ദയാ ദുർഗ: ഭാഗം 48

daya durgha copy

എഴുത്തുകാരി: നിമ സുരേഷ്‌

 ദിവസങ്ങളും , മാസങ്ങളും പുതുമയോടെ , ധ്രുതഗതിയിൽ മുന്നോട്ട് സഞ്ചരിക്കവേ ദയയും അവയ്‌ക്കൊപ്പം മാറി തുടങ്ങിയിരുന്നു.... ശ്രീറാം പറഞ്ഞതനുസരിച്ച് പ്രൈവറ്റായി പത്താം തരം എഴുതി എടുക്കാനുള്ള തത്രപ്പാടിലാണവൾ... ഏതോ കാലം പാതി വഴിയിൽ നഷ്ടമായി പോയ പുസ്തകങ്ങളോടും , അക്ഷരങ്ങളോടുമുള്ള സൗഹൃദം പുതുക്കുമ്പോൾ ദയക്കുള്ളിലുടലെടുത്ത ആനന്ദത്തിനും , ആവേശത്തിനുമതിരില്ലായിരുന്നു... ഇംഗ്ലീഷ് അല്പം കഠിനമാണ് ദയക്ക്.... ഏറ്റവും പ്രിയമുള്ളത് കണക്കും.... ഇംഗ്ലീഷ് അദ്ധ്യാപനം ശ്രീറാം ഏറ്റെടുത്തപ്പോൾ ബാക്കി വിഷയങ്ങൾ ഗോപുവും , കൈലാസും , ശരണും ചേർന്ന് വീതിച്ചെടുത്തു... അവളെ പഠിപ്പിക്കാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്..... ശരണിനെയാണ് ദയക്കേറ്റവും പേടി.... ഒന്ന് പറഞ്ഞ് രണ്ടാമത്തതിനവന് ദേഷ്യം വരും..... പിന്നെയൊരു അട്ടഹാസമാണ്... അതിനടുത്തത് ദയയുടെ കരച്ചിലും.... ഒടുക്കം മഹാലക്ഷ്മിയോ , ശ്രീറാമോ വന്ന് ദയയെ കൂട്ടി കൊണ്ട് പോകും.... എന്നാൽ ദേഷ്യമടങ്ങുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത കണക്കെ ശരൺ വളരെ നിഷ്കളങ്കമായി പുഞ്ചിരി തൂകി ദയക്കരികിലേക്കെത്തും ..... അവൾക്ക് ഏറ്റവുമിഷ്ടമുള്ള മധുര പലഹാരങ്ങൾ കയ്യിൽ കരുതി , ഇനിയൊരിക്കലും വഴക്ക് പറയില്ലെന്ന പൊള്ളയായ വാഗ്ദാനവും നൽകിയവൻ ദയയെ വീണ്ടും അവന്റെ വരുതിയിലാക്കും..... പാവം ദയയാകട്ടെ അവന്റെ വാക്ക് ചാതുര്യത്തിൽ അടി പതറി മയങ്ങി വീഴും...

ഓരോ തവണയും ഇത് തന്നെ ആവർത്തിക്കുന്നതിനാലാകണം ഇപ്പോൾ അവരുടെ കാര്യത്തിൽ ശ്രീറാമോ , മഹാലക്ഷ്മിയോ ഇടപെടാറില്ല.... പഠനത്തിലേക്കുള്ള ദയയുടെ പുതു കാൽവെപ്പ് അവളെയൊരു വിധത്തിലും മാനസിക സമ്മർദ്ദത്തിലാഴ്ത്തരുതെന്ന് ശ്രീറാമിന് നിർബന്ധമുണ്ടായിരുന്നതിനാൽ കഴിഞ്ഞ മാസങ്ങളത്രയും ദയയെ അഖിലേഷിനരികിലേക്ക് കൗൺസെലിങ്ങിനായി മുടങ്ങാതെ കൊണ്ടു പോകുമായിരുന്നു അവൻ... തുടർച്ചയായുള്ള തെറാപ്പിയും , അഖിലേഷിന്റെ താത്പര്യ പ്രകാരം അവളുടെ ദിനചര്യകളിൽ കൊണ്ട് വന്ന മാറ്റങ്ങളും ദയയുടെ വ്യക്തിത്വത്തെയും , സ്വഭാവത്തെയും വലിയ രീതിയിൽ സ്വാദീനിക്കുകയുണ്ടായി.... എപ്പോഴും എന്തെങ്കിലും ചിന്തിച്ചിരിക്കുന്ന ശീലങ്ങളും , ഭയവും , അപകർഷതാ ബോധവുമൊക്കെ അവളിൽ നിന്നും ഒരു പരിധി വരെ വിട്ടകന്നിരുന്നു..... അത് ശ്രീറാമിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.... ഇന്ന് അഖിലേഷിന്റെ സ്ഥാപനത്തിലെ ഒട്ട് മിക്ക അന്തേവാസികളോടും ദയ പുഞ്ചിരിയോടെ ഇടപെടും.... വലിയ തോതിൽ സംസാരിക്കില്ലെങ്കിലും അവൾക്കെതിരെയുതിരുന്ന ചോദ്യങ്ങൾക്ക് ദയയിപ്പോൾ വ്യക്തമായി , ആത്മവിശ്വാസത്തോടെ മറുപടി നൽകാൻ പഠിച്ചു..

