽ അവനത് കണ്ടില്ലെന്ന് നടിച്ചു.... ""ഈ രീതിയിലാണെങ്കിൽ നമ്മൾ തമ്മിലുള്ള സ്നേഹം എല്ലാ കാലവും നില നിൽക്കും അഞ്ജലി.... ഒരുമിച്ചൊരു ജീവിതം തുടങ്ങിയാൽ ഇപ്പോഴുള്ള സ്പെയിസ് നമുക്കിടയിൽ ഒരിക്കലുമുണ്ടാകില്ല.... അല്പം കഴിയുമ്പോൾ പൊരുത്തക്കേടുകളും , വാക്ക് പോ-രുക-ളും തല പൊക്കും... ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വലിയ വലിയ ക-ല-ഹ-ങ്ങ-ളാവും... സ്നേഹം നഷ്ടപ്പെട്ട് തമ്മിൽ തമ്മിൽ വെറുപ്പാവും.... ഒരു തവണ നമ്മൾ എക്സ്പീരിയൻസ് ചെയ്തതല്ലേ.... ഒട്ടും പറ്റില്ലെന്ന് മനസ്സിലായപ്പോഴല്ലേ പാതി വഴിയിൽ വച്ചെല്ലാം അവസാനിപ്പിച്ചത്... അത് അവിടെ കഴിഞ്ഞു.....End of a chapter...!!ഇനിയൊരു മടങ്ങി പോക്ക്.... നെവർ.... തനിക്ക് കഴിഞ്ഞാലും , എനിക്കതിന് കഴിയില്ല..... ഐ ആം സോറി......ആൻഡ്‌..... ദുർഗ്ഗ.... അവളെയാണ് ഞാൻ സ്നേഹിക്കുന്നത്... പ്രണയിക്കുന്നത്... അവൾക്കപ്പുറം മറ്റൊരു പേരോ , രൂപമോ എന്റെ ഹൃദയത്തിലിടം നേടിയിട്ടില്ല... ഇനിയൊരിക്കലും ഉണ്ടാവുകയുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു......""അവന്റെ ഉറച്ച വാക്കുകൾ അഞ്ജലിയെ വീണ്ടും , വീണ്ടും വേദനയിലാഴ്ത്തി... ശ്രീറാം സായന്ദ്...!! വർഷങ്ങളായുള്ള തന്റെ പ്രണയത്തിനവകാശി... ഇന്നിതാ എന്നന്നേക്കുമായി അയാളെ നഷ്ടപ്പെടാനൊരുങ്ങുന്നു....അവൻ മറ്റൊരാൾക്ക് സ്വന്തമായിരിക്കുന്നു....!! അഞ്ജലിയുടെ ഹൃദയം പിടഞ്ഞു....

വിതുമ്പാൻ വെമ്പുന്ന അധരങ്ങളാൽ ശ്രീറാമിനായൊരു ചിരി നൽകിയവൾ നേരെ ദയക്കരികിൽ ചെന്നു നിന്നു..... ദയയുടെ ഇരു കൈകളും കവർന്നു പിടിച്ച് തീർത്തും നിർജീവമായ ചിരിയോടെ അഞ്ജലി വളരെ പതിയെ പറഞ്ഞു.. ""ബെസ്റ്റ് വിഷസ്......"" അത്രമാത്രം വിലപ്പെട്ടതെന്തോ കൈപിടിയിൽ നിന്നും നഷ്ടമായ പോൽ ദുഃഖം നിഴലിക്കുന്ന അഞ്ജലിയുടെ മുഖം ഒരു വേള ദയയെയും നൊമ്പരത്തിലാഴ്ത്തി... പക്ഷെ എന്ത് ചെയ്യാൻ സാധിക്കും...!! പൊന്നും പണവുമൊക്കെയായിരുന്നെങ്കിൽ ഏത് വിധേനയും കൈക്കലാക്കാമായിരുന്നു .... എന്നാൽ സ്നേഹം പിടിച്ചു പറിച്ച് വാങ്ങിക്കാൻ കഴിയുമോ....!!ഒരിക്കലുമില്ല....!! എന്നും മനുഷ്യർ ബലഹീനരായി പോകുന്നത് അവിടെയാണ്.... ആത്മാർത്ഥമായ സ്നേഹത്തിന് മുന്നിൽ...!! മുന്നിലെ തൂ വെള്ള ക്യാൻവാസിൽ വരച്ച് തീർത്ത സ്ത്രീരൂപത്തിലേക്ക് വർണ്ണങ്ങൾ പകരുമ്പോൾ പലയിടത്തും ദയക്ക് തന്റെ വിരലുകൾ വിറച്ചു.... ചിന്തകൾ വള്ളി പടർപ്പ് പോലെ ധ്രുത ഗതിയിൽ പല ദിക്കിലേക്കും സഞ്ചാരം തീർക്കുമ്പോൾ അവൾ പോലുമറിയാതെ ശരീരവും അതിനൊപ്പം ചലിക്കുന്നുണ്ടായിരുന്നു... പലയിടങ്ങളിലും മനസ്സിനൊപ്പം ഉടലും പതറി പോകുന്നതവൾ അറിയുകയുണ്ടായി.....പിറകിലൂടെ രണ്ട് കരങ്ങൾ വയറിനെ ചുറ്റിയപ്പോഴാണ് താൻ കുടിയേറിയ മനോരാജ്യത്ത് നിന്നും ദയ യാഥാർഥ്യത്തിലേക്ക് തിരികെയെത്തിയത്....