. എല്ലാവരിൽ നിന്നും തികച്ചും വ്യത്യസ്തമായി അവിടെയിപ്പോൾ ദയക്ക് വളരെ സ്നേഹമുള്ള , ഇഷ്ടമുള്ള ഒരാളുണ്ട്... വെറും ഒരു വയസ്സിനോടടുത്ത് മാത്രം പ്രായമുള്ള കുട്ടി കുറുമ്പി..... " നിധി " ബിഗ് ഹാർട്ടിന്റെ മുമ്പിൽ ഒരു പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ആരോ ഉപേക്ഷിച്ച് പോയതാണവളെ.... ഏത് സാഹചര്യമാണ് അവരെ ഇത്തരമൊരു പ്രവർത്തിയിലേക്കെത്തിച്ചതെന്ന് അറിയില്ലെങ്കിലും ആ പൊന്നോമനയെ ഉപേക്ഷിക്കാൻ എങ്ങനെയവർക്ക് മനസ്സ് വന്നുവെന്ന് ദയ ഓരോ രാത്രിയും തല പുകഞ്ഞാലോചിക്കും.. കുഞ്ഞ് പെൺകൊടിയിപ്പോൾ ദയയുടെ ജീവന്റെയൊരംശമാണ്.... "നിധി" യെന്ന് പേരിട്ടതും അവൾ തന്നെ..... ആ പേര് കണ്ട് പിടിക്കാൻ ഒരു രാത്രിയവൾ ഉറക്കമൊഴിച്ചു....ഒപ്പം ശ്രീറാമിന്റെ ഉറക്കവും കളഞ്ഞു... ബിഗ്ഹാർട്ടിലെ അന്തേവാസികൾക്ക് അവൾ നിധിയല്ല..."കണ്മണി"യാണ്... ശ്രീറാമിനാകട്ടെ അവളവന്റെ കണ്ണനും.. കണ്ണേയെന്ന് ശ്രീറാം നീട്ടി വിളിക്കേണ്ട താമസം ആശാത്തിയുടെ പിടച്ചിലൊന്ന് കാണണം.... അവനരികിലെത്താതെ പിന്നെയവൾക്കൊരു സമാധാനവും ഉണ്ടാകില്ല..... ഇപ്പോൾ മിക്ക ദിവസങ്ങളിലും പഠിത്തം കഴിഞ്ഞാൽ ദയയും , ശ്രീറാമും ബിഗ് ഹാർട്ടിലാണ്.... നിധിക്കൊപ്പം .... അവരുടെ കണ്മണി പെണ്ണിനൊപ്പം....

അഖിലേഷിന്റെ നിർദ്ദേശ പ്രകാരം ദയയെ നാട്ടിൽ കൊണ്ട് പോയാണ് പരീക്ഷ എഴുതിക്കുന്നത്.... മാത്രമല്ല.... ആ ദിവസങ്ങളിലത്രയും ദയയെ തറവാട്ടിൽ താമസിപ്പിക്കണമെന്നും അഖിലേഷ് ആവശ്യമുന്നയിച്ചു.... ശ്രീറാം അതിശക്തമായി എതിർത്ത് നോക്കിയെങ്കിലും ചികിത്സയുടെ ഭാഗമാണെന്ന് അഖിലേഷ് വാദിച്ചതോടെ ശ്രീറാമിന് മുന്നിൽ മറ്റു വഴികളില്ലാതെയായി.. ദയയെ ആ സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെടുത്തണമെന്നും , ഏത് രീതിയിലവളെ പിന്താങ്ങണമെന്നും അഖിലേഷ് ആദ്യം ശ്രീറാമിന് നിർദ്ദേശങ്ങൾ നൽകി.... അതിന് ശേഷമാണ് അവർ ദയയോട് കാര്യങ്ങൾ തുറന്ന് സംസാരിച്ചത്... നാട്ടിൽ പോയി പരീക്ഷയെഴുതണമെന്ന് ശ്രീറാം പറഞ്ഞപ്പോൾ ദയക്കാകെ ഒരു മരവിപ്പായിരുന്നു... മറക്കാൻ പണിപ്പെട്ട് ശ്രമിക്കുന്ന ഓർമ്മകളുടെ അദ്ധ്യായം അപ്രതീക്ഷിതമായി വീണ്ടുമവൾക്ക് മുമ്പിൽ തുറക്കപെട്ടപ്പോളുണ്ടായ കഠിനമായ മനപ്രയാസം..... എന്നാൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ താൻ ശീലിച്ചേ മതിയാകൂ എന്ന്‌ ശ്രീറാമും , അഖിലേഷും ഒരുപോലെ ഉപദേശിച്ചപ്പോൾ 'എത്ര നാളിങ്ങനെ ഹൃദയത്തെ വ്രണപ്പെടുത്തുന്ന ഓർമ്മകളിൽ കുരുങ്ങി താൻ ജീവിതം കളയുമെന്ന' ചിന്ത ദയയിലും മുളപ്പൊട്ടി... ആലോചനകൾക്കൊടുവിൽ ഒരു മാറ്റം തനിക്ക് അനിവാര്യമാണെന്ന് അവളും നിർണ്ണയിച്ചു..... വീണ്ടും തന്റെ നാട്ടിലേക്ക്.... തറവാട് വീട്ടിലെ ഇരുളടഞ്ഞ ഒഴിഞ്ഞയിടങ്ങളിലേക്ക്....

തന്റെ സഹനവും , കണ്ണുനീരും , ദുരിതങ്ങളും സാക്ഷിയായ മുറികളിലേക്ക്..... മനുഷ്യരിലേക്ക്..... അങ്ങനെയങ്ങനെ ഓരോ നിമിഷവും തന്നെ വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിക്കുന്ന ഭൂത കാല സ്മരണകളിലേക്ക് ഒരിക്കൽ കൂടി തിരികെ മടങ്ങാൻ ദയ അവളെ തന്നെ പാക പെടുത്തി..... ""ഞങ്ങൾ വരേണ്ടെന്ന് ഉറപ്പാണോ ശ്രീ??"" ആശങ്കയോടെയുള്ള മഹാലക്ഷ്‌മിയുടെ ചോദ്യത്തിന് ശ്രീറാം ആത്മവിശ്വാസത്തോടെ അവരെ നോക്കി പുഞ്ചിരിയോടെ കണ്ണ് ചിമ്മി.... ""ഞങ്ങൾ ടീച്ചേർസ് അവൾക്കൊപ്പം ഇല്ലേ മഹിയമ്മേ... യു ഡോണ്ട് വറി..."" ""അതെ മഹിയമ്മേ.... ഞങ്ങൾ പോയി അടിച്ച് പൊളിച്ച് ഹാപ്പി ആയി വരാം...."" ഗോപികയുടെ വാക്കുകളെ പിന്താങ്ങി കൈലാസ്സും രംഗത്തിറങ്ങി..... എന്നിട്ടും ആ അമ്മ മനസ്സിലെ സംഘർഷം ഒരു തരി പോലും കുറയുകയുണ്ടായില്ല.... അത് മനസ്സിലാക്കിയെന്നോണം ശരൺ അവരുടെ ചുമലിലൂടെ കൈ ചുറ്റി അവന്റെ ദേഹത്തോടടുപ്പിച്ച് നിർത്തി... ""അമ്മ ഇങ്ങനെ ഭയപ്പെടാതെ.... ദച്ചുവിനൊപ്പം ഞങ്ങളെല്ലാവരും ഉണ്ടല്ലോ.... ഒരു ലെഷർ ട്രിപ്പ്‌....അതിനൊപ്പം അവളെ കൊണ്ട് എക്സാമും എഴുതിക്കുന്നു.... അങ്ങനെ കരുതിയാ മതി.... ഇനി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ തന്നെ അവളെ ഹാൻഡിൽ ചെയ്യാൻ ഏട്ടനെ കൊണ്ടേ സാധിക്കയുള്ളൂ...