പൊടുന്നനെ കൈകളിൽ മുറുകെ പിടിച്ചിരുന്ന ചായ കൂട്ടുകളടങ്ങിയ പാലറ്റും , ബ്രഷും നിലം പതിച്ചു.. പല വിധ നിറങ്ങൾ , വെള്ള മാർബിൾ പാകിയ തറയിലൂടെ പരന്നൊഴുകുമ്പോൾ അവയിൽ താനൊരിക്കലും ഓർക്കാനാഗ്രഹിക്കാത്ത സന്ദർഭങ്ങളും , മുഖങ്ങളും ചിത്രങ്ങളായി തെളിയുന്നത് പോലെ തോന്നി ദയക്ക്...ഭീതിയാൽ അവളുടെ ദേഹം വിറച്ചു... കൈ കാലുകൾ തണുത്ത് മരവിച്ചു.. ""റിലാക്സ് ദുർഗ്ഗ.. ഇത് ഞാനാണ്..."" കാതരുകിൽ ശ്രീറാമിന്റെ ശബ്ദവും , നിശ്വാസവുമേറ്റ മാത്ര അവൾ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു...... ""ഇത് വരെ മാറിയില്ലേ തന്റെ പേടി...?? മ്മ്മ്??...."" ശ്രീറാമിന്റെ ശബ്ദം ആർദ്രമായി.... അവന്റെ കൈക്കുള്ളിൽ നിന്ന് തന്നെയവൾ ശ്രീറാമിനഭിമുഖമായി പിന്തിരിഞ്ഞു.... ""ഞാൻ... പെട്ടന്ന്.....എന്തൊക്കെയോ ഓർത്ത്....."" ദയ വെപ്രാളപ്പെട്ടു.... ശ്രീറാം അവളെ തന്നെ നോക്കി നിന്നു പോയി.... ആ കറുത്ത വട്ട മുഖത്തിലെ വലിയ കണ്ണുകളും , നീണ്ട നാസികയും , കുഞ്ഞ് ചൊടികളും അവന്റെ മിഴികൾ ഒപ്പിയെടുത്തു.... ആദ്യമായിട്ടായിരുന്നു ഇത്ര അടുത്ത് നിന്ന് ശ്രീറാം ദയയുടെ സൗന്ദര്യമാസ്വദിക്കുന്നത്... ""ആര് പറഞ്ഞു എന്റെ ദുർഗ്ഗ പ്രെസന്റബിളല്ലെന്ന്....""?? അടക്കമില്ലാതെ നെറ്റി തടത്തിലേക്ക് വീണ് കിടക്കുന്ന ദയയുടെ മുടിയിഴകളെ ചൂണ്ട് വിരലാൽ വളരെ പതിയെ തഴുകിയവൻ കുറുമ്പോടെ ചോദിച്ചു.... ഇതെന്താ ഇപ്പൊ ഇങ്ങനെയെന്ന ഭാവത്തിൽ ദയ കണ്ണും മിഴിച്ചവനെ തന്നെ നോക്കി നിന്നു....