നമ്മളെത്ര പേരുണ്ടായിട്ടും കാര്യമില്ല... സത്യം പറഞ്ഞാൽ ഞാനും , ഗോപുവും , കിച്ചുവും തന്നെ അധികപറ്റാ....""" ശരണിന്റെ വാക്കുകൾ മഹാലക്ഷ്മിക്കല്പം ആശ്വാസം പകരുന്നവയായിരുന്നു..... ശരിയാണ്...ശരൺ പറഞ്ഞത് പോലെ അവൾക്കൊപ്പം ശ്രീയുണ്ടെങ്കിൽ മറ്റൊന്നും പേടിക്കാനില്ല.... അവരുടെ മനസ്സ് മന്ത്രിച്ചു.... ഉള്ളിലെ സമ്മർദ്ദം പാതി ഒഴിഞ്ഞതിന് പ്രതീകമായി അവരുടെ മുഖമൊന്നയഞ്ഞു.... ചൊടികളിൽ നന്നേ നേർത്തൊരു , കുഞ്ഞ് ചിരി വിടർന്നു.... ""പരീക്ഷയൊക്കെ നന്നായി എഴുതണം.... പിന്നെ എന്നും അമ്മയെ വിളിക്കണം ..... എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും ശ്രീയോട് തുറന്ന് പറയണം കേട്ടോ ... മനസ്സിലടക്കി വയ്ക്കരുത്.... ഇതേ സന്തോഷത്തോടെ തന്നെ വേഗമിങ്ങ് വരണം....രണ്ടമ്മമാര് കാത്തിരിക്കുന്നുണ്ട്....."" അവസാന വാചകം പറഞ്ഞവർ ദയയെ കെട്ടി പുണർന്നു.... ആ നിമിഷമത്രയും അവരുടെ അമ്മ മനം എന്തിനോ വിങ്ങുകയുണ്ടായി.... തന്റെ സ്വന്തം കുഞ്ഞിനെ ഓർത്തെന്ന പോലൊരു നൊമ്പരം അവരിൽ മുളപ്പൊട്ടി..... ദയയുടെ കണ്ണുകളും നിറഞ്ഞൊഴുകി... ഉതിർന്നു വീഴുന്ന മിഴിനീർ കണങ്ങളെ മഹാലക്ഷ്മിയുടെ ചുമലിൽ ഒളിപ്പിച്ചവൾ അവരിലേക്കൊന്ന് കൂടെ ചേർന്നു നിന്നു.... ഓർമ്മകളിൽ അമ്മയുടെ മുഖം മാത്രമേ ഉള്ളൂ.....ആ മാതൃ സ്നേഹമോ , വാത്സല്യമോ , കരുതലോ , തണലോ ഒന്നും ലഭിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല... പക്ഷെ ഇപ്പോൾ...

താൻ തിരിച്ച് വരുന്നതും കാത്ത് രക്തബന്ധമില്ലാത്ത രണ്ടമ്മമാർ....!!കണ്ട നാൾ മുതൽ മോളേ യെന്ന് മാത്രമേ അഭിസംബോധന ചെയ്തിട്ടുള്ളൂ.... വീണുപോയപ്പോൾ ചേർത്ത് പിടിച്ചു... തനിച്ചല്ലെന്ന് ഓരോ തവണയും ഓർമിപ്പിച്ചു.... ഒരിക്കൽ പോലും മുഖം കറുപ്പിച്ചൊരു വാക്ക് പോലും മിണ്ടിയിട്ടില്ല... സ്നേഹിച്ചും...ശാസിച്ചും ഇന്നവർ തനിക്ക് പെറ്റമ്മയോളം പ്രിയപ്പെട്ടവരായിരിക്കുന്നു... ദയ വിങ്ങലോടെ മഹാലക്ഷ്മിയുടെ കവിളിൽ ചുംബിച്ചു..... പിന്നീട് ശാന്തിയക്കയുടെയും..... ""ഓ... ഇവരിത് കൊളമാക്കും....."" നിറഞ്ഞ കണ്ണുകൾ എല്ലാവരിൽ നിന്നുമൊളിപ്പിച്ച് ഗോപിക സന്ദർഭത്തിനയവ് വരുത്താനായി തമാശ രൂപേണ പറഞ്ഞു..... ശേഷം വിതുമ്പി നിൽക്കുന്ന ദയയെ പിടിച്ച് വലിച്ച് കൊണ്ട് വന്ന് കാറിന്റെ പിൻസീറ്റിൽ ഇരുത്തി അവളും കയറി ഇരുന്നു..... അവരുടെ പ്രവർത്തി കണ്ട് ഒരു ചിരിയോടെ ബാക്കി മൂവരും കാറിൽ കയറി.... ശരൺ ആയിരുന്നു ഡ്രൈവിങ്.... അവനൊപ്പം മുൻ സീറ്റിൽ കൈലാസും.. ദയക്ക് ഇടത് വശം ചേർന്ന് ഗോപികയും , വലത് വശത്ത് ശ്രീറാമും അവന്റെ സ്ഥാനമുറപ്പിച്ചു...... ""നിധി മോളെയൊന്ന് കണ്ടിട്ട് ......"" ദയ മടിച്ച് മടിച്ച് ശ്രീറാമിനെ നോക്കി ചോദിച്ചു.... തൊട്ടടുത്ത മാത്ര അവന്റെ മിഴികൾ അവൾക്ക് നേരെ കൂർത്തു....

""ഇന്നലെ പോയി കുഞ്ഞിനെ കരയിപ്പിച്ചു....പോരാത്തതിന് രാത്രി എന്റെ ഉറക്കവും കളഞ്ഞു... അതും മതിയാകാതെയാണോ ഇന്ന്.............."" നീരസ്സത്തോടെയുള്ള തന്റെ വാചകങ്ങളിൽ ദയയുടെ കണ്ണുകൾ നിറഞ്ഞ് വരുന്നത് കാണെ ശ്രീറാം പറയാൻ വന്നത് പാതി വഴിയിലവസാനിപ്പിച്ചു ..... ""ദുർഗ്ഗാ....ഇപ്പോൾ നമ്മളവൾക്കടുക്കലേക്ക് ചെന്നാൽ മടങ്ങാൻ നേരം കുഞ്ഞിനും , നമുക്കും ഒരുപോലെ വിഷമമാവുകയേ ഉള്ളൂ... നമ്മളെ കണ്ടാൽ അവളെന്തായാലും വാശി പിടിച്ച് കരയും.... പിന്നെ അവിടെയെത്തിയാലും അതൊരു പ്രയാസമായി തന്നെ മനസ്സിൽ കുടുങ്ങി കിടക്കും.... ഇനി വന്നിട്ട് കാണാം അവളെ....""" നിധി മോളെ പിരിയുന്ന വിഷമം ശ്രീറാമിലും ആവോളമുണ്ടായിരുന്നു... എന്നാൽ അത് പുറമെ പ്രകടിപ്പിക്കാതെയവൻ സൗമ്യമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കികൊടുത്തു ദയക്ക്.... മറുപടിയായി ദയ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് അവളുടെ നിധിമോളെ കുറിച്ച് ആലോചിച്ചു.. ഇന്നലെ തന്നെ ഇറങ്ങാൻ നേരം അവൾക്ക് വല്ലാത്ത വാശിയായിരുന്നു...

അഖിലേഷേട്ടൻ ഒരു വിധത്തിലാണ് തന്നിൽ നിന്നുമവളെ അടർത്തി മാറ്റിയത്.... എന്ത് കൊണ്ടാണ് ആ കുരുന്നിനോട് ഇത്രമാത്രം സ്നേഹവും , ആത്മ ബന്ധവും തോന്നുന്നതെന്ന് അറിയില്ല.... ആദ്യമായി അഖിലേഷേട്ടന്റെ കയ്യിൽ അവളെ കണ്ടപ്പോൾ വല്ലാത്തൊരു കൗതുകമായിരുന്നു.... ആരുമില്ലാത്തവരുടെ വേദന ആഴ കടലോളം അനുഭവിച്ചതിനാലാവണം ആ കുഞ്ഞ് പൈതൽ ജനിച്ച് വീണതേ അനാഥത്വത്തിലേക്കാണെന്ന് അറിഞ്ഞപ്പോൾ അനുകമ്പ തോന്നി... മറ്റൊരു ദയയെ അവളിൽ കാണാൻ ശ്രമിച്ചു.... അഖിലേഷേട്ടന്റെ കയ്യിൽ നിന്നും ശ്രീയേട്ടനവളെ ഏറ്റു വാങ്ങിയ നിമിഷം...!! ആ നിമിഷം താനവളുടെ അമ്മയാണെന്ന് പോലും അറിയാതെ ചിന്തിച്ചു പോയി... പിന്നീടങ്ങോട്ട് ഓരോ ദിവസവും ആ പൊന്നിനെ സ്നേഹിക്കാനും , ഓമനിക്കാനും തന്റെ ഹൃദയം വെമ്പൽ കൊള്ളുകയായിരുന്നു... അവളെ ഓർത്ത്..... അവളുടെ കളി ചിരികളെയോർത്ത് മാത്രമാണ് തന്റെയോരോ ദിനങ്ങളൾ ആരംഭിക്കുന്നതും , അവസാനിക്കുന്നതും......!!!...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story