അവളുടെ നിൽപ്പ് ശ്രീറാമിനെ രസിപ്പിച്ചു... ഒരു മന്ദഹാസത്തോടെ അവളെ ഒരിക്കൽ കൂടെ അവനിലേക്കടുപ്പിച്ച് ശ്രീറാം ദയയുടെ ഇടത് കവിളിൽ മൃദുവായി അധരങ്ങൾ ചേർത്ത് വച്ച് ചുംബിച്ചു..... ""യു ആർ സോ പ്രിറ്റി ദുർഗ്ഗാ... ഭംഗിയായി കൊത്ത് പണി കഴിപ്പിച്ച ഒരു കരിങ്കൽ ശില്പം പോലെ..."" ദയയുടെ കണ്ണുകൾ പകപ്പോടെ പുറത്തേക്ക് തുറിച്ചു.... ""നമുക്ക് പഠിച്ചാലോ ദുർഗ്ഗ.....?"" ആ ചുടു ചുംബനത്തിനാ-ഘാ-തം മാറും മുമ്പേ പിന്തുടർന്നെത്തിയ ചോദ്യത്തിൽ അവൾ മുഴുവനായും തളർന്നു പോയി.... ശ്വാസം വിടാൻ പോലും മറന്ന് ദയ ശ്രീറാമിന് മുന്നിൽ ഒരു പാവയെ പോലെ മിഴിച്ചു നിന്നു...... "എ...എന്താ ശ്രീയേട്ടന് പറ്റീത്...??"" അവൾ ആശങ്കയോടെ മറു ചോദ്യമെറിഞ്ഞു.... ""ഞാൻ കാര്യായിട്ടാ..... ഒരുപാടൊന്നും വേണ്ട.... അറ്റ്ലീസ്റ്റ് ടെൻത് ഗ്രേഡ് ക്വാളിഫിക്കേഷനെങ്കിലും എഴുതി എടുക്കാം നമുക്ക്..... മുന്നോട്ട് തനിക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം തുടർന്ന് പഠിക്കാം....."" ""ഏട്ടനെന്ത് ഭ്രാന്താ പറയണേ?? ഈ പ്രായത്തിൽ ഞാനിനി സ്കൂളിൽ പോകാനോ...? ല്ലാരും എന്നെ കളിയാക്കൂലേ.... മാത്രല്ല ഇവിടുള്ളോരെ ഭാഷയൊന്നും എനിക്കറിഞ്ഞൂടാ.... ഒന്നും മനസ്സിലാവൂല..."" അവൾ തലച്ചൊറിഞ്ഞ് തന്റെ ആശങ്കകൾ വളരെ വിഷമത്തോടെ എണ്ണി പെറുക്കി പറഞ്ഞു....

ദയയുടെ വാക്കുകളും , ഭാവ പകർച്ചയും ശ്രീറാമിൽ ഒരുപോലെ ചിരിയും , കൗതുകവുമുണർത്തി.... അരുതെന്ന് നൂറായിരമാവർത്തി മനസ്സുരുവിട്ടിട്ടും ശ്രീറാമിന്റെ ചുണ്ടുകൾ അവനെ ചതിച്ചു..... അവന്റെ ദുർഗ്ഗയ്ക്കായി അത്രമേൽ അഴകുള്ളൊരു നറു മന്ദഹാസം ആ അധരങ്ങളിൽ പടർന്നു..... അതൊരിക്കലും ദയയോടുള്ള നിന്ദയോ , അല്ലെങ്കിൽ അവളുടെ അറിവില്ലായ്മയോടുള്ള പരിഹാസമോ ആയിരുന്നില്ല... മറിച്ച് അവളിലെ നിഷ്കളങ്കതയോട് , തെളിനീർ പോലെ ശുദ്ധമായ ആ സാധു പെണ്ണിന്റെ ഹൃദയത്തോടുള്ള അവന്റെ അതിരറ്റ സ്നേഹവും വാത്സല്യവുമായിരുന്നു...""ന്നെ കളിയാക്കാ....??"" മറുപടിയായി ഒരു ചിരിയോടെ അവനവളെ തന്റെ നെഞ്ചിലേക്ക് ചായ്‌ച്ച് മുറുകെ പുണർന്നു.... ആ സ്നേഹാലിംഗനം അവൾക്കുള്ള മറുപടിയായിരുന്നു... ശ്രീറാം തന്റെ ദുർഗ്ഗയെ ഒരിക്കലും.... ഒന്നിന്റെ പേരിലും... ഒരു പരിഹാസ കഥാപാത്രമായി കാണുകയില്ലെന്ന് തന്റെ പ്രവർത്തിയിലൂടെ തെളിയിക്കുകയായിരുന്നു അവനാ നിമിഷം..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